1920 ജനുവരി 9
അന്ധവിശ്വാസവും ആദർശവും ജീവിതത്തെ സാധ്യമാക്കുന്ന വസ്തുതയും: പാപങ്ങളുടെ സ്വർഗ്ഗം വഴി നന്മകളുടെ നരകം പ്രാപിക്കുക. അത്ര അനായാസമായി? അത്ര വൃത്തികെട്ട രിതിയിൽ? അത്ര അവിശ്വസനീയമായി? അന്ധവിശ്വാസം എളുപ്പമാണ്.
അയാളുടെ തലയ്ക്കു പിന്നിൽ നിന്ന് ഒരു കഷണം ചെത്തിമാറ്റിയിരുന്നു. സുര്യനും, പിന്നാലെ സകലലോകവും വന്നെത്തിനോക്കി. അയാളുടെ മനസ്സമാധാനം പോവുകയാണ്, അയാൾക്കു തന്റെ ജോലിയിൽ ശ്രദ്ധ നിൽക്കാതാവുകയാണ്, അതിനേക്കാളുപരി താനൊരാൾക്കു മാത്രം ആ കാഴ്ച വിലക്കപ്പെട്ടിരിക്കുന്നുവെന്നത് അയാൾക്കു നീരസമുണ്ടാക്കുകയും ചെയ്യുന്നുണ്ട്.
തന്റെ ആത്യന്തികമോചനത്തെക്കുറിച്ച് ഒരാൾക്കുണ്ടായ വെളിപാടിനെ ഖണ്ഡിക്കുന്ന തെളിവല്ല, അടുത്ത ദിവസവും അയാളുടെ ബന്ധനം മാറ്റമില്ലാതെ തുടർന്നുപോകുന്നുവെന്നത്, ഇനിയതു കൂടുതൽ കർശനമാക്കിയെന്നത്, അതുമല്ല അതൊരിക്കലും അവസാനിക്കാൻ പോകുന്നില്ലെന്ന് വെളിവായി പ്രഖ്യാപിക്കപ്പെടുന്നതു പോലും. ഒരാത്യന്തികമോചനത്തിന് അവശ്യം ആവശ്യമായ പ്രാരംഭനടപടികളായിരിക്കാം അതൊക്കെ.
1921 ഒക്റ്റോബർ 15
ഒരോർമ്മയ്ക്കു ജീവൻ വച്ചതാണു ഞാൻ, എനിക്കുറക്കമില്ലാത്തതതുകൊണ്ടും.
ഒക്റ്റോബർ 16
ഞായറാഴ്ച. എന്നും പുതുതായി തുടങ്ങേണ്ടി വരുന്നതിന്റെ മനഃക്ലേശം; തുടക്കത്തിനേക്കാൾ കൂടുതലില്ല, അത്രതന്നെയില്ല, യാതൊന്നും എന്ന തിരിച്ചറിവ്; ഇതറിയാതെ പന്തുകളിക്കാൻ പോകുന്നവരുടെ,പന്തൊന്നു തട്ടി മുന്നോട്ടാക്കാമല്ലോയെന്ന വിചാരക്കാരുടെ ബുദ്ധിമോശം; സ്വന്തം ബുദ്ധിമോശം തന്റേതന്നെ ഉള്ളിൽ ഒരു ശവപ്പെട്ടിയിലെന്ന പോലെ മൂടിക്കിടക്കൽ; കൊണ്ടുപോകാവുന്ന, തുറക്കാവുന്ന, നശിപ്പിക്കാവുന്ന, കൈമാറ്റം ചെയ്യാവുന്ന ഒരു ശവപ്പെട്ടി.
പാർക്കിൽ ചെറുപ്പക്കാരികൾക്കിടയിൽ. ഒരസൂയയുമില്ല. അവരുടെ സന്തോഷത്തിൽ പങ്കു ചേരാനും വേണ്ടിയുള്ള ഭാവനാശേഷിയുണ്ട്; അത്രയും സന്തോഷം അനുഭവിക്കാനുള്ള ആരോഗ്യം തനിക്കില്ലെന്നു മനസ്സിലാക്കാനുള്ള വിവേകമുണ്ട്; തന്റെയും അവരുടെയും അവസ്ഥകൾ അടിയോളം പോയിക്കാണുന്നുവെന്നു വിചാരിക്കുന്നതിൽ ബുദ്ധിശൂന്യതയുമുണ്ട്. ബുദ്ധിശൂന്യതയെന്നല്ല; ഇവിടെ ചെറിയൊരു വിടവു വരുന്നു, അതിലൂടെ കാറ്റു ചൂളം വിളിച്ചുകേറുകയും ഒക്കെ നശിപ്പിക്കുകയും ചെയ്യുന്നു.
ഒരത്‌ലറ്റാകാൻ ഞാൻ ആശിക്കുന്നുവെന്നിരിക്കട്ടെ, സ്വർഗ്ഗത്തിലേക്കെന്നെ പ്രവേശിപ്പിക്കണമെന്നും ഇവിടത്തെപ്പോലെത്തന്നെ അവിടെയും നിരാശയിൽ മുങ്ങിക്കഴിയാൻ അനുവദിക്കണമെന്നും ആശിക്കുന്നതു പോലെയായിരിക്കും അത്.
എന്റെ ശരീരപ്രകൃതം എത്ര ശോചനീയമായിക്കോട്ടെ, ലോകത്തിലേക്കും വച്ചേറ്റവും ശോചനീയമായിക്കോട്ടെ(എന്റെ ഓജസ്സിലായ്മ വച്ചുനോക്കുമ്പോൾ പ്രത്യേകിച്ചും) അതുവച്ചു ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഞാൻ ചെയ്യണം(ഞാൻ ഉദ്ദേശിക്കുന്ന അർത്ഥത്തിൽ); ഇങ്ങനെയൊരു ശരീരപ്രകൃതി വച്ചു ചെയ്യാവുന്നതായി ഒന്നേയുള്ളുവെന്നും അതാവാം അതിനേറ്റവും ഭംഗിയായി ചെയ്യാവുന്നതെന്നും, നൈരാശ്യം കൊള്ളലാണ് ആ ഒന്നെന്നും വാദിക്കുക പൊള്ളയായ കുതർക്കം മാത്രമാണ്.
ഒക്റ്റോബർ 17
പ്രയോജനമുള്ള യാതൊന്നും ഞാൻ പഠിച്ചില്ല എന്നതിനും സ്വന്തം ശരീരം ഇങ്ങനെ കൊണ്ടുപോയി തുലയ്ക്കാൻ വിട്ടതിനും പിന്നിൽ-രണ്ടും തമ്മിൽ ബന്ധപ്പെട്ടിരിക്കുകയുമാണ്- ഒരു ലക്ഷ്യം ഒളിച്ചിരിപ്പുണ്ടാവാം; മനസ്സു വ്യതിചലിച്ചുപോകാൻ, പ്രയോജനമുള്ള, ആരോഗ്യമുള്ള ഒരു മനുഷ്യന് ജീവിതം നൽകുന്ന ആനന്ദങ്ങൾ കൊണ്ട് മനസ്സു വ്യതിചലിച്ചുപോകാൻ ഞാൻ ആഗ്രഹിച്ചില്ല. ഈ രോഗവും നൈരാശ്യവും ചെയ്യുന്നതും അതുതന്നെയല്ലേ!
ഈ ആലോചന കൊണ്ടുപോയി അവസാനിപ്പിക്കാനും എന്നെ സംബന്ധിച്ചു സന്തോഷകരമായ ഒരു നിഗമനത്തിലെത്താനും വഴികൾ പലതുണ്ട്; അതിനു പക്ഷേ ധൈര്യം വരുന്നില്ല; സന്തോഷകരമായ ഒരു പരിഹാരം ഉണ്ടെന്ന് എനിക്കു വിശ്വാസമില്ല-ഇന്നെങ്കിലും, അതേപോലെ മിക്കസമയത്തും.
വിവാഹിതരായ ചിലരോടല്ല എന്റെ അസൂയ, വിവാഹിതരായ എല്ലാവരോടും ഒരുമിച്ചാണ് എന്റെ അസൂയ; വിവാഹിതരായ രണ്ടുപേരോടു മാത്രം അസൂയ തോന്നുമ്പോൾത്തന്നെ അനന്തവൈവിധ്യങ്ങൾ ചേർന്ന വൈവാഹികജീവിതത്തിനോടു പൊതുവെയാണെനിക്കസൂയ-ഒരു വൈവാഹികജീവിതത്തിൽ കാണുന്ന ആനന്ദം തന്നെ എന്നെ നൈരാശ്യത്തിൽ ആഴ്ത്തിക്കളഞ്ഞേക്കും.
എന്റേതിനു സമാനമായ ആന്തരദുരവസ്ഥയുള്ള മറ്റൊരാളുള്ളതായി എനിക്കു വിശ്വാസമില്ല; അങ്ങനെയുള്ളവരെ സങ്കൽപ്പിക്കാൻ എനിക്കു കഴിഞ്ഞെന്നിരിക്കും-പക്ഷേ നിഗൂഢനായ ഒരു കാക്ക എന്റെ തലയ്ക്കു മേലെന്നപോലെ അവരുടെ തലയ്ക്കു മുകളിലും സദാസമയം വട്ടം ചുറ്റിക്കൊണ്ടിരിക്കുകയാണെന്നു സങ്കൽപ്പിക്കുക അസാധ്യം.
ഈ ആയുസ്സിന്നിടയ്ക്ക് ചിട്ടയായി ഞാൻ സ്വയം നശിപ്പിച്ചതോർക്കുമ്പോൾ വിസ്മയം തോന്നിപ്പോവുന്നു; ഒരണക്കെട്ടിലെ വിള്ളൽ വലുതായി വരുന്നതു പോലെയായിരുന്നു അത്, ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവൃത്തി. അതു വരുത്തിവച്ച സത്വം തന്റെ വിജയം ആഘോഷിക്കുകയാവണം; അതിലൊന്നു പങ്കു ചേരാൻ അതെന്നെ എന്തു കൊണ്ടനുവദിക്കുന്നില്ല? അതു തന്റെ ലക്ഷ്യം നേടിക്കഴിഞ്ഞിട്ടില്ലായിരിക്കാം, അതുകാരണം മറ്റൊന്നും അതിന്റെ ചിന്തയിൽ വരുന്നില്ലെന്നുമാകാം.
ഒക്റ്റോബർ 18
നിത്യബാല്യം. ജീവിതം വീണ്ടും വിളിക്കുന്നു.
ജീവിതത്തിന്റെ ഔജ്ജ്വല്യം അതിന്റെ സമഗ്രതയിൽ നമ്മെക്കാത്തു കിടക്കുകയാണെന്നു സങ്കൽപ്പിക്കാവുന്നതേയുള്ളു, പക്ഷേ കാഴ്ചയിൽ വരാതെ, അങ്ങടിയിൽ, അദൃശ്യമായി,അകലെയായി. അതവിടെയുണ്ട്, അതിനു നിങ്ങളോടു വിരോധമില്ല, വരാൻ വിസമ്മതമില്ല, അതു കാതുകൾ തുറന്നു വച്ചിരിക്കുകയുമാണ്. നിങ്ങളതിനെ ശരിയായ വാക്കുപയോഗിച്ചു വിളിച്ചാൽ, ശരിക്കുള്ള പേരുപയോഗിച്ചു വിളിച്ചാൽ അതു വരും. അതാണ് മന്ത്രവാദത്തിന്റെ അന്തസ്സത്ത; സൃഷ്ടിക്കുകയല്ല, വിളിച്ചുവരുത്തുകയാണതു ചെയ്യുന്നത്.
ഒക്റ്റോബർ 19
മരുഭൂമിയിലെ പലായനത്തിന്റെ അന്തസ്സത്ത. എന്താണു സംഭവിക്കുന്നതെന്നതിനെക്കുറിച്ച് ഒരു നുറുങ്ങു ബോധം മാത്രമുള്ള( അതിലധികം അചിന്ത്യമാണ്) ഒരു മനുഷ്യൻ തന്റെ ജനതയെ ഈ വഴിയിലൂടെ നയിച്ചുകൊണ്ടുപോവുകയാണ്. തന്റെ ആയുസ്സു മൊത്തം കാനാനിലേക്കുള്ള പാതയിലാണയാൾ; മരണത്തിന്റെ വക്കത്തെത്തുമ്പോഴേ അയാൾ ആ ദേശം കാണൂ എന്നത് അവിശ്വസനീയമാണ്. മനുഷ്യജീവിതമെന്നത് എത്ര അപൂർണ്ണമാണെന്ന്, ഇതുപോലൊരു ജീവിതം അമരത്വം പൂകാമെങ്കിലും അതേസമയം തന്നെ വെറുമൊരു നിമിഷം മാത്രമാകാമെന്നും കാണിച്ചുകൊടുക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണ് മരണത്തിലെ ഈ ദർശനം എന്നു പറയേണ്ടിയിരിക്കുന്നു. മോശയ്ക്ക് കാനാൻദേശത്തു കടക്കാൻ കഴിയാതെ പോയത് തന്റെ ജീവിതം അത്ര ഹ്രസ്വമായതു കൊണ്ടല്ല, അതു മനുഷ്യജീവിതമായതു കൊണ്ടാണ്. പെന്റാറ്റ്യൂക്കിന്റെ ഈ അന്ത്യം പ്രണയപാഠത്തിന്റെ അവസാനരംഗത്തോട് സാദൃശ്യം വഹിക്കുന്നു.
ജീവിച്ചിരിക്കുമ്പോൾ തന്റെ ജീവിതവുമായി പൊരുത്തപ്പെടാനാവാത്ത ഒരാൾക്ക് തന്റെ വിധിയെ ഓർത്തുള്ള നൈരാശ്യത്തെ അൽപ്പമൊന്നു തള്ളിമാറ്റാൻ -അതിലയാൾ വിജയിക്കുന്നുമില്ല- ഒരു കൈ വേണം; അതേസമയം മറ്റേ കൈ കൊണ്ട് നാശാവശിഷ്ടങ്ങൾക്കിടയിൽ തന്റെ കണ്ണിൽപ്പെടുന്നതിനെ രേഖപ്പെടുത്താനും അയാൾക്കു കഴിയും; എന്തെന്നാൽ മറ്റുള്ളവർ കാണുന്നതിനേക്കാൾ വ്യത്യസ്തമായ (അധികവുമായ)കാര്യങ്ങൾ അയാൾ കാണുന്നുണ്ടല്ലോ. എന്തൊക്കെയായാലും ജീവിതകാലത്തു തന്നെ മരിച്ചയാളായ സ്ഥിതിയ്ക്ക് അയാളാണ് യഥാർത്ഥത്തിൽ അതിജീവിക്കുന്നതും. നൈരാശ്യവുമായുള്ള സമരത്തിൽ അയാൾക്കു തന്റെ ഇരുകൈകളും, അല്ലെങ്കിൽ ഇപ്പോഴുള്ളതിലധികം, വേണ്ടിവരില്ല എന്ന ഊഹത്തിന്റെ അടിസ്ഥാനത്തിലേ ഇതുതന്നെ പറയാനും പറ്റൂ.
ഒക്റ്റോബർ 21
വീടിനുള്ളിലേക്കു കടക്കാൻ അയാൾക്കു പറ്റില്ല, കാരണം ഒരു ശബ്ദം തന്നോടിങ്ങനെ വിളിച്ചുപറഞ്ഞത് അയാൾ കേട്ടിരിക്കുന്നു:'ഞാൻ നിന്നെ ഉള്ളിലേക്കു കൊണ്ടുപോകുന്നതു വരെ കാത്തുനിൽക്കൂ!' അങ്ങനെ അയാൾ വീടിനു മുന്നിലെ പൊടിമണ്ണിൽ കാത്തുകിടന്നു, പ്രതീക്ഷയ്ക്കു വകയില്ലെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞിട്ടുണ്ടാകാമെങ്കിലും.
എല്ലാം സാങ്കൽപ്പികം-കുടുംബം,ജോലി,സുഹൃത്തുക്കൾ,തെരുവ്,സർവ്വതും സാങ്കൽപ്പികം,അകലെയോ അത്രയടുത്തോ ഉള്ള സ്ത്രീകൾ; നിങ്ങൾക്കേറ്റവും സമീപസ്ഥമായ സത്യം ഇതു മാത്രമാണ്,ജനാലയില്ലാത്തതും വാതിലില്ലാത്തതുമായ ഒരു തടവറയുടെ ചുമരിൽ സ്വന്തം തല കൊണ്ടിടിക്കുകയാണു നിങ്ങൾ.
ഒക്റ്റോബർ 22
തന്റെ മേഖലയിൽ നിഷ്ണാതനായ ഒരാൾ, ഒരഭിജ്ഞൻ, ഒരു വിദഗ്ധൻ; പകർന്നു കൊടുക്കാനാവാത്തതാണ് അയാളുടെ അറിവ്; ഭാഗ്യത്തിനു പക്ഷേ, അതിനാവശ്യക്കാരുമില്ല.
ഒക്റ്റോബർ 25
എന്റെ അച്ഛനും അമ്മയും ചീട്ടുകളിക്കുകയാണ്. തീർത്തും അപരിചിതനായി ഞാൻ മാറിയിരിക്കുന്നു; ഒരു കൈ എടുക്കാൻ, ഒന്നുമില്ലെങ്കിൽ വെറുതേ നോക്കിയിരിക്കാൻ അച്ഛൻ പറയുന്നു; ഞാൻ എന്തോ ഒന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്നു. എന്റെ ബാല്യം മുതൽ പലപ്പോഴായി തുടർന്നുപോന്ന ഈ തിരസ്കാരങ്ങൾക്കെന്താണർത്ഥം? സാമൂഹ്യജീവിതത്തിൽ, ഒരു പരിധി വരെ പൊതുജീവിതത്തിലും, പങ്കു കൊള്ളാനുള്ള ക്ഷണങ്ങളെ എനിക്കു സ്വീകരിക്കാവുന്നതേയുണ്ടായിരുന്നുള്ളു. എന്നിൽ നിന്നു പ്രതീക്ഷിക്കുന്നതൊക്കെ എനിക്കു ചെയ്യാമായിരുന്നു, നന്നായിട്ടല്ലെങ്കിൽ തരക്കേടില്ലാതെയെങ്കിലും. ചീട്ടുകളി പോലും എന്നെ അത്രയങ്ങു ബോറടിപ്പിക്കാൻ സാധ്യതയില്ല- എന്നിട്ടും ഞാൻ നിരസിച്ചു. ഇതു വച്ചു നോക്കുമ്പോൾ, ഞാൻ ഒരിക്കലും ജീവിതധാരയിൽ പെട്ടിട്ടില്ലെന്ന്, എനിക്കിതേവരെ പ്രേഗിന്റെ പിടിയിൽ നിന്നു രക്ഷപ്പെടാനായിട്ടില്ലെന്ന്, ഒരു കളിയോ തൊഴിലോ പഠിക്കാൻ തന്നെ അനുവദിച്ചിട്ടില്ലെന്നു പരാതി പറയുന്നത് തെറ്റാണ്-സകല ക്ഷണങ്ങളും ഞാൻ നിരസിച്ചിട്ടുണ്ടാവണം, ചീട്ടു കളിക്കാനുള്ള ഈ ക്ഷണം പോലെ തന്നെ. അസംബന്ധങ്ങൾക്കു കവരാനായി ഞാനെന്റെ ശ്രദ്ധയെ വിട്ടുകൊടുത്തു, നിയമപഠനം, ഓഫീസ്ജോലി, പിന്നീട് അൽപം തോട്ടപ്പണിയും മരപ്പണിയും അങ്ങനെ ചില അർത്ഥമില്ലാത്ത അധികജോലികൾ; ഈ രണ്ടാമതു പറഞ്ഞ ജോലികളെ കാണേണ്ടത് ധർമ്മം ചോദിച്ചുവന്ന ഒരു ഭിക്ഷക്കാരനെ അടിച്ചോടിക്കുകയും പിന്നെ തന്റെ വലതു കൈ കൊണ്ട് ഇടതു കൈയ്ക്കു ധർമ്മം കൊടുത്ത് ദാനശീലൻ ചമയുകയും ചെയ്യുന്ന ഒരാളിന്റെ പ്രവൃത്തികളായിട്ടാണ്.
ഞാനെന്നും വേണ്ടെന്നുവച്ചു നിന്നു; പൊതുവേയുള്ള ക്ഷീണം കൊണ്ടാകാം, പ്രത്യേകിച്ചും ഇച്ഛാശക്തിയില്ലാഞ്ഞിട്ടുമാവാം-ഇത്രയും ബോധ്യമാകുമ്പോൾത്തന്നെ കാലമേറെക്കഴിഞ്ഞിരിക്കുന്നു. ഈ തിരസ്കാരം നല്ലൊരു ലക്ഷണമായി ഞാൻ എടുത്തിരുന്നു(ഞാൻ വച്ചു താലോലിച്ചിരുന്ന അവ്യക്തമായ വൻപ്രതീക്ഷകൾ കാരണമായി); ഇന്നു പക്ഷേ ബാക്കിയുള്ളത് ഉദാരമായ ആ വ്യാഖ്യാനത്തിന്റെ ഒരവശിഷ്ടം മാത്രം.
ഒക്റ്റോബർ 30
തീർത്തും നിസ്സഹായമായ ഒരവസ്ഥ.
മറ്റൊന്നിനോടുമില്ലാത്ത മാതിരി, ഉദാഹരണത്തിന് നിങ്ങളുടെ കൈയിലെ ഈ പേനയോടില്ലാത്ത മാതിരി ഉള്ളുതുറക്കാത്ത, സംസാരിക്കുന്ന, കണ്ണുചിമ്മുന്ന ഈ ദേഹങ്ങളോട് നിങ്ങളെ അത്രയ്ക്കങ്ങു കെട്ടിയിടുന്നതേതൊന്നാണ്? നിങ്ങളും അതേ ജീവിവർഗ്ഗത്തിൽപ്പെട്ടതാണെന്നതാണോ കാരണം? പക്ഷേ നിങ്ങൾ അതേ വർഗ്ഗത്തിൽപ്പെടുന്നയാളല്ല, അതുകൊണ്ടാണല്ലോ നിങ്ങൾ ഈ ചോദ്യമുയർത്തിയതും.
നവംബർ 2
മങ്ങിയ പ്രതീക്ഷ, മങ്ങിയ ആത്മവിശ്വാസം.
അവസാനമില്ലാത്ത, വിരസമായ ഒരു ഞായറാഴ്ച സായാഹ്നം, വർഷങ്ങളെ അപ്പാടെ വിഴുങ്ങുന്ന ഒരു സായാഹ്നം, അതിന്റെ ഓരോ മണിക്കൂറും ഓരോ വർഷം. ഇടയ്ക്ക് മനസ്സു നീറ്റി ആളൊഴിഞ്ഞ തെരുവുകളിലൂടെ നടന്നു, ഇടയ്ക്ക് കട്ടിലിൽ ചെന്ന് അനങ്ങാതെ കിടന്നു. ഇടതടവില്ലാതെന്നപോലെ ഒഴുകിനീങ്ങുന്ന അർത്ഥശൂന്യമായ, കനം തൂങ്ങുന്ന മേഘങ്ങളെ നോക്കി ഇടയ്ക്കിടയ്ക്കു വിസ്മയപ്പെട്ടു. 'സുന്ദരമായൊരു തിങ്കളാഴ്ചയ്ക്കു വേണ്ടി മാറ്റിവച്ചിരിക്കുകയാണു നിങ്ങളെ!' നല്ലതു തന്നെ, പക്ഷേ ഞായറാഴ്ച അവസാനിക്കാൻ പോകുന്നില്ല.
നവംബർ 7
സ്വയം നിരീക്ഷിക്കുക എന്ന ഒഴിവാക്കാനാവാത്ത കടമ: മറ്റൊരാൾ എന്നെ നിരീക്ഷിക്കുന്നുണ്ടെങ്കിൽ സ്വാഭാവികമായി ഞാനും സ്വയം നിരീക്ഷിക്കുക തന്നെ വേണം; ആരും എന്നെ നിരീക്ഷിക്കാനില്ലെങ്കിൽ അത്രയ്ക്കു ഞാൻ സ്വയം നിരീക്ഷിക്കുകയും വേണം.
എന്നോടു പിണങ്ങുന്നവർ, എന്നോടടുപ്പം കുറഞ്ഞുവരുന്നവർ,അല്ലെങ്കിൽ എന്നെ ഒരു ശല്യമായി കാണുന്നവർ ഇവരൊക്കെ എത്ര അനായാസമായി എന്നെ കുടഞ്ഞുകളയുന്നുവെന്നു കാണുമ്പോൾ ഞാൻ അസൂയപ്പെട്ടുപോകുന്നു-എനിക്കതൊരു ജീവന്മരണപ്രശ്നമല്ലെങ്കിൽ; എഫിന് ഒരിക്കൽ എന്നെ കുടഞ്ഞുകളയാൻ വിഷമിക്കേണ്ടിവന്നു; അതൊരു ജീവന്മരണപ്രശ്നമായിട്ട് അന്നു തോന്നിയിരുന്നു; അന്നുപക്ഷേ ഞാൻ ചെറുപ്പമായിരുന്നു, ബലവാനായിരുന്നു, എന്റെ തൃഷ്ണകളും കടുത്തതായിരുന്നു.
ഡിസംബർ 6
ഒരു കത്തിൽ നിന്ന്:'വിരസമായ ഈ മഞ്ഞുകാലത്ത് ഞാൻ അതിന്റെതന്നെ ചൂടുകായുന്നു.' എഴുതാൻ എനിക്കു മടി തോന്നുന്നതിനുള്ള പല കാരണങ്ങളിൽ ഒന്നാണ് രൂപകങ്ങൾ. എഴുത്തിന് ലോകവുമായുള്ള പാരതന്ത്ര്യം, തീ പൂട്ടുന്ന വേലക്കാരിയോടും അടുപ്പിനരികിൽ തീ കായുന്ന പൂച്ചയോടുമുള്ള ആശ്രിതത്വം; അടുപ്പിനടുത്തു ചൂടു പറ്റിയിരിക്കുന്ന പാവം മനുഷ്യജീവിയോടു പോലും പരാധീനമാണത്. ഇവയൊക്കെ സ്വന്തം നിയമങ്ങളാൽ നിർണ്ണീതമായ പ്രവൃത്തികളാണ്; എഴുത്തു മാത്രമാണു നിസ്സഹായം, അതിനു തനതായി ഒരു ജീവിതമില്ല, ഒരു ഫലിതമാണത്, ഒരു നൈരാശ്യവും.
വീട്ടിൽ ഒറ്റയ്ക്കായിരുന്ന രണ്ടു കൊച്ചുകുട്ടികൾ ഒരു വലിയ പെട്ടിയ്ക്കുള്ളിൽ ചാടിക്കയറി; പെട്ടിയുടെ മൂടി വീണടഞ്ഞു, അതു തുറക്കാൻ പറ്റാതെ അവർ അതിനുള്ളിൽക്കിടന്നു ശ്വാസം മുട്ടി മരിച്ചു.
______________________________________________________________________________________________________________________
പെന്റാറ്റ്‌യൂക്-പഴയ നിയമത്തിന്റെ ആദ്യത്തെ അഞ്ചു പുസ്തകങ്ങള്‍
പ്രണയപാഠ-ഫ്ലോബെറിന്റെ ഒരു നോവല്‍
ചിത്രം-കാഫ്കയുടെ ഒരു സ്കെച്ച്
2 comments:
രവിചേട്ടാ,
ഡയറി വായിച്ചു.
കാഫ്കയുടെ മനസ്സ് നിസഹായകമായ അവസ്ഥയില്ലുടേ കടന്ന് പോയത് വായിച്ചപ്പോള്‍ ഒരു വല്ലായ്മ
kandu.vayikkum.
Post a Comment