Saturday, March 27, 2010

ബോർഹസ്‌- - നരകം,I,32


File:Cerberus-Blake.jpeg

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ, ഉദയത്തിന്റെ പാതിവെളിച്ചം മുതൽ അസ്തമയത്തിന്റെ പാതിവെളിച്ചം വരെ ഒരു പുള്ളിപ്പുലിയുടെ കണ്ണുകൾ നോക്കിക്കിടക്കുകയായിരുന്നു, ചില തടിപ്പലകകൾ, ചില ഇരുമ്പഴികൾ, മാറിമാറിവരുന്ന ചില സ്ത്രീകളും പുരുഷന്മാരും, ശൂന്യമായൊരു ഭിത്തി, പിന്നെ കരിയിലകൾ വീണുകിടക്കുന്ന ഒരു കൽത്തൊട്ടിയും. അതിനറിയുമായിരുന്നില്ല, അറിയാനുള്ള ശേഷിയും അതിനുണ്ടായിരുന്നില്ല, താൻ ദാഹിച്ചത്‌ പ്രണയത്തിനും ക്രൂരതയ്ക്കും വേണ്ടിയാണെന്ന്, ഇറച്ചിത്തുണ്ടം കടിച്ചുകീറുന്നതിന്റെ പൊള്ളുന്ന സന്തോഷത്തിനാണെന്ന്, ഒരു പുള്ളിമാനിന്റെ ഗന്ധം പേറിവരുന്ന ഇളംകാറ്റിനാണെന്ന്; അതിനുള്ളിൽ എന്തോ കിടന്നു വീർപ്പുമുട്ടി, അതിനുള്ളിൽ എന്തോ ഒന്നു കുതറി; പിന്നെ സ്വപ്നത്തിൽ ദൈവം അതിനോടരുളി: നിന്റെ ജീവിതവും മരണവും ഈ തടവറയ്ക്കുള്ളിൽത്തന്നെ; ഞാനറിയുന്ന ഒരുവൻ ചില തവണ നിന്നെക്കാണുന്നതിനും, നിന്നെ ഓർമ്മവയ്ക്കുന്നതിനും, പ്രപഞ്ചത്തിന്റെ ഇഴയോട്ടത്തിൽ കൃത്യമായ സ്ഥാനമുള്ള ഒരു കവിതയിൽ നിന്റെ രൂപവും പ്രതീകവും നിവേശിപ്പിക്കുന്നതിനുമായിട്ടത്രേ അതിങ്ങനെയായി. നീ ബന്ധനം അനുഭവിക്കും, പക്ഷേ അതുവഴി ഒരു കവിതയ്ക്ക്‌ നീയൊരു പദം നൽകുകയും ചെയ്തിരിക്കും. സ്വപ്നത്തിൽ ദൈവം ആ ജന്തുവിന്റെ പ്രാകൃതബോധത്തെ ദീപ്തമാക്കി; ഹേതുക്കൾ ഉള്ളറിഞ്ഞ ആ മൃഗമാവട്ടെ, തന്റെ വിധിയ്ക്കു തന്നെ വിട്ടുകൊടുക്കുകയും ചെയ്തു. സ്വപ്നം തെളിഞ്ഞപ്പോൾപ്പക്ഷേ, ഒരുതരം ശാന്തി മാത്രമേ അതിനു തോന്നിയുള്ളു, തീവ്രമായൊരൊജ്ഞത; എന്തെന്നാൽ ഒരു കാട്ടുജന്തുവിന്റെ സാരള്യത്തിനെതിർനിൽക്കാവുന്നതല്ലല്ലോ പ്രപഞ്ചയന്ത്രത്തിന്റെ സങ്കീർണ്ണത.

File:Dante Luca.jpg

വർഷങ്ങൾക്കു ശേഷം റാവെന്നായിൽ മരണം കാത്തുകിടക്കുകയാണ്‌ ദാന്തേ, മറ്റേതു മനുഷ്യനെയും പോലെ ന്യായീകരണമേതുമില്ലാതെയും ഏകാകിയായും. ഒരു സ്വപ്നത്തിൽ ദൈവം അദ്ദേഹത്തിന്‌ തന്റെ ജീവിതത്തിന്റെയും കർമ്മത്തിന്റെയും നിഗൂഢമായ ഉദ്ദേശ്യം വെളിവാക്കിക്കൊടുത്തു; അങ്ങനെ ഒടുവിൽ ദാന്തേ വിസ്മയത്തോടെ അറിയുന്നു, താനാരാണെന്ന്, താനെന്താണെന്ന്; അനുഗ്രഹങ്ങളായിരുന്നു തന്റെ ജീവിതദുഃഖങ്ങളെന്ന്. ഉറക്കമുണർന്നപ്പോൾ അനന്തമായ എന്തോ ഒന്ന് തനിക്കു കൈവന്നതായും, പിന്നെയതു കൈവിട്ടുപോയതായും അദ്ദേഹത്തിനു തോന്നലുണ്ടായി എന്നാണു ശ്രുതി; ഇനിയൊരിക്കലും തനിക്കു തിരിച്ചുകിട്ടാത്തതും, ഒരു ദൂരവീക്ഷണം പോലും സാദ്ധ്യമല്ലാത്തതുമായ ഒന്ന്; എന്തെന്നാൽ, മനുഷ്യന്റെ സാരള്യത്തിനെതിർനിൽക്കാ വുന്നതല്ലല്ലോ പ്രപഞ്ചയന്ത്രത്തിന്റെ സങ്കീർണ്ണത.

_________________________________________________________________________________
image 1 by William Blake
image 2 by Luca Signorelli

No comments: