1913 നവംബർ 19
ഡയറി വായിച്ചുനോക്കുമ്പോൾ മനസ്സു പിടയ്ക്കുന്നു. എന്റെ എല്ലാ ആത്മവിശ്വാസവും പൊയ്പ്പോയി എന്നതാണോ കാരണം? സകലതും മനസ്സിന്റെ കൃത്രിമസൃഷ്ടികളായിത്തോന്നുന്നു. മറ്റൊരാളുടെ ഒരഭിപ്രായം,മറ്റൊരാളുടെ യാദൃച്ഛികമായ ഒരു നോട്ടം-അതെന്നിലെ സർവ്വതിനെയും കീഴ്മേൽ മറിയ്ക്കുന്നു, ഞാൻ മറന്നവയെപ്പോലും, തീർത്തും അപ്രധാനമായവയെപ്പോലും. മുമ്പില്ലാത്ത മാതിരി ഞാൻ സന്ദിഗ്ധാവസ്ഥയിലായിപ്പോകുന്നു,ജീവിതത്തിന്റെ ശക്തി മാത്രമേ ഞാനറിയുന്നുള്ളു. നിരർത്ഥകമായ പൊള്ളത്തരമാണു ഞാൻ. രാത്രിയിൽ മലയിൽ വച്ചു വഴി തെറ്റിയ ഒരാടാണു ഞാൻ; അല്ലെങ്കിൽ അങ്ങനെയൊരാടിനു പിന്നാലെ ഓടുന്ന മറ്റൊരാട്. അത്രയ്ക്കു നഷ്ടബോധം തോന്നുക,അതിൽ ദുഃഖം തോന്നാനുള്ള ത്രാണി പോലുമില്ലാതിരിക്കുക.
വേശ്യകളുള്ള തെരുവിലൂടെ ഞാൻ മനഃപൂർവ്വം കടന്നുപോകുന്നു. അവരെക്കടന്നുപോകുമ്പോൾ ഞാൻ ത്രസിച്ചുപോകുന്നു-അവരിലൊരാളെ കൂട്ടിപ്പോവുക എന്ന വിദൂരമെങ്കിലും നിലനിൽക്കുന്ന സാധ്യത. ആഭാസത്തരമാണോ അത്? എനിക്കിത്രയേ അറിയൂ, തികച്ചും നിഷ്കളങ്കമായ ഒരു പ്രവൃത്തിയായിട്ടേ എനിക്കതു തോന്നിയിട്ടുള്ളു; കുറ്റബോധമൊന്നും തോന്നുന്നതുമില്ല. തടിച്ചു,പ്രായമായവരെയേ എനിക്കു വേണ്ടു; ഫാഷനല്ലാത്തതെങ്കിലും അതുമിതുമൊക്കെ തുന്നിച്ചേർത്ത് ഒരുതരം പകിട്ടു കാണിക്കുന്ന വേഷം ധരിച്ചവരെ. ഒരു സ്ത്രീയ്ക്ക് ഇതിനകം എന്നെ പരിചയമായിക്കാണണം. അവളെ ഇന്നുച്ച തിരിഞ്ഞ് ഞാൻ കണ്ടതാണ്; അവൾ തന്റെ തൊഴിലിനു പോകാനുള്ള വേഷത്തിലായിരുന്നില്ല; മുടി ചീകിയിരുന്നില്ല, തലയിൽ തൊപ്പിയുണ്ടായിരുന്നില്ല; അടുക്കളക്കാരിയെപ്പോലെ ഒരു ബ്ലൗസ്; അലക്കാൻ കൊടുക്കാനുള്ളതാവാം, കൈയിൽ ഒരു കെട്ടുമുണ്ടായിരുന്നു. അവളെക്കണ്ടാൽ വികാരം കൊള്ളാൻ ഞാനേയുണ്ടാവൂ. ഞങ്ങളുടെ കണ്ണുകൾ ഒന്നിടയുകയും ചെയ്തു. ഇന്നു രാത്രിയിൽ, തണുപ്പായിരിക്കുന്നു, സെൽനെർസ്റ്റ്‌റാസെയിൽ നിന്നു പിരിഞ്ഞുപോകുന്ന ഇടുങ്ങിയ തെരുവിന്റെ മറ്റേ വശത്ത് ഇറുകിപ്പിടിച്ച, മഞ്ഞയും തവിട്ടുനിറവുമുള്ള ഒരു കോട്ടും ധരിച്ച് അവളെ ഞാൻ കണ്ടു; അവിടെയായിരിക്കണം അവൾ പതിവുകാരെ നോക്കിനിൽക്കാറുള്ളത്. ഞാൻ രണ്ടുതവണ തിരിഞ്ഞുനോക്കി; ഒരിക്കൽ അവൾ അതു കാണുകയും ചെയ്തു; പക്ഷേ പിന്നെ ഞാൻ ശരിക്കും ഓടിമറയുകയായിരുന്നു.
F-നെക്കുറിച്ചുള്ള ചിന്തയായിരിക്കണം എന്റെ ഈ അനിശ്ചിതത്വത്തിനു കാരണം.
____________________________________________________________________________________________________________
F- കാഫ്കയുടെ കാമുകിയായ ഫെലിസ്
3 comments:
vayikkunnu
nalla sramam....thutaruka
'രാത്രിയില്‍ മലയില്‍ വെച്ച് വഴിതെറ്റിയ കുഞ്ഞാറെന്നുള്ള പ്രയോഗം കാഫ്കയില്‍നിന്നാവുംപോള്‍ പ്രധാനമാണ്.നല്ല ഭാഷ. ആശംസകള്‍
Post a Comment