ഇന്നലെ രാത്രിയില്‍
അവൾ
വന്നു,
ഈയനിറവുമായി,
രാത്രിയുടെ നീലയുമായി,
വീഞ്ഞിന്റെ ചുവപ്പുമായി:
ചണ്ഡവാതം,
ജലത്തിന്റെ ജടയുമായി,
കണ്ണുകളിൽ ശീതജ്വാലയുമായി;
ഇന്നലെ രാത്രിയിൽ
അവൾക്കു മോഹമായിരുന്നു,
മണ്ണിൽക്കിടന്നൊന്നുറങ്ങാൻ.
പൊടുന്നനനേയവൾ വന്നു,
തുടലും പൊട്ടിച്ച്,
തന്റെ രുഷ്ടഗ്രഹത്തിൽ നിന്ന്,
തന്റെ ആകാശഗുഹയിൽ നിന്ന്;
അവൾക്കൊന്നുറങ്ങിയാൽ മതിയായിരുന്നു,
അവൾ കിടക്കയൊരുക്കി:
കാടുകളും പെരുവഴികളുമടിച്ചുവാരി,
മലനിരകളടിച്ചുവാരി,
സമുദ്രശിലകളുരച്ചുകഴുകി,
പിന്നെ തൂവലുകൾ പോലെ
പൈന്മരങ്ങളടിച്ചുതകർത്തു
കിടക്കയുമൊരുക്കി.
അഗ്നിയുടെ ആവനാഴിയിൽ നിന്നവൾ
മിന്നൽപ്പിണരൂരിയെടുത്തു,
കൂറ്റൻ വീപ്പകൾ പോലെ
വെള്ളിടികൾ കുടഞ്ഞിട്ടു.
പിന്നെപ്പൊടുന്നനെയതാ,
ഒക്കെയും നിശ്ശബ്ദമാകുന്നു:
ഒരേയൊരില
വായുവിലൂടൊഴുകിവീഴുന്നു,
പറക്കുന്നൊരു
വയലിൻ പോലെ-
പിന്നെ,
അതു മണ്ണു തൊടും മുമ്പേ,
മഹാചണ്ഡവാതമേ,
നീയതിനെ കൈകളിൽ
കോരിയെടുത്തു,
കാഹളമൂതുന്ന കാറ്റുകളെ
അഴിച്ചുവിട്ടു,
കുതിച്ചോടുന്ന കുതിരകളെക്കൊണ്ടു
രാത്രി നിറച്ചു,
മഞ്ഞിനെയടിച്ചുപറത്തി,
കാട്ടുമരങ്ങൾ
തടവുകാരെപ്പോലെ
ഞരങ്ങി,
മണ്ണ് ഞരങ്ങിക്കരഞ്ഞു,
പേറ്റുനോവെടുക്കുന്ന
സ്ത്രീയെപ്പോലെ;
ഒറ്റപ്രഹരം കൊണ്ടു
നീ തുടച്ചുമാറ്റിയല്ലോ,
പുൽക്കൊടികളുടെയും
നക്ഷത്രങ്ങളുടെയും മർമ്മരത്തെ,
ഒരു തൂവാല പോലെ
നീ വലിച്ചുകീറിയല്ലോ,
വെറുങ്ങലിച്ച നിശ്ശബ്ദതയെ-
ശബ്ദവും രോഷവും അഗ്നിയും കൊണ്ടു
ലോകം നിറഞ്ഞു,
കൊള്ളിമീനുകൾ
നിന്റെ തിളങ്ങുന്ന നെറ്റിയിൽ നിന്നു
മുടിയിഴകൾ പോലുലർന്നുവീണപ്പോൾ,
നിന്റെ അരപ്പട്ടയിൽ നിന്നു
വാളുകൾ പോലൂർന്നുവീണപ്പോൾ,
ലോകവസാനമെത്തിയെന്നു
ഞങ്ങൾ ചിന്തിച്ചുതുടങ്ങിയപ്പോൾ,
അതാ,
മഴ,
മഴ,
മഴ
മാത്രം,
മണ്ണിലാകെ,
മാനത്താകെ,
രാത്രി വീണു,
ചോര വാർത്തും കൊണ്ട്
മനുഷ്യനിദ്രയ്ക്കു മേൽ,
ഒന്നുമില്ല,
മഴ മാത്രം,
കാലത്തിന്റെയും
ആകാശത്തിന്റെയും
ജലം:
യാതൊന്നും വീണില്ല,
ഒരൊടിഞ്ഞ ചില്ലയല്ലാതെ,
ഒരൊഴിഞ്ഞ കൂടല്ലാതെ.
പാടുന്ന വിരലുകളുമായി,
നാരകീയഗർജ്ജനവുമായി,
രാത്രിയിൽ തീമലകൾ തുപ്പുന്ന
ജ്വാലയുമായി,
ഒരില പൊന്തിച്ചു
നീ കളിച്ചു,
പുഴകൾക്കു
കൊഴുപ്പേകി,
നീ പഠിപ്പിച്ചു,
മനുഷ്യരെ
മനുഷ്യരാകാൻ,
ദുർബ്ബലരെ ഭീതരാകാൻ,
ആർദ്രമനസ്കരെ കരയാൻ,
ജനാലകളെ
കിടുങ്ങാൻ-
എന്നാൽപ്പക്ഷേ,
ഞങ്ങളെ സംഹരിക്കാൻ
ഒരുങ്ങിയതിൽപ്പിന്നെ,
ആകാശത്തു നിന്നൊരു
കഠാര പോലെ
രോഷം വന്നുവീണപ്പോൾ,
വെളിച്ചവും നിഴലും
നിന്നുവിറച്ചപ്പോൾ,
പാതിരാക്കടലിന്നറ്റത്തു
പൈന്മരങ്ങൾ
കൂവിയാർത്തും കൊണ്ടു
തന്നെത്താൻ വിഴുങ്ങിയപ്പോൾ,
നീ, സൗമ്യചണ്ഡവാതമേ,
എന്റെ മണവാട്ടീ,
മെരുക്കമില്ലാത്തവൾ
നീയെങ്കിലും
ഞങ്ങളെ നീ
ദ്രോഹിക്കാതെ വിട്ടു;
നീ മടങ്ങിപ്പോയി,
നിന്റെ നക്ഷത്രത്തിലേക്ക്,
നിന്റെ മഴയിലേക്ക്,
പച്ചമഴ,
സ്വപ്നങ്ങളും വിത്തുകളും
നിറഞ്ഞ മഴ,
കൊയ്ത്തുകൾക്കമ്മയായ
മഴ,
ലോകം കഴുകിയെടുക്കുന്ന,
അരിച്ചെടുക്കുന്ന,
പുതുക്കിയെടുക്കുന്ന
മഴ,
ഞങ്ങൾ മനുഷ്യർക്കും
വിത്തുകൾക്കുമുള്ള മഴ,
മരിച്ചവരെ മറക്കാനും
നാളത്തെ അപ്പത്തിനായുമുള്ള
മഴ-
മഴ മാത്രമേ
നീ ബാക്കി വച്ചുള്ളു,
ജലവും സംഗീതവും,
അതിനാൽ
നിന്നെ ഞാൻ സ്നേഹിക്കുന്നു,
കൊടുങ്കാറ്റേ,
എന്നെ വിശ്വാസത്തിലെടുക്കൂ,
എന്നെ തട്ടിയുണർത്തൂ,
എന്നെ പ്രബുദ്ധനാക്കൂ,
എനിക്കു നിന്റെ വഴി കാട്ടൂ,
വരിഷ്ഠശബ്ദം,
മനുഷ്യന്റെ പ്രചണ്ഡശബ്ദം,
നിന്നോടു ചേരട്ടെ,
നിന്റെ പാട്ടിനൊത്തു പാടട്ടെ.
link to image
1 comment:
what a fantastic work sir..keep it up .may god bless u
Post a Comment