ഫ്രാൻസെസ് ബ്ലൊഗ്ഗിന്
മരണത്തെക്കുറിച്ചെന്നോടു സംസാരിക്കണമെന്നു നീ പറയുന്നു: മരണത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് വളരെ ദീപ്തവും ചടുലവും രസകരവുമാണെന്നു പറയട്ടെ. അസ്രായേൽ ഒരാത്മാവിനെ കൊണ്ടുപോകുന്നത് ദീപ്തിമത്തായ അന്യലോകങ്ങളിലേക്കാണെന്നു വരാം: നീയും ഞാനും പോകുന്നിടമെന്നപോലെ. മരണമെന്ന പരിണാമം പ്രണയമെന്ന പരിണാമം പോലെ സുന്ദരവും ഉജ്ജ്വലവുമായതൊന്നാവാം. പരേതനെ അതു ‘സന്തുഷ്ട’നാക്കിയെന്നു വരാം, നീ ഇപ്പോൾ സന്തുഷ്ടയാണെന്നു നിന്റെ അമ്മയ്ക്കറിയാവുന്നപോലെ. എന്നാല്ക്കൂടി അതൊരു പരിണാമമാണ്, നാം പിന്നിൽ വിട്ടുപോകുന്നവർക്കു ചിലപ്പോൾ സങ്കടകരമായ ഒന്ന്. മരണത്തോടടുക്കുന്ന ഒരു കുഞ്ഞിന്റെ അമ്മയ്ക്കെങ്ങനെ വിശ്വസിക്കാനാവും, ഇന്നതെന്നറിയാത്ത ആ അജ്ഞാതത്തിൽ തന്നെപ്പോലതിനെ നോക്കിവളർത്താൻ ആരെങ്കിലുമുണ്ടായിരിക്കുമെന്ന്? തന്റെ കുഞ്ഞിനെ സർവശക്തനായ ദൈവത്തിനു വിശ്വസിച്ചേല്പിക്കാൻ അമ്മയ്ക്കു കഴിയുന്നില്ലെങ്കിൽ പിന്നെ എന്നെ വിശ്വാസമില്ലാത്തതിന്റെ പേരിൽ അവരോടു കോപിക്കാനും മാത്രം തരം താഴണോ ഞാൻ? ഒരു കള്ളഭാവത്തോടെയാണ് നിന്റെ അമ്മയുടെ മുന്നിൽ ഞാൻ നിന്നിട്ടുള്ളതെന്നു പറയട്ടെ. എനിക്കറിയാം , ഭൗതികമായിട്ടോ മാനസികമായിട്ടോ ധാർമ്മികമായിട്ടോ ആത്മീയമായിട്ടോ നീ അവരിൽ നിന്നു പിരിയുകയില്ലെന്ന്. പക്ഷേ പുറമേ നിന്നു നോക്കുമ്പോൾ നിന്റെ ജീവിതത്തിൽ പുതിയൊരു ഘടകം കടന്നുവരുന്നത് അവർ കാണുകയാണ് - അവരുടെ പ്രകൃതം വച്ചു നോക്കുമ്പോൾ സ്വാഭാവികമായും അവരുടെ ആകുലത പ്രതീക്ഷിക്കാവുന്നതല്ലേ? ഹാ, എത്രയും പ്രിയപ്പെട്ട, പ്രിയപ്പെട്ട ഫ്രാൻസെസ്, പ്രായമായവരോടു നാം എപ്പോഴും സൌമ്യരാവുക. സ്വേച്ഛാധിപതികൾ അവരല്ല ഡാർലിംഗ്, നമ്മൾ തന്നെ. അടിവാരമിടുന്ന ഘട്ടത്തിൽ അവർ നമ്മുടെ വീടുപണിയ്ക്കു വിഘാതങ്ങൾ സൃഷ്ടിച്ചേക്കാം; പക്ഷേ നമ്മൾ കീഴ്മേലെടുത്തു മറിയ്ക്കുന്നത് അവരുടെ അവസാനത്തെ വീടാണ്, വിശ്രമമാണ്. നിന്റെ വിവാഹം നിശ്ചയിച്ചത് മിഖായേൽ മാലാഖയോടാണെങ്കില്പോലും (അദ്ദേഹം തന്റെ ഇച്ഛാഭംഗം ഒട്ടും പുറത്തു കാണിയ്ക്കാതിരിക്കുന്നതിൽ വിജയിച്ചിരിക്കുന്നു.)നിന്റെ അമ്മയുടെ മനസ്സിൽ ആധിയായിരിക്കും: അത് അതിലുമെത്രയോ അധികമായിരിക്കണം, നീ വിവാഹം കഴിക്കാൻ പോകുന്നത് ഒഴിവു കണ്ടപ്പോൾ ഇടിച്ചു കയറി വന്ന ലക്ഷ്യമില്ലാത്ത, നയമില്ലാത്ത, കൂസലില്ലാത്ത, പൊടിയണിഞ്ഞ, മർക്കടമുഷ്ടിക്കാരനായ ഒരുത്തനെയാണെന്നു വരുമ്പോൾ. അവരുടെ സ്വസ്ഥതകേട് എനിക്കു പ്രവചിക്കാവുന്നതേയുള്ളു: ഒന്നു ക്ഷമിച്ചാൽ അവരുടെ ക്ഷോഭമൊക്കെ തണുക്കും, പൊന്നേ. ദൈവം അവരെ ആശ്വസിപ്പിക്കട്ടെ: ഞാൻ അതിനാളല്ല...
[ഗിൽബർട്ട് കീത്ത് ചെസ്റ്റെർട്ടൺ (1874-1936) - ഇംഗ്ളീഷ് കവി, ചിന്തകൻ, വിമർശകൻ, നാടകകൃത്ത്, നിരൂപകൻ. ഫാദർ ബ്രൗൺ എന്ന കുറ്റാന്വേഷകനായ പുരോഹിതൻ അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ കഥാപാത്രമാണ്. കവിതയും നാടകവുമെഴുതിയിരുന്ന ഫ്രാൻസെസ് ആലിസ് ബ്ലൊഗ്ഗ് പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയായി.]
അസ്രായേൽ - ഇസ്ലാം, ഹീബ്രു, സിക്ക് മതങ്ങളിൽ മരണത്തിന്റെ മാലാഖ
No comments:
Post a Comment