Thursday, March 11, 2010

കാഫ്ക-‌-എത്രയും പ്രിയപ്പെട്ട അച്ഛന്-1


എത്രയും പ്രിയപ്പെട്ട അച്ഛന്‌,

എനിക്കങ്ങയെ ഭയമാണെന്ന ഒരു വിചാരം ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്നതെന്തിനാണെന്ന് അടുത്തൊരിക്കൽ അങ്ങെന്നോടു ചോദിക്കുകയുണ്ടായി. പതിവുപോലെ, അതിനൊരു മറുപടി ആലോചിച്ചെടുക്കാൻ എനിക്കു കഴിയാതെയും പോയി. അതിനൊരു കാരണം എനിക്കങ്ങയെ ഭയമാണെന്നതു തന്നെ; മറ്റൊന്നാവട്ടെ, ആ ഭയത്തിന്റെ അടിസ്ഥാനത്തെക്കുറിച്ചു വിശദീകരിക്കാൻ ശ്രമിക്കുക എന്നതിനർത്ഥം അത്രയധികം വിശദാംശങ്ങളിലേക്ക്‌ എനിക്കു കടക്കേണ്ടിവരും എന്നുള്ളതായിരുന്നു; അത്രയുമൊക്കെ മനസ്സിൽ വച്ചു സംസാരിക്കാനുള്ള ത്രാണി എനിക്കില്ല. ഇനിയിപ്പോൾ ഇങ്ങനെയൊരു മറുപടി എഴുതിത്തരാൻ ഞാൻ ശ്രമിക്കുകയാണെങ്കിലും അതും അപൂർണ്ണമാവാനേ വഴിയുള്ളു; കാരണം, എഴുതാനിരിക്കുമ്പോൾപ്പോലും ആ ഭയവും അതിന്റെ അനന്തരഫലങ്ങളും അങ്ങയുമായുള്ള എന്റെ ബന്ധത്തിനു വിഘാതമാവുകയാണ്‌. എന്നുതന്നെയല്ല, എന്റെ ഓർമ്മശക്തിയുടെയും ചിന്താശേഷിയുടെയും പരിധിക്കുള്ളിലൊതുങ്ങാത്തത്ര വിപുലമാണ്‌ ഈ വിഷയത്തിന്റെ വ്യാപ്തിയും.

അങ്ങയെ സംബന്ധിച്ചിടത്തോളം സംഗതി വളരെ നിസ്സാരമായിരുന്നു; ഒന്നുമല്ലെങ്കിൽ, ഈ വിഷയത്തെക്കുറിച്ച്‌ എന്റെ മുന്നിൽ വച്ചും, ഇന്നാരെന്നു നോട്ടമില്ലാതെ മറ്റു പലരുടെ മുന്നിൽ വച്ചും സംസാരിക്കുമ്പോൾ എനിക്കങ്ങനെയാണു തോന്നിയിട്ടുള്ളത്‌. അച്ഛൻ കാര്യങ്ങൾ കണ്ടത്‌ ഈ വിധമാണ്‌: അങ്ങു ജീവിതകാലം മുഴുവൻ പണിയെടുക്കുകയായിരുന്നു, തന്റെ മക്കൾക്കു വേണ്ടി, എനിക്കു വേണ്ടി പ്രത്യേകിച്ചും, തന്റേതായ സകലതും ഹോമിക്കുകയായിരുന്നു; തന്മൂലം ഒരല്ലലും ജീവിതത്തിൽ എനിക്കറിയേണ്ടിവന്നിട്ടില്ല; എന്തു പഠിക്കാനുമുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു; ഭൗതികമായ ഒരു വിഷമവും ഞാൻ അനുഭവിച്ചിട്ടില്ല, എന്നു പറഞ്ഞാൽ,ഒരു വിഷമവും ഞാൻ അറിഞ്ഞിട്ടില്ല എന്നുതന്നെ. പകരമായി ഒരു നന്ദിയും താൻ പ്രതീക്ഷിച്ചിട്ടില്ല; കുട്ടികളുടെ നന്ദി എന്തു പ്രകാരത്തിലാണെന്നു തനിക്കറിയാവുന്നതാണല്ലോ; പക്ഷേ എന്തെങ്കിലും തരത്തിലുള്ള ഒരു സഹകരണം, ഒരനുഭാവം, അതു താൻ പ്രതീക്ഷിച്ചിരുന്നു. പകരം ഞാൻ ചെയ്തതോ, അങ്ങയെ ഒളിച്ച്‌ എന്റെ മുറിയിൽ കയറി അടച്ചിരിക്കുകയാണ്‌; പുസ്തകങ്ങളും തല തിരിഞ്ഞ കൂട്ടുകാരും തുമ്പുകെട്ട ആശയങ്ങളുമായിരുന്നു എനിക്കു പ്രധാനം; ഞാൻ അങ്ങയോടു മനസ്സു തുറന്നു സംസാരിച്ചിട്ടില്ല; സിനഗോഗിൽ വച്ച്‌ ഞാൻ അങ്ങയുടെ അടുത്തു വന്നിട്ടില്ല; ഫ്രാൻസേൻസ്ബാദിലായിരുന്നപ്പോൾ ഞാൻ കാണാൻ ചെന്നില്ല; ഒരേ കുടുംബത്തിലെ അംഗമാണെന്ന മമത പോലും ഞാൻ കാണിക്കുന്നില്ല; ബിസിനസ്സിലോ അങ്ങയ്ക്കു താത്പര്യമുള്ള മറ്റേതെങ്കിലും വിഷയത്തിലോ ഞാൻ ഒരു ശ്രദ്ധയും കാണിക്കുന്നില്ല; ഫാക്റ്ററിയുടെ ചുമതല മുഴുവൻ അങ്ങയുടെ തലയിൽ വച്ചുതന്നിട്ട്‌ ഞാൻ എന്റെ പാടു നോക്കിപ്പോയി; ഓട്ട്ലയുടെ പിടിവാശിക്ക്‌ ഒത്താശ ചെയ്തു; അച്ഛനു വേണ്ടി ചെറിയൊരു സഹായം പോലും ഞാൻ ചെയ്യുന്നില്ല( ഒരു നാടകടിക്കറ്റു പോലും ഞാൻ ഇതേവരെ എടുത്തുകൊടുത്തിട്ടില്ല); അതേസമയം കൂട്ടുകാർക്കു വേണ്ടി എന്തു ചെയ്യാനും എനിക്കൊരു മടിയുമില്ല. എന്നെക്കുറിച്ചുള്ള അങ്ങയുടെ വിലയിരുത്തലിൽ നിന്നു വ്യക്തമാവുന്നത്‌, ഞാൻ അത്ര മര്യാദകെട്ടവനോ,ദുഷ്ടനോ അല്ലെങ്കിൽക്കൂടി(എന്റെ ഒടുവിലത്തെ വിവാഹാലോചനയുടെ കാര്യം ഒഴിച്ചുനിർത്തിയാൽ)ഉദാസീനത,അകൽച്ച,നന്ദികേട്‌ ഇത്രയും അങ്ങ്‌ എന്നിൽ ആരോപിക്കുന്നുവെന്നാണ്‌. തന്നെയുമല്ല, ഒക്കെ എന്റെ പിശകു കൊണ്ടാണെന്ന വിധത്തിലാണ്‌ അങ്ങു വിരൽ ചൂണ്ടുന്നതും; എന്റെ ഭാഗത്തു നിന്നുള്ള അത്ര ചെറിയൊരു ഗതിമാറ്റം കൊണ്ടുതന്നെ സകലതും എത്രയും വ്യത്യസ്തമായേനേയെന്നാണ്‌ അങ്ങയുടെ നിലപാട്‌; ഇക്കാര്യത്തിൽ താൻ പഴി കേൾക്കേണ്ടതില്ല, അഥവാ അങ്ങനെയുണ്ടെങ്കിൽ അത്‌ എന്നോട്‌ ഇത്രധികം ആനുകൂല്യം കാണിച്ചതിനു മാത്രമായിരിക്കും താനും.

അങ്ങയുടെ ഈ പതിവുവിശകലനം കൃത്യമാണെന്നു ഞാൻ സമ്മതിച്ചുതരുന്നുണ്ടെങ്കിൽ അത്‌ നമ്മൾ തമ്മിലുള്ള അകൽച്ചയുടെ കാര്യത്തിൽ താൻ തീർത്തും നിരപരാധിയാണെന്ന അങ്ങയുടെ നിലപാട്‌ ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു എന്നതു കൊണ്ടുമാത്രമാണ്‌. പക്ഷേ അക്കാര്യത്തിൽ അതേ അളവിൽ നിരപരാധി തന്നെ ഞാനും. അങ്ങയെക്കൊണ്ടും ഇക്കാര്യം സമ്മതിപ്പിക്കാൻ എന്നെക്കൊണ്ടു കഴിഞ്ഞാൽ ഒരുതരം ശാന്തി-പുതിയൊരു ജീവിതമല്ല, നമുക്കു രണ്ടാൾക്കും അതിനുള്ള പ്രായം കഴിഞ്ഞിരിക്കുന്നു-സാധ്യമായെന്നുവരാം; അങ്ങയുടെ ഈ നിർത്തില്ലാത്ത കുറ്റപ്പെടുത്തൽ അവസാനിക്കുമെന്നല്ല, അതിനൊരു കുറവുണ്ടായെന്നെങ്കിലും വന്നേക്കാം.
വിചിത്രമെന്നു തോന്നാം, ഞാൻ എന്താണർത്ഥമാക്കുന്നതെന്നതിനെക്കുറിച്ച്‌ അങ്ങയ്ക്ക്‌ ചെറിയൊരു ധാരണയുണ്ടെന്നു തോന്നുന്നു. അതുകൊണ്ടാവാം, അടുത്തൊരു ദിവസം അങ്ങെന്നോടു പറയുകയുണ്ടായി,'എനിക്കു നിന്നോട്‌ ഒരു ഇഷ്ടക്കുറവും ഉണ്ടായിട്ടില്ല; പിന്നെ, മറ്റച്ഛന്മാർ ചെയ്യുന്നതു പോലെ ഞാൻ അതൊന്നും പുറമേ കാണിച്ചിട്ടില്ലെങ്കിൽ അഭിനയം എനിക്കത്ര വശമില്ലെന്നേ അതു കൊണ്ടർത്ഥമാക്കാനുള്ളു.' അച്ഛാ, ഇനി ഞാനൊന്നു പറയട്ടെ, അങ്ങയ്ക്ക്‌ എന്നോടുള്ള സന്മനസ്സിനെ ഞാൻ അങ്ങനെ സംശയിച്ചിട്ടൊന്നുമില്ല; എന്നാൽക്കൂടി അങ്ങയുടെ ഈ അഭിപ്രായം തെറ്റാണെന്നുതന്നെ ഞാൻ കരുതുന്നു. അങ്ങയ്ക്ക്‌ അഭിനയമറിയില്ല, അതു സത്യം തന്നെ; എന്നുവച്ച്‌ മറ്റച്ഛന്മാർ അഭിനയക്കാരാണെന്നു വാദിക്കുന്നത്‌ തന്റെ പക്ഷമാണു ശരിയെന്നു സ്ഥാപിക്കാനുള്ള അന്ധമായ പിടിവാശി കൊണ്ടുമാത്രമാണ്‌; അതല്ലെങ്കിൽ - ഇതാണ്‌ യഥാർത്ഥസംഗതിയെന്ന് എനിക്കു തോന്നുന്നു- നമ്മൾ തമ്മിലുള്ള ബന്ധത്തിൽ എന്തോ പിശകുണ്ടെന്നും, അതങ്ങനെയായതിൽ തനിക്കുമൊരു പങ്കുമുണ്ടെന്നും, എന്നാൽ അതു തന്റെ കുറ്റം കൊണ്ടല്ലെന്നും പരോക്ഷമായി സമ്മതിക്കുകയാണത്‌. ഇതാണ്‌ അങ്ങുദ്ദേശിക്കുന്നതെങ്കിൽ അക്കാര്യത്തിൽ നമുക്കു യോജിപ്പായിക്കഴിഞ്ഞു.
File:Kafka.jpg

1 comment:

വീ കെ said...

നമ്മൾ തമ്മിലുള്ള ബന്ധത്തിൽ എന്തോ പിശകുണ്ടെന്നും, അതങ്ങനെയായതിൽ തനിക്കുമൊരു പങ്കുമുണ്ടെന്നും, എന്നാൽ അതു തന്റെ കുറ്റം കൊണ്ടല്ലെന്നും പരോക്ഷമായി സമ്മതിക്കുകയാണത്‌. ഇതാണ്‌ അങ്ങുദ്ദേശിക്കുന്നതെങ്കിൽ അക്കാര്യത്തിൽ നമുക്കു യോജിപ്പായിക്കഴിഞ്ഞു.

ആശംസകൾ..