Thursday, February 25, 2010

കാഫ്ക-ദൃഷ്ടാന്തകഥകൾ


EnsoZen

1. കടുവ


ഒരിക്കൽ ഒരു കടുവയെ വിശ്രുതനായ മൃഗപരിശീലകൻ ബഴ്സന്റെ അടുക്കലെത്തിച്ചു; അതിനെ മെരുക്കാനാവുമോയെന്ന കാര്യത്തിൽ അയാളുടെ അഭിപ്രായമറിയണം. കടുവയെ ഇട്ടിരുന്ന ചെറിയ കൂട്‌ ഒരു ഹാളിന്റെ അളവിലുള്ള പരിശീലനക്കൂട്ടിലേക്ക്‌ തള്ളിക്കേറ്റി; നഗരത്തിനു വളരെ അകലെയായിട്ടുള്ള ഒരു കൂടാരത്തിലായിരുന്നു അത്‌. സഹായികൾ പിൻവാങ്ങി; ഒരു മൃഗവുമായുള്ള തന്റെ ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നോടൊപ്പം ആരുമുണ്ടാകരുതെന്ന് അദ്ദേഹത്തിനു നിർബ്ബന്ധമായിരുന്നു. കടുവ ശാന്തനായി കിടന്നതേയുള്ളു: അൽപം മുമ്പാണല്ലോ അതിനു വയറു നിറയെ ഭക്ഷണം കൊടുത്തത്‌. അതു ചെറുതായിട്ടൊന്നു കോട്ടുവായിട്ടു, പുതിയ ചുറ്റുപാടുകൾ മടുപ്പോടെ ഒന്നു വീക്ഷിച്ചു, എന്നിട്ടുപിന്നെ ഉറക്കത്തിലേക്കു വീഴുകയും ചെയ്തു.


EnsoZen

2. ചക്രവർത്തി


ചക്രവർത്തി ദേവവംശത്തിൽത്തന്നെയാണോ പിറന്നതെന്ന് ഒരാൾക്കു സംശയം തോന്നി; ചക്രവർത്തിയാണ്‌ നമ്മുടെയൊക്കെ പരമാധികാരി എന്നതിൽ അയാൾക്കു സംശയമേയില്ല, ചക്രവർത്തിയുടെ ദൈവികമായ ദൗത്യത്തിലും അയാൾക്കു സംശയമേതുമില്ല (അതയാൾക്കു ബോധ്യമാണ്‌), അദ്ദേഹത്തിന്റെ ദിവ്യോത്പത്തിയിലേ അയാൾക്കു സംശയമുണ്ടായുള്ളു. അതു, സ്വാഭാവികമായും,വലിയ പ്രകമ്പനങ്ങൾക്കു കാരണമായതുമില്ല; കടൽപ്പത ഒരു മണൽത്തരിയെ കരയിലേക്കെറ്റിച്ചുവിടുമ്പോൾ നിതാന്തമായ തിരപ്പെരുക്കത്തിൽ അതൊരിടപെടലാവുന്നതേയില്ല, മറിച്ച്‌, ആ കാരണത്തിൽ നിന്നാണ്‌ അതുണ്ടാവുന്നതും.


EnsoZen

3. തടവറ


'ഞാനെങ്ങനെ ഇവിടെയെത്തി?' ഞാൻ അതിശയിച്ചു. അത്ര ചെറുതല്ലാത്ത ഒരു ഹാളായിരുന്നു അത്‌, ഇലക്ട്രിക്‌ ബൾബിന്റെ മൃദുവായ വെളിച്ചം ഉള്ളിൽ; ചുമരോരം ചേർന്ന് നടന്നുപോവുകയാണു ഞാൻ. വാതിലുകൾ പലതുണ്ടായിരുന്നുവെങ്കിലും അതിൽ ഒന്നു തുറന്നാൽ നിങ്ങൾ ചെന്നു നിൽക്കുന്നത്‌ ഇരുണ്ട്‌, മിനുസ്സമായ ഒരു പാറയ്ക്കു മുന്നിലായിരിക്കും; വാതിലിന്‌ ഒരു കൈയകലത്തു മാത്രമാണതു നിൽക്കുന്നത്‌; കുത്തനേ മുകളിലേക്കും ഇരുവശങ്ങളിലേക്കും അവസാനമില്ലാത്തപോലെ നീണ്ടുനീണ്ടുപോവുകയുമാണത്‌. ഒരു വാതിൽ വഴി മാത്രം അടുത്തൊരു മുറിയിലേക്കു കടക്കാം; അൽപ്പം കൂടി പ്രതീക്ഷയ്ക്കു വകയുണ്ടവിടെ, അതേസമയം മറ്റു വാതിലുകൾക്കു പിന്നിലുള്ളവ പോലെത്തന്നെ നിങ്ങളെ സംഭ്രാന്തനാക്കുകയും ചെയ്യുമത്‌. രാജകീയമായ ഒരറയിലേക്കാണു നിങ്ങൾ നോക്കുന്നത്‌; നിറങ്ങളിൽ ചുവപ്പിനും സ്വർണ്ണത്തിനുമാണവിടെ പ്രാമുഖ്യം; മച്ചോളമുയർന്ന നിലക്കണ്ണാടികൾ, ചില്ലിന്റെ കൂറ്റനൊരു തുക്കുവിളക്ക്‌.

എനിക്കിനി മടങ്ങിപ്പോകേണ്ടതില്ല, മലർക്കെത്തുറക്കുകയാണറ, ഞാൻ കടക്കുന്നു, ഞാനെന്റെ ദേഹത്തെ തൊട്ടറിയുന്നു.


EnsoZen

4. ദൂതന്മാർ


അവരുടെ ഇഷ്ടത്തിന്‌ അവർക്കു രാജാക്കന്മാരോ, രാജാക്കന്മാരുടെ ദൂതന്മാരോ ആകാമായിരുന്നു. കുട്ടികളുടെ സ്വഭാവമാണല്ലോ, എല്ലാവർക്കും ദൂതന്മാരായാൽ മതി. അങ്ങനെയിപ്പോൾ ദൂതന്മാർ മാത്രമേയുള്ളു; കഥയില്ലാത്ത സന്ദേശങ്ങൾ അന്യോന്യം വിളിച്ചുപറഞ്ഞ്‌(രാജാക്കന്മാരില്ലല്ലോ)ലോകം മുഴുവൻ പാഞ്ഞുനടക്കുകയാണവർ. തങ്ങളുടെ ഈ നശിച്ച ജീവിതം ഒന്നവസാനിപ്പിക്കാൻ അവർക്കു വല്ലാത്ത ആഗ്രഹമുണ്ട്‌; പക്ഷേ ഒരു ദൗത്യമേറ്റവരായതിനാൽ അതിനവർക്കു ധൈര്യവുമില്ല.

No comments: