Monday, March 15, 2010
കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-3
എന്നെ വളർത്താൻ ആദ്യകാലങ്ങളിൽ അങ്ങു സ്വീകരിച്ച മാർഗ്ഗങ്ങൾ കൃത്യമായി ഓർത്തെടുക്കാനും വിവരിക്കാനും എനിക്കു കഴിയില്ല എന്നതു ശരിതന്നെ; എന്നാൽക്കൂടി സമീപകാലത്തെ എന്റെ അനുഭവത്തിൽ നിന്നും, ഫെലിക്സിനോടുള്ള അങ്ങയുടെ പെരുമാറ്റത്തിൽ നിന്നും അതിനെക്കുറിച്ച് ഏകദേശമൊരു ധാരണ രൂപീകരിക്കാൻ എനിക്കു കഴിയുമെന്നു തോന്നുന്നു. അന്ന് ഇന്നത്തേക്കാൾ ചെറുപ്പമായിരുന്നു അങ്ങെന്നും, അതിനാൽ കൂടുതൽ ഊർജ്ജ്വസ്വലനും, പരുക്കനും, സാഹസികനുമായിരുന്നു അങ്ങെന്നും എനിക്കു നല്ല ബോധ്യമുണ്ട്; എന്നുമാത്രമല്ല, ബിസിനസ്സുമായി നടന്നിരുന്നതിനാൽ ദിവസത്തിൽ ഒരിക്കലെങ്കിലും എന്നെ കാണാനുള്ള നേരം അങ്ങെയ്ക്കു കിട്ടിയിരുന്നില്ല എന്നും, അതുകാരണം അങ്ങെന്നിലുണ്ടാക്കിയ പ്രഭാവം അത്ര വലുതായിരുന്നുവെന്നും, അതുമായി പൊരുത്തപ്പെടാൻ എനിക്കത്ര വിഷമമായിരുന്നുവെന്നും എനിക്കറിയാം.
ആദ്യകാലത്തെക്കുറിച്ച് എനിക്കു നേരിട്ടൊരോർമ്മയുള്ളത് ഒരു സംഭവത്തെക്കുറിച്ചു മാത്രമാണ്. അതങ്ങയ്ക്കും ഓർമ്മയുണ്ടാവണം. ഒരു ദിവസം രാത്രിയിൽ ഞാൻ വെള്ളത്തിനു വേണ്ടി ചിണുങ്ങിക്കരഞ്ഞുകൊണ്ടിരുന്നു. ദാഹിച്ചിട്ടല്ല എന്നതെനിക്കു വ്യക്തമാണ്; ഒരുപക്ഷേ വെറുതേ ശല്യപ്പെടുത്താനുള്ള ഒരാഗ്രഹം കൊണ്ടാവാം, അതുമല്ലെങ്കിൽ എനിക്കതൊരു നേരമ്പോക്കായി തോന്നിയതുകൊണ്ടുമാവാം. ഭീഷണികളൊന്നും വിലപ്പോവാതെ വന്നപ്പോൾ അങ്ങെന്നെ കട്ടിലിൽ നിന്നെടുത്ത് ആ വേഷത്തിൽ ഇടനാഴിയിൽ കൊണ്ടുപോയി അടച്ചിട്ട വാതിലിനു പിന്നിൽ നിർത്തി. അതു തെറ്റായിരുന്നുവേന്നല്ല ഞാൻ പറയുന്നത്; അന്നു രാത്രിയിൽ സമാധാനം കിട്ടാൻ മറ്റു വഴിയൊന്നുമുണ്ടായിരുന്നില്ല എന്നതു ശരിയായിരിക്കാം; പക്ഷേ ഞാൻ ഇവിടെ ഞാനിതു പരാമർശിക്കുന്നത്, ഒരു കുട്ടിയെ വളർത്താൻ അങ്ങു സ്വീകരിച്ചിരുന്ന മാർഗ്ഗങ്ങൾ ഏതു വിധമായിരുന്നുവെന്ന് ഉദാഹരിക്കാൺ വേണ്ടിമാത്രമാണ്; അവ എന്നെ എങ്ങനെ ബാധിച്ചു എന്നു കാണിക്കാനും. അതിനു ശേഷം ഞാൻ അൻസുസരണക്കാരനായി മാറി എന്നു ഞാൻ ഉറപ്പിച്ചുപറയാം; പക്ഷേ അതെന്നെ കാര്യമായി ക്ഷതമേൽപ്പിക്കുകയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം അത്ര സ്വാഭാവികമായ ഒരു കാര്യം, വെള്ളത്തിനു വേണ്ടിയുള്ള ആ പിടിവാശി: അതിനു വെളിയിൽ ഇറക്കിവിടുക എന്ന അസാധാരാണമായ ഭീകരത-രണ്ടും തമ്മിൽ പൊരുത്തപ്പെടുത്താൻ എന്റെ അന്നത്തെ സ്വഭാവം വച്ച് എനിക്കു കഴിഞ്ഞില്ല. ഇതു നടന്നു വർഷങ്ങൾക്കു ശേഷവും ഭീഷണമായ ഒരു ഭാവന എന്നെ വേട്ടയാടിക്കൊണ്ടിരുന്നു: കൂറ്റനായ ഒരു മനുഷ്യൻ, എന്റെ അച്ഛൻ, പരമാധികാരി, രാത്രിയിൽ ഒരു കാരണവുമില്ലാതെ എന്നെ കട്ടിലിൽ നിന്നെടുത്ത് ഇടനാഴിയിൽ കൊണ്ടുനിർത്തുന്നു; അതിനർത്ഥം അങ്ങയ്ക്കു ഞാൻ ആരുമല്ലായിരുന്നു എന്നാണല്ലോ.
അതു ചെറിയൊരു തുടക്കം മാത്രമായിരുന്നു; പക്ഷേ പലപ്പോഴും എന്നെ കീഴമർത്തുന്ന ഞാൻ ആരുമല്ല എന്ന ബോധം (ഒരു കണക്കിൽ വളരെ അഭിജാതവും സാർത്ഥകവുമായ ഒരു വികാരവുമാണത്)അങ്ങയുടെ സ്വാധീനത്തിൽ നിന്നാണ് എനിക്കു കിട്ടിയത്. എനിക്കു വേണ്ടിയിരുന്നത് ചെറിയൊരു പ്രോത്സാഹനം, അൽപ്പമൊരു മമത, വഴിയൊന്നു തെളിച്ചിടുക എന്നതു മാത്രമായിരുന്നു; പകരം അങ്ങു ചെയ്തതോ, എന്റെ വഴി തന്നെ കെട്ടിയടയ്ക്കുകയാണ്; ഞാൻ മറ്റൊരു വഴിയിലൂടെ പോകട്ടെ എന്ന സദുദ്ദേശത്തോടെയാണ് അങ്ങതു ചെയ്തത് എന്നതിൽ സംശയമൊന്നുമില്ല. പക്ഷേ അതിനു പാകപ്പെട്ടവനായിരുന്നില്ല ഞാൻ. ഉദാഹരണത്തിന് ഞാൻ സല്യൂട്ടും ചെയ്ത് ഉശിരോടെ മാർച്ചു ചെയ്തു പോകുമ്പോൾ അങ്ങെന്നെ പ്രോത്സാഹിപ്പിച്ചു; പക്ഷേ ഒരു സൈനികജീവിതം എന്റെ ചിന്തയിലുണ്ടായിരുന്നില്ല; അതുപോലെ, ഞാൻ നന്നായി ആഹാരം കഴിക്കുമ്പോൾ, ഭക്ഷണസമയത്ത് ബിയറു കഴിക്കുമ്പോൾ, അങ്ങയ്ക്കിഷ്ടപ്പെട്ട വാക്കുകൾ ഉപയോഗിച്ച് അങ്ങയെ അനുകരിച്ചു സംസാരിക്കുമ്പോൾ-അപ്പോഴൊക്കെ അങ്ങെന്നെ പ്രോത്സാഹിപ്പിച്ചു; പക്ഷേ ഇതിനൊന്നിനും എന്റെ ഭാവിയോട് ഒരു സംബന്ധമുണ്ടായിരുന്നില്ല. ഇന്നും അങ്ങു കൂടി ഉൾപ്പെടുന്ന ഒരു സംഗതിയിലേ അങ്ങെന്നെ പ്രോത്സാഹിപ്പിക്കാറുള്ളു; അങ്ങയുടെ അഹന്തയ്ക്ക് ഇടിവേൽക്കുമെന്നു വരുമ്പോൾ മാത്രം; അത് ഞാൻ കാരണം അങ്ങയുടെ അഹന്തയ്ക്കു മുറിവേൽക്കുമ്പോഴാവാം(ഉദാഹരണത്തിന് എന്റെ വിവാഹനിശ്ചയം) അല്ലെങ്കിൽ എന്നിലൂടെ അതിനു ക്ഷതം പറ്റുമ്പോഴുമാവാം(ഉദാഹരണത്തിന് പെപ്പാ എന്നെ ചീത്ത പറയുമ്പോൾ). ആ നേരത്ത് എനിക്കു പ്രോത്സാഹനം കിട്ടുന്നു; എന്റെ വിലയെക്കുറിച്ച് എന്നെ ഓർമ്മപ്പെടുത്തുന്നു; എനിക്കു ചേർന്ന ബന്ധങ്ങൾ വേറെയെത്രയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു, പെപ്പായെ പഴി പറഞ്ഞു നാനാവിധമാക്കുന്നു. എന്റെ ഈ പ്രായത്തിൽ പ്രോത്സാഹനങ്ങൾ കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന കാര്യമിരിക്കട്ടെ, എന്തു സഹായമാണ് അതുകൊണ്ടെനിക്കു കിട്ടാൻ പോകുന്നത്? അതെനിക്കൊരു പ്രശ്നമേയല്ലാതിരിക്കെ എനിക്കതു കൊണ്ടെന്തു കാര്യം?
Labels:
കത്തുകള്‍,
കാഫ്ക,
ജര്‍മ്മന്‍,
വിവര്‍ത്തനം
Subscribe to:
Post Comments (Atom)
No comments:
Post a Comment