Sunday, February 21, 2010

കാഫ്ക-നാം വായിക്കേണ്ടത്‌ ഏതുതരം പുസ്തകങ്ങൾ?

 

fk_doodle_board

1904 ജനുവരി 27

പ്രിയപ്പെട്ട ഓസ്കാർ,

അത്ര പെട്ടെന്നു മറുപടി എഴുതിയില്ലെങ്കിൽപ്പിന്നെ എഴുതുകയേ വേണ്ടാത്ത സുന്ദരമായ ഒരു കത്തു നീ അയച്ചിട്ട്‌ രണ്ടാഴ്ച കഴിഞ്ഞിട്ടാണ്‌ ഞാൻ മറുപടി എഴുതാനിരിക്കുന്നത്‌. മാപ്പർഹിക്കാത്ത കുറ്റമാണതെങ്കിലും എനിക്കു കാരണങ്ങൾ ബോധിപ്പിക്കാനുമുണ്ട്‌. ഒന്നാമതായി, ശ്രദ്ധാപൂർവ്വമായ ആലോചനയ്ക്കു ശേഷം വേണം മറുപടിയെഴുതാനെന്ന് ഞാൻ നിശ്ചയിക്കുകയായിരുന്നു; കാരണം നിനക്കു മുമ്പയച്ചിട്ടുള്ളതിനെക്കാളൊക്കെ പ്രധാനമാണ്‌ ഈ കത്തിനുള്ള മറുപടിയെന്ന് എനിക്കു തോന്നി. രണ്ടാമതായി, ഹെബ്ബലിന്റെ ഡയറി(1800 പേജു വരും) ഒറ്റയടിയ്ക്കു വായിച്ചുതീർക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. മുമ്പാണെങ്കിൽ വിരസമെന്നു തോന്നുന്ന കഷണങ്ങൾ ഞാൻ ചവച്ചുതുപ്പിക്കളയുമായിരുന്നു. എന്തായാലും ഞാൻ തുടർച്ച വിടാതെ വായിച്ചു. ആദ്യമാദ്യം എനിക്കതൊരു കളി പോലെയായിരുന്നു. പിന്നെപ്പിന്നെ തന്റെ ഗുഹാദ്വാരം വലിയൊരു പാറക്കല്ലുരുട്ടി അടച്ചുവയ്ക്കുന്ന ഗുഹാജീവിയാണു ഞാനെന്ന് എനിക്കു തോന്നിത്തുടങ്ങി; ആദ്യമൊരു തമാശയ്ക്കും പിന്നെ മടുപ്പകറ്റാനുമാണ്‌ അയാൾ അതു ചെയ്യുന്നതെങ്കിലും, പിന്നീട്‌ ഗുഹയ്ക്കുള്ളിൽ കാറ്റും വെളിച്ചവും കടക്കാതാവുമ്പോൾ മനസ്സിരുണ്ടും വിരണ്ടും പാറ ഉരുട്ടിമാറ്റാൻ ഊറ്റത്തോടെ ശ്രമിക്കുകയാണയാൾ. പക്ഷേ അതിനിപ്പോൾ പത്തിരട്ടി ഭാരം വച്ചിരിക്കുന്നു. കാറ്റും വെളിച്ചവും മടങ്ങിവരണമെങ്കിൽ ഉള്ള ശക്തിയൊക്കെയെടുത്ത്‌ അതിനോടു മല്ലിടുക തന്നെവേണം. ഈ ദിവസമത്രയും പേന കൈ കൊണ്ടു തൊടാൻ എനിക്കായിട്ടില്ല. കാരണം, ഇതുപോലൊരു ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ-ഇടയില്ലാതെ ഉയർന്നുയർന്നു പോകുന്ന ഒരു ഗോപുരമാണത്‌, നിങ്ങളുടെ ദൂരദർശിനിക്കുഴൽ അതിലേക്കെത്തുകയുമില്ല-നിങ്ങളുടെ അന്തഃകരണം അടങ്ങിയിരിക്കുന്നതെങ്ങനെ? നിങ്ങളുടെ അന്തഃകരണത്തിനു വലിയ മുറിവുകൾ പറ്റുന്നതു നല്ലതു തന്നെ; കാരണം പിന്നീടു കിട്ടുന്ന ഓരോ നുള്ളിന്റെയും വേദന അത്ര നന്നായിട്ട്‌ അതറിയുമല്ലോ. നമ്മെ മുറിപ്പെടുത്തുന്ന, കത്തിമുന പോലെ നമ്മിലേക്കു കൊണ്ടിറങ്ങുന്നതരം പുസ്തകങ്ങൾ മാത്രമേ നാം വായിക്കാവൂ എന്നെനിക്കു തോന്നുന്നു. നാം വായിക്കാനെടുക്കുന്ന പുസ്തകം തലയ്ക്കൊരിടി തന്ന് നമ്മെ ജാഡ്യത്തിൽ നിന്നുണർത്തുന്നില്ലെങ്കിൽപ്പിന്നെ നാമതെന്തിനു വായിക്കണം? നീ പറയുന്ന പോലെ നമ്മുടെ സന്തോഷത്തിനോ? എന്റെ ദൈവമേ, സന്തോഷമാണു വേണ്ടതെങ്കിൽ പുസ്തകങ്ങളില്ലാത്തതു കൊണ്ടുതന്നെ നമുക്കതു കിട്ടിയേനെ. തന്നെയുമല്ല, നമുക്കു സന്തോഷം തരുന്ന പുസ്തകങ്ങൾ നമുക്കുതന്നെ എഴുതിയുണ്ടാക്കാവുന്നതേയുള്ളുതാനും. പക്ഷേ നമുക്കു വേണ്ടത്‌ ഒരാപായം പോലെ നമ്മെ വന്നു ബാധിക്കുന്ന പുസ്തകങ്ങളാണ്‌; നമ്മെക്കാളേറെ നാം സ്നേഹിക്കുന്ന ഒരാളുടെ വിയോഗം പോലെ, മനുഷ്യസാന്നിദ്ധ്യത്തിൽ നിന്നൊക്കെയകലെ ഏതോ കാട്ടിലേക്കു നാം ഭ്രഷ്ടരായ പോലെ, ഒരാത്മഹത്യ പോലെ നമ്മെ കഠിനമായി സങ്കടപ്പെടുത്തുന്ന പുസ്തകങ്ങളാണ്‌. നമ്മിലുറഞ്ഞ കടലിനെ ഭേദിക്കാനുള്ള മഴുവാകണം പുസ്തകം. ഇതാണെന്റെ വിശ്വാസം.

 

________________________________________________________________________________________________________________

കാഫ്ക സ്കൂളിൽ തന്റെ സഹപാഠിയായിരുന്ന ഓസ്കാർ പൊള്ളാക്കിനെഴുതിയ കത്ത്‌.

ചിത്രം കാഫ്കയുടെ ഒരു സ്കെച്

1 comment:

റ്റോംസ് കോനുമഠം said...

നാം വായിക്കാനെടുക്കുന്ന പുസ്തകം തലയ്ക്കൊരിടി തന്ന് നമ്മെ ജാഡ്യത്തിൽ നിന്നുണർത്തുന്നില്ലെങ്കിൽപ്പിന്നെ നാമതെന്തിനു വായിക്കണം?