വൈകിയാണു ഞാൻ റംഗൂണിലെത്തി.
ഉണ്ടായിരുന്നവിടെയെല്ലാം മുമ്പേതന്നെ-
ചോരയും സ്വപ്നവും
സ്വർണ്ണവും പടുത്ത ഒരു നഗരം,
ശ്വാസം മുട്ടുന്ന നഗരത്തിലേക്ക്
ദുഷിച്ച തെരുവുകളിലേക്ക്
ഘോരവനത്തിൽ നിന്നൊഴുകുന്ന
ഒരു പുഴ,
വെളുത്തവർക്ക് വെളുത്ത ഹോട്ടൽ,
സ്വർണ്ണനിറമുള്ളവർക്ക്
ഒരു സ്വർണ്ണക്ഷേത്രം.
അതായിരുന്നു നടപ്പവിടെ.
റംഗൂൺ,
വെറ്റിലക്കറ പിടിച്ച
പടവുകൾ,
നഗ്നതയ്ക്കു മേൽ
പട്ടുകൾ വലിച്ചുചുറ്റിയ
ബർമ്മീസ് പെൺകുട്ടികൾ,
ചുവന്ന തീനാളങ്ങൾ
അവരുടെ നൃത്തത്തിൽ കൂടുന്നു,
അങ്ങാടിയിലേക്കു
നൃത്തം വയ്ക്കുന്ന ചുവടുകൾ,
തെരുവുകളിൽ നൃത്തം വയ്ക്കുന്ന ചുവടുകൾ.
കടുംവെട്ടം,ഉച്ചിയിലെത്തിയ സൂര്യൻ,
എന്റെ തലയിൽ വീണ്
കണ്ണുകളിലേക്കു കടന്ന്
സിരകളിലൂടെ
എന്റെ ദേഹത്തിന്റെ
സർവ്വകോണുകളിലേക്കും വ്യാപിക്കുന്നു,
അതിരറ്റതും ഭ്രഷ്ടവുമായ
ഒരു പ്രണയത്തിന്റെ മഹിമ
എനിക്കു നൽകുന്നു.
അങ്ങനെയായിരുന്നത്.
മർത്തബാനിലെ ചളിവെള്ളത്തിൽ
ഇരുമ്പുകപ്പലുകൾക്കരികിൽ
അവളെ ഞാൻ കണ്ടു,
ആണിനെത്തേടുകയായിരുന്നു
അവളുടെ കണ്ണുകൾ.
അവൾക്കുമുണ്ടായിരുന്നു
ഇരുമ്പിന്റെ തിളക്കം,
അവളുടെ മുടിയുടെ ഇരുമ്പുലാടത്തിൽ
വെയിലു വീണുതിളങ്ങി.
ഞാനറിയാത്ത എന്റെ കാമുകി.
അവളെ നോക്കാതെ
അവൾക്കരികിലിരുന്നു ഞാൻ,
ഏകനായിരുന്നു ഞാൻ,
എനിക്കു വേണ്ട
പുഴകൾ, അന്തിവെളിച്ചം,
വിശറികൾ, പണവും ചന്ദ്രനും-
ഞാൻ തേടിയതു പെണ്ണിനെ.
ഒരു പെണ്ണു വേണം
കൈയിലെടുക്കാൻ,എടുത്തുപിടിക്കാൻ,
സ്നേഹിക്കാൻ ഒരു പെണ്ണ്,
ഒത്തുകിടക്കാൻ ഒരു പെണ്ണ്,
വെളുത്തത്,കറുത്തത്,തേവിടിശ്ശി,കന്യക,
മാംസഭോജി,നീല,ഓറഞ്ച്,
ഏതുമാകട്ടെ,
എനിക്കവളെ പ്രണയിക്കണം,
പ്രണയിക്കാതിരിക്കണം,
കിടക്കയിലും തീൻമേശയിലും
അവളെ വേണം,
അവളെന്നെ ഒട്ടിയിരിക്കണം,
എന്റെ ചുംബനങ്ങളിൽ
എനിക്കവളുടെ പല്ലു കൊള്ളണം,
എനിക്കവളുടെ പെൺമണം വേണം.
നഷ്ടബുദ്ധിയായി,
അവൾക്കായി ഞാനെരിഞ്ഞു.
ഞാൻ ദാഹിച്ചതിനവളും ദാഹിച്ചിരിക്കാം.
അങ്ങനെയല്ലെന്നുമാകാം.
എന്നാലവിടെ, മർത്തബാനിൽ,
ഇരുമ്പിൻപുഴക്കരെ,
പെരുമീൻ നിറഞ്ഞു പള്ള വീർത്തൊരു വല പോലെ
പുഴ കയറി രാത്രിയെത്തുമ്പോൾ
ഹതാശരുടെ കയ്ക്കുന്ന ആനന്ദങ്ങളിൽ
ഒരുമിച്ചു മുങ്ങിച്ചാവാൻ പോയി,
അവളും ഞാനും.
image from wikimedia commons
1 comment:
പുറം കാഴ്ചയില്‍ അവളുടെ പേര് ജോസി ബ്ലിസ്സ് എന്നായിരുന്നു. എന്നാല്‍ ഏകാന്തതയില്‍ തന്റെ മനോഹരമായ പട്ടുകച്ചകള്‍ക്കൊപ്പം അവള്‍ ആ പേരും എനിക്കായി അഴിച്ചുമാറ്റി. എന്നിട്ട് തന്റെ മനോഹരമായ ബര്‍മീസ് പേര് എനിക്കായി അണിഞ്ഞു
Post a Comment