ഞാനെന്തിനു ചരിത്രത്തിൽ ജീവിക്കണം, അല്ലെങ്കിൽ ഇക്കാലത്തെ സാമൂഹ്യവും സാംസ്കാരികവുമായ പ്രശ്നങ്ങളെക്കുറിച്ചു തല പുണ്ണാക്കണം? സംസ്കാരവും ചരിത്രവുമെനിക്കു മടുപ്പായി; അതിന്റെ കാംക്ഷകളേയും നോവുകളേയും പുണരാൻ ഇനിമേലെനിക്കു കഴിയുകയുമില്ല. ചരിത്രത്തെ നാം കടന്നുകേറണം; അതിനു കഴിയണമെങ്കിൽ പക്ഷേ ഭൂതവും ഭാവിയും വർത്തമാനവും നമുക്കു പ്രധാനമല്ലാതാവണം, എന്ന്, എവിടെ നാം ജീവിക്കുന്നുവെന്നതിൽ നാം ഉദാസീനരാവണം. നാലായിരം കൊല്ലം മുമ്പത്തെ പുരാതന ഈജിപ്തിലല്ല, ഇന്നാണു ഞാൻ ജീവിക്കുന്നതെന്നതു കൊണ്ട് എന്റെ അവസ്ഥ കൂടുതൽ ഭേദമാണെന്നു പറയാനുണ്ടോ? നമുക്കിഷ്ടമില്ലാത്ത ഒരു കാലത്തു ജീവിച്ചിരുന്ന, ക്രിസ്തുമതത്തെയോ ആധുനികശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെയോ കുറിച്ചറിവില്ലാത്ത മനുഷ്യരോടു സഹതപിക്കാൻ തോന്നുന്നത് ബാലിശമാണ്. ജീവിതശൈലികളിൽ മൂപ്പിളമ ഇല്ലാത്തതിനാൽ ചിലതു നല്ലതെന്നോ ചിലതു മോശമെന്നോ പറയാനില്ല. ചരിത്രത്തിന്റെ ഓരോ യുഗവും തന്നിൽത്തന്നെ അടങ്ങിയ, സ്വപ്രമാണങ്ങളെക്കുറിച്ചുറപ്പുള്ള, അടഞ്ഞ ഒരു ലോകമാണ്; ചരിത്രത്തിന്റെ വൈരുദ്ധ്യാത്മകഗതി അത്ര തന്നെ പരിമിതവും അപര്യാപ്തവുമായ മറ്റൊരു രൂപം സൃഷ്ടിക്കുന്നതു വരെ അതങ്ങനെ തുടരുകയും ചെയ്യും. ചരിത്രത്തിനപ്പാടെ തന്നെ ഒരു സാധുതയുമില്ലെന്നാണെനിക്കു തോന്നുന്നതെന്നതിനാൽ ചിലർ ഭൂതകാലത്തെ പഠിക്കാൻ മിനക്കെടുന്നതു കാണുമ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോകുന്നു. നമ്മുടെ പൂർവികരുടെ ആദർശങ്ങളും വിശ്വാസങ്ങളും നമ്മിലെന്തു താല്പര്യമുണർത്താൻ? മനുഷ്യരാശി കൈവരിച്ച നേട്ടങ്ങൾ മഹത്തായതായേക്കാം, പക്ഷേ എനിക്കവയെക്കുറിച്ചറിയാൻ ഒട്ടും താല്പര്യമില്ല.
അതിനെക്കാൾ മനസ്സമാധാനം ഞാൻ കാണുന്നത് നിത്യതയെ ധ്യാനിച്ചിരിക്കുന്നതിലാണ്. ഒരു ശ്വാസത്തിന്റെ പോലും വിലയില്ലാത്ത ഈ ലോകത്ത് സാധുവായ ഒരേയൊരു ബന്ധം മനുഷ്യനും നിത്യതയും തമ്മിലുള്ളതാണ്, മനുഷ്യനും ചരിത്രവും തമ്മിലുള്ളതല്ല. ഒരാൾ ചരിത്രത്തെ നിഷേധിക്കുന്നത് ഏതോ നൈമിഷികചാപല്യത്തിനടിമയായിട്ടല്ല, അപ്രതീക്ഷിതവും മർമ്മഭേദകവുമായ ദുരന്തങ്ങളുടെ ആഘാതത്തിൻ കീഴിലാണ്. മഹാദുഃഖങ്ങളിൽ നിന്നാണ് ആ തരം നിഷേധങ്ങൾ ഉറവെടുക്കുന്നത്, ചരിത്രത്തെക്കുറിച്ചുള്ള അമൂർത്തപരിചിന്തനങ്ങളിൽ നിന്നല്ല. പക്ഷേ ചരിത്രത്തിൽ പങ്കാളിയാകാനില്ലെന്നു തീരുമാനിച്ചതോടെ, മനുഷ്യരാശിയുടെ ഭൂതകാലത്തെ നിഷേധിച്ചതോടെ മാരകമായ ഒരു ദുഃഖം, സങ്കല്പിക്കാവുന്നതിലുമധികം വേദന ജനിപ്പിക്കുന്ന ഒരു ദുഃഖം എന്നെ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു. ഇത്രനാളത് എന്നിൽ സുപ്താവസ്ഥയിൽ കിടക്കുകയായിരുന്നുവെന്നോ? ഈ തരം ചിന്തകളാണതിനെ ഇപ്പോൾ തട്ടിയുണർത്തിയതെന്നോ? എന്റെ നാവിൽ മരണത്തിന്റെ കയ്പു ചുവയ്ക്കുന്നു, കൊടുംവിഷം പോലെ ശൂന്യത എന്റെയുള്ളു പൊള്ളിയ്ക്കുന്നു. ഇത്ര ഞാൻ ദുഃഖിതനായിരിക്കുമ്പോൾ, മരണപര്യന്തം ദുഃഖിതനായിരിക്കുമ്പോൾ എങ്ങനെയെനിക്കു സൗന്ദര്യത്തെക്കുറിച്ചു സംസാരിക്കാനാവും?
ഇനിയെനിക്കു യാതൊന്നും അറിയണമെന്നില്ല. ചരിത്രത്തെ കവയ്ച്ചു വയ്ക്കുന്നതിലൂടെ നിങ്ങൾക്കൊരു അതിബോധം കൈവരികയാണ്; നിത്യതയുടെ ഒരു സുപ്രധാനഘടകമാണത്. വൈരുദ്ധ്യങ്ങൾക്കും സന്ദേഹങ്ങൾക്കും അർത്ഥം നഷ്ടപ്പെടുന്ന, ജീവിതത്തെയും മരണത്തെയും നിങ്ങൾക്കോർമ്മ വരാത്ത ഒരു മണ്ഡലത്തിലേക്ക് അതു നിങ്ങളെ കൊണ്ടുപോവുകയാണ്. മരണഭയമാണ് മനുഷ്യരെ നിത്യതയെത്തേടി നടക്കാൻ തള്ളിവിടുന്നത്; വിസ്മൃതി എന്നൊരു പ്രയോജനമേ നിങ്ങൾക്കതിൽ നിന്നു കിട്ടാനുള്ളു. പക്ഷേ നിത്യതയിൽ നിന്നു തിരിച്ചുവരുമ്പോഴത്തെ കാര്യമോ?
(Emil Cioran - On The Heights Of Despair)
No comments:
Post a Comment