Friday, December 2, 2011

നെരൂദ - മടക്കം


എന്തിനായി ഞാൻ വന്നു? ഞാനവരോടു ചോദിച്ചു.

ആരാണു ഞാൻ, ഈ മരിച്ച നഗരത്തിൽ?

എനിക്കു കണ്ടെത്താനാവുന്നില്ല,
ഒരിക്കലെന്നെ പ്രേമിച്ചിരുന്ന ആ ഭ്രാന്തിപ്പെണ്ണിന്റെ തെരുവോ, വീടോ.

അതേ പോലെതന്നെയുണ്ട്,
മരക്കൊമ്പുകളിൽ കാക്കകൾ,
പച്ചയും തിളപ്പുമായി കാലവർഷം,
തേഞ്ഞുപോയ തെരുവുകളിൽ മുറുക്കിത്തുപ്പിയതും,
ശ്വാസം മുട്ടുന്ന വായുവും-
പക്ഷേ എവിടെ,
എവിടെയായിരുന്നു ഞാൻ,
ആരായിരുന്നു ഞാൻ?
എനിക്കു മനസ്സിലാവുന്നതു ചാരം മാത്രം.

വെറ്റിലക്കാരനെന്നെ നോക്കുന്നു,
അയാൾ തിരിച്ചറിയുന്നില്ല എന്റെ ചെരുപ്പുകളെ,
അടുത്തിടെ ഉയിർത്തെഴുന്നേറ്റ എന്റെ മുഖത്തെ.
അയാളുടെ മുത്തശ്ശൻ എനിക്കൊരു സലാം തന്നുവെന്നു വരാം,
പക്ഷേ സംഭവിച്ചതെന്തെന്നാൽ
ഞാൻ യാത്രയിലായിരുന്നപ്പോൾ
അയാൾ അടിപറ്റി,
മരണത്തിന്റെ ആഴക്കിണറിലേക്കയാളാണ്ടുപോയി.

ഇതുമാതിരിയൊരു കെട്ടിടത്തിലാണു ഞാനുറങ്ങിയത്,
പതിന്നാലു മാസവും, അതിനു നിരക്കുന്ന വർഷവും;
എന്റെ യാതനകൾ ഞാനെഴുതിക്കൂട്ടി.
കദനത്തിന്റെ രുചി ഞാനറിഞ്ഞു.
ഇന്നു ഞാൻ കടന്നുപോവുമ്പോൾ പക്ഷേ,
ആ വാതിൽ അവിടെയില്ല.
മഴ വേലയെടുത്തിരിക്കുന്നു, കണക്കിലധികം.
ഇന്നെനിയ്ക്കു തോന്നിപ്പോവുന്നു,
ഞാനൊരാളല്ല, പലരാണെന്ന്,
എങ്ങനെ പുനർജ്ജനിച്ചുവെന്നറിയാതെ
പലതവണ മരിച്ചിരിക്കുന്നു ഞാനെന്ന്,
ഓരോ തവണ വസ്ത്രം മാറുമ്പോഴും
മറ്റൊരു ജന്മമെടുക്കുകയായിരുന്നു ഞാനെന്ന്;
ഇന്നു ഞാനിവിടെ നില്ക്കുന്നു,
ഒരു ജീവിയെപ്പോലും തിരിച്ചറിയാനാവാത്തതെന്തെന്നറിയാതെ,
ആരുമെന്നെ തിരിച്ചറിയാത്തതെന്തെന്നറിയാതെ,
സർവരുമിവിടെ പരേതാത്മാക്കളാണെന്നപോലെ,
അത്രയും മറവിയ്ക്കിടയിൽ ഞാനൊരാളേ ജീവനോടെയുള്ളു എന്നപോലെ,
ബാക്കിയായൊരു പക്ഷിയെപ്പോലെ-
ഇനിയഥവാ, തിരിച്ചു നഗരമെന്നെ നോക്കിയിരിക്കുന്നുവെന്നാകാം,
മരിച്ചതു ഞാനെന്നതു തിരിച്ചറിയുന്നുവെന്നാകാം.

പട്ടുകളുടെ കമ്പോളങ്ങളിലൂടെ ഞാൻ നടന്നുപോയി,
ദുരിതം വിൽക്കുന്ന അങ്ങാടികളിലൂടെയും.
തെരുവുകൾ അവ തന്നെയെന്നു വിശ്വസിക്കുക പ്രയാസം;
കറുത്ത കണ്ണുകൾ, ആണിമുനകൾ പോലെ കൂർത്തവ,
എന്റെ നോട്ടങ്ങളെ നേർക്കുന്നു,
വെറുങ്ങലിച്ച വിഗ്രഹങ്ങളുമായി,
നിറം മങ്ങിയ സുവർണ്ണക്ഷേത്രത്തിനിന്നു കണ്ണുകളില്ല,
കൈകളില്ല, ഉള്ളിലഗ്നിയുമില്ല.
വിട, കാലം മലിനമാക്കിയ തെരുവുകളേ,
വിട, നഷ്ടപ്രണയമേ, വിട.
ഞാൻ മടങ്ങിപ്പോവുന്നു എന്റെ വീടിന്റെ വീഞ്ഞിലേക്ക്,
ഞാൻ മടങ്ങിപ്പോവുന്നു,
എന്നെ സ്നേഹിക്കുന്നവളുടെ സ്നേഹത്തിലേക്ക്,
ഞാനായിരുന്നതിലേക്ക്, ഞാനായതിലേക്ക്,
പുഴയിലേക്ക്, വെയിലിലേക്ക്, ആപ്പിൾ മുഴുത്ത മണ്ണിലേക്ക്,
ചുണ്ടുകളും പേരുകളുമുള്ള മാസങ്ങളിലേക്ക്.
ഇനി മടങ്ങിപ്പോവാതിരിക്കാനായി ഞാൻ മടങ്ങുന്നു;
ഇനിയും സ്വയം തെറ്റിദ്ധരിപ്പിക്കാനെനിക്കാഗ്രഹവുമില്ല.
പിന്നിലേക്കലഞ്ഞുപോവുക അപകടകരം,
ഭൂതകാലം തടവറയാവുന്നതു പെട്ടെന്നാവാം.


 

No comments: