ഒരു കുഞ്ഞിന്റെ സ്വപ്നങ്ങൾ സമാധാനമാണ്
ഒരമ്മയുടെ സ്വപ്നങ്ങൾ സമാധാനമാണ്
മരത്തണലിൽ മന്ത്രിക്കപ്പെടുന്ന പ്രണയവചനങ്ങൾ സമാധാനമാണ്
കണ്ണുകളിൽ വിടർന്ന ചിരിയുമായി
കൈകളിലൊരു പഴക്കൂടയുമായി
സന്ധ്യക്കു വീട്ടിലേക്കു മടങ്ങുന്ന അച്ഛൻ സമാധാനമാണ്
അദ്ദേഹത്തിന്റെ നെറ്റിയിലെ വിയർപ്പുമണികൾ
ജനാലപ്പടിയിൽ തണുക്കുന്ന മൺകൂജയിൽ പൊടിക്കുന്ന നീർത്തുള്ളികൾ പോലെ
അവയും സമാധാനമാണ്
ലോകത്തിന്റെ മുഖത്തെ മുറിവുകളുണങ്ങുമ്പോൾ
ഷെല്ലുകൾ പതിച്ചുണ്ടായ കുഴികളിൽ നാം മരങ്ങൾ നടുമ്പോൾ
കൊടുംതീയിൽ പൊള്ളിക്കരിഞ്ഞ ഹൃദയങ്ങളിൽ
പ്രതീക്ഷയുടെ പുതുമുളകൾ പൊടിയ്ക്കുമ്പോൾ
തങ്ങൾ ചോര ചിന്തിയതു വെറുതെയായില്ലെന്നറിഞ്ഞുകൊണ്ട്
മരിച്ചവർക്കു തിരിഞ്ഞുകിടന്നുറങ്ങാൻ കഴിയുമ്പോൾ
അതാണ് സമാധാനം
സമാധാനം രാത്രിയിൽ തീന്മേശയിലെ മണങ്ങളാണ്
തെരുവിൽ വന്നുനില്ക്കുന്ന മോട്ടോർ വാഹനത്തിനർത്ഥം ഭീതി എന്നല്ലെങ്കിൽ
വാതിലിൽ മുട്ടു കേൾക്കുന്നതിനർത്ഥം കൂട്ടുകാരനെന്നാണെകിൽ
ഓരോ മണിക്കൂറും ജനാല തുറന്നിടുക എന്നതിനർത്ഥം
ആകാശം അതിന്റെ നിറങ്ങളുടെ അകലമണികളുമായി
നമ്മുടെ കണ്ണുകളെ വിരുന്നൂട്ടുക എന്നാണെങ്കിൽ
അതാണ് സമാധാനം
സമാധാനം ഉറക്കമുണരുന്ന കുട്ടിയ്ക്കു മുന്നിൽ
ഒരു ഗ്ളാസ്സ് ചൂടുപാലും ഒരു പുസ്തകവുമാണ്
ഗോതമ്പുകതിർക്കറ്റകൾ ഒന്നിനോടൊന്നു കുനിഞ്ഞ്
വെളിച്ചം വെളിച്ചം എന്നു തമ്മിൽ പറയുമ്പോൾ
ചക്രവാളത്തിന്റെ പുഷ്പചക്രം വെളിച്ചം കൊണ്ടു നിറഞ്ഞുതുളുമ്പുമ്പോൾ
അതാണ് സമാധാനം.
മരണം ഹൃദയത്തിൽ ഇത്തിരിമാത്രമിടമെടുക്കുമ്പോൾ
ചിമ്മിനികൾ ആഹ്ളാദത്തിനു നേർക്ക് ഉറച്ച വിരലുകൾ ചൂണ്ടുമ്പോൾ
അസ്തമയത്തിന്റെ കൂറ്റൻ പൂച്ചെണ്ടുകൾ
കവിയ്ക്കും തൊഴിലാളിക്കുമൊരേപോലെ വാസനിക്കാൻ കഴിയുമ്പോൾ
അതാണ് സമാധാനം.
സമാധാനം മനുഷ്യന്റെ മുഷ്ടിയാണ്
ലോകത്തിന്റെ മേശപ്പുറത്തെ ഇളംചൂടുള്ള അപ്പമാണ്
അതൊരമ്മയുടെ പുഞ്ചിരിയാണ്
അതു മാത്രം.
സമാധാനം മറ്റൊന്നുമല്ല
ഏതു മണ്ണിലും ആഴത്തിൽ ചാലെടുക്കുന്ന കലപ്പകൾ
അവയെഴുതുന്നത് ഒരേയൊരു പേര്:
സമാധാനം. മറ്റൊന്നുമല്ല. സമാധാനം.
എന്റെ വരികളുടെ നട്ടെല്ലിലൂടെ
ഗോതമ്പും റോസാപ്പൂക്കളും കേറ്റി ഭാവിയിലേക്കു കുതിക്കുന്ന തീവണ്ടി
അതാണ് സമാധാനം.
എന്റെ സഹോദരങ്ങളേ
എല്ലാ സ്വപ്നങ്ങളും കണ്ടു സമാധാനത്തോടുറങ്ങുമ്പോൾ
ലോകത്തിന്റെ നെഞ്ചുയർന്നുതാഴുന്നു.
കൈ തരൂ, സഹോദരങ്ങളേ.
ഇതാണ് സമാധാനം.
No comments:
Post a Comment