Monday, March 8, 2010

നെരൂദ-മരിച്ചുപോയ പാവപ്പെട്ടവന്‌

 

File:Worker at carbon black plant2.jpg

ഇന്നു ഞങ്ങൾ കുഴിവെട്ടി മൂടുന്നു
ഞങ്ങളുടെ സ്വന്തം പാവപ്പെട്ടവനെ
ഞങ്ങളുടെ പാവം പാവപ്പെട്ടവനെ.

ഒരുകാലത്തും നല്ലകാലമുണ്ടായിട്ടില്ലയാൾക്ക്‌,
ഇന്നൊരു നാളാണയാൾ
താനൊരാളായി മാറുന്നു.

വീടില്ലയാൾക്ക്‌, പറമ്പില്ലയാൾക്ക്‌,
അക്ഷരമാലയില്ല, വിരിപ്പില്ല
പൊരിച്ച മാംസവുമില്ല;
ഒരിടമെന്നതില്ലാതെ
എന്നും വഴിയിലായിരുന്നയാൾ,
ജീവിതം കിട്ടാതെ മരിച്ചുപോയതാണിയാൾ,
ജനിച്ച കാലം തൊട്ടേ നടപ്പുമിതീയാൾക്ക്‌.

എന്തു ഭാഗ്യം(എന്തു വിചിത്രം)
ഒരേ മനസ്സായിരുന്നെല്ലാവർക്കും,
ബിഷപ്പിനും ജഡ്ജിക്കും,
സ്വർഗ്ഗത്തിൽ അയാൾക്കൊരോഹരി ഉറപ്പിക്കാൻ;
ചത്തുകഴിഞ്ഞിട്ട്‌, വേണ്ടവിധം ചത്തുകഴിഞ്ഞിട്ട്‌
അത്രയുമാകാശം കൊണ്ടയാളെന്തു ചെയ്യാൻ?
അതുഴാൻ, വിതയ്ക്കാൻ, കൊയ്യാൻ
അയാളെക്കൊണ്ടാവുമോ?

അയാൾക്കു പണി എന്നുമതായിരുന്നു;
കന്നിമണ്ണിനോടു ക്രൂരമായിട്ടു മല്ലിട്ടിരുന്നയാൾ,
ഇന്നിതാ, കൊഴുവോടിപ്പോകുന്ന
ആകാശം എത്രയെങ്കിലും മുന്നിൽ;
സ്വർഗ്ഗം കായ്ച്ച ഫലങ്ങളിൽ
അയാൾക്കുമൊരോഹരി കിട്ടും,
അത്രയുമുയരത്തിൽ, മേശയ്ക്കു മുന്നിലിരുന്ന്
മതിവരുവോളമയാൾക്കാഹരിക്കാം സ്വർഗ്ഗത്തെ.
അറുപതോളം കൊല്ലത്തെ വിശപ്പു മാത്രം സ്വത്തുമായി
താഴെനിന്നു വരുന്ന നമ്മുടെ പാവപ്പെട്ടവന്‌
ഒടുവിലിനി തൃപ്തനാവാം,
ജീവിതത്തിന്റെ പ്രഹരങ്ങളേൽക്കാതെ,
ഭക്ഷണം കഴിച്ചതിനു പ്രതികാരം കിട്ടാതെയും;
മണ്ണിനടിയിലെ തന്റെ പെട്ടിയിൽ
വീട്ടിനുള്ളിലെന്നപോലെ സുരക്ഷിതൻ,
ഇനി അയാൾക്ക്‌ തന്നെ തടുക്കേണ്ടതില്ല,
കൂലിയ്ക്കു പൊരുതേണ്ടതില്ല.
ഇത്രയും നീതി തനിക്കു കിട്ടുമെന്ന്
അയാൾ പ്രതീക്ഷിച്ചില്ല, ഈ മനുഷ്യൻ.
പെട്ടെന്നാണവർ അയാളുടെ കോപ്പ നിറച്ചു,
അയാൾക്കിപ്പോൾ നല്ല ഉന്മേഷവുമാണ്‌;
സന്തോഷമടക്കാനാവാതെ
വായടഞ്ഞുപോയിരിക്കുന്നു അയാൾക്ക്‌.

എന്തു ഭാരമാണിയാൾക്കിപ്പോൾ,
നമ്മുടെ പാവം പാവപ്പെട്ടവന്‌!
ഒരെലുമ്പിൻകൂടായിരുന്നിയാൾ,
കറുത്ത കണ്ണുമായിട്ടൊരാൾ;
ഇന്നീ ഭാരം കൊണ്ടുതന്നെ നാമറിയുന്നു
എന്തൊക്കെയാണിയാൾക്കു കിട്ടാതെ പോയതെന്ന്;
കന്നിമണ്ണു കിളച്ചും,കല്ലു കോരിയും,
ഗോതമ്പു കൊയ്തും,കളിമണ്ണു കുഴച്ചും,
ഗന്ധകം പൊടിച്ചും,വിറകു കീറിയും,
ഇത്രയും നാൾ ആ ബലം നിന്നുവല്ലോ;
ഇത്രയും ഭാരമേറിയ ഈ മനുഷ്യന്‌ ചെരുപ്പില്ലായിരുന്നു,
അസ്ഥിയും മജ്ജയുമുള്ള ഈ മനുഷ്യന്‌
ജീവിതത്തിലൊരുനാളും നീതി കിട്ടിയിട്ടില്ല,
എല്ലാവരുടെയും പ്രഹരം അയാളേറ്റു,
എല്ലാവരും അയാളെ ഇടിച്ചുതാഴ്ത്തി,
എന്നിട്ടുമദ്ധ്വാനിക്കുകയായിരുന്നയാൾ;
ഇന്നു ശവപ്പെട്ടിയിൽക്കിടത്തി
അയാളെ ചുമലിലേറ്റുമ്പോൾ
ഇത്രയെങ്കിലും ഞങ്ങളറിയുന്നു,
എത്രയാണയാൾക്കു കിട്ടാതെ പോയതെന്ന്,
ഭൂമിയിൽ അയാൾ ജീവിച്ചകാലത്ത്‌
ഞങ്ങൾ അയാളെ സഹായിച്ചിട്ടില്ലെന്ന്.

ഇപ്പോൾ ഞങ്ങൾക്കു മനസ്സിലാവുന്നു,
ഒരിക്കലുമയാൾക്കു കൊടുക്കാതിരുന്നതാണ്‌
ഇന്നു ഞങ്ങൾ കൊണ്ടുപോയിക്കൊടുക്കുന്നതെന്ന്,
അതുപക്ഷേ വൈകിപ്പോയിയെന്നും;
ഞങ്ങൾക്കു മേൽ ഭാരം തൂങ്ങുകയാണയാൾ,
ഞങ്ങൾക്കു താങ്ങാവുന്നതല്ല ഈ ഭാരം.

നമ്മുടെയീ മരിച്ചയാൾ എത്രയാളുടെ ഭാരം തൂങ്ങും?

ഈ ലോകത്തിന്റെ ഭാരമുണ്ടയാൾക്ക്‌,
മരിച്ചുപോയ ഈയാളെയും ചുമലിലേറ്റി ഞങ്ങൾ വരുന്നു,
അപ്പം സമൃദ്ധിയാണ്‌ സ്വർഗ്ഗത്തിലെന്നു വ്യക്തം.

2 comments:

anoopkothanalloor said...

കൊള്ളാം മാഷെ നന്നായിരിക്കുന്നു

DHANESH PALLIKARA said...

This comment has been removed by the author.