യാതൊന്നുമറിയേണ്ടതില്ലെനിക്ക്,
സ്വപ്നങ്ങൾ കാണേണ്ടതില്ലെനിക്ക്,
ആരെന്നെ പഠിപ്പിക്കും
ഇല്ലാതെയാകുവാൻ,
ജീവനില്ലാതെ ജീവിക്കാൻ?
ചോലയൊഴുകുന്നതെങ്ങനെ?
ശിലകൾക്കു സ്വർഗ്ഗമെവിടെ?
ദേശാന്തരം പോകുന്ന പറവകൾ
വഴികൾ ഗണിച്ച്,
കടലുകളുറയുമ്പോൾ
കാറ്റിൻ ചിറകേറും കാലം വരെ
അനക്കമറ്റു കിടക്കുക.
ഒരു ഭൂഗർഭനഗരം പോലെ
അനക്കമറ്റു കിടക്കുക;
സ്വന്തം തെരുവുകൾ മടുത്ത,
മണ്ണിനടിയിൽ മറഞ്ഞ,
ഉണ്ടെന്നറിയാത്ത ഒരു നഗരം.
അതിനു കൈകളില്ല,
അങ്ങാടികളില്ല,
അതിനു തീറ്റ സ്വന്തം നിശ്ശബ്ദത.
പോകപ്പോകെയൊരിടത്തു വച്ച്
കാണാതെയായിപ്പോവുക,
പറയുമ്പോൾ വാക്കുകളില്ലാതെയാവുക,
കാതിൽപ്പെടുന്നതു ചില മഴത്തുള്ളികൾ,
ഏതോ നിഴലിന്റെ ചിറകടികൾ.
2 comments:
Nice..one...
ദേശാന്തരം പോകുന്ന പറവകൾ
വഴികൾ ഗണിച്ച്,
കടലുകളുറയുമ്പോൾ
കാറ്റിൻ ചിറകേറും കാലം വരെ
അനക്കമറ്റു കിടക്കുക.
ഒരു ഭൂഗർഭനഗരം പോലെ
അനക്കമറ്റു കിടക്കുക;
നന്ദി കവീ...... വീണ്ടും വരാം
Post a Comment