Sunday, March 14, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-2

File:Franz Kafka - Brief an den Vater - Postkarte - Christian Mantey - Berlin 2009.jpg
ഞാൻ ഈവിധമായത്‌ അങ്ങയുടെ സ്വാധീനമൊന്നുകൊണ്ടു മാത്രമാണെന്നു പറയാൻ പോവുകയല്ല ഞാൻ. അതു വലിയൊരു കടത്തിപ്പറച്ചിലാകും (ഈ വിഷയത്തെക്കുറിച്ചു പറയുമ്പോൾ കടത്തിപ്പറയാനുള്ള ഒരു പ്രവണത എനിക്കുണ്ടുതാനും.). അങ്ങയുടെ സ്വാധീനലേശമേൽക്കാതെയാണു ഞാൻ വളർന്നുവന്നതെങ്കിൽക്കൂടി അങ്ങയുടെ ഹിതത്തിനൊത്ത ഒരളാവുമായിരുന്നില്ല എന്നതിനാണു കൂടുതൽ സാധ്യത എന്നെനിക്കു തോന്നുന്നു. ഇന്നത്തെപ്പോലെതന്നെ ദുർബലനും,ഉത്കണ്ഠാകുലനും,സംശാത്മാവും,അസ്വസ്ഥനുമായിരുന്നേനെ ഞാൻ; റോബർട്ട്‌ കാഫ്കയുമല്ല, കാൾ ഹെർമനുമല്ല; എന്നാൽക്കൂടി എന്റെ ഇന്നത്തെ അവസ്ഥയിൽ നിന്നു വ്യത്യസ്തനാകുമായിരുന്നു ഞാൻ, നമ്മൾ ഒരുമിച്ചുപോവുകയും ചെയ്തേനെ. അങ്ങയെ ഒരു കൂട്ടുകാരനായി, മാനേജരായി, അമ്മാവനായി, മുത്തശ്ശനായി, ഒരമ്മായിയച്ഛനായിക്കൂടിയും(ഒരൽപം വിസമ്മതത്തോടെയാണെങ്കിലും)കാണാൻ എനിക്കു സന്തോഷമേയുണ്ടാവൂ. അച്ഛനെന്ന നിലയിൽ മാത്രമാണ്‌ അങ്ങയുടെ പ്രബലസാന്നിദ്ധ്യം എനിക്കു താങ്ങാനാവാതെ വരുന്നത്‌. എന്റെ സഹോദരന്മാർ ചെറുപ്പത്തിലേ മരിച്ചുപോയിരുന്നതു കൊണ്ടും, പിന്നെയും വളരെക്കാലം കഴിഞ്ഞിട്ടാണ്‌ സഹോദരിമാർ പിറക്കുന്നതെന്നതും കാരണം ഞാനൊറ്റയ്ക്ക്‌ എല്ലാ ആഘാതങ്ങളും താങ്ങേണ്ടിവന്നു; അതിനുള്ള ത്രാണി എനിക്കുണ്ടായിരുന്നുമില്ല.

നമ്മെ രണ്ടുപേരെയും ഒന്നു താരതമ്യം ചെയ്തുനോക്കൂ: ഞാൻ,വളരെ സംക്ഷിപ്തമായി പറഞ്ഞാൽ കാഫ്കയുടെ ഒരടിസ്ഥാനമുള്ള ഒരു ലോവി; പക്ഷേ ജീവിക്കാനും വിജയിക്കാനും കീഴടക്കാനുമുള്ള ആ കാഫ്കാഇച്ഛാശക്തിയല്ല എന്നെ നയിക്കുന്നത്‌, മറിച്ച്‌, രഹസ്യവും കാതരവും മറ്റൊരു ദിശ തെരഞ്ഞെടുത്തുനീങ്ങുന്നതും പലപ്പോഴും പരാജയമടയുന്നതുമായ ലോവിപ്രചോദനമാണ്‌. അങ്ങാണെങ്കിലോ, ഒരു യഥാർത്ഥകാഫ്ക,ബലത്തിൽ, ആരോഗ്യത്തിൽ, രുചിയിൽ, ഒച്ചയുടെ കനത്തിൽ, വാഗ്വൈഭവത്തിൽ, ആത്മസംതൃപ്തിയിൽ, അധീശത്വത്തിൽ, സ്ഥൈര്യത്തിൽ, മനഃസാന്നിദ്ധ്യത്തിൽ, മനുഷ്യസ്വഭാവജ്ഞാനത്തിൽ, വലിയ തോതിൽ കാര്യങ്ങൾ ചെയ്യാനുള്ള പ്രവണതയിൽ; ഒപ്പം ഈ ഗുണങ്ങളോടു ചേർന്നുവരുന്ന സകല ദൗർബല്യങ്ങളും പിഴവുകളുമുണ്ട്‌; അങ്ങയുടെ പ്രകൃതവും ചിലനേരത്തെ ക്ഷോഭപ്രകൃതിയും അങ്ങയെ അവയിലേക്കു തള്ളിവിടുകയും ചെയ്യുന്നു. ഫിലിപ്‌ അമ്മാവൻ, ലുഡ്‌വിഗ്‌, ഹെൻറിച്ച്‌ എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ അങ്ങയുടെ ജീവിതാദർശം ഒരു യഥാർത്ഥകാഫ്കയുടേതല്ലെന്നും വരാം. ഇതസാധാരണമാകാം; പക്ഷേ ഇവിടെ എനിക്ക്‌ ശരിക്കു വ്യക്തത കിട്ടുന്നില്ല. എന്നാൽക്കൂടി അങ്ങയെക്കാൾ പ്രസരിപ്പും ഉന്മേഷവുമുള്ളവരും, ഔപചാരികതയില്ലാത്തവരും, കടുംപിടുത്തങ്ങളില്ലാത്തവരും, കാർക്കശ്യം കുറഞ്ഞവരുമായിരുന്നു അവർ.( ഇക്കാര്യത്തിൽ അങ്ങയിൽ നിന്നു പലതും ഞാൻ സ്വായത്തമാക്കിയിട്ടുണ്ടെന്നും പറയട്ടെ; ആ പൈതൃകത്തെ ഞാൻ നന്നായി സൂക്ഷിച്ചുപോന്നിട്ടുമുണ്ട്‌; അങ്ങയ്ക്കുള്ളതുപോലെ അവയുടെ വിരുദ്ധഗുണങ്ങൾ എനിക്കില്ലെന്നും ഞാൻ സമ്മതിക്കുന്നു.)പക്ഷേ ഇക്കാര്യത്തിൽ അങ്ങും പല ഘട്ടങ്ങളിലൂടെ കടന്നുപോയിരിക്കുന്നു. സ്വന്തം മക്കൾ (ഞാൻ പ്രത്യേകിച്ചും) നിരാശപ്പെടുത്തുന്നതിനു മുമ്പുള്ള കാലം അങ്ങ്‌ പ്രസരിപ്പുറ്റവനായിരുന്നിരിക്കാം (വിരുന്നുകാരുള്ളപ്പോൾ അങ്ങു തീർത്തും മറ്റൊരാളാകുമായിരുന്നു); സ്വന്തം മക്കൾക്ക്‌ (ഒരുപക്ഷേ വല്ലിയെ ഒഴിച്ചുനിർത്തിയാൽ) നൽകാൻ കഴിയാത്ത ആ ഊഷ്മളത ഇപ്പോൾ തന്റെ പേരക്കുട്ടികളും മരുമകനും കാണിക്കുന്നുവേന്നതിനാൽ അങ്ങു വീണ്ടും ആ പഴയ ഉന്മേഷം വീണ്ടെടുത്തുവെന്നും വരാം.

അതെന്തുമാകട്ടെ, അത്രയ്ക്കു വ്യത്യസ്തരായിരുന്നു നമ്മൾ; ആ വ്യത്യസ്തതകൾ നാമിരുവർക്കും അപകടകരവുമായിരുന്നു; മന്ദഗതിയിൽ വികാസം പ്രാപിക്കുന്ന ഞാനെന്ന ശിശുവും പൂർണ്ണവളർച്ചയെത്തിയ ഒരു പുരുഷൻ അങ്ങുമായുള്ള ഏർപ്പാട്‌ എങ്ങനെയായിരിക്കുമെന്ന് ആരെങ്കിലും ഒരാൾ മുൻകൂട്ടിക്കണ്ടിരുന്നെവെങ്കിൽ അതിങ്ങനെയായിരിക്കും: അങ്ങെന്നെ കാൽക്കീഴിലിട്ടരച്ചു നാമാവശേഷമാക്കുകയാണ്‌. എന്തായാലും അങ്ങനെയൊന്നുണ്ടായില്ല; ഒരു ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുമെന്നുള്ളത്‌ പ്രവചനസാദ്ധ്യമല്ലല്ലോ; ഇനിയതല്ല, സംഭവിച്ചത്‌ അതിനെക്കാൾ മോശമായതൊന്നാണെന്നും വരാം. ഇതു പറയുമ്പോൾ ഞാൻ അങ്ങയെ കുറ്റക്കാരനായി കാണുകയാണെന്ന് അങ്ങു വിചാരിക്കരുതേ. അങ്ങെന്റെ മേൽ ചെലുത്തിയ പ്രഭാവം അങ്ങയ്ക്കു തടുക്കാനാവാത്തതായിരുന്നു. അതേസമയം എന്റെ ഭാഗത്തു നിന്നുള്ള ഏതെങ്കിലും വിദ്വേഷം കൊണ്ടാണ്‌ ഞാൻ ആ പ്രഭാവത്തിനു കീഴ്പ്പെട്ടതെന്നും അങ്ങു കരുതരുത്‌.

കരളുറപ്പില്ലാത്ത കുട്ടിയായിരുന്നു ഞാൻ. എന്നാൽക്കൂടി എല്ലാ കുട്ടികളെയും പോലെ, പിടിവാശിക്കാരനുമായിരുന്നു ഞാൻ. അമ്മയാണെന്നെ വഷളാക്കിയതെന്നു വരാം; പക്ഷേ മെരുക്കാൻ പ്രയാസമുള്ള ഒരു കുട്ടിയായിരുന്നു ഞാൻ എന്നു പറഞ്ഞാൽ ഞാനതു വിശ്വസിക്കില്ല; ദാക്ഷിണ്യത്തോടെയുള്ള ഒരു നോട്ടമോ, ഒരു തലോടലോ, അലിവുള്ള ഒരു വാക്കോ എന്റെ വഴിക്കു വന്നിരുന്നുവെങ്കിൽ അങ്ങെന്നിൽ നിന്നു തേടിയത്‌ എന്നിൽ നിന്നു കിട്ടിയേനേ എന്നും ഞാൻ വിശ്വസിക്കുന്നു. പിന്നെ, ഉള്ളിൽ ദയവും ആർദ്രതയുമുള്ള ഒരാളാണങ്ങ്‌(ഇനിയെഴുതുന്നത്‌ അതിനു വിരുദ്ധവുമല്ല, ഒരു കുട്ടിയുടെ കണ്ണിലൂടെ ഞാൻ അങ്ങയെ എങ്ങനെ കണ്ടുവേന്നേ ഇതു കൊണ്ട്‌ ഉദ്ദേശിക്കുന്നുള്ളു), പക്ഷേ ഉപരിതലം തുരന്നുചെന്ന് ഉള്ളിലെ കാരുണ്യം കണ്ടെത്താനുള്ള ക്ഷമയോ, ധൈര്യമോ എല്ലാ കുട്ടികൾക്കും ഉണ്ടായിക്കൊള്ളണമെന്നില്ലല്ലോ. ഊറ്റം,ഒച്ച, ക്ഷോഭം- അങ്ങെന്തൊക്കെയാണോ, അതൊക്കെക്കൊണ്ടേ അങ്ങെയ്ക്കും തന്റെ മകനെ പരുവപ്പെടുത്താൻ കഴിയൂ; എന്റെ കാര്യത്തിലാവട്ടെ, ഈ മാർഗ്ഗങ്ങൾ വളരെ സൗകര്യപ്രദമായി അങ്ങയ്ക്കു തോന്നുകയും ചെയ്തു, കാരണം ശക്തനും ധൈര്യവാനുമായ ഒരാളായി എന്നെ വാർത്തെടുക്കുകയായിരുന്നല്ലോ അങ്ങയുടെ ഉന്നം.

No comments: