Monday, March 23, 2015

പ്രണയലേഖനങ്ങൾ (43) - റിൽക്കെ

rainer-maria-rilke1


ലൂ അന്ദ്രിയാസ് സാലോമിയ്ക്ക്

മ്യൂണിച്ച്, 1897 ജൂൺ 9

ബുധനാഴ്ച വൈകുന്നേരം

 

നിന്നെ പിരിഞ്ഞതില്പിന്നെ മഴ പെയ്തിരുണ്ട തെരുവുകളിലൂടെ
തിരക്കു പിടിച്ചൊളിച്ചുപോകുമ്പോളെനിക്കു തോന്നുന്നു,
എന്റെ കണ്ണുകളെ നേരിടുന്ന കണ്ണുകൾക്കെല്ലാം കാണാം,
നിർവൃതിയടഞ്ഞതും ഉയിർത്തെഴുന്നേറ്റതുമായ എന്റെയാത്മാവ്
അവയിലാളിക്കത്തുകയാണെന്ന്.

വഴിപോക്കരുടെ പറ്റത്തിൽ നിന്നെന്റെയാഹ്ളാദം മറച്ചുപിടിക്കാൻ
ഒളിഞ്ഞും മറിഞ്ഞും ഞാൻ ശ്രമിക്കുന്നു;
ധൃതിപ്പെട്ടു ഞാനതു വീട്ടിനുള്ളിലെത്തിക്കുന്നു;
രാത്രിയേറെക്കടന്നതില്പിന്നെയേ,
നിധിപേടകം പോലെ ഞാനതു പതുക്കെത്തുറക്കുന്നുള്ളു.

പിന്നെ, ഗഹനാന്ധകാരത്തിൽ നിന്നൊന്നൊന്നായി
എന്റെ പൊൻപണ്ടങ്ങൾ ഞാൻ കൈയിലെടുത്തു നോക്കുന്നു;
ഏതാണാദ്യം കാണേണ്ടതെന്നെനിക്കു തീർച്ചയാവുന്നില്ല:
എന്റെ മുറിയ്ക്കുള്ളിലിടമായ ഇടമെല്ലാം
കവിഞ്ഞൊഴുകുകയാണല്ലോ, കവിഞ്ഞൊഴുകുകയാണല്ലോ.

താരതമ്യങ്ങൾക്കപ്പുറത്തുള്ളൊരു സമൃദ്ധിയാണത്-
രാത്രിയുടെ കണ്ണുകളിന്നേവരെ കാണാത്ത പോലെ,
രാത്രിയുടെ മഞ്ഞുതുള്ളികളിന്നേവരെ വീഴാത്ത പോലെ.
ഏതു രാജകുമാരന്റെ വധുവിനു നല്കിയതുമാവട്ടെ,
ആ രാജകീയസ്ത്രീധനത്തെക്കാളമൂല്യമാണത്.

ഉജ്ജ്വലമായ രാജകീയകിരീടങ്ങളതിലുണ്ട്,
അവയിൽ പതിച്ച രത്നങ്ങൾ നക്ഷത്രങ്ങളത്രെ.
ആർക്കുമൊരു സംശയം പോലുമില്ല;
എന്റെ നിധികൾക്കിടയിൽ ഞാനിരിക്കുന്നു പ്രിയേ,
തനിക്കൊരു റാണിയുണ്ടെന്നറിയുന്ന രാജാവിനെപ്പോലെ.

തൊട്ടു മുമ്പു വീശിക്കടന്നുപോയ വന്യമായ കൊടുങ്കാറ്റിനു ശേഷം എത്ര സമൃദ്ധിയാണു സൂര്യൻ കോരിച്ചൊരിയുന്നതെന്നു കാണുമ്പോൾ എന്റെ മുറിയ്ക്കുള്ളിലെങ്ങും ആനന്ദത്തിന്റെ കട്ടിപ്പൊന്നു പൊതിഞ്ഞപോലെനിക്കു തോന്നിപ്പോകുന്നു. ധനികനും സ്വതന്ത്രനുമാണു ഞാൻ; തൃപ്തിയുടെ ദീർഘശ്വാസമെടുത്തുകൊണ്ട് സായാഹ്നത്തിന്റെ ഓരോ നിമിഷവും പിന്നെയും ഞാൻ സ്വപ്നം കാണുന്നു. ഇന്നിനി വീണ്ടും പുറത്തേക്കിറങ്ങണമെന്ന് എനിക്കു തോന്നുന്നില്ല. എനിക്കു സൗമ്യസ്വപ്നങ്ങൾ കാണണം, നീ വരുമ്പോൾ അവയുടെ പൊലിമ കൊണ്ടെന്റെ മുറിയ്ക്കകമെനിക്കലങ്കരിക്കണം. എന്റെ കൈകളിലും എന്റെ മുടിയിലും നിന്റെ കൈകളുടെ ആശിസ്സുകളുമായി രാത്രിയിലേക്കെനിക്കു പ്രവേശിക്കണം. എനിക്കാരോടും സംസാരിക്കേണ്ട: എന്റെ വാക്കുകൾക്കു മേൽ ഒരു മിനുക്കം പോലെ ഞൊറിയിടുകയും അവയ്ക്കൊരു മുഴക്കത്തിന്റെ സമൃദ്ധി പകരുകയും ചെയ്യുന്ന നിന്റെ വാക്കുകളുടെ പ്രതിധ്വനി ഞാൻ ദുർവ്യയം ചെയ്താലോ? ഈ സായാഹ്നസൂര്യനു ശേഷം മറ്റൊരു വെളിച്ചത്തിലേക്കും എനിക്കു കണ്ണയക്കേണ്ട; നിന്റെ കണ്ണുകളിലെ അഗ്നി കൊണ്ട് ഒരായിരം സൗമ്യയാഗങ്ങൾക്കു തിരി കൊളുത്തിയാൽ മതിയെനിക്ക്...എനിക്കു നിന്നിലുയരണം, ആർപ്പുവിളികൾ മുഴങ്ങുന്നൊരു പ്രഭാതത്തിൽ ഒരു ശിശുവിന്റെ പ്രാർത്ഥന പോലെ, ഏകാന്തനക്ഷത്രങ്ങൾക്കിടയിൽ ഒരഗ്നിബാണം പോലെ. എനിക്കു നീയാവണം. നിന്നെ അറിയാത്ത ഒരു സ്വപ്നവും എനിക്കു വേണ്ട; നീ സഫലമാക്കാത്ത, നിനക്കു സഫലമാക്കാനാവാത്ത ഒരഭിലാഷവും എനിക്കു വേണ്ട. നിന്നെ പ്രകീർത്തിക്കുന്നതല്ലാത്ത ഒരു പ്രവൃത്തിയും എനിക്കു ചെയ്യേണ്ട, നിന്റെ മുടിയിൽ ചൂടാനല്ലാത്ത ഒരു പൂവും എനിക്കു നട്ടു വളർത്തുകയും വേണ്ട. നിന്റെ ജനാലയിലേക്കുള്ള വഴിയറിയാത്ത ഒരു കിളിയേയും എനിക്കെതിരേല്ക്കേണ്ട, ഒരിക്കലെങ്കിലും നിന്റെ പ്രതിബിംബത്തിന്റെ രുചി നുകരാത്ത ചോലയിൽ നിന്നെനിക്കു ദാഹവും തീർക്കേണ്ട. അജ്ഞാതരായ അത്ഭുതപ്രവർത്തകരെപ്പോലെ നിന്റെ സ്വപ്നങ്ങളലഞ്ഞു നടന്നിട്ടില്ലാത്ത ഒരു നാട്ടിലേക്കുമെനിക്കു പോകേണ്ട, നീയിന്നേവരെ അഭയം തേടാത്ത ഒരു കുടിലിലുമെനിക്കു പാർക്കുകയും വേണ്ട. എന്റെ ജീവിതത്തിൽ നീ വരുന്നതിനു മുമ്പുള്ള നാളുകളെക്കുറിച്ചെനിക്കൊന്നുമറിയേണ്ട, ആ നാളുകളിലധിവസിച്ചിരുന്നവരെക്കുറിച്ചുമറിയേണ്ട. ആ മനുഷ്യരെ കടന്നുപോകുമ്പോൾ അവരുടെ കുഴിമാടത്തിൽ ഓർമ്മയുടെ അപൂർവ്വവും വാടിയതുമായ ഒരു പുഷ്പചക്രം, അവരതർഹിക്കുന്നുണ്ടെങ്കിൽ, എനിക്കർപ്പിക്കണം; എന്തെന്നാൽ, ഇത്ര സന്തോഷഭരിതനായിരിക്കെ നന്ദികേടു കാണിക്കാൻ എനിക്കു കഴിയില്ല. പക്ഷേ ഇന്നവർ എന്നോടു പറയുന്ന ഭാഷ കുഴിമാടങ്ങളുടെ ഭാഷയാണ്‌; അവർ ഒരു വാക്കു പറയുമ്പോൾ എനിക്കു തപ്പിത്തടയേണ്ടിവരുന്നു; എന്റെ കൈകൾ തൊടുന്നത് തണുത്ത, മരവിച്ച അക്ഷരങ്ങളിലാകുന്നു. ഈ മൃതരെ സന്തുഷ്ടഹൃദയത്തോടെ എനിക്കു പ്രശംസിക്കണം; എന്തെന്നാൽ അവരെന്നെ നിരാശപ്പെടുത്തി, അവരെന്നെ തെറ്റിദ്ധരിച്ചു, അവരെന്നോടു മര്യാദകേടായി പെരുമാറി, അങ്ങനെ ദീർഘമായ ആ യാതനാവഴിയിലൂടെ അവരെന്നെ നിന്നിലേക്കു നയിക്കുയും ചെയ്തു.- ഇപ്പോൾ എനിക്കു നീയാകണം. കന്യാമറിയത്തിന്റെ തിരുരൂപത്തിനു മുന്നിലെ കെടാവിളക്കു പോലെ നിന്റെ കൃപയ്ക്കു മുന്നിൽ എന്റെ ഹൃദയം എരിഞ്ഞുനില്ക്കുന്നു.

 

Lou andreas

വ്യാഴാഴ്ച രാവിലെ

 

ചോരച്ചുവപ്പായ കംബളങ്ങളെനിക്കു നീട്ടിവിരിക്കണം,
പതിനായിരങ്ങളായ പുഷ്പദീപങ്ങൾ നിരത്തിവയ്ക്കണം,
മണക്കുന്ന പൊൻകിണ്ണങ്ങളിൽ നിന്നവയിലെണ്ണ പകരണം,
പിന്നെയെങ്ങുമവ തുള്ളിത്തുളുമ്പി നില്ക്കണം.

അങ്ങനെയവ എരിഞ്ഞെരിഞ്ഞു നില്ക്കണം,
ചുവന്ന പകലുകൾ അന്ധരാക്കിയ നമ്മൾ
വിളർത്ത രാത്രിയിൽ അന്യോന്യമറിയും വരെ,
നക്ഷത്രങ്ങളാണു നമ്മുടെയാത്മാക്കളെന്നറിയും വരെ.

എത്ര സമ്പന്നയാണു നീ. എന്റെ രാത്രികൾക്കു നീ സ്വപ്നങ്ങൾ നല്കുന്നു, എന്റെ പുലരികൾക്കു ഗാനങ്ങൾ നല്കുന്നു, എന്റെ പകലിനു ലക്ഷ്യം നല്കുന്നു, എന്റെ ചുവന്ന അസ്തമയത്തിനു സൂര്യാശംസകളും നല്കുന്നു. അക്ഷയമാണു നിന്റെ ദാനങ്ങൾ. നിന്റെ കൃപ കൈക്കൊള്ളാനായി മുട്ടു കുത്തി ഞാൻ കൈകളുയർത്തുന്നു. എത്ര സമ്പന്നയാണു നീ! ഞാനാരാകണമെന്നു നീയാഗ്രഹിക്കുന്നുവോ, അതൊക്കെയാണു ഞാൻ. നിനക്കു കോപം വരുമ്പോൾ ഞാൻ അടിമയാകാം, നിനക്കു പുഞ്ചിരി വരുമ്പോൾ ഞാൻ രാജാവാകാം. എങ്ങനെയായാലും എനിക്കസ്തിത്വം നല്കുന്നത് - നീ.

ഇതു നിന്നോടു ഞാൻ പലപ്പോഴും പറയും, മിക്കപ്പോഴും പറയും. എന്റെ കുമ്പസാരം എളിമയും സാരള്യവും വായ്ചതൊന്നായി വിളയും.  അങ്ങനെയൊടുവിൽ എത്രയും ലളിതമായി നിന്നോടു ഞാനതു പറയുമ്പോൾ അത്രയും ലളിതമായിത്തന്നെ നീയതുൾക്കൊള്ളും, നമ്മുടെ ഗ്രീഷ്മകാലം വന്നുചേരും. എല്ലാ പകലുകൾക്കും മേലതു വ്യാപിക്കുകയും ചെയ്യും- നിന്റെ
                                                            റെനെയുടെ.

നീ ഇന്നു വരും!?


 

 

No comments: