ഇത്രയൊക്കെയാണു ഞാൻ:
ഇങ്ങനെയൊരു ന്യായീകരണം എഴുതിവച്ചും കൊണ്ട്
ഞാൻ പറയും. ഇതാണെന്റെ ജീവിതം.
ഇങ്ങനെയൊന്നുമല്ല പക്ഷേ കാര്യങ്ങളെന്ന്
ആർക്കാണറിയാത്തത്?
വലയെന്നാൽ ഇഴകൾ മാത്രമല്ല,
കണ്ണി നൂഴുന്ന വായുവുമാണ്
പിന്നെയൊക്കെ പണ്ടെപ്പോലെ
പിടികിട്ടാതെയും പോയി.
ഫെബ്രുവരിമഞ്ഞത്തെ മുയലു പോലെ
കാലം കുതിയ്ക്കുന്നു.
പിന്നെ പ്രണയം,
അതിനെക്കുറിച്ചെന്തു പറയാൻ?
തുടകളെ ചലിപ്പിച്ച തീച്ചൂടിൽ
ബാക്കിയായതൊരു പിടി ചാരം.
വന്നുപോകുന്ന സംഗതികൾക്ക്
ഇതുതന്നെയാണു ഗതി.
വിശ്വസിച്ചും കൊണ്ടു കാത്തിരുന്നു
ഒരായുസ്സു മൊത്തം ഈയൊരാൾ;
ഇനിയൊരു ജന്മമില്ലാതെ
മടങ്ങിപ്പോയി മറ്റൊരു സ്ത്രീ.
അവരൊക്കെക്കരുതി
പല്ലും കാലും കൈയും
ഒരു ഭാഷയുമുള്ള സ്ഥിതിയ്ക്ക്
യോഗ്യരായി കടന്നുപോകേണ്ടൊരേർപ്പാടാണ്
ജീവിതമെന്ന്.
ഈയാൾ
ചരിത്രത്തിൽ കണ്ണുനട്ടൊരാൾ,
പണ്ടുകാലത്തെ വിജയങ്ങൾ അടുക്കിപ്പിടിച്ചുവച്ചു,
നിത്യായുസ്സു തനിക്കെന്നും കരുതി.
ജീവിതം അയാൾക്കു നൽകിയതോ,
അയാൾക്കുള്ള മരണം മാത്രം,
ജീവിക്കാനല്ലാത്ത കാലവും
ഒടുവിലടക്കാൻ മാത്രം മണ്ണും.
ഇവൾക്കുണ്ടായിരുന്നു കണ്ണുകൾ,
മാനം നിറയ്ക്കുന്ന ഗ്രഹങ്ങൾ പോലെ.
താൻ കൊതിച്ചതിനെ വിഴുങ്ങുവാൻ
അവൾ കൊളുത്തിയ അഗ്നി പക്ഷേ,
ദഹിപ്പിച്ചതൊടുവിൽ അവളെ.
ഞാൻ മറക്കാത്തതായൊന്ന്
ജീവിതത്തിലുണ്ടെങ്കിൽ
ഇൻഡ്യയിലൊരു സന്ധ്യയ്ക്ക്
ഒരു നദിയുടെ തീരത്ത്.
മജ്ജയും മാംസവുമുള്ള ഒരു സ്ത്രീയെ
ദഹിപ്പിക്കുകയാണവർ.
ചിതയിൽ നിന്നു പൊന്തിയത്
പുകയോ ആത്മാവോ? എനിക്കറിയില്ല.
പിന്നെയൊന്നും ശേഷിച്ചില്ല,
സ്ത്രീയും തീയും ചിതയും പുകയും.
സന്ധ്യ കടന്നിരുന്നു
ആ മരണത്തിൽ ജീവിച്ചത്
രാത്രിയും ജലവും, പുഴയും ഇരുട്ടും.
No comments:
Post a Comment