Tuesday, December 20, 2011

റിൻസായി - ബുദ്ധനെ കൊല്ലുക!


ശിഷ്യരേ, ഏകാന്തമായ ഒരു മലമുടി മേൽ നിൽക്കുന്ന ഒരുവന്‌ താഴേക്കിറങ്ങാൻ ഒരു വഴിയും കാണുന്നില്ല; തിരക്കേറിയ ഒരു നാൽക്കവലയിൽ നിൽക്കുന്ന മറ്റൊരുവന്‌ മുന്നിലേക്കോ, പിന്നിലേക്കോ പോകാനുമാവുന്നില്ല. പറയൂ, ആരാണു മുന്നിൽ, ആരു പിന്നിലായി?

*

ഒരാൾ നിത്യവും യാത്രയിലാണ്‌, എന്നാലയാൾ വീടു വിട്ടിറങ്ങിയിട്ടേയില്ല; മറ്റൊരാൾ വീട്ടിൽ നിന്നിറങ്ങിക്കഴിഞ്ഞു, എന്നാൽ വഴിയിലേക്കെത്തിയിട്ടുമില്ല. ആരാണിവരിൽ മനുഷ്യരുടെയും ദേവകളുടെയും ആരാധനയ്ക്കർഹൻ?

*

ബുദ്ധന്മാരെയും ഗുരുക്കന്മാരെയും നിങ്ങൾക്കു കാണണോ? എന്റെ പ്രസംഗവും ശ്രവിച്ചുകൊണ്ട് എനിക്കു മുന്നിൽ നിൽക്കുകയാണവർ. നിങ്ങൾക്കാത്മവിശ്വാസമെന്നതില്ല, അതിനാൽ തേടിയലയുകയാണു നിങ്ങൾ. ഇനിയഥവാ നിങ്ങളെന്തെങ്കിലും കണ്ടെത്തിയാൽത്തന്നെ വെറും വാക്കുകളായിരിക്കുമവ, ഗുരുക്കന്മാരുടെ സാരമായിരിക്കില്ല.

എന്റെ അറിവു വച്ച് ശാക്യമുനിയിൽ നിന്നു ഭിന്നരല്ല നാമാരും. നാം നിത്യം ചെയ്യുന്ന കർമ്മങ്ങളിൽ എന്തിന്റെ കുറവാണുള്ളത്?

ബുദ്ധനെയും ഗുരുക്കന്മാരെയും പോലെയാകാനാണോ നിങ്ങൾക്കാഗ്രഹം? എങ്കിൽ നിങ്ങൾക്കു പുറത്തല്ല, അതിനുള്ള വഴി.

ശിഷ്യരേ, ജീവിതത്തിന്റെ ചുറ്റുപാടുകൾക്കൊത്തു പോകൂ, സ്വധർമ്മമനുഷ്ഠിക്കൂ. ഭിക്ഷുവേഷം ധരിക്കേണ്ട നേരത്ത് അതെടുത്തു ധരിക്കൂ; യാത്ര പോകേണ്ട നേരത്ത് വഴിയിലേക്കിറങ്ങൂ; ഇരിക്കണമെന്നു തോന്നുമ്പോളിരിക്കൂ. ബുദ്ധപദം പ്രാപിക്കണമെന്നൊരു ചിന്തയേ നിങ്ങൾക്കുണ്ടാവരുത്.

ശിഷ്യരേ, ബുദ്ധമാർഗ്ഗത്തിൽ വിശേഷിച്ചൊരു യത്നവുമെടുക്കാനില്ല; നിത്യജീവിതത്തിൽക്കവിഞ്ഞൊന്നും ചെയ്യാനില്ല- മലമൂത്രവിസർജ്ജനം ചെയ്യുക, വസ്ത്രം ധരിക്കുക, ആഹാരം കഴിക്കുക, ക്ഷീണിക്കുമ്പോൾ കിടന്നുറങ്ങുക.

*

എനിക്കു തോന്നുന്നു, ബുദ്ധനില്ല, ദേവകളില്ല, ഭൂതമില്ല, വർത്തമാനവുമില്ല. ആത്മജ്ഞാനത്തിനിടനില വേണ്ട, അതിനിന്നനേരമെന്നില്ല, അതിനു പരിശീലനം വേണ്ട, അതിനു ജ്ഞാനോദയവും വേണ്ട, അതിൽ ലാഭവും നഷ്ടവുമില്ല. ഇതല്ലാതെ മറ്റൊരുപദേശവുമില്ല. പ്രത്യേകിച്ചൊരു ധർമ്മമുണ്ടെങ്കിൽ അതു വെറും മായയും സ്വപ്നവുമെന്നേ ഞാൻ പറയൂ.

ശിഷ്യരേ, നേരുള്ളവനറിയുന്നു, ചെയ്യേണ്ടതായി യാതൊന്നുമില്ലെന്ന്; ഉള്ളു കൊണ്ടുറപ്പില്ലാത്ത അന്യരോ, എന്തോ തേടിയുഴന്നു നടക്കുകയും ചെയ്യുന്നു; സ്വന്തം തല പറിച്ചെറിഞ്ഞിട്ട് പിന്നെ അതും തേടി നടക്കുന്നപോലെയത്രേയത്.

*

ശിഷ്യരേ, മോഹിതരാവരുതേ! ഈ ലോകത്തും, മറ്റൊരു ലോകമുണ്ടെങ്കിലതിലുമുള്ളതെന്തും തനതായൊരു പ്രകൃതിയില്ലാത്തവയത്രെ. വെറും ശൂന്യമാണവ, അവയെക്കുറിക്കുന്ന ശൂന്യം എന്ന വാക്കു പോലെതന്നെ ശൂന്യം.

*

ശിഷ്യരേ, ധർമ്മത്തിന്റെ സ്വരൂപമറിയണമെന്നാണെങ്കിൽ അന്യരുടെ മായത്തിൽപ്പെട്ടുപോകരുതേ. ഉള്ളിലേക്കോ, പുറത്തേക്കോ തിരിഞ്ഞുനോക്കുമ്പോൾ മുന്നിൽ വരുന്നതെന്തായാലും അതിനെ കൊല്ലുക! ബുദ്ധനെയാണു മുന്നിൽ കാണുന്നതെങ്കിൽ ബുദ്ധനെ കൊല്ലുക; ഗുരുവിനെയെങ്കിൽ ഗുരുവിനെ കൊല്ലുക; ദേവനെങ്കിൽ ദേവനെ കൊല്ലുക; അമ്മയച്ഛന്മാരെങ്കിൽ അവരെ കൊല്ലുക; ബന്ധുക്കളെങ്കിൽ ബന്ധുക്കളെ കൊല്ലുക; എങ്കിലേ നിങ്ങൾ മുക്തി കാണൂ; ഒന്നിനോടും പറ്റിച്ചേരാതിരുന്നാലേ, എവിടെയായാലും സ്വതന്ത്രരാവൂ നിങ്ങൾ.

*

മനുഷ്യർക്കുപദേശിക്കാനായി എന്റെ കൈയിൽ ഒന്നുമില്ല; ഞാൻ ചില പിശകുകൾ തിരുത്തുന്നതേയുള്ളു, ചില തുടലുകളഴിക്കുന്നതേയുള്ളു.

*

ചങ്ങലകളിൽ കിടക്കുന്ന ചിലർ പോയി ഒരു ഗുരുവിനെ കാണും; അയാൾ അവർക്കു നല്കുന്നതു മറ്റൊരു ചങ്ങലയായിരിക്കും. കാര്യമറിയാതെ അവർ സന്തുഷ്ടരുമാവും. ഇതിനാണു പറയുന്നത്: ഒരതിഥി മറ്റൊരതിഥിയെ നോക്കുന്നു.

*

ശിഷ്യന്മാരേ, ഞാൻ പറയുന്നതൊന്നും അന്ധമായി വിശ്വസിക്കരുതേ. എന്തുകൊണ്ട്? ഇതിനൊന്നും ഒരു തെളിവുമില്ല എന്നതിനാൽത്തന്നെ; ശൂന്യമായ വായുവിൽ വരഞ്ഞ ചിത്രങ്ങൾ മാത്രമാണവ.

എന്റെ ഗുരുനാഥൻ ഒരിക്കൽ പറഞ്ഞു: “വായ തുറക്കൂ, അതുതന്നെ പിശകായി.” അപ്പോൾ നിങ്ങൾ തന്നെ കണ്ണുതുറന്നു കാണുക- അത്രേയുള്ളു, അല്ലെങ്കിൽ ഈ സംസാരത്തിനവസാനവുമില്ല.


റിൻസായി (810-866)- ചൈനീസ് സെൻ ഗുരു. സെൻ ബുദ്ധമതത്തിൽ റിൻസായിമാർഗ്ഗക്കാരുടെ ആദിഗുരു.


No comments: