Saturday, October 31, 2015

യാന്നിസ് റിറ്റ്സോസ് - സമാധാനം



ഒരു കുഞ്ഞിന്റെ സ്വപ്നങ്ങൾ സമാധാനമാണ്‌
ഒരമ്മയുടെ സ്വപ്നങ്ങൾ സമാധാനമാണ്‌

മരത്തണലിൽ മന്ത്രിക്കപ്പെടുന്ന പ്രണയവചനങ്ങൾ സമാധാനമാണ്‌
കണ്ണുകളിൽ വിടർന്ന ചിരിയുമായി
കൈകളിലൊരു പഴക്കൂടയുമായി
സന്ധ്യക്കു വീട്ടിലേക്കു മടങ്ങുന്ന അച്ഛൻ സമാധാനമാണ്‌
അദ്ദേഹത്തിന്റെ നെറ്റിയിലെ വിയർപ്പുമണികൾ
ജനാലപ്പടിയിൽ തണുക്കുന്ന മൺകൂജയിൽ പൊടിക്കുന്ന നീർത്തുള്ളികൾ പോലെ
അവയും സമാധാനമാണ്‌

ലോകത്തിന്റെ മുഖത്തെ മുറിവുകളുണങ്ങുമ്പോൾ
ഷെല്ലുകൾ പതിച്ചുണ്ടായ കുഴികളിൽ നാം മരങ്ങൾ നടുമ്പോൾ
കൊടുംതീയിൽ പൊള്ളിക്കരിഞ്ഞ ഹൃദയങ്ങളിൽ
പ്രതീക്ഷയുടെ പുതുമുളകൾ പൊടിയ്ക്കുമ്പോൾ
തങ്ങൾ ചോര ചിന്തിയതു വെറുതെയായില്ലെന്നറിഞ്ഞുകൊണ്ട്
മരിച്ചവർക്കു തിരിഞ്ഞുകിടന്നുറങ്ങാൻ കഴിയുമ്പോൾ
അതാണ്‌ സമാധാനം

സമാധാനം രാത്രിയിൽ തീന്മേശയിലെ മണങ്ങളാണ്‌
തെരുവിൽ വന്നുനില്ക്കുന്ന മോട്ടോർ വാഹനത്തിനർത്ഥം ഭീതി എന്നല്ലെങ്കിൽ
വാതിലിൽ മുട്ടു കേൾക്കുന്നതിനർത്ഥം കൂട്ടുകാരനെന്നാണെകിൽ
ഓരോ മണിക്കൂറും ജനാല തുറന്നിടുക എന്നതിനർത്ഥം
ആകാശം അതിന്റെ നിറങ്ങളുടെ അകലമണികളുമായി
നമ്മുടെ കണ്ണുകളെ വിരുന്നൂട്ടുക എന്നാണെങ്കിൽ
അതാണ്‌ സമാധാനം

സമാധാനം ഉറക്കമുണരുന്ന കുട്ടിയ്ക്കു മുന്നിൽ
ഒരു ഗ്ളാസ്സ് ചൂടുപാലും ഒരു പുസ്തകവുമാണ്‌
ഗോതമ്പുകതിർക്കറ്റകൾ ഒന്നിനോടൊന്നു കുനിഞ്ഞ്
വെളിച്ചം വെളിച്ചം എന്നു തമ്മിൽ പറയുമ്പോൾ
ചക്രവാളത്തിന്റെ പുഷ്പചക്രം വെളിച്ചം കൊണ്ടു നിറഞ്ഞുതുളുമ്പുമ്പോൾ
അതാണ്‌ സമാധാനം.

മരണം ഹൃദയത്തിൽ ഇത്തിരിമാത്രമിടമെടുക്കുമ്പോൾ
ചിമ്മിനികൾ ആഹ്ളാദത്തിനു നേർക്ക് ഉറച്ച വിരലുകൾ ചൂണ്ടുമ്പോൾ
അസ്തമയത്തിന്റെ കൂറ്റൻ പൂച്ചെണ്ടുകൾ
കവിയ്ക്കും തൊഴിലാളിക്കുമൊരേപോലെ വാസനിക്കാൻ കഴിയുമ്പോൾ
അതാണ്‌ സമാധാനം.

സമാധാനം മനുഷ്യന്റെ മുഷ്ടിയാണ്‌
ലോകത്തിന്റെ മേശപ്പുറത്തെ ഇളംചൂടുള്ള അപ്പമാണ്‌
അതൊരമ്മയുടെ പുഞ്ചിരിയാണ്‌
അതു മാത്രം.
സമാധാനം മറ്റൊന്നുമല്ല
ഏതു മണ്ണിലും ആഴത്തിൽ ചാലെടുക്കുന്ന കലപ്പകൾ
അവയെഴുതുന്നത് ഒരേയൊരു പേര്‌:
സമാധാനം. മറ്റൊന്നുമല്ല. സമാധാനം.

എന്റെ വരികളുടെ നട്ടെല്ലിലൂടെ
ഗോതമ്പും റോസാപ്പൂക്കളും കേറ്റി ഭാവിയിലേക്കു കുതിക്കുന്ന തീവണ്ടി
അതാണ്‌ സമാധാനം.

എന്റെ സഹോദരങ്ങളേ
എല്ലാ സ്വപ്നങ്ങളും കണ്ടു സമാധാനത്തോടുറങ്ങുമ്പോൾ
ലോകത്തിന്റെ നെഞ്ചുയർന്നുതാഴുന്നു.
കൈ തരൂ, സഹോദരങ്ങളേ.
ഇതാണ്‌ സമാധാനം.




Friday, October 30, 2015

ബോർഹസ് - വേറെയും കാര്യങ്ങളുണ്ട്*


(എഛ്. പി. ലവ്ക്രാഫ്റ്റിന്റെ ഓർമ്മയ്ക്ക്)*

ഓസ്റ്റിനിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ എന്റെ അവസാനത്തെ പരീക്ഷയെഴുതാൻ തയാറെടുക്കുന്ന അവസരത്തിലാണ്‌ അമ്മാവനായ എഡ്വിൻ ആർണെറ്റ് തെക്കേ അമേരിക്കയുടെ വിദൂരമായ ഒരു കോണിൽ വച്ച് ധമനിവീക്കം വന്നു മരണമടഞ്ഞ വിവരം ഞാൻ അറിയുന്നത്. ആരെങ്കിലും മരിച്ചുവെന്നറിയുമ്പോൾ നമുക്കെല്ലാം തോന്നുന്ന ആ പശ്ചാത്താപം എനിക്കപ്പോൾ തോന്നി- അല്പം കൂടി ദയവു കാണിക്കാതിരുന്നതിന്റെ പേരിൽ, ഇനി പറഞ്ഞിട്ടു കാര്യമില്ലാത്ത ഒരു പശ്ചാത്താപം. നാമൊക്കെത്തന്നെ മരിച്ചവരുമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്ന മരിച്ചവർ തന്നെയാണെന്ന വാസ്തവം നാം മറക്കുന്നു. എന്റെ പഠനവിഷയം തത്ത്വശാസ്ത്രമായിരുന്നു. ബ്യൂണേഴ്സ് അയേഴ്സിന്റെ പ്രാന്തപ്രദേശത്തുള്ള ലോമാസിനു സമീപം കാസ കോളൊറാഡ എന്ന വീട്ടിൽ വച്ച് എന്റെ അമ്മാവനാണ്‌ എനിക്കാദ്യമായി തത്ത്വശാസ്ത്രത്തിലെ മനോഹരമായ പ്രഹേളികകൾ വെളിവാക്കിത്തരുന്നതെന്ന കാര്യം ഞാൻ ഓർത്തു. ഇതിനാകട്ടെ, ഒരൊറ്റ സംജ്ഞാനാമത്തിന്റെ സഹായം പോലും അദ്ദേഹത്തിനു വേണ്ടിവന്നതുമില്ല. ബർക്ക്‌ലിയുടെ* ആശയവാദം എനിക്കു പരിചയപ്പെടുത്തിത്തരാൻ അത്താഴമേശയിലെ ഒരോറഞ്ചായിരുന്നു അദ്ദേഹത്തിന്റെ ഉപാധി; എലിയാറ്റിക്കുകളുടെ* വിരോധാഭാസങ്ങൾ വിശദീകരിക്കാൻ ഒരു ചെസ്സ് ബോർഡ് ധാരാളമായിരുന്നു. വർഷങ്ങൾക്കു ശേഷം അദ്ദേഹമെനിക്ക് സ്ഥലരാശിയ്ക്ക് നാലാമതൊരു മാനമുണ്ടെന്നു തെളിയിക്കാൻ ശ്രമിക്കുന്ന ഹിന്റന്റെ* പ്രബന്ധങ്ങൾ വായിക്കാൻ തന്നു; പല നിറങ്ങളിലുള്ള ചതുരക്കട്ടകൾ ഉപയോഗിച്ചു നടത്തുന്ന സങ്കീർണ്ണമായ അഭ്യാസങ്ങളിലൂടെ വായനക്കാരൻ  ആ നാലാം മാനത്തെ മനസ്സിൽ കാണണമെന്നാണ്‌ ഗ്രന്ഥകാരൻ ഉദ്ദേശിച്ചിരുന്നത്. അമ്മാവന്റെ വായനമുറിയുടെ തറയിൽ ഞങ്ങൾ കെട്ടിപ്പൊക്കിയ പിരമിഡുകളും പ്രിസങ്ങളും ഒരിക്കലും ഞാൻ മറക്കാൻ പോകുന്നില്ല.

അമ്മാവൻ എഞ്ചിനീയറായിരുന്നു. റയിൽവേയിലെ ജോലിയിൽ നിന്നു പിരിയുന്നതിനു മുമ്പ് ട്യൂർഡെറായിൽ ഒരു വീടു വച്ച് താമസം മാറ്റാൻ അദ്ദേഹം തീരുമാനിച്ചു; അവിടെയാവുമ്പോൾ ഒരൊഴിഞ്ഞ നാട്ടുമ്പുറത്തിന്റെ ഏകാന്തതയും കിട്ടും, ബ്യൂണേഴ്സ് അയേഴ്സ് അത്ര അകലെയുമല്ല. സ്വാഭാവികമായും വീടിന്റെ ആർക്കിടെക്റ്റ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ അലക്സാണ്ടർ മ്യൂർ ആയിരുന്നു. ജോൺ നോക്സിന്റെ* അയവില്ലാത്ത സിദ്ധാന്തങ്ങളുടെ അനുയായി ആയിരുന്നു അയവില്ലാത്ത ഈ മനുഷ്യൻ. എന്റെ അമ്മാവൻ അക്കാലത്തെ മിക്ക മാന്യന്മാരെയും പോലെ സ്വതന്ത്രചിന്തകനായിരുന്നു; ഒന്നുകൂടി കൃത്യമാക്കി പറഞ്ഞാൽ ഒരു അജ്ഞേയതാവാദി. എങ്കില്ക്കൂടി അദ്ദേഹത്തിന്‌ ദൈവശാസ്ത്രത്തിലും താല്പര്യമുണ്ടായിരുന്നു; ഹിന്റന്റെ അയഥാർത്ഥമായ ചതുരക്കട്ടകളിലും യുവാവായ എഛ്. ജി. വെൽസിന്റെ രചനാസൗഷ്ഠവമാർന്ന ദുഃസ്വപ്നങ്ങളിലും കാണിച്ച അതേ താല്പര്യം. അദ്ദേഹത്തിനു നായ്ക്കളെ ഇഷ്ടമായിരുന്നു; താൻ ജനിച്ച ലിച്ഫീൽഡ് എന്ന വിദൂരനഗരത്തിന്റെ ഓർമ്മയ്ക്കായി സാമുവെൽ ജോൺസൺ എന്നു പേരിട്ട ഒരു നായയും അദ്ദേഹത്തിനുണ്ടായിരുന്നു.

പടിഞ്ഞാറു വശം ചതുപ്പുപാടങ്ങൾ അതിരിട്ട ഒരു കുന്നുമ്പുറത്താണ്‌ കാസ കോളൊറാഡ* നില്ക്കുന്നത്. വേലിക്കെട്ടിനു പുറത്തെ അറൗക്കേറിയ മരങ്ങൾ ഉള്ളിലെ മ്ളാനമായ അന്തരീക്ഷത്തെ മയപ്പെടുത്താൻ മതിയായില്ല. ഉഷ്ണിക്കുന്ന രാത്രികളിൽ കാറ്റു കൊണ്ടു കിടക്കാവുന്ന പരന്ന മേല്ക്കൂരയ്ക്കു പകരം സ്ലേറ്റുകല്ലു മേഞ്ഞ ചരിഞ്ഞ മേല്ക്കൂരയും ചതുരത്തിൽ ഒരു മണിമേടയുമാണ്‌ വീടിനുണ്ടായിരുന്നത്. ഇവയെല്ലാം കൂടി ചുമരുകൾക്കും ശോഷിച്ച ജനാലകൾക്കും മേൽ കനം തൂങ്ങുന്നതു പോലെ തോന്നിയിരുന്നു. ഈ വൈരൂപ്യമൊക്കെ കുട്ടിയായിരിക്കുന്ന കാലത്ത് ഞാൻ സഹിച്ചുപോന്നു, ഒരുമിച്ചു കഴിയുന്നു എന്നൊരു കാരണം കൊണ്ടു മാത്രം “ലോകം” എന്നു നാം പേരിട്ടു വിളിക്കുന്ന അന്യോന്യപ്പൊരുത്തമില്ലാത്ത ആ വസ്തുക്കളെ നാം സഹിക്കുന്ന പോലെ.

1921ൽ ഞാൻ നാട്ടിലേക്കു പോന്നു. നിയമത്തിന്റെ നൂലാമാലകൾ ഒഴിവാക്കുന്നതിനായി വീട് ലേലം ചെയ്തു വിറ്റിരുന്നു. മാക്സ് പ്രിറ്റോറിയസ് എന്നു പേരായ ഒരു അന്യനാട്ടുകാരനാണ്‌ അതു വാങ്ങിയത്; അതും തനിയ്ക്കു മുമ്പു ലേലം വിളിച്ചയാൾ പറഞ്ഞ തുകയുടെ ഇരട്ടി കൊടുത്ത്. കരാർ എഴുതേണ്ട താമസം, ഒരു വൈകുന്നേരത്ത് അയാൾ രണ്ടു ജോലിക്കാരുമായി എത്തി വീട്ടിലെ സകല പുസ്തകങ്ങളും ഫർണ്ണീച്ചറുകളും മറ്റു സാധനങ്ങളുമെടുത്ത് ഡ്രോവർ റോഡിനടുത്തുള്ള കുപ്പക്കുണ്ടിൽ കൊണ്ടുചെന്നു തള്ളി. (ഹിന്റൺ പുസ്തകങ്ങളിലെ രേഖാചിത്രങ്ങളും വലിയൊരു ഗ്ളോബും ഞാൻ വിഷാദത്തോടെ ഓർക്കുന്നു.) അടുത്ത ദിവസം അയാൾ മ്യൂറിനെ ചെന്നു കണ്ട് വീടിന്റെ പ്ളാനിൽ ചില ഭേദഗതികൾ നിർദ്ദേശിച്ചു; തനിക്കതു പറ്റില്ലെന്നു പറഞ്ഞ് അദ്ദേഹം അവജ്ഞയോടെ അതു തള്ളിക്കളയുകയാണുണ്ടായത്. ഒടുവിൽ ബ്യൂണേഴ്സ് അയേഴ്സിലെ ഒരു സ്ഥാപനം പണി നടത്താമെന്നേറ്റു. സ്ഥലത്തെ ആശാരിമാർ പണിയ്ക്കു കൂടിയില്ല; പിന്നെ ഗ്ളൂ സ്വദേശിയായ ഒരു മരിയാനി ആണ്‌ പ്രിറ്റോറിയസ് പറഞ്ഞ വ്യവസ്ഥകൾക്കനുസരിച്ച് തടിപ്പണികൾ ചെയ്തുകൊടുത്തത്. ഒരു രണ്ടാഴ്ചക്കാലം അയാൾക്ക് രാത്രിയിൽ അടച്ചിട്ട വാതിലിനു പിന്നിലിരുന്ന് പണിയെടുക്കേണ്ടി വന്നു. കാസ കോളൊറാഡയുടെ പുതിയ ഉടമസ്ഥൻ താമസത്തിനു കയറിയതും ഒരു രാത്രിയിലായിരുന്നു. അതിൽ പിന്നെ ജനാലകൾ തുറന്നിട്ടില്ല; എന്നാൽ ഇരുട്ടത്തവിടവിടെയായി വെളിച്ചത്തിന്റെ ചീളുകൾ കാണാമായിരുന്നു. ഒരു ദിവസം കാലത്ത് പാല്ക്കാരൻ ചെല്ലുമ്പോൾ വളർത്തുനായയുടെ തലയില്ലാത്ത ജഡം നടവഴിയിൽ കിടക്കുന്നതു കണ്ടു; അതിന്റെ ദേഹം കൊത്തിമുറിച്ചു നാനാവിധമാക്കിയിരുന്നു. ആ മഞ്ഞുകാലത്ത് അറൗക്കേറിയ മരങ്ങളും വെട്ടിവീഴ്ത്തി. പ്രിറ്റോറിയസിനെ പിന്നെയാരും കണ്ടിട്ടേയില്ല; അയാൾ സ്ഥലം വിട്ടു പോയതായിരിക്കുമെന്ന് എല്ലാവരും കരുതി.

ഈ വാർത്തകൾ, നിങ്ങൾക്കൂഹിക്കാവുന്നതു പോലെ, എന്നെ അസ്വസ്ഥനാക്കി. എന്റെ സ്വഭാവത്തിലെ ഏറ്റവും പ്രകടമായ ലക്ഷണം ജിജ്ഞാസയാണെന്ന് എനിക്കറിയാം; എന്റെ സ്വഭാവവുമായി ഒട്ടും ചേരാത്ത ഒരു സ്ത്രീയെ (അവൾ ആരാണെന്നും എന്താണെന്നും കണ്ടുപിടിക്കാൻ മാത്രമായി)വിവാഹം ചെയ്യുന്നതിലേക്കെന്നെ നയിച്ച, കറുപ്പുസത്തുപയോഗിച്ചു നോക്കാൻ (അതിൽ വിശേഷിച്ചൊന്നും ഞാൻ കണ്ടതുമില്ല) എന്നെ പ്രേരിപ്പിച്ച, അനന്തസംഖ്യകളുടെ ലോകത്തേക്കെന്നെ തിരിച്ചു വിട്ട, ഞാൻ ഇനി വിവരിക്കാൻ പോകുന്ന ഭയാനകമായ സാഹസമേറ്റെടുക്കാൻ എന്നെ തള്ളിവിട്ട അതേ ജിജ്ഞാസ. സ്വാഭാവികമായും ഇക്കാര്യത്തിൽ ഒരന്വേഷണം നടത്താൻ ഞാൻ തീരുമാനമെടുത്തു.

അലക്സാൻഡർ മ്യൂറിനെ പോയിക്കാണുക എന്നതായിരുന്നു എന്റെ ആദ്യത്തെ നടപടി. ഇരുണ്ട നിറവും മെലിഞ്ഞതെങ്കിലും ബലം തോന്നിക്കുന്ന നെടിയ രൂപവും: അതായിരുന്നു അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ ഓർമ്മ. ഇപ്പോൾ വർഷങ്ങളുടെ ഭാരത്താൽ അദ്ദേഹം കൂനിപ്പോയിരിക്കുന്നു; താടിയാകെ വെളുത്തുനരച്ചു. അദ്ദേഹം എന്നെ തന്റെ ടെമ്പെർലീ എന്ന വീട്ടിനുള്ളിലേക്കു ക്ഷണിച്ചു. വീട് സ്വാഭാവികമായും എന്റെ അമ്മാവന്റെ വീടു പോലെ തന്നെയിരുന്നു; കാരണം രണ്ടും നല്ല കവിയും അത്ര മോശം ശില്പിയുമായ വില്ല്യം മോറിസ്സിന്റെ* കർക്കശപ്രമാണങ്ങൾക്കനുസരിച്ചു പണിതവയായിരുന്നല്ലോ.

ഞങ്ങൾ കാര്യമായൊന്നും സംസാരിച്ചില്ല; സ്കോട്ട്ലന്റിന്റെ ദേശീയചിഹ്നം മുൾച്ചെടിയായതു വെറുതെയല്ല. എന്നാലും കടുപ്പം കൂടിയ സിലോൺ ചായയും ഒരു തളിക നിറയെ ബിസ്ക്കറ്റും ( ഞാൻ ഇപ്പോഴും കുട്ടിയാണെന്ന പോലെ അദ്ദേഹം അതു പൊട്ടിച്ച് വെണ്ണ പുരട്ടിത്തന്നു) മിതവ്യയശീലനായ ഒരു കാൽവിനിസ്റ്റ് തന്റെ സ്നേഹിതന്റെ മകനു നല്കുന്ന ഒരു വിരുന്നു തന്നെയാണെന്ന് എനിക്കു തോന്നി. എന്റെ അമ്മാവനുമായി അദ്ദേഹം നടത്തിയിരുന്ന ദൈവശാസ്ത്രചർച്ചകൾ ഓരോ കളിക്കാരനും പ്രതിയോഗിയുടെ സഹകരണം ആവശ്യമായി വരുന്ന സുദീർഘമായ ചെസ്സുകളികൾ ആയിരുന്നു.

സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു; ഞാൻ ചെന്ന കാര്യത്തിനടുത്തെങ്ങും എത്തിയിട്ടുമില്ല. അസുഖകരമായ ഒരു നിശ്ശബ്ദത മ്യൂർ തന്നെ ഭഞ്ജിച്ചു.

“മോനേ,” അദ്ദേഹം പറഞ്ഞു, “നീ ഇത്രയും ദൂരം യാത്ര ചെയ്തിവിടെയെത്തിയത് എഡ്വിനെക്കുറിച്ചോ എനിക്കൊട്ടും താല്പര്യമില്ലാത്ത അമേരിക്കയെക്കുറിച്ചോ സംസാരിക്കാനല്ലെന്ന് എനിക്കറിയാം. കാസ കോളൊറാഡയുടെ വില്പനയും അതു വാങ്ങിയ ആ വിചിത്രവ്യക്തിയുമാണ്‌ നിന്റെ ഉറക്കം കെടുത്തുന്നത്. അതെന്റെയും ഉറക്കം കെടുത്തുന്നുണ്ടെന്നു കൂട്ടിക്കോ. തുറന്നു പറഞ്ഞാൽ എന്റെ മനസ്സിനു പിടിക്കാത്ത ഒരു സംഗതിയാണത്; എന്തായാലും എനിക്കറിയാവുന്നതു ഞാൻ പറയാം. അതധികമൊന്നുമില്ല.”

ഒരു നിമിഷത്തിനു ശേഷം, തിടുക്കമൊന്നുമില്ലാതെ, അദ്ദേഹം തുടർന്നു.

“എഡ്വിൻ മരിക്കുന്നതിനു മുമ്പ് മേയർ എന്നെ ഓഫീസിലേക്കു വിളിപ്പിച്ചിരുന്നു. ഇടവകവികാരിയും അവിടെയുണ്ടായിരുന്നു. ഒരു കത്തോലിക്കാപ്പള്ളിയുടെ പ്ളാൻ വരച്ചു കൊടുക്കാനാണ്‌ അവർ എന്നെ വിളിപ്പിച്ചത്. പ്രതിഫലം എത്ര വേണമെങ്കിലും തരാമെന്നും പറഞ്ഞു. എന്റെ മറുപടി അപ്പോൾത്തന്നെ ഞാൻ കൊടുത്തു. എനിക്കു പറ്റില്ല, ഞാൻ പറഞ്ഞു, വിഗ്രഹങ്ങൾക്കു ബലിപീഠം പണിയുന്ന ദൈവവിരോധം ചെയ്യാൻ എന്നെ കിട്ടില്ല.“ അദ്ദേഹം പറഞ്ഞുനിർത്തി.

”ഇത്രേയുള്ളു?“ ഞാൻ ഒരു ധൈര്യത്തിനു ചോദിച്ചു.

”അല്ല. ആ ജൂതപ്പന്നി പ്രിട്ടോറിയസ്സിന്‌ ഞാൻ പണിത വീട് പൊളിച്ചിട്ട് അതേ സ്ഥാനത്ത് ഒരു ബീഭത്സവസ്തു ഉണ്ടാക്കണമത്രെ. ദൈവനിന്ദയ്ക്ക് എന്തൊക്കെ രൂപങ്ങളാവാം!“ വല്ലാത്ത ഗൗരവത്തോടെ ഇത്രയും പറഞ്ഞിട്ട് അദ്ദേഹം എഴുന്നേറ്റു.

ഞാൻ അവിടെ നിന്നിറങ്ങി വളവു തിരിയുമ്പോൾ ഡാനിയൽ ഇബേറ അടുത്തു കൂടി. നാട്ടുമ്പുറങ്ങളിൽ ആൾക്കാർ പരസ്പരമറിയുന്ന പോലെ ഞങ്ങൾക്കു തമ്മിലറിയാമെന്നേയുള്ളു. ട്യൂർഡെറായിലേക്കു താനുമുണ്ടെന്ന് അയാൾ പറഞ്ഞു. ഈ തരം തെമ്മാടികൾക്ക് ഞാനങ്ങനെ കാതു കൊടുക്കാറില്ല: തല്ലുപിടുത്തങ്ങളെക്കുറിച്ചുള്ള നേരാവണമെന്നില്ലാത്ത കഥകളുടെ ദുഷിച്ച കുത്തൊഴുക്കേ ഇവരിൽ നിന്നൊക്കെ പ്രതീക്ഷിക്കാനുള്ളു. ഒടുവിൽ വരുന്നതു വരട്ടേയെന്നു ഞാൻ വഴങ്ങിക്കൊടുത്തു. മിക്കവാറും ഇരുട്ടായിക്കഴിഞ്ഞിരുന്നു. അല്പമകലെയായി കുന്നുമ്പുറത്ത് കാസ കോളൊറാഡോ കാഴ്ചയിൽ വന്നപ്പോൾ ഇബേറ പെട്ടെന്ന് മറ്റൊരു തെരുവിലേക്കു മാറിനടന്നു. ഞാൻ കാര്യമന്വേഷിച്ചു. അയാളുടെ മറുപടി ഞാൻ പ്രതീക്ഷിച്ചതായിരുന്നില്ല.

“ഞാൻ ഡോൺ ഫിലിപ്പേയുടെ വലംകൈയാണ്‌,” അയാൾ പറഞ്ഞു. “പേടിത്തൊണ്ടനെന്ന വിളി കേൾക്കാൻ ഇതേവരെ ഞാൻ ഇട വരുത്തിയിട്ടില്ല. എന്നെ കാണാൻ മെർലോയിൽ നിന്ന് ഇത്രയും ദൂരം യാത്ര ചെയ്തു വന്ന ആ ഉർഗോയിറ്റിയ്ക്ക് എന്തു സംഭവിച്ചുവെന്ന് നിങ്ങൾക്കൊരുപക്ഷേ ഓർമ്മയുണ്ടാവണം. അതിരിക്കട്ടെ, ഇതു കേൾക്കൂ- കുറച്ചു ദിവസം മുമ്പൊരു രാത്രിയിൽ ഞാൻ ഒരു പാർട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു. ആ വീടിന്‌ ഒരു നൂറു വാര അടുത്തെത്തിയപ്പോൾ ഞാൻ എന്തോ ഒന്നിനെ കണ്ടു. എന്റെ കുതിര പിന്നാക്കം ചാടി; അതിന്റെ പുറത്തു പിടിച്ചിരുന്ന് പതുക്കെ അതിനെ മറ്റൊരിടവഴിയിലേക്കു മാറ്റിയോടിച്ചില്ലെങ്കിൽ ഇന്നീ കഥ പറയാൻ ഞാനുണ്ടാവുമായിരുന്നില്ല. ഞാൻ കണ്ടത്...” അയാൾ തല കുലുക്കിയിട്ട് കോപത്തോടെന്തോ പ്രാകി.


അന്നു രാത്രിയിൽ എനിക്കുറക്കം വന്നില്ല. പുലർച്ചയോടടുപ്പിച്ച് ഞാനൊരു മുദ്രണം സ്വപ്നം കണ്ടു- പിരനേസിയുടെ* ശൈലിയിൽ ചെയ്ത അതുപോലൊന്ന് ഞാൻ മുമ്പു കണ്ടിട്ടുമില്ല, കണ്ടു മറന്നിട്ടുമില്ല. ഒരുതരം ലാബിരിന്തിന്റെ* ചിത്രം. സൈപ്രസ് മരങ്ങൾ അതിരിടുന്ന, കല്ലു കൊണ്ടു പടുത്ത ഒരാംഫി തിയേറ്ററായിരുന്നു അത്; അതിന്റെ ചുമരുകൾക്ക് മരത്തലപ്പുകളേക്കാൾ ഉയരവുമുണ്ടായിരുന്നു. വാതിലുകളോ ജനാലകളോ ഇല്ല; പകരം വീതി കുറഞ്ഞ്, കുത്തനേയുള്ള വിടവുകളുടെ അനന്തമായ ഒരു നിര അതിൽ തുള വീഴ്ത്തിയിരുന്നു. ഒരു ഭൂതക്കണ്ണാടി ഉപയോഗിച്ച് ഞാൻ അതിനുള്ളിലെ മിനോട്ടാറിനെ തിരയുകയായിരുന്നു. ഒടുവിൽ ഞാനതിനെ കണ്ടു. അതൊരു ബീഭത്സസത്വമായിരുന്നു; കാളയെക്കാളേറെ പോത്തിനെയാണ്‌ അതോർമ്മിപ്പിച്ചത്; അതിന്റെ മനുഷ്യശരീരം നിലത്തു കിടക്കുകയായിരുന്നു. അതു സ്വപ്നം കണ്ടുറക്കമാണെന്നു തോന്നി- എന്തിനെയാണ്‌, ആരെയാണതു സ്വപ്നം കാണുന്നത്?

അന്നു വൈകിട്ട് ഞാൻ കാസ കോളൊറാഡയ്ക്കടുത്തു കൂടി കടന്നുപോയി. ഗെയ്റ്റ് അടച്ചിരിക്കുകയായിരുന്നു; അതിന്റെ ഇരുമ്പഴികൾ ചിലത് വളച്ചൊടിച്ച നിലയിൽ കണ്ടു. ഒരു കാലത്തെ പൂന്തോട്ടത്തിൽ കള കേറി വളർന്നിരിക്കുന്നു. വലതു ഭാഗത്തായി ആഴം കുറഞ്ഞ ഒരു കുളമുണ്ടായിരുന്നതിന്റെ വക്കുകൾ ചവിട്ടിക്കുഴച്ചിട്ടിരിക്കുന്നു.

ഒരു ചീട്ടേ ബാക്കിയുണ്ടായിരുന്നുള്ളു; പക്ഷേ അതു പുറത്തെടുക്കാതെ ഞാൻ ദിവസങ്ങൾ തള്ളിത്തള്ളി നീക്കി- അതുകൊണ്ട് ഒരു ഫലവും ഉണ്ടാകാൻ പോകുന്നില്ല എന്നറിയാമായിരുന്നു എന്നതുകൊണ്ടു മാത്രമല്ല, അനിവാര്യമായതിലേക്ക്, ആത്യന്തികമായതിലേക്ക് അതെന്നെ വലിച്ചിഴയ്ക്കും എന്നറിയുന്നതുകൊണ്ടു കൂടിയായിരുന്നു.

ഒടുവിൽ, വലിയ പ്രതീക്ഷയൊന്നും കൂടാതെ, ഞാൻ ഗ്ളൂവിലേക്കു പോയി. മരപ്പണിക്കാരൻ മരിയാനി തടിച്ചു തുടുത്ത ഒരിറ്റലിക്കാരനായിരുന്നു- തുറന്നു പെരുമാറുന്ന, നാട്യങ്ങളൊന്നുമില്ലാത്ത സാധാരണ മനുഷ്യൻ. ഇപ്പോൾ പ്രായമായിരിക്കുന്നു. അയാളെ കണ്ട നിമിഷം തന്നെ തലേ രാത്രിയിൽ മെനഞ്ഞെടുത്ത തന്ത്രങ്ങൾ ഞാൻ ഉപേക്ഷിച്ചുകളഞ്ഞു. ഞാൻ അയാൾക്ക് എന്റെ വിസിറ്റിംഗ് കാർഡ് കൊടുത്തു. ഒരുതരം ഭവ്യതയോടെയാണ്‌ അയാളതു വായിച്ചത്; പി. എഛ്ഡി എന്ന ഭാഗമെത്തിയപ്പോൾ ശബ്ദത്തിൽ ബഹുമാനസൂചകമായ ഒരു പതറലും വന്നുകണ്ടു. ട്യൂർഡെറായിലെ എന്റെ അമ്മാവന്റെ വീട്ടിലേക്കു പണിതു കൊടുത്ത ഉരുപ്പടികളെക്കുറിച്ചറിയാൻ ആഗ്രഹമുണ്ടെന്നു ഞാൻ പറഞ്ഞു. അയാൾ ഒരുപാടൊക്കെ പറഞ്ഞു. അയാളുടെ വാക്കുകളുടെയും ചേഷ്ടകളുടെയും കുത്തൊഴുക്ക് അതേപോലെ ഇവിടെ പകർത്തിവയ്ക്കാൻ ഞാൻ തുനിയുന്നില്ല. അയാൾ പറഞ്ഞതിതാണ്‌: ഇടപാടുകാരന്റെ ആവശ്യം, അതിനി എത്ര വിചിത്രമായിക്കോട്ടെ, നടത്തിക്കൊടുക്കുക എന്നതാണ്‌ തന്റെ പ്രമാണം; താനതിൽ കുറവു വരുത്തിയിട്ടുമില്ല. അയാൾ മേശവലിപ്പുകൾ പരതിയിട്ട് ചില കടലാസ്സുകളെടുത്ത് എന്നെ കാണിച്ചു; എനിക്കവ കണ്ടിട്ട് തലയും വാലും പിടി കിട്ടിയില്ല; അതിലൊക്കെ പിടി തരാത്ത ആ പ്രിട്ടോറിയസ്സിന്റെ ഒപ്പുമുണ്ടായിരുന്നു. (ഞാനേതോ വക്കീലാണെന്ന് മരിയാനി വിചാരിച്ചിട്ടുണ്ടാവണം.) യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാൾ എന്റെ ചെവിയിൽ പറഞ്ഞു, നിധി കൊടുക്കാമെന്നു പറഞ്ഞാല്ക്കൂടി താനിനി ആ വീടു പോകട്ടെ, ട്യൂർഡെറായിൽത്തന്നെ കാലെടുത്തു കുത്തില്ലെന്ന്. ഒരിടപാടുകാരനേയും ഇകഴ്ത്തിക്കാണരുതെങ്കിലും തന്റെ എളിയ അഭിപ്രായത്തിൽ ഈ പ്രിറ്റോറിയസ്സ് ഒരല്പം വട്ടനാണെന്നും അയാൾ കൂട്ടിച്ചേർത്തു. എന്നിട്ട് അത്രയും പറഞ്ഞതു തന്നെ കൂടിപ്പോയെന്ന മട്ടിൽ അയാളുടെ വായടഞ്ഞു. പിന്നൊരു വാക്ക് അയാളിൽ നിന്നെനിക്കു വീണുകിട്ടിയില്ല.

ഈ പരാജയം ഞാൻ മുൻകൂട്ടിക്കണ്ടതു തന്നെയായിരുന്നു; എന്നാൽ ഒരു കാര്യം മുൻകൂട്ടിക്കാണുക എന്നതും അതു കണ്മുന്നിൽ നടന്നുകാണുക എന്നതും രണ്ടും രണ്ടാണല്ലോ.

എത്ര തവണ ഞാൻ സ്വയം ശാസിച്ചതാണ്‌, ഈ പ്രഹേളികയുടെ പൊരുളു കണ്ടുപിടിക്കാൻ ഞാൻ തുനിഞ്ഞിറങ്ങേണ്ട കാര്യമില്ലെന്ന്. യഥാർത്ഥത്തിലുള്ള പ്രഹേളിക ഒന്നേയുള്ളു- അതു കാലമാണ്‌: അന്നും ഇന്നും എന്നും ഇന്നലെയും നാളെയുമെല്ലാം കൂടി നെയ്തെടുക്കുന്ന അനന്തജാലം. ഈ ഗഹനചിന്തനങ്ങൾ കൊണ്ടൊന്നും പക്ഷേ  ഫലമില്ലാതെയാണു വന്നത്. വൈകുന്നേരം മുഴുവൻ ഷോപ്പൻഹോവറിന്റെയോ* റോയ്സിന്റെയോ* പുസ്തകങ്ങളിൽ ആണ്ടുമുഴുകുന്ന ഞാൻ രാത്രിയാകുന്നതോടെ കാസ കോളൊറാഡയെ ചുറ്റിക്കിടക്കുന്ന ചെളിപ്പാതകളിലൂടെ നടക്കാനിറങ്ങുകയായി. ചിലപ്പോൾ കുന്നുമ്പുറത്ത് നല്ല വെളുത്ത വെളിച്ചം പോലെന്തോ കണ്ടെന്നു തോന്നും; മറ്റു ചിലപ്പോൾ ഞരക്കം പോലെന്തോ കേട്ട പോലെയും. ജനുവരി പത്തൊമ്പതു വരെ ഇതിങ്ങനെ പോയി.

വേനൽ തന്നെ പീഡിപ്പിക്കുകയും അവഹേളിക്കുകയും മാത്രമല്ല, അപകൃഷ്ടനാക്കുകയും ചെയ്യുന്നു എന്നൊരാൾക്കു തോന്നുന്ന ചില ദിവസങ്ങളുണ്ട് ബ്യൂണേഴ്സ് അയേഴ്സിൽ. അന്ന് അങ്ങനെയൊരു ദിവസമായിരുന്നു. രാത്രി പതിനൊന്നു മണിയോടടുപ്പിച്ച് കൊടുങ്കാറ്റു വീശിത്തുടങ്ങി. തെക്കൻ കാറ്റിനു പിന്നാലെ മഴ കോരിച്ചൊരിഞ്ഞു. കയറി നില്ക്കാൻ ഒരു മരച്ചുവടു തേടി ഇരുട്ടത്തു ഞാൻ പരക്കം പാഞ്ഞു. പെട്ടെന്നു വീശിയ മിന്നലിന്റെ രൂക്ഷമായ വെളിച്ചത്തിൽ വേലിയിൽ നിന്നു ചുവടുകൾ മാത്രം അകലെയാണു ഞാനെന്ന് എനിക്കു മനസ്സിലായി. പേടി കൊണ്ടോ പ്രതീക്ഷ കൊണ്ടോ എന്നറിയില്ല, ഗെയ്റ്റ് തള്ളിത്തുറക്കാനാണ്‌ എനിക്കപ്പോൾ തോന്നിയത്. ഞാൻ കരുതിയതിനു വിപരീതമായി ഗെയ്റ്റ് തുറക്കുകയും ചെയ്തു. കാറ്റിന്റെ തള്ളിച്ചയിൽ ഞാൻ ഉള്ളിലേക്കു കയറി; ഭൂമിയും ആകാശവും എന്നെ തള്ളിവിടുകയായിരുന്നു. വീടിന്റെ മുൻവാതിലും തുറന്നുകിടക്കുകയായിരുന്നു. പെട്ടെന്നൊരു മഴ സീല്ക്കാരത്തോടെ എന്റെ മുഖത്തടിച്ചു; ഞാൻ അകത്തേക്കു കടന്നു.

ഉള്ളിൽ തറയോടുകളെല്ലാം ഇളക്കിമാറ്റിയിരുന്നു; കാലു വച്ചത് മെടഞ്ഞു വളർന്ന പുല്ലിലായിരുന്നു. മനം പുരട്ടലുണ്ടാക്കുന്ന, ഒരു തരം മധുരിക്കുന്ന ഗന്ധം വീടു നിറഞ്ഞുനിന്നു. ഇടത്തോ വലത്തോ എന്നു നല്ല തീർച്ചയില്ല, ഒരു ചരിവുപടിയിൽ എന്റെ കാലു തടഞ്ഞു. ഞാൻ അതിലുടെ തപ്പിപ്പിടിച്ചു മുകളിലേക്കു കയറി. ഞാനറിയാതെ തന്നെ എന്നു പറയാം, എന്റെ കൈ ലൈറ്റിന്റെ സ്വിച്ചിലേക്കു നീണ്ടു.

എന്റെ ഓർമ്മയിലെ ഭക്ഷണമുറിയും വായനമുറിയും ഇടച്ചുമരിടിച്ചുകളഞ്ഞിട്ട് വലിയ ഒറ്റ മുറിയാക്കിയിരിക്കുന്നു; അവിടവിടെയായി മേശയോ കസേരയോ പോലെ ചിലത് ചിതറിക്കിടന്നിരുന്നു. അവ എങ്ങനെയുള്ളതായിരുന്നുവെന്നു വിവരിക്കാൻ ഞാൻ മുതിരുന്നില്ല; കാരണം, നിർദ്ദയമായ വെളുത്ത വെളിച്ചമുണ്ടായിരുന്നിട്ടു കൂടി അവയെ ശരിക്കും കണ്ടതായി എനിക്കു നല്ല തീർച്ചയില്ല. ഞാൻ വിശദീകരിക്കാം: ഒരു വസ്തുവിനെ യഥാർത്ഥമായി നാം കാണണമെങ്കിൽ നമുക്കതു മനസ്സിലായിരിക്കണം. ഉദാഹരണത്തിന്‌, മനുഷ്യശരീരവും അതിന്റെ സന്ധികളും കൈകാലുകളും മനസ്സിലുണ്ടെങ്കിലേ ചാരുകസേര നമുക്കു മനസ്സിലാവുന്നുള്ളു; മുറിയ്ക്കുക എന്ന പ്രക്രിയ മനസ്സിൽ ഉള്ളതു കൊണ്ടാണ്‌ കത്രിക നമുക്ക് അർത്ഥവത്താകുന്നത്. ഒരു വിളക്കിനെയോ കാറിനെയോ എങ്ങനെയാണു നാം കാണുന്നത്? ഒരു കാട്ടുവർഗ്ഗക്കാരന്‌ സുവിശേഷവേലക്കാരന്റെ കൈയിലെ ബൈബിൾ പിടി കിട്ടുകയില്ല; കപ്പലിന്റെ കപ്പിയും പായയും കയറും കപ്പൽ ജോലിക്കാരൻ കാണുന്നതു പോലെയാവില്ല, യാത്രക്കാരൻ കാണുന്നത്. പ്രപഞ്ചത്തെ നാം ശരിക്കും കണ്ടാൽ നമുക്കതു മനസ്സിലായെന്നും വരാം.

അന്നു രാത്രിയിൽ ഞാൻ കണ്ട ഗ്രഹണാതീതമായ രൂപങ്ങളിൽ ഒന്നു പോലും മനുഷ്യാകൃതിയോടോ എന്തെങ്കിലും ഒരുപയോഗത്തോടോ ഘടിപ്പിക്കാവുന്നതായിരുന്നില്ല. എന്തെന്നില്ലാത്ത അറപ്പും ഭീതിയുമാണ്‌ എനിക്കു തോന്നിയത്. ഒരു മൂലയ്ക്ക് മുകളിലത്തെ നിലയിലേക്കു ചാരി വച്ചിരിക്കുന്ന ഒരു കോണി കണ്ടു. വീതിയിലുള്ള ഇരുമ്പുപടികൾ പത്തിനടുത്തേയുള്ളു; അവ പിടിപ്പിച്ചിരിക്കുന്നത് പ്രത്യേകിച്ചൊരു ക്രമത്തിലുമല്ല. ആ കോണി, അതു കൈയും കാലും സൂചിപ്പിക്കുന്നതിനാൽ, എന്റെ അസ്വസ്ഥത തെല്ലൊന്നു കുറച്ചു. ഞാൻ ലൈറ്റ് കെടുത്തിയിട്ട് അല്പനേരം ഇരുട്ടത്തു കാത്തുനിന്നു. നേരിയ ശബ്ദം പോലും കേൾക്കാനുണ്ടായിരുന്നില്ല. പക്ഷേ അത്രയധികം അഗ്രാഹ്യവസ്തുക്കളുടെ സാന്നിദ്ധ്യം എന്റെ മനസ്സമാധാനം കെടുത്തുകയായിരുന്നു. ഒടുവിൽ ഞാൻ ഒരു തീരുമാനമെടുത്തു.

മുകളിലത്തെ നിലയിലെത്തിയപ്പോൾ പേടി പൂണ്ട എന്റെ കൈ വീണ്ടും സ്വിച്ചിനു പരതി. താഴത്തെ നിലയിൽ നിഴൽ വീശിയ ദുഃസ്വപ്നം മുകളിൽ ജീവൻ വച്ചു തെഴുത്തു നില്ക്കുകയായിരുന്നു. കുറേയേറെ വസ്തുക്കൾ, അല്ലെങ്കിൽ പരസ്പരം ഇണക്കിവച്ച വസ്തുക്കൾ ഞാൻ കണ്ടു. നല്ല പൊക്കത്തിൽ U ആകൃതിയിൽ ശസ്ത്രക്രിയക്കുള്ള മേശ പോലൊന്നു കണ്ടത് ഞാൻ ഓർക്കുന്നു; അതിന്റെ രണ്ടറ്റത്തും വൃത്താകൃതിയിൽ ദ്വാരങ്ങളും ഉണ്ടായിരുന്നു. അത് ആ വീട്ടിലെ താമസക്കാരന്റെ കട്ടിലായേക്കാമെന്നു ഞാനോർത്തു; ഒരു മൃഗത്തിന്റെയോ ദൈവത്തിന്റെയോ രൂപം അതു വീശുന്ന നിഴലിലൂടെ വെളിവാകുന്നതുപോലെ ഇവിടത്തെ ആ സത്വത്തിന്റെ വിലക്ഷണമായ ശരീരഘടന ഈ വസ്തുവിലൂടെ പരോക്ഷമായി തെളിയുകയാവാം. പണ്ടെന്നോ ലൂക്കന്റെ* പുസ്തകത്തിൽ വായിച്ചു മറന്ന ഒരു പദം എന്റെ ചുണ്ടിൽ വന്നു: ആംഫിസ്ബീന*. എന്റെ കണ്ണുകൾ പിന്നീടു കാണാനിരുന്നതിനെ സൂചിപ്പിക്കാനുതകുന്ന, എന്നാൽ പൂർണ്ണമായി സ്പഷ്ടമാക്കാൻ അപര്യാപ്തമായ ഒരു വാക്ക്. മുകളിലത്തെ ഇരുട്ടിൽ വിലയിക്കുന്ന V ആകൃതിയിലുള്ള ഒരു കണ്ണാടിയും ഞാൻ ഓർക്കുന്നു.

ഈ വീട്ടിൽ താമസമാക്കിയ ജീവി എങ്ങനെയുള്ളതായിരിക്കും? നമുക്കെത്ര ജുഗുപ്ത്സാവഹമാണോ, അത്രയ്ക്കു തന്നെ അതിനും ജുഗുപ്ത്സാവഹമായ ഈ ഗ്രഹത്തിൽ അതു തേടുന്നതെന്താവാം? ജ്യോതിശാസ്ത്രത്തിന്റെയോ കാലത്തിന്റെയോ ഏതജ്ഞാതമണ്ഡലത്തിൽ നിന്നാവാം, ഇന്നു ഗണനാതീതമായ ഏതു പ്രാചീനസന്ധ്യയിൽ നിന്നാവാം ഈ തെക്കേ അമേരിക്കൻ നഗരപ്രാന്തത്തിൽ, ഈ രാത്രിയിൽ അതെത്തിയത്?

സൃഷ്ടിയ്ക്കു മുമ്പുള്ള അവ്യാകൃതത്തിൽ ക്ഷണിക്കാതെ ചെന്നുകയറിയവനാണു ഞാനെന്ന് എനിക്കു തോന്നി. പുറത്ത് മഴ നിലച്ചിരുന്നു. വാച്ചു നോക്കുമ്പോൾ രണ്ടു മണി ആവാറായിരിക്കുന്നു എന്ന് അത്ഭുതത്തോടെ ഞാൻ കണ്ടു. ലൈറ്റ് കെടുത്താതെ ജാഗ്രതയോടെ ഞാൻ കോണി വഴി താഴേക്കിറങ്ങാൻ തുടങ്ങി. കയറിപ്പോയത് തിരിച്ചിറങ്ങുക അസാദ്ധ്യമായിരുന്നില്ല- ഇവിടെ വസിക്കുന്നതെന്തോ, അതു തിരിച്ചെത്തുന്നതിനു മുമ്പ്. വാതിലും ഗെയ്റ്റും താഴിട്ടു പൂട്ടാത്തത് അതിന്‌ ആ വിദ്യ അറിവില്ലാത്തതു കൊണ്ടാണെന്ന് ഞാൻ ഊഹിച്ചു.

ഏണിയുടെ അവസാനത്തേതിനു തൊട്ടു മുമ്പത്തെ പടിയിൽ കാലടി തൊടുമ്പോഴാണ്‌ എന്തോ ചരിവുപടി കയറിവരുന്നത് ഞാൻ കേട്ടത്- കനത്തതും മന്ദഗതിയും അനേകവുമായ ഒന്ന്. ജിജ്ഞാസ ഭീതിയെ കവച്ചുവച്ചു; ഞാൻ കണ്ണു പൂട്ടിയില്ല.
----------------------------------------------------------------------------------------------------------------------


*There are more things in heaven and earth, Horatio,
Than are dreamt of in your philosophy...
(Hamlet to Horatio)

*H.P.Lovecraft(1890-1937) - ഹൊറർ നോവലുകളുടെ പേരിൽ പ്രശസ്തനായ അമേരിക്കൻ സാഹിത്യകാരൻ

*Casa Colorado- സ്പാനിഷിൽ ചുവന്ന വീട് എന്നർത്ഥം

*George Berkeley(1685-1753)- ഇംഗ്ളീഷ് തത്ത്വചിന്തകൻ; യാഥാർത്ഥ്യമെന്നാൽ മനസ്സുകളും അവയുടെ ആശയങ്ങളുമാണെന്നു വാദിച്ചു.

*Eleatics - ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന Parmenides എന്ന ഗ്രീക്ക് ദാർശനികന്റെ അനുയായികൾ; സത്ത ഏകമാണെന്നും ചലനവും പരിവർത്തനവും ഭ്രമമാണെന്നും വാദിച്ചു.

*Charles Howard Hinton(1853-1907)- ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞൻ

*Turdera - ബ്യൂണേഴ്സ് അയഴ്സിനു തെക്കു ഭാഗത്തുള്ള, അക്കാലത്ത് ജനവാസം കുറവായ ഒരു പ്രാന്തപ്രദേശം

* John Knox(1513-1572)- സ്കോട്ടിഷ് ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനും. 

*William Morris(1834-1896)- ഇംഗ്ളീഷ് കവിയും നോവലിസ്റ്റും വിവർത്തകനും സാമൂഹ്യപ്രവർത്തകനും ഡിസൈനറും.

*Giovanni Battista Piranesi(1720-1778) റോമൻ ചിത്രകാരൻ.

*Labyrinth - ഗ്രീക്ക് പുരാണങ്ങൾ പ്രകാരം ക്രീറ്റിലെ മിനോസ് രാജാവിനു വേണ്ടി ഡീഡലസ് എന്ന ശില്പി പണിതു കൊടുത്ത ദുർഗ്ഗമനിർമ്മിതി. മിനോട്ടാർ എന്ന, കാളത്തലയും മനുഷ്യന്റെ ഉടലുമുള്ള സത്വത്തെ ഈ രാവണൻ കോട്ടയ്ക്കുള്ളിലാണ്‌ പാർപ്പിച്ചിരുന്നത്.

*Josia Royce(1855-1916)- അമേരിക്കൻ ആശയവാദചിന്തകൻ

*Arthur Schopenhaur(1788-1860)- ഭാരതീയദർശനങ്ങൾ കാര്യമായി സ്വാധീനിച്ച  ജർമ്മൻ തത്ത്വചിന്തകൻ.

*Lucan(39-65)- റോമൻ കവി

*Amphisbaena- കല്പിതകഥകളിലെ രണ്ടറ്റത്തും തലയുള്ള സർപ്പം; ഉറുമ്പു തിന്നു ജീവിക്കുന്നു.


Thursday, October 29, 2015

എമീൽ ചൊറാൻ - ഉടലിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച്




ഇത്രയധികമാളുകൾ ഉടലിനെ മായയായിക്കാണുന്നതിന്റെ കാരണം എനിക്കിന്നും മനസ്സിലായിട്ടില്ല; അതുപോലെതന്നെ  എന്തൊക്കെ വൈരുദ്ധ്യങ്ങളും ന്യൂനതകളുമുണ്ടായാലും ഈ ജീവിതമെന്ന നാടകത്തിനു പുറത്തുള്ള ഒരാത്മീയതയെക്കുറിച്ചു ഭാവന ചെയ്യാൻ അവർക്കു കഴിയുന്നതെങ്ങനെയെന്നും എനിക്കു പിടി കിട്ടുന്നില്ല.  ഉടൽ, അതിന്റെ ഓരോരോ അവയവങ്ങൾ, ഞരമ്പുകൾ ഇതൊന്നും ഒരിക്കലും അവരുടെ ബോധത്തിലേക്കു കടന്നു വരുന്നില്ലെന്നാവാം. ഈ ബോധമില്ലായ്മ എനിക്കു പിടി കിട്ടുന്നില്ലെങ്കിലും ജീവിതാനന്ദത്തിന്റെ ഒരവശ്യോപാധിയാണതെന്ന് എനിക്കു തോന്നുന്നു. ജീവിതത്തിന്റെ അയുക്തികതയോട് ഇപ്പോഴും പറ്റിച്ചേർന്നു കിടക്കുന്നവർ, ബോധത്തിന്റെ പിറവിക്കു മുമ്പുള്ള അതിന്റെ ജൈവതാളങ്ങളുടെ വശ്യതയിൽ നിന്ന് ഇനിയും മോചിതരാകാത്തവർ, അവർ ഉടലിന്റെ യാഥാർത്ഥ്യം ബോധത്തിനു നിത്യസാന്നിദ്ധ്യമായ അവസ്ഥയെക്കുറിച്ചജ്ഞരാണ്‌. ഈ സാന്നിദ്ധ്യം മൗലികമായ ഒരസ്തിത്വരോഗത്തിന്റെ ലക്ഷണമാണ്‌. നിങ്ങളുടെ ഞരമ്പുകളേയും നിങ്ങളുടെ കാലടികളേയും നിങ്ങളുടെ വയറിനേയും നിങ്ങളുടെ ഹൃദയത്തേയും നിങ്ങളുടെ സത്തയുടെ ഓരോ ഘടകത്തേയും കുറിച്ച് അനുനിമിഷം ബോധവാനാവുക എന്നത് ഒരു രോഗം തന്നെയല്ലേ? ഇങ്ങനെയൊരു അവബോധമുണ്ടാകുന്നതോടെ ശരീരാവയവങ്ങൾ അവയുടെ സ്വാഭാവികധർമ്മങ്ങൾ പരിത്യജിക്കുന്നില്ലേ? ഉടലിന്റെ യാഥാർത്ഥ്യം ഏറ്റവും ഭീഷണമായ യാഥാർത്ഥ്യങ്ങളിൽ ഒന്നാണ്‌. ഉടലിന്റെ പിടയ്ക്കലുകൾ ഇല്ലെങ്കിൽ ആത്മാവ് പിന്നെയെന്താണ്‌, വികാരവിക്ഷോഭങ്ങളില്ലെങ്കിൽ ബോധവും? ഉടലില്ലാത്ത ഒരു ജീവിതത്തെ, ആത്മാവിന്റെ സ്വതന്ത്രവും കേവലവുമായ അസ്തിത്വത്തെ എങ്ങനെ നാം ഭാവന ചെയ്യാൻ? ആരോഗ്യമുള്ള, ബാദ്ധ്യതകളില്ലാത്ത, ആത്മാവില്ലാത്ത മനുഷ്യർക്കേ അതിനെക്കുറിച്ചു ചിന്തിക്കാൻ കഴിയൂ. ആത്മാവ് ഒരസ്തിത്വരോഗത്തിന്റെ സന്തതിയാണ്‌, മനുഷ്യൻ രോഗിയായ ഒരു ജന്തുവും. ജീവിതത്തിൽ ആത്മാവ് ഒരു വ്യതിചലനമാണ്‌. ഇത്രയൊക്കെ പരിത്യജിച്ച എനിക്ക് എന്തുകൊണ്ട് ആത്മാവിനെയും പരിത്യജിച്ചുകൂടാ? പക്ഷേ പരിത്യാഗം പ്രഥമവും പ്രധാനവുമായി ആത്മാവിന്റെ ഒരു രോഗമല്ലേ?


Wednesday, October 28, 2015

എമീൽ ചൊറാൻ - ചരിത്രവും നിത്യതയും




ഞാനെന്തിനു ചരിത്രത്തിൽ ജീവിക്കണം, അല്ലെങ്കിൽ ഇക്കാലത്തെ സാമൂഹ്യവും സാംസ്കാരികവുമായ പ്രശ്നങ്ങളെക്കുറിച്ചു തല പുണ്ണാക്കണം? സംസ്കാരവും ചരിത്രവുമെനിക്കു മടുപ്പായി; അതിന്റെ കാംക്ഷകളേയും നോവുകളേയും പുണരാൻ ഇനിമേലെനിക്കു കഴിയുകയുമില്ല. ചരിത്രത്തെ നാം കടന്നുകേറണം; അതിനു കഴിയണമെങ്കിൽ പക്ഷേ ഭൂതവും ഭാവിയും വർത്തമാനവും നമുക്കു പ്രധാനമല്ലാതാവണം, എന്ന്, എവിടെ നാം ജീവിക്കുന്നുവെന്നതിൽ നാം ഉദാസീനരാവണം. നാലായിരം കൊല്ലം മുമ്പത്തെ പുരാതന ഈജിപ്തിലല്ല, ഇന്നാണു ഞാൻ ജീവിക്കുന്നതെന്നതു കൊണ്ട് എന്റെ അവസ്ഥ കൂടുതൽ ഭേദമാണെന്നു പറയാനുണ്ടോ? നമുക്കിഷ്ടമില്ലാത്ത ഒരു കാലത്തു ജീവിച്ചിരുന്ന, ക്രിസ്തുമതത്തെയോ ആധുനികശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെയോ കുറിച്ചറിവില്ലാത്ത മനുഷ്യരോടു സഹതപിക്കാൻ തോന്നുന്നത് ബാലിശമാണ്‌. ജീവിതശൈലികളിൽ മൂപ്പിളമ ഇല്ലാത്തതിനാൽ ചിലതു നല്ലതെന്നോ ചിലതു മോശമെന്നോ പറയാനില്ല. ചരിത്രത്തിന്റെ ഓരോ യുഗവും തന്നിൽത്തന്നെ അടങ്ങിയ, സ്വപ്രമാണങ്ങളെക്കുറിച്ചുറപ്പുള്ള, അടഞ്ഞ ഒരു ലോകമാണ്‌; ചരിത്രത്തിന്റെ വൈരുദ്ധ്യാത്മകഗതി അത്ര തന്നെ പരിമിതവും അപര്യാപ്തവുമായ മറ്റൊരു രൂപം സൃഷ്ടിക്കുന്നതു വരെ അതങ്ങനെ തുടരുകയും ചെയ്യും. ചരിത്രത്തിനപ്പാടെ തന്നെ ഒരു സാധുതയുമില്ലെന്നാണെനിക്കു തോന്നുന്നതെന്നതിനാൽ ചിലർ ഭൂതകാലത്തെ പഠിക്കാൻ മിനക്കെടുന്നതു കാണുമ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോകുന്നു. നമ്മുടെ പൂർവികരുടെ ആദർശങ്ങളും വിശ്വാസങ്ങളും നമ്മിലെന്തു താല്പര്യമുണർത്താൻ? മനുഷ്യരാശി കൈവരിച്ച നേട്ടങ്ങൾ മഹത്തായതായേക്കാം, പക്ഷേ എനിക്കവയെക്കുറിച്ചറിയാൻ ഒട്ടും താല്പര്യമില്ല.

അതിനെക്കാൾ മനസ്സമാധാനം ഞാൻ കാണുന്നത് നിത്യതയെ ധ്യാനിച്ചിരിക്കുന്നതിലാണ്‌. ഒരു ശ്വാസത്തിന്റെ പോലും വിലയില്ലാത്ത ഈ ലോകത്ത് സാധുവായ ഒരേയൊരു ബന്ധം മനുഷ്യനും നിത്യതയും തമ്മിലുള്ളതാണ്‌, മനുഷ്യനും ചരിത്രവും തമ്മിലുള്ളതല്ല. ഒരാൾ ചരിത്രത്തെ നിഷേധിക്കുന്നത് ഏതോ നൈമിഷികചാപല്യത്തിനടിമയായിട്ടല്ല, അപ്രതീക്ഷിതവും മർമ്മഭേദകവുമായ ദുരന്തങ്ങളുടെ ആഘാതത്തിൻ കീഴിലാണ്‌. മഹാദുഃഖങ്ങളിൽ നിന്നാണ്‌ ആ തരം നിഷേധങ്ങൾ ഉറവെടുക്കുന്നത്, ചരിത്രത്തെക്കുറിച്ചുള്ള അമൂർത്തപരിചിന്തനങ്ങളിൽ നിന്നല്ല. പക്ഷേ ചരിത്രത്തിൽ പങ്കാളിയാകാനില്ലെന്നു തീരുമാനിച്ചതോടെ, മനുഷ്യരാശിയുടെ ഭൂതകാലത്തെ നിഷേധിച്ചതോടെ മാരകമായ ഒരു ദുഃഖം, സങ്കല്പിക്കാവുന്നതിലുമധികം വേദന ജനിപ്പിക്കുന്ന ഒരു ദുഃഖം എന്നെ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു. ഇത്രനാളത് എന്നിൽ സുപ്താവസ്ഥയിൽ കിടക്കുകയായിരുന്നുവെന്നോ? ഈ തരം ചിന്തകളാണതിനെ ഇപ്പോൾ തട്ടിയുണർത്തിയതെന്നോ?  എന്റെ നാവിൽ മരണത്തിന്റെ കയ്പു ചുവയ്ക്കുന്നു, കൊടുംവിഷം പോലെ ശൂന്യത എന്റെയുള്ളു പൊള്ളിയ്ക്കുന്നു. ഇത്ര ഞാൻ ദുഃഖിതനായിരിക്കുമ്പോൾ, മരണപര്യന്തം ദുഃഖിതനായിരിക്കുമ്പോൾ എങ്ങനെയെനിക്കു സൗന്ദര്യത്തെക്കുറിച്ചു സംസാരിക്കാനാവും?

ഇനിയെനിക്കു യാതൊന്നും അറിയണമെന്നില്ല. ചരിത്രത്തെ കവയ്ച്ചു വയ്ക്കുന്നതിലൂടെ നിങ്ങൾക്കൊരു അതിബോധം കൈവരികയാണ്‌; നിത്യതയുടെ ഒരു സുപ്രധാനഘടകമാണത്. വൈരുദ്ധ്യങ്ങൾക്കും സന്ദേഹങ്ങൾക്കും അർത്ഥം നഷ്ടപ്പെടുന്ന, ജീവിതത്തെയും മരണത്തെയും നിങ്ങൾക്കോർമ്മ വരാത്ത ഒരു മണ്ഡലത്തിലേക്ക് അതു നിങ്ങളെ കൊണ്ടുപോവുകയാണ്‌. മരണഭയമാണ്‌ മനുഷ്യരെ നിത്യതയെത്തേടി നടക്കാൻ തള്ളിവിടുന്നത്; വിസ്മൃതി എന്നൊരു പ്രയോജനമേ നിങ്ങൾക്കതിൽ നിന്നു കിട്ടാനുള്ളു. പക്ഷേ നിത്യതയിൽ നിന്നു തിരിച്ചുവരുമ്പോഴത്തെ കാര്യമോ?

(Emil Cioran - On The Heights Of Despair)


Saturday, October 24, 2015

യാന്നിസ് റിറ്റ്സോസ് - കുംഭാരൻ


ഒരുനാളയാൾ കുടങ്ങളുടെയും കലങ്ങളുടെയും ചെടിച്ചട്ടികളുടെയും
പണി മുഴുമിപ്പിച്ചു.
പിന്നെയും കുറച്ചു കളിമണ്ണു ബാക്കിയായി.
അയാളൊരു സ്ത്രീയെ മെനഞ്ഞെടുത്തു.
അവളുടെ മുലകൾ വലുതും ഉറച്ചതുമായിരുന്നു.
അയാളുടെ മനസ്സലഞ്ഞു.
അയാൾ വീട്ടിലെത്താൻ വൈകി.
അയാളുടെ ഭാര്യ മുറുമുറുത്തു.
അയാൾ തിരിച്ചൊന്നും പറഞ്ഞില്ല.
അടുത്ത നാളയാൾ കുറേക്കൂടി കളിമണ്ണു കരുതി,
അതിനടുത്ത നാൾ അതിലധികവും.
അയാൾ വീട്ടിലേക്കു പോകില്ല.
ഭാര്യ അയാളെ വിട്ടുപോയി.
അയാളുടെ കണ്ണുകളെരിഞ്ഞു.
അയാൾ അർദ്ധനഗ്നനാണ്‌.
അയാളൊരു ചുവന്ന അരപ്പട്ട കെട്ടിയിരിക്കുന്നു.
രാത്രി മുഴുവൻ അയാൾ കളിമൺപെണ്ണുങ്ങൾക്കൊപ്പം കിടക്കുന്നു.
ആലയുടെ വേലിയ്ക്കു പിന്നിൽ നിന്നയാൾ പാടുന്നത്
പുലർച്ചെ നിങ്ങൾക്കു കേൾക്കാം.
അയാൾ ചുവന്ന അരപ്പട്ടയും അഴിച്ചുകളയുന്നു.
നഗ്നൻ. പൂർണ്ണനഗ്നൻ.
അയാൾക്കു ചുറ്റുമായി ഒഴിഞ്ഞ കുടങ്ങൾ, ഒഴിഞ്ഞ കലങ്ങൾ,
ഒഴിഞ്ഞ ചെടിച്ചട്ടികൾ, പിന്നെ,
അന്ധകളും ബധിരകളും മൂകകളും സുന്ദരികളുമായ സ്ത്രീകളും,
മുലകളിൽ കടിച്ച പാടുകളുമായി.
(1967)


The Potter
One day he finished with the pitchers, the flower pots, the cook-
  ing pots. Some clay
was left over. He made a woman. Her breasts
were big and firm. His mind wandered. He returned home late.
His wife grumbled. He didn't answer her. Next day
he kept more clay and even more the following day.
He wouldn't go back home. His wife left him.
His eyes burn. He's half-naked. He wears a red waist-band.
He lies all night with clay women. At dawn
you can hear him sing behind the fence of the workshop.
He took off his red waist-band too. Naked. Completely naked.
    And all around him
the empty pitchers, the empty cooking pots, the empty flower
    pots
and the beautiful, blind, deaf-and-dumb women with the bitten
    breasts.
------------------------------------------------------------------------
 Sculpture: Pygmalion and Galatea by Rodin

Sunday, October 18, 2015

ഒക്റ്റേവിയോ പാസ് - പ്രാർത്ഥന


ഞാനൊരിക്കലും ഡോൺ ക്വിക്സോട്ടായിരുന്നിട്ടില്ല,
ഒരന്യായത്തിനും ഞാൻ പരിഹാരം കണ്ടിട്ടുമില്ല
(ചിലപ്പോഴൊക്കെ ആട്ടിടയന്മാരുടെ കല്ലേറു കൊണ്ടിട്ടുണ്ടെങ്കിലും)
എന്നാലെനിക്കാഗ്രഹമുണ്ട്,
അദ്ദേഹത്തെപ്പോലെ, കണ്ണുകൾ തുറന്നുവച്ചു മരിക്കാൻ.
മരിക്കുകയെന്നാൽ
നമുക്കറിവില്ലാത്തൊരിടത്തേക്ക്,
ആശയറ്റും നാം കാത്തിരിക്കുന്നൊരിടത്തേക്ക്
മടങ്ങുകയാണെന്നറിഞ്ഞുകൊണ്ടു മരിക്കാൻ.
കാലത്തിന്റെ മൂന്നവസ്ഥകളോടും
അഞ്ചു ദിശകളോടും ചേർന്നൊന്നായിക്കൊണ്ട്,
ആത്മാവ്- അല്ലെങ്കിൽ എന്തു പേരിട്ടാണോ അതിനെ വിളിക്കുന്നത്, അത്-
സുതാര്യതയായി മാറിക്കൊണ്ട് മരിക്കാൻ.
ജ്ഞാനോദയം വേണമെന്നു ഞാൻ പറയുന്നേയില്ല:
എനിക്കെന്റെ കണ്ണുകൾ തുറന്നാൽ മതി,
പിൻവാങ്ങുന്ന സൂര്യന്റെ നോട്ടത്തോടെ
ലോകത്തെ ഒന്നു കണ്ടാൽ മതി,
അതിനെ ഒന്നു സ്പർശിച്ചാൽ മതി.
തല ചുറ്റുമ്പോഴത്തെ നിശ്ചേഷ്ടതയായാൽ മതി,
കാലത്തെക്കുറിച്ചൊരു ബോധം കിട്ടിയാൽ മതി,
ഉപരോധിക്കപ്പെട്ട ആത്മാവൊന്നിമ വെട്ടുന്ന നേരത്തേക്കെങ്കിൽ
അത്രയെങ്കിലും.
ചുമയ്ക്കുകയും ഛർദ്ദിക്കുകയും കോടുകയും ചെയ്യുന്ന മുഖത്തിനു മുന്നിൽ
സ്വച്ഛമായൊരു പകലുണ്ടാവട്ടെ,
മഴ കഴുകിയ മണ്ണിനു മേൽ ഈറൻ വെളിച്ചമുണ്ടാവട്ടെ,
എന്റെ നെറ്റി മേൽ നിന്റെ സ്വരം, സ്ത്രീയേ,
ഏതോ പുഴയുടെ സൗമ്യസ്വഗതമാവട്ടെ.
ആ നിമിഷത്തിന്റെ തിരത്തലപ്പിൽ
ഞാനൊരാകസ്മികസ്ഫുരണമാവട്ടെ,
ക്ഷണികമായൊരു മിന്നായമാവട്ടെ:
ഓർമ്മയും മറവിയും, ഒടുവിൽ,
ഒരേ നിമിഷത്തെ ഒരേ തെളിമയാവട്ടെ.

Saturday, October 17, 2015

മാൽക്കം ഡി ചിസൾ - കവിതകൾ




വെള്ളം തിരയോടു പറഞ്ഞു,
“നീയെന്നെ വിഴുങ്ങുകയാണ്‌.”
“അതെങ്ങനെ?”
തിര ചോദിച്ചു,
“ഞാൻ നിന്റെ വായല്ലേ?”
*

മഞ്ഞുതുള്ളി സൂര്യനോടു ചോദിച്ചു,
“നീയെന്നെ കാണുന്നുണ്ടോ?”
“ഇല്ല,” സൂര്യൻ പറഞ്ഞു,
“ഞാൻ നിന്റെ കണ്ണുകളല്ലേ.”
*

വിശറി കൊണ്ടു വീശുകയാണോ?
അങ്ങനെയല്ല.
വിശറി കാറ്റിന്റെ കൈയിലാണ്‌,
അതുകൊണ്ടാണ്‌
നമുക്കു കുളിരുന്നതും.
*

“ഞാൻ ലോകം മുഴുവൻ ചുറ്റിയിട്ടുണ്ട്,”
ഒരാൾ പറഞ്ഞു.
“പാവം മനുഷ്യൻ.
എന്നിട്ടത്രയും കാലം
സ്വന്തമുടലിൽ നിന്ന്
ഒരിഞ്ചു പോലും മുന്നേറിയിട്ടുമില്ല.”
*

“ഒന്നുമൊന്നും രണ്ട്,”
ഗണിതജ്ഞൻ പറഞ്ഞു.
ദൈവത്തിനും പൂജ്യത്തിനും
അതുമായി എന്തു സംബന്ധം!
*

കണ്ണ്‌
ഒരേകാംഗനാടകവേദി.
*

മരിച്ചതിൽ പിന്നെയേ
ഉടലിനു മേൽ നമുക്ക്
പൂർണ്ണവരുതി കിട്ടുന്നുള്ളു.
*

പഞ്ചാരയ്ക്ക്
അതിന്റെ രുചി അറിയില്ല.
ഒരാളതു രുചിക്കുമ്പോൾ
പഞ്ചാര അതിന്റെ രുചിയറിയുന്നു.
*

മഴ പെയ്യുമ്പോഴേ
കല്ലതിന്റെ
ഹൃദയമിടിപ്പു കേൾക്കുന്നുള്ളു.
*

നമ്മിൽ നിന്നു നമ്മിലേക്കുള്ള
ഏറ്റവും ദൂരം കുറഞ്ഞ വഴി
പ്രപഞ്ചത്തിലൂടെയാണ്‌.
*

വഴിയ്ക്കിരുവഴിയ്ക്കും
ഓടേണ്ടിവരുന്നു.
അതുകൊണ്ടാണതു
നീങ്ങാത്തതും.
*

“എന്റെ നഗ്നതയനുഭവിക്കൂ,”
പൂവ് സൂര്യനോടു പറഞ്ഞു,
“രാത്രിയെന്റെ തുടകളടുപ്പിക്കും മുമ്പേ.”
*

ആഴത്തിൽ നിന്നു
പുറത്തു വീണ തിര
കരയിൽ
താണുപോയി.
*

ജീവിതത്തിലേക്കെത്താൻ
തിടുക്കപ്പെട്ടോടുമ്പോൾ
ജീവിതം
അയാൾക്കു പിന്നിലാവുകയും ചെയ്തു.
*

അവളയാളുടെ കണ്ണുകളിൽ
തന്റെ ജഘനത്തിന്റെ നങ്കൂരമിട്ടു,
അയാളെ കടവടുപ്പിക്കുകയും ചെയ്തു.
*

കാറിനൊരിക്കലും
റോഡിന്റെ
സ്പീഡു കിട്ടില്ല.
*


നമ്മുടെ ഭാവവും നമ്മുടെ വാക്കുകളും
തമ്മിൽ ചേരുന്നില്ല,
അതുകൊണ്ടാണ്‌
മൃഗങ്ങൾക്കു നമ്മെ മനസ്സിലാകാത്തതും.
*

ചിരി പ്രാദേശികമാണ്‌;
പുഞ്ചിരി മുഖം മുഴുവൻ പരക്കുന്നു.
*

മൃഗങ്ങളുണരുന്നത്
ആദ്യം മുഖം കൊണ്ട്,
പിന്നെ ഉടലു കൊണ്ടും.
മനുഷ്യരുടെ ഉടലാണ്‌
മുഖത്തെക്കാൾ മുമ്പുണരുക.
മൃഗമുറങ്ങുന്നത്
അതിന്റെ ഉടലിനുള്ളിൽ;
മനുഷ്യനുറങ്ങുന്നത്
മനസ്സിൽ ഉടലുമായി.
*

കുരങ്ങൻ മനുഷ്യനേക്കാൾ ഉത്കൃഷ്ടനാവുന്നത്
ഇങ്ങനെയാണ്‌:
കുരങ്ങൻ കണ്ണാടി നോക്കുമ്പോൾ
കുരങ്ങനെത്തന്നെയാണ്‌ കാണുന്നത്.
*

സ്ത്രീകൾ നമ്മെ
കവികളാക്കുന്നു.
കുട്ടികൾ നമ്മെ
ദാർശനികരാക്കുന്നു.
*

ആശയവാദി
വിരലൂന്നി നടക്കുന്നു,
ഭൗതികവാദി
മടമ്പൂന്നിയും.
*

നഗരങ്ങളിലല്ലാതെവിടെയും
സൂര്യൻ ശുദ്ധമായ കമ്മ്യൂണിസമാണ്‌,
അവിടങ്ങളിൽ സ്വകാര്യസ്വത്തും.
*

എന്റെ ചുമലുകളുടെ
ഉടമസ്ഥനാണു ഞാൻ,
എന്റെ ഇടുപ്പിന്റെ
വാടകക്കാരനും.
*

കണ്ണു കൊണ്ടു വാദിക്കുന്ന
വക്കീലാണ്‌,
മൗനം.
*

ചെടിയുടെ കർണ്ണപുടങ്ങളാണ്‌
പൂവിതളുകൾ;
വിദൂരശബ്ദങ്ങൾ കേൾക്കുമ്പോൾ
അവ വിറ കൊള്ളും,
ഭൂകമ്പമാപിനിയുടെ സൂചി പോലെ.
*

കാറ്റിനതിന്റെ
വിരൽനഖങ്ങൾ
കിട്ടുന്നത്
മുള്ളുകൾക്കിടയിൽ
നിന്ന്
*

വെളിച്ചം
സന്ധ്യയുടെ കീശയിൽ
കൈയിട്ടു,
ഒരു നക്ഷത്രം
വലിച്ചെടുത്തു.
*

അകലെ നിന്നു നോക്കുമ്പോൾ
മൃഗങ്ങളുടെ ചേഷ്ടകൾ
മനുഷ്യന്റേതു പോലെ തോന്നും,
മനുഷ്യന്റെ ചേഷ്ടകൾ
മൃഗങ്ങളുടേതു പോലെയും.
*

വിരലുകളെ പഠിപ്പിക്കാം;
തള്ളവിരൽ പക്ഷേ,
പിറന്നതേ പഠിച്ചിട്ടാണ്‌.
*

ആദമിനു ഹവ്വ മതത്തിന്റെ ആദിരൂപമായിരുന്നു; ആദം ഹവ്വയ്ക്ക് ദൈവത്തിന്റെ ആദിമുഖവും. പതനത്തിനു ശേഷമാണ്‌ ആദവും ഹവ്വയും തങ്ങൾക്കു പുറത്ത് ദൈവത്തെ തേടാൻ തുടങ്ങിയത്.
*




Malcolm Di Chazal (1902-1981) മൗറീഷ്യസുകാരനായ ഫ്രഞ്ച് സറിയലിസ്റ്റു കവിയും ചിത്രകാരനും; സൂത്രരൂപത്തിലുള്ള കവിതകളും നിരീക്ഷണങ്ങളുമടങ്ങിയ Sense-Plastique പ്രധാനപ്പെട്ട കൃതി.







Monday, October 12, 2015

കാർലോസ് ദ്രുമോൺ ജി അന്ദ്രാജി - വാക്ക്




ഫലമില്ലാതെ നിഘണ്ടുക്കളിൽ തിരയാൻ
ഇനിയുമെനിക്കു വയ്യ.

എനിക്കാ ഒരു വാക്കു മതി,
അവയിലൊരിക്കലുമില്ലാത്തത്,
ഉണ്ടാക്കിയെടുക്കാനാവാത്തതും.

 ലോകത്തെ സംക്ഷേപിക്കുന്നത്,
അതിനെ പകരം വയ്ക്കുന്നതും.

സൂര്യനിലും സൂര്യനായ അതിനു ചുവട്ടിൽ
നാമൊരുമിച്ചു ജീവിക്കും,
ഒരുമിച്ചു നാമതു നുകരും,
ഒരു വാക്കുമുരിയാടാതെ.

Saturday, October 10, 2015

ക്വെച്ചുവാ വാമൊഴിക്കവിതകള്‍



അമ്മയെനിക്കു ജീവൻ തന്നു
-----------------------------------

അമ്മയെനിക്കു ജീവൻ തന്നു
ഹാ!
ഒരു മഴമേഘത്തിനു നടുവിൽ
ഹാ!
മഴ പോലെ കരയട്ടെ ഞാനെന്നതിനായി
ഹാ!
മഴ പോലലയട്ടെ ഞാനെന്നതിനായി
ഹാ!
ഒരു വാതിൽക്കൽ നിന്നു മറ്റൊരു വാതിൽക്കലേക്ക്
ഹാ!
കാറ്റിലൊരു തൂവൽ പോലെ
ഹാ! 





ശലഭദൂതൻ
---------------

ഒരു പൂമ്പാറ്റയോടു ഞാൻ പറഞ്ഞു,
ഒരു തുമ്പിയെ ഞാൻ പറഞ്ഞയച്ചു,
എന്റെ അമ്മയെ പോയിക്കണ്ടുവരാൻ,
എന്റെ അച്ഛനെ പോയിക്കണ്ടുവരാൻ.

പൂമ്പാറ്റ തിരിച്ചുവന്നു,
തുമ്പിയും തിരിച്ചുവന്നു,
എന്റെ അമ്മ കരയുകയാണെന്നു പറയാൻ,
എന്റെ അച്ഛൻ വേദനിക്കുകയാണെന്നു പറയാൻ.

പിന്നെ ഞാൻ തന്നെ പോയി,
ഞാൻ തന്നെ അവിടെയ്ക്കു പോയി,
എന്റെ അമ്മ കരയുകയാണെന്നതു സത്യമായിരുന്നു,
എന്റെ അച്ഛൻ വേദനിക്കുകയാണെന്നതു സത്യമായിരുന്നു.




സുന്ദരി
--------

കവിളിൽ കാക്കപ്പുള്ളിയുള്ള സുന്ദരിപ്പെണ്ണേ,
നീ ഒറ്റയ്ക്കാണെങ്കിൽ എന്റെ കൂടെപ്പോരൂ,
കെട്ടു കഴിഞ്ഞതാണെങ്കിൽ നിന്റെ വഴിയ്ക്കു പൊയ്ക്കോ,
വിധവയാണെങ്കിൽ...എങ്കിൽ എന്തും സംഭവിക്കാം!





പടപ്പാട്ട്
-----------

വഞ്ചകന്റെ തലയോട്ടി നാം പാനപാത്രമാക്കും,
അവന്റെ പല്ലുകൾ കോർത്തു നാം കണ്ഠഹാരമണിയും,
അവന്റെയെല്ലുകൾ തുളയിട്ടു നാം പുല്ലാങ്കുഴലൂതും,
അവന്റെ തൊലിയുരിഞ്ഞെടുത്തൊരു പറച്ചെണ്ട തീർക്കും;
പിന്നെ, 
അതിന്റെ താളത്തിൽ നാം ചുവടു വയ്ക്കും.



പെറു, ബൊളീവിയ ദേശങ്ങളിലെ ലിഖിതഭാഷയില്ലാത്ത ക്വെച്ചുവാ ജനതയുടെ കവിതകള്‍

Friday, October 9, 2015

കാർലോസ് ദ്രുമോൺ ജി അന്ദ്രാജി - കവിതയെ തേടി



സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കവിതയെഴുതരുത്.
ജനനവും മരണവും കവിതയ്ക്കു വിഷയങ്ങളേയല്ല.
ജീവിതം അതിനു സമീപം
ചൂടോ വെളിച്ചമോ ഇല്ലാത്ത
നിശ്ചലസൂര്യൻ മാത്രം.
അടുപ്പങ്ങൾ, പിറന്നാളുകൾ, സ്വകാര്യവസ്തുതകൾ
ഇതൊന്നും കണക്കിലേ വരുന്നില്ല.
ഉടലു കൊണ്ട് കവിതയെഴുതരുത്,
കുലീനവും പൂർണ്ണവും സ്വസ്ഥവുമായ ഉടലിന്‌
കാവ്യാത്മകമായ കൊട്ടിത്തൂവലുകൾ വിരോധമത്രേ.
നിങ്ങളുടെ പൊള്ളുന്ന രോഷത്തുള്ളി,
നിങ്ങളുടെ സന്തോഷത്തിന്റെ വെളുക്കച്ചിരി,
ഇരുട്ടത്തു നിങ്ങളുടെ വേദനയുടെ മുഖം വക്രിയ്ക്കൽ
ഇതെല്ലാം അപ്രസക്തം.
നിങ്ങളുടെ വികാരങ്ങളെക്കുറിച്ചെന്നോടു പറയേണ്ട:
വളഞ്ഞ വഴിയേ നേരമെടുത്തു വരുന്നവയാണവ,
ഇന്നതാണോയെന്ന സംശയം ബാക്കി വയ്ക്കുന്നവയാണവ.
നിങ്ങളുടെ ചിന്തയും വികാരവും കവിതയെന്നു പറയാനായിട്ടില്ല.

നിങ്ങളുടെ നഗരത്തെക്കുറിച്ചു പാടരുത്,
അതിനെ സമാധാനത്തോടെ കഴിയാൻ വിടൂ;
കവിതയുടെ സംഗീതം യന്ത്രങ്ങളുടെ കടകടയല്ല,
വീടുകളുടെ രഹസ്യങ്ങളുമല്ല.
കടന്നുപോകുമ്പോൾ കേട്ട പാട്ടല്ലത്,
പതയ്ക്കുന്ന തിരകളതിരു വയ്ക്കുന്ന തെരുവുകളിൽ കടലിന്റെ ആരവവുമല്ല.
കവിതയുടെ സംഗീതം പ്രകൃതിയല്ല,
സമൂഹത്തിലെ മനുഷ്യരുമല്ല.
മഴയും രാത്രിയും ക്ഷീണവും പ്രതീക്ഷയും അതിനൊന്നുമല്ല.
കവിത (വസ്തുക്കളിൽ നിന്നു നിങ്ങൾക്കതു പിഴിഞ്ഞെടുക്കാനാവില്ല)
കർത്താവിനും കർമ്മത്തിനും പിടി കൊടുക്കുന്നില്ല.

നാടകീയമാക്കരുത്, ആവാഹിക്കരുത്,
ചോദ്യം ചെയ്യാൻ നില്ക്കരുത്,
നുണ പറഞ്ഞു നേരം കളയരുത്.
മനസ്സസ്വസ്ഥമാകരുത്.
നിങ്ങളുടെ ദന്തയാനം, നിങ്ങളുടെ വജ്രപാദുകം,
നിങ്ങളുടെ നൃത്തഗാനങ്ങൾ, നിങ്ങളുടെ അന്ധവിശ്വാസങ്ങൾ,
നിങ്ങളുടെ കുടുംബരഹസ്യങ്ങൾ
ഇതൊന്നിനും ഒരു വിലയുമില്ല,
കാലത്തിരിച്ചിലിൽ എല്ലാം മറഞ്ഞുപോകുന്നു.

പണ്ടേ കുഴിച്ചുമൂടിയ നിങ്ങളുടെ വിഷണ്ണബാല്യത്തെ
പിന്നെയും മാന്തിയെടുക്കരുത്.
കണ്ണാടിയ്ക്കും മാഞ്ഞുപോകുന്ന ഓർമ്മയ്ക്കുമിടയിൽ
അങ്ങോട്ടുമിങ്ങോട്ടും ഓടരുത്.
മാഞ്ഞുപോയതു കവിതയായിരുന്നില്ല.
ഉടഞ്ഞുപോയതു സ്ഫടികമായിരുന്നില്ല.

ചെകിടനാണെന്ന പോലെ വാക്കുകളുടെ ദേശത്തേക്കു കാലെടുത്തുവയ്ക്കുക.
എഴുതപ്പെടാനായി കവിതകൾ അവിടെ കാത്തുകിടക്കുന്നു.
അവയിപ്പോൾ ഉറക്കത്തിലാണ്‌, എന്നാൽ മനസ്സിടിയരുത്,
അവയുടെ നിർമ്മലോപരിതലങ്ങൾ സ്വച്ഛവും ശീതളവുമത്രേ.
അവയെ നോക്കൂ: ഏകാകികളും മൂകരുമാണവ,
നിഘണ്ടുപ്പരുവത്തിലാണവ.
എഴുതി വയ്ക്കും മുമ്പേ നിങ്ങളുടെ കവിതകളോടൊത്തു ജീവിക്കൂ,
അവ സന്ദിഗ്ധമാണെങ്കിൽ ക്ഷമ കാണിയ്ക്കൂ,
പ്രകോപിപ്പിക്കുന്നെങ്കിൽ ക്ഷോഭിക്കാതിരിക്കൂ.
ഓരോന്നും അതാതിന്റെ രൂപമെടുക്കും വരെ,
വാക്കുകളുടെ ബലം കൊണ്ടും
മൗനത്തിന്റെ ബലം കൊണ്ടും പൂർണ്ണതയെത്തും വരെ,
കാത്തിരിക്കുക.
ചാപിള്ളകളായ കവിതകളെ കുടഞ്ഞുണർത്താൻ നോക്കരുത്,
നിലത്തു വീണ കവിതകൾ പെറുക്കിയെടുക്കരുത്.
കവിതകളെ കൊഞ്ചിക്കാൻ നില്ക്കരുത്,
അതതിന്റെ അന്തിമവും നിയതവുമായ രൂപം കൈക്കൊള്ളുന്ന പോലെ
നിങ്ങളതിനെയും കൈക്കൊള്ളുക.

വാക്കുകൾക്കടുത്തേക്കു ചെല്ലുക, അവയെ നിരൂപിക്കുക,
നിർവികാരമായ മുഖത്തിനു പിന്നിൽ
ഒരായിരം അന്യമുഖങ്ങൾ ഒളിപ്പിച്ചുകൊണ്ട്,
നിങ്ങളുടെ പ്രതികരണം പ്രബലമോ ദുർബലമോയെന്നു കാര്യമാക്കാതെ,
ഓരോ വാക്കും നിങ്ങളോടു ചോദിക്കുന്നു:
താക്കോൽ കൊണ്ടുവന്നിട്ടുണ്ടോ?

ശ്രദ്ധിക്കുക:
ആശയവും സംഗീതവും കൈവരാത്ത വാക്കുകൾ
രാത്രിയിൽ അഭയം തേടിയിരിക്കുന്നു,
നനവു മാറാതെ, ഉറക്കം വിട്ടുമാറാതെ
ഒരു കലക്കപ്പുഴയിൽ അവ കിടന്നുമറിയുന്നു,
നിങ്ങളോടുള്ള അവജ്ഞയായി രൂപം മാറുന്നു.


Monday, October 5, 2015

എമീൽ ചൊറാൻ




ആശയങ്ങളുടെ ചരിത്രം ചില ഏകാകികളുടെ വിദ്വേഷത്തിന്റെ ചരിത്രമാണ്‌.

*

ജർമ്മൻ സഹനത്തിന്‌ അതിരുകളില്ല- ഭ്രാന്തിൽ പോലും. നീറ്റ്ച്ച അതു പതിനാലു കൊല്ലം സഹിച്ചു, ഹോൾഡെർലിൻ നാല്പതും.
*

“ഗഹനം” എന്നു പറയാൻ എന്തെളുപ്പമാണ്‌: സ്വന്തം ന്യൂനതകളിലേക്കു താഴാൻ സ്വയം വിട്ടുകൊടുക്കുകയേ വേണ്ടു.

*

ഓരോ വാക്കും വേദനയേ എനിക്കു സമ്മാനിക്കാറുള്ളു. എന്നാല്ക്കൂടി പൂക്കൾക്കു മരണത്തെക്കുറിച്ചു പറയാനുള്ളതു കേൾക്കാൻ എന്തു രസമായിരിക്കും!

*

സർവ്വതും തച്ചുടയ്ക്കുന്ന പുസ്തകം അതു കഴിഞ്ഞ് സ്വയം തച്ചുടയ്ക്കുന്നില്ലെങ്കിൽ നമ്മെ അതെന്തു മാത്രം അലട്ടില്ല!

*

ഷണ്ഡത്വഭീതി എഴുത്തുകാരെ തങ്ങളുടെ വിഭവശേഷിക്കപ്പുറത്തുള്ളതു സൃഷ്ടിക്കാൻ പ്രേരിപ്പിക്കുന്നു; അവർ സ്വാനുഭവങ്ങളെന്ന വ്യാജങ്ങളെ കടം വാങ്ങിയതോ തട്ടിക്കൂട്ടിയതോ ആയ മറ്റു വ്യാജങ്ങൾ ചേർത്തു പെരുപ്പിക്കുന്നു. ഓരോ “സമ്പൂർണ്ണകൃതി”യ്ക്കുമടിയിൽ ഒരു തട്ടിപ്പുകാരൻ ഒളിഞ്ഞുകിടപ്പുണ്ട്.

*

ഒരു മോക്ഷവുമില്ല, മൗനത്തിന്റെ അനുകരണത്തിലൂടെയല്ലാതെ. നമ്മുടെ വായാടിത്തം പക്ഷേ, ജന്മനാ ഉള്ളതത്രേ. പ്രസംഗികളായ, വാചാലബീജങ്ങളായ നാം വചനത്തോട്  രസതന്ത്രപരമായിത്തന്നെ ബന്ധപ്പെട്ടിരിക്കുന്നു.

*

ഒരു ജീവചരിത്രകാരൻ ഉണ്ടായേക്കാം എന്ന സാദ്ധ്യത പോലും ഒരാളെയും ജീവിതം പരിത്യജിക്കുന്നതിലേക്കു നയിക്കുന്നില്ല എന്നത് അവിശ്വസനീയമായിരിക്കുന്നു.

*

ആശയങ്ങളെ അത്രയ്ക്കു കണ്ണുമടച്ചു നാം വിശ്വസിക്കുന്നുവെങ്കിൽ സസ്തനങ്ങൾ പരികല്പന ചെയ്തതാണവ എന്നു നാം മറക്കുന്നു എന്നതാണു കാരണം.

*

നമ്മുടെ ചാഞ്ചാട്ടങ്ങൾ നമ്മുടെ ആർജ്ജവത്തിന്റെ മുദ്ര വഹിക്കുന്നവയാണ്‌, നമ്മുടെ ഉറപ്പുകൾ നമ്മുടെ കാപട്യത്തിന്റേതും. ഒരു ചിന്തകൻ മുന്നോട്ടു വയ്ക്കുന്ന കൃത്യമായ ആശയങ്ങളുടെ എണ്ണത്തിൽ നിന്നറിയാം അയാളുടെ സത്യസന്ധതയുടെ തോത്.

*

ഉത്കണ്ഠ പണ്ടേ ഗുഹാജീവിയുടെ ഉല്പന്നമായിരുന്നു. തങ്ങളാണതു കണ്ടുപിടിച്ചതെന്ന് പില്ക്കാലത്തൊരിക്കൽ തത്ത്വചിന്തകന്മാർ അവകാശമുന്നയിക്കുമെന്നറിഞ്ഞിരുന്നെങ്കിൽ നിയാന്തർത്തൽ മനുഷ്യന്റെ മുഖത്തു വരുമായിരുന്ന പുഞ്ചിരി ഒന്നു സങ്കല്പിച്ചു നോക്കൂ!

*

ജീവിതത്തെയും മരണത്തെയും കുറിച്ചു പര്യാലോചന ചെയ്യുന്നതുകൊണ്ടുള്ള ഗുണം അവയെക്കുറിച്ച് ഒന്നും തന്നെ പറയാൻ നമുക്കു കഴിയാതെ വരുന്നു എന്നതാണ്‌.

*

അവശമായപ്പോഴായിരിക്കണം ആശയം ആശ്രയം തേടിപ്പോയത്; എന്തെന്നാൽ മനസ്സിലേ അതിനാതിഥ്യം കിട്ടിയുള്ളു.

*

“കണ്ണുകൾ ഉള്ളിലേക്കു വീണുപോയ ഒരുടഞ്ഞ പാവയെപ്പോലെയാണു ഞാൻ.” ആത്മപരിശോധനയെക്കുറിച്ചുള്ള ഒരു കെട്ടു പുസ്തകങ്ങളെക്കാൾ എന്റെ മനസ്സിൽ ഭാരം തൂങ്ങിയത് ഒരു മനോരോഗിയുടെ ഈ വാക്കുകളാണ്‌.

*

നില്ക്കുമ്പോൾ ഞാനൊരു തീരുമാനമെടുക്കുന്നു; കിടക്കുമ്പോൾ ഞാനതു തിരിച്ചെടുക്കുന്നു.

*

ഏതെന്നല്ല, എല്ലാ വെള്ളത്തിന്റെയും നിറം മുങ്ങിമരണത്തിന്റേതാണ്‌.

*

നാറ്റം വമിപ്പിക്കുന്നവനായി സ്വയം മാറ്റിയിട്ടല്ലാതെ സ്വന്തം ഏകാന്തത കാത്തു സൂക്ഷിക്കാൻ നിങ്ങൾക്കു കഴിയില്ല.

*

നിന്നുകൊണ്ടു നാം അപൂർവ്വമായേ ധ്യാനിക്കാറുള്ളു; നടന്നുകൊണ്ട് അതിലുമപൂർവ്വമായും. നിവർന്നുനില്ക്കാനുള്ള നമ്മുടെ വാശിപിടുത്തത്തിൽ നിന്നാണ്‌ ‘പ്രവൃത്തി’യുടെ ഉത്ഭവം. അതിനാൽ, പ്രവൃത്തിദൂഷ്യത്തെ ചെറുക്കാൻ നാം ‘ശവാസനം’ പരിശീലിക്കുക.

*

പ്രപഞ്ചത്തിനു തീ കൊളുത്തുമെന്നു നിങ്ങൾ സ്വപ്നം കണ്ടു; എന്നിട്ടെന്താ, നിങ്ങളുടെ അഗ്നി വാക്കുകളിലേക്കു പകരാൻ, ഒന്നിനെയെങ്കിലും വെളിച്ചപ്പെടുത്താൻ നിങ്ങൾക്കിതേവരെ കഴിഞ്ഞിട്ടില്ല!

*

കുട്ടിക്കാലത്ത് ഞങ്ങൾ ആൺകുട്ടികൾ കളിച്ചിരുന്ന ഒരു കളിയുണ്ടായിരുന്നു: ശവക്കുഴിവെട്ടുകാരൻ കുഴിയെടുക്കുന്നത് നോക്കിനില്ക്കുക. ചിലപ്പോൾ അയാൾ ഞങ്ങൾക്ക് ഒരു തലയോട്ടി എടുത്തു തരും; ഞങ്ങൾ അത് പന്തു തട്ടിക്കളിക്കും. മരണത്തെക്കുറിച്ചുള്ള ചിന്തകൾ ഇരുളടയ്ക്കാത്ത ഒരാഹ്ളാദമായിരുന്നു ഞങ്ങൾക്കത്.

പിന്നീട് കുറേ വർഷം എനിക്ക് പള്ളിവികാരികൾക്കൊപ്പം താമസിക്കാൻ ഇട വന്നു; ആയിരക്കണക്കിന്‌ അന്ത്യകൂദാശകൾക്കു നേതൃത്വം കൊടുത്തവർ. പക്ഷേ മരണത്തിന്റെ നിഗൂഢതയിൽ ജിജ്ഞാസ തോന്നിയവരായി അവരിൽ ഒരാളെപ്പോലും ഞാൻ കണ്ടില്ല. പില്ക്കാലത്താണെനിക്കു മനസ്സിലാവുന്നത്, നമുക്കെന്തെങ്കിലും പ്രയോജനം ചെയ്യുന്ന ഒരേയൊരു ശവം നമുക്കുള്ളിൽ സ്വയം തയാറായി വരുന്ന നമ്മുടെ സ്വന്തം ശവം മാത്രമാണെന്ന്.


*

സ്വന്തം ശത്രുക്കളെ നിങ്ങൾ തിരഞ്ഞെടുക്കുന്നതു  നിർത്തുന്ന നിമിഷം, കൈയകലത്തുള്ള ശത്രുക്കളെക്കൊണ്ടു നിങ്ങൾ തൃപ്തരാവുന്ന നിമിഷം നിങ്ങളുടെ യൗവനം അസ്തമിച്ചുകഴിഞ്ഞു.

*

എന്താണെന്റെ പരിപാടിയെന്ന് ഇനിയെന്നോടു ചോദിക്കരുത്: ശ്വാസമെടുക്കൽ തന്നെ ഒന്നല്ലേ?

*

അന്യരിൽ നിന്നു നമ്മെ മാറ്റി നിർത്താനുള്ള ഏറ്റവും നല്ല ഉപായം നമ്മുടെ പരാജയങ്ങളിൽ ആഹ്ളാദിക്കാൻ അവരെ ക്ഷണിക്കുക എന്നതാണ്‌; ശിഷ്ടായുസ്സു മുഴുവൻ നമുക്കവരെ വെറുപ്പായിരിക്കുമെന്നതിൽ സംശയിക്കാനില്ല.

*

ഒരു ഭ്രാന്തന്റെ തലച്ചോറു പിഴിഞ്ഞെടുത്താൽ കിട്ടുന്ന ദ്രാവകം തേൻ പോലിരിക്കും, ചില വിഷാദജീവികൾ സ്രവിപ്പിക്കുന്ന പിത്തനീരിനോടു തട്ടിച്ചു നോക്കുമ്പോൾ.

*

ഒരിരയായി പരിശീലനം പൂർത്തിയാക്കിയിട്ടല്ലാതെ ഒരാളും ജീവിക്കാൻ ശ്രമിക്കരുത്.

*

ദൈവത്തെയോ തന്നെയോ കുറിച്ചല്ലാതെ മറ്റെന്തിനെക്കുറിച്ചെങ്കിലും സത്യസന്ധമായി സംസാരിക്കാൻ നിങ്ങൾക്കു കഴിയുമോ?

*

ദൈവത്തിലേക്കെത്താൻ വിശ്വാസത്തിലൂടെ കടന്നുപോകണമെന്നു വരുന്നത് എത്ര ദയനീയമാണ്‌!

*

ശുഭാപ്തിവിശ്വാസികളേ ആത്മഹത്യ ചെയ്യാറുള്ളു, ശുഭാപ്തിവിശ്വാസം നഷ്ടപ്പെട്ട ശുഭാപ്തിവിശ്വാസികൾ. മറ്റുള്ളവർ, ജീവിച്ചിരിക്കാൻ ഒരു കാരണവുമില്ലാത്തവർ, അവർക്കു മരിക്കാൻ എന്തു കാരണം വേണം?

*

എല്ലാ വിഗ്രഹഭഞ്ജകരെയും പോലെ ഞാനും എന്റെ വിഗ്രഹങ്ങൾ തച്ചുടച്ചു, പിന്നെ അവയുടെ ഉടഞ്ഞ കഷണങ്ങൾക്കു ബലിയർപ്പിക്കാൻ.

*

സർപ്പഭീതി ഒരൊഴിയാബാധയായി നമ്മെ പിന്തുടരുന്നതെന്തുകൊണ്ടാവാം? ഒരന്ത്യപ്രലോഭനത്തിന്റെ ഭയം കൊണ്ടല്ലേ അത്, പറുദീസയുടെ ഓർമ്മ പോലും നമുക്കു ബാക്കി വയ്ക്കാത്ത ആസന്നവും അപരിഹാര്യവുമായ ഒരു പതനത്തിന്റെ ഭയം?

*

സ്വർഗ്ഗത്തെ ഭീഷണിപ്പെടുത്താൻ പഴയ നിയമത്തിനറിയാമായിരുന്നു; ഉന്നതങ്ങൾക്കു നേർക്കു കൈ മുറുക്കാൻ അതിനു കഴിഞ്ഞിരുന്നു: പ്രാർത്ഥന സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ഒരു കലഹമായിരുന്നു. പിന്നെ കാര്യങ്ങൾ എളുപ്പമാക്കാൻ സുവിശേഷങ്ങൾ വന്നു: ക്രിസ്തുമതം ചെയ്ത പൊറുപ്പില്ലാത്ത അപരാധം.

*

ഒരു പെണ്ണിനു വേണ്ടി ജീവനൊടുക്കുന്ന കാമുകനു കിട്ടുന്നത് ലോകമെടുത്തു കീഴ്മേൽ മറിക്കുന്ന വീരനായകനു കിട്ടുന്നതിനേക്കാൾ എത്രയോ പൂർണ്ണവും ഗഹനവുമായ അനുഭവമാണ്‌.

*

അയാൾ അവളുടെ മുലകൾക്കിടയിൽ തല പൂഴ്ത്തുന്നു, മരണത്തിന്റെ രണ്ടു ഭൂഖണ്ഡങ്ങൾക്കിടയിൽ...

*

ഡയോജനിസ് ചെറുപ്പത്തിൽ ഏതോ പ്രണയദുരന്തത്തിൽ പെട്ടുപോയിരിക്കണം എന്നാണെന്റെ ചിന്ത. ഗുഹ്യരോഗത്തിന്റെയോ വഴിപ്പെടാത്ത ഒരു വീട്ടുജോലിക്കാരിയുടെയോ സഹായമില്ലാതെ ആരും പരിഹാസത്തിന്റെ വഴിയിലേക്കിറങ്ങാറില്ല.

*

എന്തു പരിഗണനയാണ്‌ പ്രകൃതി തങ്ങളോടു കാണിച്ചതെന്ന് ഷണ്ഡന്മാർക്കറിവുണ്ടായിരുന്നെങ്കിൽ അവർ അതൊരനുഗ്രഹമായി കൊണ്ടാടിയേനെ, സകല തെരുവുമൂലകളിലും നിന്നവർ അതു ഘോഷിച്ചേനെ.

*

നാമെന്തിന്‌ ഇടയ്ക്കിടെ പ്ളേറ്റോയുടെ താളുകൾ മറിച്ചുനോക്കണം, മറ്റൊരു ലോകത്തിന്റെ നിമിഷദർശനം നല്കാൻ അത്ര തന്നെ സമർത്ഥമാണ്‌ ഒരു സാക്സോഫോണെങ്കിൽ.

*

സംഗീതത്തിനു മുന്നിൽ നിരായുധനായ ഞാൻ അതിന്റെ കോയ്മയ്ക്കു കീഴ്‌വഴങ്ങണം, അതിന്റെ ഇഷ്ടത്തിനനുസരിച്ച് ദൈവമോ കുപ്പയോ ആവണം.

*

സന്തോഷം മുറിപ്പെടുത്തിയ ആത്മാക്കളുടെ ആശ്രയമാണ്‌ സംഗീതം.

*

ഭാവി എങ്ങനെയുള്ളതായിരിക്കുമെന്നു മുൻകൂട്ടിക്കാണാനുള്ള സിദ്ധി നോഹയ്ക്കുണ്ടായിരുന്നെങ്കിൽ അദ്ദേഹം പെട്ടകം തട്ടിമറിച്ചിരിക്കുമെന്നതിൽ സംശയിക്കാനില്ല.

*

ജീവിതത്തിനു മേൽ താനേല്പിച്ച മാരകപ്രഹരത്തിൽ നിന്ന് മനുഷ്യൻ എന്നെങ്കിലും മുക്തനാവുമോ?

*

നാമോരോരുത്തരും അവനവന്റെ ഭീതിയിൽ കെട്ടിപ്പൂട്ടിയിരിക്കുന്നു- അവനവന്റെ ദന്തഗോപുരത്തിൽ.

*

ആത്മഹത്യാപ്രവണത കാതരമനസ്സുകളായ കൊലപാതകികളുടെ ലക്ഷണമാണ്‌, നിയമത്തെ മാനിക്കുന്നവരുടെ; കൊല്ലാൻ ഭയമായതിനാൽ അവർ തങ്ങളെത്തന്നെ ഇല്ലാതാക്കുന്നതു സ്വപ്നം കാണുന്നു: ശിക്ഷിക്കപ്പെടുമെന്നു പേടിക്കാനില്ലല്ലോ.

*

ചില ആത്മാക്കളെ വീണ്ടെടുക്കാൻ ദൈവത്തിനു പോലും കഴിയില്ല, അതിനി അവൻ തന്നെ മുട്ടുകാലിൽ വീണു മുട്ടിപ്പായി പ്രാർത്ഥിച്ചാലും.

*

സ്വന്തം ചരമലിഖിതമെഴുതുന്ന ഒരു ഗോളത്തിൽ നല്ല ശവങ്ങളാവാനുള്ള മാന്യതയെങ്കിലും നാം കാണിക്കുക.

(from All  Gall is Divided)

Thursday, October 1, 2015

റോബർട്ട് ബ്ളൈ - നിങ്ങൾ സ്നേഹിക്കുന്നൊരാളുടെ...



നിങ്ങൾ സ്നേഹിക്കുന്നൊരാളുടെ കൈകൾ കവരുമ്പോൾ
മൃദുലവും വ്യഗ്രവുമാണവയെന്നു നിങ്ങൾ കാണുന്നു...
കുഞ്ഞുകിളികൾ പാടുന്നതു നിങ്ങൾ കേൾക്കുന്നു,
കരതലങ്ങളിലെ ഏകാന്തമായ പുല്ലുമൈതാനങ്ങളിൽ,
താഴ്‌വാരങ്ങളുടെ താഴ്ചകളിലും.