ഫാന്നി ബ്രൗണിന്
കെന്റിഷ് ടൗൺ, 1820 ആഗസ്റ്റ്
...നീയില്ലാതെ സന്തുഷ്ടനായിരിക്കാൻ എന്തെങ്കിലുമൊരു വഴി നീയെനിക്കു കണ്ടുപിടിച്ചു തരുമെന്നു ഞാനാശിക്കുന്നു. ഓരോ മണിക്കൂറു കഴിയുന്തോറും കൂടുതൽ കൂടുതലായി ഞാൻ നിന്നിൽത്തന്നെ കേന്ദ്രീകരിക്കുകയാണ്. മറ്റെന്തുമെനിക്ക് വായിൽ ഉമി വീണ പോലെ ചുവയ്ക്കുന്നു. ഇറ്റലിയിലേക്കു പോകുന്ന കാര്യം നടക്കില്ലെന്നുതന്നെ എനിക്കു തോന്നിപ്പോകുന്നു- എനിക്കു നിന്നെ വിട്ടുപോകാനാവില്ലെന്നതാണു വസ്തുത; ഞാൻ നിന്നോടൊത്തു ജീവിക്കട്ടെ എന്നനുവദിക്കാൻ വിധിക്കു തോന്നിയാലല്ലാതെ ഒരു നിമിഷത്തെ സംതൃപ്തി ഞാനറിയാൻ പോകുന്നുമില്ല. പക്ഷേ ഈ പോക്കു പോകാൻ എനിക്കു പറ്റില്ല. എന്റെ പോലത്തെ ഞരമ്പും പ്രകൃതവുമുള്ള ഒരാൾ എന്തൊക്കെ ഉൾക്കിടിലങ്ങളിലൂടെയാണു കടന്നുപോകുന്നതെന്ന് നിന്നെപ്പോലെ ആരോഗ്യമുള്ള ഒരാൾക്ക് ഒരിക്കലും പറഞ്ഞാൽ മനസ്സിലാവില്ല. നിന്റെ കൂട്ടുകാർ ഉല്ലാസയാത്രയ്ക്കു പോകുന്നത് ഏതു ദ്വീപിലേക്കാണ്? നീ മാത്രം കൂട്ടായി അവിടെയ്ക്കു പോകാൻ എനിക്കിഷ്ടമായിരിക്കും; പക്ഷേ സംഘം ചേർന്നു പോകുന്നത് ഞാൻ വിലക്കും. വിനോദത്തിനു മറ്റൊന്നുമില്ലാത്ത ഈ പുത്തൻ കോളണിക്കാരുടെ അസൂയയും ഏഷണികളും സഹിക്കാവുന്നതിലധികമാണ്...നിന്റെയൊപ്പം ജീവിക്കാനായില്ലെങ്കിൽ പിന്നെ ഞാൻ ഒറ്റയ്ക്കു ജീവിച്ചോളാം. നിന്നെ പിരിഞ്ഞിരിക്കുമ്പോൾ എന്റെ ആരോഗ്യം മെച്ചപ്പെടുമെന്നെനിക്കു തോന്നുന്നില്ല. ഇങ്ങനെയാണെങ്കില്ക്കൂടി നിന്നെ കാണുന്നതിൽ ഞാൻ വിമുഖനുമാണ്- ജ്വലിക്കുന്ന പ്രകാശം എനിക്കു താങ്ങാനാവില്ല, നിഴലുകളുടെ താവളത്തിലേക്കു ഞാൻ പിൻവാങ്ങുകയാണ്. നിന്നോടൊപ്പം സന്തോഷമായി ജീവിക്കുക എന്നത് എത്ര വലിയൊരസാദ്ധ്യതയായിട്ടാണു തോന്നുന്നത്! അതിന് എന്റേതിലും ഭാഗ്യമുള്ളൊരു നക്ഷത്രത്തിൽ ജനിക്കേണ്ടിയിരുന്നു! അതു നടക്കാൻ പോകുന്നില്ല...ആരോഗ്യം അനുവദിക്കുമെങ്കിൽ തലയ്ക്കുള്ളിൽ ഞാൻ കൊണ്ടുനടക്കുന്ന ഒരു കവിത എനിക്കെഴുതണം; എന്റേതു പോലത്തെ അവസ്ഥയിലുള്ള ചിലർക്ക് അതൊരു സാന്ത്വനമാവും. നിന്നെപ്പോലെ സ്വാതന്ത്ര്യമനുഭവിക്കുന്ന ഒരാളെ പ്രേമിക്കുന്ന എന്നെപ്പോലൊരാളെ ആ കവിതയിൽ ഞാൻ കാണിച്ചുകൊടുക്കും. എത്ര ഉത്കൃഷ്ടമായ പ്രകാരത്തിലാണ് ഷേക്സ്പിയർ എപ്പോഴും കാര്യങ്ങൾ സംക്ഷേപിക്കുക. ‘പോകൂ, പോയി മഠത്തിൽ ചേരൂ, പോകൂ, പോകൂ,’ എന്ന് ഒഫീലിയയോടു പറയുമ്പോൾ ഹാംലെറ്റിന്റെ ഹൃദയം ഞാനനുഭവിക്കുന്ന വേദന കൊണ്ടു നിറഞ്ഞതായിരുന്നു. സകലതും ഒറ്റയടിക്കു വിട്ടുകളയാൻ ഞാൻ ഒരുക്കമാണു തന്നെ-മരിക്കാൻ ഞാൻ ഒരുക്കമാണ്. നീയുമൊരുമിച്ചു ചിരിക്കുന്ന ഈ മൃഗീയലോകം എനിക്കു മനം പുരട്ടുന്നതാണ്. ഞാൻ പുരുഷന്മാരെ വെറുക്കുന്നു, സ്ത്രീകളെ അതിലേറെ. എനിക്കു ഭാവിയിലേക്കായി കരുതിവച്ചിരിക്കുന്നത് മുള്ളുകൾ മാത്രമാണെന്നു ഞാൻ കാണുന്നു- ഇറ്റലിയിലോ പരലോകത്തോ, വരുന്ന മഞ്ഞുകാലത്ത് ഞാൻ എവിടെയാണെങ്കിലും, ബ്രൗൺ അവന്റെ മര്യാദകേടുകളുമായി നിന്റെയരികിൽ ജീവിക്കുന്നുണ്ടാവും. വിശ്രമം എന്നൊന്ന് ഭാവിയിൽ എവിടെയും ഞാൻ കാണുന്നില്ല...മനുഷ്യനു സ്വാഭാവികമായുള്ള ഒരല്പം ആത്മവിശ്വാസം എന്റെ ഹൃദയത്തിൽ കടത്തിവിടാൻ നിനക്കു കഴിഞ്ഞെങ്കിൽ എന്നു ഞാൻ ആശിക്കുന്നു. ഞാനായി എനിക്കതു കഴിയുന്നില്ല. എനിക്കു താങ്ങാൻ പറ്റുന്നതിലുമധികം ക്രൂരമാണു ലോകം. ശവക്കുഴി എന്നൊരു സംഗതിയുള്ളത് എത്ര നന്നായി. അവിടെയെത്തിയിട്ടല്ലാതെ എനിക്കൊരിക്കലും വിശ്രമം കിട്ടാൻ പോകുന്നില്ല എന്നെനിക്കു വ്യക്തമായിട്ടറിയാം. വിശ്വാസം നിറഞ്ഞ നിന്റെ കൈകൾക്കുള്ളിലായിരുന്നു ഞാനെങ്കിൽ എന്നാണെന്റെ ആഗ്രഹം; അതു നടക്കില്ലെങ്കില്‍ ഒരിടിമിന്നൽ എനിക്കു മേൽ വീഴട്ടെ.
ദൈവാനുഗ്രഹം നിനക്കുണ്ടാകും.
ജെ.കെ
No comments:
Post a Comment