Sunday, February 28, 2010

നെരൂദ-പുസ്തകത്തിനൊരു ഗീതകം



പുസ്തകമേ,
നിന്നെയടയ്ക്കുമ്പോൾ
ജീവിതം തന്നെ തുറക്കുന്നു.
തുറയിൽ ഞാൻ
ഒച്ചവയ്പ്പുകൾ കേൾക്കുന്നു..
ചെമ്പു കയറ്റിയ വണ്ടികൾ
ഒച്ചുകളെപ്പോലെ മണല്പരപ്പും കടന്ന്
ടോക്കോപ്പില്ലായിലേക്കു പോകുന്നു.
രാത്രിനേരമാണ്.
ദ്വീപുകൾക്കിടയിൽ
ഞങളുടെ കടൽ
മീൻ നിറഞ്ഞു തുടിയ്ക്കുന്നു.
എന്റെ ദേശത്തിന്റെ കാലുകളിൽ,
തുടകളിൽ,
ചുണ്ണാമ്പുകൽവാരിയെല്ലുകളിൽ
അതിന്റെ വിരലോടുന്നു.
രാത്രി തീരത്തു പറ്റിപ്പിടിയ്ക്കുന്നു,
ഉണരുന്നൊരു ഗിത്താറു പോലെ
പാട്ടും പാടി
പുലർച്ചയ്ക്കതെഴുന്നേറ്റുവരുന്നു.

കടലെന്നെ വിളിയ്ക്കുന്നു.
കാറ്റെന്നെ വിളിയ്ക്കുന്നു,
റോഡ്രിഗ്സും ഹൊസ്സേ അന്തോണിയോയും
എന്നെ വിളിയ്ക്കുന്നു.
ഖനിത്തൊഴിലാളികളുടെ യൂണിയൻ
ഒരു കമ്പിയടിച്ചിരിക്കുന്നു,
ഞാൻ സ്നേഹിക്കുന്ന ഒരുവൾ
(പേരു ഞാൻ പറയില്ല)
ബുക്കാലെമൂവിൽ
എന്നെ കാത്തിരിക്കുകയും ചെയ്യുന്നു.

പുസ്തകമേ,
കടലാസ്സു കൊണ്ടെന്നെപ്പൊതിയാൻ
നിനക്കായിട്ടില്ല,
അകഷരവടിവു കൊണ്ട്‌,
സ്വർഗീയചിത്രങ്ങൾ കൊണ്ട്‌
എന്നെ മൂടാൻ
നിനക്കായിട്ടില്ല.
പുറംചട്ടകൾക്കിടയിൽ
എന്റെ കണ്ണുകളെ കുടുക്കാൻ
നിനക്കിനിയും കഴിഞ്ഞിട്ടില്ല.
നിന്നെവിട്ടു ഞാൻ  പോകുന്നു,
എന്റെ പാട്ടിന്റെ
തൊണ്ട കാറിയ കുടുംബവുമൊത്ത്‌
തോട്ടങ്ങളിൽ കുടിപാർക്കാൻ,
പഴുപ്പിച്ച ലോഹത്തിൽ വേല ചെയ്യാൻ,
മലയോരക്കോലായിൽ
ഇറച്ചി ചുട്ടതും തിന്നുംകൊണ്ടിരിക്കാൻ.
എനിക്കിഷ്ടം
പര്യവേക്ഷകരായ പുസ്തകങ്ങളെ,
കാടും മഞ്ഞും
ആഴവും മാനവുമുള്ള പുസ്തകങ്ങളെ.
ചിലന്തികളുടെ പുസ്തകത്തെ
എനിക്കു വെറുപ്പാണ്;
വിഷനൂൽ കൊണ്ടു വലയും നെയ്ത്
അതു കെണിയിൽ പിടിയ്ക്കുന്നു,
പ്രായം കുറഞ്ഞ, പക്വത കുറഞ്ഞ
ഈച്ചയെ.
പുസ്തകമേ,
എന്നിൽ നിന്നു
നിൻ്റെ പിടി വിടൂ.
വാല്യങ്ങളിൽ ചത്തുകിടക്കാൻ
ഞാനില്ല,
സമ്പൂർണ്ണകൃതികളിൽ നിന്നിറങ്ങിവരാൻ
ഞാനില്ല,
എന്റെ കവിതകൾ തിന്നുന്നത്‌
കവിതകളല്ല,
അതു വെട്ടിവിഴുങ്ങുന്നത്‌
ത്രസിപ്പിക്കുന്ന സംഭവങ്ങൾ,
മഴയത്തും വെയിലത്തും
അതിറങ്ങിനടക്കും,
അതിനെ ഊട്ടുന്നത്
മണ്ണും മനുഷ്യരും.
പുസ്തകമേ,
ഞാൻ വഴിയിലേക്കിറങ്ങട്ടെ,
ചെരുപ്പിൽ ചെളിയുമായി,
പുരാണങ്ങളുടെ മാറാപ്പില്ലാതെ.
നീ അലമാരയിലേക്കു മടങ്ങൂ,
ഞാൻ തെരുവിലേക്കിറങ്ങട്ടെ.

ജീവിതമെന്തെന്ന്
ജീവിതത്തിൽ നിന്നുതന്നെ ഞാൻ പഠിച്ചു,
ഒരേയൊരു ചുംബനത്തിൽ നിന്നുതന്നെ
പ്രണയമെന്തെന്നും ഞാൻ  പഠിച്ചു.
ആരെയും ഞാൻ യാതൊന്നും പഠിപ്പിച്ചിട്ടില്ല,
ഞാൻ ജീവിച്ചറിഞ്ഞതല്ലാതെ,
അന്യർക്കുമെനിക്കും പൊതുവായിട്ടുള്ളതല്ലാതെ,
അവർക്കൊപ്പം പടവെട്ടിനേടിയതല്ലാതെ,
അന്യർ പറയേണ്ടതെൻ്റെ പാട്ടിലാക്കി
ഞാൻ പറഞ്ഞതല്ലാതെ.


painting by vincent van gogh (1885) from wikimedia commons