സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കവിതയെഴുതരുത്.
ജനനവും മരണവും കവിതയ്ക്കു വിഷയങ്ങളേയല്ല.
ജീവിതം അതിനു സമീപം
ചൂടോ വെളിച്ചമോ ഇല്ലാത്ത
നിശ്ചലസൂര്യൻ മാത്രം.
അടുപ്പങ്ങൾ, പിറന്നാളുകൾ, സ്വകാര്യവസ്തുതകൾ
ഇതൊന്നും കണക്കിലേ വരുന്നില്ല.
ഉടലു കൊണ്ട് കവിതയെഴുതരുത്,
കുലീനവും പൂർണ്ണവും സ്വസ്ഥവുമായ ഉടലിന്
കാവ്യാത്മകമായ കൊട്ടിത്തൂവലുകൾ വിരോധമത്രേ.
നിങ്ങളുടെ പൊള്ളുന്ന രോഷത്തുള്ളി,
നിങ്ങളുടെ സന്തോഷത്തിന്റെ വെളുക്കച്ചിരി,
ഇരുട്ടത്തു നിങ്ങളുടെ വേദനയുടെ മുഖം വക്രിയ്ക്കൽ
ഇതെല്ലാം അപ്രസക്തം.
നിങ്ങളുടെ വികാരങ്ങളെക്കുറിച്ചെന്നോടു പറയേണ്ട:
വളഞ്ഞ വഴിയേ നേരമെടുത്തു വരുന്നവയാണവ,
ഇന്നതാണോയെന്ന സംശയം ബാക്കി വയ്ക്കുന്നവയാണവ.
നിങ്ങളുടെ ചിന്തയും വികാരവും കവിതയെന്നു പറയാനായിട്ടില്ല.
നിങ്ങളുടെ നഗരത്തെക്കുറിച്ചു പാടരുത്,
അതിനെ സമാധാനത്തോടെ കഴിയാൻ വിടൂ;
കവിതയുടെ സംഗീതം യന്ത്രങ്ങളുടെ കടകടയല്ല,
വീടുകളുടെ രഹസ്യങ്ങളുമല്ല.
കടന്നുപോകുമ്പോൾ കേട്ട പാട്ടല്ലത്,
പതയ്ക്കുന്ന തിരകളതിരു വയ്ക്കുന്ന തെരുവുകളിൽ കടലിന്റെ ആരവവുമല്ല.
കവിതയുടെ സംഗീതം പ്രകൃതിയല്ല,
സമൂഹത്തിലെ മനുഷ്യരുമല്ല.
മഴയും രാത്രിയും ക്ഷീണവും പ്രതീക്ഷയും അതിനൊന്നുമല്ല.
കവിത (വസ്തുക്കളിൽ നിന്നു നിങ്ങൾക്കതു പിഴിഞ്ഞെടുക്കാനാവില്ല)
കർത്താവിനും കർമ്മത്തിനും പിടി കൊടുക്കുന്നില്ല.
നാടകീയമാക്കരുത്, ആവാഹിക്കരുത്,
ചോദ്യം ചെയ്യാൻ നില്ക്കരുത്,
നുണ പറഞ്ഞു നേരം കളയരുത്.
മനസ്സസ്വസ്ഥമാകരുത്.
നിങ്ങളുടെ ദന്തയാനം, നിങ്ങളുടെ വജ്രപാദുകം,
നിങ്ങളുടെ നൃത്തഗാനങ്ങൾ, നിങ്ങളുടെ അന്ധവിശ്വാസങ്ങൾ,
നിങ്ങളുടെ കുടുംബരഹസ്യങ്ങൾ
ഇതൊന്നിനും ഒരു വിലയുമില്ല,
കാലത്തിരിച്ചിലിൽ എല്ലാം മറഞ്ഞുപോകുന്നു.
പണ്ടേ കുഴിച്ചുമൂടിയ നിങ്ങളുടെ വിഷണ്ണബാല്യത്തെ
പിന്നെയും മാന്തിയെടുക്കരുത്.
കണ്ണാടിയ്ക്കും മാഞ്ഞുപോകുന്ന ഓർമ്മയ്ക്കുമിടയിൽ
അങ്ങോട്ടുമിങ്ങോട്ടും ഓടരുത്.
മാഞ്ഞുപോയതു കവിതയായിരുന്നില്ല.
ഉടഞ്ഞുപോയതു സ്ഫടികമായിരുന്നില്ല.
ചെകിടനാണെന്ന പോലെ വാക്കുകളുടെ ദേശത്തേക്കു കാലെടുത്തുവയ്ക്കുക.
എഴുതപ്പെടാനായി കവിതകൾ അവിടെ കാത്തുകിടക്കുന്നു.
അവയിപ്പോൾ ഉറക്കത്തിലാണ്, എന്നാൽ മനസ്സിടിയരുത്,
അവയുടെ നിർമ്മലോപരിതലങ്ങൾ സ്വച്ഛവും ശീതളവുമത്രേ.
അവയെ നോക്കൂ: ഏകാകികളും മൂകരുമാണവ,
നിഘണ്ടുപ്പരുവത്തിലാണവ.
എഴുതി വയ്ക്കും മുമ്പേ നിങ്ങളുടെ കവിതകളോടൊത്തു ജീവിക്കൂ,
അവ സന്ദിഗ്ധമാണെങ്കിൽ ക്ഷമ കാണിയ്ക്കൂ,
പ്രകോപിപ്പിക്കുന്നെങ്കിൽ ക്ഷോഭിക്കാതിരിക്കൂ.
ഓരോന്നും അതാതിന്റെ രൂപമെടുക്കും വരെ,
വാക്കുകളുടെ ബലം കൊണ്ടും
മൗനത്തിന്റെ ബലം കൊണ്ടും പൂർണ്ണതയെത്തും വരെ,
കാത്തിരിക്കുക.
ചാപിള്ളകളായ കവിതകളെ കുടഞ്ഞുണർത്താൻ നോക്കരുത്,
നിലത്തു വീണ കവിതകൾ പെറുക്കിയെടുക്കരുത്.
കവിതകളെ കൊഞ്ചിക്കാൻ നില്ക്കരുത്,
അതതിന്റെ അന്തിമവും നിയതവുമായ രൂപം കൈക്കൊള്ളുന്ന പോലെ
നിങ്ങളതിനെയും കൈക്കൊള്ളുക.
വാക്കുകൾക്കടുത്തേക്കു ചെല്ലുക, അവയെ നിരൂപിക്കുക,
നിർവികാരമായ മുഖത്തിനു പിന്നിൽ
ഒരായിരം അന്യമുഖങ്ങൾ ഒളിപ്പിച്ചുകൊണ്ട്,
നിങ്ങളുടെ പ്രതികരണം പ്രബലമോ ദുർബലമോയെന്നു കാര്യമാക്കാതെ,
ഓരോ വാക്കും നിങ്ങളോടു ചോദിക്കുന്നു:
താക്കോൽ കൊണ്ടുവന്നിട്ടുണ്ടോ?
ശ്രദ്ധിക്കുക:
ആശയവും സംഗീതവും കൈവരാത്ത വാക്കുകൾ
രാത്രിയിൽ അഭയം തേടിയിരിക്കുന്നു,
നനവു മാറാതെ, ഉറക്കം വിട്ടുമാറാതെ
ഒരു കലക്കപ്പുഴയിൽ അവ കിടന്നുമറിയുന്നു,
നിങ്ങളോടുള്ള അവജ്ഞയായി രൂപം മാറുന്നു.
No comments:
Post a Comment