Saturday, December 31, 2011

വയെഹോ - മഞ്ഞിന്റെ വഞ്ചിപ്പായകൾ


los-heraldos-negros


നീ പോകുന്നതു കണ്ടുനിൽക്കാൻ നിത്യേന ഞാനെത്തുന്നു,
എന്നുമകലത്തായ വശ്യനൗകേ...
രണ്ടു വെളുത്ത കപ്പിത്താന്മാർ നിന്റെ കണ്ണുകൾ;
രക്തം കൊണ്ടു ശുഭയാത്ര വീശുന്ന
ചുവന്ന കുഞ്ഞുതൂവാല നിന്റെ ചുണ്ടുകൾ!

നീ പോകുന്നതു കണ്ടുനിൽക്കാൻ ഞാനെത്തുന്നു;
കാലവും ക്രൗര്യവും കൊണ്ടുന്മത്തമായി,
എന്നുമകലത്തായ വശ്യനൗകേ,
സാന്ധ്യതാരം മാഞ്ഞുപോകുന്ന നാൾ വരെ.

കപ്പിയും കമ്പക്കയറും; വഞ്ചിക്കുന്ന കാറ്റുകൾ;
കടന്നുപോയൊരു സ്ത്രീ വീശിയ കാറ്റുകൾ!
നിന്റെ തണുത്ത കപ്പിത്താന്മാർ കല്പന നല്കും,
മാഞ്ഞുപോകുന്നവൻ ഞാനായിരിക്കും...



Friday, December 30, 2011

ഇക്ക്യു - അസ്ഥികൂടങ്ങൾ


ഈ നേർത്തുകറുത്ത രേഖകൾ വെളിച്ചപ്പെടുത്തുന്നു,
അറിയാനുള്ള നേരൊക്കെയും.

ശിഷ്യരേ,
ഏകാന്തധ്യാനത്തിലുറച്ചിരിയ്ക്കൂ, എങ്കിൽ നിങ്ങളറിയും, ഈ ലോകത്തു പിറക്കുന്നതെന്തും, താനും ജീവിതവുമൊക്കെ, ശുദ്ധശൂന്യമെന്ന്. ശൂന്യത്തിൽ നിന്നുതന്നെ സർവതിനുമാവിർഭാവം. ഈ ആദിമനിരാകാരം തന്നെ ബുദ്ധൻ; ബുദ്ധപ്രകൃതി, ബുദ്ധമനസ്സ്, തഥാഗതൻ, ഗുരു, ദൈവം- ഒരേ ശൂന്യത്തിന്റെ പലേ പേരുകളാണൊക്കെയും. ഇതു ശരിയായി ധരിക്കാതിരിക്കുക, നിങ്ങൾ നരകത്തിൽ ചെന്നുവീഴുന്നു.

നിർവേദം കൊണ്ടു നിറഞ്ഞും, ഈ സംസാരചക്രത്തിൽ നിന്നൊരു മോചനത്തിനായുള്ള കാംക്ഷ കൊണ്ടു വലഞ്ഞും ഞാനൊരുനാളിറങ്ങിനടന്നു. ഒരു രാത്രിയിൽ ഞാൻ ചെന്നുകേറിയത് ഏകാന്തമായൊരമ്പലത്തിൽ. പൊതുവഴിയിൽ നിന്നകലെ, ഒരു മലയടിവാരത്തിൽ, വിശ്രാന്തിയുടെ വിശാലമായൊരു താഴ്വാരത്താണത്. ചുറ്റും കുഴിമാടങ്ങളായിരുന്നു. പെട്ടെന്നതാ, ദൈന്യം തോന്നിക്കുന്നൊരസ്ഥികൂടം എനിക്കു മുന്നിലാവിർഭവിച്ചു. അതു പറഞ്ഞു:

ലോകം വീശിക്കടന്നുപോകുന്നു,
ശരൽക്കാലത്തിന്റെ വിഷാദവാതം.
പുല്പരപ്പലഞൊറിയുന്നു,
ചതുപ്പിലേക്കു നാമൊഴുകുമ്പോൾ,
കടലിലേക്കു നാമൊഴുകുമ്പോൾ.

സർവതും അവയുടെ ഉറവയിലേക്കു മടങ്ങി ശൂന്യമാവുന്നു. ബോധിധർമ്മൻ ചുമരും നോക്കി ധ്യാനത്തിലിരുന്നു; പക്ഷേ അദ്ദേഹത്തിന്റെ മനസ്സിലുറന്ന ഒരു ചിന്തയും യഥാർത്ഥമായിരുന്നില്ല. ബുദ്ധൻ ധർമ്മഘോഷണം ചെയ്തുനടന്ന അമ്പതു കൊല്ലത്തിന്റെ ഗതിയും ഇതുതന്നെ. ഈ വിധമുള്ള ഉപാധികളിൽ തളയുന്നതല്ല മനസ്സ്.

ഇങ്ങനെ വിവിധതരം ആലോചനകളാൽ മനസ്സസ്വസ്ഥമായപ്പോൾ എനിക്കുറക്കവും നഷ്ടപ്പെട്ടു. പുലർച്ചയോടടുപ്പിച്ച് ഞാനൊന്നു മയങ്ങി. സ്വപ്നത്തിൽ ഒരുപറ്റം അസ്ഥികൂടങ്ങൾ എനിക്കു ചുറ്റും കൂട്ടം കൂടി. ഒരസ്ഥികൂടം എനിക്കടുത്തു വന്ന് ഇങ്ങനെ പറഞ്ഞു:

ഓർമ്മകൾ പാഞ്ഞുപോകുന്നു,
കാണാതെയാവുന്നു:
അർത്ഥശൂന്യമായ
പൊള്ളക്കിനാക്കളാണൊക്കെയും.
*
യാഥാർത്ഥ്യത്തെ ധിക്കരിക്കുക,
ദൈവം, ബുദ്ധനെന്നൊക്കെപ്പുലമ്പുക,
നേരായ വഴി പിന്നെ നിങ്ങൾ കാണുകയുമില്ല.
*
നിങ്ങൾ ശ്വാസമെടുക്കുന്നുണ്ട്,
കൈകാലുകൾക്കനക്കമുണ്ട്,
അതിനാൽ തുറസ്സിൽ കിടക്കുന്ന ശവമല്ല
നിങ്ങളെന്നും പറയാം.

ഈ അസ്ഥികൂടവുമായി എനിക്കൊത്തുപോകാനായി. സത്യമന്വേഷിച്ചു ലോകം വെടിഞ്ഞതാണയാൾ; ഓളപ്പരപ്പിൽ നിന്നാഴക്കയത്തിലേക്കയാൾ പോയിരിക്കുന്നു. കാര്യങ്ങളെ അവയുടെ സ്വരൂപത്തിൽത്തന്നെ അയാൾ കാണുന്നു. ഞാനവിടെ അങ്ങനെ കിടന്നു, പൈന്മരങ്ങൾ കാതിലോതുന്നതു കേട്ടും, മുഖത്തു നൃത്തം വയ്ക്കുന്ന ശരത്കാലനിലാവിനെ കണ്ടും.

എന്തുണ്ട്, സ്വപ്നമല്ലാതെ? ആരുണ്ട്, ഒരസ്ഥികൂടമായൊടുങ്ങാതെ? തൊലിയിൽ പൊതിഞ്ഞ്, ആണും പെണ്ണുമായി നാം കാണപ്പെടുന്നു; ഒരാൾ മറ്റൊരാൾക്കു പിന്നാലെ ആർത്തി പിടിച്ചോടുന്നു. പ്രാണൻ നിലയ്ക്കുമ്പോൾപ്പക്ഷേ, തൊലി വെടിയ്ക്കുന്നു, ലിംഗഭേദം മറയുന്നു, ഉയർച്ചതാഴ്ചകളില്ലാതാവുന്നു. ഈ നിമിഷം നാം താലോലിക്കുന്ന വ്യക്തിയുടെ തൊലിയ്ക്കടിയിൽ വെറുമൊരുപിടി എല്ലുകളേയുള്ളു. ഒന്നോർത്തുനോക്കൂ- ഉയർന്നതും താഴ്ന്നതും, കുട്ടിയും വയസ്സനും, ആണും പെണ്ണും ഒക്കെ ഒന്നുതന്നെ. ഈ മഹാരഹസ്യത്തിലേക്കൊന്നുണരൂ, അക്ഷണം നിങ്ങൾക്കു ഗ്രഹിക്കാറാവും, ‘ജന്മമരണരഹിതം’ എന്നാലെന്താണെന്ന്.

മരിച്ചവർക്കോർമ്മക്കല്ലു വയ്ക്കാൻ
കൃഷ്ണശിലകൾ വേണമെന്നാണെങ്കിൽ,
അതിലും നല്ല തലക്കല്ലല്ലേ, ഒരമ്മിക്കുഴവി?

ശരിക്കും ഭയം ജനിപ്പിക്കുന്ന ജീവികൾ തന്നെ മനുഷ്യർ.

മേഘങ്ങളില്ലാത്ത മാനത്ത്
തെളിഞ്ഞും വിളങ്ങിയും പൂർണ്ണചന്ദ്രൻ.
ലോകത്തിന്നിരുട്ടിൽ നാം
തപ്പിത്തടയുകയാണെന്നാൽ.

ഒന്നു സൂക്ഷിച്ചുനോക്കൂ- ശ്വാസം നിർത്തൂ, ചർമ്മമൂരിമാറ്റൂ, സർവരും കാണാനൊരുപോലെ. എത്രകാലം നിങ്ങൾ ജീവിച്ചാലും ഫലം മാറുന്നില്ല. ‘ഞാനുണ്ട്’ എന്ന ധാരണയൊക്കെ വലിച്ചെറിയൂ. കാറ്റു പിടിച്ച മേഘങ്ങൾക്കു നിങ്ങൾ സ്വയം വിട്ടുകൊടുക്കൂ.

ഒരു സ്വപ്നമീ ലോകമെങ്കിൽ
സ്വപ്നം പോലതു പോയി മറഞ്ഞോട്ടെ;
അതിൻ പേരിലെന്തിനീ വേവലാതി?

നിങ്ങളുടെ ജീവിതാവധി നിശ്ചിതമായിരിക്കെ, അതൊന്നു നീട്ടിക്കിട്ടാൻ ദൈവങ്ങളോടു നിവേദനം ചെയ്തിട്ടെന്തു ഫലം? ജീവിതവും മരണവുമെന്ന മഹാസത്യത്തിൽ മനസ്സർപ്പിക്കൂ, ജീവിതം മരണത്തിലവസാനിക്കും: അതാണു ലോകഗതി.

ജീവിതത്തിലെ വിപര്യയങ്ങൾ,
ദുഃഖപൂർണ്ണമാണവയെങ്കിലും,
നമ്മെ പഠിപ്പിക്കുന്നു,
ഒഴുകുന്ന ഈ ലോകത്തിൽ
അള്ളിപ്പിടിക്കാതിരിക്കാൻ.
*
ഒരു പാടും വയ്ക്കാതെ
മാഞ്ഞുപോകുന്ന എലുമ്പിൻക്കൂട്ടം
അതിനെ പട്ടും മാലയുമണിയിക്കുന്ന-
തെന്തിണാണാളുകൾ?
*
ഇരുന്നിടത്തേക്കു മടങ്ങുമീയുടൽ.
തിരഞ്ഞുപോവുകയുമരുത്,
തിരഞ്ഞാൽ കിട്ടാത്തതിനെ.
*
ജനനത്തിന്റെ പ്രകൃതിയാരറിയാൻ?
ഉറവിലേക്കു മടങ്ങുന്നു നാം,
പൊടിയായി മാറുന്നു നാം.
*
മലയുടെ മുകളിലേക്കു
വഴികളേറെ;
മുകളെത്തിയാൽപ്പക്ഷേ,
എല്ലാരും കാണുന്ന-
തൊരേ ചന്ദ്രനെ.
*
യാത്രയ്ക്കൊടുവിൽ
വിശ്രമിക്കാനിടമില്ലെങ്കിൽപ്പിന്നെ,
വഴി തെറ്റുമോയെന്നു
ഭയക്കുകയും വേണ്ട നാം.
*
തുടക്കമില്ല, ഒടുക്കമില്ല;
ജനിച്ചതും മരിച്ചതും
നമ്മുടെ മനസ്സ്:
ശൂന്യത്തിന്റെ ശൂന്യം.
*
അഴിച്ചുവിടൂ,
മനസ്സു വഴി വിട്ടു പായും;
പിടിച്ചുനിർത്തൂ,
അതിനെ വേണ്ടെന്നും വയ്ക്കാം.
*
മഴ, മഞ്ഞ്, ആലിപ്പഴം:
ഒക്കെയും വെവ്വേറെ.
വീഴുമ്പോൾപ്പക്ഷേ,
ഒരേ പുഴവെള്ളം.
*
പൈനിലകൾ വാരിമൂടി
പോന്ന വഴി മറയ്ക്കുക;
എവിടെ നിങ്ങളിരിയ്ക്കുമിടമെ-
ന്നറിയാതെ പോകട്ടെ ലോകം.
*
എത്ര വ്യർത്ഥം,
ചുടുകാട്ടിലെ ചടങ്ങുകൾ.
വിലപിക്കുന്നവരറിയുന്നില്ലേ,
വരുമൂഴം തങ്ങളുടേതെന്ന്?
*
‘ജീവിതം നശ്വരം!’
ചിത പുകയുമ്പോൾ
നാമോർക്കുന്നു;
എന്നറിയും നാം പക്ഷേ,
അതേ വഞ്ചിയിലാണു നാമെന്ന്?
*
ഒക്കെയും വ്യർത്ഥം!
ദൃഢഗാത്രനൊരു ചങ്ങാതി,
ഇന്നു രാവിലെ;
ചിതയിലെ പുകച്ചുരുൾ,
ഇന്നു സന്ധ്യക്ക്.
*
എത്ര ദാരുണം!
കാറ്റു വീശിയകറ്റുന്നു,
ചിതയിലെ പുകച്ചുരുൾ.
*
കത്തിച്ചാലതു ചാരമാവുന്നു,
കുഴിച്ചിട്ടാൽ മണ്ണാവുന്നു.
നാം ശേഷിപ്പിച്ചുപോകുന്നതു
നാം ചെയ്തുവച്ച പാപങ്ങളോ?
*
ഇങ്ങനെയാണു ലോകത്തിന്റെ പ്രകാരം. ലോകത്തിന്റെ നശ്വരതയെക്കുറിച്ചു ഗ്രാഹ്യമില്ലാത്തവർ അതു കണ്ടു ചകിതരാവുകയും, ആശ്ചര്യപ്പെടുകയും ചെയ്യുന്നു. ചുരുക്കം പേരേ ഇന്നു ബുദ്ധമാർഗ്ഗത്തിലുള്ളു. ആശ്രമങ്ങൾ മിക്കവയും ശൂന്യം. ഗുരുക്കന്മാർ അജ്ഞന്മാരായിരിക്കുന്നു; അവർ ധ്യാനം ശല്യമെന്നു കരുതി ഉപേക്ഷിച്ചിരിക്കുന്നു. ധ്യാനത്തിലല്ല, ക്ഷേത്രം മോടിപ്പെടുത്തുന്നതിലാണവർക്കു ശ്രദ്ധ. വെറും ജാടയാണവരുടെ ധ്യാനം; അവർ ഭിക്ഷുക്കളെന്ന വേഷം കെട്ടുന്നതേയുള്ളു- അവരുടെ സന്ന്യാസവേഷം പീഡനത്തിന്റെ കനത്ത പടച്ചട്ടയായേക്കാം ഇനിയൊരു നാൾ.

സംസാരചക്രത്തിൽ ജന്മമെടുക്കുക എന്നതു നരകത്തിലേക്കു നയിക്കുന്നു; ദുരാർത്തി വിശപ്പടങ്ങാത്ത ഭൂതമായി നിങ്ങൾക്കു പുനർജ്ജന്മം നൽകുന്നു; അജ്ഞത അടുത്ത ജന്മത്തിൽ നിങ്ങളെ മൃഗമാക്കുന്നു; കോപം പിശാചാക്കുന്നു. ഉപദേശങ്ങളെ പിൻപറ്റുക, മനുഷ്യജന്മം നിങ്ങൾക്കു കിട്ടും. നല്ലതു ചെയ്യുക, ദേവകളുടെ തലത്തിലേക്കു നിങ്ങളുയരും. ഈ ആറു മണ്ഡലങ്ങൾക്കും മുകളിൽ ബുദ്ധന്മാരുടെ മണ്ഡലങ്ങൾ നാലുണ്ട്; അങ്ങനെ പത്തായിട്ടാണ്‌ അസ്തിത്വത്തിന്റെ വിന്യാസം. എന്നാൽ ബോധോദയത്തിന്റെ മുഹൂർത്തത്തിൽ നിങ്ങൾക്കു വെളിപ്പെടുന്നു, അവ രൂപരഹിതങ്ങളാണെന്ന്, അവയ്ക്കിടനിലകളില്ലെന്ന്, അവയെ വെറുക്കുകയോ, ഭയക്കുകയോ, ആഗ്രഹിക്കുകയോ ചെയ്യേണ്ടതില്ലെന്ന്. അസ്തിത്വമെന്നാൽ വിശാലമായ ആകാശത്തു പാറിപ്പോകുന്ന ഒരു മേഘത്തുണ്ടു പോലെയേയുള്ളു, വെള്ളത്തിലെ നുര പോലെയേയുള്ളു. മനസ്സിൽ ഒരു ചിന്തയും അങ്കുരിക്കുന്നില്ല, അതിനാൽ യാതൊന്നും സൃഷ്ടമാവുന്നുമില്ല. സംശയിക്കേണ്ട, മനസ്സും വസ്തുവും ഒന്നുതന്നെ, ഒരേപോലെ ശൂന്യവും.

അഗ്നി പോലെയാണു മനുഷ്യജന്മം- അമ്മയച്ഛന്മാരായ അരണികൾക്കു പിറക്കുന്ന തീപ്പൊരിയാണു മനുഷ്യശിശു. അമ്മയച്ഛന്മാരും എരിഞ്ഞടങ്ങുന്നു - ഒക്കെയും ശൂന്യത്തിൽ നിന്നു പിറന്നവ. രൂപങ്ങളിൽ നിന്നു സ്വയം മുക്തനാവൂ, സത്തയുടെ ആദിമാധാരത്തിലേക്കു മടങ്ങൂ.

ചെറിമരം വെട്ടിപ്പിളർന്നാൽ
പൂക്കളെവിടെ?
വസന്തമെത്തുമ്പോൾപ്പക്ഷേ,
പൂക്കളാണെങ്ങും.
*
ഒരു പാലവും വേണ്ടാതെയല്ലേ,
മേഘങ്ങളുയരത്തിലെത്തി?
തുണയ്ക്കായവയ്ക്കു വേണ്ട,
ഒരു ബുദ്ധന്റെ സാരോപദേശവും.

ഗൗതമബുദ്ധൻ അമ്പതു കൊല്ലം ധർമ്മം പ്രസംഗിച്ചു നടന്നു; ഒരിക്കൽ ശിഷ്യകാശ്യപൻ അദ്ദേഹത്തിന്റെ ഉപദേശങ്ങളിലേക്കുള്ള സൂചകമെന്തെന്നു ചോദിച്ചപ്പോൾ ബുദ്ധൻ പറഞ്ഞു, ‘തുടക്കം മുതലൊടുക്കം വരെ ഒരു വാക്കും ഞാനുരിയാടിയിട്ടില്ല.’ എന്നിട്ടദ്ദേഹം ഒരു പൂവെടുത്തു കാട്ടി. കാശ്യപൻ അതു കണ്ടു മന്ദഹസിച്ചു; ബുദ്ധൻ പൂവെടുത്തു കാശ്യപനു നൽകിക്കൊണ്ടു പറഞ്ഞു, ‘നിത്യസത്യത്തിന്റെ ആശ്ചര്യമാനസം നിനക്കു സ്വന്തം.’ ‘അങ്ങെന്താണർത്ഥമാക്കുന്നത്?’ കാശ്യപൻ ചോദിച്ചു. ബുദ്ധൻ പറഞ്ഞു, ‘എന്റെ അമ്പതു കൊല്ലത്തെ പ്രബോധനത്തിനിടയിൽ നിന്നെ മാടിവിളിയ്ക്കുകയായിരുന്നു ഞാൻ, സമ്മാനം തരാമെന്നു കൊതിപ്പിച്ച് ഒരു കുഞ്ഞിനെ കൈകളിലേക്കു വശീകരിച്ചുവരുത്തുന്നപോലെ.‘

ഈ ധർമ്മപുഷ്പത്തെ ഭൗതികമോ, മാനസികമോ, വാചികമോ ആയി വിവരിക്കാനാവില്ല. അതു വസ്തുവോ, ആത്മാവോ അല്ല. അതു വിജ്ഞാനമല്ല. നമ്മുടെ ധർമ്മം ഭൂതഭാവിവർത്തമാനകാലങ്ങളിലെ ബുദ്ധന്മാരെയൊക്കെ വഹിക്കുന്ന ഏകയാനമത്രെ. അതിലുണ്ട്, ഇരുപത്താറു ഭാരതീയഗുരുക്കുന്മാരും, ആറു ചീനഗുരുക്കന്മാരും. അതത്രേ, സത്തയുടെ ആദിമാധിഷ്ഠാനം. ഒന്നിനും തുടക്കമില്ല, അതിനാൽ തന്നിൽത്തന്നെയടങ്ങുന്നവയാണൊക്കെയും. ആറിന്ദ്രിയങ്ങൾ, നാലു കാലങ്ങൾ, നാലു മഹാഭൂതങ്ങൾ എല്ലാം ഉല്പത്തിയാവുന്നതു ശൂന്യത്തിൽ; ചിലരേ അതറിയുന്നുള്ളു. വായു, ശ്വാസം; അഗ്നി, ചലനം; ജലം, രക്തം; ദേഹം എരിക്കുകയോ, കുഴിച്ചിടുകയോ ചെയ്യുമ്പോൾ അതു മണ്ണുമാവുന്നു. ഈ ഭൂതങ്ങളും പക്ഷേ ആരംഭമില്ലാത്തവയും, അതിനാൽ നിലനിൽക്കാത്തവയുമാണ്‌.

ഈ ലോകത്തു സർവ്വതും
അയഥാർത്ഥം;
മരണം തന്നെയും
മായ.
*
മായ നമ്മെ വ്യാമോഹിപ്പിക്കുന്നു, ദേഹം മരിച്ചാലും ആത്മാവു ശേഷിക്കുമെന്ന്. പരമാബദ്ധമാണത്. ശരീരവും ആത്മാവും ഒരേപോലെ നശിക്കുമെന്ന് ജ്ഞാനം ലഭിച്ചവൻ പറയുന്നു. ’ബുദ്ധൻ‘ എന്നാൽ ശൂന്യം. എമ്പതിനായിരം വേദഗ്രന്ഥങ്ങൾ മാറ്റിവച്ചിട്ട്, ഈയൊരു ചെറുഗ്രന്ഥത്തിൽ ഒക്കെയും ഞാൻ സംക്ഷേപിച്ചിരിക്കുന്നു. നിങ്ങൾക്കിതു വലുതായ ആനന്ദം വരുത്തും.

മറ്റൊരാൾക്കു വായിക്കാൻ
എഴുതിവച്ചിട്ടുപോവുക:
അതുമൊരു സ്വപ്നം.
ഉണരുമ്പോൾ ഞാനറിയുന്നു,
വായിക്കാനാരുമില്ലെന്ന്.


ഇക്ക്യു (1394-1481) - ജാപ്പനീസ് സെൻഗുരു.


 

വയെഹോ - ജനം

Spain, Take This Cup from Me = Espa~Na, Aparta De MI Este CAliz: [Poems]


യുദ്ധം കഴിഞ്ഞതിൽപ്പിന്നെ,
പടയാളി വീണതിൽപ്പിന്നെ,
ഒരാളടുത്തുചെന്നു പറഞ്ഞു:
“മരിക്കരുതേ; എനിക്കത്ര സ്നേഹമാണു നിങ്ങളെ!”
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.

രണ്ടുപേരടുത്തുചെന്നാവർത്തിച്ചു:
“ഞങ്ങളെ വിട്ടുപോകരുതേ! ധൈര്യമായിരിക്കൂ!
ജീവിതത്തിലേക്കു മടങ്ങിവരൂ!”
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.

ഇരുപത്, ഒരു നൂറ്‌, ഒരായിരം,
അഞ്ചു ലക്ഷം പേർ നേരിട്ടുചെന്നു,
അവരൊച്ചവച്ചു: “എത്രയധികം സ്നേഹം,
മരണത്തിനതുമെതിരാവുന്നില്ല!”
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.

ജനകോടികളയാളെ ചൂഴ്ന്നു,
ഒരേയൊരു നിവേദനവുമായി:
“പോകരുതേ, സഹോദരാ!“
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.

പിന്നെ ഭൂമിയിലെ സർവജനങ്ങളും
അയാൾക്കു ചുറ്റും കൂടി;
ജഡം വിഷാദത്തോടെ അവരെ ഒന്നുനോക്കി,
അയാൾ സാവധാനമെഴുന്നേറ്റുനിന്നു,
ആദ്യം കണ്ടയാളെ കെട്ടിപ്പിടിച്ചു;
പിന്നെ കാലെടുത്തുവച്ചു...


വയെഹോ - ക്രിസ്തുമസ് രാത്രി


വാദ്യവൃന്ദം പാടിനിർത്തുമ്പോൾ,
ചില്ലകൾക്കടിയിലൂടെ സ്ത്രൈണഛായകൾ കടന്നുപോവുമ്പോൾ,
പഴുക്കിലകൾക്കിടയിലൂടരിച്ചിറങ്ങുന്നു,
നിലാവിന്റെ ഭൂതരൂപങ്ങൾ, പലനിറത്തിൽ വിളർത്ത മേഘങ്ങൾ.

മറന്ന ശീലുകൾ തേങ്ങുന്ന ചുണ്ടുകളുണ്ട്,
ലില്ലിപ്പൂവുകളെന്നു നടിയ്ക്കുന്ന വെണ്മേലാടകളുണ്ട്.
മുരത്ത പൊന്തകളിൽ പട്ടിന്റെ പരിമളം പൂശുന്നുണ്ട്,
ഇടകലർന്ന സല്ലാപങ്ങൾ, മന്ദഹാസങ്ങളും.

നിന്റെ മടക്കത്തിന്റെ വെളിച്ചം ചിരി തൂകുമാറാവട്ടെ;
കൊലുന്നനേ നിന്റെയുടലിന്റെ ദനഹായിൽ
പെരുന്നാളുല്ലസിക്കട്ടെ സൗവർണ്ണതാരസ്ഥായിയിൽ.

നിന്റെ വളപ്പിലെങ്കിലെന്റെ കവിത കുഞ്ഞാടിനെപ്പോലെ കരഞ്ഞുനടക്കും,
നിന്റെ പ്രണയത്തിന്റെ ഉണ്ണിയേശു പിറവിയെടുത്തെന്നു
കാണാത്ത കൊമ്പുകളും കുഴലുകളുമൂതിയതു പാടിനടക്കും.


(ദനഹാ - കിഴക്കു നിന്നുള്ള മൂന്നു ജ്ഞാനികൾ ബത്ലഹേമിലെത്തിയതിന്റെ ഓർമ്മപ്പെരുനാൾ)


 

Thursday, December 29, 2011

വയെഹോ - വെളുത്ത കല്ലിന്മേൽ കറുത്ത കല്ല്

vallejo

തോരാതെ മഴ പെയ്യുന്നൊരു നാൾ പാരീസിൽക്കിടന്നു ഞാൻ മരിക്കും,
ഇപ്പോൾത്തന്നെയെനിയ്ക്കോർമ്മവരുന്നൊരു നാൾ.
പാരീസിൽക്കിടന്നു ഞാൻ മരിക്കും- അതിൽ പിന്നോട്ടില്ല ഞാൻ-
ഒരു വ്യാഴാഴ്ചയാവും, ഇന്നത്തെപ്പോലെ, ശരൽക്കാലവും.

വ്യാഴാഴ്ച തന്നെയാവും, ഈ വ്യാഴാഴ്ച ഈ വരികളെഴുതിവയ്ക്കെ,
എനിയ്ക്കെന്റെ ചുമലെല്ലുകൾ വിലങ്ങിയല്ലോ;
ഒരു യാത്രയ്ക്കുള്ള വഴി മുന്നിൽ  ശേഷിക്കെ
ഇന്നത്തെപ്പോലെ ഞാനേകാകിയുമായിട്ടില്ലല്ലോ.

സെസെർ വയെഹോ മരിച്ചുപോയി, അവരയാളെ തല്ലി,
സർവരും, അവർക്കയാളൊരു ദ്രോഹവും ചെയ്യാതിരുന്നിട്ടും;
വടികൾ കൊണ്ടവരാഞ്ഞുതല്ലി, കയറു കൊണ്ടും.

ഇവരത്രേ ദൃൿസാക്ഷികൾ; വ്യാഴാഴ്ചകൾ,
വിലങ്ങിയ ചുമലെല്ലുകൾ, ഏകാന്തത,
മഴ, പാതകൾ...


വയെഹോ - നിത്യദാമ്പത്യത്തിന്റെ കിടക്ക


നിലയ്ക്കുമ്പോഴേ പ്രണയം ബലക്കുന്നുള്ളു!
കുഴിമാടമൊരു കൂറ്റൻ നേത്രഗോളമാവും,
അതിന്റെ കയങ്ങളിൽ പ്രണയവേദന ജിവിക്കും, കരയും,
മധുരനിത്യതയും കറുത്ത പ്രഭാതവും നിറച്ച ചഷകത്തിലെന്നപോലെ.

ചുംബനത്തിനായി ചുണ്ടുകൾ ഞൊറിഞ്ഞുവരും,
നിറഞ്ഞതൊന്നു കവിഞ്ഞൊഴുകിത്തീരുമ്പോലെ.
ഞരമ്പുകൾ വലിഞ്ഞുപിടയുന്ന സമാഗമങ്ങളിൽ
ഓരോ വായയും മറ്റൊന്നിനായി ത്യജിക്കും,
ജീവൻ മൃതപ്രായമായൊരു ജീവിതം.

എങ്കിൽ ഹൃദ്യമത്രേ കുഴിമാടം,
ഒരേയൊരാരവത്തിൽ സകലരുമന്തർവ്യാപിക്കുന്നതതിൽ;
ഹൃദ്യമത്രേ അന്ധകാരം,
ഒരേയൊരു സങ്കേതത്തിൽ പ്രണയികളൊരുമിക്കുന്നതിൽ.File:Firma cvallejo.png


 

വയെഹോ - സ്നേഹവിരുന്ന്

File:Vallejo1.JPG

ആരുമിന്നന്വേഷിച്ചെത്തിയില്ല;
ആരുമീ സായാഹ്നത്തിലെന്നോടൊന്നുമാവശ്യപ്പെട്ടുമില്ല.

വെളിച്ചങ്ങളുടെ ഈ ഘോഷയാത്രയിൽ
ഒരു സിമിത്തേരിപ്പൂവിനെപ്പോലും ഞാൻ കണ്ടുമില്ല.
പൊറുക്കൂ, കർത്താവേ: എത്ര കുറച്ചേ ഞാൻ മരിച്ചുള്ളൂ!

ഈ സായാഹ്നത്തിലേവരുമേവരും കടന്നുപോകുന്നു,
എന്നെയന്വേഷിക്കാതെ, എന്നോടൊന്നും ചോദിക്കാതെ.

എനിക്കറിയില്ല, എന്റെ കൈകളിലവർ മറന്നുവച്ചതെന്തെന്ന്,
എന്റേതല്ലാത്തതൊന്നുപോലെ.

വാതിൽക്കലേക്കു ഞാൻ പോയിരുന്നു,
സർവരോടുമായി വിളിച്ചുകൂവാനെനിക്കു തോന്നിയിരുന്നു:
നിങ്ങൾക്കെന്തെങ്കിലും കാണാതെപോയെങ്കിൽ,
അതിവിടെയുണ്ടെന്നേ!

ഈ ജീവിതത്തിലെ ഓരോ സായാഹ്നത്തിലും
എത്ര വാതിലുകളാണൊരു മുഖത്തിനു നേർക്കു
കൊട്ടിയടയ്ക്കപ്പെടുന്നതെന്നെനിക്കറിയാത്തതിനാൽ,
അന്യന്റേതായതെന്തോ എന്റെയാത്മാവിനെ ഗ്രസിച്ചതിനാൽ.

ആരുമിന്നെത്തിയില്ല;
ഈ സായാഹ്നത്തിലെത്ര കുറച്ചേ ഞാൻ മരിച്ചിട്ടുമുള്ളൂ!


ചിത്രം: പെറുവിലെ വയഹോസ്മാരകം (വിക്കിമീഡിയ)


Wednesday, December 28, 2011

വയെഹോ - മരിച്ചവന്റെ ഇടയഗാനം

File:Paul Gauguin - Flight (Tahiti Idyll).JPG

എന്തു ചെയ്യുകയാവുമവളിപ്പോൾ, ആൻഡീസുകാരി എന്റെ റീത്ത,
കാട്ടോടപ്പുല്ലുകളും കാട്ടുമുന്തിരികളും പോലോമന? 

ബൈസാന്റിയത്തിൽ ഞാൻ ശ്വാസം മുട്ടിക്കിടക്കുമ്പോൾ,
വില കുറഞ്ഞ  ബ്രാണ്ടി പോലെ ചോരയുള്ളിൽ മയങ്ങുമ്പോൾ?


എവിടെയാവുമവളുടെ കൈകളിപ്പോൾ,
സായാഹ്നങ്ങളിൽ പ്രായശ്ചിത്തം പോലെ വെണ്മകളിസ്തിരിയിട്ടവ?
ഇപ്പോൾ, എന്റെ ജീവിതാശയൊക്കെയും
ഈ മഴയൊഴുക്കിക്കൊണ്ടുപോകുമ്പോൾ?


എവിടെ,അവളുടെ കമ്പിളിപ്പാവാട,
അവളുടെ വേവലാതികൾ, അവളുടെ നടത്ത,
അവളുടെ ചുണ്ടുകളില്‍ മേയ്മാസറമ്മിന്റെ ചുവയും?


ഏതോ മേഘരൂപം നോക്കി വാതിൽക്കൽ നിൽക്കുകയാവുമവൾ,
പിന്നെ വിറ പൂണ്ടുംകൊണ്ടവൾ പറയും:“യേശുവേ...എന്തു കുളിര്‌ !”
മേച്ചിലോടുകൾക്കു മേലൊരു കാട്ടുകിളി കരയും.


വയെഹോ - പ്രണയം

Cesar Vallejo

പ്രണയമേ, എന്റെ മരിച്ച കണ്ണുകളിലേക്കു മടങ്ങാതായി നീയിപ്പോൾ;
നിന്നെയോർത്തെത്ര കരയുന്നു, എന്റെ ആദർശവാദിഹൃദയം.
എന്റെ പാനപാത്രങ്ങളൊക്കെയും കാത്തിരിക്കുന്നു,
നിന്റെ ശരൽക്കാലം നേദിച്ച അപ്പത്തെ, നിന്റെ പ്രഭാതവീഞ്ഞിനെ.

പ്രണയമേ, പാവനമായ കുരിശ്ശേ, എന്റെ മണൽക്കാടുകളിൽ തേവൂ,
സ്വപ്നം കണ്ടു കരയുന്ന നിന്റെ നക്ഷത്രരക്തം.
പ്രണയമേ, എന്റെ മരിച്ച കണ്ണുകളിലേക്കു മടങ്ങുന്നേയില്ല നീയിപ്പോൾ,
നിന്റെ പ്രഭാതാശ്രുക്കളെ ഭയക്കുകയും കാംക്ഷിക്കുകയും ചെയ്യുന്നവയിൽ.

പ്രണയമേ, നിന്നെ ഞാൻ കാംക്ഷിക്കില്ല നീ വിദൂരത്തിലായിരിക്കുമ്പോൾ,
ഒരു മദിരോത്സവത്തിന്റെ ചൂതുകളിയിൽ നീയൊരു കരുവാകുമ്പോൾ,
വിളർത്തുപതിഞ്ഞൊരു പെണ്മുഖത്തു നീ പ്രത്യക്ഷയാവുമ്പോൾ.

പ്രണയമേ, ഉടലില്ലാതെ നീ വരൂ, ദൈവരക്തത്തിൽ നിന്നു വരൂ,
ദൈവത്തെ മാതിരിയൊരു മനുഷ്യനാവട്ടെ ഞാൻ,
ഉടലാനന്ദിക്കാതെ പ്രണയിക്കുന്നവൻ, ജനിപ്പിക്കുന്നവൻ.



Tuesday, December 27, 2011

വയെഹോ - കവി കാമുകിയോട്





എന്റെ പ്രിയേ, ഇന്നു രാവിൽ നിന്നെ ഞാൻ ക്രൂശിച്ചുവല്ലോ,
എന്റെ ചുംബനത്തിന്റെ രണ്ടു വളഞ്ഞ തുലാങ്ങളിൽ;
നിന്റെ വേദനയെന്നോടു പറഞ്ഞു, യേശു തേങ്ങിക്കരഞ്ഞുവെന്ന്,
ആ ചുംബനത്തിലും മധുരിക്കുന്നൊരു ദുഃഖവെള്ളിയുണ്ടെന്നും.


നിർന്നിമേഷമെന്നെ നീയെന്നെ നോക്കിനിന്ന ധന്യരാത്രിയിൽ
അസ്ഥിവേണുവുമൂതി മരണമുല്ലസിക്കുകയായിരുന്നു.
ഈ സെപ്തംബർ രാത്രിയിൽ നിർവഹണമായിരിക്കുന്നു,
എന്റെ പതനത്തിനും, എത്രയും മാനുഷികമായ ചുംബനത്തിനും.


എന്റെ പ്രിയേ, തൊട്ടുതൊട്ടുകിടന്നൊരുമിച്ചു നാം മരിക്കും;
നമ്മുടെ ധന്യവേദനകൾ സാവധാനം വരണ്ടുണങ്ങും;
നമ്മുടെ മരിച്ച ചുണ്ടുകളിരുളിൽ തമ്മിൽ തൊട്ടുവെന്നുമാവും.


നിന്റെ പാവനനേത്രങ്ങളിൽ നീരസമുണ്ടാവില്ലിനിമേൽ,
നിന്നെ മുറിപ്പെടുത്തുകയുമില്ല ഞാനിനിമേൽ.
ഒരേ കുഴിമാടത്തിൽക്കിടന്നു നാമുറങ്ങും,

                                                          രണ്ടു കൂടപ്പിറപ്പുകളെപ്പോലെ.




link to vallejo






Monday, December 26, 2011

ഫ്രാങ്കോ ഫോർട്ടിനി - കഠിനഹേമന്തം


കഠിനഹേമന്തമേ, നിന്റെ അഗ്നി വെടിച്ചുകത്തുന്നു,
ഹേമന്തമേ, നീ കാടുകളും കൂരകളുമകത്താക്കുന്നു
ഹേമന്തമേ, നീ വെട്ടിത്തീയിടുന്നു.

കരയുന്നവൻ കരഞ്ഞുകൊണ്ടിരിക്കട്ടെ,
യാതനപ്പെടുന്നവൻ പിന്നെയും യാതനപ്പെടട്ടെ,
വെറുക്കുന്നവൻ പിന്നെയും വെറുക്കട്ടെ;
ചതിക്കുന്നവൻ, അവൻ വിജയിക്കട്ടെ:
ഇതത്രേ, നമ്മുടെ ഹേമന്തത്തിന്റെ
ആത്യന്തികപാഠവും ശാസനവും.

നമുക്കറിയുമായിരുന്നില്ല,
ജീവിതത്തിന്റെ പച്ചപ്പും
പൂക്കളുടെ ചന്തവും കൊണ്ടെന്തു ചെയ്യണമെന്ന്.
അതിനാൽത്തന്നെ, നമ്മുടെ ഹൃദയങ്ങളുടെ കടയ്ക്കൽ
മഴു വീണിരിക്കുന്നതും.

പിടയുന്ന കൊള്ളികൾ പോലെ നാമെരിയും.



ഫ്രാങ്കോ ഫോർട്ടിനി (1917-1993) - ജൂതനായ പിതാവിന്റെയും കൃസ്ത്യാനിയായ അമ്മയുടെയും മകനായി ഇറ്റലിയിലെ ഫ്ളോറൻസിൽ ജനിച്ചു. ഫ്രാങ്കോ ലാറ്റെ എന്നാണു ശരിക്കുള്ള പേരെങ്കിലും 1938 -ലെ വംശീയവിവേചനനിയമത്തിൽ നിന്നു രക്ഷപ്പെടാനായി അമ്മയുടെ കുടുംബപ്പേരു സ്വീകരിക്കുകയായിരുന്നു.

 

Sunday, December 25, 2011

ജീബനാനന്ദദാസ് - ഓറഞ്ച്

File:Tangerine 2009-03-11.jpg


ഒരുനാളീയുടൽ വിട്ടുപോയാൽ
മടങ്ങിവരുമോ പിന്നെ ഞാനീലോകത്തിൽ?
എങ്കിലതീവിധമാവട്ടെ:
ഒരു മഞ്ഞുകാലരാത്രിയിൽ
ഒരു ബന്ധുവിന്റെ മരണശയ്യക്കരികെ
തണുത്തൊരോറഞ്ചിന്റെ ദാരുണമാംസളതയായി.


ജീബനാനന്ദദാസ് (1899-1954)- ടാഗോർ കഴിഞ്ഞാൽ ബംഗാളിലെ ഏറ്റവും മഹാനായ കവി.


 

എൽമെർ ദിൿതോണിയസ് - നക്ഷത്രവെളിച്ചത്തിൽ ഒരു ശിശു

File:Correggio 039.jpg


ഒരു ശിശു,
ഒരു നവജാതശിശു,
ചുവന്നുതുടുത്തൊരു ശിശു.

കുഞ്ഞു ചിണുങ്ങിക്കരയുന്നു-
എല്ലാ കുഞ്ഞുങ്ങളുമങ്ങനെയാണ്‌.
അമ്മ കുഞ്ഞിനെ മാറോടടുക്കുന്നു.
കുഞ്ഞിനു സമാധാനമാവുന്നു.
കുഞ്ഞുങ്ങളങ്ങനെയാണ്‌.

പഴുതടഞ്ഞതല്ല മേൽക്കൂര-
ചില മേൽക്കൂരകളങ്ങനെയാണ്‌.
ഒരു നക്ഷത്രം വിടവിലൂടെ
വെള്ളിമുഖമമർത്തിനോക്കുന്നു,
കുഞ്ഞിനടുത്തേക്കതിഴഞ്ഞെത്തുന്നു.
നക്ഷത്രങ്ങൾക്കു കുഞ്ഞുങ്ങളെ ഇഷ്ടമാണ്‌.

അമ്മ നക്ഷത്രത്തെ നോക്കുന്നു,
അവർക്കു മനസ്സിലാവുന്നു-
എല്ലാ അമ്മമാർക്കും മനസ്സിലാവും.
പേടിച്ച കുഞ്ഞിനെ അവർ മാറോടടുക്കുന്നു-
കുഞ്ഞു ശാന്തനായി നക്ഷത്രവെളിച്ചമൂറ്റിക്കുടിക്കുന്നു:
എല്ലാ കുഞ്ഞുങ്ങളും നക്ഷത്രവെളിച്ചമൂറ്റിക്കുടിക്കും.

കുരിശിനെക്കുറിച്ചതറിയാറായിട്ടില്ല.
ഒരു കുഞ്ഞിനുമതറിയില്ല.



(എൽമെർ ദിൿതോണിയസ് (1896-1961) - ഫിൻലന്റിലെ ഹെൽസിങ്കിയിൽ ജനിച്ചു.)

link to image


 

നെരൂദ - പ്രണയം

File:Amour love.JPG


നിനക്കിതെന്തു പറ്റി,
നമുക്കെന്തു പറ്റി,
എന്തേയിതിങ്ങനെയാവാൻ?
ഹാ, നമ്മുടെ പ്രണയമൊരു കഠിനപാശം,
നമുക്കുമേൽ മുറിപ്പാടു വീഴ്ത്തിക്കൊണ്ടതു
നമ്മെ വരിഞ്ഞുമുറുക്കുന്നു,
നാം പിരിയാൻ മോഹിച്ചാൽ,
മുറിവിൽ നിന്നു വേർപെടാൻ കൊതിച്ചാൽ
അതു പുതിയൊരു കെട്ടിടുന്നു,
ചോര വാർക്കാൻ, ഒരുമിച്ചെരിയാൻ
അതു നമ്മെ വിധിക്കുന്നു.

നിനക്കിതെന്തു പറ്റി?
നിന്നെ നോക്കുമ്പോൾ
ഞാൻ കാണുന്നതു
മറ്റേതു കണ്ണുകളെയും പോലെ രണ്ടു കണ്ണുകൾ മാത്രം,
ഞാൻ ചുംബിച്ച ഒരായിരം ചുണ്ടുകൾക്കിടയിൽ നഷ്ടമായ
രണ്ടു ചുണ്ടുകൾ മാത്രം,
ഒരോർമ്മയും ബാക്കിവയ്ക്കാതെ
എന്റെയുടലിനടിയിലൂടെ വഴുതിപ്പോയ ഉടലുകൾക്കിടയിൽ
മറ്റൊരുടൽ മാത്രം.

ലോകത്തിലൂടെത്ര ശൂന്യയായി നീ കടന്നുപോയി,
ഗോതമ്പുനിറമുള്ളൊരു മൺകൂജ പോലെ,
വായുവില്ലാതെ, ശബ്ദമില്ലാതെ, കാതലില്ലാതെ!
വൃഥാ ഞാൻ നിന്നിൽത്തിരഞ്ഞു,
എന്റെ കൈകൾക്കു കുഴിച്ചിറങ്ങാനൊരാഴം:
ഒന്നുമില്ല,
നിന്റെ ചർമ്മത്തിനടിയിൽ, നിന്റെ കണ്ണുകൾക്കടിയിൽ;
നിന്റെ ഇരുമുലകൾക്കടിയിൽ
ഒരു സ്ഫടികധാരയൊന്നു തല പൊന്തിച്ചുവെന്നുമാത്രം,
അതിനറിയുകയുമില്ല,
എന്തിനതൊഴുകുന്നുവെന്ന്,
എന്തിനതു പാടുന്നുവെന്നും.
എന്തേ, എന്തേ, എന്തേ,
എന്റെ പ്രിയേ, എന്തേ?


link to image


Saturday, December 24, 2011

നെരൂദ - കൊടുങ്കാറ്റിനോട്

File:'Storm at Wellington Heads', oil on canvas painting by Petrus van der Velden, c. 1908, Te Papa.jpg



ഇന്നലെ രാത്രിയില്‍
അവൾ
വന്നു,
ഈയനിറവുമായി,
രാത്രിയുടെ നീലയുമായി,
വീഞ്ഞിന്റെ ചുവപ്പുമായി:
ചണ്ഡവാതം,
ജലത്തിന്റെ ജടയുമായി,
കണ്ണുകളിൽ ശീതജ്വാലയുമായി;
ഇന്നലെ രാത്രിയിൽ
അവൾക്കു മോഹമായിരുന്നു,
മണ്ണിൽക്കിടന്നൊന്നുറങ്ങാൻ.
പൊടുന്നനനേയവൾ വന്നു,
തുടലും പൊട്ടിച്ച്,
തന്റെ രുഷ്ടഗ്രഹത്തിൽ നിന്ന്,
തന്റെ ആകാശഗുഹയിൽ നിന്ന്;
അവൾക്കൊന്നുറങ്ങിയാൽ മതിയായിരുന്നു,
അവൾ കിടക്കയൊരുക്കി:
കാടുകളും പെരുവഴികളുമടിച്ചുവാരി,
മലനിരകളടിച്ചുവാരി,
സമുദ്രശിലകളുരച്ചുകഴുകി,
പിന്നെ തൂവലുകൾ പോലെ
പൈന്മരങ്ങളടിച്ചുതകർത്തു
കിടക്കയുമൊരുക്കി.
അഗ്നിയുടെ ആവനാഴിയിൽ നിന്നവൾ
മിന്നൽപ്പിണരൂരിയെടുത്തു,
കൂറ്റൻ വീപ്പകൾ പോലെ
വെള്ളിടികൾ കുടഞ്ഞിട്ടു.
പിന്നെപ്പൊടുന്നനെയതാ,
ഒക്കെയും നിശ്ശബ്ദമാകുന്നു:
ഒരേയൊരില
വായുവിലൂടൊഴുകിവീഴുന്നു,
പറക്കുന്നൊരു
വയലിൻ പോലെ-
പിന്നെ,
അതു മണ്ണു തൊടും മുമ്പേ,
മഹാചണ്ഡവാതമേ,
നീയതിനെ കൈകളിൽ
കോരിയെടുത്തു,
കാഹളമൂതുന്ന കാറ്റുകളെ
അഴിച്ചുവിട്ടു,
കുതിച്ചോടുന്ന കുതിരകളെക്കൊണ്ടു
രാത്രി നിറച്ചു,
മഞ്ഞിനെയടിച്ചുപറത്തി,
കാട്ടുമരങ്ങൾ
തടവുകാരെപ്പോലെ
ഞരങ്ങി, 

മണ്ണ് ഞരങ്ങിക്കരഞ്ഞു,
പേറ്റുനോവെടുക്കുന്ന
സ്ത്രീയെപ്പോലെ;
ഒറ്റപ്രഹരം കൊണ്ടു
നീ തുടച്ചുമാറ്റിയല്ലോ,
പുൽക്കൊടികളുടെയും
നക്ഷത്രങ്ങളുടെയും മർമ്മരത്തെ,
ഒരു തൂവാല പോലെ
നീ വലിച്ചുകീറിയല്ലോ,
വെറുങ്ങലിച്ച നിശ്ശബ്ദതയെ-
ശബ്ദവും രോഷവും അഗ്നിയും കൊണ്ടു
ലോകം നിറഞ്ഞു,
കൊള്ളിമീനുകൾ
നിന്റെ തിളങ്ങുന്ന നെറ്റിയിൽ നിന്നു
മുടിയിഴകൾ പോലുലർന്നുവീണപ്പോൾ,
നിന്റെ അരപ്പട്ടയിൽ നിന്നു
വാളുകൾ പോലൂർന്നുവീണപ്പോൾ,
ലോകവസാനമെത്തിയെന്നു
ഞങ്ങൾ ചിന്തിച്ചുതുടങ്ങിയപ്പോൾ,
അതാ,
മഴ,
മഴ,
മഴ
മാത്രം,
മണ്ണിലാകെ,
മാനത്താകെ,
രാത്രി വീണു,
ചോര വാർത്തും കൊണ്ട്
മനുഷ്യനിദ്രയ്ക്കു മേൽ,
ഒന്നുമില്ല,
മഴ മാത്രം,
കാലത്തിന്റെയും
ആകാശത്തിന്റെയും
ജലം:
യാതൊന്നും വീണില്ല,
ഒരൊടിഞ്ഞ ചില്ലയല്ലാതെ,
ഒരൊഴിഞ്ഞ കൂടല്ലാതെ.

പാടുന്ന വിരലുകളുമായി,
നാരകീയഗർജ്ജനവുമായി,
രാത്രിയിൽ തീമലകൾ തുപ്പുന്ന
ജ്വാലയുമായി,
ഒരില പൊന്തിച്ചു
നീ കളിച്ചു,
പുഴകൾക്കു
കൊഴുപ്പേകി,
നീ പഠിപ്പിച്ചു,
മനുഷ്യരെ
മനുഷ്യരാകാൻ,
ദുർബ്ബലരെ ഭീതരാകാൻ,
ആർദ്രമനസ്കരെ കരയാൻ,
ജനാലകളെ
കിടുങ്ങാൻ-
എന്നാൽപ്പക്ഷേ,
ഞങ്ങളെ സംഹരിക്കാൻ
ഒരുങ്ങിയതിൽപ്പിന്നെ,
ആകാശത്തു നിന്നൊരു
കഠാര പോലെ
രോഷം വന്നുവീണപ്പോൾ,
വെളിച്ചവും നിഴലും
നിന്നുവിറച്ചപ്പോൾ,
പാതിരാക്കടലിന്നറ്റത്തു
പൈന്മരങ്ങൾ
കൂവിയാർത്തും കൊണ്ടു
തന്നെത്താൻ വിഴുങ്ങിയപ്പോൾ,
നീ, സൗമ്യചണ്ഡവാതമേ,
എന്റെ മണവാട്ടീ,
മെരുക്കമില്ലാത്തവൾ
നീയെങ്കിലും
ഞങ്ങളെ നീ
ദ്രോഹിക്കാതെ വിട്ടു;
നീ മടങ്ങിപ്പോയി,
നിന്റെ നക്ഷത്രത്തിലേക്ക്,
നിന്റെ മഴയിലേക്ക്,
പച്ചമഴ,
സ്വപ്നങ്ങളും വിത്തുകളും 

നിറഞ്ഞ മഴ,
കൊയ്ത്തുകൾക്കമ്മയായ
മഴ,
ലോകം കഴുകിയെടുക്കുന്ന,
അരിച്ചെടുക്കുന്ന,
പുതുക്കിയെടുക്കുന്ന
മഴ,
ഞങ്ങൾ മനുഷ്യർക്കും
വിത്തുകൾക്കുമുള്ള മഴ,
മരിച്ചവരെ മറക്കാനും
നാളത്തെ അപ്പത്തിനായുമുള്ള
മഴ-
മഴ മാത്രമേ
നീ ബാക്കി വച്ചുള്ളു,
ജലവും സംഗീതവും,
അതിനാൽ
നിന്നെ ഞാൻ സ്നേഹിക്കുന്നു,
കൊടുങ്കാറ്റേ,
എന്നെ വിശ്വാസത്തിലെടുക്കൂ,
എന്നെ തട്ടിയുണർത്തൂ,
എന്നെ പ്രബുദ്ധനാക്കൂ,
എനിക്കു നിന്റെ വഴി കാട്ടൂ,
വരിഷ്ഠശബ്ദം,
മനുഷ്യന്റെ പ്രചണ്ഡശബ്ദം,
നിന്നോടു ചേരട്ടെ,
നിന്റെ പാട്ടിനൊത്തു പാടട്ടെ.




link to image





Friday, December 23, 2011

മിഗ്വെൽ ഹെർണാണ്ടെഥ് - മൂന്നു മുറിവുകളുമായി അവൻ വന്നു

Miguel Hernández



മൂന്നു മുറിവുകളുമായി അവൻ വന്നു

മൂന്നു മുറിവുകളുമായി അവൻ വന്നു:
ഒന്നു പ്രണയത്തിന്റെ,
ഒന്നു മരണത്തിന്റെ,
ഒന്നു ജീവിതത്തിന്റെ.

മൂന്നു മുറിവുകളുമായി അവൻ വരുന്നു:
ഒന്നു ജീവിതത്തിന്റെ,
ഒന്നു പ്രണയത്തിന്റെ,
ഒന്നു മരണത്തിന്റെ.

മൂന്നു മുറിവുകളുമായി ഞാനിരിക്കുന്നു:
ഒന്നു ജീവിതത്തിന്റെ,
ഒന്നു മരണത്തിന്റെ,
ഒന്നു പ്രണയത്തിന്റെ.

(1942)



നീയെന്നിൽ മരിക്കുന്നു...

നീയെന്നിൽ മരിക്കുന്നു, അത്രയും നൈർമ്മല്യവും സാരള്യവുമായി,
അപരാധി ഞാൻ പ്രിയേ, അതിനു പഴി എനിക്കിരിക്കട്ടെ,
ചുംബനങ്ങൾ മോഷ്ടിക്കുക ശീലമാക്കിയവൻ,
നിന്റെ കവിളത്തെപ്പൂവിൽ നിന്നു മൊത്തിയല്ലോ ഞാൻ.

നിന്റെ കവിളത്തെപ്പൂവിൽ നിന്നു മൊത്തിയല്ലോ ഞാൻ,
ആ മഹിമയിൽപ്പിന്നെ, ആ അപരാധത്തിൽപ്പിന്നെ,
അത്രയും ശ്രദ്ധയോടെ നീ പരിപാലിച്ച നിന്റെ കവിൾ,
അതു കുഴിഞ്ഞു, അതു ദുഷിച്ചു, അതു വിളർത്തു.

ഇന്നും നിന്റെ കവിളിനെ വിടാതെ പിന്തുടരുന്നു
ആ അപരാധിചുംബനത്തിന്റെ പ്രേതം,
പ്രകടമായി, കറുത്തതായി, കൂറ്റനായി.

നിനക്കുറക്കവും നഷ്ടമായി പ്രിയേ,
എന്റെ ചുണ്ടുകളെ തടുക്കാൻ ജാഗ്രതയോടിരിക്കെ,
അതു കുറുമ്പു കാട്ടാതെ കാവലിരിക്കെ.

(1936)


link to Miguel Hernandez

Thursday, December 22, 2011

മിഗ്വെൽ ഹെർണാണ്ടെഥ് - ദാഹാർത്തന്റെ വിലാപഗാനം


ഞാൻ മരുഭൂമിയിലെ മണൽത്തരി :
ദാഹത്തിന്റെ മരുഭൂമി.
എനിക്കു കുടിക്കരുതാത്ത മരുപ്പച്ച
നിന്റെ വദനം.

മരുഭൂമിയിലെ മണൽത്തരികൾക്കു
തുറന്നിട്ട മരുപ്പച്ച: വദനം.

വരണ്ടുണങ്ങിയ ഭൂമിയിൽ
ഒരു നീർത്തടം, നിന്റെയുടൽ,
അതു നിന്റെ,
ഒരിക്കലുമതാകില്ല, നമ്മുടെ.

ദാഹവും വെയിലും കൊണ്ടെരിഞ്ഞവനു
മൂടിയിട്ട കിണർ: ഉടൽ.

1941, മേയ്



നെരൂദ - ബലം കെട്ട പ്രഭാതം



ഭാഗ്യഹീനരുടെ പകൽ, വിളർച്ച ബാധിച്ച പകൽ തല നീട്ടുന്നു,
ശൈത്യവും നെഞ്ചിൽ തറയ്ക്കുന്ന ഗന്ധവുമായി, നരച്ച ശക്തികളുമായി,
മണിമുഴക്കങ്ങളില്ലാതെ, എവിടെയുമൊലിക്കുന്ന ഉദയവുമായി;
ശൂന്യതയിലൊരു കപ്പൽച്ചേതമിത്, ചുറ്റും കണ്ണീരുമായി.

ഈറനിരുട്ടൊഴിഞ്ഞുപോയിരിക്കുന്നു, അത്രയുമിടങ്ങളിൽ നിന്ന്,
അത്രയും കുതർക്കങ്ങളിൽ നിന്ന്, മണ്ണിലെ പഴുതുകളിൽ
വേരുകളുടെ രൂപകല്പനകളിൽ നിന്ന്,
സ്വയം കാക്കുന്ന മുന വച്ച രൂപങ്ങളിൽ നിന്ന്.

ഞാൻ നിന്നു തേങ്ങി, ഈ അധിനിവേശത്തിനിടയിൽ,
സന്ദിഗ്ദ്ധതയ്ക്കിടയിൽ, പൊന്തിയുയരുന്ന ചുവയിൽ,
ഒഴുക്കിനും പെരുക്കത്തിനും കാതുകൊടുത്തും
തുടലുകളും പൂക്കളുമണിഞ്ഞു വന്നടുക്കുന്നതിനെന്തായാലും 

അതിനു ദിക്കറ്റ വഴി കാട്ടിയും,
സ്വപ്നം കണ്ടു ഞാൻ നിന്നു, എന്റെ ഭൗതികാവശിഷ്ടവുമായി.

ഒന്നുമില്ല, ആകസ്മികവും പ്രസന്നവും ധൃഷ്ടവുമായി,
സർവതിനുമാകൃതി പ്രകടമായ ദാരിദ്ര്യത്തിന്റെ,
ഭൂമിയുടെ കണ്ണിമകളിൽ വെളിച്ചം,
മണിനാദം പോലെയല്ല, കണ്ണീരു പോലെ:
പകലിന്റെ വസ്ത്രം ഇഴയടുപ്പമില്ലാതെ,
ദീനക്കാരുടെ  മുറിവിൽ പഞ്ഞി വയ്ക്കാനേ അതുകൊണ്ടാവൂ,
ഒരഭാവത്തിനു വിടപറയാനേയതുതകൂ:
ഈ നിറത്തിനാഗ്രഹം സർവതും മറയ്ക്കാൻ,
പകരം വയ്ക്കാൻ, വിഴുങ്ങാൻ, കീഴടക്കാൻ, അകറ്റാൻ.

ശിഥിലവസ്തുക്കിടയിലേകനാണു ഞാൻ,
എനിക്കു മേൽ മഴ പെയ്യുന്നു, എന്നെപ്പോലെയാണതും:
ഉന്മാദി, മരിച്ച ലോകത്തേകാകി,
തിരസ്കൃതം പതിക്കുമ്പോഴേ, നിയതരൂപമില്ലാതെ.


link to image


Wednesday, December 21, 2011

ജോഷു - സെൻ വചനങ്ങൾ


ജോഷു ഗുരുവിനോടു ചോദിച്ചു: ഏതാണു മാർഗ്ഗം?
ഗുരു പറഞ്ഞു: സാധാരണമനസ്സു തന്നെ മാർഗ്ഗം.
ജോഷു ചോദിച്ചു: എങ്കിൽ ഞാനെന്നെ അതിലേക്കു നയിച്ചാലോ?
ഗുരു പറഞ്ഞു: തേടുക എന്നാൽ മാറിപ്പോവുക എന്നുതന്നെ.
ജോഷു ചോദിച്ചു: തേടാതെ ഞാനെങ്ങനെ മാർഗ്ഗത്തെക്കുറിച്ചറിയും?
ഗുരു പറഞ്ഞു: അറിയുകയും അറിയാതിരിക്കലും മാർഗ്ഗത്തിനുള്ളതല്ല. അറിയുക എന്നാൽ ഒരാശയമുണ്ടാവുക എന്നാണ്‌; അറിയാതിരിക്കുക, അജ്ഞനാവുകയും. മാർഗ്ഗത്തെക്കുറിച്ചു യഥാർത്ഥജ്ഞാനമുണ്ടാവുക എന്നാൽ അതാകാശത്തെ കാണും പോലെയാണ്‌: വിപുലവും അനാവൃതവുമായ ശൂന്യത. ‘അതെ’യെന്നോ, ‘അല്ല’യെന്നോ നീയെങ്ങനെ അതിനോടു പറയും?
*

ഒരു ഭിക്ഷു ചോദിച്ചു: ഏതാണൊറ്റവാക്ക്‌?
ജോഷു പറഞ്ഞു: ഒറ്റ വാക്കിൽ കടിച്ചുതൂങ്ങിക്കിടന്നാൽ നീ കിഴവനായിപ്പോകുമെന്നേയുള്ളു.
*

ഒരിക്കൽ ജോഷു പറഞ്ഞു: ഞാനിവിടെ വന്നിട്ടു മുപ്പതു കൊല്ലമായിരിക്കുന്നു. ഇതേവരെ ഒരു സെൻമനുഷ്യനും ഇങ്ങോട്ടെത്തിനോക്കിയിട്ടില്ല. ഇനി വന്നാൽത്തന്നെ ഒരു രാത്രി തങ്ങി, ശാപ്പാടും തട്ടി കൂടുതൽ സുഖം കിട്ടുന്ന സ്ഥലം തേടി പോകാറേയുള്ളു.
ഒരു ഭിക്ഷു ചോദിച്ചു: ഒരു സെൻമനുഷ്യൻ വന്നുവെന്നിരിക്കട്ടെ, അങ്ങയാളോടെന്തു പറയും?
ജോഷു പറഞ്ഞു: ആയിരം മന്നു ഭാരമുള്ള വില്ലിപ്പോൾ ചുണ്ടെലിയ്ക്കു നേരെ തൊടുക്കാറില്ല.
*

പ്രഭാഷണത്തിനായി പീഠത്തിലിരുന്നിട്ട്‌ ജോഷു ചോദിച്ചു: എല്ലാവരുമെത്തിയിട്ടുണ്ടോ?
ആരോ പറഞ്ഞു: എല്ലാവരുമുണ്ട്‌.
ജോഷു പറഞ്ഞു: ഇനിയും വരാനുള്ള ഒരാളെത്തിക്കഴിഞ്ഞാൽ ഞാൻ പ്രസംഗം തുടങ്ങാം.
ഒരു ഭിക്ഷു പറഞ്ഞു: വരാത്തൊരാൾക്കു വേണ്ടിയാണ്‌ അങ്ങു കാക്കുന്നതെന്നു ഞാൻ പറയുന്നു.
ജോഷു പറഞ്ഞു: കണ്ടുകിട്ടാൻ വളരെ വിഷമിക്കേണ്ട ഒരാളാണയാൾ.
*

ഒരു ഭിക്ഷു ചോദിച്ചു: ഞാൻ ബുദ്ധനാവാൻ നോക്കിയാൽ അങ്ങെന്തു പറയും?
ജോഷു പറഞ്ഞു: ഊർജ്ജത്തിന്റെ ദുർവ്യയം.
ഭിക്ഷു ചോദിച്ചു: ഞാൻ ഊർജ്ജം ദുർവ്യയം ചെയ്യുന്നില്ലെങ്കിൽ?
ജോഷു പറഞ്ഞു: എങ്കിൽ നീ ബുദ്ധൻ തന്നെ.
*

ഒരു ഭിക്ഷു ചോദിച്ചു: പുരാതനർ പറഞ്ഞതെന്ത്‌?
ജോഷു പറഞ്ഞു: ശ്രദ്ധിക്കൂ, ശ്രദ്ധിക്കൂ.
*

ഒരു ഭിക്ഷു ചോദിച്ചു: ബുദ്ധനെയും കടന്നുപോകുന്നവനാര്‌?
ജോഷു പറഞ്ഞു: കാളയെ തെളിച്ചുപോകുന്നവൻ, പാടത്തുഴുന്നവൻ.
*

ഒരു ഭിക്ഷു ചോദിച്ചു: എന്താണു ബുദ്ധൻ?
ജോഷു പറഞ്ഞു: താൻ ബുദ്ധനല്ലേ?
*

ഒരു ഭിക്ഷു ചോദിച്ചു: ഏതാണൊറ്റവാക്ക്‌?
ജോഷു പറഞ്ഞു: രണ്ടു വാക്ക്‌.
*

ഒരു ഭിക്ഷു ചോദിച്ചു: ആരാണെന്റെ ഗുരു?
ജോഷു പറഞ്ഞു: മലമുടികളിൽ നിന്നുയരുന്ന മേഘങ്ങൾ, ഒച്ച കേൾപ്പിക്കാതെ താഴ്വരകളിലേക്കൊഴുകിയെത്തുന്ന ചോലകൾ.
ഭിക്ഷു പറഞ്ഞു: അവയെക്കുറിച്ചല്ല ഞാൻ ചോദിച്ചത്‌.
ജോഷു പറഞ്ഞു: അവയാണു ഗുരു നിനക്കെങ്കിലും നിനക്കതു മനസ്സിലായിട്ടില്ല.
*

ഒരു ഭിക്ഷു ചോദിച്ചു: എന്താണെന്റെ ആത്മാവ്‌?
ജോഷു ചോദിച്ചു: നീ രാവിലെ കഞ്ഞി കുടിച്ചോ?
ഭിക്ഷു പറഞ്ഞു: കുടിച്ചു.
ജോഷു പറഞ്ഞു: എന്നാൽ പോയി കിണ്ണം കഴുകി കമിഴ്ത്തിവയ്ക്കൂ.
*

ഒരു ഭിക്ഷു ചോദിച്ചു: അടുത്തുള്ള ഒന്നിനെക്കുറിച്ച്‌ അങ്ങയ്ക്കു പറയാമോ?
ജോഷു പറഞ്ഞു: വളരെയെളുപ്പമാണു പെടുക്കാൻ, അതിനെനിയ്ക്കു പരസഹായവും വേണ്ട.
*

ഒരു ഭിക്ഷുണി ചോദിച്ചു: മനസ്സിന്റെ രഹസ്യമെന്താണ്‌?
ജോഷു അവളുടെ കൈ പിടിച്ചമർത്തി.
ഭിക്ഷുണി ചോദിച്ചു: അങ്ങയുടെ മനസ്സിൽ നിന്ന്‌ ഇനിയുമതു പോയിട്ടില്ലേ?
ജോഷു പറഞ്ഞു: നിന്റെ മനസ്സിലാണതുള്ളത്‌.
*

ഒരു ഭിക്ഷു ചോദിച്ചു: ഏഴു ബുദ്ധന്മാർക്കും ഗുരു എന്തായിരുന്നു?
ജോഷു പറഞ്ഞു: ഉറങ്ങേണ്ടപ്പോൾ ഉറങ്ങുക, ഉണരേണ്ടപ്പോൾ ഉണരുക.
*

ഒരു ഭിക്ഷു ചോദിച്ചു: അങ്ങയുടെ കുടുംബപാരമ്പര്യമെന്താണ്‌?
ജോഷു പറഞ്ഞു: ഉള്ളിലൊന്നുമില്ലാതിരിക്കുക, പുറത്തൊന്നിനെയും തേടാതിരിക്കുക.
*

ഒരു ഭിക്ഷു സംശയം ചോദിക്കാനായി ചെല്ലുമ്പോൾ ജോഷു മുഖം മറച്ചിരിക്കുന്നതു കണ്ടു മടങ്ങിപ്പോയി.
ജോഷു പിന്നാലെ വിളിച്ചുപറഞ്ഞു: ഞാൻ മറുപടി തന്നില്ലെന്നു നീ പറയരുത്‌.
*

ജോഷു ആശ്രമം വിട്ടിറങ്ങുപോൾ ഒരു ഭിക്ഷു നമസ്കരിച്ചു. ജോഷു അയാൾക്കിട്ടൊരടിയും കൊടുത്തു.
ഭിക്ഷു ചോദിച്ചു: വണങ്ങുന്നതു നല്ല കാര്യമല്ലേ?
ജോഷു പറഞ്ഞു: ഇല്ലാത്ത കാര്യം പോലെ നല്ലതല്ല, നല്ല കാര്യം.
*


ജോഷു (778-897)- ചൈനീസ് സെൻ ഗുരു.


 

റൂമി - എന്റെ ചുണ്ടുകൾക്കു വഴി തെറ്റി

File:Sufi.png



ഞാനെവിടേയ്ക്കു പോകുന്നു?

ഞാനെവിടേയ്ക്കു പോകുന്നു?
സംശയമെന്തിന്‌,
നിന്റെ വീട്ടിലേക്കു തന്നെ.


File:Sufi.png
ആവേശത്തോടെ

പ്രാർത്ഥിക്കുന്നെങ്കിലാവേശത്തോടെ.
പണിയുന്നെങ്കിലാവേശത്തോടെ.
പ്രണയിക്കുന്നെങ്കിലാവേശത്തോടെ.
തിന്നുകയും കുടിയ്ക്കുകയും നൃത്തം വയ്ക്കുകയും
കളിക്കുകയും ചെയ്യുന്നെങ്കിലതുമാവേശത്തോടെ.
ചത്ത മീനെപ്പോലെ പൊന്തിക്കിടക്കണോ,
ദൈവത്തിന്റെ ഈ പെരുംകടലിൽ?


File:Sufi.png
റൂമീ, പ്രണമിക്കൂ

“എന്റെ കൈകളിലേക്കെത്താൻ
നിന്നെത്തുണച്ച സർവതിനെയും,
റൂമീ, പ്രണമിക്കൂ,”
എന്നു ദൈവമെന്നോടു പറഞ്ഞാൽ,
ഒരു ജീവിതാനുഭവവുമുണ്ടാവില്ല,
ഒരു ചിന്തയുമുണ്ടാവില്ല,
ഒരു വികാരവുമുണ്ടാവില്ല,
ഒരു പ്രവൃത്തിയുമുണ്ടാവില്ല,
ഞാൻ വണങ്ങാത്തതായി.


File:Sufi.png
പട്ടുനൂൽപ്പുഴു

ഒരുനാളൊരു പട്ടുനൂൽപ്പുഴുവിനു മുന്നിൽ ഞാൻ നിന്നു.
അന്നു രാത്രിയിലെന്റെ ഹൃദയമെന്നോടു പറഞ്ഞതിങ്ങനെ:
“അതുമാതിരി സംഗതികളെനിക്കുമാവും;
ആകാശങ്ങൾ നൂറ്റെടുക്കാം ഞാൻ,
മനുഷ്യർക്കു ചൂടു പകരാൻ സ്നേഹം ഞാൻ നെയ്തുതരാം,
തേങ്ങുന്ന മുഖത്തിനരികിൽ ഞാൻ സാന്ത്വനമാവാം,
ഉയർത്തുന്ന ചിറകുകളാവാം,
പവിത്രതയുടെ കൂടകളുമായി, ആയിരം കാലുകളിൽ
ഭൂമി മുഴുവൻ ഞാൻ യാത്ര ചെയ്യാം.“
ഞാനെന്റെ ഹൃദയത്തോടു ചോദിച്ചു:
”ശരിക്കും നിനക്കിതൊക്കെയാവുമോ, പൊന്നേ?“
”അതെ“യെന്നതു മൗനം കൊണ്ടു തലയാട്ടിയതേയുള്ളു.
ഞങ്ങൾ തുടങ്ങിയതങ്ങനെ,
നിൽക്കാനും പോകുന്നില്ലതിനി.


File:Sufi.png
കാബറേനർത്തകി

കാബറേനർത്തകിമാരെപ്പോലെയാണു
കവികൾ മിക്കവരും:
അരയ്ക്കു താഴേയ്ക്കവർ
തെളിച്ചുകാട്ടുകയേയില്ല-
ഞാനാവിധമാശിപ്പിക്കില്ല നിങ്ങളെ,
എനിക്കിഷ്ടം,
നിങ്ങളുടെ കണ്ണുകൾ
വികസിക്കുന്നതു കാണാൻ.


File:Sufi.png
എന്റെ ചുണ്ടുകൾക്കു വഴി തെറ്റി

ഒരു ചുംബനത്തിലേക്കു പോകവെ,
എന്റെ ചുണ്ടുകൾക്കു വഴിതെറ്റി;
ഞാനുന്മത്തനായതുമങ്ങനെ.


File:Sufi.png
നിങ്ങൾക്കു വിരോധമാവില്ലല്ലോ?

കൂട്ടിൽ കിടക്കാനും
സിംഹത്തിനു വിരോധമില്ലെന്നാവാം;
അവസാനത്തെ അഭയമായേ,
നാമതിനെ കാണാവൂ.
നിങ്ങളുടെ ചിറകുകളെ തടുക്കുന്ന
ഈ കമ്പിയഴികൾ:
ഞാനവ മുറിച്ചുമാറ്റിയാൽ
നിങ്ങൾക്കു വിരോധമാവില്ലല്ലോ?


 

Tuesday, December 20, 2011

റിൻസായി - ബുദ്ധനെ കൊല്ലുക!


ശിഷ്യരേ, ഏകാന്തമായ ഒരു മലമുടി മേൽ നിൽക്കുന്ന ഒരുവന്‌ താഴേക്കിറങ്ങാൻ ഒരു വഴിയും കാണുന്നില്ല; തിരക്കേറിയ ഒരു നാൽക്കവലയിൽ നിൽക്കുന്ന മറ്റൊരുവന്‌ മുന്നിലേക്കോ, പിന്നിലേക്കോ പോകാനുമാവുന്നില്ല. പറയൂ, ആരാണു മുന്നിൽ, ആരു പിന്നിലായി?

*

ഒരാൾ നിത്യവും യാത്രയിലാണ്‌, എന്നാലയാൾ വീടു വിട്ടിറങ്ങിയിട്ടേയില്ല; മറ്റൊരാൾ വീട്ടിൽ നിന്നിറങ്ങിക്കഴിഞ്ഞു, എന്നാൽ വഴിയിലേക്കെത്തിയിട്ടുമില്ല. ആരാണിവരിൽ മനുഷ്യരുടെയും ദേവകളുടെയും ആരാധനയ്ക്കർഹൻ?

*

ബുദ്ധന്മാരെയും ഗുരുക്കന്മാരെയും നിങ്ങൾക്കു കാണണോ? എന്റെ പ്രസംഗവും ശ്രവിച്ചുകൊണ്ട് എനിക്കു മുന്നിൽ നിൽക്കുകയാണവർ. നിങ്ങൾക്കാത്മവിശ്വാസമെന്നതില്ല, അതിനാൽ തേടിയലയുകയാണു നിങ്ങൾ. ഇനിയഥവാ നിങ്ങളെന്തെങ്കിലും കണ്ടെത്തിയാൽത്തന്നെ വെറും വാക്കുകളായിരിക്കുമവ, ഗുരുക്കന്മാരുടെ സാരമായിരിക്കില്ല.

എന്റെ അറിവു വച്ച് ശാക്യമുനിയിൽ നിന്നു ഭിന്നരല്ല നാമാരും. നാം നിത്യം ചെയ്യുന്ന കർമ്മങ്ങളിൽ എന്തിന്റെ കുറവാണുള്ളത്?

ബുദ്ധനെയും ഗുരുക്കന്മാരെയും പോലെയാകാനാണോ നിങ്ങൾക്കാഗ്രഹം? എങ്കിൽ നിങ്ങൾക്കു പുറത്തല്ല, അതിനുള്ള വഴി.

ശിഷ്യരേ, ജീവിതത്തിന്റെ ചുറ്റുപാടുകൾക്കൊത്തു പോകൂ, സ്വധർമ്മമനുഷ്ഠിക്കൂ. ഭിക്ഷുവേഷം ധരിക്കേണ്ട നേരത്ത് അതെടുത്തു ധരിക്കൂ; യാത്ര പോകേണ്ട നേരത്ത് വഴിയിലേക്കിറങ്ങൂ; ഇരിക്കണമെന്നു തോന്നുമ്പോളിരിക്കൂ. ബുദ്ധപദം പ്രാപിക്കണമെന്നൊരു ചിന്തയേ നിങ്ങൾക്കുണ്ടാവരുത്.

ശിഷ്യരേ, ബുദ്ധമാർഗ്ഗത്തിൽ വിശേഷിച്ചൊരു യത്നവുമെടുക്കാനില്ല; നിത്യജീവിതത്തിൽക്കവിഞ്ഞൊന്നും ചെയ്യാനില്ല- മലമൂത്രവിസർജ്ജനം ചെയ്യുക, വസ്ത്രം ധരിക്കുക, ആഹാരം കഴിക്കുക, ക്ഷീണിക്കുമ്പോൾ കിടന്നുറങ്ങുക.

*

എനിക്കു തോന്നുന്നു, ബുദ്ധനില്ല, ദേവകളില്ല, ഭൂതമില്ല, വർത്തമാനവുമില്ല. ആത്മജ്ഞാനത്തിനിടനില വേണ്ട, അതിനിന്നനേരമെന്നില്ല, അതിനു പരിശീലനം വേണ്ട, അതിനു ജ്ഞാനോദയവും വേണ്ട, അതിൽ ലാഭവും നഷ്ടവുമില്ല. ഇതല്ലാതെ മറ്റൊരുപദേശവുമില്ല. പ്രത്യേകിച്ചൊരു ധർമ്മമുണ്ടെങ്കിൽ അതു വെറും മായയും സ്വപ്നവുമെന്നേ ഞാൻ പറയൂ.

ശിഷ്യരേ, നേരുള്ളവനറിയുന്നു, ചെയ്യേണ്ടതായി യാതൊന്നുമില്ലെന്ന്; ഉള്ളു കൊണ്ടുറപ്പില്ലാത്ത അന്യരോ, എന്തോ തേടിയുഴന്നു നടക്കുകയും ചെയ്യുന്നു; സ്വന്തം തല പറിച്ചെറിഞ്ഞിട്ട് പിന്നെ അതും തേടി നടക്കുന്നപോലെയത്രേയത്.

*

ശിഷ്യരേ, മോഹിതരാവരുതേ! ഈ ലോകത്തും, മറ്റൊരു ലോകമുണ്ടെങ്കിലതിലുമുള്ളതെന്തും തനതായൊരു പ്രകൃതിയില്ലാത്തവയത്രെ. വെറും ശൂന്യമാണവ, അവയെക്കുറിക്കുന്ന ശൂന്യം എന്ന വാക്കു പോലെതന്നെ ശൂന്യം.

*

ശിഷ്യരേ, ധർമ്മത്തിന്റെ സ്വരൂപമറിയണമെന്നാണെങ്കിൽ അന്യരുടെ മായത്തിൽപ്പെട്ടുപോകരുതേ. ഉള്ളിലേക്കോ, പുറത്തേക്കോ തിരിഞ്ഞുനോക്കുമ്പോൾ മുന്നിൽ വരുന്നതെന്തായാലും അതിനെ കൊല്ലുക! ബുദ്ധനെയാണു മുന്നിൽ കാണുന്നതെങ്കിൽ ബുദ്ധനെ കൊല്ലുക; ഗുരുവിനെയെങ്കിൽ ഗുരുവിനെ കൊല്ലുക; ദേവനെങ്കിൽ ദേവനെ കൊല്ലുക; അമ്മയച്ഛന്മാരെങ്കിൽ അവരെ കൊല്ലുക; ബന്ധുക്കളെങ്കിൽ ബന്ധുക്കളെ കൊല്ലുക; എങ്കിലേ നിങ്ങൾ മുക്തി കാണൂ; ഒന്നിനോടും പറ്റിച്ചേരാതിരുന്നാലേ, എവിടെയായാലും സ്വതന്ത്രരാവൂ നിങ്ങൾ.

*

മനുഷ്യർക്കുപദേശിക്കാനായി എന്റെ കൈയിൽ ഒന്നുമില്ല; ഞാൻ ചില പിശകുകൾ തിരുത്തുന്നതേയുള്ളു, ചില തുടലുകളഴിക്കുന്നതേയുള്ളു.

*

ചങ്ങലകളിൽ കിടക്കുന്ന ചിലർ പോയി ഒരു ഗുരുവിനെ കാണും; അയാൾ അവർക്കു നല്കുന്നതു മറ്റൊരു ചങ്ങലയായിരിക്കും. കാര്യമറിയാതെ അവർ സന്തുഷ്ടരുമാവും. ഇതിനാണു പറയുന്നത്: ഒരതിഥി മറ്റൊരതിഥിയെ നോക്കുന്നു.

*

ശിഷ്യന്മാരേ, ഞാൻ പറയുന്നതൊന്നും അന്ധമായി വിശ്വസിക്കരുതേ. എന്തുകൊണ്ട്? ഇതിനൊന്നും ഒരു തെളിവുമില്ല എന്നതിനാൽത്തന്നെ; ശൂന്യമായ വായുവിൽ വരഞ്ഞ ചിത്രങ്ങൾ മാത്രമാണവ.

എന്റെ ഗുരുനാഥൻ ഒരിക്കൽ പറഞ്ഞു: “വായ തുറക്കൂ, അതുതന്നെ പിശകായി.” അപ്പോൾ നിങ്ങൾ തന്നെ കണ്ണുതുറന്നു കാണുക- അത്രേയുള്ളു, അല്ലെങ്കിൽ ഈ സംസാരത്തിനവസാനവുമില്ല.


റിൻസായി (810-866)- ചൈനീസ് സെൻ ഗുരു. സെൻ ബുദ്ധമതത്തിൽ റിൻസായിമാർഗ്ഗക്കാരുടെ ആദിഗുരു.


റിൽക്കെ - ഈ ലോകത്തെത്രയുമേകാകി ഞാൻ…

File:Christos Acheiropoietos.jpg


ഈ ലോകത്തെത്രയുമേകാകി ഞാൻ,
എന്നാലോരോ നിമിഷത്തെയും പവിത്രമാക്കാൻ പോരു-
ന്നത്രയുമേകാകിയുമല്ല ഞാൻ.
ഈ ലോകത്തെത്രയും നിസ്സാരൻ ഞാൻ,
എന്നാൽ നിന്റെ മുന്നിൽ നിഴലടഞ്ഞൊരു ജീവി പോലെ നിൽക്കാ-
നത്രയും ചെറുതുമല്ല ഞാൻ.
എന്റെ ഇച്ഛാശക്തി എനിക്കു വേണം,
കർമ്മപഥത്തിലേക്കതിറങ്ങുമ്പോൾ
ഒപ്പമെനിക്കും പോകണം.
ആവിർഭാവത്തിന്റെ സന്ദിഗ്ദ്ധമുഹൂർത്തത്തിൽ
ജ്ഞാനികൾക്കുമേകാകികൾക്കുമൊപ്പ-
മെനിയ്ക്കുമിടം വേണം.
എന്റെ ദർപ്പണത്തിൽ പ്രതിബിംബിക്കട്ടെ,
നിന്റെ കേശാദിപാദം.
നിന്റെ വിഗ്രഹമെന്റെ കൈകളിലൊതുങ്ങാതിരിക്കാൻ
അത്രയും വൃദ്ധനല്ല, അന്ധനുമല്ല ഞാൻ.
എനിക്കനാവൃതമാകണം,
മടങ്ങിക്കിടക്കരുതെവിടെയും ഞാൻ;
എവിടെ ഞാനൊടിയുന്നു, മടങ്ങുന്നു,
അവിടെ നുണയാവുകയാണു ഞാൻ.
നേരുറ്റതാവട്ടെ, നിന്റെ മുന്നിലെന്റെ മന:സാക്ഷി.
ഞാനെന്നെ വിവരിക്കുമാറാകട്ടെ,
ഏറെക്കാലമെടുത്തു ഞാൻ പഠിച്ചൊരു ചിത്രം പോലെ,
എനിക്കർത്ഥം വഴങ്ങിയൊരു വാക്കു പോലെ,
ഞാനെന്നുമെടുത്തുകുടിയ്ക്കുന്ന മൺകൂജ പോലെ,
എന്റെ അമ്മയുടെ മുഖം പോലെ,
കൊടുങ്കാറ്റിൽ കോളുകൊണ്ട കടലി-
ലെന്നെപ്പേറിയ നൗക പോലെ.


(ദൈവത്തിനെഴുതിയ പ്രണയലേഖനങ്ങൾ)


link to image


Monday, December 19, 2011

റിൽക്കെ–എന്റെ…

File:Giovanni Domenico Tiepolo - God the Father - WGA22376.jpg

വേവലാതിപ്പെടേണ്ട നീ, ദൈവമേ.
സഹനമുള്ളതെന്തിനോടുമവർ പറയും,
പ്രതിഷേധിക്കാത്തതെന്തിനോടുമവർ പറയും,
അവയെന്റേതെന്ന്.
ചില്ലകളിലൂടെ വീശിക്കടക്കുമ്പോൾ
എന്റെ മരമെന്നു പറയുന്ന കാറ്റിനെപ്പോലെയാണവർ.

അവർ കാണുന്നതേയില്ല,
തങ്ങളെത്തിപ്പിടിക്കാൻ നോക്കുന്നതെന്തുമെരിഞ്ഞുനിൽക്കുകയാണെന്ന്,
പൊള്ളാതെയവയുടെയരികു തൊടാൻ തങ്ങൾക്കാവില്ലയെന്ന്.
എന്റേതെന്നവർ പറയും,
ഗ്രാമീണരോടു സംസാരിക്കുമ്പോൾ
രാജാവു തങ്ങളുടെ സ്നേഹിതനെന്നവർ പറയുമ്പോലെ;
മഹാനാണീ രാജാവ്, അകലെയാണദ്ദേഹമെങ്കിലും.
അന്യമായ ചുമരുകൾ എന്റേതെന്നവർ പറയും,
ഗൃഹനാഥനാരെന്നവർക്കൊട്ടറിവുമുണ്ടാകില്ല.
എന്റേതെന്റേതെന്നവർ പറയും,
അവകാശം സ്ഥാപിക്കും,
അടഞ്ഞുപോവുകയാണെന്തും, അവർ സമീപിക്കുമ്പോഴെങ്കിലും;
അവർ പറയും: എന്റെ ജീവിതം, എന്റെ ഭാര്യ, എന്റെ കുട്ടി, എന്റെ നായ,
അവർക്കറിയുകയും ചെയ്യാം,
ജീവിതം, ഭാര്യ, കുട്ടി, നായ -
അന്യവും അജ്ഞാതവുമാണൊക്കെയുമെന്ന്,
കണ്ണു കാണാതെ തപ്പിത്തടയുമ്പോൾ
കൈയിൽ തടഞ്ഞവ മാത്രമാണവയെന്ന്.
കഷ്ടമേ, കണ്ണുകൾക്കു ദാഹിക്കുന്നവർക്കേ
ഈ സത്യമുറയ്ക്കുന്നുമുള്ളു.
അന്യർ കാതു കൊണ്ടു കേൾക്കുകയേയില്ല,
ജീവിതമെന്ന യാചനായാത്രയിൽ
ഒന്നിനോടും ബന്ധം വയ്ക്കാൻ തങ്ങൾക്കാവുകയില്ലെന്ന്;
പൊന്നുപോലെ കാത്ത സ്വന്തങ്ങളിൽ നിന്നാട്ടിപ്പായിക്കപ്പെട്ടവർ,
സ്വന്തം ബന്ധുക്കൾ തള്ളിപ്പറഞ്ഞവർ,
നമ്മളിൽ നിന്നന്യവുമകന്നതുമായ ജന്മങ്ങൾ, പൂക്കളെപ്പോലെയാണ്‌
തങ്ങളുടെ ഭാര്യമാരെന്നവർ കാണുന്നതേയില്ല.
ദൈവമേ, നിന്റെ സമചിത്തത കൈവെടിയരുതേ.
നിന്നെ സ്നേഹിക്കുന്നവൻ,
ഇരുട്ടത്തു നിന്റെ മുഖം കണ്ടെടുക്കുന്നവൻ,
നിന്റെ നിശ്വാസമേൽക്കുമ്പോൾ തീനാളം പോലുലയുന്നവൻ-
അവനും സ്വന്തമല്ല നീ.
രാത്രിയിലൊരാൾ നിന്നെ മുറുക്കെപ്പിടിച്ചുനിന്നാലും,
പ്രാർത്ഥനകൾ കൊണ്ടു നിന്നെ വരിഞ്ഞുമുറുക്കിയാലും,
നീ വിരുന്നുകാരൻ,
വന്നു മടങ്ങിപ്പോകുന്നവൻ.
ആരു നിന്നെയെടുക്കാൻ ദൈവമേ?
നീ നിന്റേതു മാത്രം,
ഒരുടമയുടെ കൈയും നിനക്കു ശല്യമല്ല,
ചാറയിലേകാന്തമായി മധുരം വായ്ക്കുന്ന
മൂക്കാത്ത വീഞ്ഞു പോലെയാണു നീ.


(ദൈവത്തിനെഴുതിയ പ്രണയലേഖനങ്ങൾ)


link to image


Sunday, December 18, 2011

റിൽക്കെ - എന്തുപഹാരം നിനക്കു ഞാനർപ്പിക്കാൻ, ദേവാ…

File:Eugène Ferdinand Victor Delacroix 059.jpg


എന്തുപഹാരം നിനക്കു ഞാനർപ്പിക്കാൻ, ദേവാ,
ജീവികളെ കേൾവി പഠിപ്പിച്ചവനേ?
ഏറെക്കാലം മുമ്പൊരു സായാഹ്നത്തിന്റെ ചിന്തകളോ?
അതൊരു വസന്തകാലമായിരുന്നു, റഷ്യയിലായിരുന്നു...

ഗ്രാമത്തിൽ നിന്നിറങ്ങിവന്നു, ഒറ്റയ്ക്കൊരു വെള്ളക്കുതിര,
ഒരു കാലിൽ ബന്ധിച്ച മുട്ടിയുമായി,
പുൽപ്പുറത്തൊറ്റയ്ക്കൊരു രാത്രി കഴിക്കാനായി;
അവന്റെ പിടലിയിൽ സടകൾ തുള്ളിക്കളിച്ചിരുന്നു,

അതിരറിയാത്ത പ്രഹർഷത്തിന്റെ താളത്തിൽ,
ഇടറിയും തട്ടിത്തടഞ്ഞുമാണാക്കുതിപ്പെങ്കിലും.
ഉറവുകളിലിരച്ചുകേറുകയായിരുന്നു അവന്റെയശ്വരക്തം!

അകലങ്ങളവനറിഞ്ഞു, ഹാ!
അവൻ പാടി, അവൻ കേട്ടു- നിന്റെ കാവ്യചക്രം
പൂർണ്ണമായതുമവനിൽ.
                                    അവന്റെ രൂപം: എന്റെ ഉപഹാരം.


റിൽക്കെ - ഓർഫ്യൂസ് ഗീതകങ്ങൾ - 1.20

1900 മേയിൽ ലൂ ആന്ദ്രേ ശലോമിയുമൊത്ത് രണ്ടാമതു റഷ്യയിൽ പോയപ്പോൾ കണ്ട ഒരു കാഴ്ചയാണ്‌ ഈ കവിതയ്ക്കു നിമിത്തമായത്. 1922-ൽ അവർക്കയച്ച കത്തിൽ റിൽക്കെ ഇങ്ങനെ പറയുന്നു: “നിനക്കോർമ്മയുണ്ടോ, ഒരിക്കൽ, സന്ധ്യാസമയത്ത്, മുൻകാലിൽ കെട്ടിയിട്ട ഒരു കുറ്റിയുമായി നമുക്കടുത്തേക്കാഹ്ളാദത്തോടെ കുതിച്ചുവന്ന ആ കുതിരയെ?...ഞാനവനെ ഓർഫ്യൂസിനൊരു നിവേദ്യമാക്കി! എന്തു കാലം? ഇപ്പോഴെന്നതെന്ത്? അത്രയും വർഷങ്ങൾക്കപ്പുറത്തു നിന്ന് ആഹ്ളാദത്തിന്റെ പൂർണ്ണതയുമായി എന്റെ അനുഭൂതിയുടെ വൈപുല്യത്തിലേക്കു കുതിച്ചോടിവരികയായിരുന്നു അവൻ...”


http://commons.wikimedia.org/wiki/Painting by Delacroix

റിൽക്കെ - പാവപ്പെട്ടവർ


നഗരത്തിന്റെ തിന്മകളിൽ നിന്നവരെയകറ്റൂ, ദൈവമേ,
അവരുടെ ജീവിതങ്ങളോടു മല്ലുപിടിയ്ക്കുന്ന
കലുഷവും രുഷ്ടവുമായ പരിസരങ്ങളിൽ നിന്ന്,
മുറിപ്പെട്ട ക്ഷമയോടു കാത്തിരിക്കുമ്പോഴും
അവരെ കാർന്നുതിന്നുന്ന ക്ഷുബ്ധജീവിതത്തിൽ നിന്ന്.

ഒരിടവുമില്ലേ, ഭൂമിയിലവർക്കായി?
കാറ്റിന്റെ പ്രഹർഷം തേടുന്നതാരെ?
ചോലയുടെ തെളിമ മൊത്തുന്നതാര്‌?
ദിവാസ്വപ്നം കാണുന്ന തടാകത്തിന്റെ കയങ്ങളിൽ
ഒരിടവുമില്ലേ, അവരുടെ വാതിലിനെ,
ജനാലപ്പടിയെ പ്രതിഫലിപ്പിക്കാൻ?
നമുക്കറിയുമല്ലോ, പാവപ്പെട്ടവർക്കൊരു ചെറുപഴുതേ വേണ്ടൂ,
തങ്ങളുടെ സർവലോകവുമുറപ്പിയ്ക്കാൻ, മരത്തെപ്പോലെ.



Saturday, December 17, 2011

റിൽക്കെ - പെൺകുട്ടികൾ

File:Jean-Baptiste-Camille Corot - Orphée (modification).jpg


1

ദീർഘദീർഘമായ പാതകൾ താണ്ടണമന്യർക്ക്
രാത്രി പോലിരുണ്ട കവികളിലെത്താൻ,
വഴിയിലാരാഞ്ഞാരാഞ്ഞു നടക്കണമവർക്ക്
പാടുന്നൊരാളെയെങ്ങാനും കണ്ടുവോയെന്ന്,
തന്ത്രികളിൽ വിരൽ വച്ചൊരാളെക്കണ്ടുവോയെന്ന്.
പെൺകുട്ടികൾക്കൊരാളോടും ചോദിക്കേണ്ടാ,
പ്രതീകങ്ങളുടെ ലോകത്തേക്കുള്ള പാലമേതെന്ന്.
ഒരു പുഞ്ചിരി മതി, വെള്ളിക്കിണ്ണങ്ങൾക്കിടയിൽ
മുത്തുമണികൾ പൊട്ടിയുരുളുന്ന പോലെ.
അവരുടെ ജന്മങ്ങൾക്കു വാതിലുകൾ തുറക്കുന്നതു
കവിയിലേക്ക്, അതിൽപ്പിന്നെ ലോകത്തിലേക്ക്.

2

സ്വന്തമേകാന്തതയിൽ നിങ്ങളുടെ തത്സ്വരൂപമെന്തോ,
അതിന്റെയാഖ്യാനവും കവികൾ നിങ്ങളിൽ നിന്നു പഠിക്കുന്നു;
അകന്ന ജീവിതവും നിങ്ങളിലൂടവർ പഠിക്കുന്നു,
രാത്രികൾ മഹാനക്ഷത്രങ്ങളിലൂടെ
നിത്യതയെ പരിചയിക്കുമ്പോലെ.

ഒരുവളും തന്നെത്തന്നെ കവികൾക്കു നിവേദിക്കാതിരിക്കട്ടെ,
അവന്റെ കണ്ണുകളഥവാ, സ്ത്രീകൾക്കായി ദാഹിച്ചാലും;
അവന്റെ ചിന്തയിൽ നിങ്ങൾ പെൺകുട്ടികൾ മാത്രം:
പട്ടുടയാടകൾക്കുള്ളിലുടയും,
നിങ്ങളുടെ കൊലുന്ന കൈത്തണ്ടകളിലോടുന്ന തലോടൽ.

എകനായിക്കൊള്ളട്ടെയവൻ തന്റെയുദ്യാനത്തിൽ,
മാലാഖമാരെപ്പോലെ നിങ്ങളെയവനെതിരേറ്റയിടങ്ങളിൽ-
എന്നുമെന്നപോലവനലഞ്ഞ പാതകളിൽ,
നിഴൽ മുങ്ങിയ ചാരുപടികളിൽ,
വീണ തൂക്കിയിട്ട മുറിയിൽ.

പോകൂ!...ഇരുളടയുകയായി.
അവന്റെ ഇന്ദ്രിയങ്ങൾക്കിനിമേലിൽ വേണ്ട,
നിങ്ങളുടെ ശബ്ദങ്ങളും നിങ്ങളുടെ രൂപങ്ങളും.
ദീർഘവുമേകാന്തവുമായാൽ മതി, അതേ പാതകളവനിനി,
ഇരുണ്ട ഭൂർജ്ജവൃക്ഷങ്ങൾക്കടിയിൽ വെണ്മയുമവനു വേണ്ട,-
മൗനം സാന്ദ്രമായ മുറിയോടാണിപ്പോളവന്റെ സ്നേഹവും.
...നിങ്ങളുടെ ശബ്ദങ്ങളവനകലെയായ്ക്കേൾക്കുന്നു,
(മടുപ്പോടവനകറ്റിനിർത്തുന്ന ജനങ്ങൾക്കിടയിൽ);
പലരുടെ കണ്ണുകൾക്കും നിങ്ങൾ വിഷയമാകുന്നുവെങ്കിൽ,
അതുമവന്റെ ആർദ്രസ്മൃതി സഹിക്കും, ദീർഘദർശനം പോലെ.


link to image


Friday, December 16, 2011

ചെസ് വാ മിവോഷ് - പ്രത്യാശ

File:Henri rousseau il doganiere, il casello, 1890 ca..JPG

പ്രത്യാശ നിങ്ങൾക്കുണ്ട്, മണ്ണു വെറും സ്വപ്നമല്ല,
ജീവനുള്ള ഉടലാണെന്നു നിങ്ങൾക്കു വിശ്വാസമുണ്ടെങ്കിൽ.
കാഴ്ചയും, സ്പർശവും, കേൾവിയും നുണ പറയുകയല്ലെന്ന്,
അടച്ച പടിയ്ക്കു പുറത്തു നിന്നു കാണുന്നൊരുദ്യാനം പോലെയാണ്‌
ഇവിടെക്കണ്ടതൊക്കെയുമെന്നു നിങ്ങൾക്കു വിശ്വാസമായെങ്കിൽ.

ഉള്ളിൽക്കടക്കാനാവില്ലെങ്കിലും അതുണ്ടെന്നതു തീർച്ച.
ഒന്നുകൂടി വ്യക്തമായും ബുദ്ധിപരമായും നോക്കാൻ നമുക്കായാൽ
ഉദ്യാനത്തിലൊരിടത്തൊരുപക്ഷേ നാം കണ്ടെടുത്തുവെന്നുമാകാം,
നമുക്കപരിചിതമായൊരു പുഷ്പത്തെ, പേരു വീഴാത്തൊരു നക്ഷത്രത്തെ.

ചിലർ പറയുന്നു, കണ്ണുകളെ നാം വിശ്വാസത്തിലെടുക്കരുതെന്ന്,
യാതൊന്നുമില്ല, വെറുമൊരു തോന്നലേയുള്ളുവെന്ന്,
പ്രത്യാശ നശിച്ച കൂട്ടരാണവർ.
അവർ കരുതുന്നു, നാം പുറം തിരിയേണ്ട താമസം,
ലോകം നമുക്കു പിന്നിൽ നിലച്ചുപോകുമെന്ന്,
കള്ളന്മാരുടെ കൈകൾ തട്ടിപ്പറിച്ചാലെന്നപോലെ.


link to image

Thursday, December 15, 2011

ചൈനീസ് ഭിക്ഷുകിമാരെഴുതിയ കവിതകൾ


ചെൻ- ജു (പന്ത്രണ്ടാം നൂറ്റാണ്ട്)-നിരപ്പുള്ളിടത്തു പൊടുന്നനേ …


നിരപ്പുള്ളിടത്തു പൊടുന്നനേ
തലകീഴായിക്കണ്ടു ഞാനെന്നെ;
തന്നെത്താനെടുത്തുയർത്തുമ്പോൾ,File:Bamboo Brush Painting.svg
പറയാനൊന്നുമില്ലെന്നും കണ്ടു ഞാൻ!
ഇതൊക്കെയെന്താണെന്നൊരാൾ
എന്നോടു ചോദ്യമായെന്നിരിക്കട്ടെ,
ചിരിച്ചുകൊണ്ടു ഞാൻ വിരൽ ചൂണ്ടും,
നറുംതെന്നലിനെ, തെളിഞ്ഞ ചന്ദ്രനെ.

__________________________________________________
 പെൻ-മിങ്ങ് (പന്ത്രണ്ടാം നൂറ്റാണ്ട്)-ഒന്നിനെക്കുറിച്ചുമാധിപ്പെടരുത്!
__________________________________________________
ഒന്നിനെക്കുറിച്ചുമാധിപ്പെടരുത്!
കടപ്പുറത്തെ പൂഴിമണ്ണിൽ ബുദ്ധിയുറയ്ക്കാത്ത കുട്ടിയെപ്പോലെ
പകലു മുഴുവൻ ഓടിക്കളിച്ചോളൂ;
പക്ഷേ സ്വന്തം മുഖമിന്നതാണെന്ന ബോധം മറക്കരുത്.
ഗുരുവിന്റെ പ്രഹരമേല്ക്കുമ്പോളൊന്നും പറയാനില്ലെങ്കിൽ
ആ പ്രഹരം കൊണ്ടുതന്നെ നിങ്ങൾ തീരും;
നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ
ആ പ്രഹരം കൊണ്ടുതന്നെ നിങ്ങൾ തീരും.
എല്ലാറ്റിനുമൊടുവിൽ നിങ്ങളെന്തു ചെയ്യും,
രാത്രിസഞ്ചാരമനുവദിച്ചിട്ടില്ല നിങ്ങൾക്കെങ്കിൽ,
പുലരുമ്പോളെത്തിച്ചേരണം നിങ്ങളെങ്കിൽ?


ഹ്സിങ്ങ്-കാങ്ങ് (1597-1654)


ഭിക്ഷാപാത്രം

എത്രമനോഹരമാണിത്,
ഒരു ചോർച്ചയും ഒരോട്ടയുമില്ലാതെ!
ദാഹിക്കുമ്പോൾ ഞാൻ കുടിയ്ക്കും;
വിശക്കുമ്പോൾ ഞാനുണ്ണും,
ഒരു വറ്റും ബാക്കിവയ്ക്കാതെ.
എനിക്കറിയാം, കഴുകിക്കമിഴ്ത്തിയാൽപ്പിന്നെ
യാതൊന്നും ചെയ്യാനില്ലെന്ന്.
എന്നിട്ടുമെത്ര പതിതാത്മാക്കൾക്കാണു വാശി,
അതിന്മേലൊരു പിടി വയ്ക്കാൻ!

മനസ്സു സാധാരണമെന്നറിയൂ,
സ്വഭാവേന പൂർണ്ണനാണു നിങ്ങളെന്നും ധരിയ്ക്കൂ,
അമ്മയച്ഛന്മാർ പിറക്കും മുമ്പേ
ആരായിരുന്നു നിങ്ങളെന്നാരായൂ.
അതിന്റെ ചിട്ടയറിയാൻ നിങ്ങൾക്കായാൽ
നിങ്ങൾക്കൊപ്പമാമോദിക്കും,
മലകളിലെ പൂവുകളു,മൊഴുകുന്ന ചോലകളും.


അടഞ്ഞ വാതിലിനു പിന്നിൽ

പഠിപ്പിക്കലുമുപദേശിക്കലും കഴിഞ്ഞ്,
ഇത്രയാണ്ടത്തെ ഓടിനടക്കലും കഴിഞ്ഞ്,
ഞാനിന്നെന്റെ വാതിലടച്ചു,
വനവസന്തത്തിന്റെ രഹസ്യത്തിലേക്കു ഞാൻ മടങ്ങി.
ഭൂമിയുമാകാശവും ചവിട്ടിത്തുറന്ന കാലല്ലേ,
ഇനിയതൊന്നു വിശ്രമിക്കട്ടെ.
തിളങ്ങുന്ന ചന്ദ്രൻ മുഴുത്തുനിൽക്കെ,
ഹേമന്തത്തിന്റെ ജനാലയ്ക്കൽ
ഏകാന്തം ഞാനിരിക്കുന്നു.




ചിങ്ങ്-നോ (പതിനേഴാം നൂറ്റാണ്ട്) - വേനൽക്കു പുഴക്കരെ

കല്ലു കൊണ്ടു തലയിണ,
കാട്ടുവള്ളി കൊണ്ടു കട്ടിൽ:
പതിനായിരമാധികൾ മറവിയിൽ.
ചമ്രം പടിഞ്ഞിരിക്കെ
എനിക്കല്ല, ലോകത്തിന്റെ തിരക്കുകൾ.
വിശറിയുടെ കാറ്റു വീശുമ്പോൾ
വികാരങ്ങൾ തണുത്തുപോകുന്നു.
മാറാലയടഞ്ഞ ജനാലയ്ക്കൽ
വരഞ്ഞപോലെ മുളന്തണ്ടുകൾ.
നിങ്ങളെവിടെയുമായിക്കോട്ടെ,
രാത്രിയുടെ തീരായ്കയെ
നിങ്ങൾക്കു ശമിപ്പിക്കാം.
മനസ്സില്ലാത്തൊരവസ്ഥയിൽ
കാട്ടുതാമരയെ നിങ്ങൾക്കാസ്വദിക്കാം.
പടിയ്ക്കൽ ഞാനെതിരേൽക്കുന്നു,
ഒഴുകിപ്പോകുന്ന ചോലയെ;
കാതിലൊഴിയാതെ നിൽക്കുന്നു,
പുറവേലിയ്ക്കു വെളിയിൽ
പൈന്മരങ്ങളുടെ നിശ്വാസം.





റിൽക്കെ - പോങ്ങ് ദു കറൗസൽ

File:Paris-PontDuCarrousel-19e.jpg

പാലത്തിൽ നിൽക്കുന്ന ആ കുരുടൻ,
മറവിയിൽപ്പെട്ടൊരു നാടിന്റെ
അതിർത്തിക്കല്ലു പോലെ നിറം കെട്ടയാൾ,
വിദൂരനക്ഷത്രങ്ങൾ ഭ്രമണം ചെയ്യുന്ന
ഏകാന്തസ്ഥിരവസ്തുവാകാമയാൾ;
താരാപഥങ്ങൾക്കു നിശ്ചലമദ്ധ്യബിന്ദു.
വഴുതുകയു,മിടറുകയു,മൊഴുകുകയും ചെയ്യുന്നു,
അയാൾക്കു ചുറ്റും സർവതും.

പിണഞ്ഞുകൂടുന്ന വഴികൾക്കു നടുവിൽ
അയാളത്രേ, ഇളക്കമറ്റ ദിശാസൂചി.
ഉപരിതലജീവികളായൊരു വർഗ്ഗത്തിനിടയിൽ
ആഴങ്ങളുടെ ലോകത്തേക്കു ഭവ്യമായൊരു കവാടം.



(പോങ്ങ് ദു കറൗസൽ - പാരീസിൽ സെയീൻ നദിക്കു കുറുകെയുള്ള പാലം)

link to image


റിൽക്കെ - ഒരു ബാല്യത്തിൽ നിന്ന്

File:Gehrmann Berliner Salon.jpg

തന്നെത്തന്നെയൊളിപ്പിച്ചു കുട്ടിയിരുന്ന മുറിയിൽ
സാന്ദ്രമാവുകയായിരുന്നു ഉരുണ്ടുകൂടുന്ന അന്ധകാരം.
പിന്നെ, സ്വപ്നത്തിലെന്നപോലെ അമ്മ കയറിവന്നപ്പോൾ
മൗനം പൂണ്ട അലമാരയിൽ ഒരു ചില്ലുപാത്രം വിറക്കൊണ്ടു.
മുറിയിൽ തന്റെ സാന്നിദ്ധ്യം വെളിപ്പെട്ടുവെന്നായപ്പോൾ
അവർ കുനിഞ്ഞു തന്റെ കുട്ടിയെ ചുംബിച്ചു: ആഹാ, നീ ഇവിടെയോ?
പിന്നെയിരുവരുമധീരരായി പിയാനോയ്ക്കു നേർക്കു നോട്ടമയച്ചു.
എത്ര സന്ധ്യകളിലവരവനായി പാടിയിരിക്കുന്നു,
അതിന്റെ വിചിത്രവശ്യത്തിലവൻ വീണുപോയിരിക്കുന്നു.

അനക്കമറ്റവനിരുന്നു. കൺ വിടർന്നവൻ നോക്കിയിരുന്നു,
വള കൊണ്ടു ഭാരം തൂങ്ങിയ അമ്മയുടെ കൈകളെ,
മഞ്ഞു കുഴഞ്ഞ പാടത്തൂടുഴുതുനീങ്ങുന്നപോലെ
വെളുത്ത പിയാനോക്കട്ടകളിൽ സഞ്ചരിക്കുന്നവയെ.


link to image


Wednesday, December 14, 2011

ഇക്ക്യു - സെൻ കവിതകൾ


രാത്രിയ്ക്കു രാത്രിയുറങ്ങാതിരിയ്ക്കൂ,
നിങ്ങൾക്കു മാത്രമായുള്ള രാത്രിയിൽ.

*

മുട്ടുകുത്തിക്കിടന്നു പ്രാർത്ഥിച്ചോളൂ;
എന്തിന്‌? നാളെ ഇന്നലെയായി.

*

എത്ര തവണ ഞാൻ നിങ്ങളോടു പറഞ്ഞതാണ്‌,
ഒരു വഴിയുമില്ല,
നിങ്ങളായതല്ലാതെയാവാനെന്ന്.

*
ദാഹിക്കുമ്പോൾ നിങ്ങൾ
തണുത്ത വെള്ളം സ്വപ്നം കാണും,
തണുക്കുമ്പോൾ തീയും.
എനിക്കു വേണ്ടതൊരു പെണ്ണിന്റെ നനവും,
ഉറച്ച മുലകളുടെ ചൂടും.

*

എനിക്കു ജീവനുണ്ടെന്നേ!
ശരിതന്നെ.
ചവിട്ടിനടക്കുന്ന എല്ലിൻകഷണങ്ങളെ
കാണാറുമില്ല നാം.

*

ഒരു കുഞ്ഞുപാവയ്ക്കുള്ളിടമേ,
ആ കുടത്തിനുള്ളു;
അച്ഛന്റെ ചിതാഭസ്മമാണതിനുള്ളിൽ.

*

തേവിടിശ്ശിത്തെരുവിനറ്റത്തൊരു
കൂരയിലാണെന്റെ വാസം.
ഞാൻ, ശരൽക്കാലം, ഒരൊറ്റവിളക്ക്.

*

എനിക്കു മുളകളിഷ്ടം,
മനുഷ്യരതു ചെത്തി
ഓടക്കുഴലാക്കുന്നതിനാൽ.

*

എന്റെ സെന്നിനൊറ്റ വരി,
നീറുന്ന മുറിവിൽ
തറയ്ക്കുന്ന മുള്ളുപോലെ.

*

ആരുമറിയുന്നില്ല,
ഞാനൊരു കൊടുങ്കാറ്റാണെന്ന്,
മലമുകളിലെ പുലരിയാണെന്ന്,
നഗരത്തിനു മേൽ സന്ധ്യയാണെന്ന്.

*

ഒരു സൂചിമുനയിൽ
പെരുവിരലൂന്നിനിൽക്കൂ,
വെയിലത്തു തിളങ്ങുന്ന
മണൽത്തരി പോലെ.

*

എന്റെ മരണക്കിടക്കയ്ക്കരികിൽ
ബുദ്ധൻ വന്നു മുട്ടുകുത്തിയാലും,
പുല്ലോളം മതിയ്ക്കില്ല ഞാനയാളെ.



ഇക്ക്യു - (1394-1481)


ഇക്ക്യുവിന്റെ മറ്റു കവിതകൾ

ചെസ് വാ മിവോഷ് - പലായനം

File:John Martin - Sodom and Gomorrah.jpg

എരിയുന്ന നഗരം വിട്ടു നമ്മൾ പലായനം ചെയ്യുമ്പോൾ
പാതയുടെ തുടക്കത്തിൽ നിന്നു തിരിഞ്ഞുനോക്കി ഞാൻ പറഞ്ഞു:
“നമ്മുടെ കാല്പാടുകളെ പുല്ലു മൂടിമറയ്ക്കട്ടെ,
ഉഗ്രന്മാരായ പ്രവാചകന്മാർ അഗ്നിയിൽ നിശബ്ദരാവട്ടെ,
നടന്നതെന്തെന്നു മരിച്ചവർ മരിച്ചവർക്കു പറഞ്ഞുകൊടുക്കട്ടെ.
ഹിംസയുടെ പുതുഗോത്രത്തിനു പിറവി കൊടുക്കുക നമുക്കു വിധിച്ചത്,
അവിടെ മന്ദിച്ച തിന്മയുമാനന്ദവും തീണ്ടാത്തത്. നമുക്കു പോവാം”
- ഒരാഗ്നേയഖഡ്ഗം ഭൂമിയെ ഞങ്ങൾക്കായി വെട്ടിത്തുറക്കുകയും ചെയ്തു.


The Destruction Of Sodom And Gomorrah, a painting by en:John Martin (painter), died 1854


റിൽക്കെ - സായാഹ്നം

File:VanGogh-starry night ballance1.jpg

സായാഹ്നം സാവധാനമെടുത്തുടുക്കുന്നു,
പ്രാക്തനവൃക്ഷനിരകളെടുത്തുനീട്ടുന്ന നീലമേലാട;
നോക്കിനിൽക്കവേ രണ്ടു ലോകങ്ങൾ നിങ്ങളിൽ നിന്നകലുന്നു:
ഒന്നു മാനം നോക്കിയുയരുന്നു, മറ്റൊന്നു താഴുന്നു.

നിങ്ങൾ ശേഷിക്കുന്നു, രണ്ടിലൊന്നിന്റെയും ഭാഗമാവാതെ,
മൗനത്തിലായ വീടുകൾ പോലെ നിഴലടഞ്ഞതാവാതെ,
രാത്രികളിൽ നക്ഷത്രമായാരോഹണം ചെയ്യുന്നതൊന്നിനെപ്പോലെ
നിത്യതയെ ആവാഹനം ചെയ്യാനുള്ള തീർച്ചയില്ലാതെ.

നിങ്ങൾ ശേഷിക്കുന്നു (ഇഴ വേർപെടുത്താനാവാതെ)
വിപുലവും കാതരവുമായ നിങ്ങളുടെ ജീവിതവുമായി;
ചിലനേരം പരിമിതമായി, ചിലനേരം വ്യാപകമായി,
ഊഴമിട്ടതു നിങ്ങളിൽ വളരുന്നു, ശിലയായി, നക്ഷത്രമായി.


ചിത്രം - വാൻ ഗോഗ് - നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം


Tuesday, December 13, 2011

ചെസ് വാ മിവോഷ് - കുമ്പസാരം


കുമ്പസാരം


എന്റെ ദൈവമേ, എനിക്കു സ്ട്രോബെറിജാമിഷ്ടമായിരുന്നു,
സ്ത്രീശരീരത്തിന്റെ ഇരുണ്ട മാധുര്യവും.
തണുപ്പിച്ച വോഡ്കയെനിക്കിഷ്ടമായിരുന്നു,
ഒലീവെണ്ണയിൽ മൂപ്പിച്ച മത്തിയും,
ഇലവർങ്ങത്തിന്റെയും കരയാമ്പൂവിന്റെയും മണവും.
എങ്കിലെന്തുമാതിരി പ്രവാചകനായിരുന്നു ഞാൻ?
എന്തിനിങ്ങനെയൊരു മനുഷ്യനിൽ പരിശുദ്ധാത്മാവു വന്നിറങ്ങി?
എത്രപേരുണ്ടായിരുന്നു ആ പേരിനർഹർ, വിശ്വസ്തരും.
എന്നിലാരു വിശ്വാസമർപ്പിക്കാൻ?
അവർ കണ്ടിരിക്കുന്നു, ഞാൻ ഗ്ളാസ്സുകൾ കാലിയാക്കുന്നതും,
ഭക്ഷണത്തിന്മേൽ ചാടിവീഴുന്നതും,
ഹോട്ടൽപരിചാരികയുടെ പിൻകഴുത്തിൽ ആർത്തിയോടെ കണ്ണോടിക്കുന്നതും.
ഒരു ന്യൂനതയുള്ളവൻ, അതേക്കുറിച്ചറിയുന്നവനും.
മഹത്വം കൊതിക്കുന്നവൻ, അതു കണ്ടാലറിയുന്നവൻ,
എന്നാൽ ദീർഘദർശിയെന്നു പറയാനില്ലാത്തവനും.
എന്നെപ്പോലെ ചെറുതുകൾക്കു വച്ചിരിക്കുന്നതെന്തെന്നെനിക്കറിയാം:
ആയുസ്സധികമില്ലാത്ത പ്രത്യാശകളുടെ ഒരു സദ്യവട്ടം,
ആത്മാഭിമാനികളുടെ ഒരു ഘോഷയാത്ര,
കൂനന്മാരുടെ കായികമേള , സാഹിത്യം.

1985


എന്റെ


“എന്റെ അമ്മയച്ഛന്മാർ, എന്റെ ഭർത്താവ്, എന്റെ സഹോദരൻ, എന്റെ സഹോദരി.”
പ്രഭാതഭക്ഷണസമയത്ത് കാപ്പിക്കടയിൽ കാതോർത്തിരിക്കുകയാണു ഞാൻ.
സ്ത്രീകളുടെ ശബ്ദങ്ങൾ മർമ്മരമുയർത്തുന്നു,
അവശ്യം തന്നെയായൊരനുഷ്ഠാനത്തിലവർ നിർവൃതി കൊള്ളുന്നു.
അവരുടെ ചലിയ്ക്കുന്ന ചുണ്ടുകളിലേറുകണ്ണിട്ടുനോക്കവെ,
ഈ ഭൂമിയിലുണ്ടായതിലാനന്ദം കൊള്ളുകയുമാണു ഞാൻ,
ഒരു നിമിഷത്തേക്ക്, അവരോടൊപ്പം, ഈ ഭൂമിയിൽ,
നമ്മുടെ കൊച്ചുകൊച്ചെന്റെകളെ കൊണ്ടാടാൻ.



ഇതുമാത്രം

ഒരു താഴ്വാരം, അതിനുമേൽ ശരൽക്കാലത്തിന്റെ നിറഭേദങ്ങളുമായി ഒരു വനം.
ഒരു സഞ്ചാരി വന്നുചേരുന്നു; ഒരു ഭൂപടമെത്തിച്ചതാണയാളെയവിടെ,
അതല്ലെങ്കിലൊരു സ്മരണ. ഒരിക്കൽ, വളരെപ്പണ്ടൊരിക്കൽ,
വെയിലു വീഴുമ്പോൾ, ആദ്യത്തെ മഞ്ഞു പെയ്യുമ്പോളീവഴി പോകവെ,
അയാളാഹ്ളാദമറിഞ്ഞിരുന്നു, ബലത്തതും, കാരണങ്ങളില്ലാത്തതും,
കാഴ്ചയുടെ ആഹ്ളാദം. സർവ്വതും താളത്തിലായിരുന്നു,
ഇളകുന്ന മരങ്ങളുടെ, ചിറകേറിയ കിളിയുടെ,
പാലത്തിനു മേലൊരു തീവണ്ടിയുടെ; ചലനത്തിന്റെ വിരുന്നായിരുന്നു.
അയാൾ മടങ്ങിവരുന്നു, വർഷങ്ങൾക്കു ശേഷം, ഉപാധികളൊന്നുമില്ലാതെ.
അയാൾക്കൊന്നേ വേണ്ടു, അനർഘമായതൊന്ന്:
കാണുക, ശുദ്ധവും സരളവുമായി, പേരുകളില്ലാതെ,
പ്രതീക്ഷകളും ഭയങ്ങളും പ്രത്യാശകളുമില്ലാതെ,
ഞാനും ഞാനല്ലാത്തതുമില്ലാത്തൊരതിരിൽ നിന്നും.

1985


 

Monday, December 12, 2011

റിൽക്കെ - ഓർമ്മിച്ചെടുക്കൽ

File:William Michael Harnett - With the Staats Zeitung.jpg


നിങ്ങൾ കാത്തിരിക്കുന്നു, അതൊന്നിനായി നിങ്ങൾ കാത്തിരിക്കുന്നു,
നിങ്ങളുടെ ജീവിതത്തെ അനന്തവും വിപുലവുമാക്കുന്നതൊന്നിനായി:
അതിഗംഭീരവും, അനിതരസാധാരണവുമായതൊന്ന്,
നിദ്രാണശിലകളുടെ ജാഗരണം,
നിങ്ങൾക്കു നിങ്ങളെ വെളിപ്പെടുത്തുന്ന ഗർത്തങ്ങൾ.

അന്തിമിനുക്കത്തിൽ അലമാരകൾ നിങ്ങളുടെ കണ്ണിൽപ്പെടുന്നു,
പൊന്നും പാടലവും നിറത്തിൽ ചട്ടയിട്ട പുസ്തകങ്ങൾ;
നിങ്ങളോർത്തുപോകുന്നു, നിങ്ങൾ യാത്രപോയ വിദൂരദേശങ്ങളെ,
ഛായാചിത്രങ്ങളെ, ഒരുകാലം നിങ്ങൾ കീഴടക്കിയ,
പിന്നെ നിങ്ങൾക്കു കൈവിട്ടുപോയ സ്ത്രീകളുടെ മിന്നുന്ന വസ്ത്രങ്ങളെ.

പിന്നെപ്പൊടുന്നനേ നിങ്ങളറിയുന്നു: അതന്നായിരുന്നു!
നിങ്ങളെഴുന്നേൽക്കുന്നു, നിങ്ങൾക്കോർമ്മവന്നിരിക്കുന്നുവല്ലോ,
നിങ്ങളുടെ വിദൂരഭൂതകാലത്തിൽ നിന്നൊരു വർഷം,
അതിന്റെ ഭീതികളും, അതിന്റെ പ്രാർത്ഥനകളും, സംഭവങ്ങളുമായി.


link to image


Sunday, December 11, 2011

ലോർക്ക - കിളിക്കൂട്

File:Eugène Delacroix- The Death of Ophelia.JPG


ഈ വിഷാദത്തിന്റെ നേരത്തു
ഞാനേതൊന്നിൽപ്പിടിച്ചു നിൽക്കുന്നു?
എന്റെ പൂവിടുന്ന പൊൻവനത്തെ
ആരു വെട്ടിവീഴ്ത്തുന്നു?
പ്രഭാതമെനിയ്ക്കു നിവേദിച്ച പുഴവെള്ളത്തിന്റെ
കലങ്ങിയ വെള്ളിയിൽ
ഏതൊന്നു ഞാൻ കൂട്ടിവായിക്കുന്നു?
എന്റെ കാട്ടിനുള്ളിൽ
ഏതു ഭാവനാവൃക്ഷം കടപുഴകിവീഴുന്നു?
ഏതു മൗനത്തിന്റെ തോരാമഴ
എന്നെപ്പിടിച്ചുലയ്ക്കുന്നു?
എന്റെ മരിച്ച കാമുകിയെ
വിഷാദത്തിന്റെ പുഴയോരത്തു
ഞാൻ വിട്ടുപോന്നുവെങ്കിൽ,
ഏതു കള്ളിമുൾച്ചെടികൾ
നവജാതമാകുന്നതൊന്നിനെ
എന്നിൽ നിന്നു മറയ്ക്കുന്നു?

1919


link to image

റിൽക്കെ - കിഴക്കു നിന്നൊരുദയഗീതം

File:Ernst Ludwig Kirchner - Paar in der Bibliothek - 1930.jpg

ഈ കിടക്കയ്ക്കുള്ളിലിതൊരു തീരം പോലെയല്ലേ?
മെലിഞ്ഞ നാട പോലൊരു നിലം, നാം കിടക്കുമിടം;
ആകെയുള്ള തീർച്ചകൾ, ഉയർന്നുറച്ച നിന്റെ മുലകൾ,
തൃഷ്ണ കൊണ്ടു വിഭ്രാന്തം എന്റെ ഇന്ദ്രിയങ്ങൾ.

രാത്രി, അതിന്റെ ആരവങ്ങൾ, രാപ്രാണികളുടെ ഒച്ചകൾ,
ഇരതേടുന്ന മൃഗങ്ങളുടെ ഘോരമായ ശബ്ദങ്ങൾ-
എത്ര ഭയാനകം, അപരിചിതം നമുക്കവ:
പിന്നെ മന്ദമന്ദം പകലെന്നതു മുന്നിൽ വരുമ്പോൾ
അതും നമുക്കജ്ഞാതമല്ലേ (രാത്രിയെപ്പോലെ)?

പൂവിൽ കേസരങ്ങളും ദളങ്ങളുമെന്നപോലെ
അടുത്തടുത്തു കിടക്കാനായാലതത്രേ നമുക്കു ഭേദം;
പെരുകിയും, തകർത്തും, നമ്മെ ഭീഷണിപ്പെടുത്തിയും
ചുഴലുന്ന ഹിംസ്രോന്മാദത്തിൽ നിന്നു നാം സ്വയമൊളിപ്പിക്കുക.

തമ്മിലമർന്നൊട്ടിച്ചേരുമ്പോഴും പക്ഷേ,
പെരുകുന്ന ഭീഷണിയെ കണ്ണുകൾക്കു പുറത്തു നിർത്തുമ്പോഴും,
അതു നിന്നിലൊളിക്കാം, എന്നിലൊളിക്കാം:
അന്യോന്യം വഞ്ചിച്ചല്ലോ, നമ്മുടെ ആത്മാക്കൾ വളരുന്നു.


link to image


Saturday, December 10, 2011

റിൽക്കെ - ഡോൺ ജൂവാന്റെ ബാല്യം

File:DonJuanPoster2.jpg

അവന്റെ മെലിഞ്ഞയുടൽ വളർന്നൊരു വില്ലായിരിക്കുന്നു;
ഒരു പെൺകരത്തിനും കരുത്തുണ്ടാവില്ലതെടുത്തു കുലയ്ക്കാൻ;
ചിലനേരമൊരു കൗതുകമവന്റെ മുഖത്തൊഴുകിയെന്നാവാം;
പിന്നെയതു കടന്നുപോവും, താൻ കണ്ടൊരു മുഖത്തതു ചെന്നു പറ്റും:
പ്രാചീനമായൊരു ചിത്രമെഴുത്തിൽ നിന്നൊരു സ്ത്രീ;
അവരുടെ അപരിചിതത്വമൊരു പുഞ്ചിരിയവനിലുണർത്തിയുമിരിക്കുന്നു.
ബാല്യത്തിന്റെ ഭീതികൾ നിറഞ്ഞ രാത്രിയിൽ നിന്നവൻ പുറത്തുപോന്നിരിയ്ക്കുന്നു;
അമിതമായൊരാത്മവിശ്വാസമവനെടുത്തുപയോഗിയ്ക്കുന്നു:
തന്നെയാരാധിക്കുന്ന, തന്നിലഗ്നി പടർത്തുന്ന സ്ത്രീകളുടെ നയനപരീക്ഷയെ
സഗൗരവം നേരിടാനവനിന്നു പഠിച്ചിരിക്കുന്നു.



link to image


Friday, December 9, 2011

ലോർക്ക - മഴ

File:Brooklyn Museum - Rain - Bertha Lum - overall.jpg

മഴയ്ക്കുണ്ടൊരാർദ്രത, തെളിഞ്ഞും തെളിയാതെയുമൊരു നിഗൂഢത,
തന്നിലടങ്ങിയും, നിദ്രാണവുമായൊരു സൗമ്യത.
അതിനൊത്തുണരുകയാണൊരു വിനീതസംഗീതം,
അതു കേട്ടു വിറക്കൊള്ളുന്നു മണ്ണിന്റെ മയങ്ങുന്ന ഹൃദയം.

അതു മണ്ണിന്റെ കവിളിലൊരു നീലിച്ച ചുംബനം,
പിന്നെയും സത്യമാകുന്നൊരാദിമകഥനം,
ഭൂമിയ്ക്കു മേൽ പ്രാക്തനാകാശത്തിന്റെ തണുത്ത സ്പർശനം,
സന്ധ്യയുടെ നിരന്തരാവർത്തനത്തിന്റെ മൃദൂപചാരം.

അതു കനികളുടെ പുലരി. പൂക്കൾ നമുക്കെത്തിക്കുന്ന പുലരി;
കടലിന്റെ പരിശുദ്ധാത്മാവിനാൽ നാമേൽക്കുന്ന ജ്ഞാനസ്നാനം.
വിതച്ച പാടങ്ങൾക്കുമേലതു പൊഴിയ്ക്കുന്നു ജീവനം,
ആത്മാവിനു മേൽ അജ്ഞാതത്തെയോർത്തുള്ള വിഷാദം.

പാഴായ ജീവിതത്തെച്ചൊല്ലി ഭയാനകമായൊരു നഷ്ടബോധം,
താൻ പിറക്കാൻ വളരെ വൈകിയെന്ന മാരകവികാരം,
വരാത്തൊരു പുലരിയ്ക്കായി പൊറുതികെട്ടൊരഭിലാഷം,
വേദനിയ്ക്കുന്നൊരുടലിന്റെ അസ്വസ്ഥസാമീപ്യം.

അതിന്റെ ധൂസരതാളത്തിലുലണരുന്നു പ്രണയം,
നമ്മുടെ ഹൃദയാകാശം കൊണ്ടാടുന്നു ചോരയുടെ വിജയം,
ജനാലച്ചില്ലുകൾക്കു മേൽ മരിച്ചുവീഴുന്ന തുള്ളികൾ കണ്ടിരിക്കെപ്പക്ഷേ,
നമ്മുടെ പ്രതീക്ഷകൾ വിഷാദമായി മാറുകയുമായി.

പുകഞ്ഞ ചില്ലുകൾക്കു മേൽ തുള്ളികൾ വിറക്കൊള്ളുന്നു,
അവയിലവശേഷിപ്പിക്കുന്നു ദിവ്യമായ വജ്രപ്പോറലുകൾ.
ജലകവികളവർ, അവർ കണ്ടിരിക്കുന്നു, ധ്യാനിച്ചിരിക്കുന്നു,
അനവധികളായ പുഴകളൊരുനാളും കാണാത്തതും.

കാറ്റുകളും കൊടുംകാറ്റുകളുമില്ലാത്ത നിശബ്ദവർഷമേ,
കുടമണികൾ പോലെ, അരിച്ചിറങ്ങുന്ന വെളിച്ചം പോലെ
ഒതുങ്ങിപ്പെയ്യുന്ന പ്രശാന്തതേ, നന്മയേ,
ഓരോ വസ്തുവിലും നീ വീഴുന്നു, മമതയോടെ, വിഷാദത്തോടെ!

ഫ്രാൻസിസ് പുണ്യവാൻ നീ, നിന്റെ തുള്ളികളിൽ നീ വഹിയ്ക്കുന്നു,
ദീപ്തജലധാരകളുടെ, എളിയ ഉറവുകളുടെ ആത്മാക്കളെ!
പാടങ്ങളിൽ മന്ദമന്ദമിറങ്ങിവരുമ്പോൾ നീ വിടർത്തുന്നു,
നിന്റെ സ്വരം കൊണ്ടെന്റെ നെഞ്ചിലെ പനിനീർപ്പൂക്കളെ.

മൗനത്തിനു നീ പാടിക്കൊടുക്കുന്നൊരാദിമഗാനം,
ചില്ലകൾക്കു നീ പറഞ്ഞുകൊടുക്കുന്ന മുഖരകഥനം,
അതിനെന്റെ വന്ധ്യഹൃദയം ചമയ്ക്കുന്നു വ്യാഖ്യാനം,
ആധാരസ്വരമില്ലാതൊരു ദാരുണസംഗീതം.

ഒതുങ്ങിപ്പെയ്യുന്ന മഴയുടെ വിഷാദമെന്റെ നെഞ്ചിൽ,
കിട്ടാത്തതൊന്നിന്റെ പേരിൽ കീഴ്വഴങ്ങിയ വിഷാദം;
എന്റെ ചക്രവാളത്തിലെരിയുന്നുണ്ടൊരു പ്രദീപ്തതാരം,
അതിനെ നോക്കരുതെന്നു വിലക്കുകയാണെന്റെ ഹൃദയമെന്നെ.

മരങ്ങൾക്കു പ്രണയഭാജനമായ നിശബ്ദവർഷമേ,
പിയാനോക്കട്ടകളിലെ മധുരപ്രഹർഷമേ,
എന്റെയാത്മാവിനു നീ ദാനം ചെയ്യുന്നതതേ ധ്വനികളും ധൂമികകളും,
പ്രകൃതിയുടെ സുപ്താത്മാവിലേക്കു നീ പകർന്നുകൊടുത്തവ!
 
1919 ജനുവരി


link to image