Monday, March 22, 2010

നെരൂദ- എനിയ്ക്കാർത്തി നിന്റെ ചുണ്ടുകൾക്കായി ...





എനിക്കു കൊതി  നിന്റെ ചുണ്ടുകൾക്കായി , നിന്റെയൊച്ചക്കായി, നിന്റെ മുടിക്കായി.
വിശന്നു നാവിറങ്ങി തെരുവുകളിൽ  ഞാനിര തേടുന്നു.
അപ്പം കൊണ്ടെനിയ്ക്കു പോരാ, ഉദയമെന്നെത്തടയുന്നു,
പകലാകെ ഞാൻ നായാടുന്നു നിന്റെ ചുവടുകളുടെ ദ്രവതാളത്തെ.

എനിക്കു വിശക്കുന്നു  നിന്റെ മിനുസഹാസത്തിനായി,
രുഷ്ടവർണ്ണം ചേർന്ന നിന്റെ ഗോതമ്പുമണിക്കൈകൾക്കായി,
നിന്റെ വിരൽനഖങ്ങളുടെ വിവർണ്ണരത്നങ്ങൾക്കായി;
എനിക്കു തിന്നണം ഒരു ബദാംകായ പോലെ നിന്റെ ചർമ്മം.

എനിക്കു രുചിക്കണം നിന്റെ മുഗ്ധമേനിയിൽ പാളുന്ന വെയിൽനാളം,
നിന്നുദ്ധതമുഖവും അതിലധികാരമാളുന്ന നാസികയും,
എനിക്കു തിന്നണം നിന്റെ കണ്ണിമകളിൽ മിന്നിമറയുന്ന നിഴലിനെ.

വിശന്നുപൊരിഞ്ഞും സന്ധ്യ മണത്തും ഞാൻ പരതിനടക്കുന്നു,
നിന്നെ നായാടാൻ, നിന്റെ പൊള്ളുന്ന ചങ്കിനെ നായാടാൻ, 
കീറ്റാറ്റ്റൂവേയുടെ വിജനതയിലൊരു പ്യൂമ യെപ്പോലെ.


(പ്രണയഗീതകം - 11)


Quitratue - തെക്കൻ ചിലിയിൽ അഗ്നിപർവതങ്ങൾ നിറഞ്ഞ മലമ്പ്രദേശം; നെരൂദയുടെ യൌവനം ഇവിടെയായിരുന്നു.

No comments: