Friday, March 13, 2015

പ്രണയലേഖനങ്ങൾ(35)- ചെക്കോവ്

 

9780413776372


ഓൾഗാ നിപ്പെറിന്‌



1900 സെപ്തംബർ 27

എനിക്കെത്രയും  പ്രിയപ്പെട്ട ഓല്യാ, എന്റെ പ്രിയപ്പെട്ട അഭിനയക്കാരിക്കുട്ടീ, ഊഷ്മളവും സ്നേഹനിർഭരവുമായ ഒരു ഹൃദയം എനിക്കുണ്ടെന്നും പക്ഷേ ഞാനതു മനഃപൂർവം തണുപ്പനാക്കി വയ്ക്കുകയാണെന്നും നീ എഴുതുന്നു. ഞാനതെങ്ങനെ നിനക്കു കാണിച്ചുതരാൻ? എന്റെ പ്രിയപ്പെട്ടവളേ, എനിക്കു നിന്നെ എന്നും സ്നേഹമായിരുന്നു, ഞാനതു നിന്നിൽ നിന്നു മറച്ചുവയ്ക്കാൻ  ശ്രമിച്ചിട്ടുമില്ല. നീ പ്രതീക്ഷിക്കുന്നത് ഗൗരവം നിറഞ്ഞ മുഖങ്ങളും ഗൗരവമുള്ള കാര്യങ്ങൾ സംഭവിക്കുന്നതുമായ ഒരു ദീർഘസംഭാഷണമാണ്‌; പക്ഷേ പതിനായിരം തവണ ഞാൻ പറഞ്ഞുകഴിഞ്ഞതും ഇനിയുമൊരുപാടുകാലം ഞാൻ പറയാൻ പോകുന്നതുമായ ഒരു കാര്യമല്ലാതെ മറ്റെന്താണു നിന്നോടു പറയാനുള്ളതെന്ന് എനിക്കറിയില്ല- ഞാൻ നിന്നെ സ്നേഹിക്കുന്നു, അത്ര തന്നെ. ഇപ്പോൾ നാം ഒരുമിച്ചല്ലെങ്കിൽ അതിനു നാം പഴിക്കേണ്ടത് എന്റെയുള്ളിൽ ഒരു വൈറസിനെയും നിന്റെയുള്ളിൽ കലാസ്നേഹത്തെയും കടത്തിവിട്ട ആ പിശാചുക്കളെയാണ്‌.
വിട, എന്റെ പ്രിയപ്പെട്ട കിഴവീ; മാലാഖമാർ നിന്നെ കാക്കട്ടെ. എനിക്കെഴുതുക; നിന്റെ അന്റോയിൻ.


യാൾട്ട, 1902 ആഗസ്റ്റ് 27

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നിന്റെ ഒരു കത്ത് എനിക്കു കിട്ടിയിരിക്കുന്നു. ഇവിടെ എന്റെ ജീവിതം സ്വസ്ഥമാണ്‌; ഞാൻ ടൗണിലേക്കു പോകാറില്ല; കാണാൻ വരുന്നവരുമായി അതുമിതും പറഞ്ഞിരിക്കും; ഇടയ്ക്കെന്തെങ്കിലും എഴുതിയാലായി. ഈ വർഷം ഞാൻ നാടകമൊന്നും എഴുതാൻ പോകുന്നില്ല; അതിനുള്ള മനഃസ്ഥിതിയിലല്ല ഞാൻ. ഇനിയഥവാ, നാടകസ്വഭാവമുള്ള എന്തെങ്കിലും എഴുതിയാൽത്തന്നെ അത് ഒറ്റ അങ്കമുള്ള ഒരു പ്രഹസനമായിരിക്കും.

നിന്റെ കത്ത് മാഷ (ചെക്കോവിന്റെ സഹോദരി)യല്ല തന്നത്; ഞാനത് അമ്മയുടെ മുറിയിലെ മേശപ്പുറത്തു നിന്നെടുക്കുകയായിരുന്നു. യാന്ത്രികമായി അതെടുത്തു വായിച്ചപ്പോൾ മാഷ അത്രയ്ക്കും അസ്വസ്ഥയായതിന്റെ കാരണം എനിക്കു പിടി കിട്ടി. നിന്റെ കത്ത് വല്ലാതെ പരുഷമായിപ്പോയി, അതിലും പ്രധാനമായി അന്യായമായ കുറ്റപ്പെടുത്തലുമാണത്. തീർച്ചയായും അതെഴുതുമ്പോൾ നിന്റെ മാനസികനില എന്തായിരുന്നുവെന്ന് എനിക്കറിയാം, അതെനിക്കു മനസ്സിലാവുകയും ചെയ്യും. എന്നാലും നീ ഒടുവിലെഴുതിയ കത്ത് വളരെ വിചിത്രമായി; നിന്റെ തലയ്ക്കെന്തു പറ്റിയെന്നോ എന്താണതിനുള്ളിൽ നടക്കുന്നതെന്നോ എനിക്കു മനസ്സിലാകുന്നില്ല; നീ എഴുതുന്നു: ‘ഞാനിവിടെ സുഖമില്ലാതെ കിടക്കുമ്പോൾ നിങ്ങളെ അവർ യാൾട്ടയിൽ പ്രതീക്ഷിച്ചത് എനിക്കു വിചിത്രമായി തോന്നുന്നു. എനിക്കു സുഖമില്ലാതിരിക്കുമ്പോൾ നിങ്ങൾ എന്റെ കൂടെ നില്ക്കുന്നത് ആർക്കൊക്കെയോ രസിക്കുന്നില്ല.’ ആർക്കാണതു രസിക്കാത്തത്? നീയില്ലാതെ ഒറ്റയ്ക്കു ചെല്ലാൻ ആരുമെന്നോടു പറഞ്ഞിട്ടില്ലെന്നു കത്തിൽ ഞാൻ ആണയിട്ടെഴുതിയിരുന്നതല്ലേ? ഇത്ര ന്യായക്കേടായി പെരുമാറരുത് പ്രിയേ, ഒരിക്കലും അങ്ങനെ ചെയ്യരുത്...

...നിന്റെ കത്തുകൾ തണുപ്പൻ മട്ടിലാണെങ്കിലും എന്റെ സ്നേഹപ്രകടനങ്ങൾ കൊണ്ടു ഞാൻ നിന്നെ പൊറുതി മുട്ടിച്ചുകൊണ്ടേയിരിക്കുന്നു; നിന്നെക്കുറിച്ചു തന്നെ ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്നു. ഒരു കോടിത്തവണ ഞാൻ നിന്നെ ചുംബിക്കുന്നു, നിന്നെ പുണരുന്നു. അഞ്ചു ദിവസത്തിൽ ഒന്നെന്ന കണക്കു വിട്ടു കൂടുതലായെഴുതൂ, പ്രിയപ്പെട്ടവളേ. എന്തായാലും ഞാൻ നിന്റെ ഭർത്താവല്ലേ. നമ്മുടെ ഹിതപ്രകാരം ഒരുമിച്ചു ജീവിക്കാൻ ഒരവസരം കിട്ടുന്നതിനു മുമ്പ്, എനിക്കൊരു കുഞ്ഞുമകനെയോ മകളെയോ തരുന്നതിനു മുമ്പ് നീ എന്നെ വിട്ടു പോകരുതേ. എനിക്കൊരു കുഞ്ഞിനെ തന്നു കഴിഞ്ഞാൽ പിന്നെ നീ നിന്റെ ഇഷ്ടം പോലെ നടന്നോളൂ. ഞാൻ ഒന്നുകൂടി ചുംബിക്കുന്നു.

നിന്റെ,
എ.



യാൾട്ട, 1902 സെപ്തംബർ 1

എന്റെ പ്രിയേ, എന്റെ സ്വന്തമേ,

പിന്നെയും വിചിത്രമായ ഒരു കത്ത് നിന്നിൽ നിന്നു വന്നിരിക്കുന്നു. പിന്നെയും എന്തിനും ഏതിനും എന്റെ പാവം തലയെ  നീ പഴി ചാരുന്നു. എനിക്കു മോസ്കോയിലേക്കു മടങ്ങാൻ താല്പര്യമില്ലെന്നും ഞാൻ അവിടെ നിന്നു രക്ഷപ്പെടുകയായിരുന്നുവെന്നും ഈ ശരല്ക്കാലത്ത് ഞാൻ അങ്ങോട്ടു വരുന്നില്ലെന്നും ആരാണു നിന്നോടു പറഞ്ഞത്? ലളിതമായ ഭാഷയിൽ, വളച്ചുകെട്ടില്ലാതെ ഞാൻ നിനക്കെഴുതിയിരുന്നതല്ലേ, സെപ്തംബറിൽ ഞാൻ തീർച്ചയായും വരുന്നുണ്ടെന്നും ഡിസംബർ വരെ നിന്റെയൊപ്പം താമസിക്കുമെന്നും? ശരിയല്ലേ? ഞാൻ ഒന്നും തുറന്നു പറയുന്നില്ലെന്നു നീ കുറ്റപ്പെടുത്തുന്നു, എന്നിട്ടു നീയോ, ഞാൻ പറയുന്നതും എഴുതുന്നതുമൊക്കെ മറക്കുകയും ചെയ്യുന്നു. എന്റെ ഭാര്യയെ എന്തു ചെയ്യണമെന്നോ എങ്ങനെയാണവൾക്കു കത്തെഴുതേണ്ടതെന്നോ എനിക്കു പിടി കിട്ടുന്നില്ല. എന്റെ കത്തു വായിക്കുമ്പോൾ നിനക്കു ശരീരം വിറയ്ക്കുന്നുവെന്ന്, നമുക്കു പിരിയാൻ കാലമായിരിക്കുന്നുവെന്ന്, ഇതിലൊക്കെ തനിക്കു പിടി കിട്ടാത്തതായി എന്തോ ഉണ്ടെന്ന്...എന്നൊക്കെയല്ലേ നീ എഴുതിയിരിക്കുന്നത്? ഇതിങ്ങനെ താറുമാറാവാൻ കാരണം നീയോ ഞാനോ അല്ല എന്നെനിക്കു തോന്നുന്നു; മറ്റാരോ ആണത്, നിന്നോടു സംസാരിച്ച ഒരാൾ. അയാൾ കുത്തിവച്ച വിഷം കാരണമാണ്‌ നീ എന്റെ വാക്കുകളെയും വിചാരങ്ങളെയും അവിശ്വസിക്കുന്നത്. സകലതും നീ സംശയത്തോടെയാണു കാണുന്നത്- എനിക്കിതിൽ ഒന്നും ചെയ്യാനില്ല, ഒന്നുമില്ല. നിന്നെ അതിൽ നിന്നു പിന്തിരിപ്പിക്കാനോ എന്റെ ഭാഗമാണു ശരിയെന്നു സമർത്ഥിക്കാനോ ഞാൻ ശ്രമിക്കുകയുമില്ല, കാരണം അതുകൊണ്ട് ഒരു ഫലവുമില്ല. പൂർണ്ണനിശബ്ദതയിൽ നിന്റെ കൂടെ ജീവിക്കാൻ കഴിവുള്ളയാളാണു ഞാനെന്നും നിന്നിലെ സൌമ്യസ്വഭാവിയായ സ്ത്രീയെ മാത്രമേ എനിക്കാവശ്യമുള്ളൂയെന്നും ഒരു മനുഷ്യജീവിയെന്ന നിലയ്ക്ക് ഞാൻ നിന്നെ കാണുന്നില്ലെന്നും നീ എഴുതുന്നു. എനിക്കെത്രയും പ്രിയപ്പെട്ടവളേ, നീ എന്റെ ഭാര്യയാണ്‌; ഇനിയെന്നാണു നീയതു മനസ്സിലാക്കാൻ പോകുന്നത്? എന്നോടേറ്റവുമടുത്ത, എനിക്കേറ്റവും പ്രിയപ്പെട്ട വ്യക്തിയാണു നീ; കലവറയില്ലാതെ നിന്നെ ഞാൻ സ്നേഹിച്ചു, ഇന്നും സ്നേഹിക്കുന്നു, എന്നിട്ടും നീ സ്വയം ചിത്രീകരിക്കുന്നത് ഞാൻ ഒറ്റപ്പെടുത്തിയ ‘സൌമ്യസ്വഭാവിയായ സ്ത്രീ’യാണു താനെന്നും! ...എങ്കില്പിന്നെ, നിനക്കു തോന്നുന്ന വിധം ആയിക്കോളൂ, നിനക്കതാണു വേണ്ടതെങ്കിൽ.

...പ്രിയപ്പെട്ടവളേ, എന്റെ ഭാര്യയാവുക, എന്റെ സ്നേഹിതയാവുക, നല്ല കത്തുകളെഴുതുക, വിഷാദരോഗം പരത്തുന്നതു നിർത്തുക, എന്നെ പീഡിപ്പിക്കാതിരിക്കുക. ദയാമയിയായ, ശാന്തസ്വഭാവിയായ ഭാര്യയാവുക; നീ അതു തന്നെയാണല്ലൊ. മുമ്പെന്നത്തേക്കാളും തീവ്രമായി നിന്നെ ഞാൻ സ്നേഹിക്കുന്നു, ഭർത്താവെന്ന നിലയിൽ ഒരു കളങ്കവും എന്റെ ഭാഗത്തു നിന്നിനുണ്ടായിട്ടുമില്ല. ഇനിയെങ്കിലും നിനക്കതു മനസ്സിലാക്കിക്കൂടേ, എന്റെ ആനന്ദമേ, എന്റെ കത്തെഴുത്തുകാരീ?

നിന്റെ,
എ.


യാൾട്ട, 1903 ജനുവരി 20

നീ എന്തു തീരുമാനിച്ചു? സ്വിറ്റ്സർലന്റിനെക്കുറിച്ചു നീ എന്തു പറയുന്നു? അതു നല്ലൊരു യാത്രയാവുമെന്ന് എനിക്കു തോന്നുന്നു. പോകുന്ന വഴിക്ക് നമുക്ക് വിയന്ന, ബർലിൻ തുടങ്ങിയിടത്തൊക്കെ തങ്ങാം, തിയേറ്ററിൽ പോകാം. എന്താ? എന്തു പറയുന്നു?...ഇന്ന് നല്ല വെയിലുള്ള, തെളിഞ്ഞ ദിവസമാണ്‌; പക്ഷേ ഞാൻ വീട്ടിനുള്ളിലാണ്‌; പുറത്തേക്കു പോകരുതെന്ന് അൾട്ഷുള്ളെർ വിലക്കിയിരിക്കുന്നു. എന്റെ ടെമ്പറേച്ചർ ഇപ്പോൾ വളരെ നോർമ്മൽ ആണ്‌.

ഞാൻ ഇങ്ങ് യാൾട്ടയിലായിരിക്കെ നീ അവിടെ മോസ്ക്കോവിലാണെന്നത് നിനക്കു വല്ലാതെ മനഃസാക്ഷിക്കുത്തുണ്ടാക്കുന്നുവെന്നാണല്ലോ നീ എഴുതുന്നത്. അല്ല, അതിൽ നമുക്കെന്തു ചെയ്യാൻ പറ്റും, പ്രിയേ? ശരിക്കൊന്നാലോചിച്ചു നോക്കൂ: മഞ്ഞുകാലം മൊത്തം നീ യാൾട്ടയിൽ എന്റെ കൂടെ താമസിച്ചാൽ നിന്റെ ജീവിതം ആകെ താറുമാറാകും; അതിന്റെ കുറ്റബോധം പിന്നെ എനിക്കാകും. അതുകൊണ്ട് നമ്മുടെ കാര്യങ്ങൾ ശരിയാവാനും പോകുന്നില്ല. ഞാൻ ഭാര്യയാക്കാൻ പോകുന്നത് ഒരു നാടകനടിയെയാണെന്ന് എനിക്കു നല്ല ബോദ്ധ്യമുണ്ടായിരുന്നു- എന്നു പറഞ്ഞാൽ, മഞ്ഞുകാലത്തു നീ മോസ്ക്കോവിലായിരിക്കും എന്ന് എനിക്കു നല്ല ബോദ്ധ്യമുണ്ടായിരുന്നുവെന്ന്. എന്നെ തഴയുന്നതായോ എത്ര ചെറുതായെങ്കിലും എന്നോടന്യായം ചെയ്തതായോ എനിക്കു തോന്നിയിട്ടില്ല. നേരേ മറിച്ച് ഒക്കെ ഭംഗിയായി നടക്കുന്നതായിട്ടേ ഇതേ വരെ എനിക്കു തോന്നിയിട്ടുള്ളു; അതിനാൽ പ്രിയപ്പെട്ടവളേ, നിന്റെ കുറ്റബോധം കൊണ്ട് എന്റെ മനസ്സു കെടുത്തരുത്. മാർച്ചിൽ പിന്നെയും നാം നമ്മുടെ സന്തുഷ്ടജീവിതം തുടങ്ങും, നാമിപ്പോൾ അനുഭവിക്കുന്ന ഏകാന്തത പിന്നെ നാമറിയുകയുമില്ല. അടങ്ങ്, ഇങ്ങനെ മനസ്സു കലക്കാതെ; ജീവിക്കുക, ആശിക്കുക. ആശിക്കുക, അത്ര മാത്രം...

chekhov sign

 

 

 

 


റഷ്യൻ നാടകകൃത്തും കഥാകാരനുമായ ആന്റൺ ചെക്കോവ്(1860-1904) നാടകനടിയായ ഓൾഗ നിപ്പെറിനെ ആദ്യമായി കാണുന്നത് തന്റെ ‘കടല്ക്കാക്ക’ എന്ന നാടകത്തിന്റെ റിഹേഴ്സൽ സമയത്താണ്‌. അന്ന് അദ്ദേഹത്തിന്‌ 38 വയസ്സായിരുന്നു, അവർ അദ്ദേഹത്തെക്കാൾ പത്തു കൊല്ലം ചെറുപ്പവും. 1901ൽ അവർ വിവാഹിതരായെങ്കിലും ക്ഷയരോഗിയായ ചെക്കോവ് ചികിത്സാർത്ഥം യാൾട്ടയിലെ തന്റെ വില്ലയിലും ഓൾഗ നാടകാഭിനയവുമായി മോസ്ക്കോയിലുമായിരുന്നു താമസം. അവർക്ക് കുട്ടികളുണ്ടായില്ല. 1904ൽ മരിക്കുമ്പോൾ ഓൾഗ അടുത്തുണ്ടായിരുന്നു.


No comments: