Monday, March 1, 2010

നെരൂദ-ഗീതകം, നാട്ടുമ്പുറത്തെ സിനിമാകൊട്ടകയ്ക്ക്‌

File:Angel and the Badman 1947.jpg

വരൂ പ്രിയേ,
നമുക്കു പോകാം
നാട്ടുമ്പുറത്തു സിനിമ കാണാൻ.

സുതാര്യമായ രാത്രി
തിരിയുന്നു
ഒച്ചയില്ലാത്ത മില്ലു പോലെ,
പൊടിച്ചുവിതറുന്നു
താരങ്ങളെ.
കുഞ്ഞുകൊട്ടകയ്ക്കുള്ളിൽ
കടന്നു നാം,
നീയും ഞാനും,
കുഞ്ഞുങ്ങളുടെ പതയ്ക്കൽ,
ആപ്പിളിന്റെ കടുംമണം.
കൈമാറിക്കിട്ടിയ
കിനാക്കളാണു
പഴയ സിനിമകൾ.
തിരശ്ശീലയ്ക്കു നിറം
കല്ലിന്റെ,
മഴയുടെ.
വില്ലന്റെയിര
സുന്ദരി,
അവളുടെ കണ്ണുകൾ
കയങ്ങൾ,
അരയന്നത്തിന്റെ
കൂജനമാണു ശബ്ദം.
ശീഘ്രഗതികളായ
കുതിരകൾ
തലതിരിയ്ക്കുന്ന
വേഗത്തിൽ
ചരിഞ്ഞുപായുന്നു.

അപകടം പിടിച്ച
അരിസോണാചന്ദ്രൻ
കൗബോയികൾക്കു
വെറും സ്വിസ്‌ചീസ്‌.
ഹിംസയുടെ
ചണ്ഡവാതത്തിനിടയിലൂടെ
ശ്വാസം മുട്ടി
നൂണ്ടുകടക്കുന്നു നാം;
ഗോപുരത്തിന്മേൽ
വാളെടുത്തവരുടെ
മരണത്തെക്കൂസാത്ത
നേർക്കുനേർ പയറ്റുകൾ,
കടന്നലുകളെപ്പോലെ
പിഴയ്ക്കാതെ
ഉരുൾപൊട്ടിവരുന്ന
തൂവൽവച്ച
റെഡ്‌ ഇന്ത്യന്മാർ,
പുൽമൈതാനത്തു
വിരിയുന്ന വിശറി പോലെ.

നാട്ടുമ്പുറത്തുകാർ
ആണുങ്ങളും പെണ്ണുങ്ങളും
ഉറക്കം പിടിച്ചുകഴിഞ്ഞു,
ഒരു പകൽ
കടയിൽ നിന്ന
ക്ഷീണമാണവർക്ക്‌,
അടുക്കളകളിൽ
പാത്രം മോറിയ
ക്ഷീണമാണവർക്ക്‌.

നാമുറങ്ങില്ല,
പ്രിയേ,
ഈയൊരു കിനാവു പോലും
വേണ്ടെന്നു വയ്ക്കില്ല നാം,
പ്രാണനുള്ള കാലം
യാഥാർത്ഥ്യത്തിന്റെ
ഓരോ മിനുട്ടിനും
അവകാശമുന്നയിക്കും നാം,
നമുക്കു വേണം
സ്വപ്നങ്ങളും;
കാണേണ്ട
സ്വപ്നങ്ങളെല്ലാം
സ്വപ്നം കണ്ടിരിക്കും
നാം.

 

 

image-still from Angel and the Badman(1947)-wikimedia commons

1 comment:

aparajitho said...

Good work. I never read this before