ജനാലയിലൂടെ കണ്ടു ഞാൻ കുതിരകളെ.
ബെർളിനിലായിരുന്നു ഞാൻ, മഞ്ഞുകാലമായിരുന്നു.
വെളിച്ചം വെളിച്ചമില്ലാത്തതായിരുന്നു,
ആകാശത്ത് ആകാശവുമില്ലായിരുന്നു.
നനഞ്ഞ റൊട്ടി പോലെ വെളുത്തിട്ടാണു വായു .
ജനാലയിലൂടെ കാണാം ആളൊഴിഞ്ഞൊരു കളം,
മഞ്ഞിന്റെ പല്ലുകൾ കരണ്ടുതിന്ന വൃത്തം.
പെട്ടെന്നതാ, ഒരു മനുഷ്യനു പിന്നാലെ
മഞ്ഞിലേക്കു ചുവടു വയ്ച്ചെത്തുന്നു പത്തു കുതിരകൾ.തീനാളം പോലവർ തിരമറിഞ്ഞെത്തിയതും
എന്റെ കണ്ണുകളുടെ ലോകങ്ങൾ,
അത്രനേരം ശൂന്യമായിരുന്നവ,
അവരെക്കൊണ്ടു നിറയുന്നു.
തികഞ്ഞവർ, എരിയുന്നവർ,
തൂവെള്ളക്കുളമ്പുള്ള പത്തു ദേവന്മാർ,
അവരുടെ സടകൾ കിനാവിൽ തെറിക്കുന്ന കടൽപ്പതകൾ.
അവരുടെ പൃഷ്ടങ്ങൾ ഗോളങ്ങൾ, ഓറഞ്ചുകൾ.
തേനും തീയും അംബരവും അവർക്കു നിറം.
പ്രതാപത്തിന്റെ ശിലാഗോപുരങ്ങൾ അവരുടെ കഴുത്തുകൾ,
ഉഗ്രമായ കണ്ണുകൾക്കു പിന്നിൽ ഊർജ്ജം കത്തിയെരിയുന്നു,
അവയ്ക്കുള്ളിലൊരു തടവുകാരനെപ്പോലെ.
അവിടെ, ആ നിശ്ശബ്ദതയിൽ, പകലിന്റെ മദ്ധ്യത്ത്,
അടഞ്ഞ, ചതഞ്ഞ മഞ്ഞുകാലത്ത്
ആ കുതിരകളുടെ തീക്ഷ്ണസാന്നിദ്ധ്യങ്ങൾ
ചോരയായിരുന്നു, താളമായിരുന്നു,
ജീവചൈതന്യത്തിന്റെ ചേഷ്ടയായിരുന്നു.
കണ്ടു ഞാൻ, കണ്ടു ഞാൻ, കണ്ടുകൊണ്ടു പുനർജ്ജനിച്ചു ഞാൻ:
അവിടെയതാ, താനറിയാത്ത സ്രോതസ്സ്, ആകാശം,
സ്വർണ്ണത്തിന്റെ നൃത്തം, സൗന്ദര്യത്തിൽ ഉയിരെടുക്കുന്ന അഗ്നി.
മറന്നുകഴിഞ്ഞു ഞാനാ ഇരുളടഞ്ഞ ബർലിൻഹേമന്തം.
മറക്കില്ല ഞാനാ കുതിരകളുടെ വെളിച്ചം.
പെയിന്റിംഗ് –ഡെലക്രോ
1 comment:
ഞാനും മറക്കില്ലയീ
കുതിരകളേ.....
Post a Comment