Wednesday, March 10, 2010

നെരൂദ-സ്തുതിഗീതം,കടൽക്കാക്കയ്ക്ക്‌


File:Seagull flying (5).jpg
കടലോരത്തെ
പൈൻകാടിനുമേൽ
ഉയർന്നുപറക്കുന്ന
കടൽക്കാക്കയ്ക്ക്‌,
കാറ്റത്തിതാ
എന്റെ സ്തുതിയുടെ
അക്ഷരസീൽക്കാരം.

തുഴയൂ,
ദീപ്തയാനമേ,
ചിറകുവച്ച
കൊടിയടയാളമേ,
തുന്നിച്ചേർക്കൂ,
വെള്ളിയുടലേ,
ഉറഞ്ഞ മാനത്തിന്റെ
കുപ്പായത്തിൻമേൽ
നിന്റെ ചിഹ്നം,
ഹേ,ഗഗനചാരീ,
പാറുന്ന
സൗമ്യഗീതമേ,
മഞ്ഞിൽക്കടഞ്ഞൊരമ്പേ,
സുതാര്യമായ
ചണ്ഡവാതത്തിൽ
ശാന്തം ചരിക്കുന്ന
യാനമേ,
മാനത്തെ പുല്ലുമൈതാനത്ത്‌
തൊണ്ട കാറിയ കാറ്റു
വീശിയടിക്കുമ്പോൾ
നിലവിടാതുയരുന്നു
നീ.
ഒരു ദീർഘപ്രയാണത്തിനു ശേഷം
ചിറകുള്ള മഗ്നോളിയാപുഷ്പമേ,
വായുവിലുയർത്തിയ
ത്രികോണരൂപമേ,
നീ നിന്റെ സ്വരൂപം
പ്രാപിക്കുന്നു സാവധാനം,
വെള്ളിയുടയാട
പിടിച്ചിട്ടും,
വിളങ്ങുന്ന
ഉടലൊതുക്കിയും,
പറക്കുന്ന
വെണ്മൊട്ടാകുന്നു
വീണ്ടും നീ,
ഉരുണ്ട വിത്തുമണി,
സുന്ദരമായൊരണ്ഡം.

ഈ ജയഗീതം
ഇവിടെ
അവസാനിപ്പിച്ചേനേ
മറ്റൊരു കവി.
എനിക്കു വയ്യാ
വ്യർത്ഥമായ പതപ്പിന്റെ
പുളയ്ക്കുന്ന വെണ്മയിൽ
സ്വയം തളയ്ക്കാൻ.
ക്ഷമിക്കൂ,
കടൽക്കാക്കേ,
ഞാൻ
കണ്ടതു കണ്ട പോൽ
പറയുന്ന കവി,
ആകാശത്തിന്റെ
ഛായാഗ്രാഹകൻ.
തീറ്റ,
തീറ്റ,
തീറ്റ തന്നെയാണു
നിനക്ക്‌,
നീ വിഴുങ്ങാതെ
ഒന്നുമില്ല,
തുറവെള്ളത്തിൽ
പിച്ചക്കാരന്റെ
നായ പോലെ
നിന്റെ കുര,
ഒരു മീൻകുടലും
നീ വിടുന്നില്ല,
സ്വന്തം
വെളുത്ത പെങ്ങന്മാരെ
നീ  കൊത്തിമാറ്റുന്നു,
നീ  തട്ടിയെടുക്കുന്നു
അറയ്ക്കുന്ന നിധി,
അളിഞ്ഞൊഴുകുന്ന
കുപ്പ,
മുനമ്പത്തു വലിച്ചെറിഞ്ഞ
ചീഞ്ഞ തക്കാളികളെ
നീ വേട്ടയാടുന്നു.
പക്ഷേ
നിന്നിലതു
രൂപം മാറുന്നു
വെടിപ്പൻ ചിറകായി,
വെളുത്ത ക്ഷേത്രഗണിതമായി,
പറക്കുന്നൊരുന്മത്തരേഖയായി.
അതിനാലത്രേ,
മഞ്ഞു വീണ നങ്കൂരമേ,
ആകാശചാരീ,
നിന്നെ
നിന്നെപ്പോലെ
ഞാൻ സ്തുതിക്കുന്നു:
നിന്റെ ഒടുങ്ങാത്ത ആർത്തി,
മഴയത്തു നിന്റെ സീൽക്കാരം,
കൊടുംകാറ്റിൽ പാറിവീണ
മഞ്ഞല പോലെ
നിന്റെയൊരടക്കം,
നീയിരിക്കട്ടെ, പറക്കട്ടെ,
കടൽക്കാക്കേ,
നിനക്കു ഞാനർപ്പിക്കുന്നു,
മണ്ണിൽ നിന്നു പുറപ്പെടുന്ന
എന്റെ വാക്കുകൾ, 
  വായുവിലേറാൻ
എന്റെയൊരു വിലക്ഷണശ്രമം;
എന്റെ ഗീതത്തിൽ വിതയ്ക്കുമോ,
നീ നിന്റെ പക്ഷിബീജം?

images from wikimedia commons

No comments: