ഒരു ശിശു,
ഒരു നവജാതശിശു,
ചുവന്നുതുടുത്തൊരു ശിശു.
കുഞ്ഞു ചിണുങ്ങിക്കരയുന്നു-
എല്ലാ കുഞ്ഞുങ്ങളുമങ്ങനെയാണ്.
അമ്മ കുഞ്ഞിനെ മാറോടടുക്കുന്നു.
കുഞ്ഞിനു സമാധാനമാവുന്നു.
കുഞ്ഞുങ്ങളങ്ങനെയാണ്.
പഴുതടഞ്ഞതല്ല മേൽക്കൂര-
ചില മേൽക്കൂരകളങ്ങനെയാണ്.
ഒരു നക്ഷത്രം വിടവിലൂടെ
വെള്ളിമുഖമമർത്തിനോക്കുന്നു,
കുഞ്ഞിനടുത്തേക്കതിഴഞ്ഞെത്തുന്നു.
നക്ഷത്രങ്ങൾക്കു കുഞ്ഞുങ്ങളെ ഇഷ്ടമാണ്.
അമ്മ നക്ഷത്രത്തെ നോക്കുന്നു,
അവർക്കു മനസ്സിലാവുന്നു-
എല്ലാ അമ്മമാർക്കും മനസ്സിലാവും.
പേടിച്ച കുഞ്ഞിനെ അവർ മാറോടടുക്കുന്നു-
കുഞ്ഞു ശാന്തനായി നക്ഷത്രവെളിച്ചമൂറ്റിക്കുടിക്കുന്നു:
എല്ലാ കുഞ്ഞുങ്ങളും നക്ഷത്രവെളിച്ചമൂറ്റിക്കുടിക്കും.
കുരിശിനെക്കുറിച്ചതറിയാറായിട്ടില്ല.
ഒരു കുഞ്ഞിനുമതറിയില്ല.
(എൽമെർ ദിൿതോണിയസ് (1896-1961) - ഫിൻലന്റിലെ ഹെൽസിങ്കിയിൽ ജനിച്ചു.)
No comments:
Post a Comment