Thursday, February 4, 2010

നെരൂദ- കവിത

image
ആ പ്രായത്തിലൊരുനാളത്രെ...
കവിത എന്നെത്തേടി  വന്നു.
ഏതു പുഴയിൽ നിന്നേതു
ഹേമന്തത്തിൽ നിന്നാണതു
വന്നതെന്നറിയില്ലെനിക്ക്‌;
എപ്പോഴെങ്ങനെയെന്നു-
മറിഞ്ഞില്ല ഞാൻ.
ശബ്ദങ്ങളായിരുന്നില്ലത്‌,
വാക്കുകളായിരുന്നില്ല,
നിശ്ശബ്ദതയുമായിരുന്നില്ല.
ഒരു തെരുവിൽ നിന്നത്രേ
പേരെടുത്തതെന്നെ വിളിച്ചു;
രാവിന്റെ ചില്ലകളിലിരുന്ന്
അതെന്നെ വിളിച്ചു.
ആളുന്ന തീയ്ക്കിടയിൽ,
ഒറ്റയ്ക്കു മടങ്ങവെ,
അതാ, മുഖമില്ലാതെയത്‌.
അതെന്നെ വന്നു തൊട്ടു.
എന്തു പറയണമെ-
ന്നറിയുമായിരുന്നില്ലെനിക്ക്‌,
പേരുകൾ പരിചയ-
മായിരുന്നില്ല നാവിനും,
കണ്ണുകൾ അന്ധവും.
ആത്മാവിലെന്തോ വന്നു മുട്ടി,
പനിയോ, മറന്ന ചിറകുകളോ?
ഒരു വഴി വെട്ടിത്തുറന്നു ഞാൻ,
കത്തുന്ന തീയിന്റെ
പൊരുളു തിരിക്കാൻ നോക്കി ഞാൻ.
അങ്ങനെ ഞാനെഴുതി
ആദ്യത്തെ വരി-
തെളിയാത്ത, കാതരമായ,
കാമ്പില്ലാത്ത ഒരു വരി,
ശുദ്ധമായ അസംബന്ധം
ഒന്നുമറിയാത്തവന്റെ
ശുദ്ധജ്ഞാനം;
പൊടുന്നനേ കണ്ടു ഞാൻ
താഴുകൾ പൊട്ടിത്തുറക്കുന്ന വാനം,
ഗ്രഹങ്ങൾ,
തുടിയ്ക്കുന്ന തോട്ടങ്ങൾ,
അമ്പുകളും പൂവുകളും തീയും കൊണ്ട്‌
അരിപ്പക്കണ്ണികളായ അന്ധകാരം,
കീഴടക്കുന്ന രാത്രി,
പ്രപഞ്ചവും.

ഞാൻ, നിസ്സാരൻ
താരാവൃതശൂന്യതയുടെ
ലഹരി തലയ്ക്കു പിടിച്ചവൻ,
നിഗൂഢതയുടെ നിഴലു കണ്ടവൻ-
ആദിമഗർത്തത്തിന്റെ
കേവലാംശമാണിവനെ-
ന്നെനിക്കു തോന്നി.
നക്ഷത്രങ്ങൾക്കൊപ്പം
ഭ്രമണം ചെയ്തു ഞാൻ,
കാറ്റിനൊപ്പം ഹൃദയത്തെ
കെട്ടഴിച്ചു വിട്ടു ഞാൻ.

1 comment:

അഖി said...

നെരൂതയുടെ കവിതകള്‍
ഒത്തിരി ഇഷ്ടപ്പെടുന്നു.
നല്‍കുന്നതിന് നന്ദി.