Thursday, October 29, 2015

എമീൽ ചൊറാൻ - ഉടലിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച്




ഇത്രയധികമാളുകൾ ഉടലിനെ മായയായിക്കാണുന്നതിന്റെ കാരണം എനിക്കിന്നും മനസ്സിലായിട്ടില്ല; അതുപോലെതന്നെ  എന്തൊക്കെ വൈരുദ്ധ്യങ്ങളും ന്യൂനതകളുമുണ്ടായാലും ഈ ജീവിതമെന്ന നാടകത്തിനു പുറത്തുള്ള ഒരാത്മീയതയെക്കുറിച്ചു ഭാവന ചെയ്യാൻ അവർക്കു കഴിയുന്നതെങ്ങനെയെന്നും എനിക്കു പിടി കിട്ടുന്നില്ല.  ഉടൽ, അതിന്റെ ഓരോരോ അവയവങ്ങൾ, ഞരമ്പുകൾ ഇതൊന്നും ഒരിക്കലും അവരുടെ ബോധത്തിലേക്കു കടന്നു വരുന്നില്ലെന്നാവാം. ഈ ബോധമില്ലായ്മ എനിക്കു പിടി കിട്ടുന്നില്ലെങ്കിലും ജീവിതാനന്ദത്തിന്റെ ഒരവശ്യോപാധിയാണതെന്ന് എനിക്കു തോന്നുന്നു. ജീവിതത്തിന്റെ അയുക്തികതയോട് ഇപ്പോഴും പറ്റിച്ചേർന്നു കിടക്കുന്നവർ, ബോധത്തിന്റെ പിറവിക്കു മുമ്പുള്ള അതിന്റെ ജൈവതാളങ്ങളുടെ വശ്യതയിൽ നിന്ന് ഇനിയും മോചിതരാകാത്തവർ, അവർ ഉടലിന്റെ യാഥാർത്ഥ്യം ബോധത്തിനു നിത്യസാന്നിദ്ധ്യമായ അവസ്ഥയെക്കുറിച്ചജ്ഞരാണ്‌. ഈ സാന്നിദ്ധ്യം മൗലികമായ ഒരസ്തിത്വരോഗത്തിന്റെ ലക്ഷണമാണ്‌. നിങ്ങളുടെ ഞരമ്പുകളേയും നിങ്ങളുടെ കാലടികളേയും നിങ്ങളുടെ വയറിനേയും നിങ്ങളുടെ ഹൃദയത്തേയും നിങ്ങളുടെ സത്തയുടെ ഓരോ ഘടകത്തേയും കുറിച്ച് അനുനിമിഷം ബോധവാനാവുക എന്നത് ഒരു രോഗം തന്നെയല്ലേ? ഇങ്ങനെയൊരു അവബോധമുണ്ടാകുന്നതോടെ ശരീരാവയവങ്ങൾ അവയുടെ സ്വാഭാവികധർമ്മങ്ങൾ പരിത്യജിക്കുന്നില്ലേ? ഉടലിന്റെ യാഥാർത്ഥ്യം ഏറ്റവും ഭീഷണമായ യാഥാർത്ഥ്യങ്ങളിൽ ഒന്നാണ്‌. ഉടലിന്റെ പിടയ്ക്കലുകൾ ഇല്ലെങ്കിൽ ആത്മാവ് പിന്നെയെന്താണ്‌, വികാരവിക്ഷോഭങ്ങളില്ലെങ്കിൽ ബോധവും? ഉടലില്ലാത്ത ഒരു ജീവിതത്തെ, ആത്മാവിന്റെ സ്വതന്ത്രവും കേവലവുമായ അസ്തിത്വത്തെ എങ്ങനെ നാം ഭാവന ചെയ്യാൻ? ആരോഗ്യമുള്ള, ബാദ്ധ്യതകളില്ലാത്ത, ആത്മാവില്ലാത്ത മനുഷ്യർക്കേ അതിനെക്കുറിച്ചു ചിന്തിക്കാൻ കഴിയൂ. ആത്മാവ് ഒരസ്തിത്വരോഗത്തിന്റെ സന്തതിയാണ്‌, മനുഷ്യൻ രോഗിയായ ഒരു ജന്തുവും. ജീവിതത്തിൽ ആത്മാവ് ഒരു വ്യതിചലനമാണ്‌. ഇത്രയൊക്കെ പരിത്യജിച്ച എനിക്ക് എന്തുകൊണ്ട് ആത്മാവിനെയും പരിത്യജിച്ചുകൂടാ? പക്ഷേ പരിത്യാഗം പ്രഥമവും പ്രധാനവുമായി ആത്മാവിന്റെ ഒരു രോഗമല്ലേ?


No comments: