ഒരു പിടി പഴയ കത്തുകൾ നിന്റെ പെട്ടിയിൽ ഞാൻ കണ്ടു:
പ്രണയോന്മത്തമായൊരു ജീവിതത്തിൽ നിന്നു
നീ കാത്തു വച്ച സ്മാരകവസ്തുക്കൾ.
അത്രയും കരുതലോടെ, അത്രയും ഗോപ്യമായി
നീ പൂഴ്ത്തിവച്ച ഓർമ്മയുടെ കളിപ്പാട്ടങ്ങൾ.
എത്രയോ സൂര്യചന്ദ്രന്മാരെ വിഴുങ്ങിയ മഹാകാലം
പ്രളയപ്രവാഹമായിരച്ചെത്തുമ്പോൾ
‘എന്റേതെന്റേതു മാത്രമാണീ നിധിക’ളെന്നു
നീയീ നിസാരവസ്തുക്കളൊളിപ്പിച്ചുവച്ചു.
ഇനിയാരാണിവ കാത്തുസൂക്ഷിക്കുക?
അവശേഷിച്ചുവെങ്കിലും ആർക്കു സ്വന്തമാണിവ?
നിശ്ശേഷനാശത്തിൽ നിന്നു നിന്നെ വീണ്ടെടുക്കാൻ
ഈ ലോകത്തിന്നൊരു സ്നേഹവുമില്ലേ,
ഒരു കാലത്തവ കാത്തുവച്ച നിന്റെ സ്നേഹം പോലെ?
(സ്മരൺ, 1903)
[12കാരിയായ ഭവതാരിണിയെ വിവാഹം ചെയ്യുമ്പോൾ ടാഗോറിന് 22 വയസ്സായിരുന്നു. ഒരു ഉൾനാടൻ ഗ്രാമത്തിൽ ജനിച്ച, കാണാൻ അത്ര സുന്ദരിയല്ലാത്ത, അക്ഷരാഭ്യാസമില്ലാത്ത, പേരു പോലും പഴഞ്ചനായ (ടാഗോർ കുടുംബത്തിലെ ഒരംഗത്തിന് ആ പേരിഷ്ടപ്പെടാത്തതിനാൽ മൃണാളിനീ ദേവി എന്നു മാറ്റുകയായിരുന്നു)ഭാര്യയെ ടാഗോർ പിന്നീട് ലോറെറ്റോ സ്കൂളിൽ അയച്ചു പഠിപ്പിക്കുകയും ബംഗാളി ഭദ്രലോകത്തിനു ചേർന്ന ഒരംഗമാക്കി മാറ്റിയെടുക്കുകയുമാണുണ്ടായത്. പില്ക്കാലത്ത് അവർ രാമായണം ബംഗാളിയിലേക്കു വിവർത്തനം ചെയ്യുകയും നാടോടിക്കഥകളുടെ ഒരു സമാഹാരം തയാറാക്കുകയും ചെയ്തു. അവർക്ക് അഞ്ചു കുട്ടികളുണ്ടായി. ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് 1902 നവംബർ 23ന് അന്തരിച്ചു. മൃണാളിനീദേവിയുടെ ഓർമ്മയ്ക്കായി എഴുതിയ 20 കവിതകളുടെ സമാഹാരമാണ് ‘സ്മരൺ’. മരണശേഷം അവരുടെ പെട്ടി തുറന്നപ്പോൾ താനയച്ച ചില കത്തുകൾ അതിൽ ഭദ്രമായി വച്ചിരിക്കുന്നതു കണ്ടതാണ് ഈ കവിതയുടെ വിഷയം.]
No comments:
Post a Comment