വരൂ, പ്രായമേശാത്ത, മാറ്റമില്ലാത്ത രാത്രീ,
പിറവിയിലേ സ്ഥാനഭ്രഷ്ടയായ റാണീ,
ഉള്ളിനുമുള്ളിലെ മൗനത്തിനു തുല്യയായ രാത്രീ,
നിത്യത കര വച്ച പുടവയിൽ
പായുന്ന നക്ഷത്രങ്ങൾ തുന്നിച്ചേർത്തവളേ, രാത്രീ.
ഒഴുകി വരൂ,
മൃദുപാദയായി വരൂ,
ഏകയായി, ഭവ്യയായി വരൂ,
കൈകളിരുപുറവും തൂക്കിയിട്ടു വരൂ,
അകലെയായ കുന്നുകളെ
അരികിലെ മരങ്ങൾക്കു ചുവട്ടിലേക്കു കൊണ്ടുവരൂ,
ഞാൻ കാണുന്ന പാടങ്ങളെയെല്ലാം
നിന്റെയൊരേയൊരു പാടത്തിൽ ലയിപ്പിക്കൂ,
മലയെ നിന്റെയുടലിന്റെ ഒരു ഖണ്ഡമാക്കൂ,
അകലക്കാഴ്ചയിൽ ഞാനതിൽ കാണുന്ന വ്യത്യസ്തതകളോരോന്നും തുടച്ചുമാറ്റൂ:
അതിൽ കയറിപ്പോകുന്ന വഴികൾ,
അകലെയതിനെ സാന്ദ്രഹരിതമാക്കുന്ന വിവിധവൃക്ഷങ്ങൾ,
മരങ്ങൾക്കിടയിലൂടെ പുകച്ചുരുളുയരുന്ന വെള്ളയടിച്ച വീടുകൾ;
ഒരു വെളിച്ചം മാത്രം ശേഷിക്കട്ടെ, മറ്റൊരു വെളിച്ചവും പിന്നെയൊരു വെളിച്ചവും,
അവ്യക്തവും നൊമ്പരപ്പെടുത്തുന്നതുമായ വിദൂരതയിൽ,
പൊടുന്നനേ അപ്രാപ്യമായ വിദൂരതയിൽ.
വ്യർത്ഥമായി ഞങ്ങൾ തിരയുന്ന അസാദ്ധ്യതകളുടെ മാതാവേ,
അസ്തമയനേരത്തു ഞങ്ങളുടെ ജനാലയ്ക്കലെത്തുന്ന സ്വപ്നങ്ങളുടെ മാതാവേ,
കോസ്മോപൊളിറ്റൻ ഹോട്ടലുകളുടെ വിശാലമായ വരാന്തകളിൽ,
യൂറോപ്യൻ സംഗീതത്തിന്റെയും അടുത്തുമകലത്തുമുള്ള ശബ്ദങ്ങളുടെയും പശ്ചാത്തലത്തിൽ,
ഞങ്ങളെ താലോലിക്കുന്ന ,
ഒരിക്കലും നടക്കില്ലെന്നറിയാവുന്നതിനാൽ ഞങ്ങളെ വേദനിപ്പിക്കുന്ന
സ്വപ്നപദ്ധതികളുടെ മാതാവേ...
ഞങ്ങളെ പാടിയുറക്കാൻ വരൂ,
ഞങ്ങളെ ആശ്വസിപ്പിക്കാൻ വരൂ,
ഞങ്ങളുടെ നെറ്റിയിൽ നിശബ്ദമായി ചുംബിക്കൂ,
ചുംബിച്ചുവെന്നു ഞങ്ങൾക്കു തോന്നാത്തത്ര മൃദുവായി ചുംബിക്കൂ,
ആത്മാവിലെന്തോ അനക്കം വച്ചുവെന്നു മാത്രം ഞങ്ങളറിയട്ടെ,
ഈ ജീവിതവുമായി ഒരു ബന്ധവുമില്ലെന്നറിയുന്നതിനാൽ
ഞങ്ങൾ പ്രിയത്തോടെ മാറോടണയ്ക്കുന്ന സ്വപ്നങ്ങൾ,
ആ സ്വപ്നങ്ങൾ കായ്ക്കുന്ന മാന്ത്രികവൃക്ഷങ്ങൾ,
ആ വൃക്ഷങ്ങൾ വേരിറക്കിനില്ക്കുന്ന ഞങ്ങളിലെ പ്രാക്തനദേശം-
അതിൽ നിന്നൊരു തേങ്ങൽ
ഗാനമായുയർന്നുവെന്നു മാത്രം ഞങ്ങൾക്കു തോന്നട്ടെ.
ശാന്തഗംഭീരയായി വരൂ,
ഉള്ളിലടക്കിയ കരച്ചിലിന്റെ ശാന്തതയുമായി വരൂ,
ആത്മാവു വിപുലവും ജീവിതം തുച്ഛവുമാണെന്നതിനാൽ,
ഉടലുകളുടെ അതിരുകൾക്കപ്പുറം പോകാനാവില്ല ഞങ്ങളുടെ ചേഷ്ടകൾക്കെന്നതിനാൽ,
കൈയെത്തുന്നിടത്തോളമേ ഞങ്ങൾക്കെത്തിപ്പിടിക്കാനാവൂ എന്നതിനാൽ,
കാഴ്ചവട്ടത്തോളമേ ഞങ്ങൾക്കു കാഴ്ച കിട്ടൂ എന്നതിനാൽ
കരയാനുള്ള രഹസ്യാഭിലാഷത്താൽ നിറഞ്ഞു നീ വരൂ.
വരൂ, എന്നും ശോകമയിയായവളേ,
സാധുക്കളുടെ യാതനകളുടെ മാറ്റെർ ഡൊളോറോസാ*,
നിന്ദിതരുടെ റ്ററിസ് എബേർണിയാ*,
എളിമപ്പെട്ടവരുടെ പൊള്ളുന്ന നെറ്റിത്തടത്തിൽ വച്ച തണുത്ത കൈത്തലമേ,
തളർന്നവരുടെ വരണ്ട ചുണ്ടിൽ തണ്ണീരിന്റെ സ്വാദേ.
വിവർണ്ണചക്രവാളത്തിന്റെ ആഴങ്ങളിൽ നിന്നു വരൂ,
ഞാൻ കിടന്നു തഴയ്ക്കുന്ന ഉത്കണ്ഠയുടെയും വന്ധ്യതയുടെയും മണ്ണിൽ നിന്നെന്നെ വലിച്ചെടുക്കൂ,
മണ്ണിൽ നിന്നെന്നെ, എല്ലാവരും മറന്ന ഡയ്സിപ്പൂവിനെ, പറിച്ചെടുക്കൂ.
എനിക്കറിയാത്ത എന്റെ ജാതകം
അതിൽ നീ ഇതളെണ്ണി ഇതളെണ്ണി വായിക്കൂ.
നിന്റെ സന്തോഷത്തിനായി, അത്ര മൂകവും തണുത്തതുമായ നിന്റെ സന്തോഷത്തിനായി
എന്റെ ഇതളുകൾ നീ നുള്ളിയെടുക്കൂ.
എന്റെ ഒരിതൾ നീ വടക്കോട്ടെറിയൂ,
അത്രമേൽ ഞാൻ സ്നേഹിച്ചിരുന്ന ഇന്നിന്റെ നഗരങ്ങളിലേക്ക്.
എന്റെ മറ്റൊരിതൾ തെക്കോട്ടെറിയൂ,
ഒരു കാലത്തു നാവികരുഴുതുമറിച്ച കടലുകളിലേക്ക്.
മറ്റൊരിതൾ പടിഞ്ഞാറോട്ടെറിയൂ,
എനിക്കജ്ഞാതമാണെങ്കിലും ഞാനാരാധിക്കുന്ന
ഭാവിയാകാവുന്നതൊന്നു ചോരച്ചുവപ്പായെരിഞ്ഞുനില്ക്കുന്നിടത്തേക്ക്.
മറ്റൊന്ന്, മറ്റെല്ലാം, എന്നിൽ ശേഷിച്ചതെല്ലാം
കിഴക്കോട്ടെറിയൂ,
സർവതും വരുന്ന, വിശ്വാസവും പകൽവെളിച്ചവും വരുന്ന കിഴക്കോട്ട്,
ചൂടിന്റെയും പകിട്ടിന്റെയും വിശ്വാസതീക്ഷ്ണതയുടെയും കിഴക്കോട്ട്,
ഞാനൊരിക്കലും കാണാനിടയില്ലാത്ത സമൃദ്ധിയുടെ കിഴക്കോട്ട്,
ബുദ്ധന്റെയും ബ്രഹ്മത്തിന്റെയും ഷിന്റോയുടെയും കിഴക്കോട്ട്,
നമുക്കില്ലാത്തതെല്ലാമുള്ള കിഴക്കോട്ട്,
നാമല്ലാത്തതെല്ലാമായ കിഴക്കോട്ട്,
ക്രിസ്തു ഇന്നും ജീവിച്ചിരിപ്പുണ്ടെന്നു വരാവുന്ന- ആർക്കറിയാം?-,
ദൈവമിപ്പോഴും സാർവഭൗമനായി വിരാജിക്കുന്ന കിഴക്കോട്ട്.
കടലുകൾക്കു മേലേകൂടി വരൂ,
പെരുംകടലുകൾക്കു മേലേകൂടി വരൂ,
നിയതചക്രവാളമില്ലാത്ത കടലുകൾക്കു മേലേകൂടി വരൂ,
അടങ്ങാത്ത ആ ജലജന്തുവിന്റെ പുറം തഴുകിക്കൊണ്ടു വരൂ,
ഒരിക്കലും പൊറുപ്പില്ലാത്തവയെ മാസ്മരവിദ്യയാൽ മെരുക്കുന്നവളേ,
നിഗൂഢമായി നീയതിനെ ശാന്തമാക്കൂ!
വരൂ, എന്നും ശ്രദ്ധാലുവായവളേ,
വരൂ, എന്നും മാതൃവാത്സല്യമാർന്നവളേ,
നിശബ്ദപാദയായി വരൂ, കാലമേശാത്ത ധാത്രീ,
മൃതമതങ്ങളുടെ ദേവകളെ പരിചരിച്ചിരുന്നവളേ,
യഹോവയുടെയും സിയൂസിന്റെയും പിറവിയ്ക്കു സാക്ഷിയായവളേ,
വ്യർത്ഥവും അവാസ്തവവുമാണെല്ലാമെന്നതിനാലന്നു പുഞ്ചിരി വന്നവളേ!
വരൂ, ഉന്മത്തയായ മൂകരാത്രീ,
നിന്റെ വെണ്മേലാട കൊണ്ടെന്റെ ഹൃദയം പൊതിയൂ,
വാസനിക്കുന്നൊരപരാഹ്നത്തിൽ ഇളംതെന്നൽ പോലെ സ്വച്ഛമായി,
അമ്മയുടെ തലോടുന്ന കൈ പോലെ സൗമ്യമായി,
കൈത്തണ്ടകളിൽ തിളങ്ങുന്ന നക്ഷത്രങ്ങളുമായി,
ചന്ദ്രൻ നിന്റെ മുഖത്തൊരു നിഗൂഢമായ പൊയ്‌മുഖമായി.
നിന്റെ വരവിൽ എല്ലാ ശബ്ദവും വേറിട്ട ശബ്ദമാവുന്നു.
നീ കടന്നുവരുമ്പോൾ ഒച്ചകളെല്ലാം താഴുന്നു.
നീ വരുന്നതാരും കാണുന്നില്ല.
നീ വന്നതെപ്പോഴെന്നാരുമറിയുന്നില്ല,
പെട്ടെന്നൊരു ക്ഷണത്തിൽ സകലതും പിൻവാങ്ങാൻ തുടങ്ങുമ്പോൾ,
സകലതിനും അരികുകളും നിറങ്ങളും നഷ്ടപ്പെടുമ്പോൾ,
മുകളിൽ, തെളിനീലമായ ആകാശത്ത്,
നിയതമായൊരു പിറയായി, ഒരു വെളുത്ത വൃത്തമായി,
അല്ലെങ്കിലൊരു പുതുവെളിച്ചത്തിന്റെ ശകലമെങ്കിലുമായി-
ചന്ദ്രൻ നിറഞ്ഞുനില്ക്കുമ്പോഴല്ലാതെ.
1914 ജൂൺ 30
(അൽവാരോ ദെ കാമ്പോ എന്ന അപരനാമത്തിൽ എഴുതിയത്)
*mater dolorosa - വ്യാകുലമാതാവ്; സ്വജീവിതത്തിലെ ഏഴു ദുഃഖങ്ങളോടു ബന്ധപ്പെടുത്തി വിശുദ്ധമറിയത്തിനുള്ള വിശേഷണം
*Turris Eburnea- ദന്തഗോപുരം; ഉത്തമഗീതത്തിൽ ‘നിന്റെ കഴുത്ത് ദന്തഗോപുരം പോലെ’ എന്നു ശലോമോൻ; അഭിജാതവിശുദ്ധിയുടെ പ്രതീകം; പതിനാറാം നൂറ്റാണ്ടോടെ വിശുദ്ധമറിയത്തിന്റെ വിശേഷണമായി ഉൾപ്പെടുത്തി.
No comments:
Post a Comment