Friday, February 5, 2010

നെരൂദ-കാട്ടിൽ വേട്ടയ്ക്കു പോയവൻ

File:Henri Rousseau 005.jpg

എന്റെയീ കാട്ടിനുള്ളിൽ
വേട്ടയ്ക്കു പോയി ഞാൻ,
എന്റെ വേരുകൾക്കൊപ്പം
എന്റെ പുഷ്ടിയ്ക്കുമൊപ്പം.
'വരവെവിടുന്നാണാവോ?'
ഭൂപടം പോലെ പരന്നവൾ
ഒരു പച്ചില ചോദിക്കുന്നു.
മിണ്ടിയില്ല ഞാൻ.
ഈറനാണു നിലമവിടെ,
എന്റെ ചെരുപ്പൊട്ടുന്നു
എന്റെ ചെരുപ്പു തേടുന്നു
തുറക്കെന്നു മുട്ടുന്നു-
മിണ്ടാട്ടമില്ല മണ്ണിന്‌.
അവൾ വായ തുറക്കുവാൻ
ഞാൻ ചത്തുചീയണം,
ജൈവവസ്തുവാകണം
പടരുന്ന വള്ളിയാവണം
കൊലുമ്പൻ മരത്തിന്റെ
മുരത്ത തടിയാവണം
കാറ്റത്തു പതറുന്ന മൊട്ടാവണം.
തന്റെ പലപേരുകൾ,
വലുതായ ഭാഷ
അതു മറയ്ക്കാനത്രെ
അവൾ മിണ്ടാതിരിക്കുന്നു.
മിണ്ടാനവൾക്കു നേരമില്ല
പണിത്തിരക്കിലാണവൾ,
അകത്താക്കുകയാണവൾ,
പെറ്റുകൂട്ടുകയാണവൾ.
ചത്തുവീഴുന്നതൊക്കെയും
ഉള്ളിലാക്കുകയാണവൾ
ആർത്തിപെറ്റ പ്രാക്തനജന്തു.
എന്തും ചീയുകയാണിതിൽ-
നിഴലും മിന്നൽപ്പിണറും,
തെഴുത്ത എല്ലിൻകൂടും,
ജലവും ചാരവും;
സകലം വാറ്റിയതാണു മഞ്ഞുതുള്ളി
കാടിന്റെ കറുത്ത തുള്ളി.
സൂര്യൻ തന്നെ ചീയുന്നു
അതു പൊഴിക്കുന്ന പൊട്ടിയ പൊന്നോ
കാടിന്റെ ചാക്കിൽ വീഴുന്നു
കുഴമ്പാവുന്നു, പൊടിയാവുന്നു
സൂര്യന്റെ തിളങ്ങുന്ന വിഹിതം
വലിച്ചെറിഞ്ഞ കവചം പോലെ
തുരുമ്പെടുത്തുതീരുന്നു.
ഞാൻ വന്നതെന്റെ വേരുകൾ തേടി-
കാടിന്റെ ധാതുഭക്ഷണം,
ആ ഘോരവസ്തു,
മ്ലാനമായ നാകം,
വിഷലിപ്തമായ ചെമ്പ്‌
അവ കണ്ടെടുത്ത വേരുകൾ തേടി.
എനിക്കു ചോരയോടാൻ
ആ വേരു തന്നെ വേണം.
അടിയിൽ ചുറയിട്ടുകിടക്കുന്നു
നിശ്ശബ്ദതയുടെ മറ്റേപ്പാതി,
ആഴത്തിൽ, കനം പെരുത്ത്‌
ഇഴജന്തു പോയ പാടുപോലെ.
വിഴുങ്ങിവിഴുങ്ങി
അതിഴഞ്ഞുകേറുന്നു
ഉറവിനടുത്തെത്തി
അതു വെള്ളം കുടിക്കുന്നു,
മരം കേറിപ്പോകുന്നു
രഹസ്യമായൊരു കൽപ്പന.
താരങ്ങൾ ദീപ്തമെങ്കിൽ
കറുത്ത ക്രിയ
ഒന്നുണ്ടു പിന്നിൽ.
Painting-The Dream by Henry Rousseau –1910 from Wikimedia Commons

2 comments:

ശ്രീ said...

നന്നായിട്ടുണ്ട്

റ്റോംസ് കോനുമഠം said...

രവി ചേട്ടാ,
നന്നയിട്ടുണ്ട്.