Tuesday, December 13, 2011

ചെസ് വാ മിവോഷ് - കുമ്പസാരം


കുമ്പസാരം


എന്റെ ദൈവമേ, എനിക്കു സ്ട്രോബെറിജാമിഷ്ടമായിരുന്നു,
സ്ത്രീശരീരത്തിന്റെ ഇരുണ്ട മാധുര്യവും.
തണുപ്പിച്ച വോഡ്കയെനിക്കിഷ്ടമായിരുന്നു,
ഒലീവെണ്ണയിൽ മൂപ്പിച്ച മത്തിയും,
ഇലവർങ്ങത്തിന്റെയും കരയാമ്പൂവിന്റെയും മണവും.
എങ്കിലെന്തുമാതിരി പ്രവാചകനായിരുന്നു ഞാൻ?
എന്തിനിങ്ങനെയൊരു മനുഷ്യനിൽ പരിശുദ്ധാത്മാവു വന്നിറങ്ങി?
എത്രപേരുണ്ടായിരുന്നു ആ പേരിനർഹർ, വിശ്വസ്തരും.
എന്നിലാരു വിശ്വാസമർപ്പിക്കാൻ?
അവർ കണ്ടിരിക്കുന്നു, ഞാൻ ഗ്ളാസ്സുകൾ കാലിയാക്കുന്നതും,
ഭക്ഷണത്തിന്മേൽ ചാടിവീഴുന്നതും,
ഹോട്ടൽപരിചാരികയുടെ പിൻകഴുത്തിൽ ആർത്തിയോടെ കണ്ണോടിക്കുന്നതും.
ഒരു ന്യൂനതയുള്ളവൻ, അതേക്കുറിച്ചറിയുന്നവനും.
മഹത്വം കൊതിക്കുന്നവൻ, അതു കണ്ടാലറിയുന്നവൻ,
എന്നാൽ ദീർഘദർശിയെന്നു പറയാനില്ലാത്തവനും.
എന്നെപ്പോലെ ചെറുതുകൾക്കു വച്ചിരിക്കുന്നതെന്തെന്നെനിക്കറിയാം:
ആയുസ്സധികമില്ലാത്ത പ്രത്യാശകളുടെ ഒരു സദ്യവട്ടം,
ആത്മാഭിമാനികളുടെ ഒരു ഘോഷയാത്ര,
കൂനന്മാരുടെ കായികമേള , സാഹിത്യം.

1985


എന്റെ


“എന്റെ അമ്മയച്ഛന്മാർ, എന്റെ ഭർത്താവ്, എന്റെ സഹോദരൻ, എന്റെ സഹോദരി.”
പ്രഭാതഭക്ഷണസമയത്ത് കാപ്പിക്കടയിൽ കാതോർത്തിരിക്കുകയാണു ഞാൻ.
സ്ത്രീകളുടെ ശബ്ദങ്ങൾ മർമ്മരമുയർത്തുന്നു,
അവശ്യം തന്നെയായൊരനുഷ്ഠാനത്തിലവർ നിർവൃതി കൊള്ളുന്നു.
അവരുടെ ചലിയ്ക്കുന്ന ചുണ്ടുകളിലേറുകണ്ണിട്ടുനോക്കവെ,
ഈ ഭൂമിയിലുണ്ടായതിലാനന്ദം കൊള്ളുകയുമാണു ഞാൻ,
ഒരു നിമിഷത്തേക്ക്, അവരോടൊപ്പം, ഈ ഭൂമിയിൽ,
നമ്മുടെ കൊച്ചുകൊച്ചെന്റെകളെ കൊണ്ടാടാൻ.



ഇതുമാത്രം

ഒരു താഴ്വാരം, അതിനുമേൽ ശരൽക്കാലത്തിന്റെ നിറഭേദങ്ങളുമായി ഒരു വനം.
ഒരു സഞ്ചാരി വന്നുചേരുന്നു; ഒരു ഭൂപടമെത്തിച്ചതാണയാളെയവിടെ,
അതല്ലെങ്കിലൊരു സ്മരണ. ഒരിക്കൽ, വളരെപ്പണ്ടൊരിക്കൽ,
വെയിലു വീഴുമ്പോൾ, ആദ്യത്തെ മഞ്ഞു പെയ്യുമ്പോളീവഴി പോകവെ,
അയാളാഹ്ളാദമറിഞ്ഞിരുന്നു, ബലത്തതും, കാരണങ്ങളില്ലാത്തതും,
കാഴ്ചയുടെ ആഹ്ളാദം. സർവ്വതും താളത്തിലായിരുന്നു,
ഇളകുന്ന മരങ്ങളുടെ, ചിറകേറിയ കിളിയുടെ,
പാലത്തിനു മേലൊരു തീവണ്ടിയുടെ; ചലനത്തിന്റെ വിരുന്നായിരുന്നു.
അയാൾ മടങ്ങിവരുന്നു, വർഷങ്ങൾക്കു ശേഷം, ഉപാധികളൊന്നുമില്ലാതെ.
അയാൾക്കൊന്നേ വേണ്ടു, അനർഘമായതൊന്ന്:
കാണുക, ശുദ്ധവും സരളവുമായി, പേരുകളില്ലാതെ,
പ്രതീക്ഷകളും ഭയങ്ങളും പ്രത്യാശകളുമില്ലാതെ,
ഞാനും ഞാനല്ലാത്തതുമില്ലാത്തൊരതിരിൽ നിന്നും.

1985


 

No comments: