Thursday, February 25, 2010

നെരൂദ-എനിക്കു വേണം നിശ്ശബ്ദത

File:Claude Monet, Impression, soleil levant, 1872.jpg

 

ഒറ്റയ്ക്കാവട്ടെ ഞാനിനി,
ഞാനില്ലാതെ പരിചയിക്ക നിങ്ങളും.

കണ്ണടയ്ക്കാൻ പോകുന്നു ഞാൻ.

അഞ്ചു കാര്യമേ എനിക്കു വേണ്ടൂ,
അഞ്ചു വേരുകൾ,
മനസ്സിന്നു പിടിച്ചവ.

അതിരറ്റ പ്രണയമാണൊന്ന്.

ശരൽക്കാലം കാണുക രണ്ട്‌.
ഇലകൾ പാറിവീഴുന്നതു കാണാതെ
ജീവിക്കുക സാദ്ധ്യമല്ലെനിക്ക്‌.

ഭവ്യഹേമന്തം മൂന്നാമത്‌,
ഞാൻ സ്നേഹിച്ച മഴയും
തണുപ്പിന്റെ പാരുഷ്യത്തിൽ
അഗ്നിയുടെ ലാളനയും.

നാലാമത്തേതു വേനൽ,
തണ്ണിമത്തൻ പോലെ മുഴുത്തത്‌.

പിന്നെ നിന്റെ കണ്ണുകൾ,
മാറ്റിൽഡെ, എന്റെ പ്രിയേ,
എനിക്കുറങ്ങാൻ വേണം നിന്റെ കണ്ണുകൾ,
എനിക്കു പ്രാണനോടുവാൻ
നീ നോക്കിയിരിക്കണം,
എന്റെ മേൽ നിന്റെ നോട്ടമുണ്ടെങ്കിൽ
വസന്തം വേണ്ടെന്നു വയ്ക്കും ഞാൻ.

ഇത്രയും പോരും, ചങ്ങാതിമാരേ,
ഇത്രയ്ക്കേയുള്ളുവെന്നാലും
അത്രയ്ക്കുമുണ്ടത്‌.

നിങ്ങൾക്കു പോകാമിനി,
നിങ്ങൾക്കിഷ്ടമതാണെങ്കിൽ.

നിങ്ങളെന്നെ മറക്കണം,
മിനക്കെട്ടു മറക്കണം,
സ്ലേറ്റിൽ നിന്നേ മായ്ക്കണം:
അത്രത്തോളം ജീവിച്ചു ഞാൻ.
പിടി വിട്ട പോക്കാണെന്റെ ഹൃദയം.

ചോദിച്ചു നിശ്ശബ്ദതയെന്നാലും
മരിക്കാൻ പോകുന്നു ഞാനെന്നു
കരുതേണ്ടതില്ലാരും,
മറിച്ചാണു കാര്യങ്ങൾ പക്ഷേ.
ജീവിക്കാൻ ഭാവിക്കുകയാണു ഞാൻ.

ജീവിക്കാൻ, ജീവിച്ചുപോകാൻ-
അതാണിന്നെനിക്കു ഭാവം.

ധാന്യങ്ങളെന്റെയുള്ളിൽ
മുളയെടുക്കുകയാണല്ലോ,
കൂമ്പുകൾ വെട്ടം കാണാൻ
നിലം ഭേദിക്കുകയാണല്ലോ;
അമ്മയായ മണ്ണു പക്ഷേ,
ഇരുണ്ടുകിടക്കുകയാണിന്ന്,
ആകെയിരുണ്ടാണെന്റെയുള്ളും.
എന്റെ കിണറ്റിൽ താരങ്ങളെത്തള്ളി
രാത്രി പോകുന്നു ഒറ്റയ്ക്കു പാടത്ത്‌.

ഇത്രയും ജീവിച്ചതല്ലേ ഞാൻ,
അത്രയും ജീവിതം ബാക്കിയുണ്ട്‌.

ഇത്രയും തൊണ്ട തെളിഞ്ഞു
പാടിയിട്ടില്ല ഞാനിതേവരെ,
ഇത്രയും ചുംബനങ്ങൾ
വാരിക്കൂട്ടിയില്ല ഞാനിതേവരെ.

നേരം പതിവു പോൽ പുലരി,
തേനീച്ചകളൊത്തു പറക്കുന്നു വെളിച്ചം.

ഈ പകലിനോടൊപ്പം
ഒറ്റയ്ക്കാകട്ടെ ഞാനിനി,
ഇനിയുമൊരു പിറവിയ്ക്കായി-
ട്ടനുവാദം തരികയിനി.

 

 

painting-

Claude Monet, Impression, soleil levant, 1872 from wikimedia commons

No comments: