Saturday, February 6, 2010

നെരൂദ-പിറവി

File:Firma Pablo Neruda.svg

പിറവിയെടുത്ത പലർക്കിടയിൽ
പിറവിയെടുത്തു മറ്റൊരാൾ.
പലർ ജീവിച്ച കൂട്ടത്തിൽ
ജീവിച്ചു താനൊരാളും.
അത്രയുമായിട്ടൊരു
ചരിത്രമാകുന്നില്ല.
ദേശത്തിനുണ്ട്‌
അതിലേറെച്ചരിത്രം,
ചിലിയുടെ നടുത്തുണ്ടം-
വള്ളികൾ
പച്ചമുടിക്കുത്തഴിക്കുന്നതവിടെ,
മുന്തിരിപ്പഴങ്ങൾ
വെളിച്ചം കുടിച്ചു തെഴുക്കുന്നതവിടെ,
മനുഷ്യരുടെ ചവിട്ടടിയിൽ
വീഞ്ഞു പിറക്കുന്നതുമവിടെ.

പരാൽ,
ദേശത്തിനു പേരത്‌,
മഞ്ഞുകാലത്തൊരുനാൾ
അയാൾ പിറന്നതവിടെ.

ഇന്നു വീടില്ല, തെരുവില്ല,
ഒന്നുമില്ല.
മലനിരകളഴിച്ചുവിട്ടു കുതിരകളെ,
കുഴിച്ചിട്ട ബലങ്ങളുരുണ്ടുകൂടി,
മലകൾ തുള്ളിവിറച്ചു,
അടിപണിഞ്ഞു പട്ടണം,
അതിനെപ്പൊതിഞ്ഞു ഭൂകമ്പം.
പൊടിയിലേക്കു മടങ്ങി
ഇഷ്ടികച്ചുമരുകൾ,
ചുമരുകളിലെ ചിത്രങ്ങൾ,
ഇരുളടഞ്ഞ മുറികളിലെ
ചേർപ്പു വിട്ട കസേരകൾ,
ഈച്ചകൾ പുള്ളികുത്തിയ നിശ്ശബ്ദതയും.
ഞങ്ങൾ ചിലർക്കേ
രൂപം ബാക്കിയായുള്ളു,
ചോരയും.
പിന്നെ വീഞ്ഞിനും.

വീഞ്ഞു ജീവിച്ചു പഴയപോലെ-
അലഞ്ഞ ശരൽക്കാലം ചിതറിച്ച
മുന്തിരികളിലിരച്ചുകേറി,
ബധിരമായ ചക്കുകളിലൂടെ
അതിന്റെ സ്നിഗ്ധരക്തം പറ്റിയ
വീപ്പകളിലേക്കിറങ്ങി,
ആ ഘോരഹസ്തത്തെബ്ഭയന്ന്
അതു ജീവിച്ചു
നഗ്നമായി,
ജീവനോടെ.

എന്റെ ഓർമ്മയിലില്ല
ദേശത്തെ പ്രകൃതി, കാലവും
മുഖങ്ങൾ, രൂപങ്ങൾ-
തെന്നിമാറുന്ന
പൊടിയാണോർമ്മയിൽ,
വേനലിന്നറുതി,
കുഴിമാടങ്ങൾക്കിടയിൽ
അമ്മയുറങ്ങുന്ന കുഴിമാടം കാണിക്കാൻ
എന്നെക്കൊണ്ടുപോയ സിമിത്തേരിയും.
കണ്ടിട്ടില്ല ഞാൻ അമ്മയുടെ മുഖം
ആ പ്രേതങ്ങൾക്കിടയിൽ
അമ്മയെ വിളിച്ചു ഞാൻ.
മണ്ണിനടിയിലായവർ
ഒന്നുമറിയുന്നില്ല, കേൾക്കുന്നില്ല,
ഒന്നും മിണ്ടിയില്ലമ്മ,
താനൊറ്റയ്ക്ക്‌,
തന്റെ മകനെ വിട്ട്‌,
തന്നിലേക്കൊതുങ്ങി,
തന്നെ മറച്ച്‌
പ്രേതങ്ങൾക്കൊപ്പം കൂടിയമ്മ.
ഞാൻ ജനിച്ചതവിടെ,
ഭൂമി വിറയ്ക്കുന്ന പരാലിൽ-
എന്റമ്മയുടെ മരണത്തിൽ
പിറവിയെടുത്ത മുന്തിരിപ്പഴങ്ങൾ
കുലകുത്തിയ ദേശത്ത്‌.

3 comments:

rajavu said...

nalla kavitha

റ്റോംസ് കോനുമഠം said...

രവിചേട്ടാ,
നെരൂദയുടെ പിറവി വായിച്ചു.

മാറുന്ന മലയാളി said...

:)