Sunday, February 7, 2010

നെരൂദ-പുസ്തകങ്ങൾ

File:Jan van Eyck 059.jpg
വിശുദ്ധവും
പഴകിയതുമായ പുസ്തകങ്ങൾ,
വെട്ടിവിഴുങ്ങിയ പുസ്തകങ്ങൾ
വെട്ടിവിഴുങ്ങുന്ന പുസ്തകങ്ങൾ,
കീശയിലൊളിപ്പിച്ച രഹസ്യങ്ങൾ:
മാതളം മണക്കുന്ന നീത്ഷെ,
പിന്നെ ഗോർക്കി
അവരായിരുന്നെന്റെ കൂട്ടുകാർ-
വെളിച്ചപ്പെടാത്തവർ
ഗൂഢവൃത്തിക്കാർ.
ഹാ, വിക്തോർ യൂഗോയിലെ പാറക്കെട്ടിൽ
കിനാവള്ളിയെ സംഹരിച്ചതിൻ ശേഷം
ഇടയൻ തന്റെ പ്രണയത്തെ
വേട്ട മുഹൂർത്തം;
ഗോത്തിക്‌ ഉടലിന്റെ സിരകളിലൂടെ
നോത്രുദാമിലെ കൂനൻ
ഒഴുകിനടന്ന കാലം.
സ്വർഗം പോലത്തെ ബംഗ്ലാവുകളിൽ
അധമകാലത്ത്‌
വെളുത്ത കൈകളിലമരുന്ന
ജോർജ്‌ ഇസ്സാക്കിന്റെ മരിയ.
ആ പഞ്ചാരമധുരത്തിൽ
ബുദ്ധി മന്ദിച്ച ഞങ്ങൾ
കപടമില്ലാത്ത കണ്ണീരൊഴുക്കി.

പുസ്തകങ്ങൾ മെടഞ്ഞുപോയി,
പിളർന്നിറങ്ങി,
സർപ്പച്ചുറ്റുകളയച്ചു,
അങ്ങനെയങ്ങനെ
വസ്തുക്കൾക്കു പിന്നിൽ
ചെയ്തികൾക്കു പിന്നിൽ
കയ്ക്കുന്ന മണം പോലെ
ഉപ്പിന്റെ തെളിച്ചത്തോടെ
വളർന്നുവന്നു
അറിവിന്റെ വൃക്ഷം.

 

 

painting-Jan van Eyck-1436

1 comment:

റ്റോംസ് കോനുമഠം said...

വായിച്ചു..രവിചേട്ടാ...
അമ്മ മലയാളം സാഹിത്യ മാസികയിലേക്കും താങ്കള്‍ക്ക് സ്വാഗതം.
അവിറ്റേയും നല്ല കവിതകള്‍, ചിന്തകള്‍ കുറിക്കുമല്ലോ..
ലിങ്ക് അയക്കെട്ടെയോ..? അറിയിക്കുക..
http://entemalayalam1.blogspot.com/