Monday, March 30, 2015

ടാഗോർ - ഒരു കസ്തൂരിമാനിനെപ്പോലെ

tagore


സ്വഗന്ധത്താൽ മത്തനായ കസ്തൂരിമാനിനെപ്പോലെ
ഓരോരോ കാടു തോറും വിഭ്രാന്തനായി ഞാനലയുന്നു.
ഫാൽഗുനമാസരാത്രിയിൽ തെക്കൻകാറ്റു വീശുമ്പോൾ
ദിഗ്ഭ്രമം വന്നവനെപ്പോലെ ഞാൻ വലഞ്ഞുപോകുന്നു.
ഞാനാഗ്രഹിച്ചതൊരിക്കലുമെനിക്കു കിട്ടുന്നില്ല,
എനിക്കു കിട്ടുന്നതൊരിക്കലും ഞാനാഗ്രഹിച്ചതുമല്ല.

എന്റെ തൃഷ്ണ നെഞ്ചിൽ നിന്നു പുറത്തേക്കു പറക്കുന്നു,
മരീചിക പോലൊരിടം വിട്ടൊരിടത്തേക്കു മാറുന്നു.
അതിനെപ്പിടിച്ചെനിക്കെന്റെ നെഞ്ചിനോടു ചേർക്കണം;
എന്നാലൊരിക്കലും, ഒരിക്കലുമതെന്നിലേക്കു മടങ്ങില്ല.
ഞാനാഗ്രഹിച്ചതൊരിക്കലുമെനിക്കു കിട്ടുന്നില്ല,
എനിക്കു കിട്ടുന്നതൊരിക്കലും ഞാനാഗ്രഹിച്ചതുമല്ല.

(ഉത്സർഗ്ഗ -1904)


 

Sunday, March 29, 2015

ടാഗോർ- ഒരു പിടി പഴയ കത്തുകൾ

getimage.dll


ഒരു പിടി പഴയ കത്തുകൾ നിന്റെ പെട്ടിയിൽ ഞാൻ കണ്ടു:
പ്രണയോന്മത്തമായൊരു ജീവിതത്തിൽ നിന്നു
നീ കാത്തു വച്ച സ്മാരകവസ്തുക്കൾ.
അത്രയും കരുതലോടെ, അത്രയും ഗോപ്യമായി
നീ പൂഴ്ത്തിവച്ച ഓർമ്മയുടെ കളിപ്പാട്ടങ്ങൾ.
എത്രയോ സൂര്യചന്ദ്രന്മാരെ വിഴുങ്ങിയ മഹാകാലം
പ്രളയപ്രവാഹമായിരച്ചെത്തുമ്പോൾ
‘എന്റേതെന്റേതു മാത്രമാണീ നിധിക’ളെന്നു
നീയീ നിസാരവസ്തുക്കളൊളിപ്പിച്ചുവച്ചു.
ഇനിയാരാണിവ കാത്തുസൂക്ഷിക്കുക?
അവശേഷിച്ചുവെങ്കിലും ആർക്കു സ്വന്തമാണിവ?
നിശ്ശേഷനാശത്തിൽ നിന്നു നിന്നെ വീണ്ടെടുക്കാൻ
ഈ ലോകത്തിന്നൊരു സ്നേഹവുമില്ലേ,
ഒരു കാലത്തവ കാത്തുവച്ച നിന്റെ സ്നേഹം പോലെ?

(സ്മരൺ, 1903)



[12കാരിയായ ഭവതാരിണിയെ വിവാഹം ചെയ്യുമ്പോൾ ടാഗോറിന്‌ 22 വയസ്സായിരുന്നു. ഒരു ഉൾനാടൻ ഗ്രാമത്തിൽ ജനിച്ച, കാണാൻ അത്ര സുന്ദരിയല്ലാത്ത, അക്ഷരാഭ്യാസമില്ലാത്ത, പേരു പോലും പഴഞ്ചനായ (ടാഗോർ കുടുംബത്തിലെ ഒരംഗത്തിന്‌ ആ പേരിഷ്ടപ്പെടാത്തതിനാൽ മൃണാളിനീ ദേവി എന്നു  മാറ്റുകയായിരുന്നു)ഭാര്യയെ ടാഗോർ പിന്നീട് ലോറെറ്റോ സ്കൂളിൽ അയച്ചു പഠിപ്പിക്കുകയും ബംഗാളി ഭദ്രലോകത്തിനു ചേർന്ന ഒരംഗമാക്കി മാറ്റിയെടുക്കുകയുമാണുണ്ടായത്. പില്ക്കാലത്ത് അവർ രാമായണം ബംഗാളിയിലേക്കു വിവർത്തനം ചെയ്യുകയും നാടോടിക്കഥകളുടെ ഒരു സമാഹാരം തയാറാക്കുകയും ചെയ്തു. അവർക്ക് അഞ്ചു കുട്ടികളുണ്ടായി. ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് 1902 നവംബർ 23ന്‌ അന്തരിച്ചു. മൃണാളിനീദേവിയുടെ ഓർമ്മയ്ക്കായി എഴുതിയ 20 കവിതകളുടെ സമാഹാരമാണ്‌ ‘സ്മരൺ’. മരണശേഷം അവരുടെ പെട്ടി തുറന്നപ്പോൾ താനയച്ച ചില കത്തുകൾ അതിൽ ഭദ്രമായി വച്ചിരിക്കുന്നതു കണ്ടതാണ്‌ ഈ കവിതയുടെ വിഷയം.]

 

 

 

Thursday, March 26, 2015

എഡ്നാ സെയിന്റ് വിൻസെന്റ് മിലെയ് - വസന്തം

index


എന്തു കാര്യസാദ്ധ്യത്തിനാണു നീ, ഏപ്രിൽ,
പിന്നെയും മടങ്ങിവന്നത്?
സൗന്ദര്യം കൊണ്ടെല്ലാമായില്ല.
ഒട്ടിപ്പിടിച്ചു തുറക്കുന്ന തളിരിലകളുടെ ചുവപ്പു കാണി-
ച്ചിനിയും നിനക്കെന്റെ മനസ്സടക്കാനാവില്ല.
എനിക്കെന്തു വേണമെന്നെനിക്കറിയാം.
ക്രോക്കസിന്റെ കേസരങ്ങൾ നോക്കിനില്ക്കുമ്പോൾ
കവിളിൽ വെയിലു പൊള്ളുന്നതു ഞാനറിയുന്നു.
മണ്ണിന്റെ മണവും ഹൃദ്യം തന്നെ.
മരണം പ്രത്യക്ഷത്തിലില്ലെന്നും തോന്നുന്നു.
അതർത്ഥമാക്കുന്നതെന്താണു, പക്ഷേ?
മണ്ണിനടിയിൽ പുഴുക്കൾക്കൂണാവുകയാണ്‌
മനുഷ്യരുടെ തലച്ചോറെന്നു മാത്രമല്ല.
ജീവിതം തന്നെ ശൂന്യതയത്രേ,
ഒരൊഴിഞ്ഞ കോപ്പ,
പരവതാനി വിരിക്കാത്തൊരു കോണിപ്പടി.
വർഷാവർഷം, ഈ കുന്നിറങ്ങി,
പുലമ്പിയും പൂക്കൾ വിതറിയും ഒരു മന്ദബുദ്ധിയെപ്പോലെ
ഏപ്രിൽ വരുന്നു എന്നതുകൊണ്ടു മാത്രമായില്ല.


Spring

To what purpose, April, do you return again?

Beauty is not enough.

You can no longer quiet me with the redness

Of little leaves opening stickily.

I know what I know.

The sun is hot on my neck as I observe

The spikes of the crocus.

The smell of the earth is good.

It is apparent that there is no death.

But what does that signify?

Not only under ground are the brains of men

Eaten by maggots.

Life in itself

Is nothing,

An empty cup, a flight of uncarpeted stairs.

It is not enough that yearly, down this hill,

April

Comes like an idiot, babbling and strewing flowers.


Wednesday, March 25, 2015

പെസ്സോവ - വാഴ്ത്ത്



വരൂ, പ്രായമേശാത്ത, മാറ്റമില്ലാത്ത രാത്രീ,
പിറവിയിലേ സ്ഥാനഭ്രഷ്ടയായ റാണീ,
ഉള്ളിനുമുള്ളിലെ മൗനത്തിനു തുല്യയായ രാത്രീ,
നിത്യത കര വച്ച പുടവയിൽ
പായുന്ന നക്ഷത്രങ്ങൾ തുന്നിച്ചേർത്തവളേ, രാത്രീ.

ഒഴുകി വരൂ,
മൃദുപാദയായി വരൂ,
ഏകയായി, ഭവ്യയായി വരൂ,
കൈകളിരുപുറവും തൂക്കിയിട്ടു വരൂ,
അകലെയായ കുന്നുകളെ
അരികിലെ മരങ്ങൾക്കു ചുവട്ടിലേക്കു കൊണ്ടുവരൂ,
ഞാൻ കാണുന്ന പാടങ്ങളെയെല്ലാം
നിന്റെയൊരേയൊരു പാടത്തിൽ ലയിപ്പിക്കൂ,
മലയെ നിന്റെയുടലിന്റെ ഒരു ഖണ്ഡമാക്കൂ,
അകലക്കാഴ്ചയിൽ ഞാനതിൽ കാണുന്ന വ്യത്യസ്തതകളോരോന്നും തുടച്ചുമാറ്റൂ:
അതിൽ കയറിപ്പോകുന്ന വഴികൾ,
അകലെയതിനെ സാന്ദ്രഹരിതമാക്കുന്ന വിവിധവൃക്ഷങ്ങൾ,
മരങ്ങൾക്കിടയിലൂടെ പുകച്ചുരുളുയരുന്ന വെള്ളയടിച്ച വീടുകൾ;
ഒരു വെളിച്ചം മാത്രം ശേഷിക്കട്ടെ, മറ്റൊരു വെളിച്ചവും പിന്നെയൊരു വെളിച്ചവും,
അവ്യക്തവും നൊമ്പരപ്പെടുത്തുന്നതുമായ വിദൂരതയിൽ,
പൊടുന്നനേ അപ്രാപ്യമായ വിദൂരതയിൽ.

വ്യർത്ഥമായി ഞങ്ങൾ തിരയുന്ന അസാദ്ധ്യതകളുടെ മാതാവേ,
അസ്തമയനേരത്തു ഞങ്ങളുടെ ജനാലയ്ക്കലെത്തുന്ന സ്വപ്നങ്ങളുടെ മാതാവേ,
കോസ്മോപൊളിറ്റൻ ഹോട്ടലുകളുടെ വിശാലമായ വരാന്തകളിൽ,
യൂറോപ്യൻ സംഗീതത്തിന്റെയും അടുത്തുമകലത്തുമുള്ള ശബ്ദങ്ങളുടെയും പശ്ചാത്തലത്തിൽ,
ഞങ്ങളെ താലോലിക്കുന്ന ,
ഒരിക്കലും നടക്കില്ലെന്നറിയാവുന്നതിനാൽ ഞങ്ങളെ വേദനിപ്പിക്കുന്ന
സ്വപ്നപദ്ധതികളുടെ മാതാവേ...
ഞങ്ങളെ പാടിയുറക്കാൻ വരൂ,
ഞങ്ങളെ ആശ്വസിപ്പിക്കാൻ വരൂ,
ഞങ്ങളുടെ നെറ്റിയിൽ നിശബ്ദമായി ചുംബിക്കൂ,
ചുംബിച്ചുവെന്നു ഞങ്ങൾക്കു തോന്നാത്തത്ര മൃദുവായി ചുംബിക്കൂ,
ആത്മാവിലെന്തോ അനക്കം വച്ചുവെന്നു മാത്രം ഞങ്ങളറിയട്ടെ,
ഈ ജീവിതവുമായി ഒരു ബന്ധവുമില്ലെന്നറിയുന്നതിനാൽ
ഞങ്ങൾ പ്രിയത്തോടെ മാറോടണയ്ക്കുന്ന സ്വപ്നങ്ങൾ,
ആ സ്വപ്നങ്ങൾ കായ്ക്കുന്ന മാന്ത്രികവൃക്ഷങ്ങൾ,
ആ വൃക്ഷങ്ങൾ വേരിറക്കിനില്ക്കുന്ന ഞങ്ങളിലെ പ്രാക്തനദേശം-
അതിൽ നിന്നൊരു തേങ്ങൽ
ഗാനമായുയർന്നുവെന്നു മാത്രം ഞങ്ങൾക്കു തോന്നട്ടെ.

ശാന്തഗംഭീരയായി വരൂ,
ഉള്ളിലടക്കിയ കരച്ചിലിന്റെ ശാന്തതയുമായി വരൂ,
ആത്മാവു വിപുലവും ജീവിതം തുച്ഛവുമാണെന്നതിനാൽ,
ഉടലുകളുടെ അതിരുകൾക്കപ്പുറം പോകാനാവില്ല ഞങ്ങളുടെ ചേഷ്ടകൾക്കെന്നതിനാൽ,
കൈയെത്തുന്നിടത്തോളമേ ഞങ്ങൾക്കെത്തിപ്പിടിക്കാനാവൂ എന്നതിനാൽ,
കാഴ്ചവട്ടത്തോളമേ ഞങ്ങൾക്കു കാഴ്ച കിട്ടൂ എന്നതിനാൽ
കരയാനുള്ള രഹസ്യാഭിലാഷത്താൽ നിറഞ്ഞു നീ വരൂ.

വരൂ, എന്നും ശോകമയിയായവളേ,
സാധുക്കളുടെ യാതനകളുടെ മാറ്റെർ ഡൊളോറോസാ*,
നിന്ദിതരുടെ റ്ററിസ് എബേർണിയാ*,
എളിമപ്പെട്ടവരുടെ പൊള്ളുന്ന നെറ്റിത്തടത്തിൽ വച്ച തണുത്ത കൈത്തലമേ,
തളർന്നവരുടെ വരണ്ട ചുണ്ടിൽ തണ്ണീരിന്റെ സ്വാദേ.
വിവർണ്ണചക്രവാളത്തിന്റെ ആഴങ്ങളിൽ നിന്നു വരൂ,
ഞാൻ കിടന്നു തഴയ്ക്കുന്ന ഉത്കണ്ഠയുടെയും വന്ധ്യതയുടെയും മണ്ണിൽ നിന്നെന്നെ വലിച്ചെടുക്കൂ,
മണ്ണിൽ നിന്നെന്നെ, എല്ലാവരും മറന്ന ഡയ്സിപ്പൂവിനെ, പറിച്ചെടുക്കൂ.
എനിക്കറിയാത്ത എന്റെ ജാതകം
അതിൽ നീ ഇതളെണ്ണി ഇതളെണ്ണി വായിക്കൂ.
നിന്റെ സന്തോഷത്തിനായി, അത്ര മൂകവും തണുത്തതുമായ നിന്റെ സന്തോഷത്തിനായി
എന്റെ ഇതളുകൾ നീ നുള്ളിയെടുക്കൂ.
എന്റെ ഒരിതൾ നീ വടക്കോട്ടെറിയൂ,
അത്രമേൽ ഞാൻ സ്നേഹിച്ചിരുന്ന ഇന്നിന്റെ നഗരങ്ങളിലേക്ക്.
എന്റെ മറ്റൊരിതൾ തെക്കോട്ടെറിയൂ,
ഒരു കാലത്തു നാവികരുഴുതുമറിച്ച കടലുകളിലേക്ക്.
മറ്റൊരിതൾ പടിഞ്ഞാറോട്ടെറിയൂ,
എനിക്കജ്ഞാതമാണെങ്കിലും ഞാനാരാധിക്കുന്ന
ഭാവിയാകാവുന്നതൊന്നു ചോരച്ചുവപ്പായെരിഞ്ഞുനില്ക്കുന്നിടത്തേക്ക്.
മറ്റൊന്ന്, മറ്റെല്ലാം, എന്നിൽ ശേഷിച്ചതെല്ലാം
കിഴക്കോട്ടെറിയൂ,
സർവതും വരുന്ന, വിശ്വാസവും പകൽവെളിച്ചവും വരുന്ന കിഴക്കോട്ട്,
ചൂടിന്റെയും പകിട്ടിന്റെയും വിശ്വാസതീക്ഷ്ണതയുടെയും കിഴക്കോട്ട്,
ഞാനൊരിക്കലും കാണാനിടയില്ലാത്ത സമൃദ്ധിയുടെ കിഴക്കോട്ട്,
ബുദ്ധന്റെയും ബ്രഹ്മത്തിന്റെയും ഷിന്റോയുടെയും കിഴക്കോട്ട്,
നമുക്കില്ലാത്തതെല്ലാമുള്ള കിഴക്കോട്ട്,
നാമല്ലാത്തതെല്ലാമായ കിഴക്കോട്ട്,
ക്രിസ്തു ഇന്നും ജീവിച്ചിരിപ്പുണ്ടെന്നു വരാവുന്ന- ആർക്കറിയാം?-,
ദൈവമിപ്പോഴും സാർവഭൗമനായി വിരാജിക്കുന്ന കിഴക്കോട്ട്.

കടലുകൾക്കു മേലേകൂടി വരൂ,
പെരുംകടലുകൾക്കു മേലേകൂടി വരൂ,
നിയതചക്രവാളമില്ലാത്ത കടലുകൾക്കു മേലേകൂടി വരൂ,
അടങ്ങാത്ത ആ ജലജന്തുവിന്റെ പുറം തഴുകിക്കൊണ്ടു വരൂ,
ഒരിക്കലും പൊറുപ്പില്ലാത്തവയെ മാസ്മരവിദ്യയാൽ മെരുക്കുന്നവളേ,
നിഗൂഢമായി നീയതിനെ ശാന്തമാക്കൂ!

വരൂ, എന്നും ശ്രദ്ധാലുവായവളേ,
വരൂ, എന്നും മാതൃവാത്സല്യമാർന്നവളേ,
നിശബ്ദപാദയായി വരൂ, കാലമേശാത്ത ധാത്രീ,
മൃതമതങ്ങളുടെ ദേവകളെ പരിചരിച്ചിരുന്നവളേ,
യഹോവയുടെയും സിയൂസിന്റെയും പിറവിയ്ക്കു സാക്ഷിയായവളേ,
വ്യർത്ഥവും അവാസ്തവവുമാണെല്ലാമെന്നതിനാലന്നു പുഞ്ചിരി വന്നവളേ!

വരൂ, ഉന്മത്തയായ മൂകരാത്രീ,
നിന്റെ വെണ്മേലാട കൊണ്ടെന്റെ ഹൃദയം പൊതിയൂ,
വാസനിക്കുന്നൊരപരാഹ്നത്തിൽ ഇളംതെന്നൽ പോലെ സ്വച്ഛമായി,
അമ്മയുടെ തലോടുന്ന കൈ പോലെ സൗമ്യമായി,
കൈത്തണ്ടകളിൽ തിളങ്ങുന്ന നക്ഷത്രങ്ങളുമായി,
ചന്ദ്രൻ നിന്റെ മുഖത്തൊരു നിഗൂഢമായ പൊയ്‌മുഖമായി.
നിന്റെ വരവിൽ എല്ലാ ശബ്ദവും വേറിട്ട ശബ്ദമാവുന്നു.
നീ കടന്നുവരുമ്പോൾ ഒച്ചകളെല്ലാം താഴുന്നു.
നീ വരുന്നതാരും കാണുന്നില്ല.
നീ വന്നതെപ്പോഴെന്നാരുമറിയുന്നില്ല,
പെട്ടെന്നൊരു ക്ഷണത്തിൽ സകലതും പിൻവാങ്ങാൻ തുടങ്ങുമ്പോൾ,
സകലതിനും അരികുകളും നിറങ്ങളും നഷ്ടപ്പെടുമ്പോൾ,
മുകളിൽ, തെളിനീലമായ ആകാശത്ത്,
നിയതമായൊരു പിറയായി, ഒരു വെളുത്ത വൃത്തമായി,
അല്ലെങ്കിലൊരു പുതുവെളിച്ചത്തിന്റെ ശകലമെങ്കിലുമായി-

ചന്ദ്രൻ നിറഞ്ഞുനില്ക്കുമ്പോഴല്ലാതെ.


1914 ജൂൺ 30
(അൽവാരോ ദെ കാമ്പോ എന്ന അപരനാമത്തിൽ എഴുതിയത്)

 


 

*mater dolorosa - വ്യാകുലമാതാവ്; സ്വജീവിതത്തിലെ ഏഴു ദുഃഖങ്ങളോടു ബന്ധപ്പെടുത്തി വിശുദ്ധമറിയത്തിനുള്ള വിശേഷണം

*Turris Eburnea- ദന്തഗോപുരം; ഉത്തമഗീതത്തിൽ ‘നിന്റെ കഴുത്ത് ദന്തഗോപുരം പോലെ’ എന്നു ശലോമോൻ; അഭിജാതവിശുദ്ധിയുടെ പ്രതീകം; പതിനാറാം നൂറ്റാണ്ടോടെ വിശുദ്ധമറിയത്തിന്റെ വിശേഷണമായി ഉൾപ്പെടുത്തി.


Monday, March 23, 2015

പ്രണയലേഖനങ്ങൾ (43) - റിൽക്കെ

rainer-maria-rilke1


ലൂ അന്ദ്രിയാസ് സാലോമിയ്ക്ക്

മ്യൂണിച്ച്, 1897 ജൂൺ 9

ബുധനാഴ്ച വൈകുന്നേരം

 

നിന്നെ പിരിഞ്ഞതില്പിന്നെ മഴ പെയ്തിരുണ്ട തെരുവുകളിലൂടെ
തിരക്കു പിടിച്ചൊളിച്ചുപോകുമ്പോളെനിക്കു തോന്നുന്നു,
എന്റെ കണ്ണുകളെ നേരിടുന്ന കണ്ണുകൾക്കെല്ലാം കാണാം,
നിർവൃതിയടഞ്ഞതും ഉയിർത്തെഴുന്നേറ്റതുമായ എന്റെയാത്മാവ്
അവയിലാളിക്കത്തുകയാണെന്ന്.

വഴിപോക്കരുടെ പറ്റത്തിൽ നിന്നെന്റെയാഹ്ളാദം മറച്ചുപിടിക്കാൻ
ഒളിഞ്ഞും മറിഞ്ഞും ഞാൻ ശ്രമിക്കുന്നു;
ധൃതിപ്പെട്ടു ഞാനതു വീട്ടിനുള്ളിലെത്തിക്കുന്നു;
രാത്രിയേറെക്കടന്നതില്പിന്നെയേ,
നിധിപേടകം പോലെ ഞാനതു പതുക്കെത്തുറക്കുന്നുള്ളു.

പിന്നെ, ഗഹനാന്ധകാരത്തിൽ നിന്നൊന്നൊന്നായി
എന്റെ പൊൻപണ്ടങ്ങൾ ഞാൻ കൈയിലെടുത്തു നോക്കുന്നു;
ഏതാണാദ്യം കാണേണ്ടതെന്നെനിക്കു തീർച്ചയാവുന്നില്ല:
എന്റെ മുറിയ്ക്കുള്ളിലിടമായ ഇടമെല്ലാം
കവിഞ്ഞൊഴുകുകയാണല്ലോ, കവിഞ്ഞൊഴുകുകയാണല്ലോ.

താരതമ്യങ്ങൾക്കപ്പുറത്തുള്ളൊരു സമൃദ്ധിയാണത്-
രാത്രിയുടെ കണ്ണുകളിന്നേവരെ കാണാത്ത പോലെ,
രാത്രിയുടെ മഞ്ഞുതുള്ളികളിന്നേവരെ വീഴാത്ത പോലെ.
ഏതു രാജകുമാരന്റെ വധുവിനു നല്കിയതുമാവട്ടെ,
ആ രാജകീയസ്ത്രീധനത്തെക്കാളമൂല്യമാണത്.

ഉജ്ജ്വലമായ രാജകീയകിരീടങ്ങളതിലുണ്ട്,
അവയിൽ പതിച്ച രത്നങ്ങൾ നക്ഷത്രങ്ങളത്രെ.
ആർക്കുമൊരു സംശയം പോലുമില്ല;
എന്റെ നിധികൾക്കിടയിൽ ഞാനിരിക്കുന്നു പ്രിയേ,
തനിക്കൊരു റാണിയുണ്ടെന്നറിയുന്ന രാജാവിനെപ്പോലെ.

തൊട്ടു മുമ്പു വീശിക്കടന്നുപോയ വന്യമായ കൊടുങ്കാറ്റിനു ശേഷം എത്ര സമൃദ്ധിയാണു സൂര്യൻ കോരിച്ചൊരിയുന്നതെന്നു കാണുമ്പോൾ എന്റെ മുറിയ്ക്കുള്ളിലെങ്ങും ആനന്ദത്തിന്റെ കട്ടിപ്പൊന്നു പൊതിഞ്ഞപോലെനിക്കു തോന്നിപ്പോകുന്നു. ധനികനും സ്വതന്ത്രനുമാണു ഞാൻ; തൃപ്തിയുടെ ദീർഘശ്വാസമെടുത്തുകൊണ്ട് സായാഹ്നത്തിന്റെ ഓരോ നിമിഷവും പിന്നെയും ഞാൻ സ്വപ്നം കാണുന്നു. ഇന്നിനി വീണ്ടും പുറത്തേക്കിറങ്ങണമെന്ന് എനിക്കു തോന്നുന്നില്ല. എനിക്കു സൗമ്യസ്വപ്നങ്ങൾ കാണണം, നീ വരുമ്പോൾ അവയുടെ പൊലിമ കൊണ്ടെന്റെ മുറിയ്ക്കകമെനിക്കലങ്കരിക്കണം. എന്റെ കൈകളിലും എന്റെ മുടിയിലും നിന്റെ കൈകളുടെ ആശിസ്സുകളുമായി രാത്രിയിലേക്കെനിക്കു പ്രവേശിക്കണം. എനിക്കാരോടും സംസാരിക്കേണ്ട: എന്റെ വാക്കുകൾക്കു മേൽ ഒരു മിനുക്കം പോലെ ഞൊറിയിടുകയും അവയ്ക്കൊരു മുഴക്കത്തിന്റെ സമൃദ്ധി പകരുകയും ചെയ്യുന്ന നിന്റെ വാക്കുകളുടെ പ്രതിധ്വനി ഞാൻ ദുർവ്യയം ചെയ്താലോ? ഈ സായാഹ്നസൂര്യനു ശേഷം മറ്റൊരു വെളിച്ചത്തിലേക്കും എനിക്കു കണ്ണയക്കേണ്ട; നിന്റെ കണ്ണുകളിലെ അഗ്നി കൊണ്ട് ഒരായിരം സൗമ്യയാഗങ്ങൾക്കു തിരി കൊളുത്തിയാൽ മതിയെനിക്ക്...എനിക്കു നിന്നിലുയരണം, ആർപ്പുവിളികൾ മുഴങ്ങുന്നൊരു പ്രഭാതത്തിൽ ഒരു ശിശുവിന്റെ പ്രാർത്ഥന പോലെ, ഏകാന്തനക്ഷത്രങ്ങൾക്കിടയിൽ ഒരഗ്നിബാണം പോലെ. എനിക്കു നീയാവണം. നിന്നെ അറിയാത്ത ഒരു സ്വപ്നവും എനിക്കു വേണ്ട; നീ സഫലമാക്കാത്ത, നിനക്കു സഫലമാക്കാനാവാത്ത ഒരഭിലാഷവും എനിക്കു വേണ്ട. നിന്നെ പ്രകീർത്തിക്കുന്നതല്ലാത്ത ഒരു പ്രവൃത്തിയും എനിക്കു ചെയ്യേണ്ട, നിന്റെ മുടിയിൽ ചൂടാനല്ലാത്ത ഒരു പൂവും എനിക്കു നട്ടു വളർത്തുകയും വേണ്ട. നിന്റെ ജനാലയിലേക്കുള്ള വഴിയറിയാത്ത ഒരു കിളിയേയും എനിക്കെതിരേല്ക്കേണ്ട, ഒരിക്കലെങ്കിലും നിന്റെ പ്രതിബിംബത്തിന്റെ രുചി നുകരാത്ത ചോലയിൽ നിന്നെനിക്കു ദാഹവും തീർക്കേണ്ട. അജ്ഞാതരായ അത്ഭുതപ്രവർത്തകരെപ്പോലെ നിന്റെ സ്വപ്നങ്ങളലഞ്ഞു നടന്നിട്ടില്ലാത്ത ഒരു നാട്ടിലേക്കുമെനിക്കു പോകേണ്ട, നീയിന്നേവരെ അഭയം തേടാത്ത ഒരു കുടിലിലുമെനിക്കു പാർക്കുകയും വേണ്ട. എന്റെ ജീവിതത്തിൽ നീ വരുന്നതിനു മുമ്പുള്ള നാളുകളെക്കുറിച്ചെനിക്കൊന്നുമറിയേണ്ട, ആ നാളുകളിലധിവസിച്ചിരുന്നവരെക്കുറിച്ചുമറിയേണ്ട. ആ മനുഷ്യരെ കടന്നുപോകുമ്പോൾ അവരുടെ കുഴിമാടത്തിൽ ഓർമ്മയുടെ അപൂർവ്വവും വാടിയതുമായ ഒരു പുഷ്പചക്രം, അവരതർഹിക്കുന്നുണ്ടെങ്കിൽ, എനിക്കർപ്പിക്കണം; എന്തെന്നാൽ, ഇത്ര സന്തോഷഭരിതനായിരിക്കെ നന്ദികേടു കാണിക്കാൻ എനിക്കു കഴിയില്ല. പക്ഷേ ഇന്നവർ എന്നോടു പറയുന്ന ഭാഷ കുഴിമാടങ്ങളുടെ ഭാഷയാണ്‌; അവർ ഒരു വാക്കു പറയുമ്പോൾ എനിക്കു തപ്പിത്തടയേണ്ടിവരുന്നു; എന്റെ കൈകൾ തൊടുന്നത് തണുത്ത, മരവിച്ച അക്ഷരങ്ങളിലാകുന്നു. ഈ മൃതരെ സന്തുഷ്ടഹൃദയത്തോടെ എനിക്കു പ്രശംസിക്കണം; എന്തെന്നാൽ അവരെന്നെ നിരാശപ്പെടുത്തി, അവരെന്നെ തെറ്റിദ്ധരിച്ചു, അവരെന്നോടു മര്യാദകേടായി പെരുമാറി, അങ്ങനെ ദീർഘമായ ആ യാതനാവഴിയിലൂടെ അവരെന്നെ നിന്നിലേക്കു നയിക്കുയും ചെയ്തു.- ഇപ്പോൾ എനിക്കു നീയാകണം. കന്യാമറിയത്തിന്റെ തിരുരൂപത്തിനു മുന്നിലെ കെടാവിളക്കു പോലെ നിന്റെ കൃപയ്ക്കു മുന്നിൽ എന്റെ ഹൃദയം എരിഞ്ഞുനില്ക്കുന്നു.

 

Lou andreas

വ്യാഴാഴ്ച രാവിലെ

 

ചോരച്ചുവപ്പായ കംബളങ്ങളെനിക്കു നീട്ടിവിരിക്കണം,
പതിനായിരങ്ങളായ പുഷ്പദീപങ്ങൾ നിരത്തിവയ്ക്കണം,
മണക്കുന്ന പൊൻകിണ്ണങ്ങളിൽ നിന്നവയിലെണ്ണ പകരണം,
പിന്നെയെങ്ങുമവ തുള്ളിത്തുളുമ്പി നില്ക്കണം.

അങ്ങനെയവ എരിഞ്ഞെരിഞ്ഞു നില്ക്കണം,
ചുവന്ന പകലുകൾ അന്ധരാക്കിയ നമ്മൾ
വിളർത്ത രാത്രിയിൽ അന്യോന്യമറിയും വരെ,
നക്ഷത്രങ്ങളാണു നമ്മുടെയാത്മാക്കളെന്നറിയും വരെ.

എത്ര സമ്പന്നയാണു നീ. എന്റെ രാത്രികൾക്കു നീ സ്വപ്നങ്ങൾ നല്കുന്നു, എന്റെ പുലരികൾക്കു ഗാനങ്ങൾ നല്കുന്നു, എന്റെ പകലിനു ലക്ഷ്യം നല്കുന്നു, എന്റെ ചുവന്ന അസ്തമയത്തിനു സൂര്യാശംസകളും നല്കുന്നു. അക്ഷയമാണു നിന്റെ ദാനങ്ങൾ. നിന്റെ കൃപ കൈക്കൊള്ളാനായി മുട്ടു കുത്തി ഞാൻ കൈകളുയർത്തുന്നു. എത്ര സമ്പന്നയാണു നീ! ഞാനാരാകണമെന്നു നീയാഗ്രഹിക്കുന്നുവോ, അതൊക്കെയാണു ഞാൻ. നിനക്കു കോപം വരുമ്പോൾ ഞാൻ അടിമയാകാം, നിനക്കു പുഞ്ചിരി വരുമ്പോൾ ഞാൻ രാജാവാകാം. എങ്ങനെയായാലും എനിക്കസ്തിത്വം നല്കുന്നത് - നീ.

ഇതു നിന്നോടു ഞാൻ പലപ്പോഴും പറയും, മിക്കപ്പോഴും പറയും. എന്റെ കുമ്പസാരം എളിമയും സാരള്യവും വായ്ചതൊന്നായി വിളയും.  അങ്ങനെയൊടുവിൽ എത്രയും ലളിതമായി നിന്നോടു ഞാനതു പറയുമ്പോൾ അത്രയും ലളിതമായിത്തന്നെ നീയതുൾക്കൊള്ളും, നമ്മുടെ ഗ്രീഷ്മകാലം വന്നുചേരും. എല്ലാ പകലുകൾക്കും മേലതു വ്യാപിക്കുകയും ചെയ്യും- നിന്റെ
                                                            റെനെയുടെ.

നീ ഇന്നു വരും!?


 

 

Sunday, March 22, 2015

പ്രണയലേഖനങ്ങൾ (42)- റിൽക്കെ

rilke (1)


ലൂ അന്ദ്രിയാസ് സാലോമിയ്ക്ക്

(1903 നവംബർ 9)
റോം, 1904 ജനുവരി 15

ലൂ, പ്രിയപ്പെട്ട ലൂ, നിന്റെ ഒടുവിലത്തെ  കത്തിന്റെ തീയതി ഞാൻ എന്റെ കത്തിനു മുകളിൽ എഴുതുന്നു,- നീ എഴുതിയതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നറിയിക്കാനുള്ള ആഗ്രഹം കൊണ്ടു മാത്രമാണത്; അങ്ങനെയൊരവിശ്വാസത്തിനു നിരന്തരവും സാദ്ധ്യമായ എല്ലാ തരത്തിലുമുള്ള പിൻബലം തരുന്നവരാണ്‌ ഇറ്റലിയിലെ തപാൽ വകുപ്പുകാർ.

പ്രിയപ്പെട്ട ലൂ, ഞാനിപ്പോൾ തോട്ടത്തിലെ എന്റെ ചെറിയ പുരയ്ക്കുള്ളിലാണ്‌; ഏറെ നേരത്തെ അശാന്തിയ്ക്കു ശേഷം കിട്ടുന്ന ആദ്യത്തെ സമാധാനപൂർണ്ണമായ നേരമാണിത്; ലളിതമായ ഈ മുറിയ്ക്കുള്ളിൽ ഓരോന്നും അതാതിന്റെയിടത്തു കുടി പാർക്കുന്നു, ജീവിക്കുന്നു, പകലും രാത്രിയും അതിനു മേൽ പതിക്കാൻ വിട്ടുകൊടുക്കുകയും ചെയ്യുന്നു. അത്രയധികം മഴയ്ക്കു ശേഷം പുറത്തിപ്പോൾ ഒരു വസന്തകാലത്തിന്റെ അപരാഹ്നമാണ്‌, നാളെ കണ്ടില്ലെന്നു വരാമെങ്കിലും നിത്യതയിൽ നിന്നു വരുന്നതായി ഇപ്പോൾ തോന്നുന്ന ഏതോ വസന്തത്തിന്റെ നേരങ്ങളാണ്‌: അത്ര സംയമനമാണ്‌, തിളങ്ങുന്ന വാകയിലകളും കുറ്റിയോക്കുകളുടെ എളിയ ഇലപ്പൊതികളുമിളക്കുന്ന നേർത്ത ഇളംകാറ്റിന്‌; അത്ര ആത്മവിശ്വാസമാണ്‌, ഒഴിഞ്ഞൊരിടമുണ്ടെന്നു പറയാനില്ലാത്ത മരങ്ങളിൽ ഇളംചുവപ്പു നിറമാർന്ന കുഞ്ഞുമൊട്ടുകൾക്ക്; അത്രയ്ക്കാണ്‌, ഒരു പഴയപാലത്തിന്റെ കമാനം ധ്യാനനിരതമായി നോക്കിനില്ക്കുന്ന എന്റെ ഈ പ്രശാന്തസാനുവിലെ ധൂസരവും ഇളംപച്ചനിറവുമായ നാഴ്സിസസ് പൂത്തടത്തിൽ നിന്നു പൊങ്ങുന്ന സൗരഭ്യം. എന്റെ പുരപ്പുറത്തു കെട്ടിക്കിടന്ന മഴവെള്ളത്തിന്റെ അടിമട്ടു ഞാൻ തൂത്തു മാറ്റിക്കളഞ്ഞു, വാടിയ ഓക്കിലകൾ ഒരു വശത്തേക്കു വാരി മാറ്റുകയും ചെയ്തു; ...ഏറെക്കാലത്തിനു ശേഷം ഇതാദ്യമായിട്ടാണ്‌ ഒരല്പം സ്വതന്ത്രനായ പോലെ, ഉല്ലാസവാനായ പോലെ, എന്റെ വീട്ടിലേക്കു നീ കയറിവരുന്ന പോലെ എനിക്കു തോന്നുന്നതും...ആഹ്ളാദം നല്കുന്ന ഈ അനുഭൂതിയും മാഞ്ഞുപോകാനേയുള്ളു: ആരറിഞ്ഞു, എന്റെ പുരപ്പുറത്തു പിന്നെയും വെള്ളം കോരിച്ചൊരിയാനായി അകലെ മലകൾക്കു പിന്നിൽ ഒരു മഴരാത്രി തയാറെടുക്കുകയല്ലെന്ന്, എന്റെ വഴികൾ പിന്നെയും മേഘങ്ങൾ കൊണ്ടു നിറയ്ക്കാൻ ഒരു കൊടുങ്കാറ്റുരുണ്ടുകൂടുകയല്ലെന്ന്.-

പക്ഷേ നിനക്കൊരു കത്തെഴുതാതെ ഈ നേരം കടന്നുപോകരുതെന്നു ഞാൻ കരുതി; നിനക്കു കത്തെഴുതാൻ എനിക്കു കഴിയുന്ന, നിനക്കടുത്തേക്കു വരാൻ മാത്രം എന്റെ മനസ്സു ശാന്തവും തല തെളിഞ്ഞതും ഞാൻ ഏകാകിയുമായിരിക്കുന്ന അല്പനിമിഷങ്ങൾ പാഴായിപ്പോകരുതെന്നു ഞാൻ കരുതി; കാരണം അത്രയ്ക്ക്, അത്രയ്ക്കാണെനിക്കു നിന്നോടു പറയാനുള്ളത്. പാരീസിൽ, ഡുറാൻഡ്-റുവേലിൽ വച്ച് കഴിഞ്ഞ കൊല്ലത്തെ വസന്തകാലത്ത് പൗരാണികചിത്രങ്ങളുടെ ഒരു പ്രദർശനം ഉണ്ടായിരുന്നു; ബോസ്ക്കോറിയേലിലെ ഒരു വില്ലായിൽ നിന്നുള്ള ചുമർചിത്രങ്ങൾ...ആ ചിത്രശകലങ്ങളിൽ ഏറ്റവും വലുതും അതിനാൽ അത്ര ലോലമെന്നു തോന്നുന്നതുമായ ഒന്ന് പൂർണ്ണമായും വലിയ ചേതം വരാതെയുമുണ്ടായിരുന്നു. ഗൗരവം നിറഞ്ഞതും പ്രശാന്തവുമായ ഒരു മുഖഭാവത്തോടെ ഒരു സ്ത്രീ ഇരിക്കുന്നതാണ്‌ അതിൽ ചിത്രീകരിച്ചിരുന്നത്; മന്ത്രിക്കുന്ന പോലെയും ചിന്തയിൽ മുഴുകിയ പോലെയും സംസാരിക്കുന്ന ഒരു പുരുഷൻ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയാണവൾ; അയാൾ സംസാരിക്കുന്നത് അവളോടെന്നപോലെ തന്നോടുമാണ്‌; അസ്തമയനേരത്തെ കടലോരങ്ങൾ പോലെ കഴിഞ്ഞുപോയ ഭാഗധേയങ്ങൾ തിളങ്ങുന്ന ഇരുണ്ട ശബ്ദമാണയാളുടേത്. ഈ മനുഷ്യൻ, എന്റെ ഓർമ്മ ശരിയാണെങ്കിൽ, അയാളുടെ കൈകൾ ഒരൂന്നുവടി മേൽ വച്ചിരുന്നു, വിദൂരദേശങ്ങളിൽ അയാൾ ഒപ്പം കൊണ്ടുപോയിരിക്കാവുന്ന ആ വടി മേൽ മടക്കിവച്ചിരുന്നു; അയാൾ സംസാരിക്കുമ്പോൾ അവ വിശ്രമിക്കുകയായിരുന്നു (തങ്ങളുടെ യജമാനൻ കഥ പറയാൻ തുടങ്ങുമ്പോൾ, അതേറെ നേരം നീണ്ടുനില്ക്കുമെന്നു കാണുമ്പോൾ മയങ്ങാൻ കിടക്കുന്ന നായ്ക്കളെപ്പോലെ-); എന്നാൽ ഈ മനുഷ്യൻ തന്റെ കഥയിൽ ഏറെ മുന്നോട്ടു പോയിരിക്കുന്നുവെങ്കിലും ഓർമ്മയുടെ എത്രയും വലിയൊരു വിസ്തൃതി (നിരപ്പായതെങ്കിലും പാത അപ്രതീക്ഷിതമായി വളവുകളെടുക്കുന്ന ഓർമ്മയുടെ വിസ്തൃതി) ഇനിയും മുന്നിലുണ്ടെന്നു തോന്നിപ്പിച്ചിരുന്നു; പക്ഷേ പ്രഥമദർശനത്തിൽ തന്നെ നിങ്ങൾക്കു മനസ്സിലാകുന്നു, അയാളാണു വന്നതെന്ന്, സ്വസ്ഥയും പ്രൗഢയുമായ ഈ സ്ത്രീയിലേക്കു യാത്ര ചെയ്തു വന്നയാൾ; ഉയരം വച്ച, വീടിന്റെ ശാന്തി നിറഞ്ഞ ഈ സ്ത്രീയിലേക്കു കയറിവന്ന അപരിചിതൻ. ആ ആഗമനത്തിന്റെ ഭാവം അപ്പോഴും അയാളിൽ ശേഷിച്ചിരുന്നു, കടലോരത്തൊരു തിരയിലെന്നപോലെ, തെളിഞ്ഞുപരന്ന ചില്ലു പോലതു പിൻവാങ്ങുകയാണെങ്കില്പോലും; കുറച്ചുകൂടി പക്വത വന്ന ഒരു സഞ്ചാരിക്കു പോലും കുടഞ്ഞുകളയാനാവാത്ത ആ തിടുക്കം അയാളിൽ നിന്നപ്പോഴും കൊഴിഞ്ഞുപോയിരുന്നില്ല; അയാളുടെ മനസ്സിന്റെ ഊന്നൽ അപ്പോഴും മാറിവരുന്നതും വിചാരിച്ചിരിക്കാത്തതുമായ സാദ്ധ്യതകളിലായിരുന്നു, അയാളുടെ കൈകളെക്കാൾ ഉത്തേജിതമായ, ഇനിയും ഉറക്കം പിടിക്കാത്ത കാലടികളിലേക്ക് ചോര ഇരച്ചുപായുകയായിരുന്നു. ഇപ്രകാരമാണ്‌ ചലനവും നിശ്ചലതയും ആ ചിത്രത്തിൽ സന്നിവേശിപ്പിച്ചിരുന്നത്; വൈരുദ്ധ്യങ്ങളായിട്ടല്ല, ഒരന്യാപദേശമായി, സാവധാനം മുറി കൂടുന്ന ഒരു വ്രണം പോലെ അന്തിമമായൊരൈക്യമായി...മഹത്തും ലളിതവുമായ ആ ചിത്രം എനിക്കു മേൽ പിടി മുറുക്കിയ രീതി എന്റെ ഓർമ്മയിൽ എന്നുമുണ്ടാവും. അത്രയ്ക്കതൊരാലേഖനമായിരുന്നു, രണ്ടു രൂപങ്ങളേ അതിലുള്ളുവെന്നതിനാൽ; അത്രയ്ക്കതർത്ഥവത്തുമായിരുന്നു, ആ രണ്ടു രൂപങ്ങൾ തങ്ങളാൽത്തന്നെ നിറഞ്ഞിരുന്നുവെന്നതിനാൽ, തങ്ങളാൽത്തന്നെ ഭാരിച്ചതായിരുന്നുവെന്നതിനാൽ, നിരുപമമായ ഒരനിവാര്യതയാൽ ഒന്നുചേർന്നിരുന്നുവെന്നതിനാൽ. ആദ്യനിമിഷം തന്നെ ആ ചിത്രത്തിന്റെ സാരം എനിക്കു തെളിഞ്ഞുകിട്ടുകയും ചെയ്തു. തികച്ചും കലുഷമായ ആ പാരീസ്‌കാലത്ത്, അനുഭവങ്ങൾ ദുഷ്കരവും വേദനാപൂർണ്ണവുമായി വലിയൊരുയരത്തിൽ നിന്നെന്നപോലെ ആത്മാവിൽ വന്നുപതിച്ചുകൊണ്ടിരുന്നപ്പോൾ, ആ മനോഹരചിത്രവുമായുള്ള സംഗമം നിർണ്ണായകമായ ഒരൂന്നൽ കൈവരിക്കുകയായിരുന്നു; ആസന്നമായതിനൊക്കെയപ്പുറം, അന്തിമമായതൊന്നിലേക്കു നോക്കാൻ എനിക്കനുമതി കിട്ടിയ പോലെയായിരുന്നു; അത്രയ്ക്കാണ്‌ ആ ചിത്രദർശനം എന്നെ സ്പർശിച്ചതും ദൃഢപ്പെടുത്തിയതും. പിന്നെയാണ്‌ പ്രിയപ്പെട്ട ലൂ, നിനക്കു കത്തെഴുതാനുള്ള ധൈര്യം വന്നുഭവിച്ചതും; എന്തെന്നാൽ എനിക്കു തോന്നി, ഏതു പാതയും, അതെത്ര വളഞ്ഞുപുളഞ്ഞതുമായിക്കോട്ടെ, സാർത്ഥകമാകും, ഒരു സ്ത്രീയിലേക്കുള്ള, സ്വസ്ഥതയിലും പക്വതയിലും കുടി കൊള്ളുന്ന, വിപുലയായ, ഗ്രീഷ്മരാത്രി പോലെന്തും- തങ്ങളെത്തന്നെ പേടിക്കുന്ന കുഞ്ഞുശബ്ദങ്ങൾ, വിളികൾ, മണിനാദങ്ങൾ- കേൾക്കാനറിയുന്ന ആ ഒരു സ്ത്രീയിലേക്കുള്ള അന്തിമമായ മടക്കത്തിലൂടെയെന്ന്:

പക്ഷേ ലൂ, എനിക്ക്, നിനക്കെങ്ങനെയോ നഷ്ടപ്പെട്ട ഈ മകന്‌, ഇനി വരാനുള്ള കുറേയേറെക്കാലത്തേക്കാവില്ല, കഥകൾ പറയുന്നവനാവാൻ, സ്വന്തം വഴി ഗണിച്ചെടുക്കുന്നവനാവാൻ, എന്റെ പൊയ്പോയ ഭാഗധേയങ്ങൾ വിവരിക്കുന്നവനാവാൻ; നീ കേൾക്കുന്നത് ഞാൻ ചുവടു വയ്ക്കുന്ന ശബ്ദം മാത്രമാണ്‌, ഇപ്പോഴുമതു തുടരുകയാണ്‌, ഇന്നതെന്നറിയാത്ത വഴികളിലൂടതു പിന്മടങ്ങുകയാണ്‌, ഏതിൽ നിന്നെന്നെനിക്കറിയില്ല, ആർക്കെങ്കിലുമടുത്തേക്കു വരികയാണോ അതെന്നുമെനിക്കറിയില്ല. എന്റെ നാവ്, ഒരിക്കലതൊരു വൻപുഴയായിക്കഴിഞ്ഞാൽ നിന്നിലേക്ക്, നിന്റെ കേൾവിയിലേക്ക്, നിന്റെ തുറന്ന ഗഹനതകളുടെ നിശബ്ദതയിലേക്കൊഴുകേണമെന്നേയെനിക്കുള്ളു- അതാണെന്റെ പ്രാർത്ഥന; പ്രബലമായ ഓരോ നേരത്തോടും, സംരക്ഷിക്കുകയും സർവതും പ്രദാനം ചെയ്യുകയും ചെയ്യുന്ന ഓരോ ഉത്കണ്ഠയോടും അഭിലാഷത്തോടും ആഹ്ളാദത്തോടും ആ പ്രാർത്ഥന ഞാൻ ആവർത്തിക്കുന്നു. ഇപ്പോൾപ്പോലും അപ്രധാനമാണെന്റെ ജീവിതമെങ്കിലും, കളകൾ കോയ്മ നേടിയ, പരിപാലനമില്ലാത്ത തൈകൾക്കിടയിൽ കിളികൾ കൊത്തിപ്പെറുക്കുന്ന ഉഴാത്ത പാടം പോലെയാണതെന്നു പലപ്പോഴും പലപ്പോഴുമെനിക്കു തോന്നാറുണ്ടെങ്കിലും,- നിന്നോടു പറയാനാവുമ്പോഴേ എനിക്കതുള്ളു, നീയതു കേൾക്കുമ്പോഴേ എനിക്കതുള്ളു!

Rilke_Signature


 

Saturday, March 21, 2015

പ്രണയലേഖനങ്ങൾ (41) - റിൽക്കെ

 

rilke (4)


ലൂ അന്ദ്രിയാസ് സാലോമിയ്ക്ക്

മ്യൂണിച്ച്, 1897 ജൂൺ 7

രണ്ടാഴ്ച മുമ്പ് യക്ഷിക്കഥ പോലെ മനോഹരമായ ഒരു പ്രഭാതത്തിൽ നിന്ന് ഞാൻ വീട്ടിലേക്കു കൊണ്ടുവന്ന കാട്ടുപൂക്കൾ അതില്പിന്നെ മൃദുലമായ രണ്ടു ബ്ളോട്ടിംഗ് പേപ്പറുകൾക്കിടയിൽ സുഖം പറ്റിയിരിക്കുകയായിരുന്നു. ഇന്നു പക്ഷേ, ഞാനവരെ നോക്കുമ്പോൾ ധന്യമായൊരോർമ്മയായി അവരെന്നെ നോക്കി മന്ദഹസിക്കുന്നു, അന്നെന്നപോലൊരു സന്തുഷ്ടഭാവം അവർ മുഖത്തു വരുത്തുകയും ചെയ്യുന്നു.
***

അനർഘമെന്നു പറയുന്ന നേരങ്ങളിലൊന്നായിരുന്നു അത്. ചുറ്റിനും നിബിഡപുഷ്പങ്ങൾ വിടര്‍ന്നുനില്ക്കുന്ന തുരുത്തുകൾ പോലെയാണ്‌ ആ തരം നേരങ്ങൾ. തിരകൾ പുറത്തു കിടന്നു നിശ്വസിക്കുന്നതേയുള്ളു; ഭൂതകാലത്തിൽ നിന്നൊരു യാനവും കടവടുക്കുന്നില്ല, ഭാവിയിലേക്കു പോകാനായൊന്നും കാത്തുകിടക്കുന്നുമില്ല.
***

ദൈനന്ദിനജീവിതത്തിലേക്കുള്ള അനിവാര്യമായ മടക്കം ആ നേരങ്ങളെ ബാധിക്കുന്നതേയില്ല. മറ്റെല്ലാ നേരങ്ങളിൽ നിന്നും വേർപെട്ടവയാണവ; ഉന്നതമായ മറ്റൊരസ്തിത്വത്തിന്റെ നേരങ്ങളാണവ.

***

തുരുത്തു പോലെ ഇമ്മാതിരി ഒരുന്നതാസ്തിത്വം, എനിക്കു തോന്നുന്നു, ചുരുക്കം പേർക്കു മാത്രം പറഞ്ഞിട്ടുള്ള സവിശേഷഭാവിയാണെന്ന്.-

ഒരു ധന്യതയുടെ മണിനാദം മുഴങ്ങുന്നു,
അകലെ നിന്നതു വിടർന്നെത്തുന്നു,
എന്റെയേകാന്തതയെ വന്നു പൊതിയുന്നു,
പൊന്നു കൊണ്ടൊരു കടകം പോലെ
എന്റെ സ്വപ്നത്തെ വലയം ചെയ്യാനൊരുങ്ങുന്നു.

ഹിമക്കട്ടകൾ കണ്ടു പേടിച്ചതും
ഹിമാനികൾ കൊണ്ടു വിഷാദിച്ചതുമാ-
ണെന്റെ ദരിദ്രമായ ചെറുജീവിതമെങ്കിലും
ഒരു പുണ്യകാലമതിനു സമ്മാനിക്കുമല്ലോ,
ഒരു ധന്യവസന്തം...

ഞാനിപ്പോൾ ഡോർഫെനിൽ ആയിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു. ഈ നഗരം എല്ലാ തരം ഒച്ചകളും കൊണ്ടു നിറഞ്ഞതാണ്‌, എനിക്കു തീർത്തും അന്യവുമാണത്. ഉൾവളർച്ചയുടെ അതിപ്രധാനകാലത്ത് അന്യമായതൊന്നും അതിനു വിഘാതമായി വരരുത്.-

അനേകവർഷങ്ങൾ കഴിഞ്ഞൊരു നാളായിരിക്കും നിങ്ങൾ എനിക്കാരാണെന്ന് നിങ്ങൾക്കു ശരിക്കും പിടി കിട്ടുക.

ദാഹം കൊണ്ടു മരിക്കാൻ പോകുന്നൊരാൾക്ക് കാട്ടുറവയെന്താണോ, അത്.

ആരുടെ പ്രാണനാണോ അതു രക്ഷിച്ചത്, നീതിമാനും മതിയാം വിധം കൃതജ്ഞനുമാണയാളെങ്കിൽ അതിന്റെ തെളിമയാവോളം മോന്തി സ്വയം തണുക്കുകയും കരുത്തു നേടുകയും ചെയ്തിട്ട് പുതിയ സൂര്യവെളിച്ചത്തിലേക്കയാൾ നടക്കില്ല. ഇല്ല: ആ അഭയത്തിൽ അയാളൊരു കുടിലു പണിയും, അതു പാടുന്നതു കേൾക്കാനും പാകത്തിലത്രയടുത്തയാൾ പണിയും, തന്റെ കണ്ണുകൾ വെയിലേറ്റു തളരുകയും സമൃദ്ധികളും തെളിമയും കൊണ്ടു ഹൃദയം കവിയുകയും ചെയ്യുന്നത്ര നേരം ആ പൂവിട്ട പുൽത്തട്ടിൽ അയാൾ കഴിയും. ഞാൻ കുടിലുകൾ പണിയും- അവിടെക്കഴിയും.

എന്റെ തെളിഞ്ഞയുറവേ! എനിക്കു നിന്നോടെന്തുമാത്രം കൃതജ്ഞനാവണമെന്നോ! ഒരു പൂവും പ്രകാശവും ഒരു സൂര്യനും എനിക്കു കാണേണ്ട- നിന്നിലല്ലാതെ. നിന്റെ കണ്ണുകളിലൂടെ നോക്കുമ്പോൾ എത്രയധികം മനോഹരവും യക്ഷിക്കഥ പോലെയുമാകുന്നു സർവതും: നിന്റെ വിളുമ്പത്തു നില്ക്കുന്ന ആ പൂവ്, നരച്ച പായലിൽ ഒറ്റയ്ക്കു തണുത്തു വിറച്ചും ജീവച്ഛവം പോലെയും നിന്നത് (നീയില്ലാതെ വസ്തുക്കളെ നോക്കിയിരുന്നപ്പോൾ അങ്ങനെയാണു ഞാനതിനെ കണ്ടത്), നിന്റെ കാരുണ്യത്തിന്റെ കണ്ണാടിയിൽ അതിനു തിളക്കം കിട്ടുന്നു, അതിനനക്കം വയ്ക്കുന്നു, നിന്റെ ഗഹനതകളിൽ ചെന്നു തട്ടി പ്രതിഫലിക്കുന്ന ആകാശത്തോളം അതിന്റെ കുഞ്ഞുതല ചെന്നു തൊടുകയും ചെയ്യുന്നു. പൊടി പിടിച്ചും ചെത്തിമിനുക്കാതെയും നിന്റെ വേലിയ്ക്കലെത്തുന്ന വെയില്ക്കതിരാവട്ടെ, തെളിച്ചം വച്ചും ഒരായിരം മടങ്ങായി പെരുകിയും തേജോമയമായ നിന്റെയാത്മാവിന്റെ തിരകളിൽ ഉജ്ജ്വലദീപ്തിയാവുകയും ചെയ്യുന്നു. എന്റെ തെളിഞ്ഞ ഉറവേ, എനിക്കു ലോകത്തെ നിന്നിലൂടെ കാണണം; എന്തെന്നാൽ അപ്പോൾ ഞാൻ കാണുന്നതു ലോകത്തെയായിരിക്കില്ല, എപ്പോഴും നിന്നെ, നിന്നെ, നിന്നെ മാത്രമായിരിക്കും!

എന്റെ പെരുന്നാളാണു നീ. സ്വപ്നത്തിൽ നിനക്കടുത്തേക്കു നടക്കുമ്പോൾ എന്റെ മുടിയിലെപ്പോഴും പൂക്കളുണ്ടാവുകയും ചെയ്യും.
***

നിന്റെ മുടിയിൽ എനിക്കു പൂക്കളണിയിക്കണം. പക്ഷേ എന്തുതരം പൂക്കൾ? മതിയായ ലാളിത്യമുള്ളതൊന്നുമില്ല. ഏതു മേയ്‌മാസത്തിൽ നിന്നു ഞാനതു പറിച്ചെടുക്കാൻ? എനിക്കിപ്പോൾ ബോദ്ധ്യമാണു പക്ഷേ, നിന്റെ ശിരസ്സിലെപ്പോഴുമുണ്ടാവും ഒരു പുഷ്പചക്രമെന്ന്...അല്ലെങ്കിലൊരു കിരീടമെന്ന്. അങ്ങനെയല്ലാതെ നിന്നെ ഞാൻ കണ്ടിട്ടേയില്ല.

നിന്നെ കാണുമ്പോഴൊക്കെയും നിന്നോടു പ്രാർത്ഥിക്കണമെന്നെനിക്കു തോന്നാതിരുന്നിട്ടില്ല. നിന്റെ ശബ്ദം കേൾക്കുമ്പോഴൊക്കെയും നിന്നിലെനിക്കു വിശ്വാസമർപ്പിക്കണമെന്നെനിക്കു തോന്നാതിരുന്നിട്ടില്ല. നിന്നോടഭിലാഷം തോന്നിയപ്പോഴൊക്കെയും നിനക്കായി യാതന അനുഭവിക്കണമെന്നെനിക്കു തോന്നാതിരുന്നിട്ടില്ല. നിന്നോടു തൃഷ്ണ തോന്നിയപ്പോഴൊക്കെയും നിന്റെ മുന്നിൽ മുട്ടു കുത്താനായെങ്കിൽ എന്നെനിക്കു തോന്നാതിരുന്നിട്ടില്ല.

നിന്റേതാണു ഞാൻ, തീർത്ഥാടകന്‌ ഊന്നുവടി പോലെ- നിനക്കു ഞാൻ താങ്ങാവുന്നില്ലെന്നു മാത്രം. നിന്റേതാണു ഞാൻ, റാണിയ്ക്കു ചെങ്കോലു പോലെ- നിനക്കു ഞാൻ അലങ്കാരമാവുന്നില്ലെന്നു മാത്രം. നിന്റേതാണു ഞാൻ, രാത്രിക്കതിന്റെ അന്ത്യയാമത്തിലെ കുഞ്ഞുനക്ഷത്രം പോലെ- രാത്രിക്കതിനെക്കുറിച്ചു ബോധമില്ലെങ്കിൽക്കൂടി, അതിന്റെ നനുത്ത തിളക്കത്തെക്കുറിച്ചറിവില്ലെങ്കിൽക്കൂടി.

റെനെ


 

Friday, March 20, 2015

സിൽവീന ഒകാമ്പോ - ഒരു മരത്തിന്റെ ചരമശ്രുതി

images

തൊണ്ട നനച്ച വെള്ളം പോലെ
വേനലിൽ ഞാൻ തണലു നല്കിയിരുന്നു.
അന്തിമിനുക്കത്തിന്റെ പൊന്നും
പ്രാവിൽ പുഴയുടെ വിളർത്ത സ്ഥായിയും
എന്റെ മരനീരു പിടിച്ചെടുത്തിരുന്നു.
നോട്ടങ്ങൾ അത്രയ്ക്കലക്ഷ്യമായിരുന്നു,
അതിനാൽ ലോകത്തൊരാൾക്കുമായില്ല,
എന്റെ ഗാനങ്ങളുടെ, എന്റെയിലകളുടെ കണക്കെടുക്കാൻ.
ഇന്നെന്റെയഭാവം ഒരുപാടിടമെടുക്കുന്നു:
ഇട വിടാത്ത കിളികളുടെ പലായനം കുറിക്കുന്നു,
ഞാനില്ലാതായ ഇടം; അതു വലുതാവുകയുമാണ്‌.


സിൽവീന ഒകാമ്പോ (1903-1993) - അർജന്റീനക്കാരിയായ സ്പാനിഷ് കവിയും കഥാകൃത്തും.

Thursday, March 19, 2015

പ്രണയലേഖനങ്ങൾ (40)- റിൽക്കെ

indexrilke2



ലൂ അന്ദ്രിയാസ് സാലോമിയ്ക്ക്


1897 മേയ് 13

...നിങ്ങളോടൊപ്പം ഞാൻ പങ്കിട്ട ആദ്യത്തെ സന്ധ്യനേരമായിരുന്നില്ല ഇന്നലത്തേത്. എന്റെ ഓർമ്മയിൽ മറ്റൊന്നുണ്ട്, നിങ്ങളുടെ കണ്ണുകളിലേക്കു നോക്കാൻ എനിക്കാഗ്രഹം ജനിപ്പിച്ച മറ്റൊരു സന്ധ്യ. ഹേമന്തമായിരുന്നു; വസന്തകാലമായിരുന്നെങ്കിൽ ഒരായിരം വിദൂരദേശങ്ങളിലേക്കു കാറ്റടിച്ചുപറത്തുമായിരുന്ന എല്ലാ ചിന്തകളും കാംക്ഷകളും എന്റെ ഇടുങ്ങിയ വായനമുറിയിലും എന്റെ നിശബ്ദമായ ജോലിയിലും തൂന്നുകൂടിയിരുന്നു. അപ്പോഴാണ്‌ ഡോ. കോൺറാഡിൽ നിന്ന് എനിക്കൊരുപഹാരം കിട്ടുന്നത്: ന്യൂ ജർമ്മൻ റിവ്യൂവിന്റെ 1896 ഏപ്രിലിന്റെ ലക്കം. അതിൽ ‘ജൂതനായ യേശു’ എന്ന തലക്കെട്ടിൽ ഒരു ലേഖനമുള്ളതിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഒരു കത്തുമുണ്ടായിരുന്നു. എന്തുകൊണ്ട്? എന്റെ ‘ക്രിസ്തുവിന്റെ ദർശനങ്ങൾ’ എന്ന കവിതയുടെ ചില ഭാഗങ്ങൾ അടുത്ത കാലത്ത് അദ്ദേഹം വായിച്ചിട്ടുണ്ടായിരുന്നു; പ്രജ്ഞാസമ്പന്നമായ നിങ്ങളുടെ ആ പ്രബന്ധത്തിൽ എനിക്കു താല്പര്യമുണ്ടാവുമെന്ന് അദ്ദേഹം കരുതി. അദ്ദേഹത്തിനു തെറ്റി. ആ വെളിപാടിലേക്ക് എന്നെ ആഴത്തിലാഴത്തിൽ വലിച്ചിറക്കിക്കൊണ്ടുപോയത് താല്പര്യമായിരുന്നില്ല; ആത്മാർത്ഥമായ ഒരു സഹാനുഭൂതി  ആ ഭവ്യമായ പാതയിലൂടെ എനിക്കു വഴി കാട്ടിക്കൊണ്ട് മുന്നിൽ നടക്കുകയായിരുന്നു-എന്റെ ദർശനങ്ങൾ സ്വപ്നസമാനമായ ഇതിഹാസങ്ങൾ വഴി അവതരിപ്പിക്കുന്നത് മതപരമായ ബോദ്ധ്യത്തിന്റെ വിപുലബലത്തോടെ, അത്രയും സുതാര്യമായ വാക്കുകളിൽ നിങ്ങൾ ആവിഷ്കരിക്കുന്നതു കണ്ടപ്പോൾ എന്റെ ആഹ്ളാദത്തിന്‌ അതിരുണ്ടായില്ല.

നോക്കൂ, നിങ്ങളുടെയാ ആ നിർദ്ദയമായ കാർശ്യത്തിലൂടെ, വാക്കുകളുടെ വിട്ടുവീഴ്ചയില്ലാത്ത കരുത്തിലൂടെ എന്റെ കൃതി ഒരനുഗ്രഹം, ഒരനുമതി നേടുകയാണെന്ന് എനിക്കു തോന്നിപ്പോയി. കൂറ്റൻ സ്വപ്നങ്ങൾ അവയുടെ എല്ലാ നന്മതിന്മകളോടെയും ഫലിക്കുന്ന ഒരാളായി ഞാൻ മാറി. എന്തെന്നാൽ, സ്വപ്നത്തിനു യാഥാർത്ഥ്യം പോലെയും ആഗ്രഹത്തിനു സാഫല്യം പോലെയുമായിരുന്നു, എന്റെ കവിതകൾക്ക് നിങ്ങളുടെ ലേഖനം.

അപ്പോൾ എന്തൊക്കെ വികാരങ്ങളോടെയാണ്‌ ഇന്നലത്തെ ആ സായാഹ്നത്തെ ഞാൻ പ്രതീക്ഷിച്ചിരുന്നതെന്ന് നിങ്ങൾക്കു ഭാവന ചെയ്യാൻ പറ്റുമോ? ഇതൊക്കെ വേണമെങ്കിൽ ഇന്നലെ സംസാരത്തിനിടെ എനിക്കു പറയാമായിരുന്നു- ഒരു കപ്പു ചായ കുടിച്ചുകൊണ്ട്, യദൃച്ഛയാ എന്ന പോലെ, ആദരവു നിറഞ്ഞതും ഉള്ളിൽ തട്ടിയതുമായ ചില വാക്കുകൾ തിരഞ്ഞെടുത്തുകൊണ്ട്. പക്ഷേ എന്റെ മനസ്സിലുണ്ടായിരുന്നതുമായി ഒരു ബന്ധവും അതിനുണ്ടായെന്നു വരില്ല. ആ സന്ധ്യനേരത്ത് നിങ്ങളോടൊപ്പം ഞാൻ ഒറ്റയ്ക്കായിരുന്നു; എനിക്കു നിങ്ങളോടൊപ്പം ഒറ്റയ്ക്കാവുകയും വേണ്ടിയിരുന്നു- അത്രയും വലിയ ഒരനുഗ്രഹം കിട്ടിയതിന്റെ നന്ദിസൂചകമായി എന്റെ മനസ്സു നിറഞ്ഞു തുളുമ്പുകയായിരുന്നതിനാൽ.

എനിക്കെപ്പോഴും തോന്നാറുണ്ട്: ഒരാൾ മറ്റൊരാളോട് സവിശേഷമായ എന്തിനെങ്കിലും കടപ്പെട്ടിട്ടുണ്ടെങ്കിൽ ആ കടപ്പാട് അവർക്കിടയിൽ മാത്രമുള്ള ഒരു രഹസ്യമായി ശേഷിക്കണമെന്ന്.

എന്നെങ്കിലുമൊരിക്കൽ എന്റെ ‘ക്രിസ്തുവിന്റെ ദർശനങ്ങ’ളുടെ ഏതെങ്കിലും ഒരു ഭാഗം നിങ്ങളെ വായിച്ചുകേൾപ്പിക്കാനുള്ള ഭാഗ്യം എനിക്കു കിട്ടിയെന്നു വരാം; അതിലും വലുതായൊരാഹ്ളാദം എനിക്കു കിട്ടാനില്ല.

പക്ഷേ ഇതൊക്കെ പണ്ടേ മനസ്സിൽ സൂക്ഷിക്കുന്ന, പഴയൊരു നന്ദിയുടെ വാക്കുകളാണ്‌; ഇപ്പോൾ അവ പുറത്തു പറയാൻ അനുവാദം കിട്ടിയത്
ഒരു ബഹുമതിയായി കണക്കാക്കുന്നു,
നിങ്ങളുടെ,
റെനെ മരിയ റിൽക്കെ


റിൽക്കെ ലൂ അന്ദ്രിയാസ് സാലോമിയെ ആദ്യമായി കാണുന്നത് 1897 മേയ് 12നാണ്‌. അന്ന് റിൽക്കെയ്ക്ക് 21 വയസ്സായിരുന്നു; അവർക്ക് മുപ്പത്താറും. എഴുതിത്തുടങ്ങിയ ഒരു കവിയ്ക്ക് ലബ്ധപ്രതിഷ്ഠ നേടിയ, ജീവിതത്തിലും വിപുലമായ യാത്രകളിലും നിന്ന് അനുഭവങ്ങൾ സഞ്ചയിച്ച മുതിർന്ന ഒരെഴുത്തുകാരിയോടുള്ള ആരാധനയാണ്‌ ആദ്യത്തെ ഈ കത്തിൽ മുന്നിട്ടു നില്ക്കുന്നതെങ്കിലും പിന്നീടതു പ്രണയമായി വളരുകയായിരുന്നു.


 

Tuesday, March 17, 2015

മോപ്പസാങ്ങ് - നിലാവുള്ള രാത്രിയിൽ

 

mauppasant


‘ദൈവത്തിന്റെ പടയാളി’ എന്ന പേരിനു തികച്ചും അർഹനെന്നു പറയാവുന്നയാളായിരുന്നു, ആബേ മരിഞ്ഞോൺ. മെലിഞ്ഞു, കിളരം കൂടിയ ആ വികാരിയച്ചൻ വിശ്വാസത്തിന്റെ കാര്യത്തിൽ ഒരളവു വരെ കടുംപിടുത്തക്കാരനായിരുന്നുവെങ്കിലും, ആത്മീയമായ ഒരൌന്നത്യവും പിഴയ്ക്കാത്ത നീതിബോധവും ഒരിക്കലും അദ്ദേഹം കൈവിട്ടിരുന്നില്ല. അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങൾ ഒരു ചാഞ്ചാട്ടത്തിനും ഇട കൊടുക്കാത്ത വിധത്തിൽ അത്ര ഉറച്ചതായിരുന്നു. ദൈവത്തെ അവന്റെ പൂർണ്ണതയിൽ താൻ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നതായും, അവന്റെ പദ്ധതികൾ, അവന്റെ ഹിതങ്ങൾ, അവന്റെ ലക്ഷ്യങ്ങൾ ഇതിലേക്കൊക്കെ തനിക്കു നോട്ടം കിട്ടിയിരിക്കുന്നതായും അദ്ദേഹം കരുതിയിരുന്നു.

പള്ളിയോടു ചേർന്നുള്ള തന്റെ വീടിന്റെ മുറ്റത്ത് ചെടികൾക്കിടയിലെ നടവഴിയിലൂടെ ഉലാത്തുമ്പോൾ ചിലനേരം ഇങ്ങനെയൊരു സംശയം അദ്ദേഹത്തിന്റെ മനസ്സിൽ മുളയെടുക്കും: ‘അതെന്തിനാണു ദൈവം സൃഷ്ടിച്ചത്?’ തുടർന്ന് ദൈവത്തിന്റെ സ്ഥാനത്തു തന്നെ നിർത്തിക്കൊണ്ട് അദ്ദേഹം അതിനുള്ള ഉത്തരം തേടുകയായി. മിക്കപ്പോഴുമെന്നു പറയാം, തൃപ്തികരമെന്നു തനിക്കു തോന്നിയ ഒരു യുക്തി അദ്ദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. ‘എന്റെ നാഥാ, എനിക്കു കണ്ടെത്താനാവുന്നതല്ലല്ലോ അവിടത്തെ വഴികൾ,’ എന്നു ഭയഭക്തിയോടെ ഉരുവിടുന്ന തരക്കാരനായിരുന്നില്ല ഈ പുരോഹിതൻ. ‘ദൈവത്തിന്റെ ദാസനാണു ഞാൻ; ആ നിലയ്ക്ക് അവന്റെ ചെയ്തികളുടെ യുക്തി ഞാൻ അറിഞ്ഞിരിക്കണം; അറിയില്ലെങ്കിൽ ഞാനതു കണ്ടെത്തുകയും വേണം,‘ എന്നാണദ്ദേഹം പറയുക.

പ്രകൃതിയിലെ സർവതും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കേവലവും വിസ്മയാവഹവുമായ ഒരു യുക്തിയോടെയാണെന്ന് അദ്ദേഹം കരുതി. ഓരോ ’എന്തുകൊണ്ടി‘നും ഓരോ ’എന്തുകൊണ്ടെന്നാൽ‘ പകരം നില്ക്കാനുണ്ടായിരുന്നു. പ്രഭാതങ്ങൾ സൃഷ്ടിച്ചിരിക്കുന്നത് ഉറക്കമുണരുമ്പോൾ നിങ്ങൾക്ക് ആഹ്ളാദം പകരാൻ വേണ്ടിയാണ്‌, പകലുകൾ വിളകൾക്കു പാകമാകാൻ, മഴ അവയ്ക്കു നനച്ചുകൊടുക്കാൻ, സായാഹ്നങ്ങൾ ഉറങ്ങാനുള്ള തയാറെടുപ്പിനു വേണ്ടിയത്രെ, രാത്രികൾ ഇരുണ്ടതായത് ഉറക്കത്തിനു പാകത്തിലും.

ഋതുക്കൾ നാലുണ്ടെങ്കിൽ അതു കൃത്യമായും കൃഷിയുടെ ആവശ്യങ്ങൾക്കുതകാൻ വേണ്ടിത്തന്നെ. പ്രകൃതിയ്ക്ക് പ്രത്യേകിച്ചൊരു ലക്ഷ്യമുണ്ടാവണമെന്നില്ലെന്നും, മറിച്ച്, ജീവജാലങ്ങൾ വ്യത്യസ്തദേശകാലങ്ങളുടെ ദുഷ്കരാവസ്ഥയോട് എങ്ങനെയൊക്കെയോ പൊരുത്തപ്പെട്ടു കിടക്കുകയാവാമെന്നുമുള്ള സംശയം അദ്ദേഹത്തിനുണ്ടാവുക വയ്യ.

അദ്ദേഹത്തിനു പക്ഷേ, സ്ത്രീകളെ വെറുപ്പായിരുന്നു; അബോധപൂർവ്വമായി, ജന്മവാസന കൊണ്ടെന്നപോലെ അദ്ദേഹം അവരെ വെറുത്തു. ക്രിസ്തുവിന്റെ വാക്കുകൾ അദ്ദേഹം പലപ്പോഴും ആവർത്തിക്കാറുണ്ടായിരുന്നു: ’സ്ത്രീയേ, എനിക്കും നിനക്കും തമ്മിലെന്ത്?‘ എന്നിട്ടദ്ദേഹം കൂട്ടിച്ചേർക്കും, ’തന്റെ കൈകൾ കൊണ്ടു സൃഷ്ടിച്ച ഈയൊരു വസ്തുവിൽ അദ്ദേഹത്തിനും തൃപ്തിയില്ലായിരുന്നുവെന്നുതന്നെ പറയാം.‘ സ്ത്രീ അദ്ദേഹത്തിന്‌ കവി പറഞ്ഞ ’അശുദ്ധിയുടെ സന്തതി‘ തന്നെയായിരുന്നു. ആദ്യത്തെ പുരുഷനെ കെണിയിൽ വീഴ്ത്തിയ അതേ നടപടി ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന മോഹിനിയാണവൾ; ദുർബലയായ, അപകടം പിടിച്ച, നിഗൂഢമായ ഒരു രീതിയിൽ കുഴപ്പക്കാരിയായ ജീവി. അവളുടെ വിഷലിപ്തസൌന്ദര്യത്തെക്കാൾ അദ്ദേഹം വെറുത്തത് ആ സ്നേഹിക്കുന്ന ഹൃദയത്തെയാണ്‌.

താൻ പലപ്പോഴും സ്ത്രീകളുടെ ഹൃദയാർദ്രതയ്ക്കിരയാകുന്നത് അദ്ദേഹത്തിനറിയാമായിരുന്നു; താൻ അധൃഷ്യനാണെന്നതിൽ അദ്ദേഹത്തിനു സംശയമൊന്നും ഇല്ലായിരുന്നുവെങ്കിലും, സ്നേഹത്തിനായുള്ള സ്ത്രീഹൃദയങ്ങളുടെ നിത്യദാഹം അദ്ദേഹത്തിന്റെ ക്ഷമകേടു വളർത്തിക്കൊണ്ടു വരികയായിരുന്നു.

ദൈവം സ്ത്രീയെ സൃഷ്ടിച്ചത് പുരുഷനെ പ്രലോഭിപ്പിക്കാനും അവനെ പരീക്ഷിക്കാനും വേണ്ടി മാത്രമാണ്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഒരു പതിയിരുന്നാക്രമണത്തെ ചെറുക്കാൻ മതിയായ മുൻകരുതലുകളെല്ലാമെടുത്തും, മനസ്സിൽ ആ ഭീതി സൂക്ഷിച്ചും കൊണ്ടല്ലാതെ അവൻ അവളെ സമീപിച്ചുപോകരുത്. നീട്ടിപ്പിടിച്ച ആ കൈകളും വിടർന്ന ചുണ്ടുകളുമായി അവൾ ശരിക്കും ഒരു കെണി തന്നെയാണ്‌.

ദൈവദാസികളാവാൻ വ്രതമെടുത്തവരായതിനാൽ നിരുപദ്രവികളായ കന്യാസ്ത്രീകളെ അദ്ദേഹം സഹിച്ചുപോന്നു; എന്നാൽക്കൂടി അവരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ഒട്ടും മയമില്ലാത്തതായിരുന്നു; കാരണം ആ വിലങ്ങിട്ട ഹൃദയങ്ങൾക്കടിയിൽ, ആ വിമലഹൃദയങ്ങൾക്കടിയിൽ അദ്ദേഹം കണ്ടത് പുരോഹിതനായ തന്നെപ്പോലും നിരന്തരം ഉന്നം വയ്ക്കുന്ന ഒരാർദ്രതയായിരുന്നു.

അടുത്തു തന്നെയുള്ള ഒരു ചെറിയ വീട്ടിൽ അദ്ദേഹത്തിന്റെ ഒരു മരുമകൾ അമ്മയോടൊപ്പം താമസിച്ചിരുന്നു. അവളെ മഠത്തിൽ ചേർക്കണമെന്ന് ഉറപ്പിച്ചു വച്ചിരിക്കുകയാണദ്ദേഹം. അവളാകട്ടെ, സുന്ദരിയായിരുന്നു, മുൻപിൻ നോട്ടമില്ലാത്തവളായിരുന്നു, കളിയാക്കാൻ മിടുക്കിയുമായിരുന്നു. ആബേ ധർമ്മോപദേശം നടത്തുമ്പോൾ അവളിരുന്നു ചിരിക്കും; അദ്ദേഹം ദേഷ്യപ്പെടുമ്പോൾ അവൾ അദ്ദേഹത്തെ തന്റെ നെഞ്ചിനോടു ചേർത്തമർത്തി ആവേശത്തോടെ ചുംബിക്കും; അവളുടെ ആലിംഗനത്തിൽ നിന്നൂരിപ്പോരാൻ ശ്രമിക്കുമ്പോഴും എന്തോ ഒരു മധുരാനന്ദം അദ്ദേഹം നുകർന്നിരുന്നു; ഏതു പുരുഷനുമുള്ളിൽ മയങ്ങിക്കിടക്കുന്ന പിതൃത്വം അദ്ദേഹത്തിലും കണ്ണു തുറക്കുകയായിരുന്നു.

പാടങ്ങൾക്കിടയിലെ നടവഴിയിലൂടെ നടക്കുമ്പോൾ ദൈവത്തെക്കുറിച്ച്, തന്റെ ദൈവത്തെക്കുറിച്ച് അദ്ദേഹം അവളോടു സംസാരിക്കാറുണ്ട്. അവൾ അതു ശ്രദ്ധിക്കാറുതന്നെയില്ല; കണ്ണുകളിൽ ഓളം വെട്ടുന്ന ജീവിതാഹ്ളാദത്തോടെ അവളപ്പോൾ ആകാശവും പുൽക്കൊടികളും പൂക്കളും നോക്കി നടക്കുകയാവും. ഇടയ്ക്കൊരു പ്രാണി പറന്നുപോയാൽ പിന്നാലെയോടി അതിനെ പിടിച്ചുകൊണ്ടു വന്നിട്ട് അവൾ ഒച്ചയിടും: ‘അമ്മാമാ, ഒന്നു നോക്കൂ, എന്തു ഭംഗിയാണിതിനെ കാണാൻ! പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നുന്നു!’ ഈ പ്രാണികളെയും പൂക്കളെയും പിടിച്ചുമ്മകൊടുക്കൽ ഇത്രയെന്നില്ല, അദ്ദേഹത്തെ ഉത്കണ്ഠപ്പെടുത്തിയതും വെറി പിടിപ്പിച്ചതും വെറുപ്പിച്ചതും! അതിൽ പോലും അദ്ദേഹം കണ്ടത് ഏതു നിമിഷവും എടുത്തുചാടാൻ വെമ്പി നില്ക്കുന്ന സ്ത്രീഹൃദയത്തിലെ ആർദ്രതയായിരുന്നു.

മരിഞ്ഞോൺ അച്ചന്റെ വീട്ടുജോലി ചെയ്തിരുന്ന കപ്യാരുടെ ഭാര്യ ഒരു ദിവസം അദ്ദേഹത്തെ അടുത്തുവിളിച്ച് അതിഗൌരവമുള്ള ഒരു കാര്യം പറഞ്ഞു: മരുമകൾക്ക് ഒരു കാമുകനുണ്ട്!

ഷേവു ചെയ്യാൻ മുഖത്തു സോപ്പു പതപ്പിക്കുകയിരുന്ന ആബേ ശ്വാസം കിട്ടാതെ നിന്നുപോയി.

നാവും മനസ്സും പൂർവ്വശേഷി വീണ്ടെടുത്തുവെന്നായപ്പോൾ അദ്ദേഹം ഉറക്കെപ്പറഞ്ഞു: ‘നുണ! നീ നുണ പറയുകയാണു, മെലനി!’

അവർ നെഞ്ചത്തു കൈ വച്ചുകൊണ്ടു പറഞ്ഞു, ‘ഞാൻ പറഞ്ഞതു നുണയാണെങ്കിൽ കർത്താവതിനുള്ള ശിക്ഷ തരട്ടെ, മോസ്യേ ലെ ക്യൂറെ. എന്നും രാത്രിയിൽ അങ്ങയുടെ സഹോദരി കിടന്നു കഴിഞ്ഞാലുടനെ അവൾ അയാളെ കാണാൻ പോകുന്നുണ്ട്. പുഴക്കരെ വച്ചാണ്‌ അവർ തമ്മിൽ കാണുന്നത്. പത്തിനും പന്ത്രണ്ടിനുമിടയിൽ ഒന്നു പോയി നോക്കിയാൽ അങ്ങയ്ക്കും സ്വന്തം കണ്ണു കൊണ്ട് അതു കാണാവുന്നതേയുള്ളു.’

വികാരി താടി ചൊറിയുന്നതു നിർത്തിയിട്ട് വെരുകിനെപ്പോലെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ചാലിട്ടു; ചിന്തയ്ക്കു ഗൌരവം കൂടുമ്പോഴുള്ള ഒരു രീതിയാണത്. രണ്ടാമതും ഷേവു ചെയ്യാൻ തുടങ്ങിയപ്പോൾ മൂക്കിനും കാതിനുമിടയിൽ മൂന്നിടത്തു മുറിയുകയും ചെയ്തു.

ഇരച്ചുകേറിയ കോപം കൊണ്ട് അന്നു മുഴുവൻ അദ്ദേഹം മിണ്ടിയില്ല. പ്രണയമെന്ന പ്രബലശക്തിക്കെതിരെ ഒരു മതപുരോഹിതന്റെ തീക്ഷ്ണവിശ്വാസത്തിനൊപ്പം ഒരച്ഛന്റെ, ഒരു ഗുരുവിന്റെ, ആത്മാവുകൾക്കിടയന്റെ ധാർമ്മികരോഷം കൂടി പക്ഷം ചേരുകയായിരുന്നു: വെറുമൊരു കുട്ടിയല്ലേ തന്നെ ഇങ്ങനെ കബളിപ്പിച്ചത്, വിശ്വാസവഞ്ചന കാണിച്ചത്, തന്നെ തട്ടിക്കളിച്ചത്! തങ്ങളുടെ സഹായമില്ലാതെ, തങ്ങളുടെ ഉപദേശം മാനിക്കാതെ താനൊരു ഭർത്താവിനെ കണ്ടെത്തി എന്നു മകൾ വന്നു പറയുമ്പോൾ അച്ഛനമ്മമാർക്കുണ്ടാവുന്ന സ്വാർത്ഥത കലർന്ന ദുഃഖമാണ്‌ അദ്ദേഹം അപ്പോൾ അനുഭവിച്ചത്.

അത്താഴം കഴിഞ്ഞ് വായിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും അതു പരാജയപ്പെട്ടു; അദ്ദേഹത്തിന്റെ കോപം കൂടിക്കൂടി വരികയായിരുന്നു. പത്തു മണി അടിച്ചപ്പോൾ അദ്ദേഹം തന്റെ ഊന്നുവടി കൈയിലെടുത്തു; സുഖമില്ലാതെ കിടക്കുന്നവരെ കാണാൻ രാത്രിയിൽ പോകേണ്ടിവരുമ്പോൾ അദ്ദേഹത്തിന്റെ തുണയാണത്. ഓക്കിന്റെ കാതലിൽ പണിത ആ ഊന്നുവടി ശരിക്കും ഒരു വടിവാൾ തന്നെ. ഒരു പുഞ്ചിരിയോടെ അതിനെ കണ്ണു കൊണ്ടൊന്നുഴിഞ്ഞിട്ട് അദ്ദേഹം അതു കൊണ്ട് വായുവിൽ ഭീഷണവൃത്തങ്ങൾ വരച്ചു. എന്നിട്ടു പെട്ടെന്ന് അടുത്തു കിടന്ന കസേരയിൽ ആഞ്ഞടിച്ചു. കസേരയുടെ പിൻഭാഗം രണ്ടായി പൊളിഞ്ഞു തറയിൽ വീണു.

പുറത്തേക്കിറങ്ങാനായി അദ്ദേഹം വാതിൽ തുറന്നു; പക്ഷേ മുമ്പൊരിക്കലും കാണാത്തപോലെ നിലാവിന്റെ ഇന്ദ്രജാലം കണ്ട് ആശ്ചര്യപരതന്ത്രനായി അദ്ദേഹം അവിടെത്തന്നെ നിന്നുപോയി.

സ്വപ്നദർശികളായ ആ കവികൾ, പണ്ടത്തെ സഭാപിതാക്കന്മാർക്കുണ്ടായിരുന്നിരിക്കാവുന്ന  മഹിതമായ ഒരു ഹൃദയം കൊണ്ടനുഗ്രഹീതനായ ആ പുരോഹിതൻ മുഖം വിളറിയ രാത്രിയുടെ ഗംഭീരവും ശാലീനവുമായ സൌന്ദര്യത്തിൽ താൻ അലിഞ്ഞുപോകുന്നതറിഞ്ഞു.

നിലാവിന്റെ സൌമ്യദീപ്തിയിൽ കുളിച്ചുകിടന്ന ആ കൊച്ചുപൂന്തോപ്പിന്റെ നടവഴിയിൽ  നിരയായി നട്ട ഫലവൃക്ഷങ്ങളുടെ ഇല കൊഴിഞ്ഞു ചടച്ച കൊമ്പുകൾ ഇരുണ്ട നിഴൽ വീഴ്ത്തിയിരുന്നു. വീട്ടുചുമരിൽ പിടിച്ചുകയറിയിരുന്ന മുറ്റിത്തഴച്ച ഹണിസക്കിൾ വള്ളിയിൽ നിന്നുദ്ഗമിക്കുന്ന ആസ്വാദ്യഗന്ധം ഊഷ്മളമായ തെളിഞ്ഞ രാത്രിക്കു മേൽ പരിമളം പൂശിയ ഒരാത്മാവിനെപ്പോലെ ഒഴുകിനടന്നു.

കുടിയന്മാർ അടിമട്ടൂറ്റിക്കുടിക്കുന്നപോലെ ശ്വാസം വലിച്ചെടുത്തുകൊണ്ട് വശീകൃതനായി, വിസ്മിതനായി, മരുമകളുടെ വിഷയം മിക്കവാറും മറന്നും  സാവധാനം അദ്ദേഹം മുന്നോട്ടു നടന്നു.

തുറന്ന പാടത്തെത്തിയപ്പോൾ ചുറ്റും ഒന്നു വീക്ഷിക്കാനായി അദ്ദേഹം അവിടെ നിന്നു; കുളിരുന്ന വെളിച്ചത്തിന്റെ വെള്ളപ്പെരുക്കമാണെങ്ങും; പ്രശാന്തമായ രാത്രിയുടെ അലസവശ്യതയിൽ മുങ്ങിക്കിടക്കുകയാണെങ്ങും. തവളകൾ  വെങ്കലശബ്ദത്തിൽ സംഘഗാനം മുഴക്കിയിരുന്നു; നിലാവിന്റെ മായികതയിൽ അകലെയിരുന്നു ചില രാപ്പാടികൾ സ്വരമാധുര്യം പിഴിഞ്ഞൊഴിക്കുകയായിരുന്നു; ചിന്തകളെയല്ല, സ്വപ്നങ്ങളെ ആനയിക്കുന്ന സംഗീതം; ചുംബനങ്ങൾക്കു ശ്രുതിയിടാൻ പാകത്തിൽ വിറയാർന്ന സരളഗാനം.

ആബേ നടന്നു; എന്തു കാരണം കൊണ്ടെന്നറിയില്ല, അദ്ദേഹത്തിന്റെ ധൈര്യം ചോർന്നുപോവുകയായിരുന്നു. പെട്ടെന്നു താൻ ബലഹീനനായതായി, തന്റെ ഉടലു തളരുന്നതായി അദ്ദേഹത്തിനനുഭവപ്പെട്ടു; താഴെയിരിക്കാൻ അദ്ദേഹം കൊതിച്ചുപോയി; അവിടെയിരുന്ന് ദൈവത്തെ, അവന്റെ സൃഷ്ടികളെ സ്തുതിക്കാനും.

അദ്ദേഹം നില്ക്കുന്നതിനു താഴെയായി, പുഴയുടെ അരികു പിടിച്ച് കുറേയധികം പോപ്ളാർ മരങ്ങൾ നിരന്നുനിന്നിരുന്നു. പുഴത്തടത്തിനു മേലെയും അതിനെ ചുറ്റിയും, ഒഴുക്കിന്റെ വക്രഗതിയെ ലോലവും സുതാര്യവുമായൊരു മൂടുപടം കൊണ്ടെന്നപോലെ മൂടിയും മഞ്ഞിന്റെ നേർത്തുവെളുത്തൊരാവരണം തങ്ങിനിന്നിരുന്നു; നിലാവിന്റെ രശ്മികൾ തുളഞ്ഞുകയറുമ്പോൾ വെള്ളി വിതറിക്കൊണ്ടതു മിനുങ്ങിയിരുന്നു.

പുരോഹിതൻ പിന്നെയും നിന്നു; ബലത്തതും അനുനിമിഷം വളരുന്നതുമായ ഒരു വികാരം അദ്ദേഹത്തിന്റെ ആത്മാവിന്റെ കയങ്ങളിലേക്കിറങ്ങിച്ചെല്ലുകയായിരുന്നു. ഒരു സന്ദേഹം, ഇന്നതെന്നറിയാത്ത ഒരസ്വാസ്ഥ്യം അദ്ദേഹത്തിനു മേൽ പിടി മുറുക്കുകയായിരുന്നു. ചിലനേരം താൻ തന്നോടു തന്നെ ചോദിച്ചിട്ടുള്ള ആ ചോദ്യങ്ങളിൽ ഒന്ന് ഇപ്പോൾ, ഈ നേരത്തു പിറവിയെടുക്കുന്നപോലെ അദ്ദേഹത്തിനനുഭവപ്പെട്ടു.

എന്തിനാണു ദൈവം ഇങ്ങനെ ചെയ്തത്? രാത്രി സൃഷ്ടിക്കപ്പെട്ടത് ഉറക്കത്തിനാണെന്നിരിക്കെ, അബോധത്തിനും വിശ്രമത്തിനും പൂർണ്ണവിസ്മൃതിക്കുമാണെന്നിരിക്കെ, എന്തിനതിനെ പകലിനെക്കാൾ ചേതോഹരമാക്കണം, ഉദയാസ്തമയങ്ങളെക്കാൾ ഹൃദ്യമാക്കണം? അലസവും വിലോഭനീയവും സൂര്യനെക്കാൾ കാവ്യാത്മകവും പകലിന്റെ ജ്യോതിർഗ്ഗോളത്തിനാവാത്ത രീതിയിൽ അതിലോലവും അതിനിഗൂഢവുമായ കാര്യങ്ങളെ വെളിച്ചപ്പെടുത്താനുദ്ദിഷ്ടവുമായ ചന്ദ്രബിംബം-നിഴലുകളെ സുതാര്യമാക്കാൻ അതെന്തിനു വന്നു? പാടുന്ന കിളികളിൽ വച്ചേറ്റവും ശ്രേഷ്ഠൻ എന്തുകൊണ്ടു മറ്റു കിളികളെപ്പോലെ ഉറങ്ങാൻ പോയില്ല? അവ്യക്തചിന്തകൾ മനസ്സു കലുഷമാക്കുന്ന രാത്രിയിൽ എന്തിനവൻ പാടാനിരിക്കണം? ലോകത്തിനു മേൽ പാതി വീണുകിടക്കുന്ന ഈ മൂടുപടം എന്തിനു വേണ്ടി? ഹൃദയമിങ്ങനെ വിറ കൊള്ളാനെന്തേ, ആത്മാവു വികാരഭരിതമാവാൻ, ഉടലു തളരാനും? രാത്രിയിൽ മനുഷ്യർ ഉറക്കമായിരിക്കുമെന്നിരിക്കെ ഈ ഇന്ദ്രജാലം ആരു കാണാൻ? ആർക്കു വേണ്ടിയാണീ ഉദാത്തമായ കാഴ്ചകൾ, മാനത്തു നിന്നു മണ്ണിലേക്കു ചൊരിയുന്ന കവിതയുടെ പ്രളയം? ആബേയ്ക്ക് ഇതൊന്നും പിടി കിട്ടിയതേയില്ല.

ഈ സമയത്താണ്‌, പുൽത്തകിടിയുടെ ഓരം ചേർന്ന്, മിനുങ്ങുന്ന മൂടൽമഞ്ഞിൽ കുളിച്ചുനിൽക്കുന്ന മരങ്ങളുടെ കമാനത്തിനടിയിലൂടെ ഒട്ടിച്ചേർന്നു നടന്നുവരുന്ന രണ്ടു നിഴലുകൾ പ്രത്യക്ഷമായത്.

ഉയരം കൂടുതലുള്ള പുരുഷന്റെ ഒരു കൈ കാമുകിയുടെ കഴുത്തിലാണ്‌; ഇടയ്ക്കിടെ അയാൾ അവളുടെ നെറ്റിയിൽ ചുംബിക്കുന്നുമുണ്ട്. നിശ്ചേഷ്ടമായിരുന്ന ആ ഭൂദൃശ്യം അവരുടെ വരവോടെ സചേതനമാവുകയായിരുന്നു; അത് അവർക്കു വേണ്ടി മാത്രമായി ദേവകൾ സൃഷ്ടിച്ച രംഗസജ്ജീകരണമാവുകയായിരുന്നു. അവർ, ആ രണ്ടു പേർ, ഒറ്റജീവിയാണെന്നു തോന്നി; ആർക്കു വേണ്ടിയാണോ പ്രശാന്തവും നിശബ്ദവുമായ ആ രാത്രി നിർദ്ദിഷ്ടമായിരിക്കുന്നത്, ആ സത്ത. ജീവിക്കുന്ന ഒരുത്തരം പോലെ അവർ പുരോഹിതനു നേർക്കു നടന്നുവന്നു, അദ്ദേഹത്തിന്റെ ചോദ്യത്തിന്‌ നാഥനായ ദൈവം കനിഞ്ഞുനല്കിയ ഉത്തരം.

മനഃക്ഷോഭത്തോടെ, തുടിക്കുന്ന ഹൃദയത്തോടെ അദ്ദേഹം സ്തബ്ധനായി നിന്നു. റൂത്തിന്റെയും ബോവാസിന്റെയും പ്രണയം പോലൊരു ബൈബിൾ കഥയ്ക്ക്,  വിശുദ്ധഗ്രന്ഥത്തിൽ പറയുന്നപോലെ ദൈവഹിതത്തിനു നിർവഹണമാകുന്ന മഹത്തായ രംഗങ്ങളിലൊന്നിനു സാക്ഷിയാവുകയാണു താനെന്ന് അദ്ദേഹത്തിനു തോന്നിപ്പോയി. ശലോമോന്റെ ഗീതത്തിലെ വരികൾ അദ്ദേഹത്തിന്റെ തലയ്ക്കുള്ളിലൂടെ ഇരച്ചുപാഞ്ഞു; വികാരഭരിതമായ നിലവിളികൾ, ഉടലിന്റെ അർത്ഥനകൾ, പ്രണയവും ആർദ്രതയും കൊണ്ടെരിയുന്ന കവിത. അദ്ദേഹം തന്നോടു തന്നെ പറഞ്ഞു, ‘ഈദൃശരാത്രികൾ ദൈവം സൃഷ്ടിച്ചത് മനുഷ്യരുടെ പ്രണയങ്ങൾക്ക് സൌന്ദര്യത്തിന്റെ പൂർണ്ണത പകരാനാവാം.’

കൈ കോർത്തു നടന്നുവരുന്ന ആ രണ്ടു പേർക്കു മുന്നിൽ നിന്ന് അദ്ദേഹം പിന്നോട്ടു മാറി. അത് അദ്ദേഹത്തിന്റെ മരുമകൾ തന്നെയായിരുന്നു; ദൈവത്തെ ധിക്കരിക്കാൻ പോവുകയായിരുന്നില്ലേ താനെന്ന് അദ്ദേഹം സ്വയം ചോദിച്ചു. കാരണം, ദൈവം പ്രണയത്തിനനുമതി കൊടുക്കുകയല്ലേ ചെയ്യുന്നത്, ഇതുപോലൊരു വിസ്മയദൃശ്യം കൊണ്ട് അവനതിനെ വലയം ചെയ്യണമെങ്കിൽ?

അദ്ദേഹം അവിടെ നിന്നു പാഞ്ഞൊളിച്ചു, സംഭ്രാന്തിയോടെ, നാണക്കേടോടെ, തനിയ്ക്കു കടക്കരുതാത്തൊരു ദേവാലയത്തിലാണു താൻ കാലെടുത്തുവച്ചതെന്നപോലെ.


പ്രണയലേഖനങ്ങൾ (39)- നാദിയ മാൻഡെൽസ്റ്റാം

nadia mandelstam


ഓസിപ് മാൻഡെൽസ്റ്റാമിന്‌

1938 ഒക്ടോബർ 22

ഓസിയാ, എന്റെ പ്രിയനേ, അകലെയായ വശ്യഹൃദയമേ!

നിനക്കൊരിക്കലും വായിക്കാൻ പറ്റിയില്ലെന്നു വരാവുന്ന ഈ കത്തെഴുതാൻ എനിക്കു വാക്കുകളില്ല, പ്രിയപ്പെട്ടവനേ. ശൂന്യതയിലാണു ഞാൻ ഇതെഴുതുന്നതെന്നു തോന്നിപ്പോകുന്നു. ഇനിയഥവാ, നീ മടങ്ങിവന്നുവെന്നും എന്നെ ഇവിടെ കണ്ടില്ലെന്നും വരാം. എങ്കിൽ എന്നെ ഓർമ്മിക്കാൻ നിനക്കിതു മാത്രമേ ബാക്കിയാവൂ എന്നും വരാം.

ഓസിയാ, കുട്ടികളെപ്പോലെ ഒരുമിച്ചു ജീവിക്കുമ്പോൾ നമുക്കെന്തു സന്തോഷമായിരുന്നു- നമ്മുടെ ശണ്ഠകളും വാക്കുതർക്കങ്ങളും, നാം കളിച്ച കളികൾ, പിന്നെ നമ്മുടെ പ്രേമവും. ഇപ്പോൾ ഞാൻ ആകാശത്തു നോക്കുക പോലും ചെയ്യാറില്ല. ഒരു മേഘം കണ്ടാൽ ഞാനതാരെ വിളിച്ചു കാണിച്ചുകൊടുക്കാൻ?

നാടോടികളെപ്പോലെ തമ്പടിച്ചു കൂടിയിരുന്നിടങ്ങളിലൊക്കെ നമ്മുടെ ദരിദ്രമായ വിരുന്നുകളൊരുക്കാൻ നാം ഉത്സാഹിച്ചിരുന്നതോർക്കുന്നുണ്ടോ? ദിവ്യാത്ഭുതം പോലെ വീണുകിട്ടിയ റൊട്ടിയുടെ സ്വാദും അതു നാം ഒരുമിച്ചിരുന്നു കഴിച്ചതും ഓർമ്മയുണ്ടോ? പിന്നെ വൊറോണേഷിലെ നമ്മുടെ അവസാനത്തെ മഞ്ഞുകാലവും. നമ്മുടെ സന്തുഷ്ടമായ ദാരിദ്ര്യം, നീ എഴുതിയിരുന്ന കവിതയും. ഒരിക്കൽ നാം കുളിക്കാൻ പോയിട്ടു തിരിയെ വരുന്നതു ഞാനോർക്കുന്നു; മുട്ടയോ സോസേജോ വാങ്ങി നാം കൈയിൽ പിടിച്ചിരുന്നു; വൈക്കോൽ കയറ്റിയ ഒരു വണ്ടി നമ്മെക്കടന്നുപോയി. നല്ല തണുപ്പുണ്ടായിരുന്നു; ഇറക്കം കുറഞ്ഞ ജാക്കറ്റുമിട്ട് ഞാൻ കിടുങ്ങിവിറയ്ക്കുകയായിരുന്നു(പക്ഷേ ഇപ്പോൾ നാം അനുഭവിക്കുന്നതുപോലെയൊന്നുമല്ല: നീ തണുത്തുവിറയ്ക്കുകയായിരിക്കും എന്നെനിക്കറിയാം). ആ ദിവസം ഇപ്പോൾ എന്നിലേക്കു തിരിച്ചു വരുന്നു. അത്രയൊക്കെ വൈഷമ്യങ്ങളുണ്ടായിരുന്ന ആ മഞ്ഞുകാലദിനങ്ങളാണ്‌ ജീവിതത്തിൽ നമുക്കനുവദിച്ചു കിട്ടിയ ഏറ്റവും മഹത്തായതും ഏറ്റവും അവസാനത്തേതുമായ സന്തോഷമെന്ന് എനിക്കിപ്പോൾ വ്യക്തമായി മനസ്സിലാകുന്നു, അതിന്റെ വേദന എന്നെ നീറ്റുകയും ചെയ്യുന്നു.

എന്റെ ഓരോ ചിന്തയും നിന്നെക്കുറിച്ചു തന്നെയാണ്‌. എന്റെ ഓരോ കണ്ണീരും ഓരോ പുഞ്ചിരിയും നിനക്കുള്ളതാണ്‌. നാമൊരുമിച്ചു ജീവിച്ച കയ്ക്കുന്ന ജീവിതത്തിന്റെ ഓരോ ദിവസവും ഓരോ മണിക്കൂറും ധന്യത നിറഞ്ഞതാണെനിക്ക്, എന്റെ ഓമനേ, എന്റെ ചങ്ങാതീ, എന്റെ ജീവിതത്തിലെ അന്ധനായ വഴികാട്ടീ!

കണ്ണു വിരിയാത്ത രണ്ടു നായ്ക്കുട്ടികളെപ്പോലെയായിരുന്നു നാം; അന്യോന്യം മൂക്കുരുമ്മി, സുഖം പറ്റി നാം കഴിഞ്ഞു. നിന്റെ പാവം തലയ്ക്കുള്ളിൽ അന്നെന്തു ചൂടായിരുന്നു, നമ്മുടെ ജീവിതത്തിന്റെ നാളുകൾ ഉന്മാദികളെപ്പോലെയാണു നാം തുലച്ചുകളഞ്ഞതും. അതെന്തൊരാനന്ദമായിരുന്നു, അതെന്തൊരാനന്ദമായിരുന്നുവെന്ന് നാമൊരിക്കലും മറന്നതുമില്ല.

ജീവിതം എത്ര കാലവും ദീർഘിക്കട്ടെ. ഒറ്റയ്ക്കു മരിക്കേണ്ടി വന്നാൽ അതു നാമോരുത്തർക്കും എത്ര കഠിനവും ദീർഘവുമായിരിക്കും. ഒരിക്കലും വേർപെടാത്ത നമുക്ക് ഈ വിധി വരാമോ? കുട്ടികളും നായ്ക്കുട്ടികളുമായിരുന്ന നാം ഇതർഹിക്കുന്നുണ്ടോ? നീ ഇതർഹിക്കുന്നുണ്ടോ, എന്റെ മാലാഖേ? എല്ലാം മുമ്പെന്ന പോലെ മുന്നോട്ടു പോകുന്നു. എനിക്കു യാതൊന്നുമറിയില്ല. എന്നാൽ എനിക്കെല്ലാം അറിയുകയും ചെയ്യാം- നിന്റെ ജീവിതത്തിലെ ഓരോ ദിവസവും ഓരോ മണിക്കൂറും ജ്വരവിഭ്രാന്തിയിലെന്നപോലെ എനിക്കു തെളിഞ്ഞുകാണാം.

എന്നും രാത്രിയിൽ ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ നീ എനിക്കടുത്തു വരുന്നു; എന്തു സംഭവിച്ചുവെന്നു ഞാൻ എടുത്തെടുത്തു ചോദിച്ചിട്ടും നീ ഒരു മറുപടിയും പറയുന്നില്ല.

ഒടുവിൽ കണ്ട സ്വപ്നത്തിൽ ഞാൻ നിനക്കു വേണ്ടി ഏതോ വൃത്തികെട്ട ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങുകയായിരുന്നു. ചുറ്റും എനിക്കു തീരെ പരിചയമില്ലാത്തവരായിരുന്നു. വാങ്ങിക്കഴിയുമ്പോഴാണ്‌ എനിക്കു ബോദ്ധ്യമായത്, നീ എവിടെയാണെന്നറിയാത്തതിനാൽ എങ്ങനെയാണു നിനക്കതെത്തിക്കുക എന്നെനിക്കറിയില്ല എന്ന്.

ഉണർന്നപ്പോൾ ഞാൻ ഷൂരായോടു പറഞ്ഞു: ‘ഓസിയ മരിച്ചു.’ നീ ഇപ്പോഴും ജീവനോടുണ്ടോയെന്ന് എനിക്കറിയില്ല. എന്നാൽ ആ സ്വപ്നം കണ്ടതിൽ പിന്നെ നിന്റെ കാല്പാടുകൾ എനിക്കു കാണാതെയായി. നീ എവിടെയാണെന്ന് എനിക്കറിയില്ല. ഞാൻ പറയുന്നതു നിനക്കു കേൾക്കാമോ? എനിക്കു നിന്നെ എന്തു സ്നേഹമാണെന്നു നിനക്കറിയാമോ? എനിക്കു നിന്നോടെന്തു സ്നേഹമാണെന്നു പറഞ്ഞറിയിക്കാൻ എനിക്കു കഴിയില്ല. ഇപ്പോഴും എനിക്കതു കഴിയില്ല. ഞാൻ ഈ പറയുന്നതു നിന്നോടാണ്‌, നിന്നോടു മാത്രമാണ്‌. നീ എന്നും എന്നോടൊപ്പമുണ്ട്; ഒട്ടും അടക്കമില്ലാത്ത, എന്നും കോപക്കാരിയായ, നിഷ്കളങ്കമായ കണ്ണീരൊഴുക്കി പരിചയമില്ലാത്ത ഞാൻ - ഞാനിന്നു കരഞ്ഞു കരഞ്ഞു കരഞ്ഞിരിക്കുന്നു.

ഇതു ഞാനാണ്‌: നാദിയ. നീയെവിടെയാണ്‌?

വിട.

നാദിയ


Osip_Mandelstam_Russian_writer

ഓസിപ് എമിലിയേവിച്ച് മാൻഡെൽസ്റ്റാം (1891-1938) സ്റ്റാലിൻ ഭരണകാലത്തെ അടിച്ചമർത്തലിനു വിധേയനായ റഷ്യൻ കവിയും ലേഖകനുമായിരുന്നു. 1934ൽ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ഭാര്യ നദേഷ്ദയോടൊപ്പം വടക്കൻ യുറാലിലേക്കു നാടു കടത്തി. പിന്നീട് ബുഖാറിൻ ഇടപെട്ടതിനെത്തുടർന്ന് വലിയ നഗരങ്ങളൊഴികെ മറ്റെവിടെയെങ്കിലും താമസമാക്കാൻ അനുമതി കിട്ടി. അവർ തിരഞ്ഞെടുത്തത് വെറോണേഷ് ആയിരുന്നു. 1937ൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റു ചെയ്ത് വ്ളാദിവൊസ്റ്റോക്കിലേക്കയച്ചു. അവിടെ വച്ച് ഹൃദ്രോഗം ബാധിച്ച് അദ്ദേഹം മരിച്ചു എന്നാണ്‌ ഔദ്യോഗികമായ വിശദീകരണം. നദേഷ്ദയാണ്‌ പിന്നീട് അദ്ദേഹത്തിന്റെ അപ്രകാശിതരചനകൾ സമാഹരിച്ചു പ്രസിദ്ധീകരിച്ചത്.


 

Monday, March 16, 2015

പ്രണയലേഖനങ്ങൾ (38)-ഷിഗേനാരി പ്രഭ്വി

7420129822_8738e098c6_o


രണ്ടു വഴിയാത്രക്കാർ ‘ഒരേ മരത്തിനടിയിൽ അഭയം തേടുമ്പോൾ, ഒരേ പുഴയിൽ നിന്നു ദാഹം തീർക്കുമ്പോൾ’ ഏതോ പൂർവ്വജന്മത്തിന്റെ കർമ്മഫലമാണതെന്ന് എനിക്കറിയാം. ഒരുമിച്ചു ജീവിക്കാനും ഒരുമിച്ചു വയസ്സാകാനും നിശ്ചയിക്കപ്പെട്ട ഭാര്യയും ഭർത്താവുമായി ഒരേ തലയിണ നാം പങ്കു വയ്ക്കാൻ തുടങ്ങിയിട്ടു കുറേ വർഷങ്ങളായിരിക്കുന്നു; സ്വന്തം നിഴലെന്ന പോലെ ഞാൻ അങ്ങയിൽ പറ്റിച്ചേർന്നിരുന്നു. എന്റെ വിശ്വാസം ഇതായിരുന്നു; നമ്മെക്കുറിച്ച് അങ്ങയുടെ വിചാരവും ഇതു തന്നെയാണെന്നു കരുതട്ടെ.

അങ്ങു നിശ്ചയിച്ചിറങ്ങിയ അവസാനത്തെ ദൗത്യത്തെക്കുറിച്ചു ഞാനിന്നു കേട്ടു; ആ ഉജ്ജ്വലമുഹൂർത്തത്തിൽ പങ്കാളിയാവാൻ എനിക്കു കഴിയില്ലെങ്കിലും അതിനെക്കുറിച്ചറിഞ്ഞു എന്നതുകൊണ്ടു തന്നെ ഞാൻ ആനന്ദിക്കട്ടെ. ചൈനയിലെ സേനാനായകനായ ഹ്സിയാങ്ങ് യൂ (ധീരനായ പോരാളിയാണദ്ദേഹമെങ്കിലും) തന്റെ അവസാനത്തെ യുദ്ധത്തിന്റെ തലേന്ന് ഭാര്യയെ പിരിയുന്നതിൽ വല്ലാതെ ദുഃഖിച്ചുവത്രെ; നമ്മുടെ നാട്ടിൽ യൊഷിനാക്കയും ഭാര്യയെ വിട്ടുപോകുമ്പോൾ വിലപിച്ചിരുന്നു. ഈ ലോകത്ത് ഒരുമിച്ചൊരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ ഞാനിപ്പോൾ കൈവിട്ടു കഴിഞ്ഞു. (അവരുടെ മാതൃക മനസ്സിൽ വച്ചുകൊണ്ട്) അങ്ങയ്ക്കു പ്രാണനുള്ളപ്പോൾ അവസാനത്തെ ചുവടു വയ്ക്കാൻ ഞാൻ നിശ്ചയിച്ചുറപ്പിച്ചും കഴിഞ്ഞു. മരണത്തിലേക്കുള്ള പാതയുടെ ഒടുവിൽ അങ്ങയെ പ്രതീക്ഷിച്ചു ഞാൻ നില്പുണ്ടാവും.

നമ്മുടെ പ്രഭുവായ ഹിദേയോരി ഇത്രയും വർഷങ്ങളായി നമുക്കു മേൽ ചൊരിഞ്ഞ ദാക്ഷിണ്യത്തെ ഒരിക്കലും, ഒരിക്കലും അങ്ങു മറക്കരുതേ; കടലിനെക്കാൾ ആഴമുള്ളതും മലകളെക്കാൾ ഉയരമുള്ളതുമാണത്...


പതിനാറാം നൂറ്റാണ്ടിൽ ജപ്പാനിൽ ജീവിച്ചിരുന്ന കിമുര ഷിഗേനാരി എന്ന സമുരായിക്ക് അദ്ദേഹത്തിന്റെ ഭാര്യ അയച്ച കത്ത്. മരണം നിശ്ചയമാണെന്നറിഞ്ഞുകൊണ്ടു തന്നെ അവസാനത്തെ യുദ്ധത്തിനു പോയ ഭർത്താവിനെ ഹരകിരി എന്ന ആത്മഹത്യയിലൂടെ അവരും അനുഗമിക്കുന്നു.


പ്രണയലേഖനങ്ങൾ (37)- പസോലീനി

Pasolini


കാസര്സ,1948 സെപ്തംബർ

പ്രിയപ്പെട്ട ഫ്രാങ്കോ,

എന്തൊരാശ്വാസവും എന്തു തരം സന്തോഷവുമാണു നീ നിന്റെ കത്തിലൂടെ എനിക്കു നല്കിയതെന്നു പറഞ്ഞാൽ നിനക്കതു മനസ്സിലാവില്ല. സ്വന്തം രോഗത്തെക്കുറിച്ചു നീയെനിക്കു മുന്നറിയിപ്പു തന്ന ആ കത്തിനൊരു മറുപടി എഴുതാൻ ഒരായിരം വട്ടം ഒരുങ്ങിയെങ്കിലും എനിക്കതു കഴിഞ്ഞില്ല; ഭീരുത്വം കൊണ്ടല്ല, സ്വാർത്ഥത കൊണ്ട്. ഇനി എനിക്കതിൽ സന്തോഷമുണ്ടായതു കൊണ്ടുമാവാം, ആരറിഞ്ഞു? ഇപ്പോൾ, ഒരു സാദ്ധ്യതയെന്ന നിലയിലെങ്കിലും, സ്വസ്ഥതയും ജീവിതവും നിന്റേതാണെന്നിരിക്കെ, എനിക്കു നിന്നെ തുല്യനായി പരിഗണിക്കാമെന്നായിരിക്കുന്നു, എത്ര ഭ്രാന്തമായിട്ടാണെങ്കിലും നിനക്കു മറുപടിയുമെഴുതാം. ഒന്നാമതായി എനിക്കു പറയാനുള്ളതിതാണ്‌: മുമ്പൊരിക്കലുമില്ലാത്ത മാതിരി എനിക്കു നിന്നോടു സൗഹൃദം തോന്നുന്നു, നിന്നെ കാണാൻ ഞാൻ വല്ലാതെ കൊതിക്കുന്നു...

കൗമാരത്തിലെയും ചെറുപ്പത്തിന്റെ തുടക്കത്തിലെയും ഭയാനകമായ ചില (ലൈംഗിക)തൃഷ്ണകൾക്കു നിവൃത്തി കണ്ടതിന്റെയും പ്രതിസന്ധികൾ തരണം ചെയ്തതിന്റെയും പേരിൽ താൻ വിവേകിയായി എന്നു നമുക്കു തോന്നുന്ന ആ ജീവിതകാലഘട്ടത്തിന്റെ അന്ത്യത്തിലാണ്‌ ഞാനിപ്പോൾ. വ്യാമോഹങ്ങൾക്കും തൃഷ്ണകൾക്കും ഒരിക്കല്ക്കൂടി സ്വയം വിട്ടുകൊടുക്കാൻ ശ്രമിച്ചാലോ എന്നെനിക്കിപ്പോൾ തോന്നുന്നു. സത്യമായും ഒരു കൊച്ചു വിയോണോ കൊച്ചു റിംബോയോ ആണു ഞാൻ. ഈ മാനസികാവസ്ഥയിൽ, ഒരു കൂട്ടുകാരനെ കിട്ടിയാൽ വേണമെങ്കിൽ ഞാൻ ഗ്വാട്ടിമാലയിലോ പാരീസിലോ വരെ പോകാം.

എന്നിലെ സ്വവർഗ്ഗാനുരാഗി എന്റെ ബോധത്തിനുള്ളിലേക്കും എന്റെ ശീലങ്ങളിലേക്കും കടന്നുവന്നുകഴിഞ്ഞിട്ട് കുറേ കൊല്ലങ്ങങ്ങളായിരിക്കുന്നു; ഇന്നത് എനിക്കുള്ളിലെ ഒരപരനല്ല. കുറ്റബോധത്തിന്റെയും നീരസത്തിന്റെയും സത്യസന്ധതയുടെയും മുഹൂർത്തങ്ങൾ എനിക്കു കടന്നുപോരേണ്ടിവന്നു...ഒടുവിൽ , ആകെ ചോരയിൽ മുങ്ങിയും മുറിപ്പാടുകൾ നിറഞ്ഞുമാകാം, അതിജീവിക്കാൻ എനിക്കായി, രണ്ടിനെയും, അതായത് ലൈംഗികതയെയും സത്യസന്ധതയെയും ഒരേപോലെ തൃപ്തമാക്കിക്കൊണ്ട്.

എന്നെ മനസ്സിലാക്കാൻ ശ്രമിക്കൂ, ഇപ്പോൾത്തന്നെ, കഴിയുന്നത്ര തുറന്ന മനസ്സോടെയും. തിരിച്ചുപോകാമെന്ന ശുഭപ്രതീക്ഷയില്ലാതെ ഞാൻ ചുറ്റിവരേണ്ട ഒരു മുനമ്പാണത്. നീയെന്നെ അംഗീകരിക്കുമോ? നന്നായി. സ്കൂളിലും കോളേജിലും നിന്റെ കൂട്ടുകാരനായിരുന്ന ആളിൽ നിന്നു ഞാൻ വളരെ മാറിപ്പോയി, അല്ലേ? നീ കരുതുന്നത്രയില്ലെന്നും വരാം...

പ്രിയപ്പെട്ട ഫ്രാങ്കോ, നിന്റെ പുനഃപ്രവേശത്തിന്‌ വിധിക്കു നന്ദി പറയുക( അതിരിക്കട്ടെ, നിനക്കു കഷണ്ടിയായോ? സ്വർണ്ണമുടിക്കാരനായിട്ടാണു നീ എനിക്കു വീണ്ടും പ്രത്യക്ഷനായതെന്നു പറയട്ടെ.), പുതുമയും പ്രതീക്ഷയും കൊണ്ടു നിറഞ്ഞിരിക്കുകയാണു ഞാൻ.

സ്നേഹത്തോടെ ഒരാലിംഗനം,

പിയെർ ‍ പാവ്‌ലോ


പിയെർ പാവ്‌ലോ പസോലീനി (1922-1975)- ഇറ്റാലിയൻ കവിയും ചിന്തകനും സംവിധായകനും. ചിരകാലസുഹൃത്തും സിനിമകളിൽ സ്ഥിരം അഭിനേതാവുമായിരുന്ന ഫ്രാങ്കോ ഫറോൾഫിക്കെഴുതിയതാണ്‌ ഈ കത്ത്.

വിയോണ്‍, റിംബോ - കലാപക്കാരായ ഫ്രഞ്ച് കവികള്‍

Sunday, March 15, 2015

ബോര്‍ഹസ് - മണലു കൊണ്ടുള്ള പുസ്തകം

index



അനന്തമായ ബിന്ദുക്കളടങ്ങിയത് രേഖ; അനന്തമായ രേഖകളടങ്ങിയത് പ്രതലം; അനന്തമായ പ്രതലങ്ങളടങ്ങിയത് വ്യാപ്തം; അനന്തമായ വ്യാപ്തങ്ങളടങ്ങിയത് അതിവ്യാപ്തം... അല്ല, നിസ്സംശയമായും  ഈ  യൂക്ളിഡിയന്‍  രീതിയല്ല, എന്റെ  കഥ ആരംഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ഒരു കഥ കെട്ടിച്ചമച്ചിട്ട് അതു യഥാര്‍ത്ഥമാണെന്നവകാശപ്പെടുന്നതാണല്ലോ, ഇക്കാലത്തെ കീഴ്‌വഴക്കം. എന്റേത്, പക്ഷേ, യഥാര്‍ത്ഥമാണ്.

ബ്യൂണേഴ്സ് അയഴ്‌സിലെ‍ ബല്‍ഗ്രാനോ തെരുവില്‍ ഒരു മൂന്നാംനില ഫ്‌ളാറ്റില്‍ ഞാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. കുറച്ചുമാസങ്ങള്‍ക്കു മുമ്പ് ഒരു ദിവസം സന്ധ്യക്ക്, ആരോ കതകില്‍ മുട്ടുന്നത് ഞാന്‍ കേട്ടു. വാതില്‍ തുറന്നുനോക്കുമ്പോള്‍ പുറത്ത് ഒരപരിചിതന്‍ നില്പുണ്ടായിരുന്നു. നല്ല പൊക്കമുള്ള ഒരാള്‍; ഇന്നതെന്നു പറയാനാവാത്ത മുഖലക്ഷണം - ഒരുപക്ഷേ വെള്ളെഴുത്തുമൂലം എനിക്കങ്ങനെ തോന്നിയതാണെന്നും വരാം. ചാരനിറത്തിലുള്ള വേഷമാണ് ധരിച്ചിരുന്നത്; ചാരനിറത്തിലുള്ള ഒരു സ്യൂട്ട്‌കേയ്‌സ് കൈയ്യിലുണ്ടായിരുന്നു. ഒരു നാട്യവുമില്ലാത്ത രീതി. ആള്‍ വിദേശിയാണെന്ന് ‍ ഒറ്റ നോട്ടത്തില്‍ മനസ്സിലായി. ആദ്യം കണ്ടപ്പോള്‍ വൃദ്ധനെപ്പോലെ തോന്നിയെങ്കിലും പിന്നീടേ എനിക്കെന്റെ പിശകു ബോദ്ധ്യപ്പെട്ടുള്ളു. സ്‌കാന്‍ഡിനേവിയാക്കാരുടെ രീതിയില്‍ മിക്കവാറും വെളുത്ത, ആ നനുത്ത സ്വര്‍ണ്ണമുടിയാണ് എന്നെ തെറ്റിദ്ധരിപ്പിച്ചത്. ഞങ്ങളുടെ സംഭാഷണത്തിനിടയ്ക്ക് - അത് ഒരു മണിക്കൂര്‍ നീണ്ടുനിന്നില്ല - അയാള്‍ ഓര്‍ക്ക്‌നിക്കാരനാണെന്നും ഞാന്‍ മനസ്സിലാക്കി.

ഞാന്‍ അയാളെ അകത്തേക്കു ക്ഷണിച്ച് ഒരു കസേര കൊടുത്തിരുത്തി. സംസാരിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് അയാള്‍ നിമിഷനേരം നിശ്ശബ്ദനായി ഇരുന്നു. അയാളില്‍നിന്ന് ഒരു തരം മ്ലാനത പ്രസരിച്ചുകൊണ്ടിരുന്നു, ഇപ്പോള്‍ എന്നില്‍ നിന്നെന്നപോലെ.

'ഞാന്‍ ബൈബിള്‍ വില്പനക്കാരനാണ്,' ഒടുവില്‍ അയാള്‍ പറഞ്ഞു.

അല്പം പാണ്ഡിത്യഗര്‍വ്വോടെ ഞാന്‍ മറുപടി പറഞ്ഞു. 'ഈ വീട്ടില്‍ ഇംഗ്ലീഷ് ബൈബിള്‍ പലതുണ്ട് - ഏറ്റവും ആദ്യത്തേത്, ജോണ്‍ വൈക്ലിഫിന്റേതുള്‍പ്പെടെ. അതുകൂടാതെ എന്റെ കൈവശം സിപ്രിയാനോ ഡി വലേറായുടേതുണ്ട്. ലൂതറിന്റേതുണ്ട് (സാഹിത്യദൃഷ്ട്യ നോക്കിയാല്‍ മഹാമോശമാണത്). പിന്നെ കത്തോലിക്കാ ബൈബിളിന്റെ ലത്തീന്‍ പതിപ്പുമുണ്ട്. എനിക്കിപ്പോള്‍ ബൈബിളല്ല അത്ര ആവശ്യമായിരിക്കുന്നതെന്ന് മനസ്സിലായിക്കാണുമല്ലോ.'

അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അയാള്‍ ഇങ്ങനെ പറഞ്ഞു, 'ബൈബിള്‍ മാത്രമല്ല എനിക്കു വില്ക്കാനുള്ളത്. ബിക്കാനീറിന്റെ പ്രാന്തപ്രദേശത്തുനിന്നു കിട്ടിയ ഒരു പുണ്യഗ്രന്ഥം ഞാന്‍ കാണിച്ചു തരാം. നിങ്ങളെപ്പോലൊരാള്‍ക്ക് അതില്‍ താല്പര്യം കണ്ടേക്കും.'

അയാള്‍ പെട്ടി തുറന്ന് പുസ്തകമെടുത്തു മേശപ്പുറത്തുവച്ചു. ഒക്ടേവോ വലിപ്പത്തില്‍, കാലിക്കോ ബയന്റിട്ട ഒരു പുസ്തകം. അത് പലകൈ മറിഞ്ഞതാണെന്നതില്‍ സംശയമേ വേണ്ട. അതു കയ്യിലെടുത്തു പരിശോധിക്കവെ അതിന്റെ അസാധാരണമായ ഭാരം കണ്ട് എനിക്കദ്ഭുതം തോന്നി. പുസ്തകത്തിന്റെ മൂട്ടില്‍ 'വിശുദ്ധ വേദപുസ്തകം' എന്നും അതിനു ചുവടെയായി 'ബോംബെ' എന്നും അടിച്ചിരുന്നു.

'പത്തൊമ്പതാം നൂറ്റാണ്ടിലേതാവണം,' ഞാന്‍ അഭിപ്രായം പറഞ്ഞു.

'അതെനിക്കറിയില്ല,' എന്നായിരുന്നു മറുപടി. 'അത് എനിക്കിതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.'

ഞാന്‍ പുസ്തകം കയ്യിലെടുത്ത് വെറുതേമറിച്ചു തുറന്നു നോക്കി. ലിപി എനിക്കു പരിചയമില്ലാത്തതായിരുന്നു. മുദ്രണപരമായി നോക്കിയാല്‍ അത്ര ഭംഗിയില്ലാത്ത പേജുകള്‍ തേഞ്ഞ ടൈപ്പുകളില്‍, ബൈബിള്‍ അച്ചടിക്കുന്നതുമാതിരി രണ്ടുകോളം നിരത്തി അടിച്ചിരിക്കുകയായിരുന്നു. പേജുകളുടെ മുകളറ്റം മൂലയ്ക്കായി അറബി അക്കങ്ങളില്‍ പേജുനമ്പറിട്ടിരുന്നു. അതില്‍ ഞാനൊരു വിശേഷം കണ്ടു. ഇടത്തേ പേജിന്റെ നമ്പര്‍, ഉദാഹരണത്തിന്, 40514 ആണെങ്കില്‍ എതിരേയുള്ള പേജ് നമ്പര്‍ 999 ആയിരുന്നു. ഞാന്‍ ആ താളു മറിച്ചു: അതിന്റെ നമ്പരിന് എട്ടക്കങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ചെറിയൊരു ചിത്രവുമുണ്ടായിരുന്നു. നിഘണ്ടുക്കളില്‍ കാണാറുള്ള തരത്തിലൊരെണ്ണം; ഒരു സ്‌കൂള്‍ കുട്ടിയുടെ അവിദഗ്ദ്ധമായ കൈകൊണ്ടു വരച്ചപോലെ, ഒരു നങ്കൂരത്തിന്റെ പടം.

ഈ സമയത്താണ്, അയാള്‍ പറഞ്ഞത്, 'ആ ചിത്രം ഒന്നുകൂടി സൂക്ഷിച്ചുനോക്കൂ. ഇനിയതു കാണാന്‍ കിട്ടില്ല.'

ശബ്ദത്തിനില്ലെങ്കിലും ആ വാക്കുകള്‍ക്ക് ഒരു ഭീഷണിയുടെ ചുവയുണ്ടായിരുന്നു.

ഞാന്‍ ആ പേജുനമ്പര്‍ മനസ്സില്‍ കുറിച്ചിട്ടശേഷം പുസ്തകമടച്ചു. തൊട്ടുപിമ്പേ, ഞാനതു തുറക്കുകയും ചെയ്തു. ഞാന്‍ താളുകള്‍ മറിച്ചുമറിച്ച് ആ നങ്കൂരത്തിന്റെ പടത്തിനുവേണ്ടി പരതിയത് വെറുതെയായി.

'ഇതേതോ ഇന്ത്യന്‍ഭാഷയിലെ വേദപുസ്തകതര്‍ജ്ജമയാണെന്നു തോന്നുന്നു, അല്ലെ?'' ഞാന്‍ എന്റെ ഇച്ഛാഭംഗം മറയ്ക്കാനായി ചോദിച്ചു.

'അല്ല' അയാള്‍ പറഞ്ഞു. പിന്നെ, എന്തോ രഹസ്യം പറയാനാണെന്നപോലെ അയാള്‍ ഒച്ച താഴ്ത്തി. 'സമതലത്തിലെ ഒരു പട്ടണത്തില്‍വച്ച് കുറച്ചു രൂപയും ഒരു ബൈബിളും കൊടുത്തിട്ടാണ് ഞാന്‍ ഈ പുസ്തകം സമ്പാദിച്ചത്. ഇതിന്റെ ഉടമസ്ഥന് വായിക്കാനറിയില്ലായിരുന്നു. അയാള്‍ ഈ പുസ്തകങ്ങളുടെ പുസ്തകം ഏതോ മന്ത്രരക്ഷപോലെ ഉപയോഗിക്കുകയായിരുന്നു എന്നാണ് എന്റെ സംശയം. അയാള്‍ ഏറ്റവും താണജാതിയില്‍പ്പെട്ടയാളായിരുന്നു; അയാളുടെ നിഴല്‍ വീണാല്‍ ശുദ്ധം മാറാത്തവരായി മറ്റു തൊട്ടുകൂടാത്തവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അയാള്‍ എന്നോടു പറഞ്ഞത് ഈ പുസ്തകത്തിന്റെ പേര് “മണലുകൊണ്ടുള്ള പുസ്തകം” എന്നാണ്; കാരണം, ഈ പുസ്തകവും മണല്‍ത്തരികളും ഒന്നുപോലെ ആദിയും അന്ത്യവുമില്ലാത്തവയാണല്ലോ.'

പുസ്തകത്തിന്റെ ആദ്യത്തെ പേജു കണ്ടുപിടിക്കാന്‍ അയാള്‍ എന്നോടു പറഞ്ഞു.

ഞാന്‍ ഇടതുകൈ പുസ്തകത്തിന്റെ കവറില്‍ വച്ചിട്ട്, തള്ളവിരല്‍ ആദ്യത്തെ താളില്‍ കൊള്ളിച്ചുവയ്ക്കാന്‍ നോക്കിക്കൊണ്ട് പുസ്തകം തുറന്നു. അതു ഫലവത്തായില്ല. ഓരോ തവണ ശ്രമിക്കുമ്പോഴും കവറിനും തള്ളവിരലിനുമിടയില്‍ കുറേ പേജുകള്‍ ഉണ്ടാവും. അവ പുസ്തകത്തില്‍നിന്നു വളര്‍ന്നു പെരുകുന്നതുപോലെയായിരുന്നു.

'ഇനി അവസാനത്തെ പുറം കണ്ടുപിടിക്കൂ.'

അതിലും ഞാന്‍ പരാജയപ്പെട്ടു. എന്റേതായി എനിക്കു തോന്നാത്ത ഒരൊച്ചയില്‍ ഞാന്‍ വിക്കിവിക്കി പറഞ്ഞൊപ്പിച്ചു. 'ഇങ്ങനെ വരാന്‍ വഴിയില്ല.'

ഒച്ച താഴ്ത്തിത്തന്നെ അയാള്‍‍ പറഞ്ഞു, ‘ഇങ്ങനെ വരാന്‍ വഴിയില്ല; പക്ഷേ ഇങ്ങനെയാണ് വന്നിരിക്കുന്നത്. ഈ പുസ്തകത്തിലെ പേജുകളുടെ എണ്ണം അനന്തതയില്‍ കുറവുമല്ല, കൂടുതലുമല്ല. ഒരു പേജും ആദ്യത്തെ പേജല്ല, ഒരു പേജും  അവസാനത്തേതുമല്ല. പേജുനമ്പരുകള്‍ ഇങ്ങനെ ഒരു വ്യവസ്ഥയുമില്ലാതെ ഇട്ടിരിക്കുന്നതിന്റെ കാരണമെന്താണെന്ന് എനിക്കറിയില്ല. ഒരു പക്ഷേ, ഒരനന്തശ്രേണിയില്‍ സംഖ്യകള്‍ ഏതു ക്രമത്തിലുമാകാമെന്നു  സൂചിപ്പിക്കാനാവാം.'

പിന്നെ, ഉറക്കെ ചിന്തിക്കുന്നതുപോലെ, അയാള്‍ ഇങ്ങനെ പറഞ്ഞു, 'സ്ഥലരാശി അനന്തമാണെങ്കില്‍ നാമതിന്റെ ഏതൊരു ബിന്ദുവിലുമാകാം. കാലം അനന്തമാണെങ്കില്‍ നാമതിന്റെ ഏതൊരു ബിന്ദുവിലുമാകാം.'

അയാളുടെ ഈ സൈദ്ധാന്തികവിചാരങ്ങള്‍ എന്നെ വെറി പിടിപ്പിച്ചു. 'നിങ്ങള്‍ മതവിശ്വാസിയാണല്ലോ, അല്ലേ?' ഞാന്‍ അയാളോടു ചോദിച്ചു.

'അതേ, ഞാന്‍ പ്രെസ്ബിറ്റേറിയന്‍ സഭക്കാരനാണ്. എനിക്കു യാതൊരു മനഃസാക്ഷിക്കുത്തുമില്ല. ആ നാട്ടുകാരന് ഈ പൈശാചികഗ്രന്ഥത്തിനു പകരംദൈവവചനം കൊടുത്തപ്പോള്‍ ഞാന്‍ അയാളെ കബളിപ്പിക്കുകയായിരുന്നില്ല എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്.'

ഇക്കാര്യത്തില്‍ കുറ്റബോധം തോന്നേണ്ട കാര്യമൊന്നുമില്ലെന്നു പറഞ്ഞ് ഞാനയാളെ ആശ്വസിപ്പിച്ചു; അയാള്‍ ഈ ഭാഗത്തുകൂടി കടന്നുപോകാന്‍ ഇടയായതേയുള്ളോ എന്നു ഞാനാരാഞ്ഞു. കുറച്ചുനാളുകള്‍ക്കുള്ളില്‍ നാട്ടിലേക്കു മടങ്ങാനാണ് തന്റെ പ്ലാനെന്ന് അയാള്‍ മറുപടി പറഞ്ഞു. അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത് അയാള്‍ ഓര്‍ക്ക്‌നി ദ്വീപുകാരനായ  സ്‌കോട്ടുലണ്ടുകാരന്‍ ആണെന്ന്. സ്റ്റീവന്‍സണ്‍, ഹ്യും എന്നിവരുടെ നാടെന്ന നിലയില്‍ എനിക്കു സ്‌കോട്ടുലണ്ടിനോടു പ്രത്യേകിച്ചൊരു മമതയുണ്ടെന്നു ഞാന്‍ പറഞ്ഞു.

' പിന്നെ റോബ്ബി ബേണ്‍സും.'

index1

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ ആ അനന്തമായ പുസ്തകത്തിന്മേല്‍ പര്യവേക്ഷണം നടത്തുകയായിരുന്നു.

അലക്ഷ്യഭാവം നടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു, 'നിങ്ങള്‍ ഈ കൗതുകവസ്തു ബ്രിട്ടീഷ് മ്യൂസിയത്തിനു സംഭാവന ചെയ്യാനാണോ ഉദ്ദേശിച്ചിരിക്കുന്നത്?''

'അല്ല ഞാനിതു നിങ്ങള്‍ക്കു നല്‍കാന്‍ പോവുകയാണ്,' എന്നയാള്‍ പറഞ്ഞു. എന്നിട്ട് വലിയൊരു തുക വില പറയുകയും ചെയ്തു.

അത്രയും വലിയൊരു തുക എന്റെ കഴിവിനതീതമാണെന്ന് ഞാന്‍ തുറന്നുപറഞ്ഞു. ഞാനിരുന്നാലോചിച്ചു. ഒന്നുരണ്ടു മിനിട്ടു കഴിഞ്ഞിട്ട് ഞാന്‍ ഒരു നിര്‍ദ്ദേശം വച്ചു.

'നമുക്കൊരു മാറ്റക്കച്ചവടം നടത്താം,' ഞാന്‍ പറഞ്ഞു, ‘കുറച്ചുരൂപയും ഒരു ബൈബിളും കൊടുത്തിട്ടാണല്ലോ നിങ്ങള്‍ക്കീ പുസ്തകം കിട്ടിയത്. നിങ്ങള്‍ക്കു ഞാന്‍ ഇന്നുമാറിയ പെന്‍ഷന്‍ ചെക്കിന്റെ തുകയും എന്റെ ബ്ലായ്ക്ക് ലറ്റര്‍ വൈക്ലിഫ് ബൈബിളും തരാം. എനിക്കു പിതൃസ്വത്തായി കിട്ടിയതാണ് ആ ബൈബിള്‍.'

'ബ്ലാക്ക് ലറ്റര്‍ വൈക്ലിഫ്!' അയാള്‍ മന്ത്രിച്ചു.

ഞാന്‍ കിടപ്പുമുറിയിലേക്കു പോയി പണവും പുസ്തകവുമെടുത്തുകൊണ്ടുവന്ന് അയാള്‍ക്കു കൊടുത്തു. അയാള്‍ പുസ്തകത്തിന്റെ താളുകള്‍ മറിച്ചുനോക്കിയിട്ട്, ഒരു യഥാര്‍ത്ഥപുസ്തകപ്രേമിയുടെ ആവേശത്തോടെ അതിന്റെ ആദ്യതാള്‍ നോക്കിപ്പഠിച്ചു.

'സമ്മതിച്ചു,’ അയാള്‍ പറഞ്ഞു.

അയാള്‍ വില പേശാന്‍ നിന്നില്ലായെന്നത് എന്നെ അദ്ഭുതപ്പെടുത്തി. പിന്നീടേ എനിക്കു മനസ്സിലായുള്ളൂ, അയാള്‍ എന്റെ വീട്ടിലേക്കു കയറിവന്നത് പുസ്തകം എനിക്കു വില്ക്കാന്‍ തീരുമാനിച്ചുറച്ചുകൊണ്ടുതന്നെയാണെന്ന്. പണം എണ്ണിനോക്കാതെ തന്നെ അയാള്‍ കീശയിലേക്കിട്ടു.

പിന്നെ ഞങ്ങള്‍ ഇന്ത്യയെക്കുറിച്ചും, ഓര്‍ക്ക്‌നിയെക്കുറിച്ചും, ഒരുകാലത്ത് അവിടം ഭരിച്ചിരുന്ന നോര്‍വേക്കാര്‍ പ്രഭുക്കളെക്കുറിച്ചും സംസാരിച്ചു. അയള്‍ ഇറങ്ങുമ്പോള്‍ രാത്രിയായിക്കഴിഞ്ഞിരുന്നു. ഞാന്‍ അയാളെ പിന്നെ കണ്ടിട്ടില്ല; അയാളുടെ പേരും എനിക്കറിയില്ല.

മണല്‍ കൊണ്ടുള്ള പുസ്തകം ഷെല്‍ഫില്‍ വൈക്ലിഫ് വച്ചിരുന്ന സ്ഥലത്തു വയ്ക്കാമെന്ന് ഞാന്‍ ആദ്യം കരുതി. പിന്നെ ഞാന്‍ തീരുമാനിച്ചു; ചില വാല്യങ്ങള്‍ വിട്ടുപോയ ആയിരത്തൊന്നു രാവുകള്‍ ഒരു സെറ്റുണ്ടായിരുന്നതിന്റെ പിന്നില്‍ ഒളിപ്പിച്ചുവയ്ക്കാമെന്ന്. ഞാന്‍ ഉറങ്ങാന്‍ കിടന്നു, പക്ഷേ ഉറക്കം വന്നില്ല. പുലര്‍ച്ചെ മൂന്നോ നാലോ മണിയായപ്പോള്‍ ഞാന്‍ എഴുന്നേറ്റു ലൈറ്റിട്ടു. ആ അസാദ്ധ്യഗ്രന്ഥം എടുത്തുകൊണ്ടുവന്നിട്ട് ഞാന്‍ അതിന്റെ താളുകള്‍ മറിച്ചു. ഒരു പേജില്‍ ഞാന്‍ ഒരു മുഖംമൂടിയുടെ ആലേഖനം കണ്ടു. പേജിന്റെ മുകളറ്റം മൂലയ്ക്ക് ഒരു നമ്പരുണ്ടായിരുന്നു (എത്രയാണെന്നു ഞാന്‍ മറന്നുപോയി) -ഒമ്പതാം ഘാതത്തിലേക്കു പെരുക്കിയത്.

ഞാന്‍ എന്റെ നിധി വെളിയില്‍ കാണിച്ചില്ല. അതു സ്വന്തമാവുക എന്ന ഭാഗ്യത്തോടൊപ്പം, അതു മോഷ്ടിച്ചതായേക്കാമെന്ന പേടിയും, അതൊരുപക്ഷേ യഥാര്‍ത്ഥത്തില്‍ അനന്തമായേക്കാനിടയില്ല എന്ന ആശങ്കയും കൂടിക്കലര്‍ന്നു. ഈ രണ്ടു മനഃശല്യങ്ങളും കൂടി എനിക്കു നേരത്തേ തന്നെയുണ്ടായിരുന്ന മനുഷ്യവിദ്വേഷത്തെ തീവ്രതരമാക്കി. എനിക്കു ചുരുക്കം ചില സുഹൃത്തുക്കളേ ശേഷിച്ചിരുന്നുള്ളൂ; ഞാന്‍ അവരെപ്പോലും കാണാന്‍ പോകാതെയായി. ആ പുസ്തകത്തിന്റെ തടവുകാരനായി മാറിയ ഞാന്‍ പുറത്തേക്കിറങ്ങാതെയായി. പുസ്തകത്തിന്റെ തേഞ്ഞ മൂടും പുറംചട്ടയും ഭൂതക്കണ്ണാടികൊണ്ടു പരിശോധിച്ചപ്പോള്‍, അതേതെങ്കിലും തരത്തിലുള്ള സൂത്രപ്പണിയാകാന്‍ സാദ്ധ്യതയില്ലെന്ന് എനിക്കു ബോദ്ധ്യപ്പെട്ടു. ആ കൊച്ചു ചിത്രങ്ങള്‍ രണ്ടായിരം പേജ് ഇടവിട്ടാണു വരുന്നതെന്നു ഞാന്‍ കണ്ടുപിടിച്ചു. ഞാനവയെ ഒരു നോട്ടുബുക്കില്‍ അക്ഷരമാലാക്രമത്തില്‍ അടുക്കിയെഴുതി; ബുക്കു നിറയാന്‍ അധികനേരമെടുത്തില്ല. ഒരു ചിത്രവും ആവര്‍ത്തിക്കപ്പെട്ടിരുന്നില്ല. രാത്രിയില്‍, നിദ്രാരാഹിത്യം കനിഞ്ഞരുളിയ അപൂര്‍വമായ  ഇടവേളകളില്‍ ഞാന്‍ ആ പുസ്തകം സ്വപ്നം കണ്ടു.

വേനല്‍ അവസാനിക്കുകയായിരുന്നു; ആ പുസ്തകം രാക്ഷസീയമാണെന്ന്, പ്രകൃതിയുടെ വൈലക്ഷണ്യമാണെന്ന് എനിക്കു ബോദ്ധ്യമായി. ആ പുസ്തകത്തെ സ്വന്തം കണ്ണുകൊണ്ടു കണ്ട ഞാന്‍, അതിനെ കയ്യിലെടുത്ത ഞാന്‍, അതിനേക്കാള്‍ രാക്ഷസീയത കുറഞ്ഞവനാണെന്ന ചിന്തകൊണ്ട് എനിക്കെന്തു ഗുണമുണ്ടായി? അതൊരു ദുഃസ്വപ്നമാണെന്ന് എനിക്കു തോന്നി: യാഥാര്‍ത്ഥ്യത്തെത്തന്നെ അപമാനിക്കുകയും മലിനപ്പെടുത്തുകയും ചെയ്യുന്ന ഒരു മ്ലേച്ഛവസ്തു.

അതു തീയിലിട്ടു ചുട്ടുകളഞ്ഞാലോ എന്നു ഞാന്‍ ആലോചിച്ചു. പക്ഷേ അനന്തമായ ഒരു ഗ്രന്ഥത്തിന്റെ ദഹനം തന്നെ അനന്തമായി മാറിയേക്കാമെന്നും അതീ ഗ്രഹത്തെ പുകകൊണ്ടു ശ്വാസം മുട്ടിച്ചേക്കാമെന്നും എനിക്കു പേടിയായി. ഒരില ഒളിപ്പിക്കാനുള്ള ഏറ്റവും നല്ലയിടം കാടാണെന്ന് എവിടെയോ വായിച്ചതായി ഞാനോര്‍ത്തു. പെന്‍ഷനാകുന്നതിനു മുമ്പ് ഞാന്‍ ജോലി ചെയ്തിരുന്നത് മെക്‌സിക്കോ തെരുവില്‍, ഒമ്പതുലക്ഷം പുസ്തകങ്ങളുള്ള അര്‍ജെന്റൈന്‍ ദേശീയഗ്രന്ഥശാലയിലാണ്. കയറിച്ചെല്ലുന്നതിനു വലതുവശത്തായി, നിലവറയിലേക്കിറങ്ങാന്‍ ഒരു പിരിയന്‍  കോണിയുള്ളത് എനിക്കറിയാമായിരുന്നു; പുസ്തകങ്ങളും ഭൂപടങ്ങളും പത്രമാസികകളും സൂക്ഷിക്കുന്നത് അതിനുള്ളിലാണ്. ഒരു ദിവസം ഞാന്‍ അവിടെ ചെന്ന് ഒരു ജീവനക്കാരന്റെ കണ്ണുവെട്ടിച്ചു പോയി, വാതിലില്‍നിന്ന്  എത്രയകലത്തിലും ഉയരത്തിലുമാണെന്ന് മനഃപൂര്‍വ്വം ശ്രദ്ധിക്കാതെ, നിലവറയിലെ പൊടിപിടിച്ച അലമാരകളിലൊന്നിലേക്ക് ആ മണലിന്റെ പുസ്തകം നഷ്ടപ്പെടുത്തി.

ഇപ്പോള്‍ എന്റെ മാനസികാവസ്ഥ അല്പമൊന്നു ഭേദപ്പെട്ടിരിക്കുന്നു; എന്നാല്‍ക്കൂടി ആ ഗ്രന്ഥശാല നില്‍ക്കുന്ന തെരുവിലൂടെ നടക്കാന്‍ കൂടി ഞാന്‍ കൂട്ടാക്കാറില്ല.

index

 

 

 

 

 

 

 

 


*റോബ്ബി ബേണ്‍ – സ്കോട്ട്ലണ്ടുകാരുടെ പ്രിയപ്പെട്ട ദേശീയകവി റോബര്‍ട്ട് ബേണ്‍സ്

*'ബ്ലാക്ക് ലറ്റര്‍ വൈക്ലിഫ് - പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ പശ്ചിമയൂറോപ്പില്‍ പ്രചാരത്തിലിരുന്ന ഗോഥിക് ലിപിയില്‍ അടിച്ച ബൈബിള്‍



 

Saturday, March 14, 2015

പ്രണയലേഖനങ്ങൾ (36)- കീറ്റ്സ്

keats-portrait


ഫാന്നി ബ്രൗണിന്‌

കെന്റിഷ് ടൗൺ, 1820 ആഗസ്റ്റ്

...നീയില്ലാതെ സന്തുഷ്ടനായിരിക്കാൻ എന്തെങ്കിലുമൊരു വഴി നീയെനിക്കു കണ്ടുപിടിച്ചു തരുമെന്നു ഞാനാശിക്കുന്നു. ഓരോ മണിക്കൂറു കഴിയുന്തോറും കൂടുതൽ കൂടുതലായി ഞാൻ നിന്നിൽത്തന്നെ കേന്ദ്രീകരിക്കുകയാണ്‌. മറ്റെന്തുമെനിക്ക് വായിൽ ഉമി വീണ പോലെ ചുവയ്ക്കുന്നു. ഇറ്റലിയിലേക്കു പോകുന്ന കാര്യം നടക്കില്ലെന്നുതന്നെ എനിക്കു തോന്നിപ്പോകുന്നു- എനിക്കു നിന്നെ വിട്ടുപോകാനാവില്ലെന്നതാണു വസ്തുത; ഞാൻ നിന്നോടൊത്തു ജീവിക്കട്ടെ എന്നനുവദിക്കാൻ വിധിക്കു തോന്നിയാലല്ലാതെ ഒരു നിമിഷത്തെ സംതൃപ്തി ഞാനറിയാൻ പോകുന്നുമില്ല. പക്ഷേ ഈ പോക്കു പോകാൻ എനിക്കു പറ്റില്ല. എന്റെ പോലത്തെ ഞരമ്പും പ്രകൃതവുമുള്ള ഒരാൾ എന്തൊക്കെ ഉൾക്കിടിലങ്ങളിലൂടെയാണു കടന്നുപോകുന്നതെന്ന് നിന്നെപ്പോലെ ആരോഗ്യമുള്ള ഒരാൾക്ക് ഒരിക്കലും പറഞ്ഞാൽ മനസ്സിലാവില്ല. നിന്റെ കൂട്ടുകാർ ഉല്ലാസയാത്രയ്ക്കു പോകുന്നത് ഏതു ദ്വീപിലേക്കാണ്‌? നീ മാത്രം കൂട്ടായി അവിടെയ്ക്കു പോകാൻ എനിക്കിഷ്ടമായിരിക്കും; പക്ഷേ സംഘം ചേർന്നു പോകുന്നത് ഞാൻ വിലക്കും. വിനോദത്തിനു മറ്റൊന്നുമില്ലാത്ത ഈ പുത്തൻ കോളണിക്കാരുടെ അസൂയയും ഏഷണികളും സഹിക്കാവുന്നതിലധികമാണ്‌...നിന്റെയൊപ്പം ജീവിക്കാനായില്ലെങ്കിൽ പിന്നെ ഞാൻ ഒറ്റയ്ക്കു ജീവിച്ചോളാം. നിന്നെ പിരിഞ്ഞിരിക്കുമ്പോൾ എന്റെ ആരോഗ്യം മെച്ചപ്പെടുമെന്നെനിക്കു തോന്നുന്നില്ല. ഇങ്ങനെയാണെങ്കില്ക്കൂടി നിന്നെ കാണുന്നതിൽ ഞാൻ വിമുഖനുമാണ്‌- ജ്വലിക്കുന്ന പ്രകാശം എനിക്കു താങ്ങാനാവില്ല, നിഴലുകളുടെ താവളത്തിലേക്കു ഞാൻ പിൻവാങ്ങുകയാണ്‌. നിന്നോടൊപ്പം സന്തോഷമായി ജീവിക്കുക എന്നത് എത്ര വലിയൊരസാദ്ധ്യതയായിട്ടാണു തോന്നുന്നത്! അതിന്‌ എന്റേതിലും ഭാഗ്യമുള്ളൊരു നക്ഷത്രത്തിൽ ജനിക്കേണ്ടിയിരുന്നു! അതു നടക്കാൻ പോകുന്നില്ല...ആരോഗ്യം അനുവദിക്കുമെങ്കിൽ തലയ്ക്കുള്ളിൽ ഞാൻ കൊണ്ടുനടക്കുന്ന  ഒരു കവിത എനിക്കെഴുതണം; എന്റേതു പോലത്തെ അവസ്ഥയിലുള്ള ചിലർക്ക് അതൊരു സാന്ത്വനമാവും. നിന്നെപ്പോലെ സ്വാതന്ത്ര്യമനുഭവിക്കുന്ന ഒരാളെ പ്രേമിക്കുന്ന എന്നെപ്പോലൊരാളെ ആ കവിതയിൽ ഞാൻ കാണിച്ചുകൊടുക്കും. എത്ര ഉത്കൃഷ്ടമായ പ്രകാരത്തിലാണ്‌ ഷേക്സ്പിയർ എപ്പോഴും കാര്യങ്ങൾ സംക്ഷേപിക്കുക. ‘പോകൂ, പോയി മഠത്തിൽ ചേരൂ, പോകൂ, പോകൂ,’ എന്ന് ഒഫീലിയയോടു പറയുമ്പോൾ ഹാംലെറ്റിന്റെ ഹൃദയം ഞാനനുഭവിക്കുന്ന വേദന കൊണ്ടു നിറഞ്ഞതായിരുന്നു. സകലതും ഒറ്റയടിക്കു വിട്ടുകളയാൻ ഞാൻ ഒരുക്കമാണു തന്നെ-മരിക്കാൻ ഞാൻ ഒരുക്കമാണ്‌. നീയുമൊരുമിച്ചു ചിരിക്കുന്ന ഈ മൃഗീയലോകം എനിക്കു മനം പുരട്ടുന്നതാണ്‌. ഞാൻ പുരുഷന്മാരെ വെറുക്കുന്നു, സ്ത്രീകളെ അതിലേറെ. എനിക്കു ഭാവിയിലേക്കായി കരുതിവച്ചിരിക്കുന്നത് മുള്ളുകൾ മാത്രമാണെന്നു ഞാൻ കാണുന്നു- ഇറ്റലിയിലോ പരലോകത്തോ, വരുന്ന മഞ്ഞുകാലത്ത് ഞാൻ എവിടെയാണെങ്കിലും, ബ്രൗൺ അവന്റെ മര്യാദകേടുകളുമായി നിന്റെയരികിൽ ജീവിക്കുന്നുണ്ടാവും. വിശ്രമം എന്നൊന്ന് ഭാവിയിൽ എവിടെയും ഞാൻ കാണുന്നില്ല...മനുഷ്യനു സ്വാഭാവികമായുള്ള ഒരല്പം ആത്മവിശ്വാസം എന്റെ ഹൃദയത്തിൽ കടത്തിവിടാൻ നിനക്കു കഴിഞ്ഞെങ്കിൽ എന്നു ഞാൻ ആശിക്കുന്നു. ഞാനായി എനിക്കതു കഴിയുന്നില്ല. എനിക്കു താങ്ങാൻ പറ്റുന്നതിലുമധികം ക്രൂരമാണു ലോകം. ശവക്കുഴി എന്നൊരു സംഗതിയുള്ളത് എത്ര നന്നായി. അവിടെയെത്തിയിട്ടല്ലാതെ എനിക്കൊരിക്കലും വിശ്രമം കിട്ടാൻ പോകുന്നില്ല എന്നെനിക്കു വ്യക്തമായിട്ടറിയാം. വിശ്വാസം നിറഞ്ഞ നിന്റെ കൈകൾക്കുള്ളിലായിരുന്നു ഞാനെങ്കിൽ എന്നാണെന്റെ ആഗ്രഹം; അതു നടക്കില്ലെങ്കില്‍   ഒരിടിമിന്നൽ എനിക്കു മേൽ വീഴട്ടെ.

ദൈവാനുഗ്രഹം നിനക്കുണ്ടാകും.

ജെ.കെ


Friday, March 13, 2015

പ്രണയലേഖനങ്ങൾ(35)- ചെക്കോവ്

 

9780413776372


ഓൾഗാ നിപ്പെറിന്‌



1900 സെപ്തംബർ 27

എനിക്കെത്രയും  പ്രിയപ്പെട്ട ഓല്യാ, എന്റെ പ്രിയപ്പെട്ട അഭിനയക്കാരിക്കുട്ടീ, ഊഷ്മളവും സ്നേഹനിർഭരവുമായ ഒരു ഹൃദയം എനിക്കുണ്ടെന്നും പക്ഷേ ഞാനതു മനഃപൂർവം തണുപ്പനാക്കി വയ്ക്കുകയാണെന്നും നീ എഴുതുന്നു. ഞാനതെങ്ങനെ നിനക്കു കാണിച്ചുതരാൻ? എന്റെ പ്രിയപ്പെട്ടവളേ, എനിക്കു നിന്നെ എന്നും സ്നേഹമായിരുന്നു, ഞാനതു നിന്നിൽ നിന്നു മറച്ചുവയ്ക്കാൻ  ശ്രമിച്ചിട്ടുമില്ല. നീ പ്രതീക്ഷിക്കുന്നത് ഗൗരവം നിറഞ്ഞ മുഖങ്ങളും ഗൗരവമുള്ള കാര്യങ്ങൾ സംഭവിക്കുന്നതുമായ ഒരു ദീർഘസംഭാഷണമാണ്‌; പക്ഷേ പതിനായിരം തവണ ഞാൻ പറഞ്ഞുകഴിഞ്ഞതും ഇനിയുമൊരുപാടുകാലം ഞാൻ പറയാൻ പോകുന്നതുമായ ഒരു കാര്യമല്ലാതെ മറ്റെന്താണു നിന്നോടു പറയാനുള്ളതെന്ന് എനിക്കറിയില്ല- ഞാൻ നിന്നെ സ്നേഹിക്കുന്നു, അത്ര തന്നെ. ഇപ്പോൾ നാം ഒരുമിച്ചല്ലെങ്കിൽ അതിനു നാം പഴിക്കേണ്ടത് എന്റെയുള്ളിൽ ഒരു വൈറസിനെയും നിന്റെയുള്ളിൽ കലാസ്നേഹത്തെയും കടത്തിവിട്ട ആ പിശാചുക്കളെയാണ്‌.
വിട, എന്റെ പ്രിയപ്പെട്ട കിഴവീ; മാലാഖമാർ നിന്നെ കാക്കട്ടെ. എനിക്കെഴുതുക; നിന്റെ അന്റോയിൻ.


യാൾട്ട, 1902 ആഗസ്റ്റ് 27

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നിന്റെ ഒരു കത്ത് എനിക്കു കിട്ടിയിരിക്കുന്നു. ഇവിടെ എന്റെ ജീവിതം സ്വസ്ഥമാണ്‌; ഞാൻ ടൗണിലേക്കു പോകാറില്ല; കാണാൻ വരുന്നവരുമായി അതുമിതും പറഞ്ഞിരിക്കും; ഇടയ്ക്കെന്തെങ്കിലും എഴുതിയാലായി. ഈ വർഷം ഞാൻ നാടകമൊന്നും എഴുതാൻ പോകുന്നില്ല; അതിനുള്ള മനഃസ്ഥിതിയിലല്ല ഞാൻ. ഇനിയഥവാ, നാടകസ്വഭാവമുള്ള എന്തെങ്കിലും എഴുതിയാൽത്തന്നെ അത് ഒറ്റ അങ്കമുള്ള ഒരു പ്രഹസനമായിരിക്കും.

നിന്റെ കത്ത് മാഷ (ചെക്കോവിന്റെ സഹോദരി)യല്ല തന്നത്; ഞാനത് അമ്മയുടെ മുറിയിലെ മേശപ്പുറത്തു നിന്നെടുക്കുകയായിരുന്നു. യാന്ത്രികമായി അതെടുത്തു വായിച്ചപ്പോൾ മാഷ അത്രയ്ക്കും അസ്വസ്ഥയായതിന്റെ കാരണം എനിക്കു പിടി കിട്ടി. നിന്റെ കത്ത് വല്ലാതെ പരുഷമായിപ്പോയി, അതിലും പ്രധാനമായി അന്യായമായ കുറ്റപ്പെടുത്തലുമാണത്. തീർച്ചയായും അതെഴുതുമ്പോൾ നിന്റെ മാനസികനില എന്തായിരുന്നുവെന്ന് എനിക്കറിയാം, അതെനിക്കു മനസ്സിലാവുകയും ചെയ്യും. എന്നാലും നീ ഒടുവിലെഴുതിയ കത്ത് വളരെ വിചിത്രമായി; നിന്റെ തലയ്ക്കെന്തു പറ്റിയെന്നോ എന്താണതിനുള്ളിൽ നടക്കുന്നതെന്നോ എനിക്കു മനസ്സിലാകുന്നില്ല; നീ എഴുതുന്നു: ‘ഞാനിവിടെ സുഖമില്ലാതെ കിടക്കുമ്പോൾ നിങ്ങളെ അവർ യാൾട്ടയിൽ പ്രതീക്ഷിച്ചത് എനിക്കു വിചിത്രമായി തോന്നുന്നു. എനിക്കു സുഖമില്ലാതിരിക്കുമ്പോൾ നിങ്ങൾ എന്റെ കൂടെ നില്ക്കുന്നത് ആർക്കൊക്കെയോ രസിക്കുന്നില്ല.’ ആർക്കാണതു രസിക്കാത്തത്? നീയില്ലാതെ ഒറ്റയ്ക്കു ചെല്ലാൻ ആരുമെന്നോടു പറഞ്ഞിട്ടില്ലെന്നു കത്തിൽ ഞാൻ ആണയിട്ടെഴുതിയിരുന്നതല്ലേ? ഇത്ര ന്യായക്കേടായി പെരുമാറരുത് പ്രിയേ, ഒരിക്കലും അങ്ങനെ ചെയ്യരുത്...

...നിന്റെ കത്തുകൾ തണുപ്പൻ മട്ടിലാണെങ്കിലും എന്റെ സ്നേഹപ്രകടനങ്ങൾ കൊണ്ടു ഞാൻ നിന്നെ പൊറുതി മുട്ടിച്ചുകൊണ്ടേയിരിക്കുന്നു; നിന്നെക്കുറിച്ചു തന്നെ ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്നു. ഒരു കോടിത്തവണ ഞാൻ നിന്നെ ചുംബിക്കുന്നു, നിന്നെ പുണരുന്നു. അഞ്ചു ദിവസത്തിൽ ഒന്നെന്ന കണക്കു വിട്ടു കൂടുതലായെഴുതൂ, പ്രിയപ്പെട്ടവളേ. എന്തായാലും ഞാൻ നിന്റെ ഭർത്താവല്ലേ. നമ്മുടെ ഹിതപ്രകാരം ഒരുമിച്ചു ജീവിക്കാൻ ഒരവസരം കിട്ടുന്നതിനു മുമ്പ്, എനിക്കൊരു കുഞ്ഞുമകനെയോ മകളെയോ തരുന്നതിനു മുമ്പ് നീ എന്നെ വിട്ടു പോകരുതേ. എനിക്കൊരു കുഞ്ഞിനെ തന്നു കഴിഞ്ഞാൽ പിന്നെ നീ നിന്റെ ഇഷ്ടം പോലെ നടന്നോളൂ. ഞാൻ ഒന്നുകൂടി ചുംബിക്കുന്നു.

നിന്റെ,
എ.



യാൾട്ട, 1902 സെപ്തംബർ 1

എന്റെ പ്രിയേ, എന്റെ സ്വന്തമേ,

പിന്നെയും വിചിത്രമായ ഒരു കത്ത് നിന്നിൽ നിന്നു വന്നിരിക്കുന്നു. പിന്നെയും എന്തിനും ഏതിനും എന്റെ പാവം തലയെ  നീ പഴി ചാരുന്നു. എനിക്കു മോസ്കോയിലേക്കു മടങ്ങാൻ താല്പര്യമില്ലെന്നും ഞാൻ അവിടെ നിന്നു രക്ഷപ്പെടുകയായിരുന്നുവെന്നും ഈ ശരല്ക്കാലത്ത് ഞാൻ അങ്ങോട്ടു വരുന്നില്ലെന്നും ആരാണു നിന്നോടു പറഞ്ഞത്? ലളിതമായ ഭാഷയിൽ, വളച്ചുകെട്ടില്ലാതെ ഞാൻ നിനക്കെഴുതിയിരുന്നതല്ലേ, സെപ്തംബറിൽ ഞാൻ തീർച്ചയായും വരുന്നുണ്ടെന്നും ഡിസംബർ വരെ നിന്റെയൊപ്പം താമസിക്കുമെന്നും? ശരിയല്ലേ? ഞാൻ ഒന്നും തുറന്നു പറയുന്നില്ലെന്നു നീ കുറ്റപ്പെടുത്തുന്നു, എന്നിട്ടു നീയോ, ഞാൻ പറയുന്നതും എഴുതുന്നതുമൊക്കെ മറക്കുകയും ചെയ്യുന്നു. എന്റെ ഭാര്യയെ എന്തു ചെയ്യണമെന്നോ എങ്ങനെയാണവൾക്കു കത്തെഴുതേണ്ടതെന്നോ എനിക്കു പിടി കിട്ടുന്നില്ല. എന്റെ കത്തു വായിക്കുമ്പോൾ നിനക്കു ശരീരം വിറയ്ക്കുന്നുവെന്ന്, നമുക്കു പിരിയാൻ കാലമായിരിക്കുന്നുവെന്ന്, ഇതിലൊക്കെ തനിക്കു പിടി കിട്ടാത്തതായി എന്തോ ഉണ്ടെന്ന്...എന്നൊക്കെയല്ലേ നീ എഴുതിയിരിക്കുന്നത്? ഇതിങ്ങനെ താറുമാറാവാൻ കാരണം നീയോ ഞാനോ അല്ല എന്നെനിക്കു തോന്നുന്നു; മറ്റാരോ ആണത്, നിന്നോടു സംസാരിച്ച ഒരാൾ. അയാൾ കുത്തിവച്ച വിഷം കാരണമാണ്‌ നീ എന്റെ വാക്കുകളെയും വിചാരങ്ങളെയും അവിശ്വസിക്കുന്നത്. സകലതും നീ സംശയത്തോടെയാണു കാണുന്നത്- എനിക്കിതിൽ ഒന്നും ചെയ്യാനില്ല, ഒന്നുമില്ല. നിന്നെ അതിൽ നിന്നു പിന്തിരിപ്പിക്കാനോ എന്റെ ഭാഗമാണു ശരിയെന്നു സമർത്ഥിക്കാനോ ഞാൻ ശ്രമിക്കുകയുമില്ല, കാരണം അതുകൊണ്ട് ഒരു ഫലവുമില്ല. പൂർണ്ണനിശബ്ദതയിൽ നിന്റെ കൂടെ ജീവിക്കാൻ കഴിവുള്ളയാളാണു ഞാനെന്നും നിന്നിലെ സൌമ്യസ്വഭാവിയായ സ്ത്രീയെ മാത്രമേ എനിക്കാവശ്യമുള്ളൂയെന്നും ഒരു മനുഷ്യജീവിയെന്ന നിലയ്ക്ക് ഞാൻ നിന്നെ കാണുന്നില്ലെന്നും നീ എഴുതുന്നു. എനിക്കെത്രയും പ്രിയപ്പെട്ടവളേ, നീ എന്റെ ഭാര്യയാണ്‌; ഇനിയെന്നാണു നീയതു മനസ്സിലാക്കാൻ പോകുന്നത്? എന്നോടേറ്റവുമടുത്ത, എനിക്കേറ്റവും പ്രിയപ്പെട്ട വ്യക്തിയാണു നീ; കലവറയില്ലാതെ നിന്നെ ഞാൻ സ്നേഹിച്ചു, ഇന്നും സ്നേഹിക്കുന്നു, എന്നിട്ടും നീ സ്വയം ചിത്രീകരിക്കുന്നത് ഞാൻ ഒറ്റപ്പെടുത്തിയ ‘സൌമ്യസ്വഭാവിയായ സ്ത്രീ’യാണു താനെന്നും! ...എങ്കില്പിന്നെ, നിനക്കു തോന്നുന്ന വിധം ആയിക്കോളൂ, നിനക്കതാണു വേണ്ടതെങ്കിൽ.

...പ്രിയപ്പെട്ടവളേ, എന്റെ ഭാര്യയാവുക, എന്റെ സ്നേഹിതയാവുക, നല്ല കത്തുകളെഴുതുക, വിഷാദരോഗം പരത്തുന്നതു നിർത്തുക, എന്നെ പീഡിപ്പിക്കാതിരിക്കുക. ദയാമയിയായ, ശാന്തസ്വഭാവിയായ ഭാര്യയാവുക; നീ അതു തന്നെയാണല്ലൊ. മുമ്പെന്നത്തേക്കാളും തീവ്രമായി നിന്നെ ഞാൻ സ്നേഹിക്കുന്നു, ഭർത്താവെന്ന നിലയിൽ ഒരു കളങ്കവും എന്റെ ഭാഗത്തു നിന്നിനുണ്ടായിട്ടുമില്ല. ഇനിയെങ്കിലും നിനക്കതു മനസ്സിലാക്കിക്കൂടേ, എന്റെ ആനന്ദമേ, എന്റെ കത്തെഴുത്തുകാരീ?

നിന്റെ,
എ.


യാൾട്ട, 1903 ജനുവരി 20

നീ എന്തു തീരുമാനിച്ചു? സ്വിറ്റ്സർലന്റിനെക്കുറിച്ചു നീ എന്തു പറയുന്നു? അതു നല്ലൊരു യാത്രയാവുമെന്ന് എനിക്കു തോന്നുന്നു. പോകുന്ന വഴിക്ക് നമുക്ക് വിയന്ന, ബർലിൻ തുടങ്ങിയിടത്തൊക്കെ തങ്ങാം, തിയേറ്ററിൽ പോകാം. എന്താ? എന്തു പറയുന്നു?...ഇന്ന് നല്ല വെയിലുള്ള, തെളിഞ്ഞ ദിവസമാണ്‌; പക്ഷേ ഞാൻ വീട്ടിനുള്ളിലാണ്‌; പുറത്തേക്കു പോകരുതെന്ന് അൾട്ഷുള്ളെർ വിലക്കിയിരിക്കുന്നു. എന്റെ ടെമ്പറേച്ചർ ഇപ്പോൾ വളരെ നോർമ്മൽ ആണ്‌.

ഞാൻ ഇങ്ങ് യാൾട്ടയിലായിരിക്കെ നീ അവിടെ മോസ്ക്കോവിലാണെന്നത് നിനക്കു വല്ലാതെ മനഃസാക്ഷിക്കുത്തുണ്ടാക്കുന്നുവെന്നാണല്ലോ നീ എഴുതുന്നത്. അല്ല, അതിൽ നമുക്കെന്തു ചെയ്യാൻ പറ്റും, പ്രിയേ? ശരിക്കൊന്നാലോചിച്ചു നോക്കൂ: മഞ്ഞുകാലം മൊത്തം നീ യാൾട്ടയിൽ എന്റെ കൂടെ താമസിച്ചാൽ നിന്റെ ജീവിതം ആകെ താറുമാറാകും; അതിന്റെ കുറ്റബോധം പിന്നെ എനിക്കാകും. അതുകൊണ്ട് നമ്മുടെ കാര്യങ്ങൾ ശരിയാവാനും പോകുന്നില്ല. ഞാൻ ഭാര്യയാക്കാൻ പോകുന്നത് ഒരു നാടകനടിയെയാണെന്ന് എനിക്കു നല്ല ബോദ്ധ്യമുണ്ടായിരുന്നു- എന്നു പറഞ്ഞാൽ, മഞ്ഞുകാലത്തു നീ മോസ്ക്കോവിലായിരിക്കും എന്ന് എനിക്കു നല്ല ബോദ്ധ്യമുണ്ടായിരുന്നുവെന്ന്. എന്നെ തഴയുന്നതായോ എത്ര ചെറുതായെങ്കിലും എന്നോടന്യായം ചെയ്തതായോ എനിക്കു തോന്നിയിട്ടില്ല. നേരേ മറിച്ച് ഒക്കെ ഭംഗിയായി നടക്കുന്നതായിട്ടേ ഇതേ വരെ എനിക്കു തോന്നിയിട്ടുള്ളു; അതിനാൽ പ്രിയപ്പെട്ടവളേ, നിന്റെ കുറ്റബോധം കൊണ്ട് എന്റെ മനസ്സു കെടുത്തരുത്. മാർച്ചിൽ പിന്നെയും നാം നമ്മുടെ സന്തുഷ്ടജീവിതം തുടങ്ങും, നാമിപ്പോൾ അനുഭവിക്കുന്ന ഏകാന്തത പിന്നെ നാമറിയുകയുമില്ല. അടങ്ങ്, ഇങ്ങനെ മനസ്സു കലക്കാതെ; ജീവിക്കുക, ആശിക്കുക. ആശിക്കുക, അത്ര മാത്രം...

chekhov sign

 

 

 

 


റഷ്യൻ നാടകകൃത്തും കഥാകാരനുമായ ആന്റൺ ചെക്കോവ്(1860-1904) നാടകനടിയായ ഓൾഗ നിപ്പെറിനെ ആദ്യമായി കാണുന്നത് തന്റെ ‘കടല്ക്കാക്ക’ എന്ന നാടകത്തിന്റെ റിഹേഴ്സൽ സമയത്താണ്‌. അന്ന് അദ്ദേഹത്തിന്‌ 38 വയസ്സായിരുന്നു, അവർ അദ്ദേഹത്തെക്കാൾ പത്തു കൊല്ലം ചെറുപ്പവും. 1901ൽ അവർ വിവാഹിതരായെങ്കിലും ക്ഷയരോഗിയായ ചെക്കോവ് ചികിത്സാർത്ഥം യാൾട്ടയിലെ തന്റെ വില്ലയിലും ഓൾഗ നാടകാഭിനയവുമായി മോസ്ക്കോയിലുമായിരുന്നു താമസം. അവർക്ക് കുട്ടികളുണ്ടായില്ല. 1904ൽ മരിക്കുമ്പോൾ ഓൾഗ അടുത്തുണ്ടായിരുന്നു.


പ്രണയലേഖനങ്ങൾ(34)- നഥാനിയൽ ഹാവ്ത്തോൺ

Nathaniel_Hawthorne


 

1839 ഡിസംബർ 5

എത്രയും പ്രിയപ്പെട്ടവളേ,

പദ്യമെഴുതാനുള്ള സിദ്ധി ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു; കാരണം, നിന്നെ പ്രേമിച്ചു തുടങ്ങിയതിൽ പിന്നെ തലയിലും നെഞ്ചിലും കവിത വന്നു നിറയുകയാണെന്ന തോന്നലാണെനിക്ക്. നീ ഒരു കവിതയാണ്‌. എങ്കിൽ, അതേതു തരം? ഇതിഹാസം? അയ്യയ്യോ, അതല്ല! ഗീതകം? അതുമല്ല, വല്ലാതെ ക്ളിഷ്ടവും കൃത്രിമവുമാണത്. മധുരവും സരളവും ഉല്ലാസഭരിതവും കരുണരസം നിറഞ്ഞതുമായ ഒരു ഗാഥയാണു നീ; പ്രകൃതി അതു പാടുകയാണ്‌, ചിലനേരം കണ്ണീരോടെ, ചിലനേരം പുഞ്ചിരിയോടെ, ചിലനേരം ചിരിയും കണ്ണീരുമിടകലർന്നും.


 

അവാച്യമായവിധം പ്രിയപ്പെട്ടവളേ,

നിന്റെ കത്ത് ഇപ്പോഴെനിക്കു കിട്ടിയതേയുള്ളു. കുട്ടികളുമൊത്തുള്ള നിന്റെ ജീവിതത്തിന്റെ അത്രയ്ക്കൊരു ചിത്രം അതു നല്കുന്നുവെന്നതിനാൽ എനിക്കതെത്രയും ആശ്വാസപ്രദവുമായി. ഞാൻ സ്നേഹിക്കുന്ന എന്റെ കുടുംബത്തെ മുഴുവൻ ഞാൻ കണ്മുന്നിൽ കണ്ടു, അവർ ഒരുമിച്ചിരുന്നു സംസാരിക്കുന്നതു ഞാൻ കേട്ടു...

പോയ രാത്രിയിൽ ഞാനൊരു സ്വപ്നം കണ്ടു; ന്യൂട്ടണിൽ നീയും മറ്റു പലരും കൂടിയിരിക്കുന്ന ഒരു മുറിയിലാണു ഞാൻ; അവിടെ വച്ചു നീ പ്രഖ്യാപിക്കുകയാണ്‌, നീ ഇനിമേലെന്റെ ഭാര്യയല്ലെന്നും മറ്റൊരാളെ താൻ ഭർത്താവായി സ്വീകരിച്ചുവെന്നും. മുഖത്തൊരു ഭാവവുമില്ലാതെ, എത്ര മനഃസാന്നിദ്ധ്യത്തോടെയാണ്‌ ആ വിവരം നീ അറിയിക്കുന്നതെന്നു കണ്ടപ്പോൾ- പ്രത്യേകിച്ചെന്നെ മാത്രം നോക്കിയിട്ടല്ല, കൂടിയിരിക്കുന്ന എല്ലാവരോടുമായിട്ടാണ്‌ നീ പറയുന്നത്- എന്റെ മനസ്സും ഹൃദയവും മരവിച്ചുപോയി, ഒനും എനിക്കു പറയാനില്ലാതായി. പക്ഷേ ഈ സമയത്ത് അവിടെയുണ്ടായിരുന്ന ഏതോ ഒരു സ്ത്രീ എഴുന്നേറ്റു നിന്ന് മറ്റുള്ളവരോടു പറയുകയാണ്‌, കാര്യങ്ങൾ ഈ വിധമാവുകയും നീ എന്റെ ഭാര്യയല്ലാതാവുകയും ചെയ്ത സ്ഥിതിയ്ക്ക് ഞാൻ ഇപ്പോൾ അവളുടേതാണെന്ന്! എന്നിട്ട് എന്റെ നേർക്കു തിരിഞ്ഞു ഒരു കൂസലുമില്ലാതെ ചോദിക്കുകയാണ്‌, ഈ പുതിയ ഏർപ്പാട് എന്റെ അമ്മയെ എഴുതി അറിയിക്കാൻ പോകുന്നത് ഞാനാണോ അതോ അവളാണോയെന്നും! കുട്ടികളെ എങ്ങനെയാണു വീതിക്കാൻ പോകുന്നതെന്ന് എനിക്കു മനസ്സിലായില്ല. എന്റെ ഹൃദയം സകല നിയന്ത്രണങ്ങളും പൊട്ടിച്ചു പുറത്തു ചാടുന്നതും പറഞ്ഞാൽ തീരാത്ത വേദനയോടെ ഞാൻ നീയുമായി തർക്കിക്കാൻ തുടങ്ങുന്നതുമേ പിന്നെയെനിക്കോർമ്മയുള്ളു; അതിനിടയിൽ ഞാൻ ഉണരുകയും ചെയ്തു. പക്ഷേ എന്തൊരന്യായമാണ്‌ എന്നോടു കാണിച്ചതെന്ന തോന്നലും അതുണ്ടാക്കിയ മാനസികാഘാതവും ഏറെ നേരത്തേക്ക് എന്നെ വിട്ടൊഴിഞ്ഞതേയില്ല; ഇതെഴുതുമ്പോൾപ്പോലും അതെന്നെ പൂർണ്ണമായി വിട്ടുമാറിയിട്ടില്ല. എന്റെ സ്വപ്നങ്ങളിൽ വരുമ്പോൾ നീ ഇതുമാതിരി പെരുമാറാൻ പാടുള്ളതല്ല.

ഫീബീ, എനിക്കു നിന്നെ അത്രയ്ക്കു വേണം. ഈ ലോകത്ത് എനിക്കു വേണ്ടതായി നീയൊരാളേയുള്ളു. മറ്റുള്ളവരുമായി ഇടയ്ക്കെപ്പോഴെങ്കിലും ഒത്തുപോയെങ്കിലായി. പക്ഷേ നിന്നെ കാണുന്നതു വരെ മറ്റൊരാളുടെ സഹവാസത്തേക്കാൾ ഞാൻ ഇഷ്ടപ്പെട്ടിരുന്നത് ഒറ്റയ്ക്കിരിക്കാനാണ്‌. ഇപ്പോഴാണെങ്കിൽ നീ കൈയകലത്തുണ്ടെങ്കിലേ ഞാൻ ഞാനാവൂ എന്ന സ്ഥിതിയുമായിരിക്കുന്നു. അവാച്യമാം വിധം പ്രിയപ്പെട്ട സ്ത്രീയാണു നീ. ഇത്രയും തണുത്തുറഞ്ഞൊരു വേദന എനിക്കു മേൽ അടിച്ചേല്പിക്കാൻ ആ സ്വപ്നത്തിൽ നിനക്കെങ്ങനെ കഴിഞ്ഞു?

ഈ എഴുത്ത് ഇനിയും തുടർന്നുപോയാൽ അതെന്റെ കൂടുതൽ ആഗ്രഹങ്ങളെയും സ്നേഹത്തെയും പറ്റി പറയാനായിരിക്കും; പറഞ്ഞെത്തിക്കാനാവാത്തതാണതെന്നതിനാൽ കത്തു ചുരുക്കുകയാവും ഭേദം.

നിന്റെ ഭർത്താവ്


നഥാനിയൽ ഹാവ്ത്തോൺ (1804-1864) -അമേരിക്കൻ നോവലിസ്റ്റ്; ചിത്രകാരിയായ ഭാര്യ സോഫിയ പീബൊഡിക്കെഴുതിയവയാണ്‌ ഈ കത്തുകൾ.

Thursday, March 12, 2015

ബോര്‍ഹസ് - ഡോ. ബ്രോഡിയുടെ റിപ്പോര്‍ട്ട്

index



 
എന്റെ പ്രിയസ്‌നേഹിതന്‍ പൌളീനോ‍ കെയിന്‍സ് എനിക്കെത്തിച്ചു തന്ന ലെയ്‌നിന്റെ അറബിക്കഥകള്‍ (ലണ്ടന്‍, 1839) എന്ന ഗ്രന്ഥത്തിന്റെ ഒന്നാം  വാല്യത്തിന്റെ പേജുകള്‍ക്കിടയിലാണ് ഞാന്‍ താഴെ പകര്‍ത്താന്‍ പോകുന്ന കൈയ്യെഴുത്തുപ്രതി ഞങ്ങള്‍ കണ്ടെത്തിയത്. വൃത്തിയുള്ള കൈപ്പട - ടൈപ്പ് റൈട്ടറുകള്‍  സഹായിച്ച് നാമിന്നു മറന്നുവരുന്ന ഒരു കല - സൂചിപ്പിക്കുന്നത് ഏതാണ്ട് അതേ കാലമടുപ്പിച്ചു തന്നെയാണ് ഇതും രചിക്കപ്പെട്ടതെന്നാണ്. ലെയ്‌നിന്റെ  കൃതി വിപുലമായ  വിശദീകരണക്കുറിപ്പുകള്‍ കൊണ്ടു സമ്പന്നമാണെന്ന കാര്യം സുവിദിതമാണല്ലോ. എന്റെ കൈവശമുള്ള കോപ്പിയില്‍ കുറേയേറെ വ്യാഖ്യാനങ്ങളും ചോദ്യചിഹ്നങ്ങളും അവിടവിടെ കൈയ്യെഴുത്തു പ്രതിയിലെ അതേ കൈപ്പടയില്‍ത്തന്നെയുള്ള ചില തിരുത്തലുകളും കാണാനുണ്ട്. ഷഹ്‌രെസാദെയുടെ അദ്ഭുതകഥകളേക്കാള്‍ വ്യാഖ്യാതാവിനെ ആകര്‍ഷിച്ചത് മുഹമ്മദരുടെ ആചാരരീതികളായിരുന്നുവെന്ന് നമുക്കു സംശയിക്കാവുന്നതാണ്. അവസാനത്തെ പേജില്‍ ആര്‍ഭാടത്തോടെ ഒപ്പു വച്ചിരിക്കുന്ന ഡേവിഡ് ബ്രോഡി ഡിയെക്കുറിച്ച് എനിക്ക് ചികഞ്ഞെടുക്കാന്‍ കഴിഞ്ഞ വിവരം ഇത്രമാത്രമാണ്: ഇദ്ദേഹം അബെര്‍ദീനില്‍ ജനിച്ച ഒരു സ്‌കോട്ട്‌ലണ്ടുകാരന്‍ മിഷനറിയാണ്; ആദ്യകാലത്ത് ആഫ്രിക്കയുടെ ഉള്‍പ്രദേശങ്ങളിലും പില്ക്കാലത്ത്-പോര്‍ട്ടുഗീസ് ഭാഷയില്‍ പരിജ്ഞാനമുണ്ടായതിനാലാവണം - ബ്രസീലിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളിലും സുവിശേഷവേല നടത്തിയിട്ടുണ്ട്; ഇദ്ദേഹം മരിച്ചത് എന്നാണെന്നോ എവിടെ വച്ചാണെന്നോ പിടിയില്ല. ഈ റിപ്പോര്‍ട്ട് എന്റെ അറിവില്‍പെട്ടിടത്തോളം അച്ചടിക്കാന്‍ കൊടുത്തിട്ടേയില്ല.
താഴെ കൊടുത്തിരിക്കുന്നത് അത്ര സുന്ദരമല്ലാത്ത ഇംഗ്ലീഷില്‍ അദ്ദേഹം തയ്യാറാക്കിയ ആ റിപ്പോര്‍ട്ടിന്റെ നേര്‍പകര്‍പ്പാണ്. വിട്ടുകളഞ്ഞുവെന്നു പറയാന്‍, മാര്‍ജിനില്‍ കുറിച്ചിട്ടിരുന്ന രണ്ടോ മൂന്നോ ബൈബിള്‍ വരികളും, പിന്നെ യാഹൂക്കളുടെ ലൈംഗികശീലങ്ങളെക്കുറിച്ച് കൗതുകമുണര്‍ത്തുന്ന ഒരു ഭാഗവും മാത്രമേയുള്ളൂ. (സന്മാര്‍ഗ്ഗഭീരുവായ നമ്മുടെ പ്രെസ്ബിറ്റേറിയന്‍ സഭക്കാരന്‍ ആ ഭാഗം വിവേകപൂര്‍വ്വം ലാറ്റിനിലാണ് എഴുതിയിരുന്നത്). ആദ്യത്തെ പേജ് കാണാനില്ല.


* * * * *
... പിന്നിലായി, കുരങ്ങുമനുഷ്യരുടെ ശല്യമുള്ള സ്ഥലത്താണ് 'മ്‌ള്ക്ക്'കളുടെ ആവാസം. ഞാനിവരെ 'യാഹൂ'ക്കള്‍ എന്നു വിളിക്കാം; എങ്കില്‍ എന്റെ വായനക്കാര്‍ക്ക് ഇവരുടെ മൃഗീയ പ്രകൃതിയെക്കുറിച്ച് ഒരു ബോധമുണ്ടാവുമല്ലോ; തന്നെയുമല്ല, ഇവരുടെ പരുക്കന്‍ ഭാഷയില്‍ സ്വരാക്ഷരങ്ങളേയില്ലാത്തതിനാല്‍ കൃത്യമായ ഒരു ലിപ്യന്തരണം മിക്കവാറും അസാദ്ധ്യവുമാണ്. കുറെക്കൂടി തെക്കായി മുള്‍ക്കാടുകളില്‍ പാര്‍ക്കുന്ന 'ന്‌റ്കളെ'ക്കൂടി ഉള്‍പ്പെടുത്തിയാലും  ഇവരുടെ അംഗബലം, എനിക്കു തോന്നുന്നത്, എഴുന്നൂറില്‍ കവിയില്ല എന്നാണ്. എന്റെ ഈ കണക്ക് ഒരൂഹം മാത്രമാണ്; കാരണം രാജാവും റാണിയും മന്ത്രവാദികളുമൊഴിച്ചുള്ള യാഹൂക്കള്‍ സ്ഥിരമായി ഒരിടത്തു കിടന്നുറങ്ങുന്ന സ്വഭാവക്കാരല്ല; എവിടെ വച്ചു രാത്രിയാകുന്നുവോ അവിടെ കിടന്നാണുറക്കം. മലമ്പനിയും കുരങ്ങുമനുഷ്യരുടെ നിരന്തരമായ ആക്രമണങ്ങളും കാരണം ഇവരുടെ അംഗസംഖ്യ കുറഞ്ഞുവരികയുമാണ്. വളരെ ചുരുക്കം വ്യക്തികള്‍ക്കേ പേരുള്ളു. തമ്മില്‍ വിളിക്കാന്‍ ഒരുപിടി ചെളി വാരിയെറിയുകയാണ് രീതി. കൂട്ടുകാരുടെ ശ്രദ്ധയാകര്‍ഷിക്കാനായി തറയില്‍ ഉരുണ്ടുവീണ് പൊടിയില്‍ കിടന്നുരുളുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. വീതി കുറഞ്ഞ നെറ്റിത്തടവും, കറുപ്പിന്റെ കട്ടി കുറയ്ക്കുന്ന നേരിയ ചെമ്പുനിറവുമൊഴിച്ചാല്‍, മറ്റു ശരീരലക്ഷണങ്ങളില്‍ ഇവര്‍ക്ക് 'ക്രൂ'കളുമായി അത്ര വ്യത്യാസമൊന്നുമില്ല. പഴങ്ങളും കിഴങ്ങുകളും ചെറുതരം ഇഴജന്തുക്കളുമാണ് മുഖ്യാഹാരം; ഇവര്‍ പൂച്ചകളുടേയും വവ്വാലുകളുടേയും പാല്‍  കുടിക്കാറുണ്ട്; കൈകൊണ്ട് മീന്‍പിടിക്കുകയും ചെയ്യും. ആഹാരം കഴിക്കുമ്പോള്‍ ഇവര്‍ സാധാരണയായി അന്യരുടെ കണ്ണില്‍പെടാതെ നോക്കും; അല്ലെങ്കില്‍ കണ്ണടച്ചു കളയും. മറ്റു ശാരീരികാവശ്യങ്ങളൊക്കെ മറവൊന്നുമില്ലാതെയാണ് നിര്‍വ്വഹിക്കാറ്, പഴയകാലത്തെ സിനിക്കുകളെപ്പോലെ...


ഇവര്‍ രാജകുടുംബാംഗങ്ങളുടേയും മന്ത്രവാദികളുടെയും പച്ചശവങ്ങള്‍ തിന്നും; ഇത് അവരുടെ ജ്ഞാനത്തില്‍ പങ്കുചേരാനാണത്രേ. ഈ ദുരാചാരത്തിന്റെ പേരില്‍ ഞാനവരെ ശാസിച്ചപ്പോള്‍ തങ്ങളുടെ ചുണ്ടും അടിവയറും തൊട്ടുകാണിക്കുകയാണ് ഇവര്‍ ചെയ്തത്. ഇതുകൊണ്ട് അവര്‍ ഉദ്ദേശിച്ചത് ഒരുപക്ഷേ, മരി

ച്ചവരും ഭക്ഷ്യയോഗ്യരാണ് എന്നാവാം; അതല്ലെങ്കില്‍- അപ്രകൃതമായ വിശദീകരണമാണെന്നു തോന്നാം - നാം കഴിക്കുന്നതൊക്കെ കാലക്രമത്തില്‍ മനുഷ്യമാംസമായിത്തീരുന്നുവെന്നു ഞാന്‍ മനസ്സിലാക്കണമെന്നാവാം. ഇവര്‍ യുദ്ധം ചെയ്യാന്‍ കല്ലുകളും മന്ത്രങ്ങളും രക്ഷകളും ഉപയോഗിക്കുന്നു. വസ്ത്രധാരണവും പച്ചകുത്തലും തീരെ അജ്ഞാതമായതിനാല്‍ നഗ്നരായിട്ടാണ് ഇവരുടെ നടപ്പ്.
തെളിനീരുറവകളും തണല്‍വൃക്ഷങ്ങളുമുള്ള, വിസ്തൃതവും പുല്ലുനിറഞ്ഞതുമായ പീഠഭൂമി അരികത്തുണ്ടായിട്ടുകൂടി, അതിനെ ചുഴന്നുകിടക്കുന്ന ചതുപ്പുനിലങ്ങളില്‍ തൂന്നുകൂടാനാണ് ഇക്കൂട്ടര്‍ക്കു താല്പര്യമെന്നത് പ്രസ്താവയോഗ്യമത്രെ. ഉഷ്ണകാലാവസ്ഥയുടെ കഠിനതകളും പൊതുവേയുള്ള അനാരോഗ്യസ്ഥിതിയുമാണ് ഇവര്‍ക്ക് ആനന്ദം നല്‍കുന്നതെന്ന് തോന്നിപ്പോവും. പീഠഭൂമിയുടെ ചരിവുകള്‍ ചെങ്കുത്തായി കിടക്കുന്നതുകൊണ്ട് കുരങ്ങുമനുഷ്യരുടെ ആക്രമണങ്ങളെ തടുക്കാന്‍ ഒരു സ്വാഭാവികദുര്‍ഗ്ഗം എന്ന നിലയില്‍ അതിനെ ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ. സമാനമായ പരിതഃസ്ഥിതിയില്‍ സ്‌കോട്ട്‌ലണ്ടിലെ പ്രാചീനഗോത്രങ്ങള്‍ ചെയ്തത് ഏതെങ്കിലും കുന്നുമ്പുറത്തു കോട്ട കെട്ടുകയാണല്ലോ. ഈ ലളിതമായ പ്രതിരോധമുറ സ്വീകരിക്കാന്‍ ഞാന്‍ മന്ത്രവാദികളെ ഉപദേശിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. രാത്രിയില്‍ തണുത്ത കാറ്റു കിട്ടുന്ന മുകള്‍ഭാഗത്ത് ഞാന്‍ ഒരു കുടിലുകെട്ടുന്നതിന് അവര്‍ പക്ഷേ, എതിരു പറഞ്ഞതുമില്ല.

ഗോത്രത്തെ ഭരിക്കുന്നത് രാജാവാണ്; പരിപൂര്‍ണ്ണവും അന്തിമവുമാണ് അയാളുടെ അധികാരം. പക്ഷേ എന്റെ സംശയം യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത്, രാജാവാരാണെന്നു തീരുമാനിക്കുകയും അയാളെ ഉപദേശിക്കുകയും ചെയ്യുന്ന മന്ത്രവാദികള്‍ ആണെന്നാണ്. ഗോത്രത്തില്‍ ജനിക്കുന്ന ഓരോ പുരുഷപ്രജയും ജനനസമയത്ത് നിഷ്‌കൃഷ്ടമായ ഒരു പരിശോധനയ്ക്കു വിധേയമാക്കപ്പെടുന്നു. അതിന്റെ ദേഹത്തു ചില കലകള്‍ ഉള്ളതായി കണ്ടാല്‍ (അതിന്റെ സ്വഭാവം അവര്‍ എനിക്കു വെളിപ്പെടുത്തിത്തന്നില്ല) അവര്‍ ആ ശിശുവിനെ യാഹൂക്കളുടെ രാജാവ് എന്ന പദവിയിലേക്കുയര്‍ത്തുന്നു. ഭൗതികലോകത്തിന്റെ പ്രലോഭനങ്ങളില്‍പ്പെട്ട് ജ്ഞാനമാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിച്ചുപോകാതിരിക്കാനായി ജനിച്ചയുടന്‍തന്നെ രാജാവിന്റെ വരിയുടയ്ക്കുകയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും കൈകാലുകള്‍ ഛേദിച്ചുകളയുകയും ചെയ്യുന്നു. അതില്പിന്നെ 'ദുര്‍ഗ്ഗം' (ക്വ്സ്ര്‍‍) എന്നു വിളിക്കപ്പെടുന്ന ഒരു പാറമടയില്‍ ഒറ്റയ്ക്കാണ് അയാളുടെ വാസം; നാലു മന്ത്രവാദികള്‍ക്കും, അയാളെ പരിചരിക്കുകയും ചാണകംകൊണ്ടു ലേപനം ചെയ്യുകയും ചെയ്യുന്ന രണ്ട് അടിമസ്ത്രീകള്‍ക്കും മാത്രമേ അതിനുള്ളില്‍ പ്രവേശനമുള്ളൂ. യുദ്ധമുണ്ടാവുന്ന അവസരങ്ങളില്‍ മന്ത്രവാദികള്‍ രാജാവിനെ മടയില്‍ നിന്നിറക്കി ഗോത്രക്കാര്‍ക്കു മുമ്പാകെ പ്രദര്‍ശിപ്പിക്കും; ഇത് അവരുടെ ധൈര്യമുണര്‍ത്താനാണ്. എന്നിട്ട് ഒരു പതാകയോ രക്ഷയോപോലെ അയാളെ ചുമലിലേറ്റി യുദ്ധത്തിനു നടുവിലേക്ക് എടുത്തുകൊണ്ടുപോകും. കുരങ്ങുമനുഷ്യര്‍ തൊടുത്തുവിടുന്ന കന്മഴയില്‍പെട്ട് രാജാവ് നിമിഷങ്ങള്‍ക്കകം മൃതിയടയുകയും ചെയ്യും.

മറ്റൊരു 'ദുര്‍ഗ്ഗ'ത്തിലാണ് റാണിയുടെ താമസം; അവര്‍ക്കു രാജാവിനെ കാണാന്‍ അനുവാദമില്ല; എന്റെ ഹ്രസ്വമായ താമസത്തിനിടയ്ക്ക് ഈ മഹതി ദയാപൂര്‍വ്വം എനിക്ക് ഒരു സന്ദര്‍ശനാവസരം അനുവദിച്ചുതന്നിരുന്നു. പ്രസന്നയും, യൗവനയുക്തയും, തന്റെ വര്‍ഗ്ഗസ്വഭാവം അനുവദിക്കുന്നിടത്തോളം വശ്യമായ രീതികളുമുള്ള ഒരു സ്ത്രീ. ലോഹവും ദന്തവുംകൊണ്ടുള്ള കൈവളകളും, പുലിപ്പല്ലുകൊണ്ടുള്ള കണ്ഠാഭരണങ്ങളും അവരുടെ നഗ്നതയെ അലംകൃതമാക്കി. അവരെന്നെ അടിമുടി പരിശോധിച്ചുനോക്കുകയും മണത്തുനോക്കുകയും ചെയ്തു; എന്നിട്ട് ഒരു വിരല്‍കൊണ്ട് എന്നെ സ്പര്‍ശിച്ചിട്ട് അവരെന്നെ ആ പരിവാരത്തിനൊക്കെ മുന്നില്‍വച്ച് മൈഥുനത്തിനു ക്ഷണിച്ചു. പക്ഷേ എന്റെ പുരോഹിതവസ്ത്രവും സന്മാര്‍ഗ്ഗചിന്തയും ആ ബഹുമതി സ്വീകരിക്കുന്നതില്‍നിന്ന് എന്നെ വിലക്കി.  മന്ത്രവാദികള്‍ക്കും തന്റെ രാജ്യത്തുകൂടി കടന്നുപോകുന്ന കാരവനുകളുടെ തലവന്മാരായ അടിമക്കച്ചവടക്കാര്‍ക്കും (കൂടുതലും മുസ്ലീംങ്ങള്‍) മാത്രമേ അവര്‍ സാധാരണഗതിയില്‍ ഈ ബഹുമതി നല്കാറുള്ളൂ. രണ്ടോമൂന്നോ തവണ അവര്‍ എന്റെ ദേഹത്ത് ഒരു സ്വര്‍ണ്ണസൂചികൊണ്ടു കുത്തി; ഈ സൂചികുത്തലുകള്‍ രാജപ്രീതിയുടെ ചിഹ്നമാകയാല്‍, സ്വയം സൂചികൊണ്ടു ദേഹത്തു കുത്തിയിട്ട് റാണി തന്നെയാണ് തങ്ങളെ കുത്തിയതെന്നു വിശ്വസിക്കുന്ന യാഹൂക്കള്‍ ധാരാളമുണ്ട്. റാണി അണിഞ്ഞിരിക്കുന്ന ആഭരണങ്ങള്‍ അന്യദേശങ്ങളില്‍നിന്നു വരുന്നവയാണ്. എന്നാല്‍ ഏറ്റവും ലളിതമായ ഒരു സാധനംപോലും രൂപപ്പെടുത്തിയെടുക്കാനുള്ള കഴിവ് ഇവര്‍ക്കില്ലാത്തതിനാല്‍, ഇത്തരം ആഭരണങ്ങള്‍ പ്രകൃതിജന്യമാണെന്നായിരുന്നു ഇവരുടെ ധാരണ. എന്റെ കുടില്‍ ഇവരുടെ ദൃഷ്ടിയില്‍ ഒരു മരമായിരുന്നു; അതേസമയം ഞാനതു വച്ചുകെട്ടുന്നത് അവരില്‍ പലരും കണ്ടുനിന്നതാണ്; ചിലര്‍ എന്നെ സഹായിക്കുകകൂടി ചെയ്തതുമാണ്. എന്റെ കൈവശമുണ്ടായിരുന്ന സാധനങ്ങളില്‍ ഒരു വാച്ച്, ഹെല്‍മറ്റ്, വടക്കുനോക്കിയന്ത്രം, ബൈബിള്‍ എന്നിവയും ഉള്‍പ്പെട്ടിരുന്നു. യാഹൂക്കള്‍ അവ സൂക്ഷിച്ചുനോക്കുകയും അവ കയ്യിലെടുത്തു തൂക്കം നോക്കുകയും ചെയ്തിട്ട് എന്നോടു ചോദിച്ചത് എനിക്കവ എവിടെ കിടന്നുകിട്ടി എന്നാണ്. എന്റെ വാള്‍ എടുക്കാന്‍ ഇവര്‍ കൈനീട്ടുന്നത് വാള്‍പ്പിടിയിലേക്കല്ല, വാള്‍ത്തലയിലേക്കാണ്; തങ്ങളുടേതായ രീതിയില്‍
അവരിതിനെ കാണുന്നതുകൊണ്ടാണിങ്ങനെ ഇവര്‍ ഒരു കസേരയെ വീക്ഷിക്കുന്നത്. ഏതുവിധത്തിലായിരിക്കുമെന്നാണ് എന്റെ അദ്ഭുതം. പലമുറികളുള്ള ഒരു വീട് ഇവര്‍ക്കൊരു കുടിലദുര്‍ഗ്ഗം പോലെ തോന്നിയേക്കാം. എന്നിരിക്കിലും, വീടിനെക്കുറിച്ച് ഒരു സങ്കല്പമില്ലാത്ത പൂച്ച എങ്ങനെയാണോ അതില്‍ തന്റെ വഴി കണ്ടെത്തുന്നത് അതുപോലെ തന്നെ ഇവര്‍ക്കും കഴിഞ്ഞുവെന്നുവരാം. അക്കാലത്ത് ചെമ്പിച്ചതായിരുന്ന എന്റെ താടി അവര്‍ക്കെല്ലാം  വലിയൊരു അദ്ഭുതവസ്തുവായിരുന്നു; പ്രകടമായ പ്രിയത്തോടെയാണ് അവര്‍ അതില്‍ തൊട്ടുതലോടിയിരുന്നത്.

യാഹൂക്കള്‍ക്ക് വേദന, ആനന്ദം എന്നിങ്ങനെയുള്ള വികാരങ്ങളൊന്നുമില്ല. പച്ചയോ കെട്ടതോ ആയ മാംസവും നാറുന്ന വസ്തുക്കളും മാത്രമേ അവര്‍ക്കു സന്തോഷം നല്‍കുന്നുള്ളു. ഭാവനാശേഷി ഒട്ടുമില്ലാത്തത് ഇവരെ തീരെ നിര്‍ദ്ദയരാക്കുന്നു.

രാജാവിനേയും റാണിയേയും കുറിച്ചു ഞാന്‍ പറഞ്ഞുകഴിഞ്ഞു; ഇനി ഞാന്‍ മന്ത്രവാദികളെക്കുറിച്ചു പറയാം. അവര്‍ നാലുപേരാണെന്ന് ഞാന്‍ മുമ്പുതന്നെ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. നാലാണ് ഇവരുടെ അങ്കഗണിതത്തിന്റെ പരിധിയില്‍ വരുന്ന ഏറ്റവും വലിയ സംഖ്യ. ഇവര്‍ വിരലിലെണ്ണുന്നത് ഇങ്ങനെയാണ്: ഒന്ന്, രണ്ട്, മൂന്ന്, നാല്, അനേകം. അനന്തത തുടങ്ങുന്നത് തള്ളവിരലില്‍. തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ബ്യൂണേഴ്‌സ് അയഴ്‌സിന്റെ സമീപപ്രദേശങ്ങളില്‍ അലഞ്ഞുതിരിയുന്ന റെഡ് ഇന്ത്യന്‍ ഗോത്രങ്ങള്‍ക്കിടയിലും ഇതുതന്നെയാണ് സ്ഥിതി എന്നാണ് എന്റെയറിവ്. നാലാണ് ഇവരുടെ വരുതിയിലുള്ള ഏറ്റവും വലിയ സംഖ്യ എന്നതു നേരാണെങ്കിലും ഇവരുമായി വ്യാപാരം നടത്തുന്ന അറബികള്‍ ഇവരെ പറ്റിക്കാറില്ല. കാരണം സാധനങ്ങള്‍ മാറ്റക്കച്ചവടം ചെയ്യുമ്പോള്‍ എല്ലാം ഒന്നും രണ്ടും മൂന്നും നാലുമുള്ള പങ്കുകളായി വിഭജിക്കപ്പെടുകയാണ്. ഈ ഇടപാട് തൊന്തരവു പിടിച്ചതാണെങ്കിലും ഇതില്‍ പിശകോ പറ്റിക്കലോ വരാന്‍ വഴിയില്ല. യാഹൂക്കളെ മൊത്തമായിട്ടെടുത്താല്‍ എന്റെ താല്പര്യം ഉണര്‍ത്തിയിട്ടുള്ളത് മന്ത്രവാദികള്‍ മാത്രമാണെന്ന് പറയാം. തങ്ങള്‍ വിചാരിക്കുന്നയാളെ ഉറുമ്പോ ചങ്ങാലിക്കിളിയോ ആക്കിമാറ്റാനുള്ള സിദ്ധി ഇവര്‍ക്കുണ്ടെന്നാണ് ഗോത്രക്കാരുടെ വിശ്വാസം. എനിക്കതില്‍ വിശ്വാസം വരുന്നില്ല എന്നു ശ്രദ്ധിച്ച ഒരാള്‍ എനിക്കൊരു ചിതല്‍പ്പുറ്റ് ചൂണ്ടിക്കാണിച്ചു തന്നു. തെളിവിന് അതുമതി എന്നപോലെയാണ്.

യാഹുക്കള്‍ക്ക് ഓര്‍മ്മശക്തി തീരെ കഷ്ടിയാണ്; ഇല്ലെന്നുകൂടി വന്നേക്കാം. പുള്ളിപ്പുലികളിറങ്ങി നാശം വിതച്ചതിനെക്കുറിച്ച് ഇവര്‍ പറയാറുണ്ട്; എന്നാല്‍ ഈ സംഭവം കണ്ടതാരാണ്, തങ്ങളാണോ തങ്ങളുടെ പൂര്‍വ്വികരാണോ എന്ന്‍ ഇവര്‍ക്കറിയില്ല; അതോ സ്വപ്നം കണ്ടകാര്യം പറയുകയാണോ എന്നും അറിയില്ല. മന്ത്രവാദികള്‍ക്ക് ഓര്‍മ്മശക്തിയുടെ എന്തോ ലാഞ്ഛന ഉള്ളതുപോലെ കാണുന്നുണ്ട്; അതും പക്ഷേ വളരെ കുറഞ്ഞ അളവിലാണ്. അന്നു രാവിലെയോ തലേന്നു രാത്രിയിലോ നടന്ന കാര്യങ്ങള്‍ വൈകിട്ട് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയും എന്നുമാത്രം. ദീര്‍ഘദൃഷ്ടിക്കുള്ള ഒരു പ്രത്യേകസിദ്ധി ഇവര്‍ക്കുണ്ട്; പത്തോ പതിനഞ്ചോ മിനിറ്റു കഴിഞ്ഞ് ഇന്നതു നടക്കുമെന്ന് നല്ല നിശ്ചയത്തോടെ ഇവര്‍ പറയും. ഉദാഹരണത്തിന്, 'എന്റെ പിടലിക്ക് ഒരീച്ച വന്നിരിക്കും,' അല്ലെങ്കില്‍ 'അല്‍പ്പം കഴിഞ്ഞാല്‍ ഒരു കിളിയുടെ പാട്ടുകേള്‍ക്കാം’ എന്നൊക്കെ ഇവര്‍ പ്രവചിക്കാറുണ്ട്. ഈ അദ്ഭുതസിദ്ധിക്ക് നൂറുകണക്കിനു തവണ ഞാന്‍ സാക്ഷി നിന്നിട്ടുള്ളതാണ്: ഇതേക്കുറിച്ചു ഞാന്‍ ദീര്‍ഘമായി വിചിന്തനം ചെയ്തിട്ടുള്ളതുമാണ്. ഭൂതഭാവിവര്‍ത്തമാനകാലങ്ങള്‍, സര്‍വ്വവിശദാംശങ്ങളോടുമൊപ്പം, ദൈവത്തിന്റെ അദൃഷ്ടസ്മൃതിയില്‍, അവന്റെ നിത്യതയില്‍ ഇക്ഷണം തന്നെ സന്നിഹിതമാണെന്നിരിക്കെ, എന്നെ അന്ധാളിപ്പിക്കുന്നതിതാണ്: മനുഷ്യന്, അതിരില്ലാതെ പിന്നോട്ടു നോക്കാന്‍ അവനു കഴിവുള്ളപ്പോള്‍ത്തന്നെ, ഒരു നൊടി മുന്നോട്ടുനോക്കാന്‍ അനുവാദമില്ലാത്തതെന്തേ? കഷ്ടിച്ചു നാലുവയസ്സുള്ളപ്പോള്‍ ഞാന്‍ കണ്ട ഉത്തുംഗമായ, നാലുപാമരമുള്ള ആ നോര്‍വീജിയന്‍ കപ്പല്‍ സുവിശദമായി ഓര്‍മ്മിച്ചെടുക്കാന്‍ എനിക്കിന്നു കഴിയുന്നുണ്ടെങ്കില്‍, വരാനിരിക്കുന്നതു മുന്‍കൂട്ടിക്കാണാന്‍ മനുഷ്യനു കഴിഞ്ഞേക്കാം എന്ന വസ്തുതയില്‍ എനിക്ക് അമ്പരപ്പു തോന്നേണ്ട കാര്യമെന്തിരിക്കുന്നു? തത്ത്വബുദ്ധിയായ മനസ്സിന് ദീര്‍ഘദര്‍ശനംപോലെ തന്നെ ഒരദ്ഭുതമാണ് ഓര്‍മ്മശക്തിയും. നാളത്തെ പ്രഭാതമല്ലേ ചെങ്കടല്‍ കടന്നുള്ള യഹൂദരുടെ പ്രയാണത്തേക്കാള്‍ നമുക്കു സമീപസ്ഥം? ആ പുറപ്പാട്, പക്ഷേ, നമുക്കോര്‍മ്മയുണ്ട്.
ഗോത്രക്കാര്‍ നക്ഷത്രങ്ങളെ നോക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു; മന്ത്രവാദികള്‍ക്കു മാത്രം ചാര്‍ത്തിക്കൊടുത്തിരിക്കുന്ന ഒരവകാശമാണത്. ഓരോ മന്ത്രവാദിക്കും ഒരു ശിഷ്യനുണ്ടാവും; കുട്ടിക്കാലം മുതല്‌ക്കേ അവന് ഗൂഢവിദ്യയില്‍ പരിശീലനം നല്‍കപ്പെടുന്നു. ഒരു മന്ത്രവാദി മരിച്ചാല്‍ ആ സ്ഥാനം ശിഷ്യനുള്ളതാണ്. അതു പ്രകാരം ഇവരുടെ എണ്ണം എപ്പോഴും നാലായി നില്‍ക്കുന്നു. മാന്ത്രികസിദ്ധികളുള്ള ഒരക്കമാണത്, കാരണം യാഹൂമനസ്സിനു പ്രാപ്യമായ ഏറ്റവും വലിയ സംഖ്യ അതാണല്ലോ. സ്വര്‍ഗ്ഗനരകങ്ങളെക്കുറിച്ച് തങ്ങളുടെ രീതിയിലുള്ള ഒരു സിദ്ധാന്തവും ഇവര്‍ക്കുണ്ട്. രണ്ടിടവും ഭൂഗര്‍ഭത്തിലാണ്. വരണ്ടതും പ്രകാശപൂരിതവുമായ നരകം, രോഗികളുടെയും വൃദ്ധരുടെയും, അവഹേളിതരുടെയും, കുരങ്ങുമനുഷ്യരുടെയും, അറബികളുടെയും, പുള്ളിപ്പുലികളുടെയും സങ്കേതമത്രെ; ചതുപ്പുനിറഞ്ഞതും മേഘാ

വൃതവുമായി വര്‍ണ്ണിക്കപ്പെടുന്ന സ്വര്‍ഗ്ഗമാകട്ടെ, രാജാവിനും റാണിക്കും മന്ത്രവാദികള്‍ക്കും, ഭൂമിയില്‍ സന്തുഷ്ടരും നിര്‍ദ്ദയരും രക്തദാഹികളുമായിരുന്നവര്‍ക്കുമുള്ള നിവാസസ്ഥാനവുമാണ്. 'ചാണകം' എന്നു പേരുള്ള ഒരു ദൈവത്തെയും ഇവര്‍ ആരാധിക്കുന്നുണ്ട്. രാജാവിന്റെ രൂപത്തിലും ഛായയിലുമാണ് ഈ ദൈവത്തെ സങ്കല്പിച്ചിരിക്കുന്നതെന്നു തോന്നുന്നു; കാഴ്ചയില്ലാത്തതും, അംഗഭംഗം വന്നതും, വളര്‍ച്ച മുരടിച്ചതുമാണത്. അതിന്റെ സിദ്ധികല്‍ അപരിമിതമാണ്. ഈ ദൈവം ഉറുമ്പിന്റെയോ പാമ്പിന്റെയോ രൂപമെടുക്കുക സാധാരണമാണ്.

ഇവര്‍ക്കിടയില്‍ ഇത്ര ദീര്‍ഘമായ കാലം ചെലവഴിച്ചിട്ടും ഒറ്റ യാഹൂവിനെപ്പോലും മതപരിവര്‍ത്തനം ചെയ്യാന്‍ ഞാന്‍ ശ്രമിച്ചില്ലെന്നതില്‍, ഇത്രയും വായിച്ചു കഴിഞ്ഞ സ്ഥിതിക്ക്, ആരും അദ്ഭുതം കൊള്ളേണ്ടതില്ല. 'നമ്മുടെ പിതാവ്' എന്ന പ്രയോഗം, പിതൃത്വം എന്ന ആശയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതിനാല്‍, ഇവരെ ചിന്താക്കുഴപ്പത്തില്‍പ്പെടുത്തുകയാണ് ചെയ്തത്. ഇത്രയ്ക്ക് അകന്നതും ബന്ധമില്ലാത്തതുമായ ഒരു കാരണം സമ്മതിച്ചു കൊടുക്കാന്‍ ഇവര്‍ക്കാവില്ലെന്നു തോന്നുന്നു. അതുകൊണ്ടാവാം, പല മാസങ്ങള്‍ക്കു മുമ്പു നടന്ന ഒരു പ്രവൃത്തിക്ക് ഒരു കുഞ്ഞിന്റെ ജനനവുമായി ബന്ധം വരുന്നതെങ്ങനെയെന്ന് ഇവര്‍ക്കു പിടികിട്ടുന്നില്ല. തന്നെയുമല്ല, എല്ലാ സ്ത്രീകളും ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും  എല്ലാവരും അമ്മമാരാകുന്നില്ല എന്ന്‍ അവര്‍ കാണുന്നുമുണ്ടല്ലോ.

യാഹൂഭാഷ സങ്കീര്‍ണ്ണമാണ്, എനിക്കറിവുള്ള മറ്റൊരു ഭാഷയുമായും അതിനു ചാര്‍ച്ചയില്ല. ശബ്ദവിഭാഗങ്ങളെക്കുറിച്ചുപോലും പറയാനാവില്ല. കാരണം അങ്ങനെയൊരു വകയില്ലതന്നെ. ഏകവര്‍ണ്ണമായ ഓരോ വാക്കും ഓരോ സാമാന്യാശയത്തിനുപകരം നില്ക്കുന്നു. അതിന്റെ നിര്‍ദ്ദിഷ്ടാര്‍ത്ഥം പ്രകരണമോ പറയുമ്പോഴത്തെ ചേഷ്ടയോ അനുസരിച്ചു മാറും. ഉദാഹരണത്തിന് 'ന്‌റ്‌സ്' എന്ന വാക്കിന്റെ ലാക്ഷണികാര്‍ത്ഥം 'ചിതറല്‍' അല്ലെങ്കില്‍ 'പുള്ളികള്‍' എന്നാണ്. അതു സൂചിപ്പിക്കുന്നത് നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം. പുള്ളിപ്പുലി, കിളിക്കൂട്ടം, വസൂരി, തെറിച്ചുവീണ വസ്തുക്കള്‍, വിതറുക എന്ന പ്രവൃത്തി, യുദ്ധത്തില്‍ തോറ്റോടല്‍ എന്നിവയൊക്കെയാവാം. ‘ഹ്‌റ്ള്‍’ നേരേമറിച്ച്, അര്‍ത്ഥമാക്കുന്നത് നിബിഡമോ സാന്ദ്രമോ ആയ ഒന്നാണ്. ഉദാഹരണം ഗോത്രം, വൃക്ഷകാണ്ഡം, കല്ല്, കല്‍ക്കൂമ്പാരം, കല്ല് കൂമ്പാരമാക്കുക എന്ന പ്രവൃത്തി, നാലു മന്ത്രവാദികളുടെ ഒത്തുചേരല്‍, ശാരീരികമായ ബന്ധപ്പെടല്‍, കാട് തുടങ്ങിയവ. മറ്റൊരു വിധത്തില്‍ ഉച്ചരിക്കപ്പെട്ടാലോ, മറ്റു ചേഷ്ടകളോടു ചേര്‍ന്നു വന്നാലോ ഒരു വാക്കിന് വിപരീതമായ ഒരര്‍ത്ഥം വന്നുചേരാം. ഇതില്‍ അത്ര അമ്പരപ്പു തോന്നേണ്ട കാര്യമൊന്നുമില്ല. നമ്മുടെ ഭാഷയില്‍ത്തന്നെ ഒരു വാക്കിന് വിപരീതാര്‍ത്ഥങ്ങള്‍ ഉണ്ടാവുക അപൂര്‍വ്വമല്ലല്ലോ. വാക്യം എന്നുള്ളത് അവരുടെ ഭാഷയില്‍ ഇല്ല തന്നെ, അപൂര്‍ണ്ണമായവ പോലും.

ഇങ്ങനെയൊരു ഭാഷയ്ക്ക് അമൂര്‍ത്താശയങ്ങള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ധൈഷണികശക്തിയുള്ളതു കാണുമ്പോള്‍ യാഹൂക്കള്‍, അവരുടെ ഇപ്പോഴത്തെ പിന്നോക്കാവസ്ഥ ഇരിക്കെത്തന്നെ, ഒരു പ്രാകൃതവര്‍ഗ്ഗമല്ല, മറിച്ച് അപകര്‍ഷം വന്നുപോയ ഒരു ജനതയാവാം എന്നു വിശ്വസിക്കാനാണ് എനിക്കു തോന്നുന്നത്. ഈ അനുമാനത്തിനുപോല്‍ബലകമായി പീഠഭൂമിയുടെ മുകള്‍പ്പരപ്പില്‍ ഞാന്‍ ചില ശിലാരേഖകള്‍ കണ്ടെത്തിയിരുന്നു. അവയിലെ അക്ഷരങ്ങള്‍ (നമ്മുടെ പൂര്‍വ്വികര്‍ കൊത്തിവച്ചിട്ടുള്ള റൂണുകളുമായി ഇവയ്ക്കു സാദൃശ്യമില്ലാതില്ല) പിരിച്ചു വായിക്കാനുള്ള കഴിവ് ഇന്നു ഗോത്രക്കാര്‍ക്കു നഷ്ടമായിരിക്കുന്നു. വരമൊഴി മറവിയില്‍പ്പെട്ടിട്ട് വാമൊഴിയില്‍ മാത്രമായി ഇവര്‍ ഒതുങ്ങിപ്പോയതുപോലെ തോന്നുന്നു.

ഇവരുടെ വിനോദങ്ങള്‍ പരിശീലനം കൊടുത്ത പൂച്ചകളെ തമ്മില്‍ പോരടിപ്പിക്കലും തലകൊയ്ത്തുമാണ്. റാണിയുടെ ചാരിത്ര്യത്തെ കളങ്കപ്പെടുത്തുവാന്‍ തുനിഞ്ഞുവെന്നോ മറ്റൊരാള്‍ കാണ്‍കെ ആഹാരം കഴിച്ചുവെന്നോ ഒരാള്‍ക്കെതിരെ കുറ്റമാരോപിക്കപ്പെടുന്നു. കുറ്റസമ്മതമോ സാക്ഷിമൊഴിയോ ഒന്നുമില്ലാതെ തന്നെ രാജാവ് വിധി പ്രഖ്യാപിക്കുകയാണ്. ഇങ്ങനെ ശിക്ഷ വിധിക്കപ്പെട്ടയാളെ ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയനാക്കിയിട്ട് (എനിക്കതോര്‍ക്കാന്‍ കൂടി വയ്യ) കല്ലെറിഞ്ഞുകൊല്ലുന്നു. ആദ്യത്തെ കല്ലെറിയാനുള്ള അവകാശം റാണിക്കുള്ളതാണ്; അതുപോലെതന്നെ, മിക്കപ്പോഴും ആവശ്യം വരാത്തതാവും, അവസാനത്തെ കല്ലെറിയാനും. ആള്‍ക്കൂട്ടം റാണിയുടെ വൈദഗ്ദ്ധ്യത്തെയും അവയവഭംഗിയേയും പുകഴ്ത്തുകയും, അവരെ റോസാപ്പൂക്കളും നാറുന്ന വസ്തുക്കളും കൊണ്ട് അഭിഷേകം ചെയ്യുകയും ഭ്രാന്തുപിടിച്ചവരെപ്പോലെ ആര്‍ത്തുവിളിക്കുകയും ചെയ്യും. റാണിയാകട്ടെ ഒരക്ഷരം മിണ്ടാതെ മന്ദഹസിക്കും.
ഇവരുടെ മറ്റൊരാചാരമാണ് കവികളെ കണ്ടെത്തല്‍, ആറോ ഏഴോ വാക്കുകള്‍, സാധാരണഗതിയില്‍ ദുര്‍ഗ്രഹമായിരിക്കും, ഒരാള്‍ക്കു മനസ്സില്‍ വരുന്നു. അയാള്‍ക്ക് അത് അടക്കിവയ്ക്കാന്‍ കഴിയുന്നില്ല. മന്ത്രവാദികളും സാധാരണക്കാരും വട്ടത്തില്‍ തറയില്‍ മലര്‍ന്നുകിടക്കുന്നതിനു നടുവില്‍ നിന്നുകൊണ്ട് അയാള്‍ അവ ഉറക്കെച്ചൊല്ലുന്നു. കവിത കേട്ടിട്ട് ആര്‍ക്കും ഒരിളക്കവും തോന്നുന്നില്ലെങ്കില്‍ കാര്യം അങ്ങനെ തീരുന്നു. പക്ഷേ കവിയുടെ വാക്കുകള്‍ മനസ്സില്‍ തട്ടിയാലാകട്ടെ, സകലരും ഒരു വിശുദ്ധഭീതിക്കടിമകളായി, ഒരക്ഷരമുരിയാടാതെ അയാളെ വിട്ടകന്നുമാറുന്നു. അയാള്‍ ഇപ്പോള്‍ ഭൂതാവിഷ്ടനാകയാല്‍, ആരും, സ്വന്തമമ്മപോലും, അയാളോടു മിണ്ടുകയോ, അയാളുടെ നേര്‍ക്കു നോക്കുകയോ ഇല്ല.

ഇപ്പോള്‍ അയാള്‍ മനുഷ്യനല്ല, ദൈവമത്രേ; അയാളെ കൊല്ലാന്‍ ആര്‍ക്കും അനുവാദമുണ്ട്. കവി, ജാഗ്രതയുള്ളവനാണെങ്കില്‍ വടക്കന്‍ നാട്ടിലെ മണല്‍ക്കൂനകള്‍ക്കിടയിലേക്ക് ഓടി രക്ഷപ്പെടും.


യാഹുക്കളുടെ നാട്ടില്‍ എത്തിപ്പെട്ടതെങ്ങനെയാണെന്ന് ഞാന്‍ വിവരിച്ചുകഴിഞ്ഞല്ലോ. അവര്‍ എന്നെ വലയം ചെയ്തപ്പോള്‍ ഞാന്‍ ആകാശത്തേക്കു നിറയൊഴിച്ചു. അവര്‍ക്കത് മാന്ത്രികമായ ഒരിടിവെട്ടായിട്ടാണ് തോന്നിയതെന്നുമൊക്കെ ഞാനെഴുതിയിരുന്നതോര്‍ക്കുക. ആ തെറ്റിദ്ധാരണ ബലപ്പെടുത്താനായി ഞാന്‍ പിന്നീട് ആയുധമെടുക്കാതെയാണ് നടന്നിരുന്നത്. വസന്തകാലത്ത് ഒരു ദിവസം പുലര്‍ച്ചയ്ക്ക് കുരങ്ങുമനുഷ്യര്‍ ഓര്‍ക്കാപ്പുറത്ത് ഞങ്ങളെ വന്നാക്രമിച്ചു: ഞാന്‍ തോക്കുമെടുത്തുകൊണ്ട് മുകളില്‍നിന്നു താഴേക്കോടിവന്ന് ആ മൃഗങ്ങളില്‍ രണ്ടെണ്ണത്തിനെ കൊന്നു. ശേഷിച്ചവ അമ്പരന്നോടി മറഞ്ഞു. വെടി  കാണാനാവില്ലല്ലോ. ആളുകള്‍ എന്നെ പുകഴ്ത്തി ആര്‍ത്തുവിളിക്കുന്നത് ജീവിതത്തില്‍ ആദ്യമായി അന്നു ഞാന്‍ കേട്ടു. അന്നാണെന്നു തോന്നുന്നു റാണി എനിക്കു സന്ദര്‍ശനം അനുവദിച്ചത്. യാഹൂക്കളുടെ ഓര്‍മ്മശക്തി, ഞാന്‍ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ, നമ്പാന്‍ പറ്റാത്തതായതിനാല്‍, അന്നു വൈകീട്ട് ഞാന്‍ അവിടെനിന്നും രക്ഷപ്പെട്ടു. അതിനുശേഷം വനത്തില്‍വച്ച് എനിക്കുണ്ടായ സാഹസികാനുഭവങ്ങള്‍ പറയാനും വേണ്ടിയൊന്നുമില്ല. ഒടുവില്‍, കറുത്തവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. അവര്‍ക്ക് ഉഴാനും, വിതയ്ക്കാനും, പ്രാര്‍ത്ഥിക്കാനും അറിയാമായിരുന്നു: എന്റെ പോര്‍ട്ടുഗീസ് അവര്‍ക്കു മനസ്സിലാവുകയും ചെയ്തു. ഒരു റോമിഷ് മിഷ്ണറി, ഫെര്‍ണാണ്ടസ് അച്ചന്‍, എന്നെ അദ്ദേഹത്തിന്റെ കുടിലിലേക്കു കൂട്ടിക്കൊണ്ടുപോവുകയും, യാത്ര തുടരാനാവുന്നതുവരെ എന്നെ ശുശ്രൂഷിക്കുകയും ചെയ്തു. ഒരൊളിവും കൂടാതെ അദ്ദേഹം വായ തുറക്കുന്നതും അതിലേക്ക് ഭക്ഷണം എടുത്തിടുന്നതും കാണുന്നത് എനിക്കു വളരെ അരോചകമായിത്തോന്നിയിരുന്നു. ആഹാരസമയത്ത് ഞാനപ്പോഴും വായ പൊത്തുകയോ കണ്ണു മാറ്റുകയോ ചെയ്തിരുന്നു. കുറച്ചുനാള്‍ക്കുശേഷം എന്തായാലും എനിക്കു സാധാരണരീതി കൈവരിക്കാന്‍ കഴിഞ്ഞു. ദൈവശാസ്ത്രസംബന്ധമായി ഞങ്ങള്‍ നടത്തിയ സംവാദങ്ങള്‍ വ്യക്തമായ ആനന്ദത്തോടെ ഞാനോര്‍ക്കുന്നുണ്ട്; പക്ഷേ യഥാര്‍ത്ഥമായ ക്രൈസ്തവവിശ്വാസത്തിലേക്ക് അദ്ദേഹത്തെ നയിക്കാന്‍ ഞാന്‍ ശ്രമിച്ചുനോക്കിയെങ്കിലും വിജയിച്ചില്ല.

ഞാന്‍ ഈ വിവരണം എഴുതുന്നത് ഇപ്പോള്‍ ഗ്ലാസ്‌ഗോയില്‍ ഇരുന്നുകൊണ്ടാണ്. യാഹൂക്കളെ കണ്ടുമുട്ടിയതും അവര്‍ക്കിടയില്‍ കഴിഞ്ഞതും ഞാന്‍ പറഞ്ഞു; എന്നാല്‍ ആ അനുഭവത്തില്‍ അന്തര്‍ലീനമായ ഭീഷണതയെക്കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞില്ല. അതിതുവരെയും എന്നെ വിട്ടുമാറിയിട്ടില്ല; അതിന്നും എന്റെ സ്വപ്നങ്ങളെ ഗ്രസിക്കാറുണ്ട്. തെരുവിലൂടെ നടന്നുപോകുമ്പോള്‍ ചിലപ്പോള്‍ എനിക്കു തോന്നിപ്പോകും അവരിപ്പോഴും എനിക്കു ചുറ്റുമുണ്ടെന്ന്. യാഹൂക്കള്‍ ഒരു കിരാതജനതയാണെന്ന കാര്യത്തില്‍ എനിക്കു യാതൊരു സംശയവുമില്ല; ഒരുപക്ഷേ ഭൂമുഖത്തു കണ്ടേക്കാവുന്ന ഏറ്റവും കിരാതമായ ജനത. എന്നിരിക്കിലും അവരെ ദോഷവിമുക്തരാക്കുന്ന ചില ഗുണങ്ങള്‍ അവര്‍ക്കുള്ളത് കാണാതെ പോകുന്നത് അനീതിയായിരിക്കും. അവര്‍ക്ക് അവരുടേതായ സ്ഥാപനങ്ങളുണ്ട്, അവര്‍ക്കുമൊരു രാജാവുണ്ട്, അമൂര്‍ത്തസങ്കല്പനങ്ങളെ ആധാരമാക്കിയുള്ള ഒരു ഭാഷ അവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്; യഹൂദരേയും ഗ്രീക്കുകാരേയുംപോലെ കവിതയുടെ ദിവ്യത്വത്തിലും അവര്‍ വിശ്വസിക്കുന്നുണ്ട്; ദേഹനാശത്തെ അതിജീവിക്കുന്ന ഒരാത്മാവിനെക്കുറിച്ചും അവര്‍ക്കൊരു ധാരണയുണ്ട്. ശിക്ഷയും പാരിതോഷികവും നല്‍കുന്നതിനേയും അവര്‍ ന്യായീകരിക്കുന്നു. നമ്മുടെ പല അനാചാരങ്ങളുമിരിക്കെത്തന്നെ നാം നാഗരികതയുടെ പ്രതിനിധികളായിരിക്കുന്നതുപോലെ, തങ്ങളുടേതായ രീതിയില്‍ അവരും അതിന്റെ പ്രതിനിധികളത്രെ. കുരങ്ങുമനുഷ്യര്‍ക്കെതിരായി അവരുടെ ഭാഗം ചേര്‍ന്നു യുദ്ധം ചെയ്തതില്‍ എനിക്കു യാതൊരു കുറ്റബോധവും തോന്നുന്നില്ല. അവരുടെ ആത്മാക്കളെ വീണ്ടെടുക്കേണ്ടത് നമ്മുടെ കടമ തന്നെയാണ്; പക്ഷേ അതോടൊപ്പം, ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കാന്‍ ധൈര്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ മഹാറാണി തിരുമനസ്സിന്റെ സര്‍ക്കാര്‍ അവഗണിക്കരുതെന്ന് ഈയുള്ളവന്‍ ഉല്ക്കടമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.



കുറിപ്പുകള്‍
യാഹൂ- ജൊനാഥന്‍ സ്വിഫ്റ്റിന്റെ 'ഗള്ളിവറുടെ യാത്രകളി'ലെ കിരാതവര്‍ഗ്ഗം.
റൂണ്‍ - മൂന്നാം നൂറ്റാണ്ടില്‍ ആംഗ്ലോ-സാക്‌സന്‍ ഗോത്രക്കാര്‍ ഉപയോഗിച്ചിരുന്ന ലിപി.