1839 ഡിസംബർ 5
എത്രയും പ്രിയപ്പെട്ടവളേ,
പദ്യമെഴുതാനുള്ള സിദ്ധി ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു; കാരണം, നിന്നെ പ്രേമിച്ചു തുടങ്ങിയതിൽ പിന്നെ തലയിലും നെഞ്ചിലും കവിത വന്നു നിറയുകയാണെന്ന തോന്നലാണെനിക്ക്. നീ ഒരു കവിതയാണ്. എങ്കിൽ, അതേതു തരം? ഇതിഹാസം? അയ്യയ്യോ, അതല്ല! ഗീതകം? അതുമല്ല, വല്ലാതെ ക്ളിഷ്ടവും കൃത്രിമവുമാണത്. മധുരവും സരളവും ഉല്ലാസഭരിതവും കരുണരസം നിറഞ്ഞതുമായ ഒരു ഗാഥയാണു നീ; പ്രകൃതി അതു പാടുകയാണ്, ചിലനേരം കണ്ണീരോടെ, ചിലനേരം പുഞ്ചിരിയോടെ, ചിലനേരം ചിരിയും കണ്ണീരുമിടകലർന്നും.
അവാച്യമായവിധം പ്രിയപ്പെട്ടവളേ,
നിന്റെ കത്ത് ഇപ്പോഴെനിക്കു കിട്ടിയതേയുള്ളു. കുട്ടികളുമൊത്തുള്ള നിന്റെ ജീവിതത്തിന്റെ അത്രയ്ക്കൊരു ചിത്രം അതു നല്കുന്നുവെന്നതിനാൽ എനിക്കതെത്രയും ആശ്വാസപ്രദവുമായി. ഞാൻ സ്നേഹിക്കുന്ന എന്റെ കുടുംബത്തെ മുഴുവൻ ഞാൻ കണ്മുന്നിൽ കണ്ടു, അവർ ഒരുമിച്ചിരുന്നു സംസാരിക്കുന്നതു ഞാൻ കേട്ടു...
പോയ രാത്രിയിൽ ഞാനൊരു സ്വപ്നം കണ്ടു; ന്യൂട്ടണിൽ നീയും മറ്റു പലരും കൂടിയിരിക്കുന്ന ഒരു മുറിയിലാണു ഞാൻ; അവിടെ വച്ചു നീ പ്രഖ്യാപിക്കുകയാണ്, നീ ഇനിമേലെന്റെ ഭാര്യയല്ലെന്നും മറ്റൊരാളെ താൻ ഭർത്താവായി സ്വീകരിച്ചുവെന്നും. മുഖത്തൊരു ഭാവവുമില്ലാതെ, എത്ര മനഃസാന്നിദ്ധ്യത്തോടെയാണ് ആ വിവരം നീ അറിയിക്കുന്നതെന്നു കണ്ടപ്പോൾ- പ്രത്യേകിച്ചെന്നെ മാത്രം നോക്കിയിട്ടല്ല, കൂടിയിരിക്കുന്ന എല്ലാവരോടുമായിട്ടാണ് നീ പറയുന്നത്- എന്റെ മനസ്സും ഹൃദയവും മരവിച്ചുപോയി, ഒനും എനിക്കു പറയാനില്ലാതായി. പക്ഷേ ഈ സമയത്ത് അവിടെയുണ്ടായിരുന്ന ഏതോ ഒരു സ്ത്രീ എഴുന്നേറ്റു നിന്ന് മറ്റുള്ളവരോടു പറയുകയാണ്, കാര്യങ്ങൾ ഈ വിധമാവുകയും നീ എന്റെ ഭാര്യയല്ലാതാവുകയും ചെയ്ത സ്ഥിതിയ്ക്ക് ഞാൻ ഇപ്പോൾ അവളുടേതാണെന്ന്! എന്നിട്ട് എന്റെ നേർക്കു തിരിഞ്ഞു ഒരു കൂസലുമില്ലാതെ ചോദിക്കുകയാണ്, ഈ പുതിയ ഏർപ്പാട് എന്റെ അമ്മയെ എഴുതി അറിയിക്കാൻ പോകുന്നത് ഞാനാണോ അതോ അവളാണോയെന്നും! കുട്ടികളെ എങ്ങനെയാണു വീതിക്കാൻ പോകുന്നതെന്ന് എനിക്കു മനസ്സിലായില്ല. എന്റെ ഹൃദയം സകല നിയന്ത്രണങ്ങളും പൊട്ടിച്ചു പുറത്തു ചാടുന്നതും പറഞ്ഞാൽ തീരാത്ത വേദനയോടെ ഞാൻ നീയുമായി തർക്കിക്കാൻ തുടങ്ങുന്നതുമേ പിന്നെയെനിക്കോർമ്മയുള്ളു; അതിനിടയിൽ ഞാൻ ഉണരുകയും ചെയ്തു. പക്ഷേ എന്തൊരന്യായമാണ് എന്നോടു കാണിച്ചതെന്ന തോന്നലും അതുണ്ടാക്കിയ മാനസികാഘാതവും ഏറെ നേരത്തേക്ക് എന്നെ വിട്ടൊഴിഞ്ഞതേയില്ല; ഇതെഴുതുമ്പോൾപ്പോലും അതെന്നെ പൂർണ്ണമായി വിട്ടുമാറിയിട്ടില്ല. എന്റെ സ്വപ്നങ്ങളിൽ വരുമ്പോൾ നീ ഇതുമാതിരി പെരുമാറാൻ പാടുള്ളതല്ല.
ഫീബീ, എനിക്കു നിന്നെ അത്രയ്ക്കു വേണം. ഈ ലോകത്ത് എനിക്കു വേണ്ടതായി നീയൊരാളേയുള്ളു. മറ്റുള്ളവരുമായി ഇടയ്ക്കെപ്പോഴെങ്കിലും ഒത്തുപോയെങ്കിലായി. പക്ഷേ നിന്നെ കാണുന്നതു വരെ മറ്റൊരാളുടെ സഹവാസത്തേക്കാൾ ഞാൻ ഇഷ്ടപ്പെട്ടിരുന്നത് ഒറ്റയ്ക്കിരിക്കാനാണ്. ഇപ്പോഴാണെങ്കിൽ നീ കൈയകലത്തുണ്ടെങ്കിലേ ഞാൻ ഞാനാവൂ എന്ന സ്ഥിതിയുമായിരിക്കുന്നു. അവാച്യമാം വിധം പ്രിയപ്പെട്ട സ്ത്രീയാണു നീ. ഇത്രയും തണുത്തുറഞ്ഞൊരു വേദന എനിക്കു മേൽ അടിച്ചേല്പിക്കാൻ ആ സ്വപ്നത്തിൽ നിനക്കെങ്ങനെ കഴിഞ്ഞു?
ഈ എഴുത്ത് ഇനിയും തുടർന്നുപോയാൽ അതെന്റെ കൂടുതൽ ആഗ്രഹങ്ങളെയും സ്നേഹത്തെയും പറ്റി പറയാനായിരിക്കും; പറഞ്ഞെത്തിക്കാനാവാത്തതാണതെന്നതിനാൽ കത്തു ചുരുക്കുകയാവും ഭേദം.
നിന്റെ ഭർത്താവ്
നഥാനിയൽ ഹാവ്ത്തോൺ (1804-1864) -അമേരിക്കൻ നോവലിസ്റ്റ്; ചിത്രകാരിയായ ഭാര്യ സോഫിയ പീബൊഡിക്കെഴുതിയവയാണ് ഈ കത്തുകൾ.
No comments:
Post a Comment