Wednesday, December 21, 2011

ജോഷു - സെൻ വചനങ്ങൾ


ജോഷു ഗുരുവിനോടു ചോദിച്ചു: ഏതാണു മാർഗ്ഗം?
ഗുരു പറഞ്ഞു: സാധാരണമനസ്സു തന്നെ മാർഗ്ഗം.
ജോഷു ചോദിച്ചു: എങ്കിൽ ഞാനെന്നെ അതിലേക്കു നയിച്ചാലോ?
ഗുരു പറഞ്ഞു: തേടുക എന്നാൽ മാറിപ്പോവുക എന്നുതന്നെ.
ജോഷു ചോദിച്ചു: തേടാതെ ഞാനെങ്ങനെ മാർഗ്ഗത്തെക്കുറിച്ചറിയും?
ഗുരു പറഞ്ഞു: അറിയുകയും അറിയാതിരിക്കലും മാർഗ്ഗത്തിനുള്ളതല്ല. അറിയുക എന്നാൽ ഒരാശയമുണ്ടാവുക എന്നാണ്‌; അറിയാതിരിക്കുക, അജ്ഞനാവുകയും. മാർഗ്ഗത്തെക്കുറിച്ചു യഥാർത്ഥജ്ഞാനമുണ്ടാവുക എന്നാൽ അതാകാശത്തെ കാണും പോലെയാണ്‌: വിപുലവും അനാവൃതവുമായ ശൂന്യത. ‘അതെ’യെന്നോ, ‘അല്ല’യെന്നോ നീയെങ്ങനെ അതിനോടു പറയും?
*

ഒരു ഭിക്ഷു ചോദിച്ചു: ഏതാണൊറ്റവാക്ക്‌?
ജോഷു പറഞ്ഞു: ഒറ്റ വാക്കിൽ കടിച്ചുതൂങ്ങിക്കിടന്നാൽ നീ കിഴവനായിപ്പോകുമെന്നേയുള്ളു.
*

ഒരിക്കൽ ജോഷു പറഞ്ഞു: ഞാനിവിടെ വന്നിട്ടു മുപ്പതു കൊല്ലമായിരിക്കുന്നു. ഇതേവരെ ഒരു സെൻമനുഷ്യനും ഇങ്ങോട്ടെത്തിനോക്കിയിട്ടില്ല. ഇനി വന്നാൽത്തന്നെ ഒരു രാത്രി തങ്ങി, ശാപ്പാടും തട്ടി കൂടുതൽ സുഖം കിട്ടുന്ന സ്ഥലം തേടി പോകാറേയുള്ളു.
ഒരു ഭിക്ഷു ചോദിച്ചു: ഒരു സെൻമനുഷ്യൻ വന്നുവെന്നിരിക്കട്ടെ, അങ്ങയാളോടെന്തു പറയും?
ജോഷു പറഞ്ഞു: ആയിരം മന്നു ഭാരമുള്ള വില്ലിപ്പോൾ ചുണ്ടെലിയ്ക്കു നേരെ തൊടുക്കാറില്ല.
*

പ്രഭാഷണത്തിനായി പീഠത്തിലിരുന്നിട്ട്‌ ജോഷു ചോദിച്ചു: എല്ലാവരുമെത്തിയിട്ടുണ്ടോ?
ആരോ പറഞ്ഞു: എല്ലാവരുമുണ്ട്‌.
ജോഷു പറഞ്ഞു: ഇനിയും വരാനുള്ള ഒരാളെത്തിക്കഴിഞ്ഞാൽ ഞാൻ പ്രസംഗം തുടങ്ങാം.
ഒരു ഭിക്ഷു പറഞ്ഞു: വരാത്തൊരാൾക്കു വേണ്ടിയാണ്‌ അങ്ങു കാക്കുന്നതെന്നു ഞാൻ പറയുന്നു.
ജോഷു പറഞ്ഞു: കണ്ടുകിട്ടാൻ വളരെ വിഷമിക്കേണ്ട ഒരാളാണയാൾ.
*

ഒരു ഭിക്ഷു ചോദിച്ചു: ഞാൻ ബുദ്ധനാവാൻ നോക്കിയാൽ അങ്ങെന്തു പറയും?
ജോഷു പറഞ്ഞു: ഊർജ്ജത്തിന്റെ ദുർവ്യയം.
ഭിക്ഷു ചോദിച്ചു: ഞാൻ ഊർജ്ജം ദുർവ്യയം ചെയ്യുന്നില്ലെങ്കിൽ?
ജോഷു പറഞ്ഞു: എങ്കിൽ നീ ബുദ്ധൻ തന്നെ.
*

ഒരു ഭിക്ഷു ചോദിച്ചു: പുരാതനർ പറഞ്ഞതെന്ത്‌?
ജോഷു പറഞ്ഞു: ശ്രദ്ധിക്കൂ, ശ്രദ്ധിക്കൂ.
*

ഒരു ഭിക്ഷു ചോദിച്ചു: ബുദ്ധനെയും കടന്നുപോകുന്നവനാര്‌?
ജോഷു പറഞ്ഞു: കാളയെ തെളിച്ചുപോകുന്നവൻ, പാടത്തുഴുന്നവൻ.
*

ഒരു ഭിക്ഷു ചോദിച്ചു: എന്താണു ബുദ്ധൻ?
ജോഷു പറഞ്ഞു: താൻ ബുദ്ധനല്ലേ?
*

ഒരു ഭിക്ഷു ചോദിച്ചു: ഏതാണൊറ്റവാക്ക്‌?
ജോഷു പറഞ്ഞു: രണ്ടു വാക്ക്‌.
*

ഒരു ഭിക്ഷു ചോദിച്ചു: ആരാണെന്റെ ഗുരു?
ജോഷു പറഞ്ഞു: മലമുടികളിൽ നിന്നുയരുന്ന മേഘങ്ങൾ, ഒച്ച കേൾപ്പിക്കാതെ താഴ്വരകളിലേക്കൊഴുകിയെത്തുന്ന ചോലകൾ.
ഭിക്ഷു പറഞ്ഞു: അവയെക്കുറിച്ചല്ല ഞാൻ ചോദിച്ചത്‌.
ജോഷു പറഞ്ഞു: അവയാണു ഗുരു നിനക്കെങ്കിലും നിനക്കതു മനസ്സിലായിട്ടില്ല.
*

ഒരു ഭിക്ഷു ചോദിച്ചു: എന്താണെന്റെ ആത്മാവ്‌?
ജോഷു ചോദിച്ചു: നീ രാവിലെ കഞ്ഞി കുടിച്ചോ?
ഭിക്ഷു പറഞ്ഞു: കുടിച്ചു.
ജോഷു പറഞ്ഞു: എന്നാൽ പോയി കിണ്ണം കഴുകി കമിഴ്ത്തിവയ്ക്കൂ.
*

ഒരു ഭിക്ഷു ചോദിച്ചു: അടുത്തുള്ള ഒന്നിനെക്കുറിച്ച്‌ അങ്ങയ്ക്കു പറയാമോ?
ജോഷു പറഞ്ഞു: വളരെയെളുപ്പമാണു പെടുക്കാൻ, അതിനെനിയ്ക്കു പരസഹായവും വേണ്ട.
*

ഒരു ഭിക്ഷുണി ചോദിച്ചു: മനസ്സിന്റെ രഹസ്യമെന്താണ്‌?
ജോഷു അവളുടെ കൈ പിടിച്ചമർത്തി.
ഭിക്ഷുണി ചോദിച്ചു: അങ്ങയുടെ മനസ്സിൽ നിന്ന്‌ ഇനിയുമതു പോയിട്ടില്ലേ?
ജോഷു പറഞ്ഞു: നിന്റെ മനസ്സിലാണതുള്ളത്‌.
*

ഒരു ഭിക്ഷു ചോദിച്ചു: ഏഴു ബുദ്ധന്മാർക്കും ഗുരു എന്തായിരുന്നു?
ജോഷു പറഞ്ഞു: ഉറങ്ങേണ്ടപ്പോൾ ഉറങ്ങുക, ഉണരേണ്ടപ്പോൾ ഉണരുക.
*

ഒരു ഭിക്ഷു ചോദിച്ചു: അങ്ങയുടെ കുടുംബപാരമ്പര്യമെന്താണ്‌?
ജോഷു പറഞ്ഞു: ഉള്ളിലൊന്നുമില്ലാതിരിക്കുക, പുറത്തൊന്നിനെയും തേടാതിരിക്കുക.
*

ഒരു ഭിക്ഷു സംശയം ചോദിക്കാനായി ചെല്ലുമ്പോൾ ജോഷു മുഖം മറച്ചിരിക്കുന്നതു കണ്ടു മടങ്ങിപ്പോയി.
ജോഷു പിന്നാലെ വിളിച്ചുപറഞ്ഞു: ഞാൻ മറുപടി തന്നില്ലെന്നു നീ പറയരുത്‌.
*

ജോഷു ആശ്രമം വിട്ടിറങ്ങുപോൾ ഒരു ഭിക്ഷു നമസ്കരിച്ചു. ജോഷു അയാൾക്കിട്ടൊരടിയും കൊടുത്തു.
ഭിക്ഷു ചോദിച്ചു: വണങ്ങുന്നതു നല്ല കാര്യമല്ലേ?
ജോഷു പറഞ്ഞു: ഇല്ലാത്ത കാര്യം പോലെ നല്ലതല്ല, നല്ല കാര്യം.
*


ജോഷു (778-897)- ചൈനീസ് സെൻ ഗുരു.


 

No comments: