നേരത്തേ ഉറങ്ങാൻ കിടന്നതാണയാൾ, എന്നിട്ടും അയാൾക്കുറക്കം വരുന്നില്ല. അയാൾ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു. വിരിപ്പുകൾ കൂട്ടിപ്പിരിക്കുന്നു. ഒരു സിഗരറ്റിനു തീ കൊളുത്തുന്നു. ചില പേജുകൾ വായിക്കുന്നു. എന്നിട്ടയാൾ ലൈറ്റണയ്ക്കുന്നു. പക്ഷേ അയാൾക്കുറക്കം വരുന്നില്ല. പുലർച്ചെ മൂന്നുമണിയ്ക്ക് അയാൾ കിടക്ക വിട്ടെഴുന്നേൽക്കുന്നു. അടുത്ത വീട്ടിൽ താമസിക്കുന്ന ചങ്ങാതിയെ ചെന്നുകണ്ട് തനിയ്ക്കുറക്കം വരുന്നില്ലെന്ന കാര്യം പറയുന്നു. എന്തു ചെയ്യണമെന്നു പറയണം. ഒന്നു നടന്നിട്ടു വരാനാണ് ചങ്ങാതി ഉപദേശിക്കുന്നത്; നടന്നു ക്ഷീണിക്കുമ്പോൾ ഒരു നാരങ്ങാച്ചായയും കുടിച്ച് ലൈറ്റണച്ചു കിടക്കുക. പറഞ്ഞതുപോലെയൊക്കെ ചെയ്തിട്ടും അയാൾക്കുറക്കം വരുന്നില്ല. അയാൾ വീണ്ടും എഴുന്നേറ്റിരിക്കുന്നു. അയാൾ ഇത്തവണ ഡോക്ടറെ പോയിക്കാണുകയാണ്. ഡോക്ടർ പതിവുപോലെ അതുമിതുമൊക്കെ സംസാരിക്കുന്നു, അയാൾക്കു പക്ഷേ ഉറക്കമില്ല. കാലത്താറുമണിയ്ക്ക് തോക്കിൽ ഉണ്ട നിറച്ച് അയാൾ തന്റെ തല ചിതറിയ്ക്കുന്നു. ആൾ മരിച്ചുകഴിഞ്ഞു, എന്നിട്ടും പക്ഷേ, അയാൾക്ക് ഉറങ്ങാൻ കഴിയുന്നില്ല. പിടിച്ച പിടി വിടാത്ത ഒരു സാധനമാണ് ഈ ഉറക്കമില്ലായ്മ.
വിർജിലിയോ പിനേറ(1912-1979)-ക്യ്യൂബൻ എഴുത്തുകാരൻ . മരണവും നിദ്രയും സഹോദരങ്ങളെങ്കില്‍ ഒന്നു മറ്റതിനെക്കാള്‍ മേലെയാണെന്നു പറയുന്നതില്‍ യുക്തിയില്ല.
No comments:
Post a Comment