Sunday, February 28, 2010

നെരൂദ-പുസ്തകത്തിനൊരു ഗീതകം



പുസ്തകമേ,
നിന്നെയടയ്ക്കുമ്പോൾ
ജീവിതം തന്നെ തുറക്കുന്നു.
തുറയിൽ ഞാൻ
ഒച്ചവയ്പ്പുകൾ കേൾക്കുന്നു..
ചെമ്പു കയറ്റിയ വണ്ടികൾ
ഒച്ചുകളെപ്പോലെ മണല്പരപ്പും കടന്ന്
ടോക്കോപ്പില്ലായിലേക്കു പോകുന്നു.
രാത്രിനേരമാണ്.
ദ്വീപുകൾക്കിടയിൽ
ഞങളുടെ കടൽ
മീൻ നിറഞ്ഞു തുടിയ്ക്കുന്നു.
എന്റെ ദേശത്തിന്റെ കാലുകളിൽ,
തുടകളിൽ,
ചുണ്ണാമ്പുകൽവാരിയെല്ലുകളിൽ
അതിന്റെ വിരലോടുന്നു.
രാത്രി തീരത്തു പറ്റിപ്പിടിയ്ക്കുന്നു,
ഉണരുന്നൊരു ഗിത്താറു പോലെ
പാട്ടും പാടി
പുലർച്ചയ്ക്കതെഴുന്നേറ്റുവരുന്നു.

കടലെന്നെ വിളിയ്ക്കുന്നു.
കാറ്റെന്നെ വിളിയ്ക്കുന്നു,
റോഡ്രിഗ്സും ഹൊസ്സേ അന്തോണിയോയും
എന്നെ വിളിയ്ക്കുന്നു.
ഖനിത്തൊഴിലാളികളുടെ യൂണിയൻ
ഒരു കമ്പിയടിച്ചിരിക്കുന്നു,
ഞാൻ സ്നേഹിക്കുന്ന ഒരുവൾ
(പേരു ഞാൻ പറയില്ല)
ബുക്കാലെമൂവിൽ
എന്നെ കാത്തിരിക്കുകയും ചെയ്യുന്നു.

പുസ്തകമേ,
കടലാസ്സു കൊണ്ടെന്നെപ്പൊതിയാൻ
നിനക്കായിട്ടില്ല,
അകഷരവടിവു കൊണ്ട്‌,
സ്വർഗീയചിത്രങ്ങൾ കൊണ്ട്‌
എന്നെ മൂടാൻ
നിനക്കായിട്ടില്ല.
പുറംചട്ടകൾക്കിടയിൽ
എന്റെ കണ്ണുകളെ കുടുക്കാൻ
നിനക്കിനിയും കഴിഞ്ഞിട്ടില്ല.
നിന്നെവിട്ടു ഞാൻ  പോകുന്നു,
എന്റെ പാട്ടിന്റെ
തൊണ്ട കാറിയ കുടുംബവുമൊത്ത്‌
തോട്ടങ്ങളിൽ കുടിപാർക്കാൻ,
പഴുപ്പിച്ച ലോഹത്തിൽ വേല ചെയ്യാൻ,
മലയോരക്കോലായിൽ
ഇറച്ചി ചുട്ടതും തിന്നുംകൊണ്ടിരിക്കാൻ.
എനിക്കിഷ്ടം
പര്യവേക്ഷകരായ പുസ്തകങ്ങളെ,
കാടും മഞ്ഞും
ആഴവും മാനവുമുള്ള പുസ്തകങ്ങളെ.
ചിലന്തികളുടെ പുസ്തകത്തെ
എനിക്കു വെറുപ്പാണ്;
വിഷനൂൽ കൊണ്ടു വലയും നെയ്ത്
അതു കെണിയിൽ പിടിയ്ക്കുന്നു,
പ്രായം കുറഞ്ഞ, പക്വത കുറഞ്ഞ
ഈച്ചയെ.
പുസ്തകമേ,
എന്നിൽ നിന്നു
നിൻ്റെ പിടി വിടൂ.
വാല്യങ്ങളിൽ ചത്തുകിടക്കാൻ
ഞാനില്ല,
സമ്പൂർണ്ണകൃതികളിൽ നിന്നിറങ്ങിവരാൻ
ഞാനില്ല,
എന്റെ കവിതകൾ തിന്നുന്നത്‌
കവിതകളല്ല,
അതു വെട്ടിവിഴുങ്ങുന്നത്‌
ത്രസിപ്പിക്കുന്ന സംഭവങ്ങൾ,
മഴയത്തും വെയിലത്തും
അതിറങ്ങിനടക്കും,
അതിനെ ഊട്ടുന്നത്
മണ്ണും മനുഷ്യരും.
പുസ്തകമേ,
ഞാൻ വഴിയിലേക്കിറങ്ങട്ടെ,
ചെരുപ്പിൽ ചെളിയുമായി,
പുരാണങ്ങളുടെ മാറാപ്പില്ലാതെ.
നീ അലമാരയിലേക്കു മടങ്ങൂ,
ഞാൻ തെരുവിലേക്കിറങ്ങട്ടെ.

ജീവിതമെന്തെന്ന്
ജീവിതത്തിൽ നിന്നുതന്നെ ഞാൻ പഠിച്ചു,
ഒരേയൊരു ചുംബനത്തിൽ നിന്നുതന്നെ
പ്രണയമെന്തെന്നും ഞാൻ  പഠിച്ചു.
ആരെയും ഞാൻ യാതൊന്നും പഠിപ്പിച്ചിട്ടില്ല,
ഞാൻ ജീവിച്ചറിഞ്ഞതല്ലാതെ,
അന്യർക്കുമെനിക്കും പൊതുവായിട്ടുള്ളതല്ലാതെ,
അവർക്കൊപ്പം പടവെട്ടിനേടിയതല്ലാതെ,
അന്യർ പറയേണ്ടതെൻ്റെ പാട്ടിലാക്കി
ഞാൻ പറഞ്ഞതല്ലാതെ.


painting by vincent van gogh (1885) from wikimedia commons

നെരൂദ-എത്രകാലം?

 

File:Near-Death-Experience Illustration.jpg

എത്രകാലം ജീവിക്കാനാണൊരാൾ?
ഒരായിരം നാൾ, അതോ വെറുമൊരു നാളോ?
ഒരാഴ്ച,അല്ല പല നൂറ്റാണ്ടുകൾ?
എത്രനാൾ വേണം ഒരാൾക്കു ചാവാൻ?
എന്നെന്നുമെന്നാൽ എന്തൊന്ന്?

ഈതരമാലോചനകളിൽ വലഞ്ഞുപോയ ഞാൻ
സംശയനിവൃത്തിക്കായി ഒരുമ്പെട്ടിറങ്ങി.
ഗ്രഹിതക്കാരായ പുരോഹിതന്മാരെ ചെന്നുകണ്ടു ഞാൻ.
അവർ കർമ്മങ്ങൾ കഴിച്ചു വരുംവരെ ഞാൻ കാത്തുനിന്നു.
ദൈവത്തെയും പിശാചിനെയും
അവർ ചെന്നുകാണുന്നതും ഞാൻ കണ്ടുനിന്നു.

അവർക്കെന്റെ ചോദ്യങ്ങൾ മുഷിഞ്ഞു.
അത്രയ്ക്കേ അവർക്കറിയൂ,
ഭരിക്കാനേ അവർക്കറിയൂ.

പരിശോധനകൾക്കിടയിലിടകിട്ടിയപ്പോൾ
ഡോക്ടർമാർ എന്നെക്കാണാൻ തയാറായി,
ഓരോ കൈയിലും കീറാനുള്ള കത്തി
ആകെ ഔറൊമൈസിൻ
തിരക്കേറുകയാണോരോ നാളും.
അവരുടെ ഭാഷ കേട്ടിട്ട്‌
എനിക്കു മനസ്സിലായതിത്രയും:
ഒരു മൈക്രോബിന്റെ മരണമല്ല
-ടൺ കണക്കിനാണല്ലോ അവ ചാവുന്നത്‌-
ശേഷിച്ച ചിലതു കാണിക്കുന്ന വൈകൃതമാണു പ്രശ്നം.

അതുകേട്ടു വിരണ്ട ഞാൻ
ശവക്കുഴിയെടുപ്പുകാരെ തിരഞ്ഞുപിടിച്ചു.
പുഴക്കരകളിലെ ചിതാഘട്ടങ്ങളിൽ പോയി ഞാൻ,
അവിടെ ദഹിക്കുന്നുണ്ട്‌
ചായം പൂശിയ കൂറ്റൻജഡങ്ങൾ,
എല്ലരിച്ച കുഞ്ഞുദേഹങ്ങൾ,
ഘോരശാപങ്ങൾ പരിവേഷമണയ്ക്കുന്ന ചക്രവർത്തിമാർ,
നടപ്പുദീനകാലത്തില്ലാതെയായ സ്ത്രീകൾ.
ചത്തവരും ചായം തേച്ച വിദഗ്ധരും തിങ്ങിയ
കടലോരങ്ങളും ഞാൻ കണ്ടു.

ഒരു തക്കം കിട്ടിയപ്പോൾ
ഒരു കൂട്ടം ചോദ്യങ്ങൾ ഞാനെടുത്തിട്ടു.
എന്നെ വേണമെങ്കിൽ കത്തിച്ചുതരാമെന്നാണവർ പറഞ്ഞു.
അവർക്കറിയാവുന്നതതുമാത്രം.

എന്റെ നാട്ടിലെ ശവമെടുപ്പുകാർ
ഗ്ലാസ്സുകൾ ഒഴിച്ചുംകൊണ്ട്‌ പറഞ്ഞതിങ്ങനെ:
'നല്ലൊരു പെണ്ണിനെ പിടിയ്ക്ക്‌,
വേണ്ടാത്തതൊക്കെ മനസ്സീന്നു കളയ്‌!'

ഇത്ര സന്തുഷ്ടരായ മനുഷ്യരെ ഞാൻ കണ്ടിട്ടില്ല.

ഗ്ലാസ്സുകളുയർത്തി അവർ പാടി,
മരണത്തിനും ആരോഗ്യത്തിനും അവർ ഉപചാരമോതി;
അവർ വമ്പൻ വ്യഭിചാരികളുമായിരുന്നു.

ലോകം മുഴുവൻ കറങ്ങി, പ്രായവുമേറി
ഞാൻ വീട്ടിൽ തിരിച്ചെത്തി.
ഇന്നു ഞാനാരോടും ചോദിക്കാൻ പോകാറില്ല,
എനിക്കറിയാവുന്നത്‌ നാൾ ചെല്ലുംതോറും കുറഞ്ഞും വരുന്നു.

 

 

image from wikimedia commons

നെരൂദ-അച്ഛൻ

FerroNeruda

 

 

 

 

 

 

 

 

 

എന്റെ അച്ഛൻ, പച്ചമനുഷ്യൻ
തീവണ്ടികളിൽ നിന്നു തിരിച്ചുവരുന്നു.
രാത്രിയിൽ ഞങ്ങൾ തിരിച്ചറിയുന്നു
ആവിയെഞ്ചിന്റെ ചൂളം,
മഴയിൽ തുളച്ചുകേറുന്ന
അലയുന്നൊരു രോദനം,
രാത്രിയുടെ വിലാപം.
പിന്നെ,
കിടുങ്ങിത്തുറക്കുന്നു വാതിൽ.
അച്ഛനോടൊപ്പം
തള്ളിക്കയറിവരുന്നുണ്ടൊരു കാറ്റും.
ചുവടുകൾക്കും കാറ്റുകൾക്കുമിടയിൽ
വീടു കിടന്നു വിറയ്ക്കുന്നു.
അമ്പരന്നുപോയ വാതിൽപ്പാളികൾ
തോക്കുകളുടെ കാസക്കുരയോടെ
കൊട്ടിയടയുന്നു.
കോവേണി ഞരങ്ങുന്നു,
വലിയൊരൊച്ച
പരിതാപങ്ങൾ മുറുമുറുക്കുന്നു,
പുറത്തു ഘോരമായ അന്ധകാരവും
കൊട്ടിച്ചൊരിയുന്ന മഴയും
പുരപ്പുറത്തിരമ്പുന്നു,
കാണെക്കാണെ ലോകത്തെ മുക്കുന്നു,
കാറ്റു മഴയുമായി പോരടിക്കുന്നു.

ഒരു നിത്യസംഭവമായിരുന്നു അദ്ദേഹം പക്ഷേ.
തന്റെ തീവണ്ടിയ്ക്കു കപ്പിത്താൻ,
തണുത്ത പുലർച്ചയ്ക്കു കപ്പിത്താൻ,
സൂര്യൻ മുഖം കാണിക്കേണ്ട താമസം,
താടിയുമായി,
പച്ചയും ചുവപ്പും കൊടികളുമായി,
ഒരുക്കിവച്ച വിളക്കുകളുമായി,
എഞ്ചിനിലെ കൊച്ചുനരകത്തീയിൽ കരിയുമായി,
മഞ്ഞു കൊള്ളുന്ന തീവണ്ടികൾ
നിരന്നുകിടക്കുന്ന സ്റ്റേഷനുമായി,
ഭൂമിശാസ്ത്രത്തിലേക്കിറങ്ങാൻ
തയ്യാറാണദ്ദേഹം.

ഭൂമി ചുറ്റുന്ന നാവികനാണു റയിൽവേക്കാരൻ,
കടലില്ലാത്ത തുറകളിൽ-
കാട്ടുപട്ടണങ്ങളിൽ-
ജൈവലോകത്തെ വിലങ്ങഴിച്ചുംകൊണ്ട്‌
തീവണ്ടി ഭൂപ്രയാണം പൂർത്തിയാക്കുന്നു.
ദീർഘമായ തീവണ്ടി ഓട്ടമവസാനിപ്പിക്കുമ്പോൾ
ചങ്ങാതിമാർ ഒത്തുകൂടുന്നു,
കടന്നുവരുന്നു,
എന്റെ ബാല്യത്തിന്റെ വാതിലുകൾ തുറക്കുന്നു,
ഒരു റയിൽവേക്കാരന്റെ കൈപ്രഹരത്തിൽ
മേശ കുലുങ്ങുന്നു,
കൂട്ടുകാരുടെ കട്ടിഗ്ലാസ്സുകൽ തുള്ളുന്നു,
വീഞ്ഞിന്റെ കണ്ണുകളിൽ നിന്ന്
ഒളിപറക്കുന്നു.

എന്റെ പാവമച്ഛൻ, കട്ടിക്കാരൻ,
ജീവിതത്തിന്റെ അച്ചുതണ്ടിലാണദ്ദേഹം,
സൗഹൃദത്തിൽ ഓജസ്സുറ്റവൻ,
അദ്ദേഹത്തിന്റെ ഗ്ലാസ്സ്‌ നിറഞ്ഞിട്ടാണ്‌.
തീരാത്ത സമരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം,
അതികാലത്തെഴുന്നേറ്റും, യാത്രചെയ്തും
വീട്ടിലെത്തിയും തിരക്കിട്ടിറങ്ങിയും
നാളുകൾ പോകുമ്പോഴൊരുനാളിൽ
മഴ കനത്തൊരു നാളിൽ,
ഹൊസെ ഡെൽ കാർമൻ റെയെസ്‌, റയിൽവേക്കാരൻ,
മരണത്തിന്റെ തീവണ്ടിയിൽ കയറിപ്പോയി,
ഇന്നാളു വരെ പിന്നെ മടങ്ങിയിട്ടുമില്ല

Saturday, February 27, 2010

നെരൂദ-പ്രതിമകൾ

File:Vladimir Mayakovsky monument in Moscow.jpg

പ്രാവുകൾ പുഷ്കിനെ സന്ദർശിക്കുന്നു
അദ്ദേഹത്തിന്റെ വിഷാദത്തിൽ കൊത്തിപ്പെറുക്കുന്നു
നരച്ച വെങ്കലപ്രതിമ
വെങ്കലത്തിന്റെ ക്ഷമയെല്ലാമെടുത്ത്‌
പ്രാവുകളോടു സംസാരിക്കുന്നു.

പുത്തൻകൂറ്റുകാരായ പ്രാവുകൾക്ക്‌
അദ്ദേഹം പറയുന്നതു മനസ്സിലാവുന്നില്ല
പക്ഷികളുടെ ഭാഷ
മാറിപ്പോയിരിക്കുന്നു.
അവർ പുഷ്കിന്റെ മേൽ കാഷ്ഠിച്ചിട്ട്‌
മയക്കോവ്സ്കിയിലേക്കു പറക്കുന്നു.
അദ്ദേഹത്തിന്റെ പ്രതിമ കാരീയം വാർത്തപോലെ.
വെടിയുണ്ടകൾ കൊണ്ടാണെന്നു തോന്നുന്നു
അദ്ദേഹത്തെ തീർത്തത്‌.
അവർ കൊത്തിവച്ചത്‌
അദ്ദേഹത്തിന്റെ ആർദ്രതയല്ല-
വശീകരിക്കുന്ന ധാർഷ്ട്യം മാത്രം.
ആർദ്രതകളുടെ സംഹാരകനായിരുന്നു
അദ്ദേഹമെങ്കിൽ
വയലറ്റുകൾക്കിടയിൽ
നിലാവത്ത്‌
പ്രണയത്തോടെ ജീവിക്കാൻ
അദ്ദേഹത്തിനാവുമോ?

പ്രതിമകളിൽ എന്തൊക്കെയോ നഷ്ടമാവുന്നുണ്ട്‌,
പണിത കാലത്തു തറഞ്ഞുനിൽക്കുകയാണവ.
വായു പിളർക്കുന്ന പടക്കത്തികൾ ഒന്നുകിലവർ,
ഉദ്യാനത്തിൽ സുഖം പറ്റിയിരിക്കുന്ന സഞ്ചാരികൾ അതുമല്ലെങ്കിൽ.
കുതിരപ്പുറത്തിരുന്നു മടുത്ത മറ്റു ചിലർക്കോ
ഒന്നു താഴെയിറങ്ങിവന്നു ഭക്ഷണം കഴിക്കാനും പറ്റുന്നില്ല.
പ്രതിമകൾ ശരിക്കു പറഞ്ഞാൽ
മനസ്സു വേദനിക്കുന്ന വസ്തുക്കളാണ്‌;
അവരുടെ മേൽ അടിഞ്ഞുകൂടുകയല്ലേ കാലം,
അതവരെ ക്ലാവു പിടിപ്പിക്കുകയല്ലേ?
പൂക്കൾ പോലും അവരുടെ തണുത്ത പാദങ്ങളെ
മൂടിക്കളയുകയാണ്‌.
പൂക്കൾ ചുംബനങ്ങളല്ല.
അവരും മരിക്കാൻ വേണ്ടി വന്നതാണവിടെ.

പകൽനേരത്ത്‌ വെളുത്ത പക്ഷികൾ
രാത്രിയിൽ കവികൾ 
ചെരുപ്പുകളുടെ  പെരുംവൃത്തം
വലയം ചെയ്യുന്നു
ഇരുമ്പിന്റെ മയക്കോവിസ്കിയെ,
ഘോരമായ വെങ്കലക്കുപ്പായത്തെ,
ചിരിക്കാത്ത ഇരുമ്പുവായയെ

ഒരിക്കൽ, നേരം കടന്ന നേരത്ത്‌
പാതിമയക്കത്തിൽ
അകലെ നഗരത്തിൽ, പുഴയോരത്ത്‌
ശീലുകളുയരുന്നതു ഞാൻ കേട്ടു,
ചൊൽക്കാഴ്ചക്കാരുടെ സങ്കീർത്തനങ്ങൾ
ഒന്നിനു പിന്നിലൊന്നായി.
മയക്കോവ്സ്കി അതു കേട്ടുവോ?
പ്രതിമകൾക്ക്‌ കാതുകേൾക്കുമോ?

 

mayakovsky monument in moscow-image from wikimedia commons

Friday, February 26, 2010

നെരൂദ-കുതിരകൾ

File:Eugène Ferdinand Victor Delacroix 059.jpg

ജനാലയിലൂടെ കണ്ടു ഞാൻ കുതിരകളെ.

ബെർളിനിലായിരുന്നു ഞാൻ, മഞ്ഞുകാലമായിരുന്നു.
വെളിച്ചം വെളിച്ചമില്ലാത്തതായിരുന്നു,
ആകാശത്ത്‌ ആകാശവുമില്ലായിരുന്നു.

നനഞ്ഞ റൊട്ടി പോലെ വെളുത്തിട്ടാണു വായു .

ജനാലയിലൂടെ കാണാം ആളൊഴിഞ്ഞൊരു കളം,
മഞ്ഞിന്റെ പല്ലുകൾ കരണ്ടുതിന്ന വൃത്തം.

പെട്ടെന്നതാ, ഒരു മനുഷ്യനു പിന്നാലെ

മഞ്ഞിലേക്കു ചുവടു വയ്ച്ചെത്തുന്നു പത്തു കുതിരകൾ.

തീനാളം പോലവർ തിരമറിഞ്ഞെത്തിയതും
എന്റെ കണ്ണുകളുടെ ലോകങ്ങൾ,
അത്രനേരം ശൂന്യമായിരുന്നവ,
അവരെക്കൊണ്ടു നിറയുന്നു.
തികഞ്ഞവർ, എരിയുന്നവർ,
തൂവെള്ളക്കുളമ്പുള്ള പത്തു ദേവന്മാർ,
അവരുടെ സടകൾ കിനാവിൽ തെറിക്കുന്ന കടൽപ്പതകൾ.

അവരുടെ പൃഷ്ടങ്ങൾ ഗോളങ്ങൾ, ഓറഞ്ചുകൾ.

തേനും തീയും അംബരവും അവർക്കു നിറം.

പ്രതാപത്തിന്റെ ശിലാഗോപുരങ്ങൾ അവരുടെ കഴുത്തുകൾ,
ഉഗ്രമായ കണ്ണുകൾക്കു പിന്നിൽ ഊർജ്ജം കത്തിയെരിയുന്നു,
അവയ്ക്കുള്ളിലൊരു തടവുകാരനെപ്പോലെ.

അവിടെ, ആ നിശ്ശബ്ദതയിൽ, പകലിന്റെ മദ്ധ്യത്ത്‌,
അടഞ്ഞ, ചതഞ്ഞ മഞ്ഞുകാലത്ത്‌
ആ കുതിരകളുടെ തീക്ഷ്ണസാന്നിദ്ധ്യങ്ങൾ
ചോരയായിരുന്നു, താളമായിരുന്നു,
ജീവചൈതന്യത്തിന്റെ ചേഷ്ടയായിരുന്നു.

കണ്ടു ഞാൻ, കണ്ടു ഞാൻ, കണ്ടുകൊണ്ടു പുനർജ്ജനിച്ചു ഞാൻ:
അവിടെയതാ, താനറിയാത്ത സ്രോതസ്സ്‌, ആകാശം,
സ്വർണ്ണത്തിന്റെ നൃത്തം, സൗന്ദര്യത്തിൽ ഉയിരെടുക്കുന്ന അഗ്നി.

മറന്നുകഴിഞ്ഞു  ഞാനാ ഇരുളടഞ്ഞ ബർലിൻഹേമന്തം.

മറക്കില്ല ഞാനാ കുതിരകളുടെ വെളിച്ചം.

 

Leonardo and his Horse.GIF

പെയിന്റിംഗ് –ഡെലക്രോ

Thursday, February 25, 2010

നെരൂദ-രതി

File:CORPO DESENHADO 2.JPG

 

വേനൽ,
സന്ധ്യനേരത്തെ വാതിൽ.
വൈകാൻ മടങ്ങിയ വണ്ടികൾ,
ചഞ്ചലിക്കുന്ന റാന്തൽ,
തെരുവിലേക്കെത്തുന്ന
കാട്ടുതീ കത്തുന്ന പുകയിൽ
ചുവപ്പിന്റെ വർണ്ണം,
വിദൂരദഹനത്തിന്റെ ഗന്ധം.

ഞാൻ,
മരണം കൊണ്ടു ദുഃഖിച്ചവൻ,
ഗൗരവക്കാരൻ,
ഉൾവലിഞ്ഞവൻ,
വള്ളിനിക്കർ,
മെല്ലിച്ച കാലുകൾ,
കാൽമുട്ടുകൾ,
നിധി തേടുന്ന കണ്ണുകൾ;
തെരുവിന്നങ്ങേപ്പുറത്ത്‌
റോസിറ്റായും ജോസെഫിനായും,
പല്ലുകളും കണ്ണുകളും മാത്രമായവർ,
വെളിച്ചം നിറഞ്ഞവർ,
ഒളിപ്പിച്ച കുഞ്ഞുഗിത്താറുകൾ പോലെ
ശബ്ദങ്ങൾ,
എന്നെ വിളിക്കുകയാണവർ.
തെരുവു മുറിച്ചു ഞാൻ ചെന്നു,
പകച്ചും പേടിച്ചും;
അവരെന്നോടു മന്ത്രിച്ചു,
അവരെന്റെ കൈ പിടിച്ചു,
അവരെന്റെ കണ്ണുകൾ പൊത്തി,
എന്റെ നിഷ്കളങ്കതയും കൊണ്ട്‌
ബേക്കറിക്കടയിലേക്കവരോടി.

കൂറ്റൻമേശകളുടെ നിശ്ശബ്ദത,
അപ്പത്തിന്റെ പവിത്രസ്ഥാനം,
ജനശൂന്യം;
അവിടെ
ആ രണ്ടുപേർ,
പിന്നെ ഞാനും,
ആദ്യത്തെ റോസിറ്റായുടെയും
അവസാനത്തെ ജോസെഫിനായുടെയും
കൈകളിൽ ഒരു തടവുകാരൻ.
അവർക്കെന്റെ
തുണിയഴിക്കണം.
വിറച്ചുംകൊണ്ടാഞ്ഞു ഞാൻ,
ഓടാനായില്ലെനിക്ക്‌,
കാലുകൾ നീങ്ങിയില്ലെനിക്ക്‌.
പിന്നെയാ മന്ത്രവാദിനികൾ
എന്റെ കണ്മുന്നിൽ കാട്ടിത്തരുന്നു
ഒരിന്ദ്രജാലം:
ഏതോ കാട്ടുകിളിയുടെ
കുഞ്ഞുകിളിക്കൂട്‌,
അതിലുണ്ട്‌
അഞ്ചു കുഞ്ഞുമുട്ടകൾ,
അഞ്ചു വെളുത്ത മുന്തിരിപ്പഴങ്ങൾ,
ആരണ്യജീവിതത്തിന്റെ
ഒരു കൊച്ചുസഞ്ചയം.
ഞാനതിലേക്കു കൈയെത്തിക്കുമ്പോൾ
ഞാനുടുത്തതിൽ തിരഞ്ഞുകേറുകയാ-
ണവരുടെ വിരലുകൾ.
അവരെന്നെ തൊട്ടു,
വിടർന്ന കണ്ണുകൾ കൊണ്ട്‌
അവരെന്നെപ്പഠിച്ചു,
തങ്ങൾക്കു കിട്ടിയ
ആദ്യത്തെ കൊച്ചുപുരുഷനെ.

കനത്ത കാൽവയ്പ്പുകൾ,ചുമ,
അപരിചിതരുമായി കയറിവരുന്നു
എന്റെയച്ഛൻ,
ഇരുട്ടിലേക്കൂളിയിട്ടു ഞങ്ങൾ,
രണ്ടു കടൽക്കൊള്ളക്കാരും
ഞാൻ, അവർ തടവിൽ പിടിച്ചവനും,
മാറാലകൾക്കിടയിൽ കൂനിക്കൂടി
ഞങ്ങളിരുന്നു,
ഒരു വൻമേശയ്ക്കടിയിൽ
ഞെരുങ്ങിക്കൂടി ഞങ്ങൾ;
ആ ഇന്ദ്രജാലം,
നീലച്ച കുഞ്ഞുമുട്ടകളുടെ കിളിക്കൂട്‌
താഴേയ്ക്കു വീണു,
വന്നവരുടെ കാലടികൾക്കടിയിൽ ഞെരിഞ്ഞു
അതിന്റെ രൂപവും
അതിന്റെ ഗന്ധവും.
ആ ഇരുട്ടത്ത്‌
രണ്ടു പെൺകുട്ടികൾക്കും
പേടിക്കുമൊപ്പമിരിക്കെ,
ആട്ടമാവിന്റെ മണത്തിനിടയിൽ,
മായച്ചുവടുകൾക്കിടയിൽ,
ഉരുണ്ടുകൂടുന്ന സന്ധ്യയ്ക്കിടയിൽ
എന്റെ ചോര മാറുന്നതു ഞാനറിഞ്ഞു,
എന്റെ വായിൽ,
എന്റെ കൈകളിൽ
പടർന്നുകേറുകയാണൊ-
രാലക്തികപുഷ്പം,
വിശപ്പു മാറാത്ത,
തിളക്കമുറ്റ
ആസക്തിയുടെ പുഷ്പം.

 

 

Image from wikimedia commons

കാഫ്ക-ദൃഷ്ടാന്തകഥകൾ


EnsoZen

1. കടുവ


ഒരിക്കൽ ഒരു കടുവയെ വിശ്രുതനായ മൃഗപരിശീലകൻ ബഴ്സന്റെ അടുക്കലെത്തിച്ചു; അതിനെ മെരുക്കാനാവുമോയെന്ന കാര്യത്തിൽ അയാളുടെ അഭിപ്രായമറിയണം. കടുവയെ ഇട്ടിരുന്ന ചെറിയ കൂട്‌ ഒരു ഹാളിന്റെ അളവിലുള്ള പരിശീലനക്കൂട്ടിലേക്ക്‌ തള്ളിക്കേറ്റി; നഗരത്തിനു വളരെ അകലെയായിട്ടുള്ള ഒരു കൂടാരത്തിലായിരുന്നു അത്‌. സഹായികൾ പിൻവാങ്ങി; ഒരു മൃഗവുമായുള്ള തന്റെ ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നോടൊപ്പം ആരുമുണ്ടാകരുതെന്ന് അദ്ദേഹത്തിനു നിർബ്ബന്ധമായിരുന്നു. കടുവ ശാന്തനായി കിടന്നതേയുള്ളു: അൽപം മുമ്പാണല്ലോ അതിനു വയറു നിറയെ ഭക്ഷണം കൊടുത്തത്‌. അതു ചെറുതായിട്ടൊന്നു കോട്ടുവായിട്ടു, പുതിയ ചുറ്റുപാടുകൾ മടുപ്പോടെ ഒന്നു വീക്ഷിച്ചു, എന്നിട്ടുപിന്നെ ഉറക്കത്തിലേക്കു വീഴുകയും ചെയ്തു.


EnsoZen

2. ചക്രവർത്തി


ചക്രവർത്തി ദേവവംശത്തിൽത്തന്നെയാണോ പിറന്നതെന്ന് ഒരാൾക്കു സംശയം തോന്നി; ചക്രവർത്തിയാണ്‌ നമ്മുടെയൊക്കെ പരമാധികാരി എന്നതിൽ അയാൾക്കു സംശയമേയില്ല, ചക്രവർത്തിയുടെ ദൈവികമായ ദൗത്യത്തിലും അയാൾക്കു സംശയമേതുമില്ല (അതയാൾക്കു ബോധ്യമാണ്‌), അദ്ദേഹത്തിന്റെ ദിവ്യോത്പത്തിയിലേ അയാൾക്കു സംശയമുണ്ടായുള്ളു. അതു, സ്വാഭാവികമായും,വലിയ പ്രകമ്പനങ്ങൾക്കു കാരണമായതുമില്ല; കടൽപ്പത ഒരു മണൽത്തരിയെ കരയിലേക്കെറ്റിച്ചുവിടുമ്പോൾ നിതാന്തമായ തിരപ്പെരുക്കത്തിൽ അതൊരിടപെടലാവുന്നതേയില്ല, മറിച്ച്‌, ആ കാരണത്തിൽ നിന്നാണ്‌ അതുണ്ടാവുന്നതും.


EnsoZen

3. തടവറ


'ഞാനെങ്ങനെ ഇവിടെയെത്തി?' ഞാൻ അതിശയിച്ചു. അത്ര ചെറുതല്ലാത്ത ഒരു ഹാളായിരുന്നു അത്‌, ഇലക്ട്രിക്‌ ബൾബിന്റെ മൃദുവായ വെളിച്ചം ഉള്ളിൽ; ചുമരോരം ചേർന്ന് നടന്നുപോവുകയാണു ഞാൻ. വാതിലുകൾ പലതുണ്ടായിരുന്നുവെങ്കിലും അതിൽ ഒന്നു തുറന്നാൽ നിങ്ങൾ ചെന്നു നിൽക്കുന്നത്‌ ഇരുണ്ട്‌, മിനുസ്സമായ ഒരു പാറയ്ക്കു മുന്നിലായിരിക്കും; വാതിലിന്‌ ഒരു കൈയകലത്തു മാത്രമാണതു നിൽക്കുന്നത്‌; കുത്തനേ മുകളിലേക്കും ഇരുവശങ്ങളിലേക്കും അവസാനമില്ലാത്തപോലെ നീണ്ടുനീണ്ടുപോവുകയുമാണത്‌. ഒരു വാതിൽ വഴി മാത്രം അടുത്തൊരു മുറിയിലേക്കു കടക്കാം; അൽപ്പം കൂടി പ്രതീക്ഷയ്ക്കു വകയുണ്ടവിടെ, അതേസമയം മറ്റു വാതിലുകൾക്കു പിന്നിലുള്ളവ പോലെത്തന്നെ നിങ്ങളെ സംഭ്രാന്തനാക്കുകയും ചെയ്യുമത്‌. രാജകീയമായ ഒരറയിലേക്കാണു നിങ്ങൾ നോക്കുന്നത്‌; നിറങ്ങളിൽ ചുവപ്പിനും സ്വർണ്ണത്തിനുമാണവിടെ പ്രാമുഖ്യം; മച്ചോളമുയർന്ന നിലക്കണ്ണാടികൾ, ചില്ലിന്റെ കൂറ്റനൊരു തുക്കുവിളക്ക്‌.

എനിക്കിനി മടങ്ങിപ്പോകേണ്ടതില്ല, മലർക്കെത്തുറക്കുകയാണറ, ഞാൻ കടക്കുന്നു, ഞാനെന്റെ ദേഹത്തെ തൊട്ടറിയുന്നു.


EnsoZen

4. ദൂതന്മാർ


അവരുടെ ഇഷ്ടത്തിന്‌ അവർക്കു രാജാക്കന്മാരോ, രാജാക്കന്മാരുടെ ദൂതന്മാരോ ആകാമായിരുന്നു. കുട്ടികളുടെ സ്വഭാവമാണല്ലോ, എല്ലാവർക്കും ദൂതന്മാരായാൽ മതി. അങ്ങനെയിപ്പോൾ ദൂതന്മാർ മാത്രമേയുള്ളു; കഥയില്ലാത്ത സന്ദേശങ്ങൾ അന്യോന്യം വിളിച്ചുപറഞ്ഞ്‌(രാജാക്കന്മാരില്ലല്ലോ)ലോകം മുഴുവൻ പാഞ്ഞുനടക്കുകയാണവർ. തങ്ങളുടെ ഈ നശിച്ച ജീവിതം ഒന്നവസാനിപ്പിക്കാൻ അവർക്കു വല്ലാത്ത ആഗ്രഹമുണ്ട്‌; പക്ഷേ ഒരു ദൗത്യമേറ്റവരായതിനാൽ അതിനവർക്കു ധൈര്യവുമില്ല.

നെരൂദ-എനിക്കു വേണം നിശ്ശബ്ദത

File:Claude Monet, Impression, soleil levant, 1872.jpg

 

ഒറ്റയ്ക്കാവട്ടെ ഞാനിനി,
ഞാനില്ലാതെ പരിചയിക്ക നിങ്ങളും.

കണ്ണടയ്ക്കാൻ പോകുന്നു ഞാൻ.

അഞ്ചു കാര്യമേ എനിക്കു വേണ്ടൂ,
അഞ്ചു വേരുകൾ,
മനസ്സിന്നു പിടിച്ചവ.

അതിരറ്റ പ്രണയമാണൊന്ന്.

ശരൽക്കാലം കാണുക രണ്ട്‌.
ഇലകൾ പാറിവീഴുന്നതു കാണാതെ
ജീവിക്കുക സാദ്ധ്യമല്ലെനിക്ക്‌.

ഭവ്യഹേമന്തം മൂന്നാമത്‌,
ഞാൻ സ്നേഹിച്ച മഴയും
തണുപ്പിന്റെ പാരുഷ്യത്തിൽ
അഗ്നിയുടെ ലാളനയും.

നാലാമത്തേതു വേനൽ,
തണ്ണിമത്തൻ പോലെ മുഴുത്തത്‌.

പിന്നെ നിന്റെ കണ്ണുകൾ,
മാറ്റിൽഡെ, എന്റെ പ്രിയേ,
എനിക്കുറങ്ങാൻ വേണം നിന്റെ കണ്ണുകൾ,
എനിക്കു പ്രാണനോടുവാൻ
നീ നോക്കിയിരിക്കണം,
എന്റെ മേൽ നിന്റെ നോട്ടമുണ്ടെങ്കിൽ
വസന്തം വേണ്ടെന്നു വയ്ക്കും ഞാൻ.

ഇത്രയും പോരും, ചങ്ങാതിമാരേ,
ഇത്രയ്ക്കേയുള്ളുവെന്നാലും
അത്രയ്ക്കുമുണ്ടത്‌.

നിങ്ങൾക്കു പോകാമിനി,
നിങ്ങൾക്കിഷ്ടമതാണെങ്കിൽ.

നിങ്ങളെന്നെ മറക്കണം,
മിനക്കെട്ടു മറക്കണം,
സ്ലേറ്റിൽ നിന്നേ മായ്ക്കണം:
അത്രത്തോളം ജീവിച്ചു ഞാൻ.
പിടി വിട്ട പോക്കാണെന്റെ ഹൃദയം.

ചോദിച്ചു നിശ്ശബ്ദതയെന്നാലും
മരിക്കാൻ പോകുന്നു ഞാനെന്നു
കരുതേണ്ടതില്ലാരും,
മറിച്ചാണു കാര്യങ്ങൾ പക്ഷേ.
ജീവിക്കാൻ ഭാവിക്കുകയാണു ഞാൻ.

ജീവിക്കാൻ, ജീവിച്ചുപോകാൻ-
അതാണിന്നെനിക്കു ഭാവം.

ധാന്യങ്ങളെന്റെയുള്ളിൽ
മുളയെടുക്കുകയാണല്ലോ,
കൂമ്പുകൾ വെട്ടം കാണാൻ
നിലം ഭേദിക്കുകയാണല്ലോ;
അമ്മയായ മണ്ണു പക്ഷേ,
ഇരുണ്ടുകിടക്കുകയാണിന്ന്,
ആകെയിരുണ്ടാണെന്റെയുള്ളും.
എന്റെ കിണറ്റിൽ താരങ്ങളെത്തള്ളി
രാത്രി പോകുന്നു ഒറ്റയ്ക്കു പാടത്ത്‌.

ഇത്രയും ജീവിച്ചതല്ലേ ഞാൻ,
അത്രയും ജീവിതം ബാക്കിയുണ്ട്‌.

ഇത്രയും തൊണ്ട തെളിഞ്ഞു
പാടിയിട്ടില്ല ഞാനിതേവരെ,
ഇത്രയും ചുംബനങ്ങൾ
വാരിക്കൂട്ടിയില്ല ഞാനിതേവരെ.

നേരം പതിവു പോൽ പുലരി,
തേനീച്ചകളൊത്തു പറക്കുന്നു വെളിച്ചം.

ഈ പകലിനോടൊപ്പം
ഒറ്റയ്ക്കാകട്ടെ ഞാനിനി,
ഇനിയുമൊരു പിറവിയ്ക്കായി-
ട്ടനുവാദം തരികയിനി.

 

 

painting-

Claude Monet, Impression, soleil levant, 1872 from wikimedia commons

Wednesday, February 24, 2010

നെരൂദ-പച്ചത്തത്ത

File:1863 17 26 Parakeet.jpg

 

മരത്തിനുണ്ടായിരു-
ന്നത്രയ്ക്കുമിലകൾ,
നിധികളുടെ കനം പേറി
ചാഞ്ഞുനിൽക്കുകയാണത്‌;
അത്രയും പച്ചയായപ്പോൾ
കണ്ണുചിമ്മുകയാണത്‌,
അതിൽപ്പിന്നെ കണ്ണുകൾ
അടച്ചിട്ടുമില്ലത്‌.

ഉറങ്ങേണ്ട രീതി പക്ഷേ,
അങ്ങനെയുമല്ലല്ലോ.

ഇലച്ചാർത്തുകളൊരുനാളിൽ
പച്ചനിറത്തിൽ, ജീവൻ വച്ചു
ചിറകടിച്ചു പറന്നുപോയ്‌;
പറക്കാനും പഠിച്ചുപോയ്‌
ഓരോരോ ചെറുമൊട്ടും.
മഞ്ഞത്തു, മഴയത്ത്‌
തേങ്ങിക്കൊണ്ടു ശേഷിച്ചു
നഗ്നയായിട്ടൊരു മരം.

Tuesday, February 23, 2010

നെരൂദ- പാദത്തിൽ നിന്ന് അതിന്റെ കുട്ടിയിലേക്ക്


കുട്ടിയുടെ പാദത്തിനറിയില്ലായിരുന്നു
അതൊരു പാദമാണെന്ന്,
അതിനൊരാപ്പിളായാൽ മതി,
പൂമ്പാറ്റയായാൽ മതി.
കാലം പോകെപ്പക്ഷേ,
കല്ലുകളും കുപ്പിച്ചില്ലുകളും,
തെരുവുകളും, ഗോവണികളും,
കടുംനിലത്തെപ്പാതകളും
പാദത്തെപ്പഠിപ്പിക്കുന്നു
അതിനു പറഞ്ഞിട്ടുള്ളതല്ല
പറക്കലെന്ന്,
ചില്ലയിൽ മുഴുക്കുന്ന പഴമാകാ-
നതിനാവില്ലെന്ന്.
അങ്ങനെ
കുട്ടിയുടെ പാദം പരാജയമടയുന്നു,
യുദ്ധത്തിൽ തോൽക്കുന്നു,
ഒരു ഷൂസിനുള്ളിൽ തടവുകാരനാവാൻ
വിധിക്കപ്പെടുന്നു.
പതിയെപ്പതിയെ,
ആ ഇരുട്ടിനുള്ളിൽ,
തന്റെ വഴിയ്ക്കു ലോകത്തെയറിഞ്ഞ്‌
അതു വളരുന്നു,
മറ്റേപ്പാദത്തെ കാണാതെ,
കെട്ടിമൂടി,
ഒരു കണ്ണുപൊട്ടനെപ്പോലെ
തപ്പിയും തടഞ്ഞും.
സ്ഫടികക്കല്ലിന്റെ മൃദുനഖങ്ങൾ,
നിരയൊത്തു നിന്നവ,
അവ പിന്നെ കടുപ്പം വയ്ക്കുന്നു,
വെട്ടം കടക്കാത്ത വസ്തുവാകുന്നു,
കൊമ്പിന്റെ കട്ടിയാവുന്നു.
ഇതൾ പോലത്തെ കുഞ്ഞുനഖങ്ങൾ
തമ്മിലൊട്ടിയും മിനുസ്സമറ്റും വളരുന്നു,
ത്രികോണത്തലയുള്ള വിരകളാവുന്നു,
കണ്ണില്ലാത്ത
ഇഴജന്തുവിന്റെ രൂപമെടുക്കുന്നു.
പിന്നെയവയിൽ
തഴമ്പു വീഴുന്നു,
മരണത്തിന്റെ ലാവയൊഴുകുന്ന കുഞ്ഞുപർവ്വതങ്ങൾ
അവയെ മൂടുന്നു;
മനസ്സിനു പിടിയ്ക്കില്ല
ആ കല്ലിപ്പ്‌.
കണ്ണില്ലാത്ത ആ വസ്തു പക്ഷേ,
വിശ്രമമെടുക്കാതെ നടക്കുന്നു,
നിൽക്കാതെ നടക്കുന്നു,
ഒരു പാദം,
മറ്റേപ്പാദം,
ആണിന്റെ പാദം,
പെണ്ണിന്റെ പാദം,
മുകളിൽ,
താഴെ,
പാടങ്ങളിൽ, ഖനികളിൽ,
അങ്ങാടികളിൽ, പള്ളികളിൽ,
പിന്നിലേക്ക്‌,
അകലയ്ക്ക്‌,
ഉള്ളിലേക്ക്‌,
മുന്നിലേക്ക്‌
ഷൂസിനുള്ളിൽക്കിടന്നു കഷ്ടപ്പെടുന്നു
ഈ പാദം,
അതിനു നേരം കിട്ടുന്നില്ല
പ്രണയത്തിലോ ഉറക്കത്തിലോ
തന്നെയൊന്നു വെളിവാക്കാൻ;
അതു നടക്കുന്നു, അവ നടക്കുന്നു
ഇനി നിൽക്കാമെന്ന്
മൊത്തം മനുഷ്യനു തോന്നുംവരെ.
പിന്നെയതു ഭൂമിക്കടിയിലേക്കിറങ്ങി,
അതിനൊന്നുമറിയുന്നില്ല-
അവിടെ എല്ലാം ഇരുണ്ടു കിടക്കുന്നു.
അതറിയുകയില്ല,
അതിനി പാദമല്ലെന്ന്,
അതിനു പറക്കാനായി
അതിനൊരാപ്പിളാകാനായി 
അതിനെ കുഴിച്ചിട്ടതാണോയെന്നും.


Sunday, February 21, 2010

കാഫ്ക-നാം വായിക്കേണ്ടത്‌ ഏതുതരം പുസ്തകങ്ങൾ?

 

fk_doodle_board

1904 ജനുവരി 27

പ്രിയപ്പെട്ട ഓസ്കാർ,

അത്ര പെട്ടെന്നു മറുപടി എഴുതിയില്ലെങ്കിൽപ്പിന്നെ എഴുതുകയേ വേണ്ടാത്ത സുന്ദരമായ ഒരു കത്തു നീ അയച്ചിട്ട്‌ രണ്ടാഴ്ച കഴിഞ്ഞിട്ടാണ്‌ ഞാൻ മറുപടി എഴുതാനിരിക്കുന്നത്‌. മാപ്പർഹിക്കാത്ത കുറ്റമാണതെങ്കിലും എനിക്കു കാരണങ്ങൾ ബോധിപ്പിക്കാനുമുണ്ട്‌. ഒന്നാമതായി, ശ്രദ്ധാപൂർവ്വമായ ആലോചനയ്ക്കു ശേഷം വേണം മറുപടിയെഴുതാനെന്ന് ഞാൻ നിശ്ചയിക്കുകയായിരുന്നു; കാരണം നിനക്കു മുമ്പയച്ചിട്ടുള്ളതിനെക്കാളൊക്കെ പ്രധാനമാണ്‌ ഈ കത്തിനുള്ള മറുപടിയെന്ന് എനിക്കു തോന്നി. രണ്ടാമതായി, ഹെബ്ബലിന്റെ ഡയറി(1800 പേജു വരും) ഒറ്റയടിയ്ക്കു വായിച്ചുതീർക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. മുമ്പാണെങ്കിൽ വിരസമെന്നു തോന്നുന്ന കഷണങ്ങൾ ഞാൻ ചവച്ചുതുപ്പിക്കളയുമായിരുന്നു. എന്തായാലും ഞാൻ തുടർച്ച വിടാതെ വായിച്ചു. ആദ്യമാദ്യം എനിക്കതൊരു കളി പോലെയായിരുന്നു. പിന്നെപ്പിന്നെ തന്റെ ഗുഹാദ്വാരം വലിയൊരു പാറക്കല്ലുരുട്ടി അടച്ചുവയ്ക്കുന്ന ഗുഹാജീവിയാണു ഞാനെന്ന് എനിക്കു തോന്നിത്തുടങ്ങി; ആദ്യമൊരു തമാശയ്ക്കും പിന്നെ മടുപ്പകറ്റാനുമാണ്‌ അയാൾ അതു ചെയ്യുന്നതെങ്കിലും, പിന്നീട്‌ ഗുഹയ്ക്കുള്ളിൽ കാറ്റും വെളിച്ചവും കടക്കാതാവുമ്പോൾ മനസ്സിരുണ്ടും വിരണ്ടും പാറ ഉരുട്ടിമാറ്റാൻ ഊറ്റത്തോടെ ശ്രമിക്കുകയാണയാൾ. പക്ഷേ അതിനിപ്പോൾ പത്തിരട്ടി ഭാരം വച്ചിരിക്കുന്നു. കാറ്റും വെളിച്ചവും മടങ്ങിവരണമെങ്കിൽ ഉള്ള ശക്തിയൊക്കെയെടുത്ത്‌ അതിനോടു മല്ലിടുക തന്നെവേണം. ഈ ദിവസമത്രയും പേന കൈ കൊണ്ടു തൊടാൻ എനിക്കായിട്ടില്ല. കാരണം, ഇതുപോലൊരു ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ-ഇടയില്ലാതെ ഉയർന്നുയർന്നു പോകുന്ന ഒരു ഗോപുരമാണത്‌, നിങ്ങളുടെ ദൂരദർശിനിക്കുഴൽ അതിലേക്കെത്തുകയുമില്ല-നിങ്ങളുടെ അന്തഃകരണം അടങ്ങിയിരിക്കുന്നതെങ്ങനെ? നിങ്ങളുടെ അന്തഃകരണത്തിനു വലിയ മുറിവുകൾ പറ്റുന്നതു നല്ലതു തന്നെ; കാരണം പിന്നീടു കിട്ടുന്ന ഓരോ നുള്ളിന്റെയും വേദന അത്ര നന്നായിട്ട്‌ അതറിയുമല്ലോ. നമ്മെ മുറിപ്പെടുത്തുന്ന, കത്തിമുന പോലെ നമ്മിലേക്കു കൊണ്ടിറങ്ങുന്നതരം പുസ്തകങ്ങൾ മാത്രമേ നാം വായിക്കാവൂ എന്നെനിക്കു തോന്നുന്നു. നാം വായിക്കാനെടുക്കുന്ന പുസ്തകം തലയ്ക്കൊരിടി തന്ന് നമ്മെ ജാഡ്യത്തിൽ നിന്നുണർത്തുന്നില്ലെങ്കിൽപ്പിന്നെ നാമതെന്തിനു വായിക്കണം? നീ പറയുന്ന പോലെ നമ്മുടെ സന്തോഷത്തിനോ? എന്റെ ദൈവമേ, സന്തോഷമാണു വേണ്ടതെങ്കിൽ പുസ്തകങ്ങളില്ലാത്തതു കൊണ്ടുതന്നെ നമുക്കതു കിട്ടിയേനെ. തന്നെയുമല്ല, നമുക്കു സന്തോഷം തരുന്ന പുസ്തകങ്ങൾ നമുക്കുതന്നെ എഴുതിയുണ്ടാക്കാവുന്നതേയുള്ളുതാനും. പക്ഷേ നമുക്കു വേണ്ടത്‌ ഒരാപായം പോലെ നമ്മെ വന്നു ബാധിക്കുന്ന പുസ്തകങ്ങളാണ്‌; നമ്മെക്കാളേറെ നാം സ്നേഹിക്കുന്ന ഒരാളുടെ വിയോഗം പോലെ, മനുഷ്യസാന്നിദ്ധ്യത്തിൽ നിന്നൊക്കെയകലെ ഏതോ കാട്ടിലേക്കു നാം ഭ്രഷ്ടരായ പോലെ, ഒരാത്മഹത്യ പോലെ നമ്മെ കഠിനമായി സങ്കടപ്പെടുത്തുന്ന പുസ്തകങ്ങളാണ്‌. നമ്മിലുറഞ്ഞ കടലിനെ ഭേദിക്കാനുള്ള മഴുവാകണം പുസ്തകം. ഇതാണെന്റെ വിശ്വാസം.

 

________________________________________________________________________________________________________________

കാഫ്ക സ്കൂളിൽ തന്റെ സഹപാഠിയായിരുന്ന ഓസ്കാർ പൊള്ളാക്കിനെഴുതിയ കത്ത്‌.

ചിത്രം കാഫ്കയുടെ ഒരു സ്കെച്

ബോർഹസ്‌-മാർക്കോസിന്റെ സുവിശേഷം

File:SVouet.jpg

1928 മാർച്ച്‌ ഒടുവിൽ ജൂനിൻ ടൗൺഷിപ്പിന്റെ തെക്കേയറ്റത്തുള്ള ലാ കോളൊറാഡാ എന്ന കൃഷിക്കളത്തിൽ വച്ചാണ്‌ സംഭവം നടന്നത്‌. ബാൽത്തസാർ എസ്പിനോസാ എന്നു പേരായ ഒരു മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു കഥാനായകൻ. തൽക്കാലം നമുക്കയാളെ ബ്യുണേഴ്സ്‌ അയഴ്സിലെ സാധാരണ ചെറുപ്പക്കാരുടെ പറ്റത്തിൽ പെടുത്താം; സ്വഭാവത്തിൽ എടുത്തുപറയാനുള്ളത്‌ അതിരറ്റതെന്നു പറയാവുന്ന ഒരു ദയാവായ്പും റാമോ മേഹ്യായിലെ ഇംഗ്ലീഷ്‌ സ്കൂളിൽ വച്ച്‌ പാരിതോഷികങ്ങൾ പലതും നേടിക്കൊടുത്ത പ്രസംഗപാടവവും മാത്രം. തർക്കിക്കുന്നത്‌ അയാൾക്കിഷ്ടമായിരുന്നില്ല; തനിക്കെതിരു നിൽക്കുന്നവരുടെ ഭാഗം ശരിയായാൽ അതാകുമായിരുന്നു അയാൾക്കിഷ്ടപ്പെടുക. ചൂതുകളിയിൽ യാദൃച്ഛികതയുടെ സാധ്യതകൾ അയാളെ ആകർഷിച്ചിരുന്നുവെങ്കിൽക്കൂടി അയാൾ നല്ലൊരു ചൂതുകളിക്കാരനായിരുന്നില്ല; കളി ജയിക്കുന്നത്‌ അയാൾക്കിഷ്ടമായിരുന്നില്ലല്ലോ.

ആൾ ബുദ്ധിമാനായിരുന്നു, എന്തു പഠിക്കാനും വിരോധവുമില്ല; പക്ഷേ അലസനായിരുന്നു. മുപ്പത്തിമൂന്നു വയസ്സായിട്ടും അയാൾ ഡിഗ്രിയെടുത്തിട്ടില്ല; അതാകട്ടെ അയാളുടെ ഇഷ്ടവിഷയത്തിലും. അക്കാലത്തെ എല്ലാ മാന്യന്മാരെയും പോലെ യുക്തിവാദിയായിരുന്ന അയാളുടെ അച്ഛൻ അയാൾക്ക്‌ ഹെർബർട്ട്‌ സ്പെൻസറുടെ ചിന്തകൾ പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. എന്നാൽ ഒരിക്കലയാൾ മോണ്ടെവിഡിയോവിലേക്കു പുറപ്പെടുന്നതിനു മുമ്പ്‌ അമ്മ പറഞ്ഞേൽപ്പിച്ചിരുന്നു, എന്നും രാത്രിയിൽ കർത്താവിന്റെ പ്രാർത്ഥന ചൊല്ലണമെന്നും കുരിശ്ശു വരയ്ക്കണമെന്നും; ഇപ്പോന്ന കാലമത്രയും അയാൾ ആ വാഗ്ദാനം ലംഘിക്കാതെ കാത്തുപോന്നിരിക്കുന്നു. അയാൾക്കു ചുണക്കുറവൊന്നുമുണ്ടായിരുന്നില്ല; ഒരു ദിവസം കാലത്ത്‌ തന്നെ ഏതോ പ്രകടനത്തിൽ പങ്കെടുക്കാൻ നിർബന്ധിച്ച ചില വിദ്യാർത്ഥികളുമായി അയാൾ ചെറിയൊരടികലശലിൽ ഏർപ്പെട്ടിട്ടുള്ളതുമാണ്‌; അതുപക്ഷേ കോപത്തേക്കാളേറെ ഉദാസീനത കൊണ്ടാണെന്നും പറയേണ്ടിവരും. എതിരു പറയാത്ത പ്രകൃതം കാരണം അയാളുടെ ഉള്ളു നിറയെ സംശയാസ്പദമായ ശീലങ്ങളും അഭിപ്രായങ്ങളുമായിരുന്നു: അർജന്റീനയെക്കാൾ മുഖ്യമായി അയാൾക്കു തോന്നിയത്‌ മറ്റു രാജ്യങ്ങളിലുള്ളവർ തങ്ങളെ തൂവലുകളും വച്ചുനടക്കുന്ന റെഡ്‌ ഇന്ത്യക്കാരായി കരുതിയേക്കുമോ എന്ന ഭീതിയായിരുന്നു. അയാൾ ഫ്രാൻസിനെ ആരാധിച്ചിരുന്നുവെങ്കിലും ഫ്രഞ്ചുകാരെ വെറുപ്പായിരുന്നു; അമേരിക്കക്കാരെ അയാൾക്കത്ര കാര്യമായിരുന്നില്ല, അതേസമയം ബ്യുണെഴ്സ്‌ അയഴ്സിൽ അംബരചുംബികളുള്ളത്‌ അയാളെ അഭിമാനം കൊള്ളിക്കുകയും ചെയ്തു. സമതലത്തിലെ ഗോച്ചോകൾ മലമ്പ്രദേശത്തെ ഗോച്ചോകളെക്കാൾ വലിയ കുതിരസവാരിക്കാരാണെന്നുള്ളതും അയാളുടെ ഒരു വിശ്വാസമായിരുന്നു. വേനൽക്കാലം ലാ കോളൊറാഡായിൽ കഴിക്കാമെന്നു പറഞ്ഞ്‌ അമാവന്റെ മകൻ ഡാനിയൽ വന്നു ക്ഷണിച്ചപ്പോൾ അയാൾ പെട്ടെന്നുതന്നെ സമ്മതം മൂളി- അതു പക്ഷേ അയാൾക്കു നാട്ടുമ്പുറത്തോട്‌ യഥാർത്ഥത്തിൽ ആഭിമുഖ്യമുണ്ടായിരുന്നതു കൊണ്ടായിരുന്നില്ല, മറിച്ച്‌ അയാളുടെ എതിരു പറയാത്ത ശീലം കൊണ്ടു മാത്രമായിരുന്നു; തന്നെയുമല്ല, വരുന്നില്ലെന്നു പറയാൻ നല്ലൊരു കാരണം ഓർത്തെടുക്കാൻ അയാൾക്കു കഴിഞ്ഞതുമില്ല.

കളത്തിലെ പ്രധാനകെട്ടിടം വലിപ്പമുള്ളതും ജീർണ്ണിച്ചുതുടങ്ങിയതുമായിരുന്നു; മേസ്ത്രിയായ ഗുത്രെയുടെ താമസം തൊട്ടടുത്തു തന്നെയായിരുന്നു. ഗുത്രെ കുടുംബത്തിൽ മൂന്നംഗങ്ങളുണ്ടായിരുന്നു: അച്ഛൻ, വല്ലാതെ അവലക്ഷണം പിടിച്ച ഒരു മകൻ, പിന്നെ പിതൃത്വം നിശ്ചയമില്ലാത്ത  ഒരു പെൺകുട്ടിയും. എല്ലാവരും ഉയരം വച്ച്‌, ബലത്ത ശരീരമുള്ളവരും എല്ലുമുഴുപ്പുള്ളവരുമായിരുന്നു; ചെമ്പിച്ച മുടി, മുഖത്ത്‌ റഡ്‌ ഇന്ത്യൻ രക്തത്തിന്റെ പാടുകൾ. അവർ മിണ്ടാറുതന്നെയില്ല എന്നു പറയാം; മേസ്ത്രിയുടെ ഭാര്യ വർഷങ്ങൾക്കു മുമ്പേ മരിച്ചുപോയിരിക്കുന്നു.

നാട്ടുമ്പുറത്തു വച്ച്‌ എസ്പിനോസാ തനിക്കറിയാത്തതും, അങ്ങനെയൊന്നുണ്ടെന്നു സംശയിച്ചിട്ടുപോലുമില്ലാത്തതുമായ കാര്യങ്ങൾ പഠിക്കാൻ തുടങ്ങി. ഉദാഹരണത്തിന്‌, വീടടുക്കുമ്പോൾ കുതിരകളെ കുതിച്ചോടിക്കരുതെന്ന്, വിശേഷിച്ചെന്തെകിലുമുണ്ടെങ്കിലല്ലാതെ കുതിരപ്പുറത്തു പോകരുതെന്ന്. വേനൽ കഴിയാറാകുമ്പോഴേക്കും കിളികളെ പാട്ടു കേട്ടു തിരിച്ചറിയാൻ അയാൾക്കു കഴിഞ്ഞിരുന്നു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്തോ കാലിക്കച്ചവടം ഉറപ്പിക്കാനായി ഡാനിയലിന്‌ ബ്യൂണഴ്സ്‌ അയഴ്സിലേക്കു പോകേണ്ടിവന്നു. കൂടിവന്നാൽ ഒരാഴ്ചത്തെ കാര്യമേയുള്ളു. തന്റെ ബന്ധുവിന്‌ സ്ത്രീവിഷയത്തിലുള്ള നിരന്തരഭാഗ്യത്തെക്കുറിച്ചും ഫാഷന്റെ സൂക്ഷ്മാംശങ്ങളിലുള്ള അക്ഷീണതാൽപര്യത്തെക്കുറിച്ചും കേട്ടുകേട്ട്‌ ഒരുതരം മുഷിച്ചിൽ വന്നുതുടങ്ങിയിരുന്ന എസ്പിനോസ തന്റെ പുസ്തകങ്ങളുമായി കളത്തിൽത്തന്നെ കൂടാമെന്നു വച്ചു. പക്ഷേ അസഹ്യമായിരുന്നു ഉഷ്ണം; രാത്രി പോലും ആശ്വാസമേകിയില്ല. ഒരു പുലർച്ചെ ഇടിമുഴക്കം അയാളെ ഉണർത്തി; ചൂളമരങ്ങളിൽ കാറ്റാഞ്ഞുവീശി. പുതുമഴയ്ക്കു ചെവി കൊടുത്തുകൊണ്ട്‌ എസ്പിനോസ ദൈവത്തിനു നന്ദി പറഞ്ഞു. പെട്ടെന്ന് തണുത്ത കാറ്റ്‌ അകത്തേക്കടിച്ചു കയറി. അന്നു വൈകിട്ട്‌ സലാഡോ കരകവിഞ്ഞു.

പിറ്റേന്നു കാലത്ത്‌ മട്ടുപ്പാവിൽ നിന്നുകൊണ്ട്‌ വെള്ളം കയറിയ സമതലം നിരീക്ഷിക്കുമ്പോൾ ബാൽതസാർ എസ്പിനോസയ്ക്കു ബോധ്യമായി, പാമ്പയുടെ പരപ്പിനെ കടലിനോടുപമിക്കുന്ന ആ സ്ഥിരം രൂപകം അത്രയ്ക്കങ്ങു പിശകിപ്പോയിട്ടില്ലെന്ന്; കുറഞ്ഞപക്ഷം ആ പ്രഭാതത്തിലെങ്കിലും. രണ്ടിലും വച്ച്‌ കടലിനു കൂടുതൽ വിസ്തൃതി തോന്നുന്നുണ്ടെങ്കിൽ അതിനു കാരണം നാമതിനെ വീക്ഷിക്കുന്നത്‌ കുതിരപ്പുറത്തോ, കൺനിരപ്പിലോ അല്ലാതെ കപ്പൽത്തട്ടിൽ നിന്നു കൊണ്ടായതു കൊണ്ടാണെന്ന് ഹഡ്സൺ പറഞ്ഞിട്ടുമുണ്ടല്ലോ. മഴയ്ക്കു ശമനമുണ്ടായില്ല. എസ്പിനോസായുടെ സഹായത്തോടെ-ആ നഗരവാസിയുടെ സഹായം അവർക്കൊരു തടസ്സമായിട്ടാണു വന്നതെന്നും വരാം-ഗുത്രെകുടുംബം കന്നുകാലികളിൽ കുറേയെണ്ണത്തിനെ രക്ഷപ്പെടുത്തി; എന്നിട്ടും കുറേ ചത്തു. കളത്തിലേക്കു വരുന്ന നാലു വഴികളുണ്ടായിരുന്നു; നാലും വെള്ളത്തിനടിയിലായിരുന്നു. മൂന്നാമത്തെ ദിവസം ഒരു ചോർച്ച മേസ്തിരിയുടെ പുരയെ അപകടപ്പെടുത്തുമെന്നായപ്പോൾ വീടിനു പിന്നിൽ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ചായ്പിനോടു ചേർന്നുള്ള ഒരു മുറി എസ്പിനോസാ അവർക്കു വിട്ടുകൊടുത്തു. ഇതവരെ തമ്മിൽ കൂടുതലടുപ്പിച്ചു. വീട്ടിലെ വലിയ തീൻമുറിയിൽ ഒരുമിച്ചായി അവരുടെ ഭക്ഷണം. സംഭാഷണം ദുഷ്കരമായി അനുഭവപ്പെട്ടു. നാട്ടുകാര്യങ്ങളെക്കുറിച്ച്‌ അത്രയധികം വിവരമുണ്ടായിരുന്ന ഗുത്രെകുടുംബത്തിന്‌ അതൊന്നു പറഞ്ഞുമനസ്സിലാക്കുക കഠിനയത്നമായിരുന്നു. അതിർത്തിപ്പട്ടാളം ജൂനിനിൽ താവളമടിച്ചിരുന്ന കാലത്ത്‌ റഡ്‌ ഇന്ത്യാക്കാർ മിന്നലാക്രമണം നടത്തിയത്‌  ഓർമ്മയുണ്ടോയെന്ന് ഒരിക്കലയാൾ അവരോടു ചോദിച്ചു. ഉണ്ടെന്നായിരുന്നു അവരുടെ ഉത്തരം. പക്ഷേ ചാൾസ്‌ ഒന്നാമന്റെ ശിരഃഛേദത്തെക്കുറിച്ചു ചോദിച്ചാലും അവർ ഇതേ ഉത്തരം നൽകുമായിരുന്നു. നാട്ടുമ്പുറത്തു കണ്ടുവരുന്ന ദീർഘായുസ്സുകളൊക്കെ ഒന്നുകിൽ ഓർമ്മക്കുറവിന്റെയോ, അതുമല്ലെങ്കിൽ തീയതികളെക്കുറിച്ചുള്ള അവ്യക്തധാരണയുടെയോ ഫലമായിരിക്കുമെന്ന് അച്ഛൻ പറയാറുള്ളത്‌ അയാൾ അപ്പോഴോർത്തു-ഗോച്ചോകൾക്ക്‌ തങ്ങൾ ജനിച്ച വർഷമോ, തങ്ങളെ ജനിപ്പിച്ച മനുഷ്യന്റെ പേരോ അറിയാതിരിക്കാൻ ഒരു വാസന തന്നെയുണ്ട്‌.

വീട്ടിലാകെക്കൂടി വായിക്കാനുള്ളതായി കണ്ടത്‌ ഏതോ കാർഷികമാസികയുടെ പല ലക്കങ്ങൾ, മൃഗവൈദ്യത്തെക്കുറിച്ച്‌ ഒരു മാനുവൽ, ഉറുഗ്വേയൻ ഇതിഹാസമായ തബരേയുടെ ഒരു ഡീലക്സ്‌ പതിപ്പ്‌, ശൃംഗാരമോ കുറ്റാന്വേഷണമോ വിഷയമാക്കിയിട്ടുള്ള ഒരടുക്കു കഥകൾ, അർജന്റീനയിലെ കുറുംകൊമ്പൻ കാലികളുടെ ചരിത്രം എന്ന പുസ്തകത്തിന്റെ ഒരു കോപ്പി എന്നിവയും, പിന്നെ ഡോൺ സെഗുണ്ടോ സോംബ്ര എന്ന പേരിൽ അടുത്ത കാലത്തിറങ്ങിയ, എസ്പിനോസാ വായിക്കാത്ത ഒരു നോവലും മാത്രമായിരുന്നു. അത്താഴശേഷമുള്ള അനിവാര്യമായ സംഭാഷണശ്രമങ്ങൾക്കു ജീവൻ കൊടുക്കാനുള്ള ഒരുപാധിയെന്ന നിലയിൽ ഈ നോവലിന്റെ രണ്ടദ്ധ്യ്യായങ്ങൾ എഴുത്തും വായനയും അറിയാത്ത ഗുത്രെകുടുംബത്തെ വായിച്ചുകേൾപ്പിച്ചാലോ എന്ന് അയാൾ ചിന്തിച്ചു. നിർഭാഗ്യത്തിന്‌ മേസ്ത്രിയും ഒരുകാലത്ത്‌ കാലിതെളിപ്പുകാരനായിരുന്നു; കാലിതെളിപ്പുകാരനായ മറ്റൊരാളുടെ ചെയ്തികൾ അയാളുടെ താൽപര്യത്തെ ഉണർത്താൻ മതിയായില്ല.  ഇതാർക്കുമെഴുതാവുന്നതാണെന്നായി അയാൾ; തെളിപ്പുകാർ തങ്ങൾക്കാവശ്യം വരുന്നതൊക്കെ ഒരു കഴുതപ്പുറത്തു കയറ്റി കൂടെ കൊണ്ടുപോകാറുള്ളതാണ്‌. കാലിതെളിപ്പുകാരനായിരുന്നില്ലെങ്കിൽ താനൊരിക്കലും ഗോമസ്‌ തടാകമോ, ബ്രഗാഡോ പുഴയോ, ചകാബുകോവിലെ നൂനസ്‌ കൃഷിക്കളമോ കാണാൻ പോകുന്നിലെന്നും അയാൾ പറഞ്ഞു...

വീട്ടിൽ ഒരു ഗിത്താറുണ്ടായിരുന്നു; ഞാൻ ഈ വിവരിക്കുന്ന സംഭവം നടക്കുന്ന കാലത്തിനു  മുമ്പ്‌ പണിക്കാർ വട്ടമിട്ടിരിക്കും; ഒരാൾ ഗിത്താറെടുത്ത്‌ വെറുതെ മീട്ടിക്കൊണ്ടിരിക്കും; പക്ഷേ അതു വായിക്കുക എന്നത്‌ അയാളുടെ കഴിവിനപ്പുറമായിരിക്കും. 'ഗിത്താർ തട്ടൽ' എന്നാണ്‌ ഇതറിയപ്പെട്ടിരുന്നത്‌.

താടി വളർത്തിത്തുടങ്ങിയിരുന്ന എസ്പിനോസ തന്റെ പുതിയ മുഖം നിരീക്ഷിച്ചുകൊണ്ട്‌ കണ്ണാടിയ്ക്കു മുന്നിൽ നിൽക്കുക പതിവായി; ബ്യൂണേഴ്സ്‌ അയഴ്സിൽ മടങ്ങിച്ചെല്ലുമ്പോൾ സലാഡോയിലെ വെള്ളപ്പൊക്കത്തെക്കുറിച്ചു പറഞ്ഞ്‌ താൻ കൂട്ടുകാരെ ബോറടിപ്പിക്കുന്നത്‌ മനസ്സിൽ കണ്ടപ്പോൾ അയാൾക്കു ചിരിവന്നു. വിചിത്രമെന്നു പറയട്ടെ, താനൊരിക്കലും പോയിട്ടില്ലാത്ത, ഇനിയൊരിക്കലും പോകാനിടയില്ലാത്ത ചില സ്ഥലങ്ങളെക്കുറിച്ചോർത്ത്‌ അയാൾക്കെന്തോ നഷ്ടബോധം തോന്നി-കാബ്രെരാ തെരുവിൽ തപാൽപ്പെട്ടി വച്ചിരുന്ന ഒരു മൂല, പ്ലാസാ ഡെൽ ഒൻസിനൽപ്പമകലെയായി ജുജൂയ്‌ തെരുവിലെ ഒരു ഗേറ്റിലുണ്ടായിരുന്ന രണ്ടു സിമന്റ്‌ സിംഹങ്ങൾ, എവിടെയെന്ന് അത്ര നിശ്ചയം പോരാത്ത തറയോടു പാകിയ പഴയൊരു കട. അച്ഛന്റെയും സഹോദരന്മാരുടെയും കാര്യം പറയാനാണെങ്കിൽ, അയാൾ പ്രളയജലത്താൽ വലയം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് അവർ ഇതിനകം ഡാനിയലിൽ നിന്നറിഞ്ഞിരിക്കണം.

വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടുനിന്ന വീടിന്റെ അകം തിരയുകയായിരുന്ന എസ്പിനോസ ഒരു ഇംഗ്ലീഷ്‌ ബൈബിൾ കണ്ടെടുത്തു. അതിന്റെ അവസാനത്തെ പേജുകളിൽ ഗുത്രിക്കാർ(അതായിരുന്നു അവരുടെ ശരിക്കുള്ള പേര്‌) തങ്ങളുടെ വംശാവലി എഴുതിയിട്ടിരുന്നു. ഇൻവേർണസ്കാരാണവർ; പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, കൂലിപ്പണിക്കാരായിട്ടുതന്നെയാവണം, അമേരിക്കയിലെത്തിയ ഇവർ റഡ്‌ ഇന്ത്യാക്കാരുമായി വിവാഹബന്ധത്തിലേർപ്പെട്ടു. 1870 ആകുമ്പോഴേക്കും ചരിത്രം മുറിയുന്നു; അപ്പോഴേക്കും അവർക്ക്‌ എഴുത്തു വശമില്ലാതായിക്കഴിഞ്ഞിരിക്കുന്നു. ചില തലമുറകൾക്കു ശേഷം ഇംഗ്ലീഷും അവർക്കു മറവിയിൽപ്പെടുന്നു. എസ്പിനോസ പരിചയപ്പെടുന്ന കാലത്ത്‌ അവരുടെ സ്പാനിഷും അത്ര മോശമായികഴിഞ്ഞിരിക്കുന്നു. മതവിശ്വാസമെന്നത്‌ അവർക്കില്ല; അതേസമയം പമ്പാഇന്ത്യക്കാരുടെ  അന്ധവിശ്വാസങ്ങൾക്കൊപ്പം കാൽവിനിസ്റ്റുകളുടെ മതകാർശ്യവും അവരുടെ രക്തത്തിൽ അവ്യക്തമായ വഴിത്താരകൾ പോലെ മറഞ്ഞുകിടപ്പുണ്ടായിരുന്നു. എസ്പിനോസ തന്റെ കണ്ടുപിടുത്തത്തെക്കുറിച്ച്‌ അവരോടു സൂചിപ്പിച്ചപ്പോൾ അവർ അതു ശ്രദ്ധിച്ചതു തന്നെയില്ല.

താളുകൾ  മറിച്ചുപോകെ മാർക്കോസിന്റെ സുവിശേഷം തുടങ്ങുന്നിടത്തു വച്ച്‌ അയാളുടെ വിരലുകൾ നിന്നു. ഒരു വിവർത്തനശ്രമ്മെന്ന നിലയിലും, ഇനിയഥവാ അവർക്കെന്തെങ്കിലും മനസ്സിലാകുന്നുണ്ടോയെന്നറിയാനുമാകാം, അത്താഴം കഴിഞ്ഞിരിക്കുന്ന സമയത്ത്‌ അവർക്ക്‌ അതിൽ നിന്നു വായിച്ചുകൊടുക്കാമെന്ന് അയാൾ തീരുമാനിച്ചു. അവർ ആദ്യം താൽപര്യത്തോടെയും പിന്നെ അതിൽ ലയിച്ചുചേർന്നും കേട്ടിരുന്നു എന്നത്‌ അയാളെ അത്ഭുതപ്പെടുത്തി. പുസ്തകത്തിന്റെ പുറംചട്ടയിലെ സ്വർണ്ണലിപികൾ അവരുടെ കണ്ണിൽ അതിനൊരു പ്രാമാണികത നൽകിയതാവാം. 'അതവരുടെ രക്തത്തിലുണ്ട്‌,' എസ്പിനോസ മനസ്സിൽ പറഞ്ഞു. മറ്റൊന്നു കൂടി അയാൾക്കു മനസ്സിൽ  വന്നു: രേഖപ്പെടുത്തപ്പെട്ട കാലമിന്നോളം മനുഷ്യൻ പേർത്തും പേർത്തും പറഞ്ഞുപോന്ന രണ്ടു കഥകളുണ്ട്‌- പ്രിയപ്പെട്ടൊരു ദ്വീപു തേടി മധ്യധരണ്യാഴിയിൽ വഴി തെറ്റിയലയുന്ന ഒരു നൗകയുടെ കഥ, പിന്നെ ഗാഗുൽത്തായിൽ കുരിശുമരണം വരിയ്ക്കുന്ന ഒരു ദൈവത്തിന്റെ കഥ. റാമോ മേഹ്യായിൽ പഠിക്കുന്ന കാലത്തെ വാഗ്പാടവത്തിന്റെ പാഠങ്ങൾ ഓർത്തുകൊണ്ട്‌ ദൃഷ്ടാന്തകഥകൾ എത്തിയപ്പോൾ അയാൾ എഴുന്നേറ്റുനിന്നായി വായന.

പിന്നീടാകട്ടെ, നേരത്തേ സുവിശേഷവായന കേൾക്കാനായി ഗുത്രെകുടുംബം മത്തിയും ചുട്ട മാംസവും വാരിവിഴുങ്ങി വന്നിരിക്കുക പതിവായി.

പെൺകുട്ടിയ്ക്ക്‌ ഒരു കുഞ്ഞാടുണ്ടായിരുന്നു; ഒരു നീലറിബ്ബണും കെട്ടി ഓമനിച്ചു വളർത്തുന്നതാണതിനെ. ഒരു ദിവസം കമ്പിവേലിയിൽ തട്ടി അതിനു മുറിവു പറ്റി; ചോരവാർച്ച നിർത്താനായി അവർ മുറിവിൽ മാറാല വെച്ചുകെട്ടാൻ തുടങ്ങുമ്പോൾ എസ്പിനോസ ചില ഗുളികകൾ കൊടുത്ത്‌ അതിനെ സുഖപ്പെടുത്തി. ഈ ശുശ്രൂഷ അവരിലുളവാക്കിയ കൃതജ്ഞത അയാളെ അമ്പരപ്പിച്ചുകളഞ്ഞു. ആദ്യമൊക്കെ അവരെ അയാൾക്ക്‌ അത്ര വിശ്വാസമില്ലായിരുന്നു; അതു കാരണം താൻ കൊണ്ടുവന്നിരുന്ന ഇരുനൂറ്റിനാൽപതു പെസോ അയാൾ തന്റെ ഒരു പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചുവയ്ക്കുകയും ചെയ്തിരുന്നു; ഇപ്പോൾ ഡാനിയൽ വീട്ടിലില്ലാത്ത സ്ഥിതിയ്ക്ക്‌ അയാൾ തന്നെ ചുമതല ഏറ്റെടുത്ത്‌ അറച്ചറച്ച്‌ ഉത്തരവുകൾ നൽകാൻ തുടങ്ങി; അവയെല്ലാം തത്ക്ഷണം തന്നെ അനുസരിക്കപ്പെടുകയും ചെയ്തു. അയാളില്ലെങ്കിൽ തങ്ങൾക്കു വഴിതെറ്റിപ്പോകുമെന്ന പോലെ ഗുത്രെകുടുംബം അയാൾക്കു പിന്നിൽ നിന്നൊഴിയാതെ നിന്നു. താൻ വായിച്ചുകൊണ്ടിരിക്കുമ്പോൾ അറിയാതെ മേശപ്പുറത്തു വീഴുന്ന ആഹാരാവശിഷ്ടങ്ങൾ അവർ എടുത്തുമാറ്റുന്നത്‌ ഒരിക്കൽ അയാളുടെ ശ്രദ്ധയിൽപ്പെട്ടു. ഒരു സന്ധ്യനേരത്ത്‌ അപ്രതീക്ഷിതമായി അയാൾ ചെന്നുകയറുമ്പോൾ അവർ തന്നെക്കുറിച്ച്‌ വളരെ ബഹുമാനത്തോടെ, ചുരുക്കം വാക്കുകളിൽ സംസാരിക്കുന്നതും അയാൾ കേട്ടു.  മാർക്കോസിന്റെ സുവിശേഷം തീർന്നപ്പോൾ അയാൾ മറ്റൊരു സുവിശേഷം വായിക്കാൻ തുടങ്ങി; എന്നാൽ അച്ഛൻഗുത്രെ പറഞ്ഞത്‌ വായിച്ചുകഴിഞ്ഞ സുവിശേഷം ഒന്നുകൂടി വായിക്കാനാണ്‌; എങ്കിൽ തങ്ങൾക്കത്‌ കുറച്ചുകൂടി നന്നായി മനസ്സിലാകുമല്ലോ. ഇവർ കുട്ടികളേപ്പൊലെയാണല്ലോയെന്ന് എസ്പിനോസ മനസ്സിലോർത്തു; കുട്ടികൾക്കിഷ്ടം വ്യതിയാനങ്ങളോ പുതുമയോ അല്ല, ആവർത്തനമാണല്ലോ. ഒരു ദിവസം രാത്രിയിൽ അയാൾ പ്രളയം സ്വപ്നം കണ്ടു(അതിൽ അത്ഭുതപ്പെടാനില്ല); പെട്ടകം പണിയുന്നതിന്റെ ചുറ്റികയടികൾ കെട്ട്‌ അയാൾ  ഉറക്കമുണർന്നു. ഇടിമുഴക്കമാണെന്നാണ്‌ അയാൾക്കു തോന്നിയത്‌. കുറേ നേരത്തേക്ക്‌ ശമനമുണ്ടായിരുന്ന മഴ വീണ്ടും കോരിച്ചൊരിഞ്ഞു തുടങ്ങിയിരുന്നു. തണുപ്പും കഠിനമായി. മഴ കാരണം ചായ്പ്പിന്റെ മേൽക്കൂര പൊളിഞ്ഞുപോയെന്നും, നന്നാക്കിക്കഴിഞ്ഞാൽ കൊണ്ടുപോയി കാണിക്കാമെന്നും ഗുത്രെകുടുംബം അയാളെ അറിയിച്ചു. അയാൾ ഒരന്യനോ പരദേശിയോ അല്ലാതായിക്കഴിഞ്ഞിരുന്നു; എല്ലാവർക്കും അയാളോടു ബഹുമാനമായിരുന്നു; ലാളനയോളമെത്തുന്ന ശ്രദ്ധയാണ്‌ അവർ അയാളോടു കാണിച്ചത്‌. അവർക്കാർക്കും കാപ്പി ഇഷ്ടമായിരുന്നില്ല; എന്നിട്ടും അയാൾക്കായി മധുരം കൂട്ടിയ ഒരു കൊച്ചുകപ്പു കാപ്പി അവർ കരുതിയിട്ടുണ്ടാവും.

രണ്ടാമതും കൊടുങ്കാറ്റു വീശുന്നത്‌ ഒരു ചൊവ്വാഴ്ചയാണ്‌. വ്യാഴാഴ്ച രാത്രിയിൽ അയാളുടെ വാതിലിൽ ആരോ പതുക്കെ തട്ടി; ഒരു കരുതലെന്ന നിലയിൽ അയാൾ എപ്പോഴും കതകു കുറ്റിയിടാറുണ്ടായിരുന്നല്ലോ. അയാൾ എഴുന്ന്നേറ്റു ചെന്ന് വാതിൽ തുറന്നു; അത്‌ ആ പെൺകുട്ടിയായിരുന്നു. ഇരുട്ടത്ത്‌ അയാൾക്ക്‌ അവളുടെ രൂപം വ്യക്തമായില്ല; പക്ഷേ അവളുടെ കാൽപ്പെരുമാറ്റം കേട്ടപ്പോൾ അയാൾക്കു മനസ്സിലായി, അവൾ ചെരുപ്പിട്ടിട്ടില്ലെന്ന്; അവൾ വീടിന്റെ അങ്ങേയറ്റത്തു നിന്ന് ഇവിടത്തോളം നഗ്നയായിട്ടാണു വന്നതെന്നു പിന്നീട്‌ കിടക്കയിൽ വച്ചും അയാളറിഞ്ഞു. അവൾ അയാളെ ആലിംഗനം ചെയ്യുകയോ, എന്തെങ്കിലും പറയുകയോ ചെയ്തില്ല. അവൾ അയാളുടെ അരികത്തു കിടന്നു; അവൾ കിടുങ്ങിവിറയ്ക്കുകയായിരുന്നു. ഇതാദ്യമായിട്ടാണ്‌ അവൾ ഒരു പുരുഷനോടൊപ്പം കിടക്കുന്നത്‌. തിരിച്ചുപോകുമ്പോൾ അവൾ അയാളെ ചുംബിച്ചതുമില്ല; തനിക്കവളുടെ പേരു കൂടി അറിയില്ലല്ലോയെന്ന് എസ്പിനോസ മനസ്സിലോർത്തു. ചുഴിഞ്ഞന്വേഷിക്കാൻ താൽപര്യം തോന്നാതിരുന്ന എന്തോ കാരണം കൊണ്ട്‌ അയാൾ മനസ്സിൽ പ്രതിജ്ഞയെടുത്തു, ബ്യൂണേഴ്സ്‌ അയഴ്സിൽ മടങ്ങിയെത്തുമ്പോൾ ഈ നടന്നതിനെക്കുറിച്ച്‌ താൻ ആരോടും ഒരക്ഷരം മിണ്ടുകയില്ല എന്ന്.

അടുത്ത ദിവസം പൂർവ്വദിനങ്ങൾ പോലെ തന്നെ ആരംഭിച്ചു. അന്നുപക്ഷേ അച്ചൻഗുത്രെ എസ്പിനോസയോടു സംസാരിക്കാൻ നിന്നു. മനുഷ്യജാതിയെ രക്ഷിക്കാനായി ക്രിസ്തു ബലിയാവുകയായിരുന്നോയെന്ന് അയാൾ ആരാഞ്ഞു. തന്റെ അച്ഛനെപ്പോലെ യുക്തിവാദിയായിരുന്നുവെങ്കിലും, താൻ വായിച്ചുകൊടുത്തതിന്‌ എതിരു വരരുതല്ലോ എന്ന ചിന്തയോടെ എസ്പിനോസ ഇങ്ങനെ മറുപടി പറഞ്ഞു:

'അതെ, മനുഷ്യജാതിയിൽപ്പെട്ട സകലരെയും നരകത്തിൽ നിന്നു രക്ഷിക്കാൻ.'

'എന്താണു നരകം?' ഗുത്രെ പിന്നെ ചോദിച്ചു.

'അത്‌ ഭൂമിക്കടിയിൽ ആത്മാക്കൾ എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരിടമാണ്‌.'

'ആണിയടിച്ചുകയറ്റിയ ആ പട്ടാളക്കാർ, അവർക്കും രക്ഷ കിട്ടിയോ?'

'ഉവ്വ്‌,' എസ്പിനോസ പറഞ്ഞു; ദൈവശാസ്ത്രത്തിൽ അയാളുടെ പരിജ്ഞാനം അത്ര സൂക്ഷ്മമല്ലായിരുന്നു.  (തലേ രാത്രി തന്റെ മകളുമായി നടന്നതിനെക്കുറിച്ചെങ്ങാനും മേസ്ത്രി ചോദിച്ചേക്കുമോയെന്നായിരുന്നു അയാളുടെ ഭയം.)

ഉച്ചയ്ക്ക്‌ ആഹാരം കഴിഞ്ഞിരുന്നപ്പോൾ അവസാനത്തെ അദ്ധ്യായങ്ങൾ ഒന്നുകൂടി വായിക്കാൻ അവർ ആവശ്യപ്പെട്ടു.

അന്നുച്ചതിരിഞ്ഞ്‌ എസ്പിനോസ ദീർഘമായ ഒരു മയക്കത്തിലാണ്ടു. നിരന്തരമായ ചുറ്റികയടികളും അസ്പഷ്ടമായ ദുസ്സൂചനകളും കൊണ്ടു തടസ്സപ്പെട്ട പാതിമയക്കം. സന്ധ്യയായപ്പോൾ അയാൾ എഴുന്നേറ്റ്‌ ഹാളിലേക്കു ചെന്നു. 'വെള്ളമിറങ്ങിക്കഴിഞ്ഞു,' ഉറക്കെ ചിന്തിക്കുന്നതു പോലെ അയാൾ പറഞ്ഞു. 'ഇനി അധികനേരം വേണ്ട.’

'ഇനി അധികനേരം വേണ്ട,' മാറ്റൊലി പോലെ ഗുത്രെയും പറഞ്ഞു.

അവർ മൂവരും അയാളെ പിന്തുടരുകയായിരുന്നു. കല്ലു പാകിയ തറയിൽ മുട്ടുകുത്തി അവർ അയാളോട്‌ അനുഗ്രഹം ചോദിച്ചു. പിന്നെ അവർ അയാളെ നിന്ദിക്കുകയും ദേഹത്തു കാറിത്തുപ്പുകയും ചെയ്തിട്ട്‌ വീടിന്റെ പിൻഭാഗത്തേക്ക്‌ അയാളെ ഉന്തിത്തള്ളിക്കൊണ്ടുപോയി. പെൺകുട്ടി തേങ്ങി. വാതിലിനപ്പുറം തന്നെ കാത്തിരിക്കുന്നതെന്താണെന്ന് എസ്പിനോസായ്ക്കു ബോധ്യമായി. അവർ അതു തുറന്നപ്പോൾ അയാൾ ആകാശം കണ്ടു. ഒരു കിളി കരഞ്ഞു; ഗോൾഡ്ഫിഞ്ചാണത്‌, അയാൾ മനസ്സിൽ പറഞ്ഞു. ചായ്പ്പിനു കൂരയുണ്ടായിരുന്നില്ല; കുരിശു  തീർക്കാനായി അവർ കഴുക്കോലുകൾ പൊളിച്ചിറക്കിയിരുന്നു.

__________________________________________________________________________________________________________________

പാമ്പാ-തെക്കേ അമേരിക്കയിലെ മരങ്ങൾ വളരാത്ത പുല്ലുമൈതാനങ്ങൾ

ഗോച്ചോ-പാമ്പായിലെ കാലിതെളിപ്പുകാർ

ഗോൾഡ്ഫിഞ്ച്‌-ക്രിസ്തുവിന്റെ പീഡാനുഭവവും മുൾക്കിരീടവുമായി ബന്ധപ്പെട്ട പ്രതീകം.

 

Painting-The Crucifixion, by Vouet, 1622,Genoa from Wikimedia Commons

പ്രിന്റെടുത്തു വായിക്കാന്‍ ഇവിടെ ക്ലിക്കു ചെയ്യുക

Friday, February 19, 2010

ബോർഹസ്‌-ജെ.എഫ്‌.കെയുടെ ഓർമ്മയ്ക്ക്‌

File:Cain kills Abel.png

ഈ വെടിയുണ്ട പഴക്കമുള്ളതാണ്‌.

1897-ൽ ഉറുഗ്വേയുടെ പ്രസിഡന്റിനു മേൽ മൊണ്ടെവിഡിയോക്കാരനായ അവെലിനോ അരെഡെൻഡോ എന്ന ചെറുപ്പക്കാരൻ കൊള്ളിച്ചതിതാണ്‌; പരപ്രേരണ കൂടാതെയാണു തന്റെ പ്രവൃത്തി എന്നു ലോകത്തെ ബോധ്യപ്പെടുത്താനായി കുറേ ആഴ്ചകൾ അയാൾ അന്യരുമായി ബന്ധപ്പെടാതെയുമിരുന്നു. മുപ്പതു കൊല്ലം മുമ്പ്‌ ഇതേ വെടിയുണ്ട തന്നെയാണ്‌ ലിങ്കണെ വധിച്ചതും; ഷേക്സ്പിയറുടെ വാക്കുകൾ സീസറുടെ കൊലയാളിയായ മാർക്കസ്‌ ബ്രൂട്ടസായി രൂപം മാറ്റിയ ഒരു നടന്റെ ദുഷ്ടമോ മാന്ത്രികമോ ആയ കൈകളിൽ നിന്നാണതു പുറപ്പെട്ടത്‌. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ യുദ്ധം എന്നു പേരായ സമൂഹബലിയ്ക്കിടയിൽ വച്ച്‌ സ്വീഡനിലെ ഗുസ്താവസ്‌ അഡോൾഫസിനെ വധിക്കാനായി പ്രതികാരം ഉപയോഗപ്പെടുത്തിയതും ഇതിനെത്തന്നെ.

അതിനും മുമ്പ്‌ മറ്റു പലതുമായിരുന്നു ഈ വെടിയുണ്ട; എന്തെന്നാൽ പൈതഗോറിയൻ സമ്പ്രദായത്തിലെ പുനർജന്മം മനുഷ്യർക്കു മാത്രം പറഞ്ഞിട്ടുള്ള ഒന്നല്ലല്ലോ. പൗരസ്ത്യദേശത്ത്‌ ദിവാന്മാർക്കു നൽകിയിരുന്ന പട്ടുചരടാണിത്‌; അലാമോയുടെ ചാവേറുകളെ അരിഞ്ഞുവീഴ്ത്തിയ തോക്കുകളും ബയണറ്റുകളുമാണിത്‌; ഒരു രാജ്ഞിയുടെ കഴുത്തറുത്ത ത്രികോണാകൃതിയിലുള്ള കത്തിയാണിത്‌; കുരിശ്ശു തീർത്ത തടിയും രക്ഷകന്റെ മാംസത്തിൽ തുളച്ചുകേറിയ ഇരുണ്ട ആണികളുമാണ്‌; കാർത്തേജിലെ പടത്തലവൻ തന്റെ വിരലിലെ ഇരുമ്പുമോതിരത്തിൽ കൂടെക്കൊണ്ടുനടന്നിരുന്ന വിഷമിതാണ്‌; സോക്രട്ടീസ്‌ ഒരു സായാഹ്നത്തിൽ മോന്തിയ സ്വച്ഛമായ ചഷകവും ഇതു തന്നെ.

കാലത്തിന്റെ ഉദയത്തിൽ കായേൻ ആബേലിനു നേർക്കു വലിച്ചെറിഞ്ഞ കല്ലായിരുന്നു ഇത്‌; ഭാവിയിൽ നമുക്കിന്നു ഭാവന ചെയ്യാനാവാത്ത പലതുമാകുമിത്‌;അന്നും പക്ഷേ,മനുഷ്യരെ, അവരുടെ അത്ഭുതകരവും നശ്വരവുമായ ജീവിതത്തെ ഉന്മൂലനം ചെയ്യാൻ സമർത്ഥവുമായിരിക്കുമിത്‌.

 

 

painting-

Cain kills Abel-Paul Gustave Doré

Reprinted from http://enteammamalayalam.blogspot.com/

Thursday, February 18, 2010

നെരൂദ-ചീട്ടുകുത്തിന്‌

File:Poker-sm-223-Qh.png

എന്റെ കൈയിലാകെയുള്ളത്‌
ആറു ഡൈമൻ,
ഏഴാഡുതനും.

പിന്നെയൊരു
വെള്ളത്തിന്റെ ജനാലയും.

ചങ്കുറപ്പില്ലാത്തൊരു ഭീരു,
വാളുമൂരി, കുതിരപ്പുറത്തേറിയ
ഒരു റാണിയും.

ചോരച്ച മുടിയും
മുക്കുപൊന്നിന്റെ കൈകളുമുള്ള
ഉഗ്രയായ റാണി.

ഇനിപ്പറയൂ,
എന്തു കളിയ്ക്കണം,
എന്തിറക്കണം,
എന്തു തള്ളണം,
എന്തു വലിയ്ക്കണം-
മറുചീട്ടായാലോ,
ഒരൊറ്റയാൻ ആഡുതൻ,
ഇസ്പേഡോ, റാണിയോ?
ആരെങ്കിലും ഒന്നുനോക്കിപ്പറയൂ,
കാലത്തിന്റെ കളി നോക്കൂ,
നമ്മുടെ ജീവിതത്തിന്റെ മണിക്കൂറുകൾ,
നിശ്ശബ്ദതയുടെ ശീട്ടുകൾ,
നിഴലും അതിന്റെ ലക്ഷ്യവും-
ഒന്നു പറയൂ,
തോറ്റുതോറ്റുകിടക്കാൻ
എന്തു കളിയ്ക്കണം ഞാൻ?

 

File:Poker-sm-212-Ks.png

Wednesday, February 17, 2010

കാഫ്ക-പാലം


തണുത്തതും മരച്ചതുമായിരുന്നു ഞാൻ, ഒരു പാലമായിരുന്നു ഞാൻ, ഒരു കൊക്കയ്ക്കു മേൽ കിടക്കുകയായിരുന്നു ഞാൻ. ഒരു വശത്ത്‌ എന്റെ കാൽവിരലുകൾ ആണ്ടിറങ്ങി, മറുവശത്ത്‌ കൈകളും; അടരുന്ന കളിമണ്ണിൽ പല്ലുകൾ കൊണ്ടു ഞാൻ കടിച്ചുപിടിച്ചു. എന്റെ കോട്ടിന്റെ തുമ്പുകൾ ഇരുവശത്തുമായി പാറിക്കിടന്നു. അങ്ങു താഴെയായി സാൽമൺമീനുകൾ നിറഞ്ഞ, തണുത്തൊരരുവി ബഹളം വച്ചൊഴുകുന്നു. കടക്കാനരുതാത്ത ഈ മലകളിലേക്ക്‌ ഒരു സഞ്ചാരിയും ഇതേവരെ തെന്നിയെത്തിട്ടില്ല, ഒരു ഭൂപടത്തിലും ഈ പാലം വരച്ചു ചേർത്തിട്ടുമില്ല. അങ്ങനെ ഞാൻ കാത്തുകിടന്നു, കത്തുകിടന്നേ പറ്റൂ. ഒരു പാലമിട്ടാൽ അതുപിന്നെ പാലമല്ലാതെയാകണമെങ്കിൽ അതു പൊളിഞ്ഞുവീഴണം.

ഒരുദിവസം സന്ധ്യയോടടുപ്പിച്ച്‌-അതാദ്യത്തേതാണോ അതോ ആയിരാമത്തേതോ? എനിക്കറിയില്ല, എനിക്കൊരു പിടിയും കിട്ടുന്നില്ല; എന്റെ ചിന്തകൾ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്‌, വൃത്തത്തിലാണതിന്റെ സഞ്ചാരം. ഒരു വേനൽക്ക്‌, സന്ധ്യനേരത്ത്‌, അരുവിയുടെ ഗർജ്ജനത്തിനു കനം വച്ചുമിരിക്കുന്നു, ആരോ നടന്നടുക്കുന്നതു ഞാൻ കേട്ടു! എന്നിലേക്ക്‌, എന്നിലേക്ക്‌. നിവർന്നു കിടക്കുക, പാലമേ, കൈവരിയില്ലാത്ത തുലാങ്ങളേ, നിങ്ങളുടെ കൈകളിലേൽപ്പിക്കുന്ന യാത്രക്കാരനെ താങ്ങി നിർത്താൻ തയ്യാറായിക്കോളൂ. അയാളുടെ കാലുകൾ ഉറയ്ക്കുന്നില്ലെങ്കിൽ അയാളറിയാതെ തന്നെ അവയെ നേരേ പിടിച്ചു നിർത്തുക; അയാൾ തടഞ്ഞുവീഴാൻ പോവുകയാണെങ്കിൽപ്പക്ഷേ, നീ നിന്റെ തനിസ്വരൂപമെടുക്കുക, ഒരു മലദൈവത്തെപ്പോലെ അയാളെ കരയിലേക്കെടുത്തെറിയുക.

അയാൾ വന്നു, തന്റെ വടിയുടെ ഇരുമ്പു പിടിപ്പിച്ച കൂർത്ത അഗ്രം കൊണ്ട്‌ എന്നെ ഒന്നു തട്ടിനോക്കി, എന്നിട്ടുപിന്നെ അതു കൊണ്ട്‌ എന്റെ കോട്ടിന്റെ തുമ്പുകൾ പിടിച്ച്‌ നേരെ മടക്കിയിടുകയും ചെയ്തു. അയാൾ കുറേ നേരം തന്റെ വടിയുടെ അറ്റം എന്റെ കാടു പിടിച്ച മുടിയിൽ കുത്തിനിർത്തി; അങ്ങനെ നിന്നു ചുറ്റും നോക്കിയപ്പോൾ അയാൾ എന്റെ കാര്യം മറന്നുപോയതാവാം. അപ്പോഴാണ്‌-മനസ്സു കൊണ്ട്‌ അയാളുടെ പിന്നാലെ കാടുകളും തടങ്ങളും താണ്ടുകയായിരുന്നു ഞാൻ-അയാൾ രണ്ടുകാലുമുയർത്തിക്കൊണ്ട്‌ എന്റെ നടുവിലേക്കൊരു ചാട്ടം. വേദന കൊണ്ടു ഞാൻ നടുങ്ങിപ്പോയി. എന്താണു സംഭവിച്ചതെന്ന് എനിക്കു മനസ്സിലായതുമില്ല. ആരാണിത്‌? കുട്ടിയോ? File:Anton Romako - Am Wasserfall.jpgസ്വപ്നമോ? വഴിയാത്രക്കാരനോ? ആത്മഹത്യ ചെയ്യാൻ വന്നവനോ? പ്രലോഭിപ്പിക്കാൻ വന്നവനോ? നശിപ്പിക്കാൻ വന്നവനോ? അയാളെ നോക്കാനായി ഞാൻ തലയൊന്നു തിരിച്ചു. പാലം തിരിഞ്ഞുനോക്കുകയോ! മുഴുവനായി തിരിയുന്നതിനു മുമ്പുതന്നെ, ഞാൻ പൊളിഞ്ഞു വീഴാൻ തുടങ്ങിയിരുന്നു. വീണ ഞാൻ കുതിച്ചൊഴുകുന്ന വെള്ളത്തിനിടയിൽക്കിടന്ന് എപ്പോഴുമെന്നെ ശാന്തരായി നിരീക്ഷിച്ചിരുന്ന കൂർത്ത പാറക്കല്ലുകളിലിടിച്ചു ചീളുകളായി കോർത്തുകിടക്കുകയും ചെയ്തു.

Tuesday, February 16, 2010

നെരൂദ-രാത്രി

File:Grus canadensis northbound.jpg

യാതൊന്നുമറിയേണ്ടതില്ലെനിക്ക്‌,
സ്വപ്നങ്ങൾ കാണേണ്ടതില്ലെനിക്ക്‌,
ആരെന്നെ പഠിപ്പിക്കും
ഇല്ലാതെയാകുവാൻ,
ജീവനില്ലാതെ ജീവിക്കാൻ?

ചോലയൊഴുകുന്നതെങ്ങനെ?
ശിലകൾക്കു സ്വർഗ്ഗമെവിടെ?

ദേശാന്തരം പോകുന്ന പറവകൾ
വഴികൾ ഗണിച്ച്‌,
കടലുകളുറയുമ്പോൾ
കാറ്റിൻ ചിറകേറും കാലം വരെ
അനക്കമറ്റു കിടക്കുക.

ഒരു ഭൂഗർഭനഗരം പോലെ
അനക്കമറ്റു കിടക്കുക;
സ്വന്തം തെരുവുകൾ മടുത്ത,
മണ്ണിനടിയിൽ മറഞ്ഞ,
ഉണ്ടെന്നറിയാത്ത ഒരു നഗരം.
അതിനു കൈകളില്ല,
അങ്ങാടികളില്ല,
അതിനു തീറ്റ സ്വന്തം നിശ്ശബ്ദത.

പോകപ്പോകെയൊരിടത്തു വച്ച്‌
കാണാതെയായിപ്പോവുക,
പറയുമ്പോൾ വാക്കുകളില്ലാതെയാവുക,
കാതിൽപ്പെടുന്നതു ചില മഴത്തുള്ളികൾ,
ഏതോ നിഴലിന്റെ ചിറകടികൾ.

Monday, February 15, 2010

കാഫ്കയുടെ ഡയറി-9

image0

1922 ജനുവരി 19

തിന്മ എന്നൊന്നില്ല; വാതിൽ കടന്നുകഴിഞ്ഞാൽപ്പിന്നെ എല്ലാം നല്ലതത്രെ. പരലോകത്തെത്തിയാൽ പിന്നെ വായ തുറക്കരുത്‌.

ജനുവരി 20

മരണത്തിന്റെ തപിക്കുന്ന മുഹൂർത്തത്തിൽ ശരിതെറ്റുകളെക്കുറിച്ച്‌ നിങ്ങൾക്കു ചിന്തിക്കാനാവാത്ത പോലെയാണ്‌, ജീവിതത്തിന്റെ തപിക്കുന്ന മുഹൂർത്തത്തിലും നിങ്ങൾക്കതിനു കഴിയാത്തത്‌. അമ്പുകൾ അവയുണ്ടാക്കുന്ന മുറിവുകളിൽ കൃത്യമായി കൊണ്ടിരിക്കണമെന്നേയുള്ളു.

ജനുവരി 21

എന്റെ അറിവിൽ പെട്ടിടത്തോളം ഇത്ര ദുഷ്കരമായ ഒരുദ്യമം മറ്റൊരാൾക്കും നൽകിയിട്ടില്ല. അതൊരുദ്യമമേ അല്ലെന്ന് നിങ്ങൾക്കു പറയാം, അസാധ്യമായതു പോലുമല്ല, അസാധ്യതയുമല്ല, ഒന്നുമല്ലത്‌, കുട്ടിയുണ്ടാകാനുള്ള വന്ധ്യയുടെ മോഹത്തോളം പോലുമില്ല. എന്നാൽക്കൂടി ഞാൻ ശ്വസിക്കുന്ന വായുവാണത്‌, എനിക്കു ശ്വാസമുള്ളിടത്തോളം കാലം.

പൂർവ്വികരില്ല,വിവാഹമില്ല,അനന്തരാവകാശികളില്ല; അടങ്ങാത്ത ദാഹമുണ്ടെന്നാൽ പൂർവ്വികർക്കായി,വിവാഹത്തിനായി,അനന്തരാവകാശികൾക്കായി.അവർ എനിക്കു നേരെ കൈ നീട്ടുകയാണ്‌: പുർവ്വികർ,വിവാഹം,അനന്തരാവകാശികൾ; പക്ഷേ എനിക്കെത്തിപ്പിടിക്കാൻ പറ്റാത്ത അകലത്തിലാണവർ.
കൃത്രിമവും നികൃഷ്ടവുമായ ഒരു പകരംവയ്ക്കൽ സകലതിനുമുണ്ട്‌, പുർവ്വികർക്കും വിവാഹത്തിനും അനന്തരാവകാശികൾകും. പനിക്കോളു പിടിച്ച വ്യഗ്രതയോടെ നിങ്ങൾ ഈ പകരംവയ്ക്കലുകൾ തട്ടിക്കൂട്ടുന്നു; പനി നിങ്ങളെ നശിപ്പിച്ചിട്ടില്ലെങ്കിൽ, ആ പണിയ്ക്ക്‌ അവ മതിയാവും.

ജനുവരി 24

വിവാഹം കഴിച്ചവർ എന്തു സന്തുഷ്ടരാണ്‌ ഓഫീസിൽ, ചെറുപ്പക്കാരായാലും പ്രായമായവരായാലും. എനിക്കെത്തിപ്പിടിക്കാവുന്നതിനപ്പുറത്താണത്‌; ഇനിയഥവാ കൈയിൽ കിട്ടിയാലും എനിക്കതസഹ്യമായി തോന്നിയെന്നും വരാം; എങ്കിൽക്കൂടി എന്റെ ആഗ്രഹത്തെ തൃപ്തിപ്പെടുത്താൻ ഞാൻ ഉപയോഗപ്പെടുത്തിയേക്കാവുന്നത്‌ അതൊന്നു മാത്രമാണ്‌.

ജനനത്തിനു മുന്നിലെ മടിച്ചുനിൽക്കൽ. ആത്മാക്കളുടെ കൂടുമാറ്റം എന്നൊന്നുണ്ടെങ്കിൽ ആദ്യത്തെ പടി പോലും എത്തിയിട്ടില്ല ഞാൻ. ജനനത്തിനു മുന്നിലെ മടിച്ചുനിൽക്കലാണ്‌ എന്റെ ജീവിതം.

സ്ഥൈര്യം. പ്രത്യേകിച്ചൊരു വഴിയിലൂടെയുള്ള വികാസമല്ല എനിക്കാവശ്യം, ലോകത്ത്‌ എന്റെ സ്ഥാനം മറ്റൊന്നായി മാറണം. മറ്റൊരു ഗ്രഹത്തിലേക്കു പോകാനാണ്‌ എനിക്കാഗ്രഹം എന്നാണ്‌ അതിന്റെ ശരിക്കുള്ള അർത്ഥം. എനിക്കെന്നോടൊപ്പം മറ്റൊരാളായി നിന്നാൽ മതി, ഇനിയഥവാ, ഞാൻ നിൽക്കുന്ന സ്ഥാനം മറ്റൊരു സ്ഥാനമായി കാണാൻ എനിക്കു കഴിഞ്ഞാലും മതി.

വിഷാദം, കാരണംഇല്ലാതെയുമല്ല. എന്റെ വിഷാദം ആ കാരണത്തെ ആശ്രയിച്ചിരിക്കുന്നു. ആദ്യം എത്ര എളുപ്പമായിരുന്നു, ഇന്ന് അതെത്ര ദുഷ്കരം! എത്ര നിസ്സഹായതയോടെയാണ്‌ ആ ദുഷ്‌പ്രഭു എന്നെ നോക്കുന്നത്‌:'ഇങ്ങോട്ടാണോ നീയെന്നെ കൊണ്ടുപോകുന്നത്‌!' ഇതൊക്കെയായിട്ടും സമാധാനമില്ല. രാവിലത്തെ പ്രതീക്ഷകൾ വൈകുന്നേരത്ത്‌ കുഴിയിലടങ്ങുന്നു. ഇങ്ങനെയൊരു ജീവിതവുമായി സൗഹാർദ്ദപരമായ ഒരു പൊരുത്തപ്പെടൽ അസാദ്ധ്യമാണ്‌; അങ്ങനെയൊന്നു സാധിച്ചവരായി ആരും ഉണ്ടാവാനും പോകുന്നില്ല. ഈ അതിർത്തിയിലെത്തുമ്പോൾ-അതിനടുത്തെത്തുക എന്നതു തന്നെ ദാരുണമാണ്‌-മറ്റുള്ളവർ തിരിഞ്ഞു നടക്കുന്നു; എനിക്കതിനു പറ്റുന്നില്ല. ഞാൻ സ്വമനസ്സാലെ വന്നതല്ല, കുട്ടിയായിരിക്കുമ്പോൾ ആരോയെന്നെ ഇവിടെയ്ക്കു തള്ളിവിടുകയായിരുന്നുവെന്നും അതിൽപ്പിന്നെ ഞാനിവിടെ ചങ്ങലയിൽ കിടക്കുകയാണെന്നും പോലും എനിക്കു തോന്നുന്നു.എന്റെ ദൗർഭാഗ്യത്തെക്കുറിച്ച്‌ എനിക്കു ബോധമുണ്ടായി വന്നപ്പോഴേക്കും അതു പൂർണ്ൺമായിക്കഴിഞ്ഞിരുന്നു. അതു കാണാൻ ദീർഘദർശിത്വം വേണ്ട, ഒന്നു കടന്നുകാണുന്ന കണ്ണു മതിയായിരുന്നു.

നീ എന്നെ ഒഴിവാക്കുകയായിരുന്നു എന്നു പറഞ്ഞാൽ അതൊരനീതിയായേക്കും; ഞാൻ ഒഴിവാകുകയായിരുന്നു, അതാണു സത്യം, ഭീകരവുമാണത്‌.

ഫെബ്രുവരി 3

ഉറങ്ങാൻ കഴിയുന്നതേയില്ല. സ്വപ്നങ്ങൾ വന്നു വേട്ടയാടുകയാണ്‌. എന്റെ മേൽ, കടുപ്പമുള്ള ഏതോ വസ്തുവിന്മേൽ അവ കോറിയിടുകയാണെന്നു തോന്നുന്നു.

ഫെബ്രുവരി 18

എല്ലാം ഒന്നേയെന്നു തുടങ്ങേണ്ടിവരുന്ന ഒരു നാടകസംവിധായകൻ; അയാൾക്കു തന്റെ അഭിനേതാക്കളെയും ജനിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു സന്ദർശകന്‌ സംവിധായകനെ കാണാൻ അനുമതി കിട്ടുന്നില്ല; അദ്ദേഹം നാടകവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടൊരു ജോലിയിലാണ്‌. എന്താണത്‌? അദ്ദേഹം ഒരു ഭാവിനടന്റെ ഡയപ്പർ മാറ്റുകയാണ്‌.

മാർച്ച്‌ 9

എവിടെയോ സഹായം എന്നെ കാത്തുകിടപ്പുണ്ട്‌, അവിടെയ്ക്കടിച്ചോടിയ്ക്കുകയാണെന്നെ.

മാർച്ച്‌ 20

അത്താഴസമയത്ത്‌ സംഭാഷണം കൊലപാതകികളെയും വധശിക്ഷകളെയും കുറിച്ച്‌. പ്രശാന്തമായി ശ്വാസമെടുക്കുന്ന നെഞ്ചിന്‌ ഭീതിയറിയില്ല. ആസൂത്രണം ചെയ്ത കൊലപാതകവും നടപ്പിലാക്കിയ കൊലപാതകവും തമ്മിൽ എന്തു വ്യത്യാസമുണ്ടെന്നും അറിയില്ല.

ഏപ്രിൽ 4

എന്റെയുള്ളിലെ ആധിയിൽ നിന്ന് മുറ്റത്തു കാണുന്ന ഒരു രംഗത്തിലേക്കുള്ള വഴി എത്ര ദിർഘം-തിരിച്ചുള്ള വഴി എത്ര ഹ്രസ്വം. സ്വന്തം വീട്ടിലെത്തിച്ചേർന്ന സ്ഥിതിയ്ക്ക്‌ അതിനി വിട്ടുപോരലുമില്ല.

ഏപ്രിൽ 11

നിത്യയൗവനം അസാധ്യമാണ്‌. മറ്റൊരു തടസ്സവുമില്ലെങ്കിൽ ആത്മപരിശോധന കൊണ്ടുതന്നെ അതാസാധ്യമായിക്കോളും.

മേയ്‌ 8

ഉണങ്ങാത്ത ഒരു വ്രണം മുറികൂടിയേക്കാമെന്നപോലെ ഒരു കൃതി അവസാനിക്കുന്നു.
മറ്റേയാൾ നിശ്ശബ്ദനെങ്കിൽ നിങ്ങളതിനെ ഒരു സംഭാഷണമെന്നു വിളിക്കുമോ? ഒരു സംഭാഷണം നടക്കുന്നുവേന്ന പ്രതീതി വരുത്താൻ വേണ്ടി നിങ്ങൾ അയാളുടെ ഭാഗവും എടുത്തുനോക്കുകയാണ്‌,അങ്ങനെ അയാളെ അനുകരിക്കുകയാണ്‌, അയാളെ വികൃതമായി അനുകരിക്കുകയാണ്‌, സ്വയം വികൃതമായി അനുകരിക്കുകയാണ്‌.

 

 

sketch by Kafka

നെരൂദ-ശവദാഹം കിഴക്ക്‌

  

രാത്രിയിലാണെനിക്കു വേല,
എന്നെച്ചൂഴെ നഗരമുണ്ട്‌,
മുക്കുവരുണ്ട്‌, കുംഭാരന്മാരുണ്ട്‌,
ചെമ്പട്ടു ചുറ്റി, കുങ്കുമവും ഫലങ്ങളുമായി
ദഹിപ്പിക്കാനെടുക്കുന്ന ജഡങ്ങളുണ്ട്‌.
തുടലുകൾ കിലുക്കി,
ചെമ്പിന്റെ കുഴലുകൾ മുഴക്കി,
എന്റെ മട്ടുപ്പാവിന്നടിയിലൂടെ
പ്രേതങ്ങൾ കടന്നുപോകുന്നു.
വിഷപുഷ്പങ്ങളുടെ നിറങ്ങൾക്കിടയിൽ,
ചാരം പൂശിത്തുള്ളുന്നവരുടെ ഒച്ചകൾക്കിടയിൽ,
ഒരേതാളത്തിൽ പെരുകുന്ന ചെണ്ടക്കോലുകൾക്കിടയിൽ,
നാറിക്കത്തുന്ന വിറകിന്റെ പുകയ്ക്കിടയിൽ
മരണപ്പെട്ടവരുടെ ചൂളംവിളി കേൾക്കാം
നേർത്തതാണത്‌,നിർത്തില്ലാത്തതാണത്‌,ദീനമാണത്‌.
ഒരു വളവു കഴിഞ്ഞാൽ,
കലങ്ങിയ പുഴയുടെ തീരത്ത്‌,
അവരുടെ കൈകാലുകൾ ചുട്ടുപഴുക്കും,
അവരുടെ ഹൃദയങ്ങൾ
തീ പിടിച്ചുരുണ്ടു വീഴും
മിടിപ്പു മുട്ടിയ ഹൃദയങ്ങൾ,
ഇനിയുമേറിയൊരായാസം
ഏറ്റെടുക്കുന്ന ഹൃദയങ്ങൾ.
വിറപൂണ്ട ചാരം പുഴയിൽ വീണൊഴുകും
കരിഞ്ഞ പൂക്കൾ പോലെ,
ഏതോ സഞ്ചാരി തല്ലിക്കെടുത്തിയ തീ പോലെ-
പുഴയുടെ കറുപ്പിന്മേൽ തീ പൂട്ടി
അയാൾ ഭക്ഷിച്ചുവെന്നാകാം
മറഞ്ഞുപോയൊരു പ്രാണനെ,
ഒരന്തിമതർപ്പണത്തെ.


Sunday, February 14, 2010

കാഫ്കയുടെ ഡയറി-8

fk_doodle_sitting

1920 ജനുവരി 9

അന്ധവിശ്വാസവും ആദർശവും ജീവിതത്തെ സാധ്യമാക്കുന്ന വസ്തുതയും: പാപങ്ങളുടെ സ്വർഗ്ഗം വഴി നന്മകളുടെ നരകം പ്രാപിക്കുക. അത്ര അനായാസമായി? അത്ര വൃത്തികെട്ട രിതിയിൽ? അത്ര അവിശ്വസനീയമായി? അന്ധവിശ്വാസം എളുപ്പമാണ്‌.

അയാളുടെ തലയ്ക്കു പിന്നിൽ നിന്ന് ഒരു കഷണം ചെത്തിമാറ്റിയിരുന്നു. സുര്യനും, പിന്നാലെ സകലലോകവും വന്നെത്തിനോക്കി. അയാളുടെ മനസ്സമാധാനം പോവുകയാണ്‌, അയാൾക്കു തന്റെ ജോലിയിൽ ശ്രദ്ധ നിൽക്കാതാവുകയാണ്‌, അതിനേക്കാളുപരി താനൊരാൾക്കു മാത്രം ആ കാഴ്ച വിലക്കപ്പെട്ടിരിക്കുന്നുവെന്നത്‌ അയാൾക്കു നീരസമുണ്ടാക്കുകയും ചെയ്യുന്നുണ്ട്‌.

തന്റെ ആത്യന്തികമോചനത്തെക്കുറിച്ച്‌ ഒരാൾക്കുണ്ടായ വെളിപാടിനെ ഖണ്ഡിക്കുന്ന തെളിവല്ല, അടുത്ത ദിവസവും അയാളുടെ ബന്ധനം മാറ്റമില്ലാതെ തുടർന്നുപോകുന്നുവെന്നത്‌, ഇനിയതു കൂടുതൽ കർശനമാക്കിയെന്നത്‌, അതുമല്ല അതൊരിക്കലും അവസാനിക്കാൻ പോകുന്നില്ലെന്ന് വെളിവായി പ്രഖ്യാപിക്കപ്പെടുന്നതു പോലും. ഒരാത്യന്തികമോചനത്തിന്‌ അവശ്യം ആവശ്യമായ പ്രാരംഭനടപടികളായിരിക്കാം അതൊക്കെ.

1921 ഒക്റ്റോബർ 15

ഒരോർമ്മയ്ക്കു ജീവൻ വച്ചതാണു ഞാൻ, എനിക്കുറക്കമില്ലാത്തതതുകൊണ്ടും.

ഒക്റ്റോബർ 16

ഞായറാഴ്ച. എന്നും പുതുതായി തുടങ്ങേണ്ടി വരുന്നതിന്റെ മനഃക്ലേശം; തുടക്കത്തിനേക്കാൾ കൂടുതലില്ല, അത്രതന്നെയില്ല, യാതൊന്നും എന്ന തിരിച്ചറിവ്‌; ഇതറിയാതെ പന്തുകളിക്കാൻ പോകുന്നവരുടെ,പന്തൊന്നു തട്ടി മുന്നോട്ടാക്കാമല്ലോയെന്ന വിചാരക്കാരുടെ ബുദ്ധിമോശം; സ്വന്തം ബുദ്ധിമോശം തന്റേതന്നെ ഉള്ളിൽ ഒരു ശവപ്പെട്ടിയിലെന്ന പോലെ മൂടിക്കിടക്കൽ; കൊണ്ടുപോകാവുന്ന, തുറക്കാവുന്ന, നശിപ്പിക്കാവുന്ന, കൈമാറ്റം ചെയ്യാവുന്ന ഒരു ശവപ്പെട്ടി.

പാർക്കിൽ ചെറുപ്പക്കാരികൾക്കിടയിൽ. ഒരസൂയയുമില്ല. അവരുടെ സന്തോഷത്തിൽ പങ്കു ചേരാനും വേണ്ടിയുള്ള ഭാവനാശേഷിയുണ്ട്‌; അത്രയും സന്തോഷം അനുഭവിക്കാനുള്ള ആരോഗ്യം തനിക്കില്ലെന്നു മനസ്സിലാക്കാനുള്ള വിവേകമുണ്ട്‌; തന്റെയും അവരുടെയും അവസ്ഥകൾ അടിയോളം പോയിക്കാണുന്നുവെന്നു വിചാരിക്കുന്നതിൽ ബുദ്ധിശൂന്യതയുമുണ്ട്‌. ബുദ്ധിശൂന്യതയെന്നല്ല; ഇവിടെ ചെറിയൊരു വിടവു വരുന്നു, അതിലൂടെ കാറ്റു ചൂളം വിളിച്ചുകേറുകയും ഒക്കെ നശിപ്പിക്കുകയും ചെയ്യുന്നു.

ഒരത്‌ലറ്റാകാൻ ഞാൻ ആശിക്കുന്നുവെന്നിരിക്കട്ടെ, സ്വർഗ്ഗത്തിലേക്കെന്നെ പ്രവേശിപ്പിക്കണമെന്നും ഇവിടത്തെപ്പോലെത്തന്നെ അവിടെയും നിരാശയിൽ മുങ്ങിക്കഴിയാൻ അനുവദിക്കണമെന്നും ആശിക്കുന്നതു പോലെയായിരിക്കും അത്‌.

എന്റെ ശരീരപ്രകൃതം എത്ര ശോചനീയമായിക്കോട്ടെ, ലോകത്തിലേക്കും വച്ചേറ്റവും ശോചനീയമായിക്കോട്ടെ(എന്റെ ഓജസ്സിലായ്മ വച്ചുനോക്കുമ്പോൾ പ്രത്യേകിച്ചും) അതുവച്ചു ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഞാൻ ചെയ്യണം(ഞാൻ ഉദ്ദേശിക്കുന്ന അർത്ഥത്തിൽ); ഇങ്ങനെയൊരു ശരീരപ്രകൃതി വച്ചു ചെയ്യാവുന്നതായി ഒന്നേയുള്ളുവെന്നും അതാവാം അതിനേറ്റവും ഭംഗിയായി ചെയ്യാവുന്നതെന്നും, നൈരാശ്യം കൊള്ളലാണ്‌ ആ ഒന്നെന്നും വാദിക്കുക പൊള്ളയായ കുതർക്കം മാത്രമാണ്‌.

ഒക്റ്റോബർ 17

പ്രയോജനമുള്ള യാതൊന്നും ഞാൻ പഠിച്ചില്ല എന്നതിനും സ്വന്തം ശരീരം ഇങ്ങനെ കൊണ്ടുപോയി തുലയ്ക്കാൻ വിട്ടതിനും പിന്നിൽ-രണ്ടും തമ്മിൽ ബന്ധപ്പെട്ടിരിക്കുകയുമാണ്‌- ഒരു ലക്ഷ്യം ഒളിച്ചിരിപ്പുണ്ടാവാം; മനസ്സു വ്യതിചലിച്ചുപോകാൻ, പ്രയോജനമുള്ള, ആരോഗ്യമുള്ള ഒരു മനുഷ്യന്‌ ജീവിതം നൽകുന്ന ആനന്ദങ്ങൾ കൊണ്ട്‌ മനസ്സു വ്യതിചലിച്ചുപോകാൻ ഞാൻ ആഗ്രഹിച്ചില്ല. ഈ രോഗവും നൈരാശ്യവും ചെയ്യുന്നതും അതുതന്നെയല്ലേ!
ഈ ആലോചന കൊണ്ടുപോയി അവസാനിപ്പിക്കാനും എന്നെ സംബന്ധിച്ചു സന്തോഷകരമായ ഒരു നിഗമനത്തിലെത്താനും വഴികൾ പലതുണ്ട്‌; അതിനു പക്ഷേ ധൈര്യം വരുന്നില്ല; സന്തോഷകരമായ ഒരു പരിഹാരം ഉണ്ടെന്ന് എനിക്കു വിശ്വാസമില്ല-ഇന്നെങ്കിലും, അതേപോലെ മിക്കസമയത്തും.
വിവാഹിതരായ ചിലരോടല്ല എന്റെ അസൂയ, വിവാഹിതരായ എല്ലാവരോടും ഒരുമിച്ചാണ്‌ എന്റെ അസൂയ; വിവാഹിതരായ രണ്ടുപേരോടു മാത്രം അസൂയ തോന്നുമ്പോൾത്തന്നെ അനന്തവൈവിധ്യങ്ങൾ ചേർന്ന വൈവാഹികജീവിതത്തിനോടു പൊതുവെയാണെനിക്കസൂയ-ഒരു വൈവാഹികജീവിതത്തിൽ കാണുന്ന ആനന്ദം തന്നെ എന്നെ നൈരാശ്യത്തിൽ ആഴ്ത്തിക്കളഞ്ഞേക്കും.

എന്റേതിനു സമാനമായ ആന്തരദുരവസ്ഥയുള്ള മറ്റൊരാളുള്ളതായി എനിക്കു വിശ്വാസമില്ല; അങ്ങനെയുള്ളവരെ സങ്കൽപ്പിക്കാൻ എനിക്കു കഴിഞ്ഞെന്നിരിക്കും-പക്ഷേ നിഗൂഢനായ ഒരു കാക്ക എന്റെ തലയ്ക്കു മേലെന്നപോലെ അവരുടെ തലയ്ക്കു മുകളിലും സദാസമയം വട്ടം ചുറ്റിക്കൊണ്ടിരിക്കുകയാണെന്നു സങ്കൽപ്പിക്കുക അസാധ്യം.
ഈ ആയുസ്സിന്നിടയ്ക്ക്‌ ചിട്ടയായി ഞാൻ സ്വയം നശിപ്പിച്ചതോർക്കുമ്പോൾ വിസ്മയം തോന്നിപ്പോവുന്നു; ഒരണക്കെട്ടിലെ വിള്ളൽ വലുതായി വരുന്നതു പോലെയായിരുന്നു അത്‌, ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവൃത്തി. അതു വരുത്തിവച്ച സത്വം തന്റെ വിജയം ആഘോഷിക്കുകയാവണം; അതിലൊന്നു പങ്കു ചേരാൻ അതെന്നെ എന്തു കൊണ്ടനുവദിക്കുന്നില്ല? അതു തന്റെ ലക്ഷ്യം നേടിക്കഴിഞ്ഞിട്ടില്ലായിരിക്കാം, അതുകാരണം മറ്റൊന്നും അതിന്റെ ചിന്തയിൽ വരുന്നില്ലെന്നുമാകാം.

ഒക്റ്റോബർ 18

നിത്യബാല്യം. ജീവിതം വീണ്ടും വിളിക്കുന്നു.

ജീവിതത്തിന്റെ ഔജ്ജ്വല്യം അതിന്റെ സമഗ്രതയിൽ നമ്മെക്കാത്തു കിടക്കുകയാണെന്നു സങ്കൽപ്പിക്കാവുന്നതേയുള്ളു, പക്ഷേ കാഴ്ചയിൽ വരാതെ, അങ്ങടിയിൽ, അദൃശ്യമായി,അകലെയായി. അതവിടെയുണ്ട്‌, അതിനു നിങ്ങളോടു വിരോധമില്ല, വരാൻ വിസമ്മതമില്ല, അതു കാതുകൾ തുറന്നു വച്ചിരിക്കുകയുമാണ്‌. നിങ്ങളതിനെ ശരിയായ വാക്കുപയോഗിച്ചു വിളിച്ചാൽ, ശരിക്കുള്ള പേരുപയോഗിച്ചു വിളിച്ചാൽ അതു വരും. അതാണ്‌ മന്ത്രവാദത്തിന്റെ അന്തസ്സത്ത; സൃഷ്ടിക്കുകയല്ല, വിളിച്ചുവരുത്തുകയാണതു ചെയ്യുന്നത്‌.

ഒക്റ്റോബർ 19

മരുഭൂമിയിലെ പലായനത്തിന്റെ അന്തസ്സത്ത. എന്താണു സംഭവിക്കുന്നതെന്നതിനെക്കുറിച്ച്‌ ഒരു നുറുങ്ങു ബോധം മാത്രമുള്ള( അതിലധികം അചിന്ത്യമാണ്‌) ഒരു മനുഷ്യൻ തന്റെ ജനതയെ ഈ വഴിയിലൂടെ നയിച്ചുകൊണ്ടുപോവുകയാണ്‌. തന്റെ ആയുസ്സു മൊത്തം കാനാനിലേക്കുള്ള പാതയിലാണയാൾ; മരണത്തിന്റെ വക്കത്തെത്തുമ്പോഴേ അയാൾ ആ ദേശം കാണൂ എന്നത്‌ അവിശ്വസനീയമാണ്‌. മനുഷ്യജീവിതമെന്നത്‌ എത്ര അപൂർണ്ണമാണെന്ന്, ഇതുപോലൊരു ജീവിതം അമരത്വം പൂകാമെങ്കിലും അതേസമയം തന്നെ വെറുമൊരു നിമിഷം മാത്രമാകാമെന്നും കാണിച്ചുകൊടുക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണ്‌ മരണത്തിലെ ഈ ദർശനം എന്നു പറയേണ്ടിയിരിക്കുന്നു. മോശയ്ക്ക്‌ കാനാൻദേശത്തു കടക്കാൻ കഴിയാതെ പോയത്‌ തന്റെ ജീവിതം അത്ര ഹ്രസ്വമായതു കൊണ്ടല്ല, അതു മനുഷ്യജീവിതമായതു കൊണ്ടാണ്‌. പെന്റാറ്റ്യൂക്കിന്റെ ഈ അന്ത്യം പ്രണയപാഠത്തിന്റെ അവസാനരംഗത്തോട്‌ സാദൃശ്യം വഹിക്കുന്നു.

ജീവിച്ചിരിക്കുമ്പോൾ തന്റെ ജീവിതവുമായി പൊരുത്തപ്പെടാനാവാത്ത ഒരാൾക്ക്‌ തന്റെ വിധിയെ ഓർത്തുള്ള നൈരാശ്യത്തെ അൽപ്പമൊന്നു തള്ളിമാറ്റാൻ -അതിലയാൾ വിജയിക്കുന്നുമില്ല- ഒരു കൈ വേണം; അതേസമയം മറ്റേ കൈ കൊണ്ട്‌ നാശാവശിഷ്ടങ്ങൾക്കിടയിൽ തന്റെ കണ്ണിൽപ്പെടുന്നതിനെ രേഖപ്പെടുത്താനും അയാൾക്കു കഴിയും; എന്തെന്നാൽ മറ്റുള്ളവർ കാണുന്നതിനേക്കാൾ വ്യത്യസ്തമായ (അധികവുമായ)കാര്യങ്ങൾ അയാൾ കാണുന്നുണ്ടല്ലോ. എന്തൊക്കെയായാലും ജീവിതകാലത്തു തന്നെ മരിച്ചയാളായ സ്ഥിതിയ്ക്ക്‌ അയാളാണ്‌ യഥാർത്ഥത്തിൽ അതിജീവിക്കുന്നതും. നൈരാശ്യവുമായുള്ള സമരത്തിൽ അയാൾക്കു തന്റെ ഇരുകൈകളും, അല്ലെങ്കിൽ ഇപ്പോഴുള്ളതിലധികം, വേണ്ടിവരില്ല എന്ന ഊഹത്തിന്റെ അടിസ്ഥാനത്തിലേ ഇതുതന്നെ പറയാനും പറ്റൂ.

ഒക്റ്റോബർ 21

വീടിനുള്ളിലേക്കു കടക്കാൻ അയാൾക്കു പറ്റില്ല, കാരണം ഒരു ശബ്ദം തന്നോടിങ്ങനെ വിളിച്ചുപറഞ്ഞത്‌ അയാൾ കേട്ടിരിക്കുന്നു:'ഞാൻ നിന്നെ ഉള്ളിലേക്കു കൊണ്ടുപോകുന്നതു വരെ കാത്തുനിൽക്കൂ!' അങ്ങനെ അയാൾ വീടിനു മുന്നിലെ പൊടിമണ്ണിൽ കാത്തുകിടന്നു, പ്രതീക്ഷയ്ക്കു വകയില്ലെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞിട്ടുണ്ടാകാമെങ്കിലും.

എല്ലാം സാങ്കൽപ്പികം-കുടുംബം,ജോലി,സുഹൃത്തുക്കൾ,തെരുവ്‌,സർവ്വതും സാങ്കൽപ്പികം,അകലെയോ അത്രയടുത്തോ ഉള്ള സ്ത്രീകൾ; നിങ്ങൾക്കേറ്റവും സമീപസ്ഥമായ സത്യം ഇതു മാത്രമാണ്‌,ജനാലയില്ലാത്തതും വാതിലില്ലാത്തതുമായ ഒരു തടവറയുടെ ചുമരിൽ സ്വന്തം തല കൊണ്ടിടിക്കുകയാണു നിങ്ങൾ.

ഒക്റ്റോബർ 22

തന്റെ മേഖലയിൽ നിഷ്ണാതനായ ഒരാൾ, ഒരഭിജ്ഞൻ, ഒരു വിദഗ്ധൻ; പകർന്നു കൊടുക്കാനാവാത്തതാണ്‌ അയാളുടെ അറിവ്‌; ഭാഗ്യത്തിനു പക്ഷേ, അതിനാവശ്യക്കാരുമില്ല.

ഒക്റ്റോബർ 25

എന്റെ അച്ഛനും അമ്മയും ചീട്ടുകളിക്കുകയാണ്‌. തീർത്തും അപരിചിതനായി ഞാൻ മാറിയിരിക്കുന്നു; ഒരു കൈ എടുക്കാൻ, ഒന്നുമില്ലെങ്കിൽ വെറുതേ നോക്കിയിരിക്കാൻ അച്ഛൻ പറയുന്നു; ഞാൻ എന്തോ ഒന്നു പറഞ്ഞ്‌ ഒഴിഞ്ഞുമാറുന്നു. എന്റെ ബാല്യം മുതൽ പലപ്പോഴായി തുടർന്നുപോന്ന ഈ തിരസ്കാരങ്ങൾക്കെന്താണർത്ഥം? സാമൂഹ്യജീവിതത്തിൽ, ഒരു പരിധി വരെ പൊതുജീവിതത്തിലും, പങ്കു കൊള്ളാനുള്ള ക്ഷണങ്ങളെ എനിക്കു സ്വീകരിക്കാവുന്നതേയുണ്ടായിരുന്നുള്ളു. എന്നിൽ നിന്നു പ്രതീക്ഷിക്കുന്നതൊക്കെ എനിക്കു ചെയ്യാമായിരുന്നു, നന്നായിട്ടല്ലെങ്കിൽ തരക്കേടില്ലാതെയെങ്കിലും. ചീട്ടുകളി പോലും എന്നെ അത്രയങ്ങു ബോറടിപ്പിക്കാൻ സാധ്യതയില്ല- എന്നിട്ടും ഞാൻ നിരസിച്ചു. ഇതു വച്ചു നോക്കുമ്പോൾ, ഞാൻ ഒരിക്കലും ജീവിതധാരയിൽ പെട്ടിട്ടില്ലെന്ന്, എനിക്കിതേവരെ പ്രേഗിന്റെ പിടിയിൽ നിന്നു രക്ഷപ്പെടാനായിട്ടില്ലെന്ന്, ഒരു കളിയോ തൊഴിലോ പഠിക്കാൻ തന്നെ അനുവദിച്ചിട്ടില്ലെന്നു പരാതി പറയുന്നത്‌ തെറ്റാണ്‌-സകല ക്ഷണങ്ങളും ഞാൻ നിരസിച്ചിട്ടുണ്ടാവണം, ചീട്ടു കളിക്കാനുള്ള ഈ ക്ഷണം പോലെ തന്നെ. അസംബന്ധങ്ങൾക്കു കവരാനായി ഞാനെന്റെ ശ്രദ്ധയെ വിട്ടുകൊടുത്തു, നിയമപഠനം, ഓഫീസ്ജോലി, പിന്നീട്‌ അൽപം തോട്ടപ്പണിയും മരപ്പണിയും അങ്ങനെ ചില അർത്ഥമില്ലാത്ത അധികജോലികൾ; ഈ രണ്ടാമതു പറഞ്ഞ ജോലികളെ കാണേണ്ടത്‌ ധർമ്മം ചോദിച്ചുവന്ന ഒരു ഭിക്ഷക്കാരനെ അടിച്ചോടിക്കുകയും പിന്നെ തന്റെ വലതു കൈ കൊണ്ട്‌ ഇടതു കൈയ്ക്കു ധർമ്മം കൊടുത്ത്‌ ദാനശീലൻ ചമയുകയും ചെയ്യുന്ന ഒരാളിന്റെ പ്രവൃത്തികളായിട്ടാണ്‌.
ഞാനെന്നും വേണ്ടെന്നുവച്ചു നിന്നു; പൊതുവേയുള്ള ക്ഷീണം കൊണ്ടാകാം, പ്രത്യേകിച്ചും ഇച്ഛാശക്തിയില്ലാഞ്ഞിട്ടുമാവാം-ഇത്രയും ബോധ്യമാകുമ്പോൾത്തന്നെ കാലമേറെക്കഴിഞ്ഞിരിക്കുന്നു. ഈ തിരസ്കാരം നല്ലൊരു ലക്ഷണമായി ഞാൻ എടുത്തിരുന്നു(ഞാൻ വച്ചു താലോലിച്ചിരുന്ന അവ്യക്തമായ വൻപ്രതീക്ഷകൾ കാരണമായി); ഇന്നു പക്ഷേ ബാക്കിയുള്ളത്‌ ഉദാരമായ ആ വ്യാഖ്യാനത്തിന്റെ ഒരവശിഷ്ടം മാത്രം.

ഒക്റ്റോബർ 30

തീർത്തും നിസ്സഹായമായ ഒരവസ്ഥ.

മറ്റൊന്നിനോടുമില്ലാത്ത മാതിരി, ഉദാഹരണത്തിന്‌ നിങ്ങളുടെ കൈയിലെ ഈ പേനയോടില്ലാത്ത മാതിരി ഉള്ളുതുറക്കാത്ത, സംസാരിക്കുന്ന, കണ്ണുചിമ്മുന്ന ഈ ദേഹങ്ങളോട്‌ നിങ്ങളെ അത്രയ്ക്കങ്ങു കെട്ടിയിടുന്നതേതൊന്നാണ്‌? നിങ്ങളും അതേ ജീവിവർഗ്ഗത്തിൽപ്പെട്ടതാണെന്നതാണോ കാരണം? പക്ഷേ നിങ്ങൾ അതേ വർഗ്ഗത്തിൽപ്പെടുന്നയാളല്ല, അതുകൊണ്ടാണല്ലോ നിങ്ങൾ ഈ ചോദ്യമുയർത്തിയതും.

നവംബർ 2

മങ്ങിയ പ്രതീക്ഷ, മങ്ങിയ ആത്മവിശ്വാസം.

അവസാനമില്ലാത്ത, വിരസമായ ഒരു ഞായറാഴ്ച സായാഹ്നം, വർഷങ്ങളെ അപ്പാടെ വിഴുങ്ങുന്ന ഒരു സായാഹ്നം, അതിന്റെ ഓരോ മണിക്കൂറും ഓരോ വർഷം. ഇടയ്ക്ക്‌ മനസ്സു നീറ്റി ആളൊഴിഞ്ഞ തെരുവുകളിലൂടെ നടന്നു, ഇടയ്ക്ക്‌ കട്ടിലിൽ ചെന്ന് അനങ്ങാതെ കിടന്നു. ഇടതടവില്ലാതെന്നപോലെ ഒഴുകിനീങ്ങുന്ന അർത്ഥശൂന്യമായ, കനം തൂങ്ങുന്ന മേഘങ്ങളെ നോക്കി ഇടയ്ക്കിടയ്ക്കു വിസ്മയപ്പെട്ടു. 'സുന്ദരമായൊരു തിങ്കളാഴ്ചയ്ക്കു വേണ്ടി മാറ്റിവച്ചിരിക്കുകയാണു നിങ്ങളെ!' നല്ലതു തന്നെ, പക്ഷേ ഞായറാഴ്ച അവസാനിക്കാൻ പോകുന്നില്ല.

നവംബർ 7

സ്വയം നിരീക്ഷിക്കുക എന്ന ഒഴിവാക്കാനാവാത്ത കടമ: മറ്റൊരാൾ എന്നെ നിരീക്ഷിക്കുന്നുണ്ടെങ്കിൽ സ്വാഭാവികമായി ഞാനും സ്വയം നിരീക്ഷിക്കുക തന്നെ വേണം; ആരും എന്നെ നിരീക്ഷിക്കാനില്ലെങ്കിൽ അത്രയ്ക്കു ഞാൻ സ്വയം നിരീക്ഷിക്കുകയും വേണം.

എന്നോടു പിണങ്ങുന്നവർ, എന്നോടടുപ്പം കുറഞ്ഞുവരുന്നവർ,അല്ലെങ്കിൽ എന്നെ ഒരു ശല്യമായി കാണുന്നവർ ഇവരൊക്കെ എത്ര അനായാസമായി എന്നെ കുടഞ്ഞുകളയുന്നുവെന്നു കാണുമ്പോൾ ഞാൻ അസൂയപ്പെട്ടുപോകുന്നു-എനിക്കതൊരു ജീവന്മരണപ്രശ്നമല്ലെങ്കിൽ; എഫിന്‌ ഒരിക്കൽ എന്നെ കുടഞ്ഞുകളയാൻ വിഷമിക്കേണ്ടിവന്നു; അതൊരു ജീവന്മരണപ്രശ്നമായിട്ട്‌ അന്നു തോന്നിയിരുന്നു; അന്നുപക്ഷേ ഞാൻ ചെറുപ്പമായിരുന്നു, ബലവാനായിരുന്നു, എന്റെ തൃഷ്ണകളും കടുത്തതായിരുന്നു.

ഡിസംബർ 6

ഒരു കത്തിൽ നിന്ന്:'വിരസമായ ഈ മഞ്ഞുകാലത്ത്‌ ഞാൻ അതിന്റെതന്നെ ചൂടുകായുന്നു.' എഴുതാൻ എനിക്കു മടി തോന്നുന്നതിനുള്ള പല കാരണങ്ങളിൽ ഒന്നാണ്‌ രൂപകങ്ങൾ. എഴുത്തിന്‌ ലോകവുമായുള്ള പാരതന്ത്ര്യം, തീ പൂട്ടുന്ന വേലക്കാരിയോടും അടുപ്പിനരികിൽ തീ കായുന്ന പൂച്ചയോടുമുള്ള ആശ്രിതത്വം; അടുപ്പിനടുത്തു ചൂടു പറ്റിയിരിക്കുന്ന പാവം മനുഷ്യജീവിയോടു പോലും പരാധീനമാണത്‌. ഇവയൊക്കെ സ്വന്തം നിയമങ്ങളാൽ നിർണ്ണീതമായ പ്രവൃത്തികളാണ്‌; എഴുത്തു മാത്രമാണു നിസ്സഹായം, അതിനു തനതായി ഒരു ജീവിതമില്ല, ഒരു ഫലിതമാണത്‌, ഒരു നൈരാശ്യവും.

വീട്ടിൽ ഒറ്റയ്ക്കായിരുന്ന രണ്ടു കൊച്ചുകുട്ടികൾ ഒരു വലിയ പെട്ടിയ്ക്കുള്ളിൽ ചാടിക്കയറി; പെട്ടിയുടെ മൂടി വീണടഞ്ഞു, അതു തുറക്കാൻ പറ്റാതെ അവർ അതിനുള്ളിൽക്കിടന്നു ശ്വാസം മുട്ടി മരിച്ചു.

______________________________________________________________________________________________________________________

പെന്റാറ്റ്‌യൂക്-പഴയ നിയമത്തിന്റെ ആദ്യത്തെ അഞ്ചു പുസ്തകങ്ങള്‍

പ്രണയപാഠ-ഫ്ലോബെറിന്റെ ഒരു നോവല്‍

 

ചിത്രം-കാഫ്കയുടെ ഒരു സ്കെച്ച്

നെരൂദ-മേശപ്പുറത്തെ വിഭവങ്ങൾ

File:Pantazis Pericles Still life with game.jpg

മൃഗങ്ങൾ തീറ്റയെടുക്കുന്നതിനെന്തു ചന്തം

മൃഗങ്ങൾ തീറ്റയെടുക്കുന്നത്‌
ഒരുനാൾ ഞാൻ നോക്കിനിന്നു.
പുള്ളിപ്പുലിയെക്കണ്ടു ഞാൻ,
ഗർവ്വിഷ്ഠൻ,
ശീഘ്രപാദങ്ങൾ ചേർന്നവൻ,
കണ്ണുമഞ്ചിയ്ക്കുന്ന സൗന്ദര്യം
കെട്ടു പൊട്ടിച്ചു കുതിയ്ക്കുന്നു,
ഷഡ്ഭുജങ്ങൾ പുള്ളികുത്തിയൊരുടൽ
പൊന്നും പുകയും പോലെ
ഒളിവെട്ടിപ്പായുന്നു,
ഇരയുടെ മേൽച്ചെന്നു വീഴുന്നു,
അഗ്നി പോലതിനെ വിഴുങ്ങുന്നു,
അത്ര വെടിപ്പായി,
അലമ്പുകളില്ലാതെ,
പിന്നെയവൻ മടങ്ങുന്നു,
അഴുക്കുകൾ പറ്റാതെ,
നിവർന്നുനടന്നും പവിത്രനായും,
ഇലയുടെയും ചോലയുടെയും ലോകത്തേക്ക്‌,
വാസനിക്കുന്ന പച്ചപ്പിന്റെ കുടിലദുർഗ്ഗത്തിലേക്ക്‌.

അതികാലത്തിറങ്ങുന്ന ജന്തുക്കളെ
പുൽപ്പരപ്പിൽ കണ്ടു ഞാൻ,
ചോല പാടുന്ന പാട്ടിൻ താളത്തിൽ
മേഞ്ഞുനടക്കുകയാണവ,
മഞ്ഞുതുള്ളിയിറ്റുന്ന കവരക്കൊമ്പുകൾ
വെളിച്ചത്തിൽ കാട്ടിയും.

ഇളംപുല്ലു കൊറിയ്ക്കുന്ന മുയലിനെ കണ്ടു ഞാൻ-
തളർച്ചയറിയാത്ത പേലവമുഖങ്ങൾ
കറുത്തും വെളുത്തും,
പൊൻനിറത്തിൽ,മണൽനിറത്തിൽ-
പച്ചത്തകിടിയ്ക്കു മേൽക്കൂടി
നീങ്ങിപ്പോകുന്നു ശുചിത്വം.

പിന്നെ ഞാൻ ആനയെക്കണ്ടു,
ഒളിഞ്ഞിരിക്കുന്ന കൂമ്പുകളെ
വമ്പൻ തന്റെ തുമ്പിയിൽ
മണത്തുപിടിക്കുന്നു,കോരിയെടുക്കുന്നു.
കൂടാരം പോലെ രണ്ടു ചെവികൾ
ആനന്ദം പൂണ്ടു ത്രസിക്കുമ്പോൾ
സസ്യലോകവുമായിട്ടു
സമ്പർക്കപ്പെടുകയാണവൻ,
കന്നിമണ്ണു തനിയ്ക്കു കരുതിയത്‌
കൈക്കൊള്ളുകയാണവൻ.

ഇങ്ങനെയല്ല മനുഷ്യർ

ഇതായിരുന്നില്ലെന്നാൽ മനുഷ്യന്റെ പെരുമാറ്റം.
അവൻ തിന്നുമിടം ഞാൻ കണ്ടു,
അവന്റെയടുക്കള,
അവന്റെ കപ്പലിന്റെ തീൻമുറി,
ക്ലബ്ബിലും നഗരത്തിനു വെളിയിലും
അവന്റെ ഭക്ഷണശാലകൾ,
അവന്റെ ജീവിതത്തിന്റെ ലക്കുകെട്ട ആർത്തികളിൽ
പങ്കു ചേർന്നിട്ടുണ്ടീ ഞാനും.
കത്തിയും മുള്ളുമെടുത്തു വീശുന്നുന്നവൻ,
ഗ്രീസിന്മേൽ വിന്നാഗിരി തൂവുന്നു,
മാനിന്റെ വാരിയിലെ പച്ചയിറച്ചിയിൽ
തന്റെ വിരലുകളാഴ്ത്തുന്നു,
ഘോരമായ നീരുകളിൽ
മുട്ടകൾ പൊട്ടിച്ചൊഴിക്കുന്നു,
ജീവന്റെ തുടിപ്പു മാറാത്ത അടിക്കടൽജീവികളെ
പച്ചയ്ക്കു കടിച്ചുകീറി വിഴുങ്ങുന്നു,
തൂവൽ ചുവന്ന കിളിയെ
വേട്ടയാടിപ്പിടിയ്ക്കുന്നു,
പതറുന്ന മീനിനെ മുറിപ്പെടുത്തുന്നു,
പാവം ചെമ്മരിയാടിന്റെ കരളിൽ
ഇരുമ്പു തുളച്ചുകേറ്റുന്നു,
തലച്ചോറുകളും നാവുകളും വൃഷണങ്ങളും
അരച്ചുപൊടിക്കുന്നു,
ലക്ഷം മൈലുകൾ നീളുന്ന നൂലപ്പങ്ങളിൽ,
ചോര വാലുന്ന മുയലുകളിൽ,
കുടൽമാലകളിൽ
അവൻ തന്നെ കൂട്ടിപ്പിണയ്ക്കുന്നു.

എന്റെ ബാല്യകാലത്ത്‌ ഒരു പന്നിയെ കൊല്ലുന്നു

കണ്ണീരു തോരാത്തതാണെന്റെ ബാല്യം.
സംശയങ്ങൾ തീരാത്ത തെളിഞ്ഞ നാളുകളിൽ
ഒരു പന്നിയുടെ കടുംചോര പറ്റുന്നു
പേടിപ്പെടുത്തുന്ന ദൂരങ്ങളിൽ ഇന്നും നിറയുന്നു
കേറിക്കേറിപ്പോകുന്നൊരാർത്തനാദം.

മീനിനെ കൊല്ലൽ

പിന്നെ സിലോണിൽ വച്ചു ഞാൻ
നീലമത്സ്യത്തെ മുറിയ്ക്കുന്നതു കണ്ടു,
മഞ്ഞ തെളിഞ്ഞ മീൻ,
മിന്നുന്ന വയലറ്റുമീൻ,
മിനുങ്ങുന്ന ചെതുമ്പലുകൾ.
ജീവനോടെ വെട്ടിമുറിച്ച്‌
അവയെ വിൽക്കുന്നതു കണ്ടു ഞാൻ,
തുടിയ്ക്കുന്ന തുണ്ടങ്ങൾ വിറപൂണ്ടു
കൈയിലെടുത്ത നിധി പോലെ,
വിളർത്ത,കൊല്ലുന്ന കത്തിയലകിൽ
ചങ്കിടിച്ചു ചോര ചിന്തുകയാണവ,
പ്രാണവേദനയ്ക്കിടയിലും
അവയ്ക്കു കൊതിയുണ്ടാവും
തീത്തുള്ളികൾ തുപ്പാൻ,
മാണിക്യങ്ങൾ തുപ്പാൻ.

 

 

Image :Still life with Game-Pantazis Pericles(1849-1884) from Wikimedia Commons

Saturday, February 13, 2010

വിർജിലിയോ പിനേറാ-ഉറക്കമില്ലായ്മ

 

 
നേരത്തേ ഉറങ്ങാൻ കിടന്നതാണയാൾ, എന്നിട്ടും അയാൾക്കുറക്കം വരുന്നില്ല. അയാൾ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു. വിരിപ്പുകൾ കൂട്ടിപ്പിരിക്കുന്നു. ഒരു സിഗരറ്റിനു തീ കൊളുത്തുന്നു. ചില പേജുകൾ വായിക്കുന്നു. എന്നിട്ടയാൾ ലൈറ്റണയ്ക്കുന്നു. പക്ഷേ അയാൾക്കുറക്കം വരുന്നില്ല. പുലർച്ചെ മൂന്നുമണിയ്ക്ക്‌ അയാൾ കിടക്ക വിട്ടെഴുന്നേൽക്കുന്നു. അടുത്ത വീട്ടിൽ താമസിക്കുന്ന ചങ്ങാതിയെ ചെന്നുകണ്ട്‌ തനിയ്ക്കുറക്കം വരുന്നില്ലെന്ന കാര്യം പറയുന്നു. എന്തു ചെയ്യണമെന്നു പറയണം. ഒന്നു നടന്നിട്ടു വരാനാണ്‌ ചങ്ങാതി ഉപദേശിക്കുന്നത്‌; നടന്നു ക്ഷീണിക്കുമ്പോൾ ഒരു നാരങ്ങാച്ചായയും കുടിച്ച്‌ ലൈറ്റണച്ചു കിടക്കുക. പറഞ്ഞതുപോലെയൊക്കെ ചെയ്തിട്ടും അയാൾക്കുറക്കം വരുന്നില്ല. അയാൾ വീണ്ടും എഴുന്നേറ്റിരിക്കുന്നു. അയാൾ ഇത്തവണ ഡോക്ടറെ പോയിക്കാണുകയാണ്‌. ഡോക്ടർ പതിവുപോലെ അതുമിതുമൊക്കെ സംസാരിക്കുന്നു, അയാൾക്കു പക്ഷേ ഉറക്കമില്ല. കാലത്താറുമണിയ്ക്ക്‌ തോക്കിൽ ഉണ്ട നിറച്ച്‌ അയാൾ തന്റെ തല ചിതറിയ്ക്കുന്നു. ആൾ മരിച്ചുകഴിഞ്ഞു, എന്നിട്ടും പക്ഷേ, അയാൾക്ക്‌ ഉറങ്ങാൻ കഴിയുന്നില്ല. പിടിച്ച പിടി വിടാത്ത ഒരു സാധനമാണ്‌ ഈ ഉറക്കമില്ലായ്മ.

 

 

 

 Abbas Kiarostami Untitled 1978 – 2003, from a series of 32 photographs, 122 x 93 cm.

 

 

വിർജിലിയോ പിനേറ(1912-1979)-ക്യ്യൂബൻ എഴുത്തുകാരൻ . മരണവും നിദ്രയും സഹോദരങ്ങളെങ്കില്‍ ഒന്നു മറ്റതിനെക്കാള്‍ മേലെയാണെന്നു പറയുന്നതില്‍ യുക്തിയില്ല.

Friday, February 12, 2010

നെരൂദ-മരണം മാത്രം

 File:Paul Gauguin 025.jpg

ഏകാന്തമായ സിമിത്തേരികളുണ്ട്‌,
ഒച്ച വറ്റിയ എല്ലുകൾ നിറഞ്ഞ കുഴിമാടങ്ങളുണ്ട്‌,
ഇരുണ്ടിരുണ്ടിരുണ്ട തുരങ്കം നൂഴുന്നു ഹൃദയം;
കപ്പൽച്ചേതത്തിലെന്ന പോലെ
നാം മരിക്കുന്നതുള്ളിലേക്ക്‌,
സ്വന്തം ഹൃദയങ്ങളിൽ മുങ്ങിച്ചാവുന്നു നാം,
ചർമ്മത്തിൽ നിന്നാത്മാവിലേക്കിടിഞ്ഞു വീഴുന്നു നാം.

ശവങ്ങളുണ്ട്‌,
തണുത്തൊട്ടുന്ന ചെളിയിൽപ്പണിത
ചുവടുകളുണ്ട്‌,
എല്ലുകളിൽ മരണമുണ്ട്‌,
നായ്ക്കളില്ലാത്തിടത്തു കുര പോലെ,
ഏതോ ചില മണികളിൽ നിന്ന്,
ഏതോ ചില കുഴിമാടങ്ങളിൽ നിന്നതു പുറപ്പെടുന്നു
ഈറൻവായുവിൽ മഴയുടെ കണ്ണീരു പോലെ നിറയുന്നു.

ചിലനേരമൊറ്റയ്ക്കിരിക്കെ
പായ കെട്ടിയ ശവപ്പെട്ടികൾ
വന്നടുത്തു നങ്കൂരമിടുന്നതു ഞാൻ കാണുന്നു,
അവയിലുണ്ട്‌ വിളറിയ ശവങ്ങൾ,
മാലാഖമാരെപ്പോലെ വെളുത്ത അപ്പക്കടക്കാർ,
നോട്ടറിമാർക്കു കെട്ടിച്ചയച്ച
ചിന്താവിഷ്ടകളായ ചെറുപ്പക്കാരികൾ,
നെട്ടനേ നിൽക്കുന്ന മരണത്തിന്റെ നദിയിൽ
കയറിപ്പോകുന്നു പെട്ടകങ്ങൾ,
ചുവന്നിരുണ്ടൊരു നദിയിൽ
മരണത്തിന്നൊച്ച വീർപ്പിച്ച പായ നീർത്തി,
ഒച്ചയില്ലാത്ത മരണത്തിന്നൊച്ച പിടിച്ച പായ കെട്ടി
മുകളിലേക്കൊഴുകുന്നു ശവപ്പെട്ടികൾ.

ഒച്ചകൾക്കിടയിലേക്കു വന്നെത്തുന്നു മരണം
കാലടിയില്ലാത്ത ചെരുപ്പു പോലെ,
ആളില്ലാത്തുടുപ്പു പോലെ,
കല്ലു വയ്ക്കാത്ത, വിരലില്ലാത്ത മോതിരം കൊണ്ട്‌
അവൾ വന്നു മുട്ടുന്നു,
വായില്ലാതെ, നാവില്ലാതെ, തൊണ്ടയില്ലാതെ
അവൾ വന്നൊച്ചവയ്ക്കുന്നു.
അവൾ വന്നടുക്കുന്നതു കേൾക്കാം പക്ഷേ,
ഉടയാടയുലയുന്നതു കേൾക്കാം,
മരമനങ്ങും പോലെ നിശ്ശബ്ദമായി.

എനിക്കത്ര തീർച്ചയില്ല, എനിയ്ക്കത്രയ്ക്കറിയില്ല,
അത്രയ്ക്കു കണ്ണിൽപ്പെടുന്നുമില്ല,
എന്നാലുമെന്റെ വിചാരം
ഈറൻ പറ്റിയ വയലറ്റുപൂക്കളുടെ നിറമാ-
ണവളുടെ പാട്ടിനും,
മണ്ണു പരിചയിച്ച വയലറ്റുപൂക്കൾ,
മരണത്തിന്റെ മുഖം പച്ച,
മരണത്തിന്റെ നോട്ടം പച്ച,
അതിലുണ്ട്‌
ഒരു വയലറ്റിലയുടെ മുനയുള്ള നനവ്‌,
മനം കടുത്ത ഹേമന്തത്തിന്റെ കറുപ്പും.

എന്നാൽ ചിലനേരത്തു മരണം
ചൂലിന്റെ വേഷത്തിൽ ലോകത്തു നടക്കുന്നു,
ജഡങ്ങൾ തേടിയവൾ നിലം നക്കിനടക്കുന്നു
ചൂലിലുണ്ടു മരണം,
ശവങ്ങൾ തേടിനടക്കുന്ന
മരണത്തിന്റെ നാവത്‌,
നൂലു തേടുന്ന മരണത്തിന്റെ സൂചി.

കട്ടിലുകളിൽ കിടപ്പുണ്ട്‌ മരണം:
മന്ദമായ മെത്തകളിൽ,കരിമ്പടങ്ങളിൽ
ചുരുണ്ടുകൂടിക്കഴിയുന്നവൾ,
പിന്നെപ്പൊടുന്നനേ ശ്വാസം വിടുന്നവൾ:
അവളൂതിവിടുന്ന ശബ്ദത്തിൽ
കാറ്റുപിടിച്ചു വീർക്കുന്നു വിരിപ്പുകൾ,
തുറമുഖത്തിൻ നേർക്കു യാത്രയാവുന്നു കിടക്കകൾ,
അവിടെക്കാത്തിരുപ്പുണ്ടവൾ
കപ്പിത്താന്റെ വേഷത്തിൽ.

 

Painting by Gaugin from Wikimedia Commons

Thursday, February 11, 2010

കാഫ്കയുടെ ഡയറി-7

3596124514.01._SY190_SCLZZZZZZZ_

1917 ജൂലൈ 31

ഒരു ട്രെയിനിൽക്കയറി ഇരിക്കുക, ആ സംഗതി മറക്കുക, സ്വന്തം വീട്ടിലെന്നപോലെ ഭാവിക്കുക; പെട്ടെന്നു നിങ്ങൾക്കോർമ്മ വരിക നിങ്ങളെവിടെയാണെന്ന്, കുതിയ്ക്കുന്ന ട്രെയിനിന്റെ ഊറ്റമറിയുക, ഒരു യാത്രക്കാരനായി മാറുക, സഞ്ചിയിൽ നിന്നൊരു തൊപ്പിയെടുക്കുക, അൽപ്പം കൂടി ആത്മവിശ്വാസമുറ്റ സ്വാതന്ത്ര്യത്തോടെ, മനസ്സുറപ്പോടെ സഹയാത്രികരെ നേരിടുക, തന്റെ ഭാഗത്തു നിന്നുള്ള യാതൊരു യത്നവും കൂടാതെ തന്നെ ലക്ഷ്യസ്ഥാനത്തേക്കെത്തുവാൻ സ്വയം വിട്ടുകൊടുക്കുക, ഒരു കുട്ടിയെപ്പോലെ ആ സന്തോഷം നുകരുക, സ്ത്രീകൾക്കു ലാളിക്കാനൊരാളാവുക, ജനാലയുടെ തീരാത്ത വശീകരണത്തിനു വിധേയനാവുക, ഒരു കൈയെങ്കിലും മാറാതെ ജനാലപ്പടിയിൽ വച്ചുകൊണ്ടിരിക്കുക. ഇതേ സ്ഥിതി തന്നെ അൽപ്പം കൂടി കൃത്യമായി വിവരിക്കുമ്പോൾ: താൻ മറന്നുപോയെന്നതു മറക്കുക, ഒരു എക്സ്പ്രസ്‌ ട്രെയിനിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്ന ഒരു കുട്ടിയായി ഒരു നിമിഷം കൊണ്ടു മാറുക, പ്രകമ്പനത്തോടെ പാഞ്ഞുപോകുന്ന ആ തീവണ്ടിമുറി നിങ്ങൾക്കു ചുറ്റുമായി അതിന്റെ എല്ലാ മോഹിപ്പിക്കുന്ന വിശദാംശങ്ങളോടെയും ഒരിന്ദ്രജാലക്കാരന്റെ കൈകളിൽ നിന്നെന്നപോലെ രൂപമെടുക്കുകയും ചെയ്യുന്നു.

ആഗസ്റ്റ്‌ 2

നിങ്ങൾ തേടുന്നയാൾ സാധാരണഗതിയിൽ തൊട്ടടുത്ത വീട്ടിൽത്തന്നെ താമസിക്കുന്നുണ്ടാവും. അതെങ്ങനെയെന്നു വിശദീകരിക്കുക പ്രയാസമാണ്‌, അതാണു വസ്തുതയെന്ന് അംഗീകരിക്കുകയേ ഗതിയുള്ളു. അത്രയ്ക്കാഴത്തിലാണ്‌ അതിന്റെ വേരുകളെന്നതിനാൽ നിങ്ങൾക്ക്‌ അക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല, അതിനൊന്നു ശ്രമിച്ചുനോക്കാമെന്ന് നിങ്ങൾക്കൊരു വിചാരമുണ്ടെങ്കിൽക്കൂടി. താൻ അന്വേഷിക്കുന്ന ഈ അയൽക്കാരനെക്കുറിച്ച്‌ നിങ്ങൾക്കു യാതൊന്നും അറിയില്ല എന്നതാണതിനു കാരണം. എന്നു പറഞ്ഞാൽ, നിങ്ങൾ അയാളെ അന്വേഷിക്കുകയാണെന്ന് നിങ്ങൾക്കറിയില്ല, അടുത്ത വീട്ടിലാണയാളുടെ താമസമെന്നും നിങ്ങൾക്കറിയില്ല(അടുത്ത വീട്ടിൽത്തന്നെയാണ്‌ അയാളുടെ താമസമെന്ന് അപ്പോൾ ഉറപ്പിക്കുകയും ചെയ്യാം). സ്വന്തം അനുഭവത്തിലെ പൊതുവായ ഒരു വസ്തുതയാണിതെന്ന് നിങ്ങൾക്കറിയാമായിരിക്കും; ഈതരം അറിവു കൊണ്ട്‌ കാര്യമെന്നും ഇല്ലെന്നതാണ്‌ നേര്‌, അതിനി അത്ര സ്പഷ്ടമായി നിങ്ങൾ മനസ്സിൽ കൊണ്ടുനടന്നാൽപ്പോലും. ഞാൻ ഒരുദാഹരണം പറയാം-

ദൈവം പ്രത്യക്ഷപ്പെടുന്നതിനു മുമ്പായി പാസ്കൽ സകലതും വെടിപ്പായി ഒരുക്കിവയ്ക്കുന്നു; പക്ഷേ സുന്ദരമായ കത്തികൾ കൊണ്ട്‌ ഒരു കശാപ്പുകാരന്റെ ശാന്തതയോടെ സ്വയം കൊത്തിനുറുക്കുന്ന ഒരു മനുഷ്യന്റേതിനെക്കാൾ ആഴത്തിലുള്ളതും സ്വസ്ഥത കെട്ടതുമായ ഒരു സന്ദേഹമാണാവശ്യം. എവിടുന്നു കിട്ടി ഈ ശാന്തത? കത്തികളെടുത്തു പെരുമാറാനുള്ള ഈ ആത്മവിശ്വാസം? നാടകവേദിയിലേക്കു ചരടു കെട്ടി വലിച്ചു കൊണ്ടുവരേണ്ട ഒരു തേരാണോ (ജോലിക്കാരുടെ കഷ്ടപാടുകൾ ഞാൻ മറക്കുന്നില്ല) ദൈവം?

ആഗസ്റ്റ്‌ 3

ലോകത്തിനു മുന്നിൽ ഇന്നും ഞാൻ ആവുന്നത്ര ഒച്ചയിൽ വിളിച്ചുകൂവി. അവരെന്റെ വായിൽ തുണി കുത്തിക്കേറ്റുകയും കൈയും കാലും കെട്ടിയിടുകയും കണ്ണു മൂടിക്കെട്ടുകയും ചെയ്തു. അവരെന്നെ പലതവണ അങ്ങോട്ടുമിങ്ങോട്ടും തട്ടിയുരുട്ടി, നേരേ പിടിച്ചുനിർത്തിയിട്ട്‌ തട്ടിത്താഴെയിട്ടു,അതും പലതവണ, വേദന കൊണ്ട്‌ ഞാൻ പുളയാൻ വേണ്ടി അവരെന്റെ കാൽമുട്ടുകളിൽ ഇടിച്ചു; ഒരു നിമിഷത്തേക്ക്‌ അവരെന്നെ ഒന്നും ചെയ്യാതെ താഴെയിട്ടു, എന്നിട്ടു പിന്നെ ഓർത്തിരിക്കാതെ കൂർത്ത എന്തോ കൊണ്ട്‌ തലങ്ങും വിലങ്ങും എന്നെ കുത്തി.

സെപ്റ്റംബർ 13

പുതിയൊരു തുടക്കം കുറിക്കാൻ, ഇനിയഥവാ അങ്ങനെയൊന്നു സാധ്യമാണെങ്കിൽ, നിങ്ങൾക്ക്‌ അവസരം കിട്ടിയിരിക്കുന്നു. അതു വേണ്ടെന്നു വയ്ക്കരുത്‌. തന്നിലേക്കുതന്നെ ആഴത്തിൽ കുഴിച്ചിറങ്ങണമെന്നു നിർബ്ബന്ധമാണെങ്കിൽ പൊന്തിവരുന്ന കുഴഞ്ഞ ചെളി ഒഴിവാക്കാനും നിങ്ങൾക്കു പറ്റില്ല. പക്ഷേ അതിൽ ചെന്നുകിടന്നുരുളരുത്‌. നിങ്ങളുടെ ശ്വാസകോശത്തിലെ അണുബാധ നിങ്ങൾ പറയുന്ന പോലെ ഒരു പ്രതീകമാണെന്നു വയ്ക്കുക; അതിന്റെ വീക്കത്തിന്‌ എഫ്‌ എന്നാണു പേരെന്നും അതിന്റെ ആഴം അതിന്റെ സാധൂകരണമാണെന്നും വയ്ക്കുക; അങ്ങനെയെങ്കിൽ വൈദ്യോപദേശവും(വെളിച്ചം,വായു,സൂര്യൻ,വിശ്രമം) ഒരു പ്രതീകമത്രെ. ആ പ്രതീകത്തെ കൈവശപ്പെടുത്തുക.

സെപ്റ്റംബർ 19

ദുർബലവും മനസ്സുറപ്പില്ലാത്തതും ഫലം കെട്ടതുമായ ഒരു ജീവി-ഒരു ടെലഗ്രാം അതിനെ തട്ടിയിടുന്നു, ഒരു കത്ത്‌ അതിനെ നേരേ പിടിച്ചുനിർത്തുന്നു, അതിനു വീണ്ടും ജീവൻ കൊടുക്കുന്നു, കത്തിനെ തുടർന്നുള്ള നിശ്ശബ്ദതയാവട്ടെ, അതിനെ ജാഡ്യത്തിലേക്കു വീഴ്ത്തുകയും ചെയ്യുന്നു.

എനിക്കിതുവരെ മനസ്സിലാകാത്ത കാര്യമാണ്‌, യാതനകൾ അനുഭവിച്ചുകൊണ്ടിരിക്കെത്തന്നെ അവയെ വിഷയമാക്കി എഴുതാൻ മിക്കവാറുമെല്ലാ എഴുത്തുകാർക്കും എങ്ങനെ കഴിയുന്നു? ഉദാഹരണത്തിന്‌, എന്റെ അസന്തുഷ്ടിയുടെ മധ്യത്തു നിന്നുകൊണ്ട്‌,അസന്തുഷ്ടി കാരണം എന്റെ തല ആ സമയവും പെരുത്തിരിക്കാനാണ്‌ സാധ്യത, ഒരാൾക്കു ഞാനെഴുതുകയാണ്‌: ഞാൻ അസന്തുഷ്ടനാണ്‌. അതെ, എനിക്കു വേണമെങ്കിൽ അതിനുമപ്പുറവും പോകാം; എന്റെ കഴിവിനു സാധ്യമായ അലങ്കാരപ്രയോഗങ്ങൾ കൊണ്ട്‌, അവയ്ക്കെന്റെ അസന്തുഷ്ടിയുമായി ഒരു ബന്ധവുമുണ്ടാകണമെന്നുമില്ല, എന്റെ പ്രമേയത്തെ കൊഴുപ്പിക്കാം. അതൊരസത്യമല്ല, അതെന്റെ വേദന ശമിപ്പിക്കുന്നുമില്ല, യാതന എന്റെ ആത്മാവിനെ അടിയോളം കരണ്ടുതീർത്തൊരു നേരത്ത്‌, എന്റെ സകലശക്തിയും തിന്നുതീർത്ത നേരത്ത്‌ മിച്ചം വന്ന അൽപ്പമൊരു ശക്തിയാണത്‌. എന്തു മാതിരി ശക്തിയാണതു പക്ഷേ?

ശാന്തിയുടെ കാലത്ത്‌ നിങ്ങൾ എവിടെയുമെത്തുന്നില്ല, യുദ്ധകാലത്ത്‌ നിങ്ങൾ ചോര വാർന്നു മരിക്കുകയും ചെയ്യുന്നു.

സെപറ്റംബർ 25

കാട്ടിലേക്കു പോകുന്ന വഴി. സ്വന്തമാക്കാതെ തന്നെ നിങ്ങൾ സകലതും നശിപ്പിച്ചുകഴിഞ്ഞു. ഇനിയെങ്ങനെയാണ്‌ നിങ്ങൾ അവയൊന്നു ശരിപ്പെടുത്തിയെടുക്കുക? സകല ഉദ്യമങ്ങളിലും വച്ചു വലുതായ അതു നിറവേറ്റാൻ ഈ അലഞ്ഞ ആത്മാവിനു ശക്തി ശേഷിച്ചിട്ടുണ്ടോ?

ഒരു നാട്ടുവൈദ്യൻ പോലെയുള്ള രചനകളിൽ നിന്ന് ഒരുവിധമുള്ള സംതൃപ്തി ഇപ്പോഴും കിട്ടാം, അങ്ങനെയുള്ളവ എഴുതാൻ എനിക്കിന്നും കഴിയുമെങ്കിൽ മാത്രം(അതിനു സാധ്യതയുമില്ല). പക്ഷേ ലോകത്തെ ശുദ്ധവും സത്യവും അവിനാശവുമായതിലേക്കുയർത്താൻ എനിക്കു കഴിഞ്ഞാലേ സന്തോഷമാകൂ.

ഒക്റ്റോബർ 21

മിക്ക നായ്ക്കളും ആവശ്യമില്ലാതെ കിടന്നു കുരയ്ക്കും, ദൂരേകൂടി ഒരാൾ വെറുതേ നടന്നുപോയാൽക്കൂടി; പക്ഷേ ചില നായ്ക്കളുണ്ട്‌, കേമന്മാരായ കാവൽനായ്ക്കളാവണമെന്നില്ലെങ്കിൽക്കൂടി ചിന്താശേഷിയുള്ളവ, അവർ പരിചയമില്ലാത്തവരുടെ അടുത്തേക്ക്‌ പതുക്കെ നടന്നു ചെല്ലും, മണത്തുനോക്കും, സംശയിക്കേണ്ടതെന്തെങ്കിലും മണത്താൽ മാത്രം കുരയ്ക്കുകയും ചെയ്യും.

നവംബർ 10

എഴുതേണ്ട എഴുത്ത്‌ ഞാൻ ഇനിയും എഴുതിയിട്ടില്ല. ഇപ്പോഴും രണ്ടു ദിശകളിലേക്കാണ്‌ എന്റെ പോക്ക്‌. എന്നെ കാത്തിരിക്കുന്ന ജോലി അതിഭീമവും.

നെരൂദ-ചൂളമടിക്കേണമെന്നില്ല

image

ചൂളമടിക്കേണമെന്നില്ല
ഒറ്റയ്ക്കാകാൻ,
ഇരുട്ടത്താകാൻ.

ജനത്തിനിടയിൽ,
പരന്ന മാനത്തിനടിയിൽ,
നമ്മിലെ നമ്മെ നമുക്കോർമ്മയാണ്‌.
നമുക്കുറ്റതാണത്‌,
വെറും നഗ്നമാണത്‌,
അതൊന്നു മാത്രമറിയുന്നു
തന്റെ നഖങ്ങൾ വളരുന്നത്‌,
തന്റെ നിശ്ശബ്ദത
തന്റെ പാവം വാക്കുകൾ
എവിടെപ്പിറവിയെടുക്കുന്നുവെന്ന്.
ഇതാ പുറമേയ്ക്കൊരു പെഡ്രോ,
പകൽവെട്ടത്തു കാണുന്നവൻ,
ഇതാ ഒരു ബെരെനീസ്‌
ഒന്നിനും കുറവില്ലാത്തവൾ.
എന്നാലുമുള്ളിൽ,
പ്രായത്തിനും വേഷത്തിനുമടിയിൽ
പേരില്ലാത്തവരാണു നാം
പുറമേ കാണുന്നവരല്ല നാം.
കണ്ണുകളടയുന്നതുറങ്ങാൻ മാത്രമല്ലല്ലോ
അതേ മാനം വീണ്ടും കാണാതിരിക്കുവാനും.
എത്രവേഗം മടുക്കുന്നു നമുക്ക്‌
പള്ളിക്കൂടത്തിൽ മണിയടിക്കുന്നു
നമുക്കു പോകേണമെന്ന പോലെ
മടങ്ങുന്നു നാം മറഞ്ഞ പൂവിലേക്ക്‌
എല്ലിലേക്ക്‌, പാതി മറഞ്ഞ വേരിലേക്ക്‌.
അവിടെപ്പൊടുന്നനേ നാം നമ്മളാകുന്നു
നിർമ്മലരായ, നാം മറന്ന
ആത്മാക്കളാണു നാം,
നമുക്കുള്ള ചർമ്മത്തിന്റെ
നാലു ചുമരുകൾക്കുള്ളിൽ
ജീവിതത്തിന്റെ,മരണത്തിന്റെ
ഇരുബിന്ദുക്കൾക്കിടയിൽ
നാം നമ്മുടെ നേരുറ്റ സത്തകളുമാവുന്നു.

 

 

Link to Image

നെരൂദ-ആ ജീവിതങ്ങൾ

615px-Early_morning_on_the_Ganges
ഇത്രയൊക്കെയാണു ഞാൻ:
ഇങ്ങനെയൊരു ന്യായീകരണം എഴുതിവച്ചും കൊണ്ട്‌
ഞാൻ പറയും. ഇതാണെന്റെ ജീവിതം.
ഇങ്ങനെയൊന്നുമല്ല പക്ഷേ കാര്യങ്ങളെന്ന്
ആർക്കാണറിയാത്തത്‌?
വലയെന്നാൽ ഇഴകൾ മാത്രമല്ല,
കണ്ണി നൂഴുന്ന വായുവുമാണ്‌
പിന്നെയൊക്കെ പണ്ടെപ്പോലെ
പിടികിട്ടാതെയും പോയി.
ഫെബ്രുവരിമഞ്ഞത്തെ മുയലു പോലെ
കാലം കുതിയ്ക്കുന്നു.
പിന്നെ പ്രണയം,
അതിനെക്കുറിച്ചെന്തു പറയാൻ?
തുടകളെ ചലിപ്പിച്ച തീച്ചൂടിൽ
ബാക്കിയായതൊരു പിടി ചാരം.
വന്നുപോകുന്ന സംഗതികൾക്ക്‌
ഇതുതന്നെയാണു ഗതി.

വിശ്വസിച്ചും കൊണ്ടു കാത്തിരുന്നു
ഒരായുസ്സു മൊത്തം ഈയൊരാൾ;
ഇനിയൊരു ജന്മമില്ലാതെ
മടങ്ങിപ്പോയി മറ്റൊരു സ്ത്രീ.
അവരൊക്കെക്കരുതി
പല്ലും കാലും കൈയും
ഒരു ഭാഷയുമുള്ള സ്ഥിതിയ്ക്ക്‌
യോഗ്യരായി കടന്നുപോകേണ്ടൊരേർപ്പാടാണ്‌
ജീവിതമെന്ന്.

ഈയാൾ
ചരിത്രത്തിൽ കണ്ണുനട്ടൊരാൾ,
പണ്ടുകാലത്തെ വിജയങ്ങൾ അടുക്കിപ്പിടിച്ചുവച്ചു,
നിത്യായുസ്സു തനിക്കെന്നും കരുതി.
ജീവിതം അയാൾക്കു നൽകിയതോ,
അയാൾക്കുള്ള മരണം മാത്രം,
ജീവിക്കാനല്ലാത്ത കാലവും
ഒടുവിലടക്കാൻ മാത്രം മണ്ണും.

ഇവൾക്കുണ്ടായിരുന്നു കണ്ണുകൾ,
മാനം നിറയ്ക്കുന്ന ഗ്രഹങ്ങൾ പോലെ.
താൻ കൊതിച്ചതിനെ വിഴുങ്ങുവാൻ
അവൾ കൊളുത്തിയ അഗ്നി പക്ഷേ,
ദഹിപ്പിച്ചതൊടുവിൽ അവളെ.

ഞാൻ മറക്കാത്തതായൊന്ന്
ജീവിതത്തിലുണ്ടെങ്കിൽ
ഇൻഡ്യയിലൊരു സന്ധ്യയ്ക്ക്‌
ഒരു നദിയുടെ തീരത്ത്‌.
മജ്ജയും മാംസവുമുള്ള ഒരു സ്ത്രീയെ
ദഹിപ്പിക്കുകയാണവർ.
ചിതയിൽ നിന്നു പൊന്തിയത്‌
പുകയോ ആത്മാവോ? എനിക്കറിയില്ല.
പിന്നെയൊന്നും ശേഷിച്ചില്ല,
സ്ത്രീയും തീയും ചിതയും പുകയും.
സന്ധ്യ കടന്നിരുന്നു
ആ മരണത്തിൽ ജീവിച്ചത്‌
രാത്രിയും ജലവും, പുഴയും ഇരുട്ടും.

Wednesday, February 10, 2010

ഹെൻറി ഡ്യൂമാസ്‌-അമേരിക്ക


ഒരു നാണയത്തിന്റെ മുതുകത്ത്‌
ഒരു കഴുകനെ തളച്ചിട്ട്‌
നാണയം മാനത്തേക്കെറ്റിയാൽ
നാണയം ചുറ്റും
നാണയം കറങ്ങും
കഴുകൻ പക്ഷേ പറക്കില്ല.

 

 

ഹെൻറി ഡ്യൂമാസ്‌(1934-1968)- അമേരിക്കൻ നീഗ്രോ കവി

കാഫ്കയുടെ ഡയറി-6

kafka2

1916 ജൂലൈ 22

അപൂർവ്വമായ ഒരു നീതിനടത്തൽ. വധശിക്ഷയ്ക്കു വിധിച്ച ഒരു മനുഷ്യനെ തന്റെ തടവറയിൽ വച്ചു കുത്തിക്കൊല്ലുകയാണ്‌ ആരാച്ചാർ; ആ സമയത്ത്‌ മറ്റാരും അവിടെയുണ്ടാകരുതെന്ന് വിലക്കപ്പെട്ടുമിരിക്കുന്നു. മേശക്കരികിലിരുന്ന് ഒരു കത്തെഴുതിത്തീർക്കുകയോ തന്റെ അവസാനത്തെ ആഹാരം കഴിക്കുകയോ ചെയ്യുകയാണയാൾ. ഈ നേരത്ത്‌ കതകിലാരോ മുട്ടുന്നു, ആരാച്ചാരാണത്‌.

'താൻ തയാറാണോ?' അയാൾ ചോദിക്കുകയാണ്‌. അയാളുടെ ചോദ്യങ്ങളുടെയും പ്രവൃത്തികളുടെയും ക്രമം ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്‌, അതിൽ നിന്നു വ്യതിചലിക്കാൻ അയാൾക്കനുവാദമില്ല. വിധിക്കപ്പെട്ട മനുഷ്യൻ ആദ്യം ചാടിയെഴുന്നേറ്റുവെങ്കിലും ഇപ്പോഴയാൾ നേരേ മുന്നിലേക്കു നോക്കിയിരിക്കുകയാണ്‌, കൈകളിൽ മുഖം പൂഴ്ത്തുകയാണ്‌. മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ ആരാച്ചാർ തന്റെ ഉപകരണങ്ങൾ നിറച്ച പെട്ടി കട്ടിലിലേക്കു വച്ച്‌ അതു തുറക്കുന്നു; അയാൾ കഠാരകൾ നോക്കിയെടുക്കുന്നു, അവയുടെ തലപ്പുകൾക്കു മൂർച്ചയുണ്ടോയെന്ന് തൊട്ടുനോക്കുകയും ചെയ്യുന്നു. നല്ല ഇരുട്ടായിക്കഴിഞ്ഞിരിക്കുന്നു; അയാൾ ചെറിയൊരു റാന്തലെടുത്ത്‌ കൊളുത്തിവയ്ക്കുന്നു. മരിക്കേണ്ട മനുഷ്യൻ പതുക്കെ തലയൊന്നു തിരിച്ച്‌ ആരാച്ചാരെ ഒളിഞ്ഞുനോക്കുന്നു; പക്ഷേ അയാൾ ചെയ്യുന്നതെന്താണെന്നു കാണുമ്പോൾ അയാൾ കിടുങ്ങിപ്പോവുകയാണ്‌; അയാൾ നോട്ടം മാറ്റുന്നു; ഇനി അയാൾക്കു കാണണമെന്നുമില്ല.

'തയാർ' അൽപനേരത്തിനു ശേഷം ആരാച്ചാർ പറയുന്നു.

"തയാർ?' വിധിക്കപ്പെട്ട മനുഷ്യൻ നിലവിളിച്ചുകൊണ്ട്‌ ചാടിയെഴുന്നെൽക്കുന്നു; ഇപ്പോഴയാൾ പക്ഷേ, ആരാച്ചാരെ നേർക്കുനേർ നോക്കിനിൽക്കുകയാണ്‌. 'നിങ്ങൾക്കെന്നെ അങ്ങനെയങ്ങു കൊല്ലാൻ പറ്റില്ല; എന്നെ കട്ടിലിൽ കിടത്തി കുത്തിക്കൊല്ലാൻ നിങ്ങൾക്കു പറ്റില്ല; മജിസ്റ്റ്‌റേറ്റുമാരുടെ സാന്നിദ്ധ്യത്തിൽ, സഹായികളുമൊക്കെയായി തൂക്കുമരത്തിൽ കയറ്റി ഒരാളെ കൊല്ലാം; ഈ മുറിയിൽ വച്ചു പക്ഷേ പറ്റില്ല, ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുകയോ!' തന്റെ പെട്ടിക്കു മേൽ കുനിഞ്ഞുനിൽക്കുന്ന ആരാച്ചാർ മറുപടിയൊന്നും പറയാത്തതു കാണുമ്പോൾ അയാൾ അൽപ്പം കൂടി സമാധാനത്തോടെ ഇങ്ങനെ പറയുന്നു:'അതു നടപ്പില്ല.' അപ്പോഴും ആരാച്ചാർ നിശ്ശബ്ദനായിരിക്കുന്നതു കണ്ടപ്പോൾ അയാൾ പറയുകയാണ്‌, 'ഇങ്ങനെയൊരു നീതിനടത്തൽ ഏർപ്പെടുത്തിയിരിക്കുന്നത്‌ അതു നടപ്പാക്കാൻ പറ്റില്ലെന്നു മുൻകൂട്ടിക്കണ്ടുകൊണ്ടു തന്നെയാണ്‌.'

ആരാച്ചാർ പുത്തനൊരു കഠാര ഉറയിൽ നിന്നൂ വലിച്ചൂരിക്കൊണ്ടു പറയുകയാണ്‌:'നിങ്ങളുടെ മനസ്സിലുള്ളത്‌ ആ കുട്ടിക്കഥകളായിരിക്കും; ഏതോ ശിശുവിനെ വിജനമായ സ്ഥലത്തു കൊണ്ടുപോയി ഉപേക്ഷിക്കാൻ പറഞ്ഞുവിടുന്ന വേലക്കാരൻ അതിനു മനസ്സു വരാതെ അവനെ ഏതെങ്കിലും ചെരുപ്പുകുത്തിയുടെ കൂടെ നിർത്തിയിട്ടു മടങ്ങുന്ന കഥകൾ; അതൊക്കെ കുട്ടിക്കഥകളാണ്‌; ഇതുപക്ഷേ കുട്ടിക്കഥയല്ല'-

ആഗസ്റ്റ്‌ 27

ഭയാനകമായ രണ്ടു രാവുകൾക്കും പകലുകൾക്കും ശേഷം ഒരന്തിമതീരുമാനം: എഫിനു കാർഡയയ്ക്കാത്തതിന്‌ ഒരുദ്യോഗസ്ഥനെന്ന നിലയ്ക്കുള്ള സ്വഭാവദൂഷ്യങ്ങൾക്കു നന്ദി പറയുക-തളർച്ച,പിശുക്ക്‌,ചാഞ്ചല്യം,കണക്കുകൂട്ടൽ,ജാഗ്രത. നിങ്ങൾ അത്‌ അയയ്ക്കുകതന്നെ ചെയ്തു എന്നു വയ്ക്കുക(അങ്ങനെയൊരു സാധ്യത ഞാൻ സമ്മതിച്ചുതരുന്നു),എന്തായിരുന്നിരിക്കും ഫലം? നിങ്ങളുടെ ഭാഗത്തു നിന്ന് നിർണ്ണായകമായ ഒരു ചുവടുവയ്പ്പ്‌, ഒരുണർവ്വ്‌? ഒന്നുമില്ല. ഇതിനു മുമ്പും പലതവണ നിങ്ങൾ നിർണ്ണായകമായ ചുവടുവയ്പ്പുകൾ പലതും നടത്തിക്കഴിഞ്ഞിരിക്കുന്നു, ഒരു ഫലവുമുണ്ടായിട്ടില്ല പക്ഷേ. വിശദീകരിക്കാനൊന്നും മുതിരരുത്‌.ഏറ്റവും സൂക്ഷ്മമായ വിശദാംശങ്ങൾ വരെ നിരത്തിക്കൊണ്ട്‌ സ്വന്തം ഭൂതകാലത്തെ ന്യായീകരിക്കാൻ നിങ്ങൾ വിദഗ്ധനാണെന്ന് എനിക്കറിയാം; കൃത്യമായിട്ടു വിശദീകരിച്ചുതന്നാലല്ലാതെ(അതസാധ്യമാണെന്നു പറയാനുമില്ലല്ലോ) ഭാവിയിലേക്കു കാലെടുത്തു വയ്ക്കാൻ ചങ്കുറപ്പില്ലാത്ത ഒരാളാണു നിങ്ങളെന്നറിയാവുന്ന സ്ഥിതിയ്ക്കു പ്രത്യേകിച്ചും. നിങ്ങളുടെ ഭാഗത്തുള്ളതായി കാണുന്ന ആ ചുമതലാബോധം (അത്രയ്ക്കതു മാന്യവുമാണ്‌) ശരിക്കു പറഞ്ഞാൽ ഒരുദ്യോഗസ്ഥപ്രകൃതമത്രെ,ബാലിശസ്വഭാവം, നിങ്ങളുടെ പിതാവു തകർത്ത ഇച്ഛാശക്തി.രക്ഷ വേണമെങ്കിൽ അതു മാറ്റാൻ നോക്കുക,അതിനു വേണ്ടിയുള്ളതു ചെയ്യുക,എത്രയും വേഗം ചെയ്യേണ്ടതും അതു തന്നെ. അതിനർത്ഥം നിങ്ങളെ വിട്ടുകൊടുക്കരുതെന്നാണ്‌( നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു ജീവിതത്തിന്റെ,എഫിന്റെ,ചെലവിൽ പ്രത്യേകിച്ചും);നിങ്ങളെ വിട്ടുകൊടുക്കാൻ കഴിയുകയില്ല എന്നതു തന്നെയാണ്‌ അതിനു കാരണം; ഈ സ്വയം വിട്ടുകൊടുക്കൽ തന്നെയാണ്‌ ഇന്നു നിങ്ങളെ ആത്മനാശത്തിന്റെ വക്കത്തു കൊണ്ടെത്തിച്ചിരിക്കുന്നതും. എഫ്‌,വിവാഹം,കുട്ടികൾ,ചുമതലകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വിട്ടുകൊടുക്കൽ തന്നെയല്ല വിഷയം; നിങ്ങൾ ജഡബുദ്ധിയായിക്കഴിയുന്ന, നിങ്ങൾക്കു പുറത്തേക്കിറങ്ങാൻ കഴിയാത്ത ഓഫീസുമായി ബന്ധപ്പെട്ടുള്ള വിട്ടുകൊടുക്കലും വരുന്നുണ്ട്‌. സർവ്വതും. എങ്കിൽ അതിനൊക്കെ ഒരു വിരാമമിടുക. നിങ്ങൾക്കു സ്വയം വിട്ടുകൊടുക്കാനാവില്ല,കാര്യങ്ങൾ മുൻകൂട്ടി കാണാനാവില്ല. തന്നെ സംബന്ധിച്ചു നല്ലതെന്താണെന്നതിനെക്കുറിച്ച്‌ നേരിയൊരു ധാരണ പോലും നിങ്ങൾക്കില്ല.

ഉദാഹരണത്തിന്‌ ഇന്നു രാത്രിയിൽ ഒരേ ശക്തിയും മൂല്യവുമുള്ള രണ്ടു പരിഗണനകൾ നിങ്ങളുടെ ഹൃദയത്തെയും മസ്തിഷ്കത്തെയും അപകടപ്പെടുത്തിക്കൊണ്ട്‌ നിങ്ങൾക്കുള്ളിൽക്കിടന്നു മല്ലടിച്ചു; തുല്യഅളവിലായിരുന്നു രണ്ടിന്റെ കാര്യത്തിലുമുള്ള നിങ്ങളുടെ ആകാംക്ഷ. അതിനാൽ ഒരു കണക്കുകൂട്ടലിനു നിങ്ങൾക്കു കഴിയാതെയും പോയി. എന്തുണ്ടു ബാക്കി? നിങ്ങളൊരാളുണ്ടെന്ന ഭാവമില്ലാതെ നടക്കുന്ന സംഘർഷങ്ങളുടെ യുദ്ധഭൂമിയായി നിന്നുകൊടുക്കാൻ(ഭടന്മാരുടെ ഘോരതാഡനങ്ങളേ നിങ്ങൾക്കതിൽ നിന്നനുഭവിക്കാനുമുള്ളു)ഇനിയൊരു തവണ കൂടി നിങ്ങൾ സ്വയം താഴ്‌ന്നുകൊടുക്കരുത്‌. എഴുന്നേറ്റു നിൽക്കൂ. തെറ്റുകൾ തിരുത്തൂ,ജോലിയിൽ നിന്നു രക്ഷപ്പെടൂ,താൻ എന്താവണമെന്നു കണക്കു കൂട്ടുന്നതു നിർത്തി താൻ എന്താണെന്നു കാണാൻ തുടങ്ങൂ. നിങ്ങളുടെ ഒന്നാമത്തെ ഉദ്യമം എന്താണെന്നതിനെക്കുറിച്ച്‌ സംശയിക്കാനൊന്നുമില്ലല്ലോ: സൈന്യത്തിൽ ചേരുക. പിന്നെ നിങ്ങൾ ഇഷ്ടപ്പെട്ടു ചെയ്യുന്ന മറ്റൊന്നുണ്ടല്ലോ-ഒരു ഫ്ലാബേറുമായോ, ഒരു കീർക്കേഗോറുമായോ, ഒരു ഗ്രിൽപാഴ്സറുമായോ സ്വയം താരതമ്യം ചെയ്യുന്ന ആ അസംബന്ധം,അതും ദൂരെക്കളയുക. വെറും ബാലചാപല്യമാണത്‌. കണക്കുകൂട്ടലിനിടയിലെ കണ്ണികളെന്ന നിലയിൽ പ്രയോജനപ്രദമായ ഉദാഹരണങ്ങളാണവരെന്നു ഞാനും സമ്മതിക്കുന്നു-പ്രയോജനപ്രദം എന്നു പറയാനും പറ്റുമോ? എന്തെന്നാൽ കണക്കുകൂട്ടൽ എന്ന പ്രയോജനശുന്യമായ പ്രക്രിയയിലെ കണ്ണികളാണല്ലോ അവർ.അവരുടെ കാര്യത്തിൽ അങ്ങനെയൊരു താരതമ്യം തന്നെ അനാവശ്യമാണ്‌. ഫ്ലാബേറും കീർക്കേഗാറും തങ്ങളുടെ അവസ്ഥയെക്കുറിച്ചു കൃത്യമായ ബോധ്യമുള്ളവരായിരുന്നു, തീരുമാനങ്ങളെടുക്കാൻ കഴിവുള്ളവരായിരുന്നു, കണക്കുകൂട്ടലുകൾക്കു നിൽക്കാതെ പ്രവൃത്തിയിലേക്കിറങ്ങിയവരായിരുന്നു. പക്ഷേ നിങ്ങളുടെ കാര്യമോ-കണക്കുകൂട്ടലുകളുടെ കണ്ണിമുറിയാത്ത തുടർച്ച,നാലുകൊല്ലത്തെ ബീഭത്സമായ കയറ്റിറക്കങ്ങൾ. ഗ്രിൽപാഴ്സറുമായുള്ള താരതമ്യം സാധുവാണെന്നു പറയാം,പക്ഷേ ഗ്രിൽപാഴ്സർ അനുകരിക്കാൻ പറ്റിയ ഒരാളാണെന്നു നിങ്ങൾക്കു വിചാരമില്ലല്ലോ, ഉണ്ടോ? തങ്ങൾക്കു വേണ്ടി യാതന തിന്നതിന്‌ ഭാവിതലമുറകൾ നന്ദി പറയേണ്ട സന്തോഷശൂന്യമായ ഒരുദാഹരണം.

ഒക്റ്റോബർ 8

കുട്ടികളെ വളർത്തൽ മുതിർന്നവരുടെ ഭാഗത്തു നിന്നുള്ള ഒരു ഗൂഢാലോചനയെന്ന നിലയിൽ. പലതരം കപടങ്ങൾ കാട്ടി വശീകരിച്ച്‌ കുട്ടികളെ നാം അവരുടെ വിലക്കുകളില്ലാത്ത ക്രീഡകളിൽ നിന്നു മാറ്റി നമ്മുടെ ഇടുങ്ങിയ പാർപ്പിടങ്ങളിലേക്കു കൊണ്ടുപോകുന്നു; നാമെടുക്കുന്ന കപടങ്ങളിൽ നമുക്കു വിശ്വാസമുണ്ടായിരിക്കാമെങ്കിലും ഏതർത്ഥത്തിലാണോ കുട്ടികൾക്കു മുന്നിൽ നാമവ പ്രദർശിപ്പിക്കുന്നത്‌, ആ അർത്ഥത്തിൽത്തന്നെയാവില്ല നമുക്കവയിലുള്ള വിശ്വാസം. (പ്രഭുവാകാൻ ആർക്കാണിഷ്ടമില്ലാത്തത്‌? വാതിലടയ്ക്കൂ.)

സ്വന്തം ദുഷ്ടതകളെ യഥേഷ്ടം മേഞ്ഞുനടക്കാൻ അനുവദിക്കുന്നതു കൊണ്ടുള്ള ഗുണം അവയുടെ ശരിക്കുള്ള ശക്തിയിലും വലിപ്പത്തിലും അവ കാഴ്ചയിലേക്കു വരുന്നു എന്നതാണ്‌; അവയിൽ മുഴുകാനുള്ള ആർത്തിയ്ക്കിടയിൽ നമുക്കവയുടെ അസ്പഷ്ടമായ ഒരു നിമിഷദർശനമേ കിട്ടുന്നുള്ളുവെന്നുമുണ്ട്‌. ചേറ്റുകുളത്തിൽക്കിടന്നു തുടിച്ചിട്ടല്ല, നാവികനാവാൻ നാം അഭ്യസിക്കുന്നത്‌; അതേസമയം ചേറ്റുകുളത്തിലെ അമിതമായ പരിശീലനം നാവികജോലിയ്ക്ക്‌ നമ്മെ അയോഗ്യരാക്കിയെന്നും വരാം.

ഒക്റ്റോബർ 16

എന്റെ ഭാവി ഇന്നതായിരിക്കുമെന്നതിന്റെ കേവലമായ ഒരു രൂപരേഖ യുക്തിയും ആഗ്രഹവും എനിക്കു കാട്ടിത്തന്നിട്ടുണ്ടെന്നും, ഞാനിപ്പോൾ അവയുടെ തല്ലുകളും കൊളുത്തിവലിയ്ക്കലുകളും സഹിച്ചുകൊണ്ട്‌ അതേ ഭാവിയിലേക്ക്‌ ഓരോ പടിയായി അടുത്തുകൊണ്ടിരിക്കുകയാണെന്നുമാണോ വരുന്നത്‌?

ഇച്ഛ എന്ന ആ ചാട്ടവാർ പ്രയോഗിക്കാൻ നമുക്കനുവാദം നൽകപ്പെട്ടിരിക്കുന്നു, നമുക്കു മേൽ, നമ്മുടെ സ്വന്തം കൈകൊണ്ടുതന്നെ.

 

 

Link to Grillparzer