Wednesday, February 10, 2010

കാഫ്കയുടെ ഡയറി-6

kafka2

1916 ജൂലൈ 22

അപൂർവ്വമായ ഒരു നീതിനടത്തൽ. വധശിക്ഷയ്ക്കു വിധിച്ച ഒരു മനുഷ്യനെ തന്റെ തടവറയിൽ വച്ചു കുത്തിക്കൊല്ലുകയാണ്‌ ആരാച്ചാർ; ആ സമയത്ത്‌ മറ്റാരും അവിടെയുണ്ടാകരുതെന്ന് വിലക്കപ്പെട്ടുമിരിക്കുന്നു. മേശക്കരികിലിരുന്ന് ഒരു കത്തെഴുതിത്തീർക്കുകയോ തന്റെ അവസാനത്തെ ആഹാരം കഴിക്കുകയോ ചെയ്യുകയാണയാൾ. ഈ നേരത്ത്‌ കതകിലാരോ മുട്ടുന്നു, ആരാച്ചാരാണത്‌.

'താൻ തയാറാണോ?' അയാൾ ചോദിക്കുകയാണ്‌. അയാളുടെ ചോദ്യങ്ങളുടെയും പ്രവൃത്തികളുടെയും ക്രമം ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്‌, അതിൽ നിന്നു വ്യതിചലിക്കാൻ അയാൾക്കനുവാദമില്ല. വിധിക്കപ്പെട്ട മനുഷ്യൻ ആദ്യം ചാടിയെഴുന്നേറ്റുവെങ്കിലും ഇപ്പോഴയാൾ നേരേ മുന്നിലേക്കു നോക്കിയിരിക്കുകയാണ്‌, കൈകളിൽ മുഖം പൂഴ്ത്തുകയാണ്‌. മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ ആരാച്ചാർ തന്റെ ഉപകരണങ്ങൾ നിറച്ച പെട്ടി കട്ടിലിലേക്കു വച്ച്‌ അതു തുറക്കുന്നു; അയാൾ കഠാരകൾ നോക്കിയെടുക്കുന്നു, അവയുടെ തലപ്പുകൾക്കു മൂർച്ചയുണ്ടോയെന്ന് തൊട്ടുനോക്കുകയും ചെയ്യുന്നു. നല്ല ഇരുട്ടായിക്കഴിഞ്ഞിരിക്കുന്നു; അയാൾ ചെറിയൊരു റാന്തലെടുത്ത്‌ കൊളുത്തിവയ്ക്കുന്നു. മരിക്കേണ്ട മനുഷ്യൻ പതുക്കെ തലയൊന്നു തിരിച്ച്‌ ആരാച്ചാരെ ഒളിഞ്ഞുനോക്കുന്നു; പക്ഷേ അയാൾ ചെയ്യുന്നതെന്താണെന്നു കാണുമ്പോൾ അയാൾ കിടുങ്ങിപ്പോവുകയാണ്‌; അയാൾ നോട്ടം മാറ്റുന്നു; ഇനി അയാൾക്കു കാണണമെന്നുമില്ല.

'തയാർ' അൽപനേരത്തിനു ശേഷം ആരാച്ചാർ പറയുന്നു.

"തയാർ?' വിധിക്കപ്പെട്ട മനുഷ്യൻ നിലവിളിച്ചുകൊണ്ട്‌ ചാടിയെഴുന്നെൽക്കുന്നു; ഇപ്പോഴയാൾ പക്ഷേ, ആരാച്ചാരെ നേർക്കുനേർ നോക്കിനിൽക്കുകയാണ്‌. 'നിങ്ങൾക്കെന്നെ അങ്ങനെയങ്ങു കൊല്ലാൻ പറ്റില്ല; എന്നെ കട്ടിലിൽ കിടത്തി കുത്തിക്കൊല്ലാൻ നിങ്ങൾക്കു പറ്റില്ല; മജിസ്റ്റ്‌റേറ്റുമാരുടെ സാന്നിദ്ധ്യത്തിൽ, സഹായികളുമൊക്കെയായി തൂക്കുമരത്തിൽ കയറ്റി ഒരാളെ കൊല്ലാം; ഈ മുറിയിൽ വച്ചു പക്ഷേ പറ്റില്ല, ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുകയോ!' തന്റെ പെട്ടിക്കു മേൽ കുനിഞ്ഞുനിൽക്കുന്ന ആരാച്ചാർ മറുപടിയൊന്നും പറയാത്തതു കാണുമ്പോൾ അയാൾ അൽപ്പം കൂടി സമാധാനത്തോടെ ഇങ്ങനെ പറയുന്നു:'അതു നടപ്പില്ല.' അപ്പോഴും ആരാച്ചാർ നിശ്ശബ്ദനായിരിക്കുന്നതു കണ്ടപ്പോൾ അയാൾ പറയുകയാണ്‌, 'ഇങ്ങനെയൊരു നീതിനടത്തൽ ഏർപ്പെടുത്തിയിരിക്കുന്നത്‌ അതു നടപ്പാക്കാൻ പറ്റില്ലെന്നു മുൻകൂട്ടിക്കണ്ടുകൊണ്ടു തന്നെയാണ്‌.'

ആരാച്ചാർ പുത്തനൊരു കഠാര ഉറയിൽ നിന്നൂ വലിച്ചൂരിക്കൊണ്ടു പറയുകയാണ്‌:'നിങ്ങളുടെ മനസ്സിലുള്ളത്‌ ആ കുട്ടിക്കഥകളായിരിക്കും; ഏതോ ശിശുവിനെ വിജനമായ സ്ഥലത്തു കൊണ്ടുപോയി ഉപേക്ഷിക്കാൻ പറഞ്ഞുവിടുന്ന വേലക്കാരൻ അതിനു മനസ്സു വരാതെ അവനെ ഏതെങ്കിലും ചെരുപ്പുകുത്തിയുടെ കൂടെ നിർത്തിയിട്ടു മടങ്ങുന്ന കഥകൾ; അതൊക്കെ കുട്ടിക്കഥകളാണ്‌; ഇതുപക്ഷേ കുട്ടിക്കഥയല്ല'-

ആഗസ്റ്റ്‌ 27

ഭയാനകമായ രണ്ടു രാവുകൾക്കും പകലുകൾക്കും ശേഷം ഒരന്തിമതീരുമാനം: എഫിനു കാർഡയയ്ക്കാത്തതിന്‌ ഒരുദ്യോഗസ്ഥനെന്ന നിലയ്ക്കുള്ള സ്വഭാവദൂഷ്യങ്ങൾക്കു നന്ദി പറയുക-തളർച്ച,പിശുക്ക്‌,ചാഞ്ചല്യം,കണക്കുകൂട്ടൽ,ജാഗ്രത. നിങ്ങൾ അത്‌ അയയ്ക്കുകതന്നെ ചെയ്തു എന്നു വയ്ക്കുക(അങ്ങനെയൊരു സാധ്യത ഞാൻ സമ്മതിച്ചുതരുന്നു),എന്തായിരുന്നിരിക്കും ഫലം? നിങ്ങളുടെ ഭാഗത്തു നിന്ന് നിർണ്ണായകമായ ഒരു ചുവടുവയ്പ്പ്‌, ഒരുണർവ്വ്‌? ഒന്നുമില്ല. ഇതിനു മുമ്പും പലതവണ നിങ്ങൾ നിർണ്ണായകമായ ചുവടുവയ്പ്പുകൾ പലതും നടത്തിക്കഴിഞ്ഞിരിക്കുന്നു, ഒരു ഫലവുമുണ്ടായിട്ടില്ല പക്ഷേ. വിശദീകരിക്കാനൊന്നും മുതിരരുത്‌.ഏറ്റവും സൂക്ഷ്മമായ വിശദാംശങ്ങൾ വരെ നിരത്തിക്കൊണ്ട്‌ സ്വന്തം ഭൂതകാലത്തെ ന്യായീകരിക്കാൻ നിങ്ങൾ വിദഗ്ധനാണെന്ന് എനിക്കറിയാം; കൃത്യമായിട്ടു വിശദീകരിച്ചുതന്നാലല്ലാതെ(അതസാധ്യമാണെന്നു പറയാനുമില്ലല്ലോ) ഭാവിയിലേക്കു കാലെടുത്തു വയ്ക്കാൻ ചങ്കുറപ്പില്ലാത്ത ഒരാളാണു നിങ്ങളെന്നറിയാവുന്ന സ്ഥിതിയ്ക്കു പ്രത്യേകിച്ചും. നിങ്ങളുടെ ഭാഗത്തുള്ളതായി കാണുന്ന ആ ചുമതലാബോധം (അത്രയ്ക്കതു മാന്യവുമാണ്‌) ശരിക്കു പറഞ്ഞാൽ ഒരുദ്യോഗസ്ഥപ്രകൃതമത്രെ,ബാലിശസ്വഭാവം, നിങ്ങളുടെ പിതാവു തകർത്ത ഇച്ഛാശക്തി.രക്ഷ വേണമെങ്കിൽ അതു മാറ്റാൻ നോക്കുക,അതിനു വേണ്ടിയുള്ളതു ചെയ്യുക,എത്രയും വേഗം ചെയ്യേണ്ടതും അതു തന്നെ. അതിനർത്ഥം നിങ്ങളെ വിട്ടുകൊടുക്കരുതെന്നാണ്‌( നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു ജീവിതത്തിന്റെ,എഫിന്റെ,ചെലവിൽ പ്രത്യേകിച്ചും);നിങ്ങളെ വിട്ടുകൊടുക്കാൻ കഴിയുകയില്ല എന്നതു തന്നെയാണ്‌ അതിനു കാരണം; ഈ സ്വയം വിട്ടുകൊടുക്കൽ തന്നെയാണ്‌ ഇന്നു നിങ്ങളെ ആത്മനാശത്തിന്റെ വക്കത്തു കൊണ്ടെത്തിച്ചിരിക്കുന്നതും. എഫ്‌,വിവാഹം,കുട്ടികൾ,ചുമതലകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വിട്ടുകൊടുക്കൽ തന്നെയല്ല വിഷയം; നിങ്ങൾ ജഡബുദ്ധിയായിക്കഴിയുന്ന, നിങ്ങൾക്കു പുറത്തേക്കിറങ്ങാൻ കഴിയാത്ത ഓഫീസുമായി ബന്ധപ്പെട്ടുള്ള വിട്ടുകൊടുക്കലും വരുന്നുണ്ട്‌. സർവ്വതും. എങ്കിൽ അതിനൊക്കെ ഒരു വിരാമമിടുക. നിങ്ങൾക്കു സ്വയം വിട്ടുകൊടുക്കാനാവില്ല,കാര്യങ്ങൾ മുൻകൂട്ടി കാണാനാവില്ല. തന്നെ സംബന്ധിച്ചു നല്ലതെന്താണെന്നതിനെക്കുറിച്ച്‌ നേരിയൊരു ധാരണ പോലും നിങ്ങൾക്കില്ല.

ഉദാഹരണത്തിന്‌ ഇന്നു രാത്രിയിൽ ഒരേ ശക്തിയും മൂല്യവുമുള്ള രണ്ടു പരിഗണനകൾ നിങ്ങളുടെ ഹൃദയത്തെയും മസ്തിഷ്കത്തെയും അപകടപ്പെടുത്തിക്കൊണ്ട്‌ നിങ്ങൾക്കുള്ളിൽക്കിടന്നു മല്ലടിച്ചു; തുല്യഅളവിലായിരുന്നു രണ്ടിന്റെ കാര്യത്തിലുമുള്ള നിങ്ങളുടെ ആകാംക്ഷ. അതിനാൽ ഒരു കണക്കുകൂട്ടലിനു നിങ്ങൾക്കു കഴിയാതെയും പോയി. എന്തുണ്ടു ബാക്കി? നിങ്ങളൊരാളുണ്ടെന്ന ഭാവമില്ലാതെ നടക്കുന്ന സംഘർഷങ്ങളുടെ യുദ്ധഭൂമിയായി നിന്നുകൊടുക്കാൻ(ഭടന്മാരുടെ ഘോരതാഡനങ്ങളേ നിങ്ങൾക്കതിൽ നിന്നനുഭവിക്കാനുമുള്ളു)ഇനിയൊരു തവണ കൂടി നിങ്ങൾ സ്വയം താഴ്‌ന്നുകൊടുക്കരുത്‌. എഴുന്നേറ്റു നിൽക്കൂ. തെറ്റുകൾ തിരുത്തൂ,ജോലിയിൽ നിന്നു രക്ഷപ്പെടൂ,താൻ എന്താവണമെന്നു കണക്കു കൂട്ടുന്നതു നിർത്തി താൻ എന്താണെന്നു കാണാൻ തുടങ്ങൂ. നിങ്ങളുടെ ഒന്നാമത്തെ ഉദ്യമം എന്താണെന്നതിനെക്കുറിച്ച്‌ സംശയിക്കാനൊന്നുമില്ലല്ലോ: സൈന്യത്തിൽ ചേരുക. പിന്നെ നിങ്ങൾ ഇഷ്ടപ്പെട്ടു ചെയ്യുന്ന മറ്റൊന്നുണ്ടല്ലോ-ഒരു ഫ്ലാബേറുമായോ, ഒരു കീർക്കേഗോറുമായോ, ഒരു ഗ്രിൽപാഴ്സറുമായോ സ്വയം താരതമ്യം ചെയ്യുന്ന ആ അസംബന്ധം,അതും ദൂരെക്കളയുക. വെറും ബാലചാപല്യമാണത്‌. കണക്കുകൂട്ടലിനിടയിലെ കണ്ണികളെന്ന നിലയിൽ പ്രയോജനപ്രദമായ ഉദാഹരണങ്ങളാണവരെന്നു ഞാനും സമ്മതിക്കുന്നു-പ്രയോജനപ്രദം എന്നു പറയാനും പറ്റുമോ? എന്തെന്നാൽ കണക്കുകൂട്ടൽ എന്ന പ്രയോജനശുന്യമായ പ്രക്രിയയിലെ കണ്ണികളാണല്ലോ അവർ.അവരുടെ കാര്യത്തിൽ അങ്ങനെയൊരു താരതമ്യം തന്നെ അനാവശ്യമാണ്‌. ഫ്ലാബേറും കീർക്കേഗാറും തങ്ങളുടെ അവസ്ഥയെക്കുറിച്ചു കൃത്യമായ ബോധ്യമുള്ളവരായിരുന്നു, തീരുമാനങ്ങളെടുക്കാൻ കഴിവുള്ളവരായിരുന്നു, കണക്കുകൂട്ടലുകൾക്കു നിൽക്കാതെ പ്രവൃത്തിയിലേക്കിറങ്ങിയവരായിരുന്നു. പക്ഷേ നിങ്ങളുടെ കാര്യമോ-കണക്കുകൂട്ടലുകളുടെ കണ്ണിമുറിയാത്ത തുടർച്ച,നാലുകൊല്ലത്തെ ബീഭത്സമായ കയറ്റിറക്കങ്ങൾ. ഗ്രിൽപാഴ്സറുമായുള്ള താരതമ്യം സാധുവാണെന്നു പറയാം,പക്ഷേ ഗ്രിൽപാഴ്സർ അനുകരിക്കാൻ പറ്റിയ ഒരാളാണെന്നു നിങ്ങൾക്കു വിചാരമില്ലല്ലോ, ഉണ്ടോ? തങ്ങൾക്കു വേണ്ടി യാതന തിന്നതിന്‌ ഭാവിതലമുറകൾ നന്ദി പറയേണ്ട സന്തോഷശൂന്യമായ ഒരുദാഹരണം.

ഒക്റ്റോബർ 8

കുട്ടികളെ വളർത്തൽ മുതിർന്നവരുടെ ഭാഗത്തു നിന്നുള്ള ഒരു ഗൂഢാലോചനയെന്ന നിലയിൽ. പലതരം കപടങ്ങൾ കാട്ടി വശീകരിച്ച്‌ കുട്ടികളെ നാം അവരുടെ വിലക്കുകളില്ലാത്ത ക്രീഡകളിൽ നിന്നു മാറ്റി നമ്മുടെ ഇടുങ്ങിയ പാർപ്പിടങ്ങളിലേക്കു കൊണ്ടുപോകുന്നു; നാമെടുക്കുന്ന കപടങ്ങളിൽ നമുക്കു വിശ്വാസമുണ്ടായിരിക്കാമെങ്കിലും ഏതർത്ഥത്തിലാണോ കുട്ടികൾക്കു മുന്നിൽ നാമവ പ്രദർശിപ്പിക്കുന്നത്‌, ആ അർത്ഥത്തിൽത്തന്നെയാവില്ല നമുക്കവയിലുള്ള വിശ്വാസം. (പ്രഭുവാകാൻ ആർക്കാണിഷ്ടമില്ലാത്തത്‌? വാതിലടയ്ക്കൂ.)

സ്വന്തം ദുഷ്ടതകളെ യഥേഷ്ടം മേഞ്ഞുനടക്കാൻ അനുവദിക്കുന്നതു കൊണ്ടുള്ള ഗുണം അവയുടെ ശരിക്കുള്ള ശക്തിയിലും വലിപ്പത്തിലും അവ കാഴ്ചയിലേക്കു വരുന്നു എന്നതാണ്‌; അവയിൽ മുഴുകാനുള്ള ആർത്തിയ്ക്കിടയിൽ നമുക്കവയുടെ അസ്പഷ്ടമായ ഒരു നിമിഷദർശനമേ കിട്ടുന്നുള്ളുവെന്നുമുണ്ട്‌. ചേറ്റുകുളത്തിൽക്കിടന്നു തുടിച്ചിട്ടല്ല, നാവികനാവാൻ നാം അഭ്യസിക്കുന്നത്‌; അതേസമയം ചേറ്റുകുളത്തിലെ അമിതമായ പരിശീലനം നാവികജോലിയ്ക്ക്‌ നമ്മെ അയോഗ്യരാക്കിയെന്നും വരാം.

ഒക്റ്റോബർ 16

എന്റെ ഭാവി ഇന്നതായിരിക്കുമെന്നതിന്റെ കേവലമായ ഒരു രൂപരേഖ യുക്തിയും ആഗ്രഹവും എനിക്കു കാട്ടിത്തന്നിട്ടുണ്ടെന്നും, ഞാനിപ്പോൾ അവയുടെ തല്ലുകളും കൊളുത്തിവലിയ്ക്കലുകളും സഹിച്ചുകൊണ്ട്‌ അതേ ഭാവിയിലേക്ക്‌ ഓരോ പടിയായി അടുത്തുകൊണ്ടിരിക്കുകയാണെന്നുമാണോ വരുന്നത്‌?

ഇച്ഛ എന്ന ആ ചാട്ടവാർ പ്രയോഗിക്കാൻ നമുക്കനുവാദം നൽകപ്പെട്ടിരിക്കുന്നു, നമുക്കു മേൽ, നമ്മുടെ സ്വന്തം കൈകൊണ്ടുതന്നെ.

 

 

Link to Grillparzer