Thursday, March 19, 2015

പ്രണയലേഖനങ്ങൾ (40)- റിൽക്കെ

indexrilke2



ലൂ അന്ദ്രിയാസ് സാലോമിയ്ക്ക്


1897 മേയ് 13

...നിങ്ങളോടൊപ്പം ഞാൻ പങ്കിട്ട ആദ്യത്തെ സന്ധ്യനേരമായിരുന്നില്ല ഇന്നലത്തേത്. എന്റെ ഓർമ്മയിൽ മറ്റൊന്നുണ്ട്, നിങ്ങളുടെ കണ്ണുകളിലേക്കു നോക്കാൻ എനിക്കാഗ്രഹം ജനിപ്പിച്ച മറ്റൊരു സന്ധ്യ. ഹേമന്തമായിരുന്നു; വസന്തകാലമായിരുന്നെങ്കിൽ ഒരായിരം വിദൂരദേശങ്ങളിലേക്കു കാറ്റടിച്ചുപറത്തുമായിരുന്ന എല്ലാ ചിന്തകളും കാംക്ഷകളും എന്റെ ഇടുങ്ങിയ വായനമുറിയിലും എന്റെ നിശബ്ദമായ ജോലിയിലും തൂന്നുകൂടിയിരുന്നു. അപ്പോഴാണ്‌ ഡോ. കോൺറാഡിൽ നിന്ന് എനിക്കൊരുപഹാരം കിട്ടുന്നത്: ന്യൂ ജർമ്മൻ റിവ്യൂവിന്റെ 1896 ഏപ്രിലിന്റെ ലക്കം. അതിൽ ‘ജൂതനായ യേശു’ എന്ന തലക്കെട്ടിൽ ഒരു ലേഖനമുള്ളതിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഒരു കത്തുമുണ്ടായിരുന്നു. എന്തുകൊണ്ട്? എന്റെ ‘ക്രിസ്തുവിന്റെ ദർശനങ്ങൾ’ എന്ന കവിതയുടെ ചില ഭാഗങ്ങൾ അടുത്ത കാലത്ത് അദ്ദേഹം വായിച്ചിട്ടുണ്ടായിരുന്നു; പ്രജ്ഞാസമ്പന്നമായ നിങ്ങളുടെ ആ പ്രബന്ധത്തിൽ എനിക്കു താല്പര്യമുണ്ടാവുമെന്ന് അദ്ദേഹം കരുതി. അദ്ദേഹത്തിനു തെറ്റി. ആ വെളിപാടിലേക്ക് എന്നെ ആഴത്തിലാഴത്തിൽ വലിച്ചിറക്കിക്കൊണ്ടുപോയത് താല്പര്യമായിരുന്നില്ല; ആത്മാർത്ഥമായ ഒരു സഹാനുഭൂതി  ആ ഭവ്യമായ പാതയിലൂടെ എനിക്കു വഴി കാട്ടിക്കൊണ്ട് മുന്നിൽ നടക്കുകയായിരുന്നു-എന്റെ ദർശനങ്ങൾ സ്വപ്നസമാനമായ ഇതിഹാസങ്ങൾ വഴി അവതരിപ്പിക്കുന്നത് മതപരമായ ബോദ്ധ്യത്തിന്റെ വിപുലബലത്തോടെ, അത്രയും സുതാര്യമായ വാക്കുകളിൽ നിങ്ങൾ ആവിഷ്കരിക്കുന്നതു കണ്ടപ്പോൾ എന്റെ ആഹ്ളാദത്തിന്‌ അതിരുണ്ടായില്ല.

നോക്കൂ, നിങ്ങളുടെയാ ആ നിർദ്ദയമായ കാർശ്യത്തിലൂടെ, വാക്കുകളുടെ വിട്ടുവീഴ്ചയില്ലാത്ത കരുത്തിലൂടെ എന്റെ കൃതി ഒരനുഗ്രഹം, ഒരനുമതി നേടുകയാണെന്ന് എനിക്കു തോന്നിപ്പോയി. കൂറ്റൻ സ്വപ്നങ്ങൾ അവയുടെ എല്ലാ നന്മതിന്മകളോടെയും ഫലിക്കുന്ന ഒരാളായി ഞാൻ മാറി. എന്തെന്നാൽ, സ്വപ്നത്തിനു യാഥാർത്ഥ്യം പോലെയും ആഗ്രഹത്തിനു സാഫല്യം പോലെയുമായിരുന്നു, എന്റെ കവിതകൾക്ക് നിങ്ങളുടെ ലേഖനം.

അപ്പോൾ എന്തൊക്കെ വികാരങ്ങളോടെയാണ്‌ ഇന്നലത്തെ ആ സായാഹ്നത്തെ ഞാൻ പ്രതീക്ഷിച്ചിരുന്നതെന്ന് നിങ്ങൾക്കു ഭാവന ചെയ്യാൻ പറ്റുമോ? ഇതൊക്കെ വേണമെങ്കിൽ ഇന്നലെ സംസാരത്തിനിടെ എനിക്കു പറയാമായിരുന്നു- ഒരു കപ്പു ചായ കുടിച്ചുകൊണ്ട്, യദൃച്ഛയാ എന്ന പോലെ, ആദരവു നിറഞ്ഞതും ഉള്ളിൽ തട്ടിയതുമായ ചില വാക്കുകൾ തിരഞ്ഞെടുത്തുകൊണ്ട്. പക്ഷേ എന്റെ മനസ്സിലുണ്ടായിരുന്നതുമായി ഒരു ബന്ധവും അതിനുണ്ടായെന്നു വരില്ല. ആ സന്ധ്യനേരത്ത് നിങ്ങളോടൊപ്പം ഞാൻ ഒറ്റയ്ക്കായിരുന്നു; എനിക്കു നിങ്ങളോടൊപ്പം ഒറ്റയ്ക്കാവുകയും വേണ്ടിയിരുന്നു- അത്രയും വലിയ ഒരനുഗ്രഹം കിട്ടിയതിന്റെ നന്ദിസൂചകമായി എന്റെ മനസ്സു നിറഞ്ഞു തുളുമ്പുകയായിരുന്നതിനാൽ.

എനിക്കെപ്പോഴും തോന്നാറുണ്ട്: ഒരാൾ മറ്റൊരാളോട് സവിശേഷമായ എന്തിനെങ്കിലും കടപ്പെട്ടിട്ടുണ്ടെങ്കിൽ ആ കടപ്പാട് അവർക്കിടയിൽ മാത്രമുള്ള ഒരു രഹസ്യമായി ശേഷിക്കണമെന്ന്.

എന്നെങ്കിലുമൊരിക്കൽ എന്റെ ‘ക്രിസ്തുവിന്റെ ദർശനങ്ങ’ളുടെ ഏതെങ്കിലും ഒരു ഭാഗം നിങ്ങളെ വായിച്ചുകേൾപ്പിക്കാനുള്ള ഭാഗ്യം എനിക്കു കിട്ടിയെന്നു വരാം; അതിലും വലുതായൊരാഹ്ളാദം എനിക്കു കിട്ടാനില്ല.

പക്ഷേ ഇതൊക്കെ പണ്ടേ മനസ്സിൽ സൂക്ഷിക്കുന്ന, പഴയൊരു നന്ദിയുടെ വാക്കുകളാണ്‌; ഇപ്പോൾ അവ പുറത്തു പറയാൻ അനുവാദം കിട്ടിയത്
ഒരു ബഹുമതിയായി കണക്കാക്കുന്നു,
നിങ്ങളുടെ,
റെനെ മരിയ റിൽക്കെ


റിൽക്കെ ലൂ അന്ദ്രിയാസ് സാലോമിയെ ആദ്യമായി കാണുന്നത് 1897 മേയ് 12നാണ്‌. അന്ന് റിൽക്കെയ്ക്ക് 21 വയസ്സായിരുന്നു; അവർക്ക് മുപ്പത്താറും. എഴുതിത്തുടങ്ങിയ ഒരു കവിയ്ക്ക് ലബ്ധപ്രതിഷ്ഠ നേടിയ, ജീവിതത്തിലും വിപുലമായ യാത്രകളിലും നിന്ന് അനുഭവങ്ങൾ സഞ്ചയിച്ച മുതിർന്ന ഒരെഴുത്തുകാരിയോടുള്ള ആരാധനയാണ്‌ ആദ്യത്തെ ഈ കത്തിൽ മുന്നിട്ടു നില്ക്കുന്നതെങ്കിലും പിന്നീടതു പ്രണയമായി വളരുകയായിരുന്നു.


 

No comments: