Friday, December 30, 2011

ഇക്ക്യു - അസ്ഥികൂടങ്ങൾ


ഈ നേർത്തുകറുത്ത രേഖകൾ വെളിച്ചപ്പെടുത്തുന്നു,
അറിയാനുള്ള നേരൊക്കെയും.

ശിഷ്യരേ,
ഏകാന്തധ്യാനത്തിലുറച്ചിരിയ്ക്കൂ, എങ്കിൽ നിങ്ങളറിയും, ഈ ലോകത്തു പിറക്കുന്നതെന്തും, താനും ജീവിതവുമൊക്കെ, ശുദ്ധശൂന്യമെന്ന്. ശൂന്യത്തിൽ നിന്നുതന്നെ സർവതിനുമാവിർഭാവം. ഈ ആദിമനിരാകാരം തന്നെ ബുദ്ധൻ; ബുദ്ധപ്രകൃതി, ബുദ്ധമനസ്സ്, തഥാഗതൻ, ഗുരു, ദൈവം- ഒരേ ശൂന്യത്തിന്റെ പലേ പേരുകളാണൊക്കെയും. ഇതു ശരിയായി ധരിക്കാതിരിക്കുക, നിങ്ങൾ നരകത്തിൽ ചെന്നുവീഴുന്നു.

നിർവേദം കൊണ്ടു നിറഞ്ഞും, ഈ സംസാരചക്രത്തിൽ നിന്നൊരു മോചനത്തിനായുള്ള കാംക്ഷ കൊണ്ടു വലഞ്ഞും ഞാനൊരുനാളിറങ്ങിനടന്നു. ഒരു രാത്രിയിൽ ഞാൻ ചെന്നുകേറിയത് ഏകാന്തമായൊരമ്പലത്തിൽ. പൊതുവഴിയിൽ നിന്നകലെ, ഒരു മലയടിവാരത്തിൽ, വിശ്രാന്തിയുടെ വിശാലമായൊരു താഴ്വാരത്താണത്. ചുറ്റും കുഴിമാടങ്ങളായിരുന്നു. പെട്ടെന്നതാ, ദൈന്യം തോന്നിക്കുന്നൊരസ്ഥികൂടം എനിക്കു മുന്നിലാവിർഭവിച്ചു. അതു പറഞ്ഞു:

ലോകം വീശിക്കടന്നുപോകുന്നു,
ശരൽക്കാലത്തിന്റെ വിഷാദവാതം.
പുല്പരപ്പലഞൊറിയുന്നു,
ചതുപ്പിലേക്കു നാമൊഴുകുമ്പോൾ,
കടലിലേക്കു നാമൊഴുകുമ്പോൾ.

സർവതും അവയുടെ ഉറവയിലേക്കു മടങ്ങി ശൂന്യമാവുന്നു. ബോധിധർമ്മൻ ചുമരും നോക്കി ധ്യാനത്തിലിരുന്നു; പക്ഷേ അദ്ദേഹത്തിന്റെ മനസ്സിലുറന്ന ഒരു ചിന്തയും യഥാർത്ഥമായിരുന്നില്ല. ബുദ്ധൻ ധർമ്മഘോഷണം ചെയ്തുനടന്ന അമ്പതു കൊല്ലത്തിന്റെ ഗതിയും ഇതുതന്നെ. ഈ വിധമുള്ള ഉപാധികളിൽ തളയുന്നതല്ല മനസ്സ്.

ഇങ്ങനെ വിവിധതരം ആലോചനകളാൽ മനസ്സസ്വസ്ഥമായപ്പോൾ എനിക്കുറക്കവും നഷ്ടപ്പെട്ടു. പുലർച്ചയോടടുപ്പിച്ച് ഞാനൊന്നു മയങ്ങി. സ്വപ്നത്തിൽ ഒരുപറ്റം അസ്ഥികൂടങ്ങൾ എനിക്കു ചുറ്റും കൂട്ടം കൂടി. ഒരസ്ഥികൂടം എനിക്കടുത്തു വന്ന് ഇങ്ങനെ പറഞ്ഞു:

ഓർമ്മകൾ പാഞ്ഞുപോകുന്നു,
കാണാതെയാവുന്നു:
അർത്ഥശൂന്യമായ
പൊള്ളക്കിനാക്കളാണൊക്കെയും.
*
യാഥാർത്ഥ്യത്തെ ധിക്കരിക്കുക,
ദൈവം, ബുദ്ധനെന്നൊക്കെപ്പുലമ്പുക,
നേരായ വഴി പിന്നെ നിങ്ങൾ കാണുകയുമില്ല.
*
നിങ്ങൾ ശ്വാസമെടുക്കുന്നുണ്ട്,
കൈകാലുകൾക്കനക്കമുണ്ട്,
അതിനാൽ തുറസ്സിൽ കിടക്കുന്ന ശവമല്ല
നിങ്ങളെന്നും പറയാം.

ഈ അസ്ഥികൂടവുമായി എനിക്കൊത്തുപോകാനായി. സത്യമന്വേഷിച്ചു ലോകം വെടിഞ്ഞതാണയാൾ; ഓളപ്പരപ്പിൽ നിന്നാഴക്കയത്തിലേക്കയാൾ പോയിരിക്കുന്നു. കാര്യങ്ങളെ അവയുടെ സ്വരൂപത്തിൽത്തന്നെ അയാൾ കാണുന്നു. ഞാനവിടെ അങ്ങനെ കിടന്നു, പൈന്മരങ്ങൾ കാതിലോതുന്നതു കേട്ടും, മുഖത്തു നൃത്തം വയ്ക്കുന്ന ശരത്കാലനിലാവിനെ കണ്ടും.

എന്തുണ്ട്, സ്വപ്നമല്ലാതെ? ആരുണ്ട്, ഒരസ്ഥികൂടമായൊടുങ്ങാതെ? തൊലിയിൽ പൊതിഞ്ഞ്, ആണും പെണ്ണുമായി നാം കാണപ്പെടുന്നു; ഒരാൾ മറ്റൊരാൾക്കു പിന്നാലെ ആർത്തി പിടിച്ചോടുന്നു. പ്രാണൻ നിലയ്ക്കുമ്പോൾപ്പക്ഷേ, തൊലി വെടിയ്ക്കുന്നു, ലിംഗഭേദം മറയുന്നു, ഉയർച്ചതാഴ്ചകളില്ലാതാവുന്നു. ഈ നിമിഷം നാം താലോലിക്കുന്ന വ്യക്തിയുടെ തൊലിയ്ക്കടിയിൽ വെറുമൊരുപിടി എല്ലുകളേയുള്ളു. ഒന്നോർത്തുനോക്കൂ- ഉയർന്നതും താഴ്ന്നതും, കുട്ടിയും വയസ്സനും, ആണും പെണ്ണും ഒക്കെ ഒന്നുതന്നെ. ഈ മഹാരഹസ്യത്തിലേക്കൊന്നുണരൂ, അക്ഷണം നിങ്ങൾക്കു ഗ്രഹിക്കാറാവും, ‘ജന്മമരണരഹിതം’ എന്നാലെന്താണെന്ന്.

മരിച്ചവർക്കോർമ്മക്കല്ലു വയ്ക്കാൻ
കൃഷ്ണശിലകൾ വേണമെന്നാണെങ്കിൽ,
അതിലും നല്ല തലക്കല്ലല്ലേ, ഒരമ്മിക്കുഴവി?

ശരിക്കും ഭയം ജനിപ്പിക്കുന്ന ജീവികൾ തന്നെ മനുഷ്യർ.

മേഘങ്ങളില്ലാത്ത മാനത്ത്
തെളിഞ്ഞും വിളങ്ങിയും പൂർണ്ണചന്ദ്രൻ.
ലോകത്തിന്നിരുട്ടിൽ നാം
തപ്പിത്തടയുകയാണെന്നാൽ.

ഒന്നു സൂക്ഷിച്ചുനോക്കൂ- ശ്വാസം നിർത്തൂ, ചർമ്മമൂരിമാറ്റൂ, സർവരും കാണാനൊരുപോലെ. എത്രകാലം നിങ്ങൾ ജീവിച്ചാലും ഫലം മാറുന്നില്ല. ‘ഞാനുണ്ട്’ എന്ന ധാരണയൊക്കെ വലിച്ചെറിയൂ. കാറ്റു പിടിച്ച മേഘങ്ങൾക്കു നിങ്ങൾ സ്വയം വിട്ടുകൊടുക്കൂ.

ഒരു സ്വപ്നമീ ലോകമെങ്കിൽ
സ്വപ്നം പോലതു പോയി മറഞ്ഞോട്ടെ;
അതിൻ പേരിലെന്തിനീ വേവലാതി?

നിങ്ങളുടെ ജീവിതാവധി നിശ്ചിതമായിരിക്കെ, അതൊന്നു നീട്ടിക്കിട്ടാൻ ദൈവങ്ങളോടു നിവേദനം ചെയ്തിട്ടെന്തു ഫലം? ജീവിതവും മരണവുമെന്ന മഹാസത്യത്തിൽ മനസ്സർപ്പിക്കൂ, ജീവിതം മരണത്തിലവസാനിക്കും: അതാണു ലോകഗതി.

ജീവിതത്തിലെ വിപര്യയങ്ങൾ,
ദുഃഖപൂർണ്ണമാണവയെങ്കിലും,
നമ്മെ പഠിപ്പിക്കുന്നു,
ഒഴുകുന്ന ഈ ലോകത്തിൽ
അള്ളിപ്പിടിക്കാതിരിക്കാൻ.
*
ഒരു പാടും വയ്ക്കാതെ
മാഞ്ഞുപോകുന്ന എലുമ്പിൻക്കൂട്ടം
അതിനെ പട്ടും മാലയുമണിയിക്കുന്ന-
തെന്തിണാണാളുകൾ?
*
ഇരുന്നിടത്തേക്കു മടങ്ങുമീയുടൽ.
തിരഞ്ഞുപോവുകയുമരുത്,
തിരഞ്ഞാൽ കിട്ടാത്തതിനെ.
*
ജനനത്തിന്റെ പ്രകൃതിയാരറിയാൻ?
ഉറവിലേക്കു മടങ്ങുന്നു നാം,
പൊടിയായി മാറുന്നു നാം.
*
മലയുടെ മുകളിലേക്കു
വഴികളേറെ;
മുകളെത്തിയാൽപ്പക്ഷേ,
എല്ലാരും കാണുന്ന-
തൊരേ ചന്ദ്രനെ.
*
യാത്രയ്ക്കൊടുവിൽ
വിശ്രമിക്കാനിടമില്ലെങ്കിൽപ്പിന്നെ,
വഴി തെറ്റുമോയെന്നു
ഭയക്കുകയും വേണ്ട നാം.
*
തുടക്കമില്ല, ഒടുക്കമില്ല;
ജനിച്ചതും മരിച്ചതും
നമ്മുടെ മനസ്സ്:
ശൂന്യത്തിന്റെ ശൂന്യം.
*
അഴിച്ചുവിടൂ,
മനസ്സു വഴി വിട്ടു പായും;
പിടിച്ചുനിർത്തൂ,
അതിനെ വേണ്ടെന്നും വയ്ക്കാം.
*
മഴ, മഞ്ഞ്, ആലിപ്പഴം:
ഒക്കെയും വെവ്വേറെ.
വീഴുമ്പോൾപ്പക്ഷേ,
ഒരേ പുഴവെള്ളം.
*
പൈനിലകൾ വാരിമൂടി
പോന്ന വഴി മറയ്ക്കുക;
എവിടെ നിങ്ങളിരിയ്ക്കുമിടമെ-
ന്നറിയാതെ പോകട്ടെ ലോകം.
*
എത്ര വ്യർത്ഥം,
ചുടുകാട്ടിലെ ചടങ്ങുകൾ.
വിലപിക്കുന്നവരറിയുന്നില്ലേ,
വരുമൂഴം തങ്ങളുടേതെന്ന്?
*
‘ജീവിതം നശ്വരം!’
ചിത പുകയുമ്പോൾ
നാമോർക്കുന്നു;
എന്നറിയും നാം പക്ഷേ,
അതേ വഞ്ചിയിലാണു നാമെന്ന്?
*
ഒക്കെയും വ്യർത്ഥം!
ദൃഢഗാത്രനൊരു ചങ്ങാതി,
ഇന്നു രാവിലെ;
ചിതയിലെ പുകച്ചുരുൾ,
ഇന്നു സന്ധ്യക്ക്.
*
എത്ര ദാരുണം!
കാറ്റു വീശിയകറ്റുന്നു,
ചിതയിലെ പുകച്ചുരുൾ.
*
കത്തിച്ചാലതു ചാരമാവുന്നു,
കുഴിച്ചിട്ടാൽ മണ്ണാവുന്നു.
നാം ശേഷിപ്പിച്ചുപോകുന്നതു
നാം ചെയ്തുവച്ച പാപങ്ങളോ?
*
ഇങ്ങനെയാണു ലോകത്തിന്റെ പ്രകാരം. ലോകത്തിന്റെ നശ്വരതയെക്കുറിച്ചു ഗ്രാഹ്യമില്ലാത്തവർ അതു കണ്ടു ചകിതരാവുകയും, ആശ്ചര്യപ്പെടുകയും ചെയ്യുന്നു. ചുരുക്കം പേരേ ഇന്നു ബുദ്ധമാർഗ്ഗത്തിലുള്ളു. ആശ്രമങ്ങൾ മിക്കവയും ശൂന്യം. ഗുരുക്കന്മാർ അജ്ഞന്മാരായിരിക്കുന്നു; അവർ ധ്യാനം ശല്യമെന്നു കരുതി ഉപേക്ഷിച്ചിരിക്കുന്നു. ധ്യാനത്തിലല്ല, ക്ഷേത്രം മോടിപ്പെടുത്തുന്നതിലാണവർക്കു ശ്രദ്ധ. വെറും ജാടയാണവരുടെ ധ്യാനം; അവർ ഭിക്ഷുക്കളെന്ന വേഷം കെട്ടുന്നതേയുള്ളു- അവരുടെ സന്ന്യാസവേഷം പീഡനത്തിന്റെ കനത്ത പടച്ചട്ടയായേക്കാം ഇനിയൊരു നാൾ.

സംസാരചക്രത്തിൽ ജന്മമെടുക്കുക എന്നതു നരകത്തിലേക്കു നയിക്കുന്നു; ദുരാർത്തി വിശപ്പടങ്ങാത്ത ഭൂതമായി നിങ്ങൾക്കു പുനർജ്ജന്മം നൽകുന്നു; അജ്ഞത അടുത്ത ജന്മത്തിൽ നിങ്ങളെ മൃഗമാക്കുന്നു; കോപം പിശാചാക്കുന്നു. ഉപദേശങ്ങളെ പിൻപറ്റുക, മനുഷ്യജന്മം നിങ്ങൾക്കു കിട്ടും. നല്ലതു ചെയ്യുക, ദേവകളുടെ തലത്തിലേക്കു നിങ്ങളുയരും. ഈ ആറു മണ്ഡലങ്ങൾക്കും മുകളിൽ ബുദ്ധന്മാരുടെ മണ്ഡലങ്ങൾ നാലുണ്ട്; അങ്ങനെ പത്തായിട്ടാണ്‌ അസ്തിത്വത്തിന്റെ വിന്യാസം. എന്നാൽ ബോധോദയത്തിന്റെ മുഹൂർത്തത്തിൽ നിങ്ങൾക്കു വെളിപ്പെടുന്നു, അവ രൂപരഹിതങ്ങളാണെന്ന്, അവയ്ക്കിടനിലകളില്ലെന്ന്, അവയെ വെറുക്കുകയോ, ഭയക്കുകയോ, ആഗ്രഹിക്കുകയോ ചെയ്യേണ്ടതില്ലെന്ന്. അസ്തിത്വമെന്നാൽ വിശാലമായ ആകാശത്തു പാറിപ്പോകുന്ന ഒരു മേഘത്തുണ്ടു പോലെയേയുള്ളു, വെള്ളത്തിലെ നുര പോലെയേയുള്ളു. മനസ്സിൽ ഒരു ചിന്തയും അങ്കുരിക്കുന്നില്ല, അതിനാൽ യാതൊന്നും സൃഷ്ടമാവുന്നുമില്ല. സംശയിക്കേണ്ട, മനസ്സും വസ്തുവും ഒന്നുതന്നെ, ഒരേപോലെ ശൂന്യവും.

അഗ്നി പോലെയാണു മനുഷ്യജന്മം- അമ്മയച്ഛന്മാരായ അരണികൾക്കു പിറക്കുന്ന തീപ്പൊരിയാണു മനുഷ്യശിശു. അമ്മയച്ഛന്മാരും എരിഞ്ഞടങ്ങുന്നു - ഒക്കെയും ശൂന്യത്തിൽ നിന്നു പിറന്നവ. രൂപങ്ങളിൽ നിന്നു സ്വയം മുക്തനാവൂ, സത്തയുടെ ആദിമാധാരത്തിലേക്കു മടങ്ങൂ.

ചെറിമരം വെട്ടിപ്പിളർന്നാൽ
പൂക്കളെവിടെ?
വസന്തമെത്തുമ്പോൾപ്പക്ഷേ,
പൂക്കളാണെങ്ങും.
*
ഒരു പാലവും വേണ്ടാതെയല്ലേ,
മേഘങ്ങളുയരത്തിലെത്തി?
തുണയ്ക്കായവയ്ക്കു വേണ്ട,
ഒരു ബുദ്ധന്റെ സാരോപദേശവും.

ഗൗതമബുദ്ധൻ അമ്പതു കൊല്ലം ധർമ്മം പ്രസംഗിച്ചു നടന്നു; ഒരിക്കൽ ശിഷ്യകാശ്യപൻ അദ്ദേഹത്തിന്റെ ഉപദേശങ്ങളിലേക്കുള്ള സൂചകമെന്തെന്നു ചോദിച്ചപ്പോൾ ബുദ്ധൻ പറഞ്ഞു, ‘തുടക്കം മുതലൊടുക്കം വരെ ഒരു വാക്കും ഞാനുരിയാടിയിട്ടില്ല.’ എന്നിട്ടദ്ദേഹം ഒരു പൂവെടുത്തു കാട്ടി. കാശ്യപൻ അതു കണ്ടു മന്ദഹസിച്ചു; ബുദ്ധൻ പൂവെടുത്തു കാശ്യപനു നൽകിക്കൊണ്ടു പറഞ്ഞു, ‘നിത്യസത്യത്തിന്റെ ആശ്ചര്യമാനസം നിനക്കു സ്വന്തം.’ ‘അങ്ങെന്താണർത്ഥമാക്കുന്നത്?’ കാശ്യപൻ ചോദിച്ചു. ബുദ്ധൻ പറഞ്ഞു, ‘എന്റെ അമ്പതു കൊല്ലത്തെ പ്രബോധനത്തിനിടയിൽ നിന്നെ മാടിവിളിയ്ക്കുകയായിരുന്നു ഞാൻ, സമ്മാനം തരാമെന്നു കൊതിപ്പിച്ച് ഒരു കുഞ്ഞിനെ കൈകളിലേക്കു വശീകരിച്ചുവരുത്തുന്നപോലെ.‘

ഈ ധർമ്മപുഷ്പത്തെ ഭൗതികമോ, മാനസികമോ, വാചികമോ ആയി വിവരിക്കാനാവില്ല. അതു വസ്തുവോ, ആത്മാവോ അല്ല. അതു വിജ്ഞാനമല്ല. നമ്മുടെ ധർമ്മം ഭൂതഭാവിവർത്തമാനകാലങ്ങളിലെ ബുദ്ധന്മാരെയൊക്കെ വഹിക്കുന്ന ഏകയാനമത്രെ. അതിലുണ്ട്, ഇരുപത്താറു ഭാരതീയഗുരുക്കുന്മാരും, ആറു ചീനഗുരുക്കന്മാരും. അതത്രേ, സത്തയുടെ ആദിമാധിഷ്ഠാനം. ഒന്നിനും തുടക്കമില്ല, അതിനാൽ തന്നിൽത്തന്നെയടങ്ങുന്നവയാണൊക്കെയും. ആറിന്ദ്രിയങ്ങൾ, നാലു കാലങ്ങൾ, നാലു മഹാഭൂതങ്ങൾ എല്ലാം ഉല്പത്തിയാവുന്നതു ശൂന്യത്തിൽ; ചിലരേ അതറിയുന്നുള്ളു. വായു, ശ്വാസം; അഗ്നി, ചലനം; ജലം, രക്തം; ദേഹം എരിക്കുകയോ, കുഴിച്ചിടുകയോ ചെയ്യുമ്പോൾ അതു മണ്ണുമാവുന്നു. ഈ ഭൂതങ്ങളും പക്ഷേ ആരംഭമില്ലാത്തവയും, അതിനാൽ നിലനിൽക്കാത്തവയുമാണ്‌.

ഈ ലോകത്തു സർവ്വതും
അയഥാർത്ഥം;
മരണം തന്നെയും
മായ.
*
മായ നമ്മെ വ്യാമോഹിപ്പിക്കുന്നു, ദേഹം മരിച്ചാലും ആത്മാവു ശേഷിക്കുമെന്ന്. പരമാബദ്ധമാണത്. ശരീരവും ആത്മാവും ഒരേപോലെ നശിക്കുമെന്ന് ജ്ഞാനം ലഭിച്ചവൻ പറയുന്നു. ’ബുദ്ധൻ‘ എന്നാൽ ശൂന്യം. എമ്പതിനായിരം വേദഗ്രന്ഥങ്ങൾ മാറ്റിവച്ചിട്ട്, ഈയൊരു ചെറുഗ്രന്ഥത്തിൽ ഒക്കെയും ഞാൻ സംക്ഷേപിച്ചിരിക്കുന്നു. നിങ്ങൾക്കിതു വലുതായ ആനന്ദം വരുത്തും.

മറ്റൊരാൾക്കു വായിക്കാൻ
എഴുതിവച്ചിട്ടുപോവുക:
അതുമൊരു സ്വപ്നം.
ഉണരുമ്പോൾ ഞാനറിയുന്നു,
വായിക്കാനാരുമില്ലെന്ന്.


ഇക്ക്യു (1394-1481) - ജാപ്പനീസ് സെൻഗുരു.


 

No comments: