Friday, December 9, 2011

ലോർക്ക - മഴ

File:Brooklyn Museum - Rain - Bertha Lum - overall.jpg

മഴയ്ക്കുണ്ടൊരാർദ്രത, തെളിഞ്ഞും തെളിയാതെയുമൊരു നിഗൂഢത,
തന്നിലടങ്ങിയും, നിദ്രാണവുമായൊരു സൗമ്യത.
അതിനൊത്തുണരുകയാണൊരു വിനീതസംഗീതം,
അതു കേട്ടു വിറക്കൊള്ളുന്നു മണ്ണിന്റെ മയങ്ങുന്ന ഹൃദയം.

അതു മണ്ണിന്റെ കവിളിലൊരു നീലിച്ച ചുംബനം,
പിന്നെയും സത്യമാകുന്നൊരാദിമകഥനം,
ഭൂമിയ്ക്കു മേൽ പ്രാക്തനാകാശത്തിന്റെ തണുത്ത സ്പർശനം,
സന്ധ്യയുടെ നിരന്തരാവർത്തനത്തിന്റെ മൃദൂപചാരം.

അതു കനികളുടെ പുലരി. പൂക്കൾ നമുക്കെത്തിക്കുന്ന പുലരി;
കടലിന്റെ പരിശുദ്ധാത്മാവിനാൽ നാമേൽക്കുന്ന ജ്ഞാനസ്നാനം.
വിതച്ച പാടങ്ങൾക്കുമേലതു പൊഴിയ്ക്കുന്നു ജീവനം,
ആത്മാവിനു മേൽ അജ്ഞാതത്തെയോർത്തുള്ള വിഷാദം.

പാഴായ ജീവിതത്തെച്ചൊല്ലി ഭയാനകമായൊരു നഷ്ടബോധം,
താൻ പിറക്കാൻ വളരെ വൈകിയെന്ന മാരകവികാരം,
വരാത്തൊരു പുലരിയ്ക്കായി പൊറുതികെട്ടൊരഭിലാഷം,
വേദനിയ്ക്കുന്നൊരുടലിന്റെ അസ്വസ്ഥസാമീപ്യം.

അതിന്റെ ധൂസരതാളത്തിലുലണരുന്നു പ്രണയം,
നമ്മുടെ ഹൃദയാകാശം കൊണ്ടാടുന്നു ചോരയുടെ വിജയം,
ജനാലച്ചില്ലുകൾക്കു മേൽ മരിച്ചുവീഴുന്ന തുള്ളികൾ കണ്ടിരിക്കെപ്പക്ഷേ,
നമ്മുടെ പ്രതീക്ഷകൾ വിഷാദമായി മാറുകയുമായി.

പുകഞ്ഞ ചില്ലുകൾക്കു മേൽ തുള്ളികൾ വിറക്കൊള്ളുന്നു,
അവയിലവശേഷിപ്പിക്കുന്നു ദിവ്യമായ വജ്രപ്പോറലുകൾ.
ജലകവികളവർ, അവർ കണ്ടിരിക്കുന്നു, ധ്യാനിച്ചിരിക്കുന്നു,
അനവധികളായ പുഴകളൊരുനാളും കാണാത്തതും.

കാറ്റുകളും കൊടുംകാറ്റുകളുമില്ലാത്ത നിശബ്ദവർഷമേ,
കുടമണികൾ പോലെ, അരിച്ചിറങ്ങുന്ന വെളിച്ചം പോലെ
ഒതുങ്ങിപ്പെയ്യുന്ന പ്രശാന്തതേ, നന്മയേ,
ഓരോ വസ്തുവിലും നീ വീഴുന്നു, മമതയോടെ, വിഷാദത്തോടെ!

ഫ്രാൻസിസ് പുണ്യവാൻ നീ, നിന്റെ തുള്ളികളിൽ നീ വഹിയ്ക്കുന്നു,
ദീപ്തജലധാരകളുടെ, എളിയ ഉറവുകളുടെ ആത്മാക്കളെ!
പാടങ്ങളിൽ മന്ദമന്ദമിറങ്ങിവരുമ്പോൾ നീ വിടർത്തുന്നു,
നിന്റെ സ്വരം കൊണ്ടെന്റെ നെഞ്ചിലെ പനിനീർപ്പൂക്കളെ.

മൗനത്തിനു നീ പാടിക്കൊടുക്കുന്നൊരാദിമഗാനം,
ചില്ലകൾക്കു നീ പറഞ്ഞുകൊടുക്കുന്ന മുഖരകഥനം,
അതിനെന്റെ വന്ധ്യഹൃദയം ചമയ്ക്കുന്നു വ്യാഖ്യാനം,
ആധാരസ്വരമില്ലാതൊരു ദാരുണസംഗീതം.

ഒതുങ്ങിപ്പെയ്യുന്ന മഴയുടെ വിഷാദമെന്റെ നെഞ്ചിൽ,
കിട്ടാത്തതൊന്നിന്റെ പേരിൽ കീഴ്വഴങ്ങിയ വിഷാദം;
എന്റെ ചക്രവാളത്തിലെരിയുന്നുണ്ടൊരു പ്രദീപ്തതാരം,
അതിനെ നോക്കരുതെന്നു വിലക്കുകയാണെന്റെ ഹൃദയമെന്നെ.

മരങ്ങൾക്കു പ്രണയഭാജനമായ നിശബ്ദവർഷമേ,
പിയാനോക്കട്ടകളിലെ മധുരപ്രഹർഷമേ,
എന്റെയാത്മാവിനു നീ ദാനം ചെയ്യുന്നതതേ ധ്വനികളും ധൂമികകളും,
പ്രകൃതിയുടെ സുപ്താത്മാവിലേക്കു നീ പകർന്നുകൊടുത്തവ!
 
1919 ജനുവരി


link to image


1 comment:

Pradeep paima said...

ഇത് വളരെ നല്ലത് ..പുകഴ്ത്തി പറയാന്‍ ഒന്നും അറിയില്ല ..