Sunday, October 18, 2015

ഒക്റ്റേവിയോ പാസ് - പ്രാർത്ഥന


ഞാനൊരിക്കലും ഡോൺ ക്വിക്സോട്ടായിരുന്നിട്ടില്ല,
ഒരന്യായത്തിനും ഞാൻ പരിഹാരം കണ്ടിട്ടുമില്ല
(ചിലപ്പോഴൊക്കെ ആട്ടിടയന്മാരുടെ കല്ലേറു കൊണ്ടിട്ടുണ്ടെങ്കിലും)
എന്നാലെനിക്കാഗ്രഹമുണ്ട്,
അദ്ദേഹത്തെപ്പോലെ, കണ്ണുകൾ തുറന്നുവച്ചു മരിക്കാൻ.
മരിക്കുകയെന്നാൽ
നമുക്കറിവില്ലാത്തൊരിടത്തേക്ക്,
ആശയറ്റും നാം കാത്തിരിക്കുന്നൊരിടത്തേക്ക്
മടങ്ങുകയാണെന്നറിഞ്ഞുകൊണ്ടു മരിക്കാൻ.
കാലത്തിന്റെ മൂന്നവസ്ഥകളോടും
അഞ്ചു ദിശകളോടും ചേർന്നൊന്നായിക്കൊണ്ട്,
ആത്മാവ്- അല്ലെങ്കിൽ എന്തു പേരിട്ടാണോ അതിനെ വിളിക്കുന്നത്, അത്-
സുതാര്യതയായി മാറിക്കൊണ്ട് മരിക്കാൻ.
ജ്ഞാനോദയം വേണമെന്നു ഞാൻ പറയുന്നേയില്ല:
എനിക്കെന്റെ കണ്ണുകൾ തുറന്നാൽ മതി,
പിൻവാങ്ങുന്ന സൂര്യന്റെ നോട്ടത്തോടെ
ലോകത്തെ ഒന്നു കണ്ടാൽ മതി,
അതിനെ ഒന്നു സ്പർശിച്ചാൽ മതി.
തല ചുറ്റുമ്പോഴത്തെ നിശ്ചേഷ്ടതയായാൽ മതി,
കാലത്തെക്കുറിച്ചൊരു ബോധം കിട്ടിയാൽ മതി,
ഉപരോധിക്കപ്പെട്ട ആത്മാവൊന്നിമ വെട്ടുന്ന നേരത്തേക്കെങ്കിൽ
അത്രയെങ്കിലും.
ചുമയ്ക്കുകയും ഛർദ്ദിക്കുകയും കോടുകയും ചെയ്യുന്ന മുഖത്തിനു മുന്നിൽ
സ്വച്ഛമായൊരു പകലുണ്ടാവട്ടെ,
മഴ കഴുകിയ മണ്ണിനു മേൽ ഈറൻ വെളിച്ചമുണ്ടാവട്ടെ,
എന്റെ നെറ്റി മേൽ നിന്റെ സ്വരം, സ്ത്രീയേ,
ഏതോ പുഴയുടെ സൗമ്യസ്വഗതമാവട്ടെ.
ആ നിമിഷത്തിന്റെ തിരത്തലപ്പിൽ
ഞാനൊരാകസ്മികസ്ഫുരണമാവട്ടെ,
ക്ഷണികമായൊരു മിന്നായമാവട്ടെ:
ഓർമ്മയും മറവിയും, ഒടുവിൽ,
ഒരേ നിമിഷത്തെ ഒരേ തെളിമയാവട്ടെ.

No comments: