Sunday, March 14, 2010

നെരൂദ-ജന്മങ്ങൾ

 

File:Palenque - Maya-Porträt 2.jpg
നാം മരിച്ചതെങ്ങനെയെന്ന്
നമുക്കോർമ്മയുണ്ടാവില്ല.

ജീവനുള്ള കാലം എന്തു ക്ഷമയായിരുന്നു നമുക്ക്‌:
നാം കുറിച്ചുവച്ചു,
അക്കങ്ങൾ, തീയതികൾ,
ആണ്ടുകൾ, മാസങ്ങൾ,
മുടിയിഴകൾ,
നാം ചുംബിച്ച വദനങ്ങൾ,
മരിക്കുന്ന ആ മുഹൂർത്തമോ,
ഒരു രേഖയുമില്ലാതെ നാം വിട്ടും കളയുന്നു-
മറ്റുള്ളവർ ഓർമ്മിക്കട്ടേയെന്ന്
നാമതു വിട്ടുകളയുന്നു,
അതുമല്ലെങ്കിൽ നാമതു
ജലത്തെ ഏൽപ്പിക്കുന്നു,
ജലത്തെ,കാറ്റിനെ,കാലത്തെ.
പിറന്ന ഓർമ്മയും നമുക്കില്ല,
ഉണ്ടായിവരിക എന്നത്‌
അത്ര വിക്ഷുബ്ധവും നവ്യവുമായിരുന്നു
എന്നാൽക്കൂടി;
യാതൊന്നും നിങ്ങൾക്കോർമ്മയില്ല,
ആദ്യം കണ്ട വെട്ടത്തിന്റെ തരിമ്പു പോലും
നിങ്ങളുടെയുള്ളിലില്ല.

നാം പിറവിയെടുക്കുന്നുവെന്നത്‌
അത്രമേൽ വിശ്രുതം.

ഏവർക്കുമറിയാം,
മുറിയിൽ, കാട്ടിൽ,
മുക്കുവക്കുടിലിന്റെ തണലിൽ,
കാറ്റുരുമ്മുന്ന കരിമ്പിൻതോട്ടത്തിൽ
വിചിത്രമായൊരു നിശ്ശബ്ദത,
പവിത്രവും നിശ്ചലവുമായ ഒരു മുഹൂർത്തം-
ജന്മം കൊടുക്കാനൊരുങ്ങുകയാണ്‌
ഒരു സ്ത്രീയവിടെ.

നാം പിറവിയെടുക്കുന്നുവെന്നത്‌
അത്രമേൽ വിശ്രുതം.

ഇല്ലായ്മയിൽ നിന്നുണ്മയിലേക്കുള്ള
ആ ത്വരിതവിവർത്തനം
നമുക്കോർമ്മയിലില്ല പക്ഷേ.
കൈകളുണ്ടാവുക, കാണുക,
കണ്ണുകളുണ്ടാവുക,
കഴിക്കുക, കരയുക,നിറഞ്ഞുതുളുമ്പുക,
പ്രണയിക്കുക, വേദനിക്കുക-
ആ പകർച്ച,
ത്രസിപ്പിക്കുന്ന ആലക്തികസാന്നിദ്ധ്യം,
നിറഞ്ഞ ചഷകം പോലെ
ഒരുടലിനെക്കൂടിയുയർത്തൽ,
ഒഴിഞ്ഞ ഒരു സ്ത്രീ,
ചോരയും പിളർന്ന പൂർണ്ണതയുമായിക്കിടക്കുന്ന ഒരമ്മ,
അതിന്റെ തുടക്കവും ഒടുക്കവും,
സ്പന്ദനം തകർക്കുന്ന അവ്യവസ്ഥ,
നിലം,വിരിപ്പുകൾ,
എല്ലാമൊടുവിൽ ഒന്നുചേരുന്നു,
ജീവിതത്തിന്റെ ചരടിൽ
ഒരു കെട്ടു കൂടിയിടുന്നു,
ഒന്നുമൊന്നും പക്ഷേ നിങ്ങൾക്കോർമ്മയില്ല,
ഒരു തിരയാവാഹിച്ച്‌,
ശവക്കോടി ചുറ്റിയ ഒരാപ്പിൾ
മരത്തിൽ നിന്നു പറിച്ചെടുത്ത കൊടുംകടൽ
നിങ്ങൾക്കോർമ്മയിലേയില്ല.

നിങ്ങളാകെയോർമ്മിക്കുന്നത്‌
നിങ്ങളുടെ ജീവിതം മാത്രം.

 

 

Image-Mayan art from wikimedia commons

3 comments:

വീ കെ said...

നാം മരിച്ചതെങ്ങനെയെന്ന്
നമുക്കോർമ്മയുണ്ടാവില്ല.

ഇവിടെ ‘നമ്മൾ’ ആത്മാക്കളാണൊ...?

നിങ്ങളാകെയോർമ്മിക്കുന്നത്‌
നിങ്ങളുടെ ജീവിതം മാത്രം.

ഈ ‘നിങ്ങളും’ മറ്റൊരാത്മാവാണൊ...?

(ഇതൊക്കെ വായിച്ച് അതിന്റെ ശരിയായ അർത്ഥം മനസ്സിലാക്കാനുള്ള തലയൊന്നും എനിക്കില്ലാട്ടൊ...
ഒരു സംശയം ഉന്നയിച്ചന്നേയുള്ളു...)

വി.രവികുമാർ said...

നമ്മളും നിങ്ങളും ചൂണ്ടുന്നത് ഒരേ ആത്മാക്കളെത്തന്നെ.

Anonymous said...

:)